സ്വാദറിയാനുള്ള കഴിവ് സ്നേഹവാനായ സ്രഷ്ടാവിന്റെ ദാനം
“പഞ്ചേന്ദ്രിയ പ്രാപ്തികളിൽ റാണിയാണ് സ്വാദറിയാനുള്ള കഴിവ്,” സ്വാദിനെപ്പറ്റി ഗവേഷണം നടത്തുന്നതിൽ പ്രശസ്തയായ ലിൻഡ ബാർട്ടൊഷക് പറഞ്ഞു. ദോഷകരമായതിൽനിന്ന് ഗുണകരമായതിനെ വേർതിരിച്ചറിയാൻ സഹായിച്ചുകൊണ്ട് നമ്മെ സംരക്ഷിക്കുന്ന ഒരു അനുഭൂതിയാണ് സ്വാദറിയാനുള്ള കഴിവ്.
പഴുത്ത ഓറഞ്ചിന്റെ മാധുര്യവും ഗ്യാസ് മിഠായിയുടെ ഉന്മേഷദായകമായ കുളിർമയും കാപ്പിയുടെ കയ്പു കലർന്ന രുചിയും അച്ചാറിന്റെ പുളിരസവുമൊക്കെ ആസ്വദിക്കാൻ നമ്മെ സഹായിക്കുന്നത് അത്ഭുതകരമായ ഈ പ്രാപ്തിയാണ്. വ്യക്തിത്വ പ്രവണതകളെ സ്വാദുമായി ബന്ധപ്പെടുത്തി സംസാരിക്കാറുണ്ട്, അത്രയ്ക്ക് ശക്തമാണ് ആ പ്രാപ്തി.
മധുരമായ സംസാരമെന്നും പുളിച്ച സംസാരമെന്നുമൊക്കെ നിങ്ങൾ കേട്ടിരിക്കും. കൂടാതെ, മനസ്സിൽ നീരസം വെച്ചുപുലർത്തുന്നതിനെ കയ്പായിരിക്കുക എന്നു വിശേഷിപ്പിക്കാറുണ്ട്. ഉദാഹരണത്തിന്, “കൈപ്പായിരിക്കുക”, ‘കൈപ്പുള്ള വാക്ക്’ എന്നിങ്ങനെയുള്ള പരാമർശങ്ങൾ ബൈബിളിൽ കാണാവുന്നതാണ്.—കൊലൊസ്സ്യർ 3:19; സങ്കീർത്തനം 64:4.
സ്വാദും ലോക ചരിത്രവും
15-ഉം 16-ഉം നൂറ്റാണ്ടുകളിലെ സമുദ്ര പര്യടനങ്ങളുടെ ഒരു മുഖ്യ പ്രേരകഘടകം സ്വാദിനെക്കുറിച്ചുള്ള അവബോധമായിരുന്നു. ഏതാണ്ട് 500 വർഷം മുമ്പ് വാസ്കോ ഡി ഗാമ ആഫ്രിക്കയുടെ മുനമ്പിനെ ചുറ്റി ഇന്ത്യയിലേക്കും തിരിച്ച് പോർട്ടുഗലിലേക്കും സഞ്ചരിച്ചു. കപ്പൽ നിറയെ സുഗന്ധവ്യഞ്ജനങ്ങളുമായാണ് അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയത്. അടുത്ത മൂന്നു നൂറ്റാണ്ടുകളിൽ ഗ്രേറ്റ് ബ്രിട്ടൻ, പോർട്ടുഗൽ, ഫ്രാൻസ്, സ്പെയിൻ, ഹോളണ്ട് എന്നീ യൂറോപ്യൻ രാഷ്ട്രങ്ങൾ സുഗന്ധവ്യഞ്ജനങ്ങൾ വിളയുന്ന പ്രദേശങ്ങളിൽ ആധിപത്യം ഉറപ്പിക്കാൻ മത്സരിച്ചു.
‘സുഗന്ധവ്യഞ്ജനങ്ങൾക്കു വേണ്ടി രാഷ്ട്രങ്ങൾ പരസ്പരം പടവെട്ടി മരിക്കുന്നത് എന്തിനാണ്?’ നിങ്ങൾ ചിന്തിച്ചേക്കാം. രുചിയെ തൃപ്തിപ്പെടുത്താൻ തന്നെ! അതേ, സുഗന്ധവ്യഞ്ജനങ്ങൾക്കു വേണ്ടിയുള്ള യൂറോപ്യന്മാരുടെ താത്പര്യം അത്രയ്ക്ക് ശക്തമായിരുന്നു. നാളിതുവരെ ആധുനിക വ്യവസായത്തിന്റെയും വാണിജ്യത്തിന്റെയും ശാസ്ത്രത്തിന്റെയും പ്രവർത്തനങ്ങളെല്ലാം രുചിയെ ചുറ്റിപ്പറ്റി ആയിരുന്നിട്ടുണ്ട്.
എന്താണ് സ്വാദ്? മറ്റ് ഇന്ദ്രിയ പ്രാപ്തികളുമായി അതു യോജിച്ചു പ്രവർത്തിക്കുന്നതെങ്ങനെ?
നാവിന്റെ പങ്ക്
സ്വാദറിയാനുള്ള നമ്മുടെ പ്രാപ്തിയിൽ ഒരു പ്രധാന പങ്കു വഹിക്കുന്നതു നാവാണ്. വായുടെ മറ്റു ഭാഗങ്ങളിലും അന്നനാളത്തിലും ചില രസമുകുളങ്ങൾ ഉണ്ടെങ്കിലും ഭൂരിഭാഗവും ഉള്ളതു നാവിലാണ്. നിങ്ങളുടെ നാവ് കണ്ണാടിയിൽ ഒന്നു സൂക്ഷിച്ചു നോക്കൂ. നാവിനു മാർദവത്വം നൽകുന്ന, പുറത്തേക്ക് തള്ളി നിൽക്കുന്ന തീരെ ചെറിയ ആ പപ്പിലേകൾ ശ്രദ്ധിച്ചോ? നാവിന്റെ പ്രതലത്തിൽ പപ്പിലേകളിൽ ചെറിയ രസമുകുളങ്ങൾ കൂട്ടമായി സ്ഥിതി ചെയ്യുന്നു. “ഓരോ മുകുളത്തിലും 100-ഓളം രസകോശങ്ങൾ ഉണ്ട്,” സയൻസ് മാഗസിൻ പറയുന്നു. “ഉത്തേജിതമാകുമ്പോൾ ഈ കോശങ്ങൾ, മസ്തിഷ്കത്തിലേക്ക് സംജ്ഞ വഹിച്ചുകൊണ്ടു പോകുന്ന ഒരു നാഡീകോശത്തെ പ്രവർത്തനക്ഷമമാക്കുന്നു.”
രസമുകുളങ്ങളുടെ എണ്ണം ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും, ഇത് സ്വാദറിയാനുള്ള പ്രാപ്തിയെ ബാധിക്കുന്നു. മനുഷ്യന്റെ നാവിൽ 500 മുതൽ 10,000 വരെ രസമുകുളങ്ങൾ ഉണ്ടായിരുന്നേക്കാം. രസമുകുളങ്ങളുടെ ജൈവഘടനയെ കുറിച്ച് പഠിച്ച ഇംഗ്ലിസ് മില്ലർ ഇപ്രകാരം പറഞ്ഞു: “രസമുകുളങ്ങൾ കൂടുതൽ ഉള്ളവരിൽ സ്വാദറിയാനുള്ള പ്രാപ്തി കൂടുതലായിരിക്കും; രസമുകുളങ്ങൾ കുറഞ്ഞ ആളുകളിൽ അത് കുറവായിരിക്കും.”
സ്വാദറിയുന്ന വിധം
സ്വാദറിയൽ വളരെ സങ്കീർണമായ ഒരു പ്രക്രിയയാണ്. വാസ്തവത്തിൽ, അത് രാസപ്രവർത്തനങ്ങൾ ഉൾപ്പെടുന്ന ഒന്നാണ്. ആഹാരത്തിലെ രാസഘടകങ്ങൾ, നാക്കിലുള്ള സുഷിരങ്ങളിലൂടെ തള്ളിനിൽക്കുന്ന രസഗ്രാഹികളെ ഉത്തേജിപ്പിക്കുന്നു. രസഗ്രാഹി കോശങ്ങൾ പ്രതികരിക്കുകയും രസമുകുളത്തിൽനിന്ന് മസ്തിഷ്കത്തിലേക്കു സംജ്ഞകൾ അയയ്ക്കാൻ നാഡീകോശങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
അത്ഭുതകരമെന്നു പറയട്ടെ, ഒരു രസമുകുളത്തിന് വിവിധതരത്തിലുള്ള ഒട്ടേറെ നാഡീകോശങ്ങളെ ഉത്തേജിപ്പിക്കാൻ കഴിയും. ഒരു നാഡീകോശത്തിന് നിരവധി രസമുകുളങ്ങളിൽനിന്നു സന്ദേശങ്ങൾ ലഭിച്ചേക്കാം. രസഗ്രാഹികളും അവയുടെ സങ്കീർണ വ്യവസ്ഥയും ഈ സന്ദേശങ്ങളെ തരംതിരിക്കുന്നത് എങ്ങനെയെന്ന് ആർക്കും കൃത്യമായി അറിയില്ല. ദ എൻസൈക്ലോപീഡിയ അമേരിക്കാന പറയുന്നു: “മസ്തിഷ്കം തിരിച്ചറിയുന്ന അനുഭൂതികൾ രസഗ്രാഹി കോശങ്ങൾ പ്രേഷണം ചെയ്യുന്ന വൈദ്യുത ആവേഗങ്ങളുടെ സങ്കീർണമായ പ്രവർത്തനത്തിന്റെ ഫലമാണ്.”
രുചിയറിയാനുള്ള പ്രാപ്തിയിൽ മറ്റ് ഇന്ദ്രിയ പ്രാപ്തികളും പങ്കു വഹിക്കുന്നുണ്ട്. ദ ന്യൂ ബുക്ക് ഓഫ് പോപ്പുലർ സയൻസ് അഭിപ്രായപ്പെടുന്നു: “ചിലപ്പോൾ ഒരു വ്യക്തിക്ക് ഒരു സാധനം താൻ രുചിക്കുകയാണോ മണക്കുകയാണോ എന്ന് അറിയാൻ സാധിക്കില്ല.” ഉദാഹരണത്തിന്, ബേക്കറിയിൽനിന്ന് നല്ല റൊട്ടിയുണ്ടാക്കുന്ന മണം വരുന്നുവെന്നിരിക്കട്ടെ. ഉടനെ നമ്മുടെ വായിൽ വെള്ളമൂറും. അകത്ത് ചെന്ന് റൊട്ടി കാണുകയും ഒരുപക്ഷേ തൊട്ടു നോക്കുകയും ചെയ്താലോ, ഇന്ദ്രിയങ്ങൾ കൂടുതൽ ഉത്തേജിതമാകുന്നു. ഉടനെ അതൊന്ന് രുചിച്ചു നോക്കാൻ ധൃതിയായി!
അപ്പോൾ പിന്നെ സ്വാദറിയാനുള്ള പ്രാപ്തി എന്താണ്? ഓമ്നി എന്ന മാഗസിൻ വിശദമാക്കുന്നു: “ഒരു സാധാരണ വ്യക്തി സ്വാദ് എന്ന് വിശേഷിപ്പിക്കുന്നത് വാസ്തവത്തിൽ നിരവധി അനുഭൂതികളുടെ ഒരു സങ്കീർണ സംശ്ലേഷണമാണ്: മണം, സ്വാദ്, സ്പർശം, രൂപം, ദൃശ്യം, രാസികാനുഭൂതി (കുരുമുളകിന്റെ എരിവ്, ഗ്യാസ് മിഠായിയുടെ കുളിർമ), താപനില എന്നിവയുടെ.”
എന്നാൽ, ലേഖനം തുടർന്നു പറയുന്നതുപോലെ “സ്വാദറിയാനുള്ള പ്രാപ്തി . . . തികച്ചും ലളിതമാണ്. നാം നാല് (വെറും നാല്) സ്വാദുകൾ മാത്രമേ തിരിച്ചറിയുന്നുള്ളൂ: മധുരം, ഉപ്പ്, പുളി, കയ്പ്.” നാവിൽ രസസംവേദനീയ ഭാഗങ്ങൾ വേർതിരിക്കാൻ കഴിയുമെങ്കിലും അതിൽ എവിടെയെങ്കിലും ഉള്ള ഒരൊറ്റ രസമുകുളത്തിനുതന്നെ നിരവധി അല്ലെങ്കിൽ ഈ നാല് സ്വാദുകളിൽ എല്ലാംതന്നെ തിരിച്ചറിയാൻ സാധിക്കുമെന്നാണ് ഇപ്പോൾ കരുതുന്നത്.
എങ്കിലും സ്വാദറിയാനുള്ള പ്രാപ്തിയുടെ രാസപരമായ പ്രവർത്തന വിധത്തെക്കുറിച്ച് ഇനിയും അജ്ഞാതമായ അനേകം കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, ഏതാനും തുള്ളി നാരങ്ങാനീര് ആഹാരത്തിന്റെ ഉപ്പുരസം വർധിപ്പിക്കുന്നതിന്റെ കാരണം മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. മധുരം, പുളി, ഉപ്പ് എന്നിങ്ങനെയുള്ള സ്വാദുകൾ രസകോശങ്ങളിൽ വൈദ്യുത സംജ്ഞകൾ ഉളവാക്കുമ്പോൾ കയ്പ് ഈ കോശങ്ങളിൽ ഒരു രാസ സന്ദേശം ഉളവാക്കാൻ ഇടയാക്കുന്നു എന്നത് രസകരമായ സംഗതിയാണ്.
സ്വാദ് വികസിപ്പിച്ചെടുക്കൽ
ആദ്യം രുചികരമായി തോന്നാഞ്ഞ ആഹാര സാധനങ്ങൾ പിന്നീട് നിങ്ങൾക്കു രുചികരമായി തോന്നിയിരിക്കാം. ഒലിവ് പഴം, പാൽക്കട്ടി, മുള്ളങ്കി, എരിവുള്ള മസാലകൾ, കയ്പ്പുചീര എന്നിവയുടെ കാര്യത്തിൽ ഇവ സത്യമായിരിക്കാം. പണ്ടു കാലം മുതലേ എൻഡൈവും ചിക്കറിയും പോലുള്ള “കയ്പ്പുചീര” ഭക്ഷ്യവിഭവങ്ങൾക്കും സാലഡുകൾക്കും പ്രത്യേക രുചി പകർന്നിട്ടുണ്ട്. എന്നാൽ കയ്പുരസം ആസ്വദിക്കാൻ രുചിയറിയാനുള്ള നിങ്ങളുടെ പ്രാപ്തിയെ പരിശീലിപ്പിക്കണം.—പുറപ്പാട് 12:8.
ഒരു ആഹാരസാധനം രുചികരമായി തോന്നുന്നത് നിങ്ങൾ ആ ഭക്ഷണം കഴിക്കുന്ന സാഹചര്യത്തെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന്, ഒരു സ്ത്രീ ഒരിക്കലും നൂഡിൽസ് കഴിച്ചു നോക്കിയിരുന്നില്ല. അത് കാണുന്നതുതന്നെ അവർക്ക് വെറുപ്പായിരുന്നു. കാരണം അവരുടെ അമ്മയ്ക്കും അതു തീരെ ഇഷ്ടമില്ലായിരുന്നു. എന്നാൽ ഒരു ദിവസം, അന്ന് അവർക്ക് ഏതാണ്ട് 20 വയസ്സു കാണും, നന്നായി വിശന്നപ്പോൾ നൂഡിൽസല്ലാതെ മറ്റൊന്നും കഴിക്കാനുണ്ടായിരുന്നില്ല. അവർ അത് അൽപ്പം കഴിച്ചു നോക്കി, അവർക്ക് അതിന്റെ രുചി ഇഷ്ടമാകുകയും ചെയ്തു!
അതുകൊണ്ട് പുതിയ എന്തെങ്കിലും ഭക്ഷണസാധനം രുചികരമായി തോന്നാൻ ശരിക്കും വിശന്നിരിക്കുന്ന സമയത്ത് അത് കഴിച്ചു നോക്കുക. നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ ചില ഭക്ഷണസാധനങ്ങൾ കാണുമ്പോഴുള്ള നിങ്ങളുടെ പ്രതികരണവും നിങ്ങൾ അത് വിളമ്പുന്ന സാഹചര്യവും കുട്ടികളെ ബാധിച്ചേക്കാം എന്നു മനസ്സിൽപ്പിടിക്കുക. പുതിയ വിഭവങ്ങൾ വിളമ്പുമ്പോൾ പ്രസന്നമായ അന്തരീക്ഷം സൃഷ്ടിക്കുക. നിങ്ങളുടെ കുട്ടിയെ ഉൾപ്പെടുത്തുക. ഒരു എഴുത്തുകാരൻ നിർദേശിച്ചു:
“ഭക്ഷണം തയ്യാറാക്കുമ്പോൾ നിങ്ങളുടെ കുഞ്ഞിനെ അടുക്കളയിൽ കൊണ്ടിരുത്തുക. വീട്ടിലുണ്ടാക്കുന്ന വിഭവങ്ങൾ സന്തുഷ്ടമായ, സുഖപ്രദമായ ഒരു പശ്ചാത്തലത്തിൽ അവൻ കാണുകയും അവയുടെ മണം ആസ്വദിക്കുകയും ചെയ്യും. മാത്രമല്ല അവൻ അത് കഴിക്കാൻ പ്രായമാകുന്നതിനു മുമ്പേ അതിനെക്കുറിച്ച് പഠിക്കുകപോലും ചെയ്തേക്കാം. ഏതാനും മാസം കഴിയുമ്പോൾ നിങ്ങൾ തയ്യാറാക്കുന്ന വിഭവത്തിൽ അൽപ്പം—വേവിക്കാത്തതോ പകുതി വേവിച്ചതോ—അവന് കൊടുക്കുകയും ആകാം.”
അവർ കൂട്ടിച്ചേർത്തു: “അതിന് മുൻകൂട്ടിയുള്ള ആസൂത്രണം വേണ്ടിവന്നേക്കാം, അതുപോലെ തന്നെ കൂടുതൽ സമയവും. പാചക സമയത്ത് വല്ലപ്പോഴുമൊക്കെ അതായത്, പുതിയതോ കുട്ടിക്ക് ഇഷ്ടമില്ലാത്തതോ ആയ വിഭവങ്ങൾ തയ്യാറാക്കുമ്പോൾ, അവനെക്കൂടി ഉൾപ്പെടുത്തുന്നതിനുള്ള ലളിതമായ വഴികൾ കണ്ടെത്തുക. ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് അത് രുചിച്ചു നോക്കാൻ പ്രോത്സാഹിപ്പിക്കുക. അത് രുചിച്ചു നോക്കുമ്പോൾ അവന് സന്തോഷവും ഒപ്പം വിശപ്പും തോന്നും—ഒരു പുതിയ വിഭവം അവതരിപ്പിക്കാൻ ഏറ്റവും യോജിച്ച സാഹചര്യങ്ങൾ അവയാണ്.”
സ്വാദറിയാനുള്ള പ്രാപ്തി ക്ഷയിക്കുമ്പോൾ
സങ്കടകരമെന്നു പറയട്ടെ, പ്രായമാകുന്തോറും സ്വാദറിയാനുള്ള പ്രാപ്തി ക്ഷയിച്ചു തുടങ്ങിയേക്കാം. ദാവീദ് രാജാവിന്റെ വൃദ്ധ സുഹൃത്തായ ബർസില്ലാസ് അത് ഇങ്ങനെ സൂചിപ്പിച്ചു: “എനിക്കു ഇന്നു എൺപതു വയസ്സായിരിക്കുന്നു; . . . ഭക്ഷണപാനങ്ങളുടെ സ്വാദു അടിയന്നു അറിയാമോ?” (2 ശമൂവേൽ 19:35) സ്വാദറിയാനുള്ള പ്രാപ്തി ക്ഷയിക്കുന്നതിലോ നഷ്ടപ്പെടുന്നതിലോ മറ്റു ഘടകങ്ങളും ഉൾപ്പെട്ടിരിക്കാം.
തലയ്ക്കേറ്റ പരിക്ക്, അലർജി, രോഗബാധ, മരുന്ന്, വിഷലിപ്തമായ രാസവസ്തുക്കളുമായുള്ള സമ്പർക്കം, ജലദോഷം എന്നിവയുടെ ഫലമായിരിക്കാം അത്. മണമോ സ്വാദോ അറിയാൻ കഴിയാതെ വരുമ്പോഴുണ്ടാകുന്ന നിരാശയുടെ ആഴത്തെക്കുറിച്ച് ഒരു സ്ത്രീ വളരെ ഹൃദയസ്പൃക്കായ വിധത്തിൽ ഇപ്രകാരം എഴുതി: “കാപ്പിയുടെ നറുമണവും ഓറഞ്ചിന്റെ മാധുര്യവും എല്ലാം നമ്മൾ തീർത്തും നിസ്സാരമായിട്ടാണ് കണക്കാക്കുന്നത്. ഈ സംവേദനങ്ങൾ നമുക്ക് നഷ്ടമാകുമ്പോൾ ശ്വാസം മുട്ടുന്നതു പോലെയുള്ള ഒരു അവസ്ഥയാണ്.”
ഒരു വ്യക്തിക്ക് കൂടെക്കൂടെ, ഇല്ലാത്ത ഒരു രുചി വായിൽ അനുഭവപ്പെടുന്ന, കുഴപ്പിക്കുന്ന വൈകല്യമാണ് മിഥ്യാ രുചി. കീമോതെറാപ്പിക്ക് വിധേയരാകുന്ന അർബുദ രോഗികൾക്ക് ചിലപ്പോൾ വിചിത്രമായ സ്വാദും മണവും അനുഭവപ്പെടുന്നു.
ദൈവദത്തമായ ഒരു അനുഗ്രഹം
സ്വാദറിയാൻ നല്ല പ്രാപ്തി ഉണ്ടായിരിക്കുന്നത് എത്ര സന്തോഷകരമാണ്! ചെറുപ്പത്തിൽ മരത്തിൽനിന്നു പറിച്ചു ഭക്ഷിച്ച പഴങ്ങളുടെയോ പ്രത്യേകം തയ്യാറാക്കിയ വിഭവങ്ങളുടെയോ സ്വാദ് പ്രായമായവർ സന്തോഷത്തോടെയാണ് അനുസ്മരിക്കുന്നത്. അനുഭൂതി പകരുന്ന അത്തരം സ്വാദുകൾ നാം സന്തോഷത്തോടെ ആസ്വദിക്കണമെന്നാണ് ദൈവത്തിന്റെ ആഗ്രഹം. കഷ്ടപ്പാടും വാർധക്യവും മരണവും മേലാൽ ഉണ്ടായിരിക്കുകയില്ലാത്ത, നീതി വസിക്കുന്ന പുതിയ ലോകത്തിൽ “നല്ലപോലെ എണ്ണചേർത്ത ഭോജനങ്ങൾ കൊണ്ടു”ള്ള കെങ്കേമമായ സദ്യയെക്കുറിച്ചുള്ള അവന്റെ വാഗ്ദത്തത്തിൽ അതു പ്രകടമാണ്.—യെശയ്യാവു 25:6-9, NW; ഇയ്യോബ് 33:25; വെളിപ്പാടു 21:3, 4.
സ്വാദ് നമ്മുടെ ജീവിതത്തെ സമ്പുഷ്ടമാക്കുന്നു. അതില്ലാഞ്ഞാൽ ആഹാരം കഴിക്കുന്നത് വാഹനത്തിന് ഇന്ധനം നൽകുന്നതുപോലെ വിരസമായ ഒരു പ്രവൃത്തിയായിരിക്കും. തീർച്ചയായും സ്വാദറിയാനുള്ള പ്രാപ്തി സർവജ്ഞാനിയും സ്നേഹവാനുമായ സ്രഷ്ടാവിൽനിന്നുള്ള ഒരു അനുഗ്രഹമാണ്!
[24-ാം പേജിലെ ചിത്രം]
പോഷകസമൃദ്ധമായ ഭക്ഷ്യവസ്തുക്കൾ ആസ്വദിക്കാൻ നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക