മിഷനറിമാർ—വെളിച്ചത്തിന്റെ ഏജൻറൻമാരോ അതോ ഇരുട്ടിന്റേതോ? ഭാഗം 2
പടിഞ്ഞാറോട്ടു യൂറോപ്പിലേക്കു നീങ്ങുന്നു
യേശുവിന്റെ മിഷനറി ദൗത്യം നിറവേററുന്നതിന്, ക്രിസ്ത്യാനിത്വത്തിന്റെ സന്ദേശവുമായി ലോകത്തെമ്പാടുമുള്ള ആളുകളെ സമീപിക്കേണ്ടിവരുമായിരുന്നു. (മത്തായി 28:19; പ്രവൃത്തികൾ 1:8) അപ്പോസ്തലനായ പൗലോസ് തന്റെ മൂന്നു മിഷനറിപര്യടനങ്ങളിലെ രണ്ടാമത്തേതിൽ “മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക” എന്നു തന്നോട് അഭ്യർഥിച്ച ഒരു ദർശനം കണ്ടപ്പോൾ ഈ വസ്തുത ദൃഢീകരിക്കപ്പെട്ടു.—പ്രവൃത്തികൾ 16:9, 10.
പൗലോസ് ആ ക്ഷണം സ്വീകരിച്ചു. പൊ.യു. ഏതാണ്ട് 50-ൽ അദ്ദേഹം ഫിലിപ്പി എന്ന യൂറോപ്യൻ നഗരത്തിൽ പ്രസംഗിക്കുന്നതിനു കടന്നുചെന്നു. ലുദിയയും അവളുടെ കുടുംബവും വിശ്വാസികളായിത്തീർന്നു. ഒരു സഭ സ്ഥാപിക്കപ്പെടുകയും ചെയ്തു. അതു മുഴു യൂറോപ്പിലൂടെയുമുള്ള ക്രിസ്ത്യാനിത്വത്തിന്റെ വിജയശ്രീലാളിതമായ അഭിഗമനത്തിന്റെ ആദ്യ ഇടത്താവളം മാത്രമായിരുന്നു. പൗലോസ്തന്നെ പിന്നീട് ഇററലിയിൽ പ്രസംഗിച്ചു, ഒരുപക്ഷേ സ്പെയിനിൽപോലും.—പ്രവൃത്തികൾ 16:9-15; റോമർ 15:23, 24.
ഏതായാലും പൗലോസ് ക്രിസ്ത്യാനിത്വത്തിന്റെ ഏക മിഷനറിയായിരുന്നില്ല. ഗ്രന്ഥകാരനായ ജെ. ഹേർബർട്ട് കാൻ ഇങ്ങനെ രേഖപ്പെടുത്തുന്നു: “മററു നിരവധി പേർ ഉണ്ടായിരുന്നിരിക്കണം, അവരുടെ പേരുകൾ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. . . . അപ്പോസ്തലൻമാരുടെ പ്രവൃത്തികൾ മുഴുകഥയും പറയുന്നില്ല.”—പെന്തെക്കോസ്തുമുതൽ ഇക്കാലംവരെയുള്ള ക്രിസ്തീയ ദൗത്യങ്ങളുടെ ഒരു ആഗോള വീക്ഷണം (ഇംഗ്ലീഷ്).
എന്നിരുന്നാലും, യേശുവിന്റെ മററനുഗാമികൾ വിദേശ രാജ്യങ്ങളിൽ മിഷനറിമാരായി സേവിച്ചത് എത്രത്തോളമെന്നു നാം അറിയുന്നില്ല. തോമസ് ഇൻഡ്യയിലേക്കു വന്നുവെന്നും സുവിശേഷകനായ മർക്കോസ് ഈജിപ്തിലേക്കു പോയി എന്നുമുള്ള പരമ്പരാഗത വിശ്വാസം സ്ഥിരീകരിക്കാൻ കഴിയില്ല. ക്രിസ്തുവിന്റെ യഥാർഥ ശിഷ്യൻമാർക്കെല്ലാം മിഷനറി ആത്മാവുണ്ടായിരുന്നുവെന്നും അവരെല്ലാം സ്വദേശത്തെങ്കിലും മിഷനറിവേല നടത്തിയെന്നും നമുക്കു തീർച്ചയായും അറിയാം. കാൻ സൂചിപ്പിക്കുന്ന പ്രകാരം: “ചരിത്രപ്രധാനമായ ആ സംഭവം [പെന്തെക്കോസ്ത്] ക്രിസ്തീയ സഭയുടെ തുടക്കത്തെയും മിഷനറിപ്രസ്ഥാനത്തിന്റെ ഉത്ഘാടനത്തെയും കുറിച്ചു, കാരണം ആ നാളുകളിൽ സഭയെ തിരിച്ചറിയിച്ചതു ദൗത്യംതന്നെ ആയിരുന്നു.”
യൂറോപ്പിന്റെ വിദൂരകോണുകളിലേക്ക്
യഹൂദൻമാർ ഏക സത്യദൈവത്തിന്റെ ആരാധനയിൽ വിശ്വസിച്ചു. അവർ ഒരു വാഗ്ദത്ത മിശിഹായിൽ പ്രത്യാശ അർപ്പിച്ചു. അവർ എബ്രായ തിരുവെഴുത്തുകളെ സത്യമായ ദൈവവചനമായി അംഗീകരിച്ചു. അതുകൊണ്ട്, യഹൂദൻമാർ ചിതറിപ്പോയി പാർത്തിരുന്ന രാജ്യങ്ങളിലെ പൗരൻമാർ ഈ വിശ്വാസങ്ങളുമായി കുറെയൊക്കെ പരിചിതരായിരിക്കാനിടയുണ്ടായിരുന്നു. ഇവ ക്രിസ്ത്യാനികൾക്കും യഹൂദൻമാർക്കും പൊതുവിലുള്ള ആരാധനാ വശങ്ങളായിരുന്നതുകൊണ്ടു ക്രിസ്ത്യാനിത്വത്തിന്റെ സന്ദേശം രംഗത്തുവന്നപ്പോൾ അതു തികച്ചും പുതുതായിരുന്നില്ല. കാൻ പറയുന്നപ്രകാരം, “ഈ വസ്തുതകൾ റോമൻലോകത്തുടനീളം സുവിശേഷം പ്രസംഗിച്ചുകൊണ്ടും സഭകൾ സ്ഥാപിച്ചുകൊണ്ടും സഞ്ചരിക്കവേ ക്രിസ്തീയ മിഷനറിമാർക്കു വലിയ സഹായമായിരുന്നു.”
അങ്ങനെ യഹൂദ ചിതറൽ ക്രിസ്ത്യാനിത്വത്തിനു വഴിയൊരുക്കി. ക്രിസ്ത്യാനിത്വത്തിന്റെ സത്വരവ്യാപനം നടന്നതു ക്രിസ്ത്യാനികൾക്കു മിഷനറി ആത്മാവുണ്ടായിരുന്നതുകൊണ്ടാണ്. “അൽമായക്കാർ സുവിശേഷം പ്രസംഗിച്ചു,” കാൻ പറയുന്നു, “അവർ പോയടത്തെല്ലാം തങ്ങളുടെ പുതുതായി കണ്ടെത്തിയ വിശ്വാസം സുഹൃത്തുക്കൾക്കും അയൽക്കാർക്കും അപരിചിതർക്കും സന്തോഷപൂർവം പങ്കുവെച്ചു” എന്നു സൂചിപ്പിച്ചുകൊണ്ടുതന്നെ. ചരിത്രകാരനായ വിൽ ഡൂറൻറ് ഇങ്ങനെ വിശദീകരിക്കുന്നു: “മിക്കവാറും ഓരോ പുതു പരിവർത്തിതനും ഒരു വിപ്ലവകാരിയുടെ തീവ്രതയോടെ പ്രചാരണത്തിന് ഉത്തരവാദിത്വം വഹിച്ചു.”
പൊ.യു. 300 ആയതോടെ, ക്രിസ്ത്യാനിത്വത്തിന്റെ ഒരു ദുഷിച്ച രൂപം റോമാസാമ്രാജ്യത്തുടനീളം വിപുലമായി വ്യാപിച്ചിരുന്നു. അങ്ങനെയുള്ള ദുഷിപ്പ്, നിർമലാരാധനയിൽനിന്നുള്ള ഒരു വീഴ്ച, ഉണ്ടാകുമെന്നു മുൻകൂട്ടിപ്പറഞ്ഞിരുന്നു. (2 തെസ്സലൊനീക്യർ 2:3-10) ഒരു വിശ്വാസത്യാഗം യഥാർഥമായി സംഭവിച്ചു. ഡൂറൻറ് ഇങ്ങനെ വിശദീകരിക്കുന്നു: “ക്രിസ്ത്യാനിത്വം പുറജാതീയചിന്തയെ നശിപ്പിച്ചില്ല; അത് അതിനെ സ്വീകരിച്ചു.”
ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്നവർ സത്യക്രിസ്ത്യാനിത്വത്തിൽനിന്ന് അകന്നകന്നുപോയപ്പോൾ അവരിൽ മിക്കവർക്കും മിഷനറി ആത്മാവു നഷ്ടപ്പെട്ടു. എന്നിരുന്നാലും, മിഷനറി ആത്മാവ് ഉണ്ടായിരുന്ന ഒരാൾ നാലാം നൂററാണ്ടിന്റെ അവസാനത്തോടടുത്തു ബ്രിട്ടനിൽ കത്തോലിക്കാമാതാപിതാക്കൾക്കു പിറന്ന ഒരു കുട്ടിയായിരുന്നു. പാട്രിക് എന്നു പേരുണ്ടായിരുന്ന അയാൾ യൂറോപ്പിന്റെ പടിഞ്ഞാറെ വക്കോളം—അയർലണ്ടിലേക്ക്—ക്രിസ്തുവിന്റെ സന്ദേശം എത്തിച്ചതിൽ പ്രസിദ്ധനാണ്. ഐതിഹ്യപ്രകാരം, അദ്ദേഹം ആയിരക്കണക്കിനാളുകളെ പരിവർത്തിപ്പിക്കുകയും നൂറുകണക്കിനു സഭകൾ സ്ഥാപിക്കുകയും ചെയ്തു.
പെട്ടെന്നുതന്നെ അയർലണ്ട് മിഷനറിവേലയിൽ നേതൃത്വം വഹിച്ചുതുടങ്ങി. കാൻ പറയുന്നപ്രകാരം “അവിടത്തെ മിഷനറിമാർ ഉജ്ജ്വലമായ തീക്ഷ്ണതയോടെ പുറജാതീയ മതത്തിനെതിരെയുള്ള പോരാട്ടത്തിൽ പാഞ്ഞുനടന്നു.” ഈ മിഷനറിമാരിൽ ഒരാൾ കൊളംബ ആയിരുന്നു. അദ്ദേഹം പ്രത്യക്ഷത്തിൽ സ്കോട്ട്ലണ്ടിനെ പരിവർത്തിപ്പിക്കുന്നതിൽ ഒരു മുഖ്യ പങ്കു വഹിച്ചു. പൊ.യു. ഏതാണ്ട് 563-ൽ അദ്ദേഹവും 12 സഹപ്രവർത്തകരും സ്കോട്ട്ലണ്ടിന്റെ പടിഞ്ഞാറേ തീരത്തുനിന്നു വേർപെട്ടുകിടന്നിരുന്ന ഒരു ദ്വീപായ ലോണയിൽ ഒരു സന്യാസിമഠം സ്ഥാപിച്ചു. അതു മിഷനറിപ്രവർത്തനത്തിന്റെ കേന്ദ്രമായിത്തീർന്നു. കൊളംബ പൊ.യു. 600-നു തൊട്ടുമുമ്പ് മരിച്ചു, എന്നാൽ അടുത്ത 200 വർഷങ്ങളിൽ മിഷനറിമാർ ലോണായിൽനിന്നു ബ്രിട്ടീഷ്ദ്വീപുകളുടെയും യൂറോപ്പിന്റെയും എല്ലാ ഭാഗങ്ങളിലേക്കും തുടർന്ന് അയക്കപ്പെട്ടുകൊണ്ടിരുന്നു.
നാമധേയ ക്രിസ്ത്യാനിത്വം ഇംഗ്ലണ്ടിലേക്കു വ്യാപിച്ച ശേഷം, ചില ഇംഗ്ലീഷ് പരിവർത്തിതർ അയർലണ്ടുകാരുടെ മിഷനറി ആത്മാവ് പകർത്തുകയും അവർതന്നെ മിഷനറിമാരായിത്തീരുകയും ചെയ്തു. ദൃഷ്ടാന്തത്തിന്, പൊ.യു. 692-ൽ വടക്കൻ ഇംഗ്ലണ്ടിലെ ഒരു പുരാതന ആംഗ്ലോ-സാക്സൺ രാജ്യമായ നോർത്തംബ്രിയായിൽനിന്നുള്ള വിലിബ്രോർഡും 11 സഹപ്രവർത്തകരും നെതർലാൻഡ്സ്, ബെൽജിയം, ലക്സംബർഗ് എന്നിവിടങ്ങളിലേക്കുള്ള ആദ്യ ഇംഗ്ലീഷ് മിഷനറിമാരായിത്തീർന്നു.
എട്ടാം നൂററാണ്ടിന്റെ പ്രാരംഭകാലത്ത്, ഒരു ഇംഗ്ലീഷ് ബെനഡിക്ടൈൻ സന്യാസിയായ ബോണിഫെസ് ജർമനിയിലേക്കു തന്റെ ശ്രദ്ധ തിരിച്ചു. ബോണിഫെസിന്റെ “ഊർജിത മിഷനറി പ്രവർത്തനം നാല്പതു വർഷം നീളുകയും ജർമനിയുടെ അപ്പോസ്തലൻ” എന്ന സ്ഥാനപ്പേർ അദ്ദേഹത്തിനു നേടിക്കൊടുക്കുകയും “അന്ധകാരയുഗത്തിലെ ഏററവും വലിയ മിഷനറി” ആയിത്തീരാൻ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു എന്നു കാൻ പറയുന്നു. ബോണിഫെസിന് 70-ൽപരം വയസ്സായപ്പോൾ അദ്ദേഹവും 50 സഹപ്രവർത്തകരും ഫ്രിസിയൻ അവിശ്വാസികളാൽ കൊല്ലപ്പെട്ടു.
മതവിജ്ഞാനകോശം (ഇംഗ്ലീഷ്) കത്തോലിക്കാമതത്തിലേക്കു പുതുവിശ്വാസികളെ ഉളവാക്കുന്നതിനു ബോണിഫെസ് വിജയപ്രദമായി ഉപയോഗിച്ച ഒരു രീതി വർണിക്കുന്നു: “ജിസ്മാറിൽ [ജർമനിയിലെ ഗോട്ടിംഗനു സമീപം] അദ്ദേഹം തോറിലെ വിശുദ്ധ ഓക്കുമരം വെട്ടിയിടാൻ മുതിർന്നു. . . . ജർമൻ കുലദൈവത്തിൽനിന്നുള്ള പ്രതികാരം ഉണ്ടാകാതിരുന്നപ്പോൾ അദ്ദേഹം പ്രസംഗിച്ച ദൈവം ആരാധിക്കപ്പെടുകയും വന്ദിക്കപ്പെടുകയും ചെയ്യേണ്ട ഏക സത്യദൈവം ആണെന്നു വ്യക്തമായി.”
ചില മിഷനറിമാർ പ്രത്യക്ഷത്തിൽ ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നുവെന്നു വിചാരിച്ചുകൊണ്ടു മററു രീതികൾ സ്വീകരിച്ചു. ജർമാനിക് സാക്സൻമാരുടെ പരിവർത്തനം “സാധിച്ചതു ധാർമികമോ മതപരമോ ആയ പ്രേരണയാലല്ല, പിന്നെയോ സൈനികവിജയത്താൽ” ആയിരുന്നെന്നു കാൻ സമ്മതിക്കുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “സഭയും സംസ്ഥാനവുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് ആത്മീയലക്ഷ്യങ്ങൾ നേടാൻ ജഡിക ആയുധങ്ങൾ ഉപയോഗിക്കുന്നതിനു സഭയെ പ്രേരിപ്പിച്ചു. ഈ നയം വിശേഷിച്ചു സാക്സൺമാരുടെ ഇടയിലെ ക്രിസ്തീയ മിഷൻപ്രവർത്തനത്തിലേതിലുമധികം മറെറാരിടത്തും അപകടകരമായിരുന്നിട്ടില്ല. . . . ക്രൂരതകൾ കാട്ടപ്പെട്ടു.” മിഷനറിമാർ സ്കാൻഡിനേവ്യയിലേക്കു നീങ്ങിയപ്പോൾ “പരിവർത്തനം ഏറെയും സമാധാനപരമായിരുന്നു; നോർവേയിൽ മാത്രമേ ബലം പ്രയോഗിക്കപ്പെട്ടുള്ളു എന്നു നമ്മോടു പറയുന്നു.”
ബലപ്രയോഗമോ? ക്രൂരത കാട്ടലോ? ആത്മീയ ലക്ഷ്യങ്ങൾ നേടാനുള്ള ജഡികായുധങ്ങളുടെ ഉപയോഗമോ? വെളിച്ചത്തിന്റെ ഏജൻറുമാരായി സേവിക്കുന്ന മിഷനറിമാരിൽനിന്നു നാം പ്രതീക്ഷിക്കേണ്ടത് ഇതാണോ?
ഒരു വിഭജിത ഭവനത്തിലെ മിഷനറിമാർ
റോമിലും കോൺസ്ററാൻറിനോപ്പിളിലും ആചരിച്ചുവന്ന നാമധേയ ക്രിസ്ത്യാനിത്വത്തിന്റെ രണ്ടു ശാഖകൾ വേറിട്ട മിഷനറിപ്രസ്ഥാനങ്ങൾ നടത്തി. ബൾഗേറിയയെ “ക്രിസ്തീയവൽക്കരിക്കാനുള്ള” അവരുടെ ശ്രമങ്ങൾ മതപരമായി വിയോജിപ്പുള്ള ഒരു ഭവനത്തിൽ സാധാരണമായ കലക്കത്തിലേക്കു നയിച്ചു. ബൾഗേറിയയിലെ ഭരണാധികാരിയായ ബോറിസ് ഗ്രീക്ക് ഓർത്തഡോക്സ് സഭയിലേക്കു പരിവർത്തനം ചെയ്തു. എന്നിരുന്നാലും, ബൾഗേറിയൻ സഭയുടെ സ്വാതന്ത്ര്യത്തെ കോൺസ്ററാൻറിനോപ്പിൾ കഠിനമായി നിയന്ത്രിച്ചതായി മനസ്സിലാക്കിയതോടെ അദ്ദേഹം റോമിനെ പ്രതിനിധാനംചെയ്യുന്ന ജർമൻ മിഷനറിമാരുടെ ക്രിസ്തീയ മതഭേദം ആനയിക്കാൻ അനുവദിച്ചുകൊണ്ടു പടിഞ്ഞാറോട്ടു തിരിഞ്ഞു. പൊ.യു. 870 ആയപ്പോഴേക്കു പാശ്ചാത്യസഭ പൗരസ്ത്യസഭയെക്കാൾ നിയന്ത്രണം ചെലുത്തുന്നതാണെന്നു സ്പഷ്ടമായി. തന്നിമിത്തം ജർമൻകാർ പുറത്താക്കപ്പെടുകയും ബൾഗേറിയാ പൗരസ്ത്യ ഓർത്തഡോക്സ്സഭയുടെ ആശ്ലേഷത്തിലേക്കു മടങ്ങിപ്പോകുകയും ചെയ്തു. മതപരമായി പറഞ്ഞാൽ അത് അവിടെ പിന്നീടെക്കാലവും സ്ഥിതിചെയ്തിരിക്കുന്നു.
അതേസമയം പാശ്ചാത്യ മിഷനറിമാർ ഹംഗറിയിൽ “ക്രിസ്ത്യാനിത്വം” അവതരിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ പോളണ്ടിൽ “ക്രിസ്ത്യാനിത്വ”ത്തിന്റെ രണ്ടു ശാഖകളും പിന്തുണ നേടി. മതവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച്, “പോളണ്ടുകാരുടെ സഭ പൊതുവേ പടിഞ്ഞാറിന്റെ നിയന്ത്രണത്തിലായിരുന്നു. അതേസമയം ഗണ്യമായ പൗരസ്ത്യ സ്വാധീനം പ്രകടമാക്കുകയും ചെയ്തു.” ലിത്വാനിയായും ലാത്വിയായും എസ്റേറാണിയായും “പാശ്ചാത്യശക്തികളും പൗരസ്ത്യശക്തികളും തമ്മിലുള്ള മാത്സര്യത്തിൽ അകപ്പെട്ടു, സഭാപരമായ സകല പരിണതഫലങ്ങളോടുംകൂടെ.” 11-ാം നൂററാണ്ടിന്റെ ഒടുവിലും 12-ാം നൂററാണ്ടിന്റെ പ്രാരംഭകാലത്തും ഫിൻലണ്ട് “ക്രിസ്ത്യാനിത്വം” സ്വീകരിച്ച ശേഷം അതും പൗരസ്ത്യ പാശ്ചാത്യ വടംവലിയിൽ ഉൾപ്പെട്ടു.
ഒൻപതാം നൂററാണ്ടിൽ, തെസ്സലോനീക്യയിലെ ഒരു പ്രമുഖ ഗ്രീക്ക് കുടുംബത്തിൽനിന്നുള്ള രണ്ടു സഹോദരൻമാർ യൂറോപ്പിലെയും ഏഷ്യയിലെയും സ്ലാവുവിഭാഗങ്ങളിലേക്കു ബൈസൻറയ്ൻ “ക്രിസ്ത്യാനിത്വം” ആനയിച്ചു. കോൺസ്ററൻറയ്ൻ എന്നും വിളിക്കപ്പെടുന്ന സിറിലും മെതോഡിയസും “സ്ലാവുകളുടെ അപ്പോസ്തലൻമാർ” എന്നറിയപ്പെട്ടു.
സിറിലിന്റെ നേട്ടങ്ങളിലൊന്ന്, സ്ലാവുകൾക്കുവേണ്ടിയുള്ള ഒരു ലിഖിതഭാഷയുടെ വികസിപ്പിക്കലായിരുന്നു. എബ്രായ, ഗ്രീക്ക് അക്ഷരങ്ങളിൽ അധിഷ്ഠിതമായ അതിന്റെ അക്ഷരമാല സിറിലിക് അക്ഷരമാല എന്നറിയപ്പെടുന്നു. ഇപ്പോഴും അതു റഷ്യൻ, ഉക്രേനിയൻ, ബൾഗേറിയൻ, സെർബിയൻ എന്നിങ്ങനെയുള്ള ഭാഷകളിൽ ഉപയോഗിക്കപ്പെടുന്നു. ഈ രണ്ടു സഹോദരൻമാർ ബൈബിളിന്റെ ഒരു ഭാഗം പുതിയ ലിഖിത ഭാഷയിലേക്കു വിവർത്തനംചെയ്യുകയും സ്ലാവിക്കിൽ ആരാധനാക്രമം അവതരിപ്പിക്കുകയും ചെയ്തു. ഇതു പാശ്ചാത്യസഭയുടെ നയത്തിനു വിരുദ്ധമായിരുന്നു; അവർ ആരാധനാക്രമം ലത്തീനിലും ഗ്രീക്കിലും എബ്രായയിലും നിലനിർത്താൻ ആഗ്രഹിച്ചു. ഗ്രന്ഥകാരനായ കാൻ പറയുന്നു: “കോൺസ്ററാൻറിനോപ്പിൾ പ്രോത്സാഹിപ്പിച്ചതും എന്നാൽ റോം കുററംവിധിച്ചതുമായ ഒരു ആചാരമായ, ആരാധനയിലെ മാതൃഭാഷയുടെ ഉപയോഗം ഒരു പുതിയ വ്യതിയാനമായിരുന്നു, അതു പത്തൊമ്പതും ഇരുപതും നൂററാണ്ടുകളിലെ ആധുനിക മിഷനറി ഉദ്യമത്തിൽ പൂർണവികസിതമായ ഒരു വഴക്കമായിത്തീരുകയും ചെയ്തു.”
ഇപ്പോൾ മുൻ സോവ്യററ് യൂണിയൻ എന്നറിയപ്പെടുന്ന പ്രദേശങ്ങളിൽ, പത്താം നൂററാണ്ടിന്റെ അവസാനമായതോടെ നാമധേയ ക്രിസ്ത്യാനിത്വം അവതരിപ്പിക്കപ്പെട്ടു. ഉക്രേയ്നിലെ കീവിലുള്ള വ്ളാഡിമിർ രാജകുമാരൻ പൊ.യു. 988-ൽ സ്നാപനം ഏററുവെന്നാണു പാരമ്പര്യം. അദ്ദേഹം യഹൂദമതത്തെയും ഇസ്ലാമിനെയും അപേക്ഷിച്ചു “ക്രിസ്തീയ” മതത്തിന്റെ ബൈസൻറയ്ൻ രൂപത്തെ പ്രത്യാശയുടെയോ സത്യത്തിന്റെയോ ഏതെങ്കിലും സന്ദേശം നിമിത്തമല്ല, പിന്നെയോ അതിന്റെ ഗംഭീരമായ കർമാനുഷ്ഠാനങ്ങൾ നിമിത്തം ഇഷ്ടപ്പെട്ടുവെന്നു പറയപ്പെടുന്നു.
യഥാർഥത്തിൽ, “വ്ളാഡിമിറിന്റെ പരിവർത്തനത്തിന്റെ കാലം, തന്റെ രാഷ്ട്രീയ താത്പര്യങ്ങൾക്കുവേണ്ടിയാണ് അദ്ദേഹം പുതിയ മതം സ്വീകരിച്ചതെന്നു സൂചിപ്പിക്കുന്നു, അങ്ങനെ റഷ്യൻ ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിലുടനീളം ഫലത്തിൽ ഇടമുറിയാതെ ഉണ്ടായിരുന്ന ഒരു പാരമ്പര്യത്തിനു തുടക്കമിട്ടു” എന്നു വിശ്വാസങ്ങൾ കാക്കൽ—സോവ്യററ് യൂണിയനിലെ മതവും പ്രത്യയശാസ്ത്രവും (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. അനന്തരം ഈ പുസ്തകം ഗൗരവമായ പിൻവരുന്ന ആശയം കൂട്ടിച്ചേർക്കുന്നു: “സഭ പൊതുവേ, ഗവൺമെൻറിന്റെ താത്പര്യങ്ങളെ സേവിക്കാൻ സന്നദ്ധമായിരുന്നിട്ടുണ്ട്, ഗവൺമെൻറ് സഭയുടെ താത്പര്യങ്ങളിൽ കൈയേററം നടത്തിയപ്പോൾപോലും.”
തന്റെ പ്രജകൾ ക്രിസ്ത്യാനികളായി സ്നാപനം ഏൽക്കണമെന്നു വ്ളാഡിമിർ കല്പിച്ചു; അവർക്ക് ഈ കാര്യത്തിൽ തെരഞ്ഞെടുപ്പുസ്വാതന്ത്ര്യം ഇല്ലായിരുന്നു. “അദ്ദേഹം ഓർത്തഡോക്സ്സഭയെ സംസ്ഥാനമതമായി അംഗീകരിച്ച ഉടനെ നാടൻ സ്ലാവ്ഗോത്രങ്ങളുടെ പാരമ്പര്യമതാചാരങ്ങളെ പിഴുതുമാററുന്ന ഒരു കർമപരിപാടി നടപ്പിലാക്കി” എന്നു പോൾ സ്ററീവ്സ് പറയുന്നു. ദൃഷ്ടാന്തത്തിന്, ആളുകൾ മുമ്പു പുറജാതീയ വിഗ്രഹങ്ങൾക്കു ബലി ചെയ്ത സ്ഥാനങ്ങളിൽ അദ്ദേഹം പള്ളികൾ പണിതു. സ്ററീവ്സ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “എന്നിരുന്നാലും പുറജാതിമതത്തിന്റെ ശേഷിപ്പു പല നൂററാണ്ടുകളോളം അതിജീവിക്കുകയും ഒടുവിൽ അതു നീക്കംചെയ്യപ്പെടുന്നതിനു പകരം റഷ്യൻ മതജീവിതത്തിലേക്കു സ്വീകരിക്കപ്പെടുകയും ചെയ്തു.”
ഈ ഇളകുന്ന അടിത്തറ ഗണ്യമാക്കാതെ, റഷ്യൻ ഓർത്തഡോക്സ് സഭ തീക്ഷ്ണതയോടെ മിഷനറിവേലയെ പിന്താങ്ങി. സെയിൻറ് വ്ളാഡിമിർസ് ഓർത്തഡോക്സ് തിയൊളോജിക്കൽ സെമിനാരിയിലെ തോമസ് ഹോപ്ക്കോ ഇങ്ങനെ പറയുന്നു: “സാമ്രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ കുടിപാർപ്പാരംഭിക്കുകയും അവിടെ സുവിശേഷീകരിക്കയും ചെയ്തപ്പോൾ തിരുവെഴുത്തുകളും സഭാശുശ്രൂഷകളും അനേകം സൈബീരിയൻ ഭാഷകളിലേക്കും അലാസ്കൻ ഉപഭാഷകളിലേക്കും വിവർത്തനംചെയ്യപ്പെട്ടു.”
തീവ്ര മിഷനറിപ്രവർത്തനം
16-ാം നൂററാണ്ടിലെ നവീകരണം യൂറോപ്പിലുടനീളം ആത്മീയ തീ ജ്വലിപ്പിക്കുകയുണ്ടായി. പ്രോട്ടസ്ററൻറ് നേതാക്കൻമാർ, ഓരോരുത്തരും അവനവന്റെ മാർഗത്തിൽ മതത്തിലുള്ള പൊതുജന താത്പര്യം പുനരുജ്ജീവിപ്പിക്കവേ തീവ്രമായ “ക്രിസ്തീയ” മിഷനറിപ്രവർത്തനത്തിന് അടിസ്ഥാനമിടപ്പെട്ടു. ജർമൻഭാഷയിലേക്കുള്ള ലൂഥറിന്റെ ബൈബിൾവിവർത്തനം സുപ്രധാനമായിരുന്നു, ഇംഗ്ലീഷിലേക്കുള്ള വില്യം ററിൻഡേയ്ലിന്റെയും മൈൽസ് കവർഡേയ്ലിന്റെയും ഭാഷാന്തരങ്ങളും അങ്ങനെതന്നെ.
പിന്നീട്, 17-ാം നൂററാണ്ടിൽ, ഭക്തിപ്രസ്ഥാനം എന്നപേരിൽ ജർമനിയിൽ ഒരു പ്രസ്ഥാനം ഉയർന്നുവന്നു. അതു ബൈബിൾപഠനത്തിനും വ്യക്തിപരമായ മതാനുഭവത്തിനും ഊന്നൽ കൊടുത്തു. മതവിജ്ഞാനകോശം ഇങ്ങനെ വിശദീകരിക്കുന്നു: “ക്രിസ്തുവിൻ സുവിശേഷത്തിന്റെ ആവശ്യമുള്ള മനുഷ്യരാശിയെസംബന്ധിച്ച അതിന്റെ ദർശനം വിദേശീയവും സ്വദേശീയവുമായ മിഷനറി സംരംഭങ്ങളുടെ ആവിർഭാവത്തിനും സത്വര വികസനത്തിനും ഇടയാക്കി.”
ഇന്ന്, നമ്മുടെ 20-ാം നൂററാണ്ടിലെ നിരീശ്വര കമ്മ്യുണിസത്തിന്റെയും സമഗ്രാധിപത്യ പ്രത്യയശാസ്ത്രങ്ങളുടെയും ഉയർച്ചയെ തടയാൻ തക്ക ശക്തമായ ക്രിസ്തീയ വിശ്വാസവും പ്രത്യാശയും തങ്ങളുടെ യൂറോപ്യൻ പുതുവിശ്വാസികളിൽ ജനിപ്പിക്കുന്നതിൽ ക്രൈസ്തവലോകത്തിന്റെ മിഷനറിമാർ സങ്കടകരമായി പരാജയപ്പെട്ടുവെന്നു കാണാൻ കഴിയും. ചില രാജ്യങ്ങളിലെ കമ്മ്യുണിസത്തിന്റെ ചരമംമുതൽ മിഷനറിമാർ തങ്ങളുടെ പ്രവർത്തനം പുനരുജ്ജീവിപ്പിച്ചിരിക്കുന്നു. എന്നാൽ റോമൻ കത്തോലിക്കരും ഓർത്തഡോക്സ് കത്തോലിക്കരും പ്രോട്ടസ്ററൻറുകാരും തങ്ങൾ പങ്കുവെക്കുന്നതായി അവകാശപ്പെടുന്ന ക്രിസ്തീയ വിശ്വാസത്തിൽ ഏകീകൃതരല്ല.
റോമൻ കത്തോലിക്കാ ക്രോട്ടുകളും ഓർത്തഡോക്സ് സെർബുകളും ക്രൈസ്തവലോകത്തിന്റെ മിഷനറിഫലത്തിന്റെ ഭാഗമാണ്. ഒരു വിയോജിപ്പുള്ള ഭവനത്തിന്റെ അപകീർത്തിയെ ക്രൈസ്തവലോകത്തിന്റേതിനെക്കാൾ മെച്ചമായി മറെറന്താണു വിശദമാക്കുന്നത്? ആദ്യം പരസ്പരം തോക്കുയർത്തുന്നതും അനന്തരം അവ ക്രിസ്തീയേതര അയൽക്കാർക്കെതിരെ തിരിക്കുന്നതിൽ ഒത്തുചേരുന്നതും ഏതുതരം ക്രിസ്തീയ “സഹോദരൻമാരാ”ണ്? കപട ക്രിസ്ത്യാനികൾക്കുമാത്രമേ അത്തരം ക്രിസ്തീയ വിരുദ്ധ നടത്തസംബന്ധിച്ചു കുററക്കാരായിരിക്കാൻ കഴിയൂ.—മത്തായി 5:43-45; 1 യോഹന്നാൻ 3:10-12.
ക്രൈസ്തവലോകത്തിലെ എല്ലാ മിഷനറിമാരും തക്ക യോഗ്യതയുണ്ടായിരിക്കുന്നതിൽ പരാജയപ്പെട്ടുപോയോ? അവർ ഏഷ്യയിൽ എന്തു സാധിച്ചുവെന്നു മനസ്സിലാക്കിക്കൊണ്ടു നമുക്കു നമ്മുടെ പരിശോധന തുടരാം. “ക്രൈസ്തവലോകത്തിലെ മിഷനറിമാർ സകലതും ഉത്ഭവിച്ചിടത്തേക്കു തിരിച്ചുപോകുന്നു” എന്ന ശീർഷകത്തിൽ ഞങ്ങളുടെ അടുത്ത ലക്കത്തിലുള്ള ലേഖനം വായിക്കുക.
[21-ാം പേജിലെ ചിത്രം]
പുറജാതിദൈവങ്ങൾ അശക്തരാണെന്നു ബോണിഫെസ് പ്രകടമാക്കിയതായി പറയപ്പെടുന്നു
[കടപ്പാട്]
Picture from the book Die Geschichte der deutschen Kirche und kirchlichen Kunst im Wandel der Jahrhunderte