യുവജനങ്ങൾ ചോദിക്കുന്നു. . .
ക്ലാസ് പര്യടനങ്ങൾ സംബന്ധിച്ചെന്ത്?
“നിങ്ങൾക്കു സ്കൂളിൽനിന്ന് അവധി കിട്ടുന്നു.” “ഒരു മാററത്തിനുവേണ്ടി നിങ്ങൾ പുതിയത് എന്തെങ്കിലും കാണുന്നു.” “നിങ്ങൾ നിങ്ങളുടെ സഹപാഠികളെ മെച്ചമായി അറിയാനിടയാകുന്നു.”
തങ്ങൾ ക്ലാസ് പര്യടനങ്ങൾ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടെന്നു മൂന്നു ജർമൻ യുവാക്കൾ വിശദീകരിച്ചത് അങ്ങനെയാണ്. ലോകമാസകലമുള്ള യുവജനങ്ങളുടെ ഇടയിൽ അങ്ങനെയുള്ള പ്രയാണങ്ങൾ സർവസാധാരണമാണ്.
ഏതായാലും, വിദ്യാർഥികൾ മാത്രമല്ല ക്ലാസ് പര്യടനങ്ങളെക്കുറിച്ചു മതിപ്പോടെ ചിന്തിക്കുന്നത്. “സുസംഘടിതമായ ഒരു ക്ലാസ് പര്യടനം ഒരു യുവാവിനു യഥാർഥ പ്രയോജനമുള്ളതാണ്, അവന്റെ ചക്രവാളങ്ങളെ അതു വിശാലമാക്കുകയും സ്വന്തം കാലിൽ നിൽക്കാൻ അവനെ സഹായിക്കുകയും ചെയ്യുന്നു” എന്ന് ഒരു അധ്യാപകൻ അവകാശപ്പെടുന്നു. “കൂടാതെ, അധ്യാപകനും ക്ലാസ്സും തമ്മിലുള്ള ബന്ധം ബലിഷ്ഠമാകുന്നു.” മനഃസാക്ഷിബോധമുള്ള അധ്യാപകർക്കും നല്ല ശീലങ്ങളുള്ള ഒരു ക്ലാസ്സിനും ഒത്തുചേർന്ന് ഒരു ക്ലാസ് പര്യടനത്തെ വിദ്യാഭ്യാസമൂല്യമുള്ളതും ആസ്വാദ്യവുമാക്കാൻ കഴിയും എന്നതിനു സംശയമില്ല.
എന്നിരുന്നാലും, ക്രിസ്തീയ യുവജനങ്ങളെയും അവരുടെ മാതാപിതാക്കളെയും ശരിക്കും ബാധിക്കുന്ന നിരവധി ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ടായിരിക്കാം. ദൃഷ്ടാന്തത്തിന്, ജർമനിയിലും മററു യൂറോപ്യൻ രാജ്യങ്ങളിലും ഇരു ലിംഗവർഗങ്ങളിലും പെട്ട വിദ്യാർഥികൾ സാധാരണമായി ദീർഘമായ ക്ലാസ് പര്യടനങ്ങളിൽ ഒരുമിച്ചു യാത്ര ചെയ്യുന്നു. ഇതിൽ മിക്കപ്പോഴും വീട്ടിൽനിന്ന് അകന്നു രാത്രികൾ ചെലവഴിക്കുന്നത് ഉൾപ്പെടുന്നു. ഒട്ടുമിക്കപ്പോഴും ഇതു കുഴപ്പംചെയ്യുന്നു. പതിന്നാലുവയസ്സുകാരി ആനാ-ലോറാ ഇങ്ങനെ അനുസ്മരിക്കുന്നു: “ഏതാനും പര്യടന നാളുകൾ കഴിഞ്ഞപ്പോൾ കാര്യങ്ങൾ അനിയന്ത്രിതമായി. രാത്രിയിൽ പോലും ഞങ്ങൾക്ക് ഒരു സമാധാനവും ശാന്തതയും കിട്ടിയില്ല. ക്ലാസ്സിലെ മിക്കവരും സ്വാർഥപരവും മര്യാദയില്ലാത്തതുമായ ഒരു വിധത്തിൽ പെരുമാറി.”
അപ്പോൾ, ഒരു ക്ലാസ് പര്യടനത്തിനു പോകാൻ നിങ്ങൾക്ക് അവസരം ലഭിച്ചാൽ നിങ്ങൾ എന്തു ചെയ്യണം?
ചെലവു കണക്കാക്കൽ
ലൂക്കൊസ് 14:28-ൽ യേശുക്രിസ്തു ഇങ്ങനെ പറയുകയുണ്ടായി: “നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ?” ക്ലാസ്പര്യടനം നിങ്ങൾക്കു വേണമോ എന്നു നിങ്ങളും മാതാപിതാക്കളും കൂടെ തീരുമാനിക്കുന്നതിനു മുമ്പ് ഉൾപ്പെട്ടിരിക്കുന്നതെല്ലാം ശ്രദ്ധാപൂർവം പരിശോധിക്കുക. പരിചിന്തിക്കേണ്ട ചില ചോദ്യങ്ങളാണിവ:
പര്യടനം എങ്ങോട്ടായിരിക്കും? ഉൾപ്പെട്ടിരിക്കുന്നത് അടുത്തുള്ള ഒരു കാഴ്ചബംഗ്ലാവിലേക്കുള്ള ഒരു ദിവസത്തെ സന്ദർശനമാണോ അതോ രാത്രികളിൽ താമസിക്കേണ്ട ദൈർഘ്യമേറിയ യാത്രകളാണോയെന്നതു ഒരു വലിയ വ്യത്യാസമുളവാക്കിയേക്കാം. അതുമാത്രവുമല്ല, നിങ്ങളുടെ മാതാപിതാക്കളാണു ചെലവുകൾ വഹിക്കുന്നതെങ്കിൽ, അവർക്ക് അതു വഹിക്കാൻ കഴിയുമോയെന്നു തീരുമാനിക്കാൻ അവർ ആഗ്രഹിക്കും.
പരിപാടിയിൽ എന്താണടങ്ങിയിരിക്കുന്നത്? ആരോഗ്യാവഹവും രസകരവുമായ പ്രവർത്തനങ്ങളോടെ ഓരോ ദിവസവും നന്നായി ക്രമീകരിച്ചിരിക്കുന്നുവെങ്കിൽ, ഇതു ക്ലാസ്സിനെ പ്രവർത്തനനിരതമാക്കിനിർത്തുകയും എന്തെങ്കിലും തെററു സംഭവിക്കുന്നതിന്റെ അപകടം കുറയ്ക്കുകയും ചെയ്യും. അതുകൊണ്ടു ക്ലാസ് പര്യടനത്തിനു തീരുമാനിക്കുന്നതിനു മുമ്പ് പരിപാടി സൂക്ഷ്മമായി പരിശോധിക്കുക. കാഴ്ചബംഗ്ലാവുകൾ സന്ദർശിക്കുന്നതോ ഒരു പ്രകൃതിപഠന പര്യടനത്തിനു പോകുന്നതോ വിദ്യാഭ്യാസപരമായിരിക്കാം. എന്നാൽ യോഗാഭ്യാസത്തിലോ ഏഷ്യൻമതങ്ങളിലോ പരീക്ഷണം നടത്തുന്നത് ഒരു ക്രിസ്ത്യാനിക്ക് ഒട്ടും ഉചിതമായിരിക്കയില്ല—ഒരു ക്ലാസ്പര്യടനത്തിന് ആസൂത്രണംചെയ്തിരുന്നത് അതായിരുന്നു.—1 കൊരിന്ത്യർ 10:21.
ഫലപ്രദവും നിരന്തരവുമായ മേൽനോട്ടം ഉണ്ടായിരിക്കുമോ? യൂലിയ എന്നു പേരുള്ള ഒരു പതിനഞ്ചുവയസ്സുകാരി ഇങ്ങനെ അനുസ്മരിക്കുന്നു: “ഞാൻ നല്ല പെരുമാററശീലങ്ങളുള്ള ഒരു ക്ലാസ്സിൽ ആയിരുന്നു. അതുകൊണ്ടു മമ്മിയും ഡാഡും ഞാൻ പര്യടനത്തിൽ ചേരുന്നതിനെ എതിർത്തില്ല. അധ്യാപകർ ഞങ്ങളെ വളരെ ശ്രദ്ധയോടെ സൂക്ഷിച്ചു.” എന്നിരുന്നാലും, അത്തരം മേൽനോട്ടം ഈ നാളുകളിൽ അപൂർവമായിരിക്കാം. ഒരു ജർമൻ അധ്യാപകൻ സമ്മതിക്കുന്നതുപോലെ, ശ്രദ്ധാപൂർവവും ആശ്രയയോഗ്യവുമായ മേൽനോട്ടം “തീർച്ചയായും ഉറപ്പുള്ള സംഗതിയല്ല.” വാസ്തവത്തിൽ, ഒരു യുവാവ് ഒരു ക്ലാസ് പര്യടനത്തിനുശേഷം “ഞങ്ങൾ രണ്ട് അധ്യാപകരെയും കബളിപ്പിച്ച് തോന്നിയതുപോലെ ചെയ്തു” എന്നു വീമ്പടിച്ചു.
അധ്യാപകർ വിദ്യാർഥികളുടെ പെരുമാററത്തെ നിയന്ത്രിക്കാൻ പരമാവധി പ്രവർത്തിക്കുമ്പോൾ പോലും ചില വിദ്യാർഥികൾ കുഴപ്പമുണ്ടാക്കും. ഒരു മുൻ അധ്യാപിക ഇങ്ങനെ അനുസ്മരിക്കുന്നു: “ചെറുപ്പക്കാർ മദ്യം ഒളിച്ചുകൊണ്ടുപോരുന്നതിനു വിദഗ്ധമാർഗങ്ങൾ കണ്ടെത്തി. അതുകൊണ്ട് അവരുടെ മുറികളിൽ അന്വേഷണം നടത്തുന്നതിൽ കാര്യമില്ലായിരുന്നു. പെൺകുട്ടികളിൽ ഒരാൾ ഛർദിക്കാൻ തുടങ്ങിയപ്പോൾ അവർ മദ്യം ധാരാളം കുടിക്കുന്നുണ്ടായിരുന്നുവെന്നു ഞാൻ മനസ്സിലാക്കി.” അതുകൊണ്ട് ഒരു പര്യടനത്തിന് ഉചിതമായി മേൽനോട്ടം വഹിക്കുമെന്ന് ഉറപ്പുവരുത്തുന്നതു വളരെ പ്രയാസമായിരിക്കാം. എന്നാൽ നിങ്ങളും നിങ്ങളുടെ മാതാപിതാക്കളും മേൽനോട്ടത്തിന് എന്തു ക്രമീകരണം ചെയ്തിട്ടുണ്ടെന്നു ശ്രദ്ധാപൂർവം പരിശോധിക്കുന്നുവെങ്കിൽ അതു വളരെയധികം ഉൽക്കണ്ഠയിൽനിന്നും ബുദ്ധിമുട്ടിൽനിന്നും നിങ്ങളെ ഒഴിവാക്കിയേക്കാം. സദൃശവാക്യങ്ങൾ 22:3 ഇങ്ങനെ പറയുന്നു: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.”
നിങ്ങളുടെ സഹപാഠികൾ പൊതുവേ അദ്ധ്യാപകരുടെ മാർഗനിർദേശങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു? ഒരു സ്കൂൾ പര്യടനത്തിൽ അവർ എങ്ങനെ പെരുമാറുമെന്നതുസംബന്ധിച്ച് ഇത് ഒരു നല്ല ധാരണ നൽകും. അനുസരണംകെട്ട വിദ്യാർഥികൾ കേവലം അധ്യാപകരുടെ “വ്യക്തവും ക്ഷമാപൂർവകവുമായ നിർദേശങ്ങളെ” അവഗണിച്ചതു നിമിത്തം ഒരു ജർമൻ സെക്കണ്ടറിസ്കൂളിനു മൂന്നു ദിവസത്തെ ഒരു ക്ലാസ് പര്യടനം വെട്ടിച്ചുരുക്കേണ്ടിവന്നതായി റിപ്പോർട്ടുണ്ട്.
സ്റെറഫാനി എന്നുപേരുള്ള ഒരു ജർമൻ യുവതി കഴിഞ്ഞ കാലത്ത് അങ്ങനെയുള്ള പര്യടനങ്ങൾക്കു പോയതുകൊണ്ടും അവളുടെ അനുഭവപരിചയം നിമിത്തവും പിൻവരുന്ന ചോദ്യങ്ങൾ നിങ്ങളോടുതന്നെ ചോദിക്കാൻ ശുപാർശചെയ്യുന്നു: അധ്യാപകരെ അനുസരിക്കാൻ തക്കവണ്ണം എന്റെ സഹപാഠികൾ വിവേകമുള്ളവരാണോ? ഒരു സൽക്കീർത്തി നിലനിർത്താൻ സ്കൂൾ കഠിനശ്രമം നടത്തുന്നുണ്ടോ? അധ്യാപകർ ഉചിതമായ നേതൃത്വം കൊടുക്കാൻ വേണ്ടത്ര നിശ്ചയദാർഢൃമുള്ളവരാണോ? യുവജനങ്ങൾ ഉചിതമായ ധാർമികനിഷ്ഠകളെ ഗൗരവമായി എടുക്കുന്നുണ്ടോ? അവർ മദ്യവും മയക്കുമരുന്നുകളും ഉപയോഗിക്കുന്നുണ്ടോ?’ “നിങ്ങൾ അനായാസം വഴങ്ങുമോ ഇല്ലയോ എന്നുള്ളത് ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങളെ ആശ്രയിച്ചിരിക്കുന്നു” എന്നു സ്റെറഫാനി സമ്മതിക്കുന്നു എന്നതു ശരി. എന്നാൽ ‘നിങ്ങളെ പരീക്ഷയിൽ കടത്തരുതേ’ എന്നു യഹോവയോടു പ്രാർഥിക്കാനും അനന്തരം വിട്ടുവീഴ്ച ചെയ്തേക്കാവുന്ന ഒരു സാഹചര്യത്തിൽ നിങ്ങളേത്തന്നെ മനഃപൂർവം ആക്കിവെക്കാനും നിങ്ങൾക്ക് എങ്ങനെ കഴിയും?—മത്തായി 6:13.
അങ്ങനെ, പതിനേഴുവയസ്സുകാരിയായ പെട്രാ ക്ലാസ് പര്യടനത്തിനു പോകാൻ വിസമ്മതിച്ചു. “എന്റെ സഹപാഠികൾ എങ്ങനെ പെരുമാറുമെന്ന് എനിക്കറിയാമായിരുന്നു” എന്ന് അവൾ വിശദീകരിക്കുന്നു. “മദ്യവും ലൈംഗികതയും ഉൾപ്പെടുന്ന സാഹചര്യങ്ങൾ യഥാർഥത്തിൽ എന്റെ മനഃസാക്ഷിയെ പരിശോധിക്കുമെന്ന് എനിക്കു മുൻകൂട്ടിക്കാണാൻ കഴിയുമായിരുന്നു. സംഭവിച്ചതു പറഞ്ഞാൽ, അഞ്ച് ആൺകുട്ടികൾ ഒരു പെൺകുട്ടിയെ വിവസ്ത്രയാക്കുകയും അവളുടെ ഫോട്ടോ എടുക്കുകയും ചെയ്തു. പിന്നീട് അവ വിദ്യാർഥികളുടെ ഇടയിൽ വിതരണംചെയ്തു.”
നിങ്ങളുടെ മതവിശ്വാസങ്ങളെ ആദരിക്കുമോ? ദൃഷ്ടാന്തത്തിന്, യുവാവായ ററീമൻ ഇങ്ങനെ പ്രസ്താവിച്ചു: “മിക്കപ്പോഴും ഒരു ജൻമദിനപാർട്ടി ഉണ്ട്, അത് ഒഴിവാക്കുക പ്രയാസമാണ്.” യഹോവയുടെ സാക്ഷികളിലൊരാളെന്ന നിലയിൽ അവൻ അങ്ങനെയുള്ള ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനു വിസമ്മതിക്കുന്നു.a അതുപോലുള്ള ഒരു ആഘോഷം ക്ലാസ് പര്യടനത്തിന്റെ ഭാഗമായിത്തീരുന്നുവെങ്കിൽ നിങ്ങളുടെ അധ്യാപകരും സഹപാഠികളും നിങ്ങളുടെ വീക്ഷണത്തെ ആദരിക്കുമോ?
നിങ്ങൾ ഏതുതരം സഹവാസത്തിനു വിധേയരാക്കപ്പെടും? ദൈവം പുകവലിയെയും മയക്കുമരുന്നുപയോഗത്തെയും മദ്യദുരുപയോഗത്തെയും വിവാഹപൂർവ ലൈംഗികതയിൽ ഏർപ്പെടുന്നതിനെയും കുററംവിധിക്കുന്നുവെന്നു ക്രിസ്ത്യാനികൾക്കറിയാം. (1 കൊരിന്ത്യർ 6:9, 10; 2 കൊരിന്ത്യർ 7:1) അതുകൊണ്ടാണ് അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്ന യുവജനങ്ങളുമായുള്ള സഹവാസം ഒഴിവാക്കുന്നതു ജ്ഞാനമായിരിക്കുന്നത്. (1 കൊരിന്ത്യർ 15:33) സദൃശവാക്യങ്ങൾ 13:20 ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “ഭോഷൻമാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” ഒരു ക്ലാസ് പര്യടനത്തിൽ നിങ്ങൾ അത്തരം യുവജനങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കുന്നു, ഇത് അനൗപചാരികമായ ഒരു അന്തരീക്ഷവുമാണ്. യുവാവായ അന്ത്രെയാസ് ഇങ്ങനെ പ്രസ്താവിച്ചു: “ഒരു ക്ലാസ് പര്യടനത്തിൽ നിങ്ങൾ ലൗകികസംഗീതവും അസഭ്യസംസാരവും സഹിതം മുഴുദിവസവും ലോകത്തിന്റെ ആത്മാവിനു വിധേയമാകുകയാണ്.”
മറെറാരു ഘടകം നിങ്ങൾ ഭവനത്തിൽനിന്നു വിദൂരത്തിലായിരിക്കുമ്പോൾ നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടുക എളുപ്പമാണെന്നുള്ളതാണ്. ക്ലാസ് പര്യടനങ്ങൾ അനേകം കൗമാരപ്രേമങ്ങൾക്കു പ്രചോദനമേകിയിട്ടുണ്ട്. നിങ്ങൾ ഒരു അവിശ്വാസിയുമായി പ്രേമാത്മകമായി ഉൾപ്പെടുന്നതിന്റെ അപകടമുണ്ടായിരിക്കുമോ? ഒന്നു കൊരിന്ത്യർ 10:12 ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “ആകയാൽ താൻ നിൽക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.” നിങ്ങൾ പരീക്ഷയെ ചെറുത്തുനിൽക്കാൻതക്ക ശക്തനാണെങ്കിൽപോലും അങ്ങനെയുള്ള ഒരു പര്യടനത്തിലെ നിങ്ങളുടെ സാന്നിധ്യം മററു ക്രിസ്തീയ യുവജനങ്ങൾക്ക് ഒരു ഇടർച്ചയായിരിക്കുമോ?—താരതമ്യം ചെയ്യുക: 1 കൊരിന്ത്യർ 8:7-13; 10:28, 29.
പതിന്നാലു വയസ്സുള്ള ഈവോൻ ക്ലാസ്സിനോടൊത്ത് ഒരു ഹിമപര്യടനത്തിനു പോകുന്ന കാര്യം നിരസിച്ചു. അവൾ ഇങ്ങനെ വിശദീകരിക്കുന്നു: “ലൗകികരായ യുവജനങ്ങളും അധ്യാപകരുമായി ഒരു മുഴുവാരവും ഞാൻ ചെലവഴിക്കേണ്ടിവരുമായിരുന്നു. അതിനുപുറമേ, എന്റെ സഹോദരൻമാരുടെ സഖിത്വവും പ്രസംഗവേലയും യോഗങ്ങളും എനിക്കു യഥാർഥമായി നഷ്ടപ്പെടുമായിരുന്നു. മറെറാരു കാരണം, ആരും നിരീക്ഷിക്കാത്തപ്പോൾ മിക്ക ലോക യുവജനങ്ങളും പെരുമാറുന്ന രീതിയാണ്.”
ദൈവത്തെ പൂർണമായി പ്രസാദിപ്പിക്കൽ
സാധാരണഗതിയിൽ ക്ലാസ് പര്യടനങ്ങളിൽ മതമോ രാഷ്ട്രീയമോ ക്രിസ്ത്യാനികൾക്കു വിലക്കിയിരിക്കുന്ന മററു പ്രവർത്തനങ്ങളോ നേരിട്ട് ഉൾപ്പെടുന്നില്ലാത്തതിനാൽ വിദ്യാർഥിയും അവന്റെ മാതാപിതാക്കളും അങ്ങനെയുള്ള ഒരു പര്യടനം ബുദ്ധിപൂർവമാണോയെന്നു തീരുമാനിക്കേണ്ടിയിരിക്കുന്നു. (താരതമ്യം ചെയ്യുക: യെശയ്യാവു 2:4; വെളിപ്പാടു 18:4.) അവസ്ഥകളും സാഹചര്യങ്ങളും സ്ഥലംതോറും ക്ലാസുതോറും വ്യത്യാസപ്പെട്ടിരിക്കുന്നു; തന്നിമിത്തം ഒരു പ്രദേശത്തെ ക്രിസ്ത്യാനികൾ മറെറാന്നിൽനിന്നു വ്യത്യസ്തമായ പ്രശ്നങ്ങളുമായി മല്ലിടേണ്ടതുണ്ടായിരിക്കാം.
“എന്റെ അമ്മയ്ക്ക് എന്റെ ക്ലാസ്സിലെ യുവജനങ്ങളെ പരിചയമുണ്ടായിരുന്നു. അധ്യാപകൻ ഉത്തരവാദിത്വമുള്ളയാളാണെന്ന് അറിയുകയും ചെയ്യാമായിരുന്നു. അതുകൊണ്ടു ക്ലാസ് പര്യടനം ഒരു വിജയമായിരുന്നു” എന്നു സ്റെറഫാൻ പറയുന്നു. “എന്നാൽ എനിക്കു പ്രായംകൂടുകയും അവസാനവർഷത്തെ പര്യടനം അടുത്തുവരുകയും ചെയ്തപ്പോൾ ഞാൻ പോകുന്ന സംഗതി തികച്ചും വ്യത്യസ്തമായിരുന്നു.” എന്തുകൊണ്ട്? അവൻ തുടരുന്നു: “വെറും മൂന്നുവർഷം മുമ്പ് എന്റെ സഹപാഠികൾ പ്രസാദമുള്ളവരും ആദരണീയരുമായിരുന്നു. എന്നാൽ പിന്നീടു മയക്കുമരുന്നുകളും ദുർമാർഗവും അവരുടെ അനുദിനജീവിതത്തിന്റെ ഭാഗമായിത്തീർന്നിരുന്നു. അതുകൊണ്ടു ഞാൻ പര്യടനത്തിൽ ചേർന്നില്ല. സാന്ദർഭികമായി, അവസാന പര്യടനം തീരുന്നതിനുമുമ്പു വെട്ടിച്ചുരുക്കേണ്ടിവന്നു.”
എന്നിരുന്നാലും, അന്തിമവിശകലനത്തിൽ നിങ്ങളും നിങ്ങളുടെ മാതാപിതാക്കളും, ഉൾപ്പെട്ടിരിക്കുന്ന സകല ഘടകങ്ങളും തൂക്കിനോക്കുകയും നിങ്ങളുടെ സ്വന്തം തീരുമാനങ്ങൾ എടുക്കുകയും വേണം. നിങ്ങൾ എന്തു തീരുമാനിച്ചാലും, നിങ്ങളുടെ ലക്ഷ്യം ‘പൂർണപ്രസാദത്തിനായി കർത്താവിന്നു യോഗ്യമാകുംവണ്ണം നടക്കാൻ’ ആയിരിക്കണം.—കൊലൊസ്സ്യർ 1:10.
[അടിക്കുറിപ്പുകൾ]
a 1993 നവംബർ 22-ലെ (ഇംഗ്ലീഷ്) ലക്കത്തിൽ “വിശേഷദിവസങ്ങൾ—ചില കുട്ടികൾ അവ ആഘോഷിക്കാത്തത് എന്തുകൊണ്ട്?” എന്നതു കാണുക.
[25-ാം പേജിലെ ചിത്രം]
നിങ്ങൾ ഒരു രാത്രിമുഴുവൻ നീളുന്ന ക്ലാസ് പര്യടനത്തിനു പോയാൽ ഏതുതരം സഹവാസത്തിനായിരിക്കും നിങ്ങൾ വിധേയരാകുക?