ഞങ്ങളുടെ വായനക്കാരിൽ നിന്ന്
ശ്രദ്ധിക്കൽ “സമാനുഭാവത്തോടെ ശ്രദ്ധിക്കുന്ന ഒരുവനാണോ നിങ്ങൾ?” (ഡിസംബർ 8, 1994) എന്ന ലേഖനം എനിക്ക് ആവശ്യമുള്ളതു തന്നെയായിരുന്നു. അവന്റെ പ്രശ്നങ്ങൾ യഥാർഥത്തിൽ അത്ര ഗൗരവമുള്ളവയല്ലെന്നു പറയുകയും എന്നിട്ട് അവൻ ആവശ്യപ്പെടാത്ത ഉപദേശം കൊടുക്കാൻ മുതിരുകയും ചെയ്യുന്നത് ഇഷ്ടമല്ലെന്ന് ഒരു സുഹൃത്ത് എന്നോട് പല തവണ പറഞ്ഞിട്ടുണ്ട്. സത്യം പറഞ്ഞാൽ, അദ്ദേഹത്തിന്റെ മനോഭാവം തെറ്റാണെന്നാണു ഞാൻ വിചാരിച്ചത്. എന്നാൽ എനിക്കായിരുന്നു തെറ്റുപറ്റിയതെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു!
എസ്. എച്ച്., ഐക്യനാടുകൾ
ഇതുപോലൊരു ലേഖനത്തിനുവേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു. എന്നാൽ ഇത് എന്റെ എല്ലാ പ്രതീക്ഷകളെയും കവിയുന്നതായിരുന്നു. ശ്രദ്ധിക്കേണ്ടത് എങ്ങനെയെന്നു മനസ്സിലാക്കുന്നതിന്റെ പ്രാധാന്യം ഒട്ടുമിക്കപ്പോഴും നാം നിസ്സാരമായെടുക്കുന്നു. എന്നിരുന്നാലും, നമുക്കുതന്നെ അത്തരം ശ്രദ്ധ ലഭിക്കുന്നതിനെക്കുറിച്ചു നമ്മിൽ മിക്കവരും സ്വപ്നം കണ്ടിട്ടുമുണ്ട്.
എസ്. ഡി., ഇറ്റലി
എനിക്ക് 18 വയസ്സുണ്ട്. പ്രത്യേക ചില സാഹചര്യങ്ങളിൽ, എന്തു പറയണമെന്നറിയാൻ മേലാത്ത അവസ്ഥയിൽ പലപ്പോഴും ഞാൻ ചെന്നെത്താറുണ്ട്. എന്നാൽ സമാനുഭാവത്തോടെ ശ്രദ്ധിക്കുന്ന ഒരാളായിരിക്കാൻ എനിക്കു കഴിയുമെന്ന് സുന്ദരമായ ആ ലേഖനം വായിച്ചുകഴിഞ്ഞപ്പോൾ എനിക്കു തോന്നുന്നു.
ജെ. എം., ഓസ്ട്രേലിയ
കേൾക്കുന്ന എല്ലാ പ്രശ്നവും നാം പരിഹരിക്കേണ്ടതില്ല, എന്നാൽ പലപ്പോഴും ശ്രദ്ധിക്കുന്നതു മതിയാകും എന്നറിയുന്നതു നല്ലതാണ്. പ്രത്യേകിച്ച് ശരിയാംവണ്ണം പ്രവർത്തിക്കാത്ത കുടുംബങ്ങളിൽനിന്നുള്ളവർ അടിസ്ഥാനപരമായ ആശയവിനിമയ വൈദഗ്ധ്യങ്ങൾ പഠിക്കേണ്ടത് ആവശ്യമായിരുന്നേക്കാം. ജീവിക്കേണ്ടതെങ്ങനെയെന്നു ഞങ്ങളെ പഠിപ്പിക്കാൻ തുടർച്ചയായി ബൈബിൾ ഉപയോഗിക്കുന്നതിനു നിങ്ങൾക്കു നന്ദി.
ജെ. ഡി., ഐക്യനാടുകൾ
മെച്ചപ്പെട്ട ഡിസൈൻ സ്കൂളിൽവെച്ച്, ദൃശ്യ ഡിസൈനുകൾ നിർമിക്കുന്നതിൽ ഞാൻ പ്രത്യേക വൈദഗ്ധ്യം സിദ്ധിച്ചു. അതേ സമയത്തുതന്നെ ഞാൻ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു. എന്നാൽ ഞാൻ സ്കൂളിൽ ഉണരുക! കൊണ്ടുപോകുമ്പോൾ ‘വർണ ബോധം’ മോശമാണെന്നും മറ്റും പറഞ്ഞ് എന്റെ സഹ വിദ്യാർഥികൾ അതിന്റെ ഡിസൈനെപ്പറ്റി പരാതിപ്പെടാറുണ്ടായിരുന്നു. എന്നിരുന്നാലും ഡിസൈനുകൾ കഴിഞ്ഞ മാസങ്ങളിൽ യഥാർഥത്തിൽ മികച്ചതായിരുന്നിട്ടുണ്ട്. ആ മാസികകളെപ്പറ്റി എനിക്കു യഥാർഥത്തിൽ അഭിമാനം തോന്നുന്നു!
എൻ. ഐ., ജപ്പാൻ
ഹാനിതട്ടിയ അന്തരീക്ഷം “നമ്മുടെ അന്തരീക്ഷത്തിനു ഹാനിതട്ടുമ്പോൾ” എന്ന ലേഖനം ഞാൻ വായിച്ചു കഴിഞ്ഞതേയുള്ളൂ. ഞാനതു വളരെയധികം ആസ്വദിച്ചു. (ഡിസംബർ 22, 1994) എഴുതാനായി അർഥവത്തായ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിൽ നിങ്ങൾക്ക് ഒരു പ്രത്യേക കഴിവു തന്നെയുണ്ട്. എന്നിരുന്നാലും ആഗോള തപനത്തെക്കുറിച്ചു നിങ്ങൾ പല തവണ പ്രതിപാദിച്ചു, എന്നാൽ തെളിവൊന്നും തന്നില്ല. സൂക്ഷിക്കുക! ഒരുനാൾ മറിച്ചു തെളിയിക്കപ്പെടുന്നപക്ഷം നിങ്ങൾക്ക് എഴുത്തു പിഴ അടയ്ക്കേണ്ടിവരും.
എം. എൽ., ഐക്യനാടുകൾ
ഞങ്ങൾ ആഗോളതപനത്തിന്റെ സിദ്ധാന്തത്തെ പിന്തുണച്ചില്ല, പ്രശസ്തരായ അനേകം ശാസ്ത്രജ്ഞൻമാർ അതു സംഭവിക്കുന്നതായി വിശ്വസിക്കുന്നു എന്ന വസ്തുത കേവലം പ്രസ്താവിക്കുകയാണുണ്ടായത്. കൂടുതലായ ഗവേഷണം വിവാദപരമായ ഈ സിദ്ധാന്തത്തെ സ്ഥിരീകരിക്കുമോ അതോ തെറ്റാണെന്നു തെളിയിക്കുമോ എന്നതു കണ്ടറിയേണ്ടിയിരിക്കുന്നു.—പത്രാധിപർ
ക്ലാസ് പര്യടനങ്ങൾ “യുവജനങ്ങൾ ചോദിക്കുന്നു . . . ക്ലാസ് പര്യടനങ്ങൾ സംബന്ധിച്ചെന്ത്?” (ഒക്ടോബർ 22, 1994) എന്ന നിങ്ങളുടെ ലേഖനം വായിക്കാൻ ഞാൻ സന്തോഷമുള്ളവനായിരുന്നു. വർഷങ്ങൾക്കു മുമ്പ് എന്റെ ക്ലാസ് ഒരാഴ്ചത്തെ ഒരു പര്യടനത്തിനു പ്ലാൻ ചെയ്തു. ഈ സംഗതി പ്രാർഥനാപൂർവം പരിചിന്തിച്ചശേഷം ഞാൻ പോകേണ്ടന്നു തീരുമാനിച്ചു. എന്റെ സഹപാഠികളിൽ പലരും ലൈംഗിക അധാർമികതയിൽ ഏർപ്പെടുകയുണ്ടായെന്നു കുട്ടികൾ തിരിച്ചുവന്നപ്പോൾ ഞാൻ മനസ്സിലാക്കി. തീർച്ചയായും, ഒരു ക്രിസ്തീയ യുവാവിനെ സംബന്ധിച്ചിടത്തോളം അത്തരം പര്യടനങ്ങൾ വളരെ വിഷമകരമായ ഒരു പരിശോധനയായിരിക്കാൻ കഴിയും.
ജെ. എസ്., നോർവേ
ലേഖനം എന്നെ യഥാർഥത്തിൽ സഹായിച്ചു. എന്തുകൊണ്ടെന്നാൽ ഞാൻ വളരെയധികം ഫീൽഡ് പര്യടനങ്ങൾക്കു പോയിട്ടുണ്ട്. സാഹചര്യം വിശകലനം ചെയ്യാൻ നിങ്ങൾ അവതരിപ്പിച്ച ചോദ്യങ്ങൾ ഒരു യുവാവിനെ പ്രാപ്തനാക്കുന്നു. ക്ലാസ് പര്യടനങ്ങളെ ആപേക്ഷികവീക്ഷണത്തിനു വിടാൻ എന്നെ സഹായിച്ചതിനു നന്ദി.
എം. ആർ., ഐക്യനാടുകൾ
കാണാൻ ഞാനെല്ലായ്പോഴും ആഗ്രഹിച്ചിരുന്ന ഒരു സ്ഥലത്തേക്കുള്ള ക്ലാസ് പര്യടനത്തിൽ പങ്കെടുക്കാൻ അടുത്തകാലത്ത് ഞാൻ ക്ഷണിക്കപ്പെട്ടു. ടിക്കറ്റ് വാങ്ങിക്കഴിഞ്ഞിരുന്നുവെങ്കിലും ആ പര്യടനം ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചു. എനിക്കു നഷ്ടമായതിനെക്കുറിച്ച് പിന്നീടു ഞാൻ ചിന്തിക്കാൻ തുടങ്ങി. എന്നാൽ നിങ്ങളുടെ ലേഖനം കൃത്യ സമയത്താണ് എത്തിയത്. ഞാൻ ശരിയായ തീരുമാനമാണ് എടുത്തതെന്ന് അതു വായിച്ചുകഴിഞ്ഞപ്പോൾ എനിക്കു തീർച്ചയായി.
എൽ. എസ്. ബി., ബ്രസീൽ