ഞങ്ങളുടെ വായനക്കാരിൽ നിന്ന്
ദുഃഖം “ബൈബിളിന്റെ വീക്ഷണം: നിങ്ങളുടെ ദുഃഖമകററാൻ സഹായം” (1994 മാർച്ച് 8, ഇംഗ്ലീഷ്) എന്ന ലേഖനത്തിനു വളരെ, വളരെ നന്ദി. ക്രിസ്തീയ സഭയിൽ ഒരു മൂപ്പനായിരുന്ന എന്റെ ഭർത്താവ് അടുത്തകാലത്ത് ഒരപകടത്തിൽ മരണമടഞ്ഞു. ഞങ്ങളുടെ മൂന്നു കുട്ടികളും ഞാനും അനുഭവിച്ച ദുഃഖത്തെ വാക്കുകൾക്കു വിവരിക്കാനാവില്ല. ആ ലേഖനം വായിച്ച് ഞങ്ങൾ അനുഭവിക്കുന്നതു പോലുള്ള വികാരങ്ങൾ സാധാരണമാണെന്നു മനസ്സിലാക്കുന്നത് എന്തൊരു അനുഗ്രഹമാണ്!
എൻ. എസ്., ഐക്യനാടുകൾ
മൂന്നു വർഷങ്ങൾക്കു മുമ്പ് എന്റെ അമ്മ മരിച്ചു, മൂന്നു മാസങ്ങൾക്കു മുമ്പ് എന്റെ പിതാവും വിട പറഞ്ഞു. പുനരുത്ഥാന പ്രത്യാശ ഉറപ്പാണെങ്കിൽപ്പോലും മരണം ഉളവാക്കിയ വേർപാട് ഇപ്പോഴും വേദനാകരമാണ്. എന്നത്തേതിലുമധികം രാജ്യപ്രത്യാശയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വിശ്വസ്തമായി ദൈവത്തെ സേവിക്കുന്നതിൽ തുടരാനും നിങ്ങളുടെ ലേഖനം എന്നെ പ്രേരിപ്പിച്ചിരിക്കുന്നു.
കെ. എസ്., ജപ്പാൻ
ഒരു മാസം മുമ്പ് എന്റെ പിതാവു മരിച്ചു. ഒരു പുത്രിയുടെ ദുഃഖത്തെ വിവരിക്കാൻ വാക്കുകളില്ല. നിങ്ങളുടെ ലേഖനം വളരെ സമയോചിതമായിരുന്നു, എനിക്കു വേദന തോന്നുന്നുണ്ടെങ്കിൽപ്പോലും തളർന്നുപോകാതിരിക്കാൻ അത് എന്നെ സഹായിച്ചു.
എ. പി. എൽ., ബ്രസീൽ
കാർട്ടൂണുകൾ “അക്രമാസക്തമായ ടിവി കാർട്ടൂണുകൾ ഹാനികരമോ?” (1994 മാർച്ച് 8) എന്ന ലേഖനത്തിനു നന്ദി പറയാൻ ഞാനാഗ്രഹിക്കുന്നു. എട്ടു വയസ്സുള്ള ഞാൻ ഈ കാർട്ടൂണുകൾ പതിവായി കാണുമായിരുന്നു. എന്നാൽ, നിങ്ങളുടെ മാസിക വായിച്ചപ്പോൾ അത്തരം കാർട്ടൂണുകൾ നല്ലതല്ലെന്ന് എനിക്കു ബോധ്യമായി. ഇപ്പോൾ ഞാൻ അവ കാണാറില്ല.
എൽ. ററി., ഇററലി
നവയുഗം “നവയുഗം—അതു വരുമോ?” എന്ന വിഷയത്തെക്കുറിച്ചുള്ള 1994 മാർച്ച് 8 ലക്കം ഉണരുക! (ഇംഗ്ലീഷ്) ഞാൻ ഇപ്പോൾ വായിച്ചുതീർത്തതേയുള്ളൂ. ’60-കളുടെ ഒടുവിലും ’70-കളുടെ പ്രാരംഭത്തിലും ധ്യാനസംഘങ്ങൾ, സ്വയം പുരോഗതി വരുത്തൽ, മാനസിക പ്രക്രിയകളുടെ പ്രതിപാദനശാസ്ത്രം തുടങ്ങിയവയിൽ ഞാൻ ഉൾപ്പെട്ടിരുന്നു. എന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒന്നിനു വേണ്ടി ഞാൻ പരതുകയായിരുന്നു, എന്നാൽ അതു കണ്ടെത്താനായില്ല. പിന്നീട് എന്റെ ഭാര്യ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെട്ടു. ഒരു പ്രാവശ്യത്തെ അധ്യയനത്തിനു ഞാനും ഇരുന്നു. അപ്പോൾ ഞാൻ സത്യം കണ്ടെത്തി! ഞാൻ സ്നാപനമേററു, ഇപ്പോൾ ഇവിടെ ഘാനയിൽ ഒരു മിഷനറിയായി സേവിക്കാനുള്ള പദവിയുമുണ്ട്. ഈ മാസികയ്ക്കു നന്ദി. തങ്ങളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒന്നിനു വേണ്ടി എന്നെപ്പോലെ അന്വേഷിക്കുന്ന മററു പലരുമുണ്ട്.
ഡി. ഡി., ഘാന
നവയുഗപ്രസ്ഥാനം വിപുലമായ ഒരു വിഷയമാണെങ്കിലും അതിന്റെ വ്യത്യസ്ത വശങ്ങൾ ചുരുങ്ങിയ സ്ഥലത്ത് രസകരമായ വിധത്തിൽ നിങ്ങൾ പ്രതിപാദിച്ചു! ആരോഗ്യം, സംഗീതം, പരിസ്ഥിതി സംബന്ധമായ കാര്യങ്ങൾ തുടങ്ങി അവയിൽത്തന്നെ അവശ്യം തിരുവെഴുത്തുവിരുദ്ധമല്ലാത്ത, നവയുഗപ്രസ്ഥാനത്തോടു ബന്ധപ്പെട്ട, കാര്യങ്ങളെ നിങ്ങൾ അടർത്തിയെടുത്ത വിധം ഞാൻ വിലമതിക്കുന്നു. ആ പരമ്പര ആരേയും മുറിവേൽപ്പിക്കാത്തവിധം തയ്യാറാക്കിയതായിരുന്നു, എന്നാലും ആളുകൾ കേൾക്കേണ്ട സുവ്യക്തമായ സത്യങ്ങൾ പറയാൻ അതു മടിച്ചുനിന്നുമില്ല. നവയുഗതത്ത്വചിന്തകളിൽ എന്റെ സഹോദരിക്കു വലിയ താത്പര്യമാണ്, ഞാൻ അവൾക്ക് ഈ ലക്കത്തിന്റെ ഒരു പ്രതി അയച്ചുകൊടുക്കും.
ആർ. എച്ച്., ഐക്യനാടുകൾ
ആഗോള താപവർധന “രോഗമില്ലാത്ത ഒരു ലോകം—അതു സാധ്യമോ?” (1994 മാർച്ച് 8) എന്ന ലേഖനപരമ്പരയോടു ബന്ധപ്പെട്ടു വന്ന “ആഗോള താപവർധനയും മലമ്പനിയും” എന്ന ചതുരത്തിലെ വിവരത്തിനു പ്രതികരണമായാണ് ഞാൻ ഇത് എഴുതുന്നത്. പരിസ്ഥിതിരംഗത്തു പ്രവർത്തിക്കുന്ന ഒരു ശാസ്ത്രജ്ഞനാണ് ഞാൻ. ആഗോള താപവർധന എന്ന വിഷയം സംബന്ധിച്ച് ധൈര്യമായി ഒരു നിലപാടു സ്വീകരിക്കുക വളരെ ദുഷ്കരമായിത്തീർന്നുകൊണ്ടിരിക്കുകയാണ്. വർധിച്ചുവരുന്ന താപം ജന്തുലോകത്തിൻമേൽ ഒരു ഫലമുളവാക്കുമെന്നു പ്രതീക്ഷിക്കാമെന്നതു സത്യമാണ്. എന്നാൽ വാസ്തവത്തിൽ ആഗോള താപവർധന ഉണ്ടോ ഇല്ലയോ എന്നത് ഉറപ്പാക്കാൻ വളരെ പ്രയാസമാണ്. ഇതിനോടകം നടത്തിയിട്ടുള്ള ഗവേഷണം വളരെ അനിശ്ചിതമാണ്. അന്തരീക്ഷത്തിലെ കാർബൺഡൈഓക്സൈഡിന്റെ വർധനവ് യഥാർഥത്തിൽ ഭൗമോപരിതലം തണുപ്പിക്കും എന്ന് ചില ശാസ്ത്രജ്ഞർ വിശ്വസിക്കുക പോലും ചെയ്യുന്നു!
കെ. ഒ., ഇംഗ്ലണ്ട്
ഞങ്ങളുടെ 1989 സെപ്ററംബർ 8 (ഇംഗ്ലീഷ്) ലക്കത്തിൽ ആഗോള താപവർധന സിദ്ധാന്തം വളരെ വിശദമായി ചർച്ച ചെയ്തിരുന്നു, ഈ വിഷയം ഒട്ടൊക്കെ വിവാദപരമാണെന്നതു സത്യംതന്നെ. അതുകൊണ്ട്, ഞങ്ങളുടെ ഹ്രസ്വമായ ആ ഇനം ഈ സിദ്ധാന്തത്തെ പിന്തുണച്ചതല്ല, പിന്നെയോ അത് ആഗോള താപവർധന വാസ്തവത്തിൽ ഉണ്ടാകുകയാണെങ്കിൽ സംഭവിക്കാനിടയുള്ള കാര്യത്തെക്കുറിച്ചു സാധുവായ ഒരു മുന്നറിയിപ്പായിരുന്നു.—പ്രസാധകർ