അക്രമാസക്തമായ ടിവി കാർട്ടൂണുകൾ ഹാനികരമോ?
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
“സ്കൂൾ വഴക്കുകൾക്കു ബഗ്സ് ബണീയെ പഴിചാരിയിരിക്കുന്നു” എന്ന് ലണ്ടന്റെ ദ ടൈംസിന്റെ തലക്കെട്ടു പറയുന്നു. ടിവി കാർട്ടൂണുകളിലെ അക്രമാസക്തമായ രംഗങ്ങൾ അനുകരിക്കുന്നതായി പറയപ്പെടുന്ന കുട്ടികളുടെ പെരുമാററത്തെപ്പററി ചില അധ്യാപകർക്ക് എന്തു തോന്നുന്നു എന്ന് പത്രം റിപ്പോർട്ടു ചെയ്യുന്നു.
“കാർട്ടൂണുകളിൽ അധികവും അക്രമം നിറഞ്ഞതാണ്, അവസാനം നല്ലവനാണു ജയിക്കുന്നതെങ്കിലും അവൻ സ്വീകരിക്കുന്ന മാർഗം അഭിലഷണീയമല്ല” എന്ന് ഒരു പ്രൈമറി സ്കൂളിലെ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സ്ഥിരീകരിച്ചു പറഞ്ഞു. ടിവി കാർട്ടൂണുകളുടെ പ്രവണത സംബന്ധിച്ചു നിങ്ങൾക്ക് ഇതുതന്നെ തോന്നുന്നുവോ?
വീഡിയോ പരിപാടികളിൽ ഇപ്പോൾ വ്യാപകമായിക്കൊണ്ടിരിക്കുന്ന സചേതനത്വത്തിന് (animation) വർധിച്ച അളവിൽ ജനപ്രീതി ലഭിച്ചുകൊണ്ടിരിക്കെ, അനേകം മാതാപിതാക്കൾ ഉത്കണ്ഠാകുലരാണ്. തങ്ങളുടെ കുട്ടികളുടെ “കാർട്ടൂൺ മനഃസ്ഥിതി” കാരണം ചില മാതാപിതാക്കൾ അതീവ ദുഃഖിതരാണ്. അക്രമവും വഞ്ചനയും അനുസരണക്കേടും വർധിപ്പിക്കുന്നതായി അവർ കാർട്ടൂണുകളെ കുററപ്പെടുത്തുകയും ചെയ്യുന്നു.
കാർട്ടൂണുകളിൽ ചില അക്രമ ദൃശ്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നുവെങ്കിൽപ്പോലും അവ കാണുന്നതിൽ യഥാർഥത്തിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
എന്തെങ്കിലും കുഴപ്പമുണ്ടോ?
ബിബിസിയുടെ (ബ്രിട്ടീഷ് റേഡിയോപ്രക്ഷേപണ കേന്ദ്രം) അനുശാസനമനുസരിച്ച് ടിവി പരിപാടി നിർമാതാക്കൾ കാർട്ടൂണുകൾ ഉൾപ്പെടെ തങ്ങളുടെ പരിപാടികൾ ചിത്രീകരിക്കുന്ന ഏത് അക്രമത്തിന്റെയും ഫലങ്ങൾ ശ്രദ്ധാപൂർവം പരിഗണിക്കേണ്ടതുണ്ട്. “അക്രമത്തിന്റെ ഫലമായുള്ള വൈകാരിക ഉത്തേജനം സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള നിരീക്ഷകന്റെ പ്രാപ്തിയനുസരിച്ചു വർധിക്കുന്നു” എന്നതാണ് ഔദ്യോഗിക വീക്ഷണം.
കാർട്ടൂണുകൾ സ്വതവേ കൗതുകകരമായ സാഹചര്യങ്ങളാണ് അവതരിപ്പിക്കുക; അതുകൊണ്ടു നിസ്സാരമായ അപകടമേയുള്ളോ? വ്യക്തമായും, ടിവി കാർട്ടൂണുകൾ കൊതിയോടെ വീക്ഷിക്കുന്ന കുട്ടികളിലധികവും വിനോദത്തിനു വേണ്ടിയാണ് അതു കാണുന്നത്. കാർട്ടൂണുകൾ വിനോദിപ്പിക്കുക തന്നെ ചെയ്യുന്നു. എന്നാൽ കാർട്ടൂണുകൾക്ക് അതിൽ കൂടുതൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോ? തീർച്ചയായും കഴിയും, എന്തുകൊണ്ടെന്നാൽ ഏതു കാർട്ടൂണിനും ഒരു നീണ്ടുനിൽക്കുന്ന മതിപ്പ് ഉളവാക്കാൻ കഴിയും. കുട്ടികൾ പേടിസ്വപ്നങ്ങളിൽ ധാരാളമായി കാണാറുള്ള “രാക്ഷസൻമാരുടെയും ഭൂതങ്ങളുടെയും വന്യ മൃഗങ്ങളുടെയും” ഒരു സ്രോതസ്സാണ് കുട്ടികൾ നിരീക്ഷിക്കുന്ന കാർട്ടൂണുകൾ എന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിററിയിലെ ഡോ. ഗ്രിഗറി സ്റെറാർസ്, പ്രോഗ്രാം ലിസ്ററിങ് മാസികയായ ടിവി ടൈംസിനോടു പറഞ്ഞു.
സമാനമായി, ഫിലിം കണ്ടുകൊണ്ടിരിക്കുന്ന ഒരു കുട്ടിയുടെ കൂടെയുള്ളവർക്ക് ഫിലിം കുട്ടിയുടെമേൽ ഉളവാക്കുന്ന ഫലത്തെ സ്വാധീനിക്കാൻ കഴിയും എന്ന് ഫിലിമിലെ അക്രമവും ഫിലിം സെൻസർഷിപ്പും [ഇംഗ്ലീഷ്] എന്ന ബ്രിട്ടീഷ് ഗവൺമെൻറിന്റെ പഠനം സമ്മതിക്കുന്നു. അതുകൊണ്ട് മേൽനോട്ടമില്ലാതെയുള്ള കാർട്ടൂൺ കാഴ്ച കുട്ടികൾക്ക് അപകടമായിരിക്കാവുന്നതാണ്.
സ്കൂൾ പ്രായമെത്താത്ത കുട്ടികൾ തങ്ങൾ നോക്കിക്കാണുന്ന അക്രമ പ്രവർത്തനങ്ങൾ ഉടനടി അനുകരിക്കുന്നു, അതും “ഏതോ തരത്തിലുള്ള ഒരു വികാര‘ത്തള്ള’”ലോടെ എന്ന് അതേ റിപ്പോർട്ട് ഉറപ്പിച്ചു പറയുന്നു. അഞ്ചോ ആറോ വയസ്സുള്ള കുറച്ചുകൂടി മുതിർന്ന കുട്ടികൾ തങ്ങൾ പഠിച്ചിരിക്കുന്ന കടന്നാക്രമണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
അതിന്റെ ഫലമായി, ഒരു കാലയളവു കഴിയുമ്പോൾ ടെലിവിഷനിൽ അക്രമം ചിത്രീകരിക്കുന്ന വീക്ഷിക്കലിന് പ്രത്യേകിച്ചു കുട്ടികളുടെമേൽ, “സംവേദനക്ഷമത നശിപ്പിക്കുന്നതോ കാര്യങ്ങളെ നിസ്സാരീകരിക്കുന്നതോ ആയ തരത്തിലുള്ള ഫലമുണ്ടായേക്കാം.” ഈ കാര്യത്തിൽ അവരുടെ പ്രായം പ്രശ്നമല്ല. ഇത് ഒരുവനെ താൻതന്നെ ലാഘവത്തോടെ അക്രമത്തിൽ ഏർപ്പെടാനും മററുള്ളവർ ആക്രമിക്കപ്പെടുമ്പോൾ അതിനെ നിസ്സാരമായി വീക്ഷിക്കാനും ഇടയാക്കും.
“ബഗ്സ് ബണീ”യോ “റേറാം ആൻഡ് ജെറി”യോ വർഷങ്ങൾക്കു മുമ്പ് ടിവി സ്ക്രീനിൽ ആദ്യം കണ്ട കാർട്ടൂൺ ആസക്തനായ ഒരാൾ ഇപ്പോൾ ഒരു പിതാവായിരിക്കാം. അദ്ദേഹത്തിന് ഒരു ബട്ടൺ അമർത്തി ടിവി ആ കാർട്ടൂണുകളുടെ ആധുനിക കോമാളിത്തങ്ങളിലേക്കു ട്യൂൺ ചെയ്യാൻ കഴിയും. പഴയ കാര്യങ്ങൾ ആധുനിക രീതിയിൽ കാണാൻ കഴിയും. എന്നാൽ നിലവാരങ്ങൾ മാറിയിരിക്കുന്നു. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ഓർത്ത് ഇന്നത്തെ കാർട്ടൂണുകളുടെ ഉള്ളടക്കം നിരീക്ഷിക്കുന്ന കാര്യത്തിൽ തീർച്ചയായും ചിന്തയുള്ളവരായിരുന്നേക്കാം.
“ററീനേജ് മ്യൂട്ടൻറ് നീൻജാ ററർട്ടിൽസ്” എന്ന ഇംഗ്ലീഷ് കാർട്ടൂണിന്റെ കാര്യമെടുക്കുക. അററ്ലാൻറിക്കിനപ്പുറത്തുള്ള അനേകം പ്രേക്ഷകരെ സംബന്ധിച്ചടത്തോളം ഈ അമേരിക്കൻ സിനിമാ കഥാപാത്രങ്ങൾ വലിയ അക്രമികളായിരുന്നു. അതിന്റെ ഫലമായി, ബ്രിട്ടനിൽ പുതുക്കിയ കാർട്ടൂൺ പരമ്പര കാണിക്കുന്നതിനു മുമ്പ് ബിബിസി കുറെ രംഗങ്ങൾ കട്ട്ചെയ്തു. അത് “നീൻജാ” എന്ന വാക്കും മായിച്ചുകളഞ്ഞു. എന്തുകൊണ്ടെന്നാൽ അതു ജപ്പാൻ ഭടൻമാരെ പരാമർശിക്കുന്നു. പകരം ബിബിസി അതിന് “ററീനേജ് മ്യൂട്ടൻറ് ഹീറോ ററർട്ടിൽസ്” എന്ന പേരിട്ടു.
എന്നിട്ടും, മാതാപിതാക്കൾ അസ്വസ്ഥത പ്രകടിപ്പിച്ചു. ഒരു മാതാവ് സ്കോട്ട്സ്മാൻ പത്രത്തോട് ഇങ്ങനെ പറഞ്ഞു: “കുട്ടികളെ വളരെ എളുപ്പം കളിപ്പിക്കാം. എനിക്ക് ഒരു അഞ്ചു വയസ്സുകാരനുണ്ട്. അവനൊരു ററർട്ടിൽ ഭ്രാന്തനാണ്. ഞാൻ അവനെ സ്കൂളിൽ നിന്നു കൊണ്ടുവരാൻ ചെല്ലുമ്പോൾ കളിസ്ഥലത്തു കുട്ടികളെല്ലാം പരസ്പരം തൊഴിക്കുന്നതാണു കാണുന്നത്.”
മാതാപിതാക്കളുടെയും അധ്യാപകരുടെയും ഉത്കണ്ഠ അപ്രതീക്ഷിതമായി ചില കളിപ്പാട്ട കടയുടമകളും പങ്കുവെച്ചിട്ടുണ്ട്. കുട്ടികൾ പരസ്പരം “കരാട്ടെ രീതിയിൽ തൊഴിച്ചു ഭീതിപ്പെടുത്തുമെന്നും ഓടയിൽ ഒളിച്ചിരുന്ന് ജീവൻ അപകടപ്പെടുത്തുമെന്നും” ഉള്ള ഭയംകൊണ്ട് ഒരു ബ്രിട്ടീഷ് സ്റേറാർ ഉരഗഭടൻമാരുടെ [reptile warriors] വില്പന നിരോധിച്ചതായി പ്രഖ്യാപിച്ചു. ഇതല്ലാതെ വേറെ അപകടങ്ങളുണ്ടോ?
മറഞ്ഞിരിക്കുന്ന അപകടങ്ങൾ
“സാധനം വാങ്ങാൻ സ്വാർഥ ബുദ്ധ്യാ കുട്ടികളെ പ്രേരിപ്പിക്കുന്ന ഒരുപക്ഷേ, ഏററവും വിജയകരമായ ഉപായം” എന്നാണ് “ററർട്ടിൽസ്” കാർട്ടൂണുകളും അതുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ വ്യാപാരവും തമ്മിലുള്ള ബന്ധത്തെ ഒരു പത്രം വർണിച്ചത്. ഇവ തമ്മിലുള്ള ഈ ബന്ധം പുതിയതല്ലെങ്കിലും “ററർട്ടിൽ കാർട്ടൂണുകളെ സംബന്ധിച്ചടത്തോളം പുതുതായിരിക്കുന്ന സംഗതി” ഈ വ്യാപാര ശൃംഖലയുടെ വ്യാപനമാണ്.
ഈ രംഗത്ത് ലൈസൻസുള്ളവർ വശീകൃതരായ കുട്ടികൾക്ക് കോമിക്കുകളും ടീഷർട്ടുകളും ഉൾപ്പെടെ ഏകദേശം 400 തരത്തിലുള്ള ടർട്ടിൽ ഉത്പന്നങ്ങൾ വിൽക്കാൻ ആകാംക്ഷയുള്ളവരാണ്. കാർട്ടൂൺ കാഴ്ച ഈ സാധനങ്ങൾ വാങ്ങാൻ കുട്ടികളെ ഇത്രമാത്രം മോഹിപ്പിക്കുന്നെങ്കിൽ അതേ കാർട്ടൂണുകളിൽ അവർ വീക്ഷിക്കുന്ന രംഗങ്ങൾക്ക് തീർച്ചയായും എന്തോ ഫലമുണ്ടായിരിക്കണം! എന്നിരുന്നാലും ഈ പുതിയ ഭ്രമങ്ങൾ അധികം നാൾ നീണ്ടു നിൽക്കുകയില്ല എന്നു ചിലർ പറഞ്ഞേക്കാം.
അത്തരം ഭ്രമങ്ങൾ നീണ്ടുനിൽക്കുന്നതല്ലെങ്കിലും, പഴയ കാർട്ടൂൺ ഇഷ്ടതാരങ്ങളോട് ആളുകൾക്ക് ഇപ്പോഴും പ്രിയമാണ്. “മ്യൂട്ടൻറ് ററർട്ടിൽസ് വരുകയും പോകുകയും ചെയ്തേക്കാം, എന്നാൽ റേറാം ആൻഡ് ജെറി നിലനിൽക്കും,” എന്ന് ലണ്ടനിലെ ദ ടൈംസ് അവകാശപ്പെടുന്നു. അതുകൊണ്ട് നിങ്ങൾ നിങ്ങളോടുതന്നെ ചില ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ടായിരിക്കാം. നിങ്ങളുടെ വീട്ടിലെ അത്തരം കാർട്ടൂൺ കാഴ്ച അതിൽ കാണുന്ന ഓരോ പ്രവർത്തനത്തെയും നിങ്ങൾ അംഗീകരിക്കുന്നു എന്ന് നിങ്ങളുടെ കുട്ടികൾക്കു സൂചന കൊടുക്കുന്നുവോ? മൃഗങ്ങളോടു ക്രൂരത കാട്ടുന്ന രംഗങ്ങളെക്കുറിച്ചെന്ത്? കാർട്ടൂണുകളെ യഥാർഥ ജീവിതവുമായി തുലനം ചെയ്യാൻ കഴിയില്ലെന്നു തീർച്ചയായും നിങ്ങൾ ന്യായവാദം ചെയ്തേക്കാം. എന്നാൽ കാർട്ടൂണുകൾക്ക് ഇപ്പോൾ എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നു നിങ്ങൾക്ക് അറിയാമോ? ആനിമട്രോണിക്സ്!
കാർട്ടൂൺ സങ്കൽപ്പങ്ങളെ യഥാർഥമെന്നു തോന്നിക്കുന്ന, സദസ്സിനു കാർട്ടൂണും യാഥാർഥ്യവും തമ്മിൽ വേർതിരിച്ചറിയാൻ പ്രയാസമാംവിധം അത്ര യഥാർഥമെന്നു തോന്നിക്കുന്ന ഒരു ഇലക്ട്രോണിക് മായാജാലമാണ് “ആനിമട്രോണിക്സ്”. യഥാർഥമെന്നു വച്ചാൽ, “അബദ്ധത്തിൽ വന്ന ഒരു സുഷിരമോ കൃത്രിമമായ ഒരു ചുളിവോ വിചിത്രമായ സിനിമാതന്ത്രങ്ങൾ കണ്ടു പരിചയമുള്ള ഏററവും വലിയ ദോഷൈകദൃക്കുകളായ കാഴ്ചക്കാരുടെപോലും ശ്രദ്ധ പതറിപ്പിക്കാത്ത വിധം അത്ര നിരാക്ഷേപമാണ് ആനിമട്രോണിക്സ് ലോകം അടുത്തുകാണുമ്പോൾ” എന്ന് ദ സൺഡേ ടൈംസ് മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. ഈ രീതിയിൽ അവതരിപ്പിക്കപ്പെടുന്ന അക്രമ രംഗങ്ങൾ ഞെട്ടിക്കുന്ന തൻമയീഭാവമുള്ളവയാണ്.
ആധുനിക കാർട്ടൂണുകൾ അടുത്ത തലമുറയ്ക്കു കൈമാറുന്ന സ്വഭാവ നിലവാരങ്ങൾകൂടെ പരിഗണിക്കുക. ഭ്രമിപ്പിക്കുന്ന ഒരു പുതിയ കാർട്ടൂണിലെ കഥാപാത്രങ്ങൾ “ആക്രോശിക്കുന്നവരും മടിയൻമാരും അസമർഥരും എന്നിങ്ങനെ നിന്ദ്യരായ കുടുംബാംഗങ്ങളാണ്” എന്ന് ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. നിലവിലിരിക്കുന്ന അധികാരികൾക്കു വിരുദ്ധമായിട്ടുള്ളതായതുകൊണ്ട് അവ ഭാഗികമായി ശ്രദ്ധ പിടിച്ചുപററുന്നു.
ഉവ്വ്, മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളുടെ കാർട്ടൂൺ കാഴ്ച പരിഗണിക്കുമ്പോൾ നിങ്ങൾക്ക് ഉത്കണ്ഠക്കു നല്ല കാരണമുണ്ട്. എന്നാൽ നിങ്ങൾക്ക് എന്തു ചെയ്യാനാവും?
‘തമാശയ്ക്കു വേണ്ടിയുള്ള അക്രമം’ ബഹിഷ്കരിക്കുക
പ്രത്യേകം തയ്യാറാക്കപ്പെടുന്ന വിനോദത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തുക. കുടുംബത്തിന്റെ ക്ഷേമം മനസ്സിൽ കണ്ടുകൊണ്ട് ചില മാതാപിതാക്കൾ ടിവി വാങ്ങാതിരിക്കാൻ തീരുമാനിച്ചിരിക്കുന്നു. മററു ചിലർ തങ്ങളുടെ കുട്ടികളെ കാണാൻ അനുവദിച്ചിരിക്കുന്ന പരിപാടികളുടെ നല്ലതും ചീത്തയുമായ വശങ്ങൾ തൂക്കിനോക്കാൻ അവരെ സഹായിക്കുന്നു. “ഒരു കുട്ടി (ഒരു മുതിർന്ന ആളുപോലും) ഒരു കാർട്ടൂണോ പരസ്യമോ വാർത്താ പ്രക്ഷേപണമോ വിമർശനബുദ്ധ്യാ, വിശകലനം ചെയ്തുകൊണ്ടു കാണാൻ എത്ര കൂടുതൽ സജ്ജനാണോ അത്ര കൂടുതൽ അവളോ അവനോ ആ മാധ്യമത്തിൽ നിന്നു പ്രയോജനമനുഭവിക്കാൻ സജ്ജനാണ്” എന്ന് ലണ്ടനിലെ ദി ഇൻഡിപെൻഡൻറ് വിശദീകരിക്കുന്നു. തീർച്ചയായും മാതാപിതാക്കൾ ഇതു ചെയ്യാൻ തങ്ങളുടെ കുട്ടികളെ സഹായിക്കാൻ പററിയ ഏററവും നല്ല സ്ഥാനത്താണ്.
ടെലിവിഷനു കുടുംബ ജീവിതത്തിലുള്ള പങ്കിനെക്കുറിച്ചു നടത്തിയ അടുത്തകാലത്തെ ഒരു പഠനം അധ്യാപനത്തിന്റെ വ്യത്യസ്തമായ രണ്ടു രീതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒന്നിൽ കുട്ടിയുടെ വിജയ അവബോധത്തിന് ആകർഷകമാകുന്ന വിധത്തിൽ കാര്യകാരണസഹിതമുള്ള വിശദീകരണം ഉൾപ്പെടുന്നു. മറേറ രീതിയിൽ അടിസ്ഥാനപരമായി ശിക്ഷയും ഭീഷണികളുമാണ് ഉപയോഗിക്കപ്പെടുന്നത്. എന്താണു ഫലങ്ങൾ കാണിച്ചത്?
മാതാപിതാക്കൾ, ശിക്ഷിക്കുമെന്നു പറഞ്ഞു പേടിപ്പിച്ച കുട്ടികൾ “സാമൂഹികവിരുദ്ധ ടെലിവിഷൻ പരിപാടി”ക്കു പ്രാമുഖ്യം കൊടുത്തു. അതേസമയം “മാതാക്കൾ മുഖ്യമായും കാര്യകാരണസഹിതം വിശദീകരണം നൽകി ശിക്ഷണം നൽകിയ കുട്ടികളെ” അങ്ങനെയുള്ള രംഗങ്ങൾ “ഒട്ടുംതന്നെ ബാധിച്ചില്ല.” അങ്ങനെ, അക്രമാസക്തമായ കാർട്ടൂണുകൾ വീക്ഷിക്കുന്നതു ബുദ്ധിശൂന്യമായിരിക്കുന്നത് എന്തുകൊണ്ടാണെന്നു കരുതലുള്ള മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്കു വിശദീകരിച്ചു കൊടുക്കുന്നു. എന്നാൽ കുട്ടികൾ ജൻമനാ അനുകരണപ്രാപ്തിയുള്ളവരാണെന്ന് ഓർമിക്കുക. ഇത് തമാശയ്ക്കു വേണ്ടി അക്രമം വീക്ഷിക്കുന്നത് ഒഴിവാക്കാൻ മാതാപിതാക്കളെ നിർബന്ധിതരാക്കുന്നു. നിങ്ങൾ അതു വീക്ഷിക്കുന്നെങ്കിൽ അതു വീക്ഷിക്കുന്നതിൽ കുഴപ്പമൊന്നും ഇല്ലെന്നു നിങ്ങളുടെ കുട്ടികളും വിചാരിക്കും.
‘അങ്ങനെയെങ്കിൽ എനിക്ക് എന്റെ കുട്ടികളെ വിനോദിപ്പിക്കാൻ എങ്ങനെ കഴിയും?’ നിങ്ങൾ ചോദിച്ചേക്കാം. ഇതാ ഒരു നിർദേശം: ജീവനുള്ള യഥാർഥ മൃഗങ്ങളുടെ കോമാളിച്ചേഷ്ടകൾ വീക്ഷിച്ചുകൊണ്ട് എന്തുകൊണ്ടു വിനോദം തേടിക്കൂടാ? നിങ്ങൾക്ക് ഒരു കുടുംബം എന്ന നിലയിൽ സന്ദർശിക്കാൻ കഴിയത്തക്കവണ്ണം നിങ്ങൾ ഒരു പ്രകൃതി സംരക്ഷണ കേന്ദ്രത്തിന്റെയോ ജന്തുശാസ്ത്ര പാർക്കിന്റെയോ സമീപത്താണോ പാർക്കുന്നത്? അതല്ലെങ്കിൽ, വീട്ടിൽ വച്ചു കാണുന്നതിനായി വന്യജീവികളുടെ ഉചിതമായ വീഡിയോകൾ നിങ്ങൾക്ക് എല്ലായ്പോഴും തിരഞ്ഞെടുക്കാൻ കഴിയും.
നിർഭാഗ്യകരമെന്നു പറയട്ടെ, നാം ജീവിക്കുന്ന ലോകത്തിലെ അക്രമത്തിൽ നിന്ന് നമുക്കാർക്കും ഇപ്പോൾ രക്ഷപെടാനാവില്ല. എന്നാൽ നാം ചെറുപ്പക്കാരാണെങ്കിലും പ്രായമായവരാണെങ്കിലും, നാം ആഗ്രഹിക്കുന്ന പക്ഷം അക്രമത്തെ ഊട്ടിവളർത്തുന്ന എന്തും കാണുന്നത് ഒഴിവാക്കാൻ നമുക്ക് ബുദ്ധിപൂർവം തീരുമാനിക്കാവുന്നതാണ്. (g93 12/8)
[12-ാം പേജിലെ ചിത്രം]
കാർട്ടൂണുകൾ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവോ?