ടെലിവിഷൻ എത്ര അപകടകാരിയാണ്?
ഡിസംബർ 18, 1997. ഒരു ടെലിവിഷൻ കാർട്ടൂൺ, ജപ്പാനിലെ ടോക്കിയോയിലുള്ള പലരെയും രോഗികളാക്കിയതായി പത്രങ്ങളിൽ വാർത്തകൾ പ്രത്യക്ഷപ്പെട്ടു. നൂറുകണക്കിനു പേരെ ആശുപത്രിയിലാക്കി. “ചില കുട്ടികൾ രക്തം ഛർദിച്ചു, മറ്റുള്ളവർക്കാകട്ടെ കോച്ചിപ്പിടിത്തമോ ബോധക്ഷയമോ ഉണ്ടായി” എന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തു. “ഇന്നത്തെ ചില ടെലിവിഷൻ പരിപാടികൾ കുട്ടികൾക്ക് എത്രമാത്രം ദോഷം ചെയ്യുമെന്നതിനുള്ള ഞെട്ടിക്കുന്ന ഒരു ഓർമിപ്പിക്കലാണ് ഈ സംഭവമെന്ന് ഡോക്ടർമാരും മനോരോഗ വിദഗ്ധരും മുന്നറിയിപ്പു നൽകുന്നു.”
ന്യൂയോർക്കിലെ ഡെയ്ലി ന്യൂസ് ഇങ്ങനെ പറഞ്ഞു: “ഒരു ടിവി കാർട്ടൂൺ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട ഒരു ഭീകരരൂപി അതിന്റെ ചോരക്കണ്ണുകളിൽനിന്ന് വെളിച്ചം പുറപ്പെടുവിച്ചതിനെ തുടർന്ന് ജപ്പാനിലുടനീളം നൂറു കണക്കിനു കുട്ടികൾക്ക് കോച്ചിപ്പിടിത്തവും ബോധക്ഷയവും ഉണ്ടായപ്പോൾ ആ രാജ്യം പരിഭ്രാന്തിയിലമർന്നു.
“ചൊവ്വാഴ്ച രാത്രി ഒരു ടിവി കാർട്ടൂൺ . . . കണ്ടുകൊണ്ടിരുന്ന ഏതാണ്ട് 600 കുട്ടികളെയും ഏതാനും മുതിർന്നവരെയും ഉടനടി അത്യാഹിത വിഭാഗങ്ങളിലേക്കു കൊണ്ടുപോയി.” ശ്വാസതടസ്സമുണ്ടായ ചിലരെ തീവ്രപരിചരണ വിഭാഗത്തിൽ ആക്കേണ്ടിവന്നു.
എട്ടു വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയായ യൂക്കിക്കോ ഈവാസാക്കി ഇങ്ങനെ വിവരിച്ചു: “എന്റെ മകൾ മോഹാലസ്യപ്പെടുന്നതു കണ്ട് ഞാൻ ഞെട്ടിപ്പോയി. ഞാൻ അവളുടെ പുറത്ത് അടിച്ചപ്പോഴാണ് അവൾ ശ്വാസം വലിക്കാൻ തുടങ്ങിയത്.”
“നൂറുകണക്കിനു പ്രാവശ്യം” തങ്ങൾ പ്രയോഗിച്ചിട്ടുള്ള ഒരു ആനിമേഷൻ വിദ്യ ഇത്തരം അപകടകരവും ഭയങ്കരവുമായ പ്രതികരണം ഉളവാക്കിയത് എങ്ങനെയെന്ന് കുട്ടികൾക്കായുള്ള ടെലിവിഷൻ പരിപാടിയുടെ നിർമാതാക്കൾക്കു വിശദീകരിക്കാനായില്ല.
ടെലിവിഷൻ കാണലിന്റെ അപകട വശങ്ങളെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ട് ചില മാതാപിതാക്കൾ ടിവി കാണൽ ശ്രദ്ധാപൂർവം നിരീക്ഷണ വിധേയമാക്കുകയോ തങ്ങളുടെ വീട്ടിൽനിന്ന് ടിവി ഒഴിവാക്കുകയോ ചെയ്തിരിക്കുന്നു. വീട്ടിലെ ടിവി ഉപേക്ഷിക്കുന്നതിനുമുമ്പ് മക്കൾ “ശ്രദ്ധക്കുറവും ഈർഷ്യയും നിസ്സഹകരണ മനോഭാവവും സ്ഥായിയായ വിരസതയും” പ്രകടിപ്പിച്ചിരുന്നതായി യു.എസ്.എ.-യിലെ ടെക്സാസിലുള്ള അലനിലെ ഒരു പിതാവ് അഭിപ്രായപ്പെട്ടു. തുടർന്ന് അദ്ദേഹം ഇങ്ങനെ വിശദമാക്കുന്നു: “ഇന്ന്, 6-നും 17-നും ഇടയ്ക്ക് പ്രായമുള്ള അഞ്ചു മക്കളിൽ എല്ലാവരുംതന്നെ പഠനത്തിൽ ഒന്നാമരാണ്. ടിവി ഒഴിവാക്കിയപ്പോൾ സ്പോർട്സ്, വായന, കല, കമ്പ്യൂട്ടർ പഠനം തുടങ്ങിയ രംഗങ്ങളിൽ അവർ പെട്ടെന്നുതന്നെ താത്പര്യം വളർത്തിയെടുത്തു.
“രണ്ടു വർഷം മുമ്പ് വിശേഷിച്ചും അവിസ്മരണീയമായ ഒരു സംഭവം നടന്നു. എന്റെ മകന് അന്ന് 9 വയസ്സായിരുന്നു. അവൻ സുഹൃത്തിന്റെ വീട്ടിൽ പാർട്ടിക്ക് പോയതായിരുന്നു. രാത്രി അവിടെ തങ്ങാനായിരുന്നു പരിപാടി. എന്നാൽ . . . തിരിച്ചുവരണമെന്ന് അവൻ ഫോണിലൂടെ ആഗ്രഹം പ്രകടിപ്പിച്ചു. ഞാൻ പോയി അവനെ കൊണ്ടുവന്നു. കാര്യം എന്താണെന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞു, ‘അറു മുഷിപ്പൻ പരിപാടി. ടിവി-യുടെ മുമ്പിൽ ചടഞ്ഞിരിക്കാനാണ് അവർക്കൊക്കെ ഇഷ്ടം!’”