ഭവനത്തിലെ സംസാര സ്വാതന്ത്ര്യം—പൊട്ടാൻപോകുന്ന ഒരു ടൈംബോംബോ?
ആളുകൾ തിങ്ങിനിറഞ്ഞ ഒരു തീയേറ്ററിൽ ഒരുവൻ “തീ!” എന്നു വെറുതേ വിളിച്ചുകൂവുകയും അതിന്റെ ഫലമായി പുറത്തുകടക്കാനുള്ള ശ്രമത്തിനിടയിൽ ചിലർ ചവിട്ടേറ്റു മരിക്കുകയും ചെയ്യുമ്പോൾ സംഭവിച്ച മരണങ്ങളുടെയും അത്യാഹിതങ്ങളുടെയും ഉത്തരവാദിത്വം വിളിച്ചുകൂവിയ വ്യക്തി വഹിക്കേണ്ടതല്ലേ? “താങ്കൾ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല, എന്നാൽ അതു പറയാനുള്ള താങ്കളുടെ അവകാശത്തെ ഞാൻ സംരക്ഷിക്കും” എന്ന് ആരെങ്കിലും പറയുമ്പോൾ, പൂർണവിവേചനാധികാരം അല്ലെങ്കിൽ ഭവിഷ്യത്തുകൾ എന്തുതന്നെയായാലും പരസ്യമായി നിങ്ങൾക്കിഷ്ടമുള്ളതൊക്കെ പറയാനുള്ള അതിരില്ലാത്ത സ്വാതന്ത്ര്യം, ലഭിച്ചിരിക്കുന്നു എന്നാണോ അതിനർഥം? അങ്ങനെ വിചാരിക്കുന്നവരും ഇല്ലാതില്ല.
ഉദാഹരണത്തിന്, ഫ്രാൻസിൽ റാപ്പ് സംഗീതജ്ഞന്മാർ പൊലീസുകാരെ വധിക്കുന്നതു പ്രോത്സാഹിപ്പിച്ചപ്പോൾ, ഈ സംഗീതം ശ്രവിച്ച ചിലർ പൊലീസുകാരെ വധിച്ചപ്പോൾ, അക്രമം ചെയ്യാൻ പ്രേരിപ്പിച്ചതിന് റാപ്പ് സംഗീതജ്ഞന്മാരെ ഉത്തരവാദികളാക്കണമോ? അതോ ഒരവകാശപത്രികയ്ക്കു കീഴിൽ അവർ സംരക്ഷിക്കപ്പെടണമോ? റേഡിയോ ടെലിവിഷൻ പ്രക്ഷേപകരും കമ്പ്യൂട്ടർ നെറ്റ്വർക്കുകളും കുട്ടികൾക്കു ലഭ്യമാകത്തക്കവിധം അക്രമത്തിന്റെയും അശ്ലീലത്തിന്റെയും സുവ്യക്തമായ രംഗങ്ങൾ പ്രദർശിപ്പിക്കുമ്പോൾ—കുട്ടികളിൽ ചിലർ തങ്ങൾക്കും മറ്റുള്ളവർക്കും ദോഷംചെയ്യത്തക്കവിധം ഈ രംഗങ്ങൾ അഭിനയിക്കുന്നു—ഇത്തരത്തിലുള്ള വിവരങ്ങൾ ഒരുക്കിക്കൊടുക്കുന്ന വ്യക്തികൾ ഉത്തരവാദിത്വത്തിന്റെ പങ്കുവഹിക്കണമോ?
അമേരിക്കൻ സൈക്കളോജിക്കൽ അസോസിയേഷൻ നടത്തിയ ഒരു പഠനം, “ആഴ്ചയിൽ 27 മണിക്കൂർ ടിവി കാണുന്ന ഒരു കുട്ടി, 3 വയസ്സുമുതൽ 12 വയസ്സുവരെ 8,000 കൊലപാതകങ്ങളും 1,00,000 അക്രമപ്രവൃത്തികളും കാണുമെന്നു കണക്കാ”ക്കിയതായി യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് മാഗസിൻ റിപ്പോർട്ടു ചെയ്തു. തങ്ങളുടെ മക്കളെ ഇത് അശേഷം ബാധിക്കില്ലെന്നു പറഞ്ഞ് മാതാപിതാക്കൾക്ക് ഇത് അവഗണിക്കാനാകുമോ? അതോ “വ്യക്തവും നിലവിലുള്ളതുമായ അപകടം” ഇതിൽ അടങ്ങിയിട്ടുണ്ടോ? ഒരു വരവരയ്ക്കേണ്ടത് അല്ലെങ്കിൽ സംസാര സ്വാതന്ത്ര്യത്തിന് ഒരു പരിധിയേർപ്പെടുത്തേണ്ടത് ഇവിടെയാണോ?
സർവകലാശാലാ മനശ്ശാസ്ത്ര വിദഗ്ധർ നടത്തിയ ഒരു പഠനമനുസരിച്ച്, നാലു വയസ്സുള്ള കുട്ടികളുടെ ഒരു സംഘത്തെ “സ്റ്റണ്ട് വീരന്മാരായ സൂപ്പർഹീറോ”കളുടെ കാർട്ടൂണുകളും മറ്റൊരു സംഘത്തെ “തണുപ്പൻ” കാർട്ടൂണുകളും പതിവായി കാണിച്ചപ്പോൾ, പിന്നീട് വസ്തുക്കൾ ഇടിച്ചുതകർക്കാനും വലിച്ചെറിയാനും കൂടുതൽ പ്രവണത കാണിച്ചത് സ്റ്റണ്ട് ഹീറോകളെ കണ്ടവരായിരുന്നുവെന്നു വെളിപ്പെടുത്തി. ടിവി അക്രമത്തിന്റെ അനന്തരഫലങ്ങൾ ശൈശവത്തിനുശേഷം മാഞ്ഞുപോകുന്നുമില്ല. 1960-നും 1995-നും ഇടയ്ക്ക് 650 കുട്ടികളെ, അവർ വീക്ഷിക്കുന്ന കാര്യങ്ങളുടെയും അവരുടെ പെരുമാറ്റത്തിന്റെയും അടിസ്ഥാനത്തിൽ നിരീക്ഷിച്ചപ്പോൾ, കുട്ടികളായിരിക്കെ ഏറ്റവും അക്രമാസക്തമായ ടെലിവിഷൻ പരിപാടികൾ വീക്ഷിച്ചിരുന്നവരാണ് വളർന്നുവരവേ വിവാഹ പങ്കാളിയോടുള്ള ദുഷ്പെരുമാറ്റവും മദ്യപിച്ചുകൊണ്ടുള്ള ഡ്രൈവിങ്ങുമുൾപ്പെടെ ഏറ്റവും അക്രമാസക്തമായ സ്വഭാവങ്ങളിൽ ഏർപ്പെട്ടതെന്നു മറ്റൊരു സർവകലാശാലാ പഠനം കണ്ടെത്തി.
ചില കുട്ടികൾ, ടെലിവിഷനും ചലച്ചിത്രങ്ങൾക്കും തങ്ങളുടെ മേലുള്ള സ്വാധീനം സമ്മതിച്ചുതരില്ലെങ്കിലും മറ്റുചിലർ അതു സമ്മതിക്കും. 1995-ൽ, കുട്ടികൾ ഇപ്പോൾ എന്ന ഒരു കാലിഫോർണിയ സഹായ ഗ്രൂപ്പ്, 10-നും 16-നും ഇടയ്ക്കുള്ള 750 കുട്ടികളുടെ അഭിപ്രായ വോട്ടെടുപ്പു നടത്തി. അവരിൽ ഓരോ പത്തിലും ആറു പേർ വെച്ച്, നന്നേ ചെറുപ്രായത്തിൽതന്നെ ലൈംഗികവേഴ്ച നടത്താൻ തക്കവണ്ണം ടിവി-യിലെ ലൈംഗികത കുട്ടികളെ സ്വാധീനിക്കുന്നെന്നു പറഞ്ഞതായി പഠനം വെളിപ്പെടുത്തി.
ടെലിവിഷനിലെയും ചലച്ചിത്രങ്ങളിലെയും അക്രമങ്ങൾ കുട്ടികൾ അക്ഷരീയമായിട്ടെടുക്കില്ലെന്നും ആ ഭീകരചിത്രങ്ങളൊന്നും കുട്ടികളെ സ്വാധീനിക്കില്ലെന്നും ചിലർ വാദിച്ചേക്കാം. “അങ്ങനെയെങ്കിൽ, മധ്യ പശ്ചിമ അമേരിക്കയിലുള്ള ഒരു ഗവൺമെൻറ് സ്കൂൾ ഏജൻസിക്ക് ആയിരക്കണക്കിനു കുട്ടികളോട് ആ പ്രദേശത്തെ അഴുക്കുചാലുകളിൽ കൗമാരപ്രായത്തിലുള്ള രൂപഭേദം വന്ന നിൻജ ആമകൾ ഇല്ലെന്നു പറയേണ്ടി വന്നതെന്തുകൊണ്ടായിരുന്നു? ആമ ആരാധകരായ കൊച്ചുകുട്ടികൾ അവയെ തേടി അഴുക്കുചാലുകളിലേക്ക് ഇഴഞ്ഞുചെന്നതായിരുന്നു കാരണം,” ഒരു ബ്രിട്ടീഷ് വർത്തമാനപത്രം അഭിപ്രായപ്പെട്ടു.
ഐക്യനാടുകളിലെ പലയിടങ്ങളിലും, ഗർഭച്ഛിദ്രത്തിനെതിരെ നടത്തിയ പ്രസംഗങ്ങളുടെ ഫലമായിട്ടുണ്ടായ അക്രമങ്ങൾക്കും സംസാര സ്വാതന്ത്ര്യത്തിനും ഇടയ്ക്കുള്ള നേർത്ത അന്തരത്തെച്ചൊല്ലി ചൂടുപിടിച്ച വാഗ്വാദങ്ങൾ ഇക്കാലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നു. ഗർഭച്ഛിദ്രത്തിനെതിരെ വാദിക്കുന്നവർ, ഗർഭച്ഛിദ്രം നടത്തുന്ന ഡോക്ടർമാരും ക്ലിനിക്ക് സ്റ്റാഫും കൊലപാതകികളാണെന്നും അവർക്കു ജീവിക്കാൻ അവകാശമില്ലെന്നും പരസ്യമായി വിളിച്ചുപറയുന്നു. തീക്ഷ്ണതയുള്ള ഏതാനും പേർ ഡോക്ടർമാരെയും അവരുടെ സഹായികളെയും വധിക്കാൻ ആഹ്വാനം നൽകുന്നു. അവരുടെ വാഹനത്തിന്റെ ലൈസൻസ്-പ്ലേറ്റ് നമ്പറുകൾ ലഭിക്കാൻ ചാരന്മാരെ രഹസ്യത്തിൽ ഏർപ്പാടു ചെയ്യുന്നു, അവരുടെ പേരും മേൽവിലാസവും കൈമാറുന്നു. ഇതിന്റെ ഫലമായി ഡോക്ടർമാരെയും ക്ലിനിക്ക് സ്റ്റാഫ് അംഗങ്ങളെയും വെടിവെച്ചു കൊന്നിട്ടുണ്ട്.
“ഇത് പ്രസംഗ സ്വാതന്ത്ര്യസംബന്ധമായ ഒരു വിഷയമല്ല, ‘തീ!’ എന്ന് ജനത്തിരക്കുള്ള ഒരു തീയേറ്ററിൽ വിളിച്ചുകൂവുന്നതിനു തുല്യമാണിത്. ജനത്തിരക്കുള്ള ഒരു തീയേറ്ററിനോട് ഉപമിക്കാവുന്ന ഒരു സാഹചര്യമാണ് നമുക്കുള്ളത്; കഴിഞ്ഞ ഏതാനും വർഷങ്ങളായി ക്ലിനിക്കുകളിൽ വർധിച്ചുവരുന്ന കൊലപാതകങ്ങളുടെ സംഖ്യ നോക്കുക,” പ്ലാൻഡ് പേരൻറ്ഹുഡ് ഫെഡറേഷൻ ഓഫ് അമേരിക്കയുടെ പ്രസിഡൻറ് ഉത്ക്രോശിച്ചു. ഈ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവർ, അമേരിക്കയുടെ ഒന്നാമത്തെ ഭേദഗതിയിൽ വാഗ്ദാനം ചെയ്ത തങ്ങളുടെ അവകാശം—സംസാര സ്വാതന്ത്ര്യം—നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നതെന്നു വാദിക്കുന്നു. അങ്ങനെ പോകുന്നു അവരുടെ വാദം. ഈ അവകാശത്തെച്ചൊല്ലിയുള്ള പടവെട്ട് പൊതു വേദിയിൽ ഇനിയും തുടരും. കോടതികൾക്ക് ഈ വിവാദത്തിനു തീർപ്പു കൽപ്പിക്കേണ്ടിവരും. എന്നാൽ ഖേദകരമെന്നു പറയട്ടെ, എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലായിരിക്കില്ലെന്നു മാത്രം.
മാതാപിതാക്കൾക്കു ചെയ്യാൻ കഴിയുന്നത്
ഭവനങ്ങൾ കുട്ടികൾക്കു രക്ഷാകേന്ദ്രമായിരിക്കണം അല്ലാതെ തങ്ങളെ ചൂഷണം ചെയ്യുകയും ദ്രോഹിക്കുകയും ചെയ്യുന്നവർക്ക് എളുപ്പത്തിൽ ഇരയായിത്തീർന്നേക്കാവുന്ന അല്ലെങ്കിൽ ശാന്തർ അക്രമാസക്ത ഭാവഭേദങ്ങൾ പ്രകടമാക്കാൻ പ്രേരിതരാകുന്ന ഒരു സ്ഥലമായിരിക്കരുത്. “സ്ഥിരമായി അക്രമാസക്തമായ ടിവി പരിപാടികൾ കണ്ടാലും നിങ്ങളുടെ കുട്ടി ഒരിക്കലും ആക്രമണകാരിയാകില്ലെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാം,” മാതാപിതാക്കളെ സംബോധന ചെയ്തുകൊണ്ട് ഒരു യു.എസ്. സർവകലാശാലാ പ്രൊഫസർ പറഞ്ഞു. “എന്നാൽ, അത്തരത്തിലുള്ള പരിപാടികൾ പതിവായി കണ്ടുകൊണ്ടിരുന്ന മറ്റാരുടെയെങ്കിലും കുട്ടി നിങ്ങളുടെ കുട്ടിയെ കൊലപ്പെടുത്തുകയോ ഗുരുതരമായി പരിക്കേൽപ്പിക്കുകയോ ചെയ്യില്ലെന്നു നിങ്ങൾക്ക് ഉറപ്പിക്കാനാവില്ല.” എന്നിട്ട് അദ്ദേഹം ഇപ്രകാരം പ്രോത്സാഹിപ്പിച്ചു: “കുട്ടികൾ അക്രമാസക്തമായ ടിവി പരിപാടികൾ കാണുന്നതിനെ നിയന്ത്രിക്കുന്നത്, സേഫ്റ്റി സീറ്റുകൾ, സൈക്കിൾ ഹെൽമറ്റുകൾ, പ്രതിരോധ കുത്തിവെപ്പുകൾ, പോഷകസമ്പന്നമായ ആഹാരം എന്നിവയോടൊപ്പം പൊതു ആരോഗ്യ കാര്യപരിപാടിയുടെ ഭാഗമാകണം.”
ഒരപരിചിതൻ നിങ്ങളുടെ വീട്ടിലേക്കു കയറിവന്ന് നിങ്ങളുടെ കുട്ടിയോട്, വൃത്തികെട്ട ഭാഷ ഉപയോഗിക്കാനും ലൈംഗികതയെയും അക്രമത്തെയും കുറിച്ച് നിർലജ്ജം സംസാരിക്കാനും നിങ്ങൾ അനുവദിക്കില്ലെങ്കിൽ, ആ അപരിചിതനാകാൻ റേഡിയോയെയും ടെലിവിഷനെയും അനുവദിക്കരുത്. അത് എപ്പോൾ ഓഫാക്കണമെന്നും ചാനൽ എപ്പോൾ മാറ്റണമെന്നും അറിഞ്ഞിരിക്കണം. നിങ്ങളുടെ കുട്ടി, അവന്റെ മുറിയുടെ സ്വകാര്യതയിൽപോലും, ടെലിവിഷനിലും കമ്പ്യൂട്ടറിലും വീക്ഷിച്ചുകൊണ്ടിരിക്കുന്നതെന്താണെന്നു നിങ്ങൾ അറിഞ്ഞിരിക്കണം. കമ്പ്യൂട്ടർ എങ്ങനെ ഉപയോഗിക്കണമെന്നും ലഭ്യമായിരിക്കുന്ന നെറ്റ്വർക്കുകൾ എപ്രകാരം ഉപയോഗിക്കാമെന്നും അവന് അറിയാമെങ്കിൽ, രാത്രിതോറും അവൻ ഉൾക്കൊണ്ടുകൊണ്ടിരിക്കുന്നത് എന്താണെന്നു മനസ്സിലാക്കുമ്പോൾ നിങ്ങൾ ഞെട്ടിത്തെറിച്ചുപോയേക്കാം. നിങ്ങളുടെ കുട്ടി വീക്ഷിച്ചുകൊണ്ടിരിക്കുന്നതിനെ നിങ്ങൾ ശരിവയ്ക്കുന്നില്ലെങ്കിൽ, വേണ്ട എന്നു പറയുക, എന്തുകൊണ്ടാണെന്നു വിശദീകരിക്കുക. അവനെ നിയന്ത്രിച്ചാൽ അവൻ മരിച്ചുപോവുകയൊന്നുമില്ല.
അന്തിമമായി, അസഭ്യവും അക്രമാസക്തവുമായ സംസാരത്തോടും പ്രവൃത്തികളോടുംകൂടിയ ഈ ദുഷ്ടവ്യവസ്ഥിതിയുടെ ശീലങ്ങൾക്കു ചേർച്ചയിലല്ലാതെ ദൈവികമായ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക. (സദൃശവാക്യങ്ങൾ 22:6; എഫെസ്യർ 6:4) അപ്പോസ്തലനായ പൗലോസ് ക്രിസ്ത്യാനികൾക്കു സമയോചിതമായ ഏതാനും ബുദ്ധ്യുപദേശം നൽകുകയുണ്ടായി, നാമെല്ലാവരും അതിനു ചേർച്ചയിൽ ജീവിക്കേണ്ടതാണ്. “ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുതു; അങ്ങനെ ആകുന്നു വിശുദ്ധന്മാർക്കു ഉചിതം. ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രമത്രേ വേണ്ടതു.”—എഫെസ്യർ 5:3, 4.
[10-ാം പേജിലെ ചിത്രങ്ങൾ]
ചില ടിവി പരിപാടികൾ അക്രമത്തിലേക്കും അധാർമികതയിലേക്കും നയിച്ചേക്കാം