ടിവി ‘കൗശലക്കാരനായ അധ്യാപകൻ’
ടെലിവിഷന് വളരെ ശക്തമായ ഒരു ബോധന മാധ്യമം ആയിരിക്കാൻ കഴിയും. ഒരിക്കലും സന്ദർശിക്കാൻ സാധ്യതയില്ലാത്ത സ്ഥലങ്ങളെക്കുറിച്ചും ആളുകളെക്കുറിച്ചും ടിവി-യിലൂടെ നാം മനസ്സിലാക്കുന്നു. ടിവി സ്ക്രീനിലൂടെ ഉഷ്ണമേഖലാ വനങ്ങളിലേക്കും മഞ്ഞുമൂടിയ ധ്രുവങ്ങളിലേക്കും പർവതശൃംഗങ്ങളിലേക്കും ആഴിയുടെ അടിത്തട്ടിലേക്കും നാം “യാത്ര” ചെയ്യുന്നു. നക്ഷത്രങ്ങളുടെയും ആറ്റങ്ങളുടെയും വിസ്മയലോകത്തേക്ക് അത് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. ലോകത്തിന്റെ അങ്ങേപ്പുറത്ത് നടക്കുന്ന സംഭവങ്ങൾ പോലും തത്സമയം നമ്മുടെ മുമ്പിലെത്തിക്കുന്നു. രാഷ്ട്രീയം, ചരിത്രം, ആനുകാലിക സംഭവങ്ങൾ, സംസ്കാരം ഇവയെക്കുറിച്ചെല്ലാം നമുക്ക് അറിവു പകരുന്നു. മനുഷ്യ ജീവിതത്തിലെ ദുരന്തങ്ങളും വൻവിജയങ്ങളും ടെലിവിഷൻ ഒപ്പിയെടുക്കുന്നു. അത് നമ്മെ വിനോദിപ്പിക്കുന്നു, പഠിപ്പിക്കുന്നു, എന്തിന് പ്രചോദിപ്പിക്കുക പോലും ചെയ്യുന്നു.
എന്നിരുന്നാലും പല പരിപാടികളും ഗുണകരമോ വിജ്ഞാനപ്രദമോ അല്ല. ഏറ്റവും കടുത്ത വിമർശനം ഉയർന്നുവരുന്നത്, ലൈംഗികതയുടെയും അക്രമത്തിന്റെയും അതിപ്രസരത്തെ എതിർക്കുന്നവരിൽ നിന്നായിരിക്കാം. ഉദാഹരണത്തിന്, ഐക്യനാടുകളിൽ നടന്ന ഒരു പഠനം കണ്ടെത്തിയത് ഏതാണ്ട് മൂന്നിൽ രണ്ടു ടിവി പരിപാടികളിലും അക്രമരംഗങ്ങൾ ഉണ്ടെന്നാണ്, മണിക്കൂറിൽ ശരാശരി ആറ് അക്രമരംഗങ്ങൾ. പ്രായപൂർത്തി ആകുമ്പോഴേക്കും ഒരാൾ അക്രമത്തിന്റെയും കൊലപാതകത്തിന്റെയും ആയിരക്കണക്കിനു രംഗങ്ങൾ ടിവി-യിലൂടെ കണ്ടിട്ടുണ്ടാകും. ലൈംഗികരംഗങ്ങളും അനവധിയാണ്. ടിവി പ്രോഗ്രാമുകളിൽ മൂന്നിൽ രണ്ടിലും ലൈംഗികതയെ ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങളും ചർച്ചകളുമാണുള്ളത്. 35 ശതമാനം പരിപാടികളാകട്ടെ, ലൈംഗികരംഗങ്ങൾ ചിത്രീകരിക്കുന്നു. പലപ്പോഴും, അവിവാഹിത ഇണകൾ ഉൾപ്പെടുന്ന ഈ രംഗങ്ങൾ ഇത്തരം സംഗതികളിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും അവ അപകടരഹിതമാണെന്നുമുള്ള സന്ദേശമാണു നൽകുന്നത്.a
ലൈംഗികതയും അക്രമവും ഉൾക്കൊള്ളിച്ചിട്ടുള്ള പ്രോഗ്രാമുകൾക്ക് ഗോളമെമ്പാടും പ്രേക്ഷകർ ധാരാളമുണ്ട്. അമേരിക്കയിൽ നിർമിക്കുന്ന ആക്ഷൻ ചിത്രങ്ങൾ പിന്നീട് ടിവി-യിലൂടെ വളരെ എളുപ്പത്തിൽ ലോകമെങ്ങും എത്തുന്നു. ഇവയ്ക്ക് അഭിനയമികവോ നല്ല തിരക്കഥയോ ഒന്നും ഉണ്ടായിരിക്കണമെന്നില്ല, കൂടാതെ ആർക്കും മനസ്സിലാകുകയും ചെയ്യും. കാഴ്ചക്കാരെ പിടിച്ചിരുത്താൻ അടിപിടി, കൊലപാതകം, പ്രത്യേക ദൃശ്യ-ശ്രവ്യ സംവിധാനങ്ങൾ, ലൈംഗികത എന്നിവയെ അവ ആശ്രയിക്കുന്നു. എന്നാൽ പ്രേക്ഷകരുടെ താത്പര്യം തുടർന്നും പിടിച്ചു നിറുത്തണമെങ്കിൽ മാറ്റങ്ങൾ അനിവാര്യമാണ്. ഒരേ കാര്യംതന്നെ കണ്ടുകൊണ്ടിരുന്നാൽ പ്രേക്ഷകർ പെട്ടെന്നു മടുക്കും. വികാരവിക്ഷോഭങ്ങൾ ജനിപ്പിച്ചിരുന്ന രംഗങ്ങൾ പുതുമ നഷ്ടപ്പെട്ട് വളരെ സാധാരണമായിത്തീരുന്നു. പ്രേക്ഷകരെ ഞെട്ടിക്കുകയും ആവേശംകൊള്ളിക്കുകയും ചെയ്തുകൊണ്ട് അവരുടെ താത്പര്യം നിലനിറുത്താൻ നിർമാതാക്കൾ കൂടുതൽ അക്രമവും ലൈംഗികതയും കടുത്ത ചായത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നു.
ടിവി-യുടെ സ്വാധീനത്തെക്കുറിച്ചുള്ള വിവാദം
ടിവി-യിൽ അക്രമവും ലൈംഗികതയും സ്ഥിരമായി കാണുന്നത് പ്രേക്ഷകരെ എങ്ങനെയാണു ബാധിക്കുന്നത്? ടിവി-യിലെ അക്രമം ആളുകളെ അക്രമ വാസനയുള്ളവരും യഥാർഥ ജീവിതത്തിൽ അക്രമത്തിന് ഇരയാകുന്നവരോട് അനുകമ്പ ഇല്ലാത്തവരും ആക്കിത്തീർക്കുന്നുവെന്ന് വിമർശകർ ആരോപിക്കുന്നു. കൂടാതെ ലൈംഗികതയുടെ ചിത്രീകരണം അവിഹിതബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയും ധാർമിക നിലവാരങ്ങളെ തകർക്കുകയും ചെയ്യുന്നതായി അവർ അവകാശപ്പെടുന്നു.
ടിവി കാണുന്നത് യഥാർഥത്തിൽ മേൽപ്പറഞ്ഞതു പോലുള്ള ഫലങ്ങൾ ഉളവാക്കുന്നുണ്ടോ? ദശാബ്ദങ്ങളായി വീറോടെ ചർച്ച ചെയ്യപ്പെട്ടിരിക്കുന്ന ഒരു ചോദ്യമാണിത്. നൂറുകണക്കിനു പഠനങ്ങളും ആയിരക്കണക്കിനു പുസ്തകങ്ങളും ലേഖനങ്ങളും ഈ വിവാദ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. ഈ വിവാദത്തിന്റെ കാതൽ, ഒന്ന് മറ്റൊന്നിനു നിദാനമാകുന്നുവെന്നു തെളിയിക്കാനുള്ള ബുദ്ധിമുട്ടാണ്—ചെറുപ്പത്തിൽ ടിവി-യിലൂടെ അക്രമം കാണുന്നത് പിന്നീട് ആക്രമണോത്സുകതയ്ക്ക് കാരണമായിത്തീരുന്നുവെന്ന വാദത്തിന്റെ കാര്യത്തിലും ഇതുതന്നെ സത്യമാണ്. കാര്യ-കാരണ ബന്ധം സ്ഥാപിച്ചെടുക്കുക ചിലപ്പോഴൊക്കെ ഒരു വെല്ലുവിളിയാണ് എന്നത് ഇങ്ങനെ ഉദാഹരിക്കാം. നിങ്ങൾ ഒരു മരുന്ന് ആദ്യമായി ഉപയോഗിച്ചപ്പോൾ മണിക്കൂറുകൾക്കകം ശരീരം മുഴുവനും ചൊറിഞ്ഞുതടിക്കാൻ തുടങ്ങി എന്നു കരുതുക. ഈ സാഹചര്യത്തിൽ അലർജിയുടെ കാരണം ആ മരുന്നാണെന്ന് അനുമാനിക്കുക എളുപ്പമാണ്. എന്നാൽ ചിലപ്പോൾ ഒരു അലർജി ക്രമേണ ആയിരിക്കും ഉണ്ടാകുക. ഇങ്ങനെ വരുമ്പോൾ ഒരു പ്രത്യേക മരുന്നിനെ അലർജിക്ക് ഹേതുവായി എടുത്തു കാണിക്കുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. എന്തുകൊണ്ടെന്നാൽ അലർജിക്ക് പല കാരണങ്ങളുണ്ട്.
അതുപോലെ, കുറ്റകൃത്യങ്ങൾക്കും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ടിവി-യിലൂടെ കാണിക്കുന്ന അക്രമങ്ങൾ കാരണമാകുമെന്ന് തെളിയിക്കുക പ്രയാസമാണ്. എന്നാൽ ഇവ തമ്മിൽ ബന്ധമുണ്ടെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ടിവി-യിൽ കണ്ട കാര്യങ്ങളാണ് അവരുടെ മനോഭാവത്തിനും അക്രമസ്വഭാവത്തിനും വഴിവെച്ചതെന്നു ചില കുറ്റവാളികൾ പറഞ്ഞിട്ടുമുണ്ട്. ഇനി ഇതിന്റെ മറുവശം ചിന്തിക്കാം, ജനങ്ങൾ ജീവിതത്തിൽ പലതരം സ്വാധീനങ്ങൾക്കു വിധേയരാണ്. അക്രമാസക്തമായ വീഡിയോ ഗെയിമുകൾ, ബന്ധുമിത്രാദികളുടെ ചിന്താഗതിയും മൂല്യങ്ങളും, ജീവിത സാഹചര്യങ്ങൾ എന്നിവയും ആളുകളുടെ അക്രമാസക്ത പെരുമാറ്റത്തിനു കാരണമായേക്കാം.
അതുകൊണ്ട് പരസ്പരവിരുദ്ധമായ വീക്ഷണങ്ങൾ നിലനിൽക്കുന്നതിൽ അത്ഭുതപ്പെടാനില്ല. കാനഡക്കാരനായ ഒരു മനശ്ശാസ്ത്രജ്ഞൻ എഴുതി: “അക്രമം വീക്ഷിക്കുന്നത് ആളുകളിൽ അക്രമ വാസന ഉണ്ടാക്കുമെന്നോ അല്ലെങ്കിൽ അവരുടെ മനസ്സു തഴമ്പിച്ചുപോകാൻ ഇടയാക്കുമെന്നോ കാണിക്കുന്ന ശാസ്ത്രീയ തെളിവുകൾ ഒന്നുമില്ല.” എന്നാൽ ‘അമേരിക്കൻ സൈക്കളോജിക്കൽ അസ്സോസിയേഷൻ കമ്മിറ്റി ഓൺ മീഡിയ ആൻഡ് സൊസൈറ്റി’ ഇപ്രകാരം പറഞ്ഞു: “ടിവി-യിൽ അക്രമ രംഗങ്ങൾ വളരെക്കൂടുതൽ വീക്ഷിക്കുന്നത് ഒരിക്കൽ അംഗീകരിക്കാതിരുന്ന അക്രമ മനോഭാവങ്ങൾ ശരിവെക്കുന്നതിലേക്കും വർധിച്ച അക്രമ വാസനയിലേക്കും ആളുകളെ നയിക്കുന്നുവെന്നതിന് യാതൊരു സംശയവുമില്ല.”
ടിവി-യും നമ്മുടെ ചിന്താഗതിയും
ഓർമിക്കുക, തെളിവിനെക്കുറിച്ചുള്ള വാദപ്രതിവാദത്തിലാണ് വിദഗ്ധർ ഏർപ്പെട്ടിരിക്കുന്നത്, അക്രമം വീക്ഷിക്കുന്നത് അക്രമത്തിനു കാരണമായിത്തീരുമെന്നു തെളിയിക്കാൻ പറ്റുമോ ഇല്ലയോ എന്ന വിവാദത്തിൽ. എങ്കിലും ടെലിവിഷനു നമ്മുടെ ചിന്തകളുടെയും പ്രവൃത്തികളുടെയും മേൽ യാതൊരു സ്വാധീനവുമില്ലെന്നു പറയുന്നവർ ചുരുക്കമായിരിക്കും. ഇതൊന്നു ചിന്തിക്കൂ. ഒരൊറ്റ ഫോട്ടോഗ്രാഫിന് നമ്മെ കരയിക്കാനോ സന്തോഷിപ്പിക്കാനോ ദേഷ്യപ്പെടുത്താനോ സാധിച്ചേക്കും. സംഗീതത്തിനും നമ്മുടെ വികാരങ്ങളെ ശക്തമായി ഉണർത്താൻ കഴിയും. വാക്കുകൾക്ക്, എന്തിന് അച്ചടിച്ച വാക്കുകൾക്കുപോലും നമ്മെ ചിന്തിപ്പിക്കാനും നമ്മുടെ വികാരങ്ങളെ തൊട്ടുണർത്താനും പ്രവർത്തനത്തിനു പ്രചോദിപ്പിക്കാനും കഴിയും. അപ്പോൾ ചലച്ചിത്രങ്ങളും സംഗീതവും സംഭാഷണങ്ങളും വിദഗ്ധമായി കോർത്തിണക്കിയാൽ ഉണ്ടാകുന്ന സ്വാധീനശക്തി എത്ര വലുതായിരിക്കും! ടെലിവിഷൻ ഇത്ര ആകർഷകമായതിൽ അത്ഭുതപ്പെടാനില്ല! അത് സുലഭവുമാണ്. “മനുഷ്യൻ എഴുത്തു വശമാക്കിയതിനുശേഷം, ആശയ കൈമാറ്റത്തിന് അവൻ ആവിഷ്കരിച്ച പുതിയ സങ്കേതങ്ങളിൽ മനുഷ്യ സംസ്കാരത്തെ ഇത്രയധികം സ്വാധീനിച്ച മറ്റൊന്നുമില്ല” എന്നാണ് ഒരു എഴുത്തുകാരൻ പറയുന്നത്.
വാണിജ്യ-വ്യവസായ രംഗം കോടിക്കണക്കിനു ഡോളറാണ് ഓരോ വർഷവും പരസ്യത്തിനു വേണ്ടി ചെലവഴിക്കുന്നത്. കാരണം, കാണുകയും കേൾക്കുകയും ചെയ്യുന്ന സംഗതികൾ പ്രേക്ഷകരെ സ്വാധീനിക്കുമെന്ന് അവർക്കറിയാം. പരസ്യംകൊണ്ട് ഗുണം ഉണ്ടായേക്കും എന്നു കരുതിയല്ല അവർ പണം മുടക്കുന്നത്. അത് ഗുണം ചെയ്യുമെന്ന് അവർക്ക് ഉറപ്പാണ്. അത് അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നു. 2004-ൽ, കൊക്ക-കോള കമ്പനി പത്രമാസികകൾ, റേഡിയോ, ടെലിവിഷൻ എന്നിവയിലൂടെ ആഗോള വ്യാപകമായി പരസ്യത്തിനു വേണ്ടി 220 കോടി ഡോളറാണു ചെലവഴിച്ചത്. ഈ മുതൽമുടക്കുകൊണ്ട് ഫലമുണ്ടായോ? കമ്പനിയുടെ ആ വർഷത്തെ ആദായം ഏതാണ്ട് 2,200 കോടി ഡോളർ ആയിരുന്നു. കേവലം ഒരു പരസ്യംകൊണ്ട് ജനങ്ങളെ സ്വാധീനിക്കാനാവില്ലെന്ന കാര്യം പരസ്യക്കാർക്ക് നന്നായറിയാം. അതുകൊണ്ട് വർഷങ്ങളിലൂടെയുള്ള തുടർച്ചയായ പരസ്യങ്ങൾകൊണ്ട് അവർ ആളുകളുടെ മനസ്സു മാറ്റിയെടുക്കുന്നു.
വെറും 30 സെക്കൻഡു ദൈർഘ്യമുള്ള പരസ്യങ്ങൾക്ക് നമ്മുടെ മനോഭാവത്തെയും പ്രവൃത്തിയെയും സ്വാധീനിക്കാനാകുമെങ്കിൽ മണിക്കൂറുകളോളം ടിവി കാണുന്നത് നമ്മെ തീർച്ചയായും സ്വാധീനിക്കില്ലേ? ടെലിവിഷൻ—ഒരു അന്തർദേശീയ ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ എഴുത്തുകാരൻ പറയുന്നു: “ദിനം തോറുമുള്ള വളരെ സാധാരണമായ വിനോദ പരിപാടികൾക്കു പിന്നിലും [ടെലിവിഷൻ] കൗശലക്കാരനായ ഒരധ്യാപകനായി പ്രവർത്തിക്കുന്നു.” എ പിക്റ്റോറിയൽ ഹിസ്റ്ററി ഒഫ് ടെലിവിഷൻ എന്ന പുസ്തകം പറയുന്നത് “നമ്മുടെ ചിന്താഗതിതന്നെ ടെലിവിഷൻ മാറ്റിയെടുക്കുന്നു” എന്നാണ്. നാം നമ്മോടുതന്നെ ചോദിക്കേണ്ട ചോദ്യമിതാണ്, ‘ഞാൻ കാണുന്ന പരിപാടികൾ ഞാൻ ആഗ്രഹിക്കുന്ന രീതിയിലാണോ എന്റെ ചിന്തകളെ സ്വാധീനിക്കുന്നത്?’
ദൈവത്തെ സേവിക്കുന്നവരെ സംബന്ധിച്ചിടത്തോളം, ആ ചോദ്യത്തിന് ഒരു പ്രത്യേക പ്രസക്തിയുണ്ട്. ടിവി-യിൽ കാണിക്കുന്ന പരിപാടികളുടെ നല്ലൊരുഭാഗവും ബൈബിൾ പഠിപ്പിക്കുന്ന ശ്രേഷ്ഠമായ തത്ത്വങ്ങൾക്കും ധാർമിക നിലവാരങ്ങൾക്കും നിരക്കാത്തതാണ്. തിരുവെഴുത്തുകൾ കുറ്റംവിധിക്കുന്ന ജീവിതരീതികളും നടപടികളും സ്വീകാര്യവും സാധാരണവും എന്തിന് പുതിയ സ്റ്റൈലാണന്നും ഒക്കെ ഉള്ള രീതിയിലാണ് അതിൽ അവതരിപ്പിക്കുന്നത്. അതേസമയം ക്രിസ്തീയ മൂല്യങ്ങളെയും അത് പിൻപറ്റുന്നതായി കാണുന്നവരെയും ടെലിവിഷൻ പരിപാടികൾ പലപ്പോഴും അവഗണിക്കുകയും പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു. ഒരു ഗ്രന്ഥകർത്താവ് ഇങ്ങനെ വിലപിച്ചു: “അസാന്മാർഗികതയെ തികച്ചും സ്വാഭാവികമായ ഒരു സംഗതിയായി അവതരിപ്പിക്കുന്നതു പോരാഞ്ഞിട്ട് സ്വാഭാവികമായതിനെ അസാന്മാർഗികമെന്നു മുദ്രകുത്തുകയും ചെയ്യുന്നു.” ഈ “കൗശലക്കാരനായ അധ്യാപകൻ” “നന്മകളൊക്കെ തിന്മകളാണെന്നും തിന്മകളൊക്കെ നന്മകളാണെന്നും” അടിക്കടി ചെവിയിൽ മന്ത്രിക്കുന്നു.—യെശയ്യാവു 5:20, പരിശുദ്ധ ബൈബിൾ: ഈസി-റ്റു-റീഡ് വേർഷൻ.
കാണുന്ന കാര്യങ്ങൾ നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്നതുകൊണ്ട്, എന്തു കാണുന്നു എന്നതിനെ കുറിച്ച് നാം ശ്രദ്ധാലുക്കൾ ആയിരിക്കണം. ബൈബിൾ പറയുന്നു: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” (സദൃശവാക്യങ്ങൾ 13:20) ബൈബിൾ പണ്ഡിതനായ ആഡം ക്ലാർക്ക് പ്രസ്താവിക്കുന്നു: “ഒരു വ്യക്തിയോടൊപ്പം നടക്കുന്നത് സ്നേഹത്തെയും അടുപ്പത്തെയും ആണു സൂചിപ്പിക്കുന്നത്; നാം സ്നേഹിക്കുന്നവരെ അനുകരിക്കാതിരിക്കാൻ നമുക്കാവില്ല. അതുകൊണ്ടാണ് നാം ഇങ്ങനെ പറയുന്നത്: ‘ഒരുവന്റെ കൂട്ടുകാരെ എനിക്കു കാണിച്ചു തരിക, അവൻ ആരാണെന്നു ഞാൻ പറയാം.’ ഒരാളുടെ കൂട്ടുകാർ ആരാണെന്ന് അറിയേണ്ട താമസം, അവന്റെ ധാർമിക നിലവാരം ഞാൻ അളക്കാം.” നാം കണ്ടുകഴിഞ്ഞതുപോലെ മിക്ക ആളുകളും ജ്ഞാനികളല്ലാത്ത ടെലിവിഷൻ കഥാപാത്രങ്ങളുമായി വളരെയധികം സമയം ചെലവഴിക്കുന്നു—ആത്മാർഥതയുള്ള ഒരു ക്രിസ്ത്യാനി തന്റെ വീട്ടിലേക്കു ക്ഷണിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുകപോലും ചെയ്യാത്തതരം ആളുകളുമായി.
നിങ്ങളുടെ ഡോക്ടർ ശക്തിയേറിയ ഒരു മരുന്നു നിർദേശിച്ചാൽ, അതിന്റെ ഗുണങ്ങളും ദോഷങ്ങളും നിങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തിയേക്കാം. മരുന്നു മാറിക്കഴിച്ചാൽ അല്ലെങ്കിൽ കഴിക്കേണ്ട മരുന്നുതന്നെ കൂടുതൽ കഴിച്ചാൽ അത് ആരോഗ്യത്തിനു ഹാനികരമാണ്. ടിവി കാണുന്നതിനെക്കുറിച്ചും ഇതുതന്നെ പറയാൻ കഴിഞ്ഞേക്കും. അതുകൊണ്ട് നാം കാണുന്ന പരിപാടികളെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നതു ബുദ്ധിയാണ്.
സത്യവും വന്ദ്യവും നീതിയുക്തവും പരിശുദ്ധവും സ്നേഹാർഹവും സ്തുത്യർഹവും ഉത്തമവും പ്രശംസായോഗ്യവും ആയ കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ അപ്പൊസ്തലനായ പൗലൊസ് ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. (ഫിലിപ്പിയർ 4:6-8, പി.ഒ.സി. ബൈബിൾ) ആ ബുദ്ധിയുപദേശത്തിനു നിങ്ങൾ ചെവികൊടുക്കുമോ? അങ്ങനെ ചെയ്താൽ അതു നിങ്ങൾക്കു പ്രയോജനം ചെയ്യും.
[അടിക്കുറിപ്പ്]
a അമേരിക്കൻ ടിവി പ്രോഗ്രാമുകളും സിനിമകളും ലോകമെമ്പാടും സംപ്രേഷണം ചെയ്യുന്നതുകൊണ്ട് അമേരിക്കയെക്കുറിച്ചുള്ള ഈ സ്ഥിതിവിവരക്കണക്കുകൾ മറ്റു സ്ഥലങ്ങൾക്കും ബാധകമാണ്.
[5-ാം പേജിലെ ആകർഷക വാക്യം]
“വീട്ടിലേക്കു നിങ്ങൾ ക്ഷണിക്കുകയില്ലാത്ത ആളുകളുടെ ചങ്ങാത്തം സ്വീകരണമുറിയിലിരുന്ന് ആസ്വദിക്കാൻ അവസരമൊരുക്കുന്ന ഒരു കണ്ടുപിടിത്തമാണ് ടെലിവിഷൻ.”—ബ്രിട്ടീഷുകാരനായ ടിവി അവതാരകൻ ഡേവിഡ് ഫ്രോസ്റ്റ്
[5-ാം പേജിലെ ചതുരം]
ബൈബിളിൽ അക്രമവും ലൈംഗികതയും പ്രതിപാദിക്കുന്നില്ലേ?
ടിവി-യിൽ കാണിക്കുന്ന അക്രമവും ലൈംഗികതയും ബൈബിളിൽ വിവരിച്ചിരിക്കുന്നതിൽനിന്നു വ്യത്യസ്തമായിരിക്കുന്നത് എങ്ങനെ? ബൈബിളിൽ അക്രമവും ലൈംഗികതയും പരാമർശിച്ചിരിക്കുന്നത് ഗുണപാഠങ്ങളായാണ്, അല്ലാതെ വിനോദിപ്പിക്കാനല്ല. (റോമർ 15:4) ദൈവവചനം ചരിത്രവസ്തുതകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അത് കാര്യങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം മനസ്സിലാക്കാനും മറ്റുള്ളവരുടെ തെറ്റിൽനിന്നു പാഠം പഠിക്കാനും നമ്മെ സഹായിക്കുന്നു.
ടിവി-യിൽ പരസ്യങ്ങൾ കാണിക്കുന്ന മിക്ക രാജ്യങ്ങളിലും അക്രമവും ലൈംഗികതയും അവതരിപ്പിക്കുന്നത് പണമുണ്ടാക്കാനാണ്, അല്ലാതെ ഒന്നും പഠിപ്പിക്കാനല്ല. സാധ്യമാകുന്നത്ര ആളുകളുടെ ശ്രദ്ധ ആകർഷിക്കാനാണ് പരസ്യദാതാക്കൾ ശ്രമിക്കുന്നത്. അക്രമവും ലൈംഗികതയും ഉപയോഗിച്ചുകൊണ്ട് അവർ ആളുകളെ ടിവി-യുടെ മുമ്പിൽ പിടിച്ചിരുത്തുന്നു. ഫലമോ, ആളുകൾ പരസ്യങ്ങൾ കാണുകയും ഉത്പന്നങ്ങൾ വാങ്ങുകയും ചെയ്യുന്നു. വാർത്താപ്രക്ഷേപകരാണെങ്കിൽ, “രക്തം ഒഴുകിയോ, സംഭവം പ്രധാനവാർത്തയായി” എന്ന തത്ത്വമാണു പിൻപറ്റുന്നത്. ലളിതമായി പറഞ്ഞാൽ കുറ്റകൃത്യം, യുദ്ധം, വിപത്തുകൾ തുടങ്ങി ഞെട്ടലുളവാക്കുന്ന വാർത്തകൾ മറ്റുള്ളവയെ അപേക്ഷിച്ചു വാർത്താപ്രാധാന്യം നേടുന്നു.
അക്രമങ്ങളെക്കുറിച്ച് ബൈബിൾ രേഖപ്പെടുത്തുന്നുണ്ടെങ്കിലും സമാധാന ജീവിതം നയിക്കാൻ, അതായത് പ്രതികാരം ചെയ്യാൻ ശ്രമിക്കാതെ പ്രശ്നങ്ങൾ സമാധാനപരമായി തീർക്കാനാണ് അത് ആളുകളെ പ്രോത്സാഹിപ്പിക്കുന്നത്. അത് എല്ലായ്പോഴും ലൈംഗിക ധാർമികതയെ ഉന്നമിപ്പിക്കുന്നു. ടെലിവിഷനിൽ അവതരിപ്പിക്കുന്ന മിക്ക പരിപാടികളിലൂടെയും കടന്നു വരുന്ന സന്ദേശം ഇതല്ല.—യെശയ്യാവു 2:2-4; 1 കൊരിന്ത്യർ 13:4-8; എഫെസ്യർ 4:32.
[7-ാം പേജിലെ ചതുരം/ചിത്രം]
ടെലിവിഷനും കുട്ടികളും
“അക്രമം വീക്ഷിക്കുന്നത് കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന് പല ദശകങ്ങളിലായി നടന്ന പഠനങ്ങളിലൂടെ ഉരുത്തിരിഞ്ഞ തെളിവുകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രസമൂഹവും പൊതുജനാരോഗ്യ സംഘടനകളും ഒരേസ്വരത്തിൽ അഭിപ്രായപ്പെടുന്നു.”—ദ ഹെൻറി ജെ. കൈസർ ഫാമിലി ഫൗണ്ടേഷൻ.
“‘രണ്ടു വയസ്സോ അതിൽ താഴെയോ ഉള്ള കുട്ടികൾ [ടെലിവിഷൻ] കാണരുത്’ എന്ന അമേരിക്കൻ ശിശുരോഗ അക്കാദമിയുടെ അഭിപ്രായത്തോട് [ഞങ്ങൾ യോജിക്കുന്നു]. ത്വരിതഗതിയിൽ മസ്തിഷ്കം വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ പ്രായത്തിൽ കുട്ടികൾ ഓടിക്കളിച്ചും ആളുകളുമായി ഇടപഴകിയും വളരണം. അത് വളർച്ചാപരവും ശാരീരികവും സാമൂഹികവുമായ പ്രാപ്തികൾ മെച്ചമായി വികസിക്കുന്നതിന് ഇടയാക്കുന്നു.”—ദ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ മീഡിയ ആൻഡ് ദ ഫാമിലി.
[6, 7 പേജുകളിലെ ചിത്രം]
ഞാൻ കാണുന്ന പരിപാടികൾ ഞാൻ ആഗ്രഹിക്കുന്ന രീതിയിലാണോ എന്റെ ചിന്തകളെ സ്വാധീനിക്കുന്നത്?