സംസാര സ്വാതന്ത്ര്യം—അത് ദുർവിനിയോഗം ചെയ്യപ്പെടുന്നുവോ?
ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കു പ്രവേശിക്കാനുള്ള കവാടം തുറക്കാറായിരിക്കുന്നു. പുതിയ നൂറ്റാണ്ട്, പുതിയ പ്രത്യാശകളും ആദർശങ്ങളും ധാർമിക മനോഭാവങ്ങളും വിസ്മയാവഹമായ സാങ്കേതികവിദ്യകളുടെ ആശയങ്ങളും കൂടുതൽ സ്വാതന്ത്ര്യങ്ങൾക്കുവേണ്ടിയുള്ള മുറവിളികളും കൊണ്ടുവരുമെന്നതിൽ സംശയമില്ല. ഗവൺമെൻറുകളുടെയും മതങ്ങളുടെയും ജനങ്ങളുടെയും പരമ്പരാഗത വീക്ഷണങ്ങൾ പുതിയ അഭിപ്രായങ്ങൾക്കും ആവശ്യങ്ങൾക്കും വഴിമാറിക്കൊടുക്കുകയാണ്. ഒട്ടേറെ സ്ഥലങ്ങളിൽ, ഭവിഷ്യത്തുകൾ കണക്കിലെടുക്കാതെ സംസാര സ്വാതന്ത്ര്യത്തിന്മേലും ആശയാവിഷ്കരണ സ്വാതന്ത്ര്യത്തിന്മേലും ഏർപ്പെടുത്തിയിരിക്കുന്ന, നിലവിലുള്ള നിയന്ത്രണങ്ങൾ എടുത്തുമാറ്റാൻ നിരന്തരമായി ആവശ്യപ്പെടുകയാണ്!
റേഡിയോ-ടെലിവിഷൻ പ്രക്ഷേപകരും സെൻസർ ഉദ്യോഗസ്ഥന്മാരും ഒരിക്കൽ അംഗീകരിക്കാതിരുന്ന അസഭ്യഭാഷണവും അശ്ലീല രംഗങ്ങളും ആംഗ്യങ്ങളും ഇപ്പോൾ ഒട്ടേറെ രാജ്യങ്ങളിൽ സർവസാധാരണമായിത്തീർന്നിരിക്കുന്നെന്നുമാത്രമല്ല സംസാര സ്വാതന്ത്ര്യാവകാശമെന്ന നാട്യത്തിൽ അംഗീകരിക്കപ്പെടുകയുമാണ്!
കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ വിദഗ്ധരായവർക്ക്—കുട്ടികൾക്കും മുതിർന്നവർക്കും—മറ്റു ഭൂഖണ്ഡങ്ങളിലേക്കു സെക്കൻഡുകൾക്കുള്ളിൽ അസഭ്യ ലൈംഗിക ചേഷ്ടകളുടെ സുവ്യക്തമായ ചിത്രങ്ങൾ അയച്ചുകൊടുക്കാനും ഒളിത്താവളങ്ങളിൽ സമ്മേളിക്കാൻ പേരുകളും മേൽവിലാസങ്ങളും ചോദിച്ചറിയുന്ന, അറിയപ്പെടുന്ന ലൈംഗിക ദ്രോഹികളോടും കുട്ടികളെ ഉപദ്രവിക്കുന്നവരോടും സംഭാഷണം നടത്താനും സാധിക്കും. ആത്മഹത്യ ചെയ്യാനും മാതാപിതാക്കൾ, പൊലീസുകാർ, ഗവൺമെൻറുദ്യോഗസ്ഥന്മാർ എന്നിവരെ വധിക്കാനും നിർദേശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വരികളുള്ള സംഗീതം റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും അല്ലെങ്കിൽ കുട്ടികൾ പ്രവർത്തിപ്പിക്കുന്ന റെക്കോർഡിങ്ങുകളിലൂടെയും ഇപ്പോൾ ദിവസവും കേൾക്കാൻ കഴിയുന്നു.
വിലക്കില്ലാത്ത സംസാരസ്വാതന്ത്ര്യം ആവശ്യപ്പെടുന്ന അധികം പേർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഒലിവർ വെൻഡെൽ ഹോംസ് ജൂനിയറോടു വിയോജിക്കില്ല. അരനൂറ്റാണ്ടിലേറെ മുമ്പ്, സംസാര സ്വാതന്ത്ര്യത്തെ സംബന്ധിച്ച വിഖ്യാതമായ ഒരു തീർപ്പിൽ അദ്ദേഹം എഴുതി: “സംസാര സ്വാതന്ത്ര്യത്തിന്റെ അതികർശന സംരക്ഷണം തീയേറ്ററിൽ തീ എന്നു വെറുതെ വിളിച്ചുകൂവി സംഭ്രാന്തി സൃഷ്ടിക്കുന്ന ഒരു വ്യക്തിയെ സംരക്ഷിക്കില്ല.” അത്തരത്തിലുള്ള ഒരു പ്രവൃത്തിയുടെ ഭവിഷ്യത്തുകൾ സുവ്യക്തമാണ്. ഇതേ ആളുകൾ, അതേ വിധിയുടെ അടുത്ത വാചകത്തിന് അൽപ്പം പോലും വിലകൽപ്പിക്കാതിരിക്കുകയും അതിനെ ധിക്കരിച്ചുകൊണ്ട് ഉദ്ധതമായി പ്രവർത്തിക്കുകയും ചെയ്യുന്നത് എത്ര യുക്തിരഹിതമാണ്. “ഉപയോഗിക്കുന്ന വാക്കുകൾ, അത്തരം സാഹചര്യങ്ങളിലാണോ ഉപയോഗിക്കുന്നതെന്നും കോൺഗ്രസിനു തടയാൻ അവകാശമുള്ള കാര്യമായ തിന്മകൾ വരുത്തിക്കൂട്ടത്തക്ക വ്യക്തവും നിലവിലുള്ളതുമായ അപകടം ഉളവാക്കുന്ന സ്വഭാവത്തിലുള്ളവയാണോ എന്നതുമാണ് ചോദ്യം,” ഹോംസ് പറഞ്ഞു.
കമ്പ്യൂട്ടർ അശ്ലീലം
“ഈയിടെയായി, ലൈംഗികത എല്ലായിടത്തുമുണ്ട്, പുസ്തകങ്ങൾ, മാസികകൾ, സിനിമകൾ, ടെലിവിഷൻ, വീഡിയോ സംഗീതങ്ങൾ, ബസ്സ്സ്റ്റോപ്പിൽ പതിച്ചിരിക്കുന്ന പെർഫ്യൂം പരസ്യങ്ങൾ എന്നിവയിലെല്ലാം. അത് ഡയൽ-എ-പോൺ (ടെലഫോണിലൂടെ ലഭിക്കുന്ന അശ്ലീല സേവനങ്ങൾ) ബിസിനസ്സ് കാർഡുകളിൽ അച്ചടിച്ചു വൈപ്പറുകൾക്കടിയിൽ നിക്ഷേപിക്കുന്നു. . . . ഒട്ടുമിക്ക അമേരിക്കക്കാരും കാമകേളികളുടെ തുറന്ന പ്രദർശനത്തോടും—കൂടാതെ, ആദ്യത്തെ ഭേദഗതിയുടെ [സംസാര സ്വാതന്ത്ര്യം] കീഴിൽ സവിശേഷമായ പദവി അത് ആസ്വദിക്കുന്നതെന്തുകൊണ്ടാണെന്നതിന്റെ വാദങ്ങളോടും—സുപരിചിതരായിരിക്കുന്നതുകൊണ്ട് അശ്ലീലം അവിടെയുണ്ടെന്നത് അവർ അശേഷം മനസ്സിലാക്കുന്നില്ല” എന്നു ടൈം മാഗസിൻ റിപ്പോർട്ടു ചെയ്തു. തുറന്ന ലൈംഗികതയുടെയും കമ്പ്യൂട്ടറിന്റെയും സംയോജനത്തിൽ “അശ്ലീലം” എന്നതിനു പുതിയ മാനങ്ങളും അർഥങ്ങളും നൽകിയിരിക്കുന്ന എന്തോ ഒന്നുണ്ട്. വ്യാപ്തിയുടെ കാര്യത്തിൽ അതു പ്രചാരമുള്ളതും സർവവ്യാപിയും ലോകവ്യാപകവുമായ ഒന്നായിത്തീർന്നിരിക്കുന്നു.
ഒരു പഠനം പറയുന്നതനുസരിച്ച്, പ്രായപൂർത്തിയായവർക്കുവേണ്ടിയുള്ള കമ്പ്യൂട്ടർ ബുള്ളറ്റിൻ-ബോർഡ് സംവിധാനത്തിന്റെ വരിക്കാരായി പ്രതിമാസം 10 മുതൽ 30 വരെ ഡോളർ ഫീസ് നൽകാൻ തയ്യാറായ ആളുകളെ “ഐക്യനാടുകളുടെ 50 സംസ്ഥാനങ്ങളിലെയും ലോകത്തിനുചുറ്റുമുള്ള 40 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും പ്രവിശ്യകളിലെയും 2,000-ത്തിൽപരം നഗരങ്ങളി”ൽ കണ്ടെത്തി—“അശ്ലീല സാമഗ്രികൾ കൈവശംവെക്കുന്നതു വധശിക്ഷാർഹമായ കുറ്റമായിരിക്കാവുന്ന ചൈന പോലുള്ള ചില രാജ്യങ്ങളും ഇവയിൽ ഉൾപ്പെടുന്നു.”
“ലൈംഗിക ബന്ധനാവസ്ഥ, പരദ്രോഹപ്രിയം, മൂത്രമൊഴിക്കൽ, മലവിസർജനം, പലതരത്തിലുള്ള മൃഗങ്ങളുമായുള്ള ലൈംഗികവേഴ്ചകൾ എന്നിവയുടെ പ്രതിരൂപങ്ങൾ ഉൾപ്പെടുന്ന ‘വഴിതെറ്റിക്കുന്ന’ കാര്യങ്ങൾ അടങ്ങിയ ഭാഗ്യംവരുത്തുന്ന ഒരു സഞ്ചി” എന്ന് ടൈം മാഗസിൻ, ഒരു തരം കമ്പ്യൂട്ടർ അശ്ലീലത്തെ വർണിച്ചു. ലോകമെമ്പാടുമുള്ള സ്ത്രീപുരുഷന്മാർക്കും കുട്ടികൾക്കും കാണത്തക്കവിധം ഇത്തരത്തിലുള്ള വിവരങ്ങൾ ഒരു പൊതു കമ്പ്യൂട്ടർ നെറ്റ്വർക്കിൽ പ്രത്യക്ഷമാകുന്നത്, സംസാര സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതിനെസംബന്ധിച്ച ഗൗരവാവഹമായ ചോദ്യങ്ങൾ ഉയർത്തുന്നു.
“കുട്ടികൾ കണ്ടുകൊണ്ടിരിക്കുമ്പോൾ പച്ച അശ്ലീലങ്ങൾ വാർത്താ ഏജൻറുമാരുടെ ഷെൽഫുകളുടെ മുകൾത്തട്ടിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നില്ല. അത് ഏതു കുട്ടിക്കും അനായാസം ലഭ്യമാണ്. കിടപ്പറയുടെ സ്വകാര്യതയിൽ എന്നർഥം,” ഒരു ബ്രിട്ടീഷ് വർത്തമാനപത്രം അഭിപ്രായപ്പെട്ടു. 1996-ന്റെ അവസാനത്തോടെ കമ്പ്യൂട്ടറുകളുള്ള ബ്രിട്ടീഷ് ഭവനങ്ങളുടെ 47 ശതമാനം കമ്പ്യൂട്ടർ നെറ്റ്വർക്കുകളാൽ ബന്ധിപ്പിക്കപ്പെടുമെന്ന് പ്രവചിക്കപ്പെടുന്നു. “ഒട്ടേറെ ബ്രിട്ടീഷ് മാതാപിതാക്കൾ, തങ്ങളുടെ മക്കൾ അധിവസിക്കുന്ന ഉയർന്ന സാങ്കേതികവിദ്യാ ലോകത്തുനിന്ന് അകറ്റിനിർത്തപ്പെട്ടിരിക്കുന്നു. കഴിഞ്ഞ 18 മാസങ്ങളായി ‘നെറ്റ്വർക്കിൽ മേയുന്നത്’ കൗമാരപ്രായക്കാരുടെ ഏറ്റവും പ്രചാരമേറിയ നേരമ്പോക്കായിത്തീർന്നിരിക്കുന്നു,” വർത്തമാനപത്രം പറഞ്ഞു.
കാനഡായിൽ കാൾഗരി സർവകലാശാലയിലെ നിയമ പ്രൊഫസറും അശ്ലീലത്തെ ചുറ്റിപ്പറ്റിയുള്ള നിയമപരമായ വാദവിഷയങ്ങളിൽ നിപുണയുമായ കേത്ലീൻ മായോനി പറഞ്ഞു: “കുട്ടികളെ വഷളാക്കുകയും സ്വാധീനിക്കുകയും ചെയ്യാനാവുന്ന, തീർത്തും നിയന്ത്രണാതീതമായ ഒരു മാധ്യമം സ്ഥിതി ചെയ്യുന്നു എന്നതിനെക്കുറിച്ച് പൊതുജനം ബോധമുള്ളവരായിരിക്കണം.” കാനഡക്കാരനായ ഒരു പൊലീസുദ്യോഗസ്ഥൻ പറഞ്ഞു: “കമ്പ്യൂട്ടർ സംബന്ധമായ ബാലഅശ്ലീല കേസുകളുടെ പൊടുന്നനെയുള്ള ഒരു വർധനവുതന്നെ താമസിയാതെ സംഭവിക്കുമെന്നതിനു സുവ്യക്തമായ സൂചനകളുണ്ട്.” കുട്ടികൾ കാണുന്ന കമ്പ്യൂട്ടർ അശ്ലീലവും അവയ്ക്ക് അവരുടെമേലുണ്ടായിരിക്കാവുന്ന സ്വാധീനവും “വ്യക്തവും നിലവിലുള്ളതുമായ ഒരു വിപത്തിനെ കുറിക്കുന്നു” എന്ന് ഒട്ടേറെ ഭവന കൗൺസിലിംഗ് ഗ്രൂപ്പുകൾ നിഷ്കർഷിക്കുന്നു.
ഭിന്നാഭിപ്രായങ്ങൾ
ജസ്റ്റിസ് ഹോംസിന്റെയും യു.എസ്. സുപ്രീം കോടതിയുടെയും വിധിയോടുള്ള ചേർച്ചയിൽ കമ്പ്യൂട്ടർ അശ്ലീലം പോലുള്ള കാര്യങ്ങളെ നിയന്ത്രിക്കാനുള്ള കോൺഗ്രസിന്റെ ഏതു നടപടിക്കെതിരെയും പൊതുജനസ്വാതന്ത്ര്യവാദികൾ ക്ഷുഭിതരാകുന്നു. “ഒന്നാം ഭേദഗതിക്കുനേരെയുള്ള നേരിട്ടുള്ള ഒരു കയ്യേറ്റമാണിത്,” ഒരു ഹാർവാർഡ് നിയമ പ്രൊഫസർ പ്രസ്താവിച്ചു. തഴക്കവും പഴക്കവുമുള്ള പ്രോസിക്യൂട്ടർമാർപോലും ഇതിനെ അപഹസിക്കുന്നതായി ടൈം മാഗസിൻ പറഞ്ഞു. “ചെറിയ കുറ്റങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിലെ പരിശോധനയിൽപോലും ഇതു നിലനിൽക്കില്ല,” ഒരു പ്രോസിക്യൂട്ടർ പറഞ്ഞു. “ഇത് ഗവൺമെൻറ് സെൻസർഷിപ്പാണ്,” ഇലക്ട്രോണിക്ക് പ്രൈവസി ഇൻഫർമേഷൻ സെന്ററിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. “ഒന്നാം ഭേദഗതി, ഇന്റർനെറ്റ് ആരംഭിക്കുന്നിടത്ത് അവസാനിക്കാൻ പാടില്ല” എന്ന് അദ്ദേഹം പറയുന്നതായി ടൈം മാഗസിൻ ഉദ്ധരിച്ചു. “ഇത് സംസാര സ്വാതന്ത്ര്യത്തിന്റെ വ്യക്തമായ ഒരു ലംഘനമാണ്, പ്രായപൂർത്തിയായവർക്കു പരസ്പരം ആശയവിനിയമം നടത്താനുള്ള അവകാശത്തിന്റെ ഒരു ലംഘനം കൂടിയാണിത്,” യു.എസ്. കോൺഗ്രസിലെ ഒരംഗം പ്രഖ്യാപിക്കുകയുണ്ടായി.
പൊതുജനസ്വാതന്ത്ര്യത്തിനും സംസാര സ്വാതന്ത്ര്യത്തിനുമപ്പുറത്ത്, ലൈംഗികതയുടെ വിവിധ പ്രകടനങ്ങളിൽ പ്രയോജനമുണ്ടെന്നു ന്യൂയോർക്ക് നിയമ വിദ്യാലയത്തിലെ ഒരു പ്രൊഫസർ വാദിക്കുന്നു. “ഇന്റർനെറ്റിലെ ലൈംഗികത വാസ്തവത്തിൽ യുവജനങ്ങളെ സംബന്ധിച്ചിടത്തോളം നല്ലതായിരുന്നേക്കാം,” അവരുടെ വീക്ഷണം ടൈം മാഗസിൻ റിപ്പോർട്ടു ചെയ്തു. “വിലക്കപ്പെട്ടതും ഭ്രഷ്ടു കൽപ്പിച്ചിരിക്കുന്നതുമായ കാര്യങ്ങൾ കണ്ടുപിടിക്കാനുള്ള സുരക്ഷിതമായ ഒരിടമാണ് [കമ്പ്യൂട്ടർ ലോകം] . . . ലൈംഗികതയുടെ സൂക്ഷ്മവും അതുപോലെതന്നെ സാങ്കൽപ്പികവുമായ രൂപങ്ങളെക്കുറിച്ചു കലർപ്പില്ലാതെ, ബുദ്ധിമുട്ടില്ലാതെ സംഭാഷണം നടത്തുന്നതിനുള്ള അവസരം അതു പ്രദാനം ചെയ്യുന്നു,” അവർ പറഞ്ഞു.
കമ്പ്യൂട്ടർ നെറ്റ്വർക്കിലെ അശ്ലീലങ്ങൾക്കുമേലുള്ള ഏതു നിയന്ത്രണത്തിനെതിരെയും പൊരുതുന്നവരിൽ നിരവധി യുവജനങ്ങളുമുണ്ട്, പ്രത്യേകിച്ചും സർവകലാശാലാ വിദ്യാർഥികൾ. സംസാര സ്വാതന്ത്ര്യത്തിനുള്ള തങ്ങളുടെ അവകാശങ്ങൾ എടുത്തുകളയുന്നതെന്നു വീക്ഷിക്കുന്ന കാര്യങ്ങൾക്കെതിരായി ചിലർ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ഒരു വിദ്യാർഥിയുടേതല്ലെങ്കിലും, ദ ന്യൂയോർക്ക് ടൈംസിൽ ഉദ്ധരിക്കപ്പെട്ട ഒരു വ്യക്തിയുടെ അഭിപ്രായം, കമ്പ്യൂട്ടറിലൂടെയുള്ള അശ്ലീലം നിരോധിക്കുന്ന ഏത് നിർദേശത്തെയും എതിർക്കുന്ന നിരവധി പേരുടെ വികാരങ്ങളെ പ്രതിധ്വനിപ്പിക്കുന്നു: “ഈ രാജ്യത്തുള്ള സകല ഇന്റർനെറ്റ് ഉപയോക്താക്കളും ഇതിനെ പരിഹസിച്ചുതള്ളുമെന്നും, ലോകത്തിലെ ബാക്കിയുള്ള ഇന്റർനെറ്റ് സമുദായത്തിന്റെ മുമ്പാകെ ഇത് ഐക്യനാടുകളെ പരിഹാസപാത്രമാക്കിത്തീർക്കുമെന്നും ഞാൻ സംശയിക്കുന്നു.”
പൊതുജന സ്വാതന്ത്ര്യവാദി ഗ്രൂപ്പിലെ ഒരു ഉദ്യോഗസ്ഥനിൽനിന്നുള്ള ഒരു പ്രസ്താവന റിപ്പോർട്ടു ചെയ്യവേ, യു.എസ്. ന്യൂസ് & വേൾഡ് റിപ്പോർട്ട് ഇങ്ങനെ അഭിപ്രായപ്പെട്ടു: “സൈബർസ്പേസ്, [കമ്പ്യൂട്ടർ നെറ്റ്വർക്കുകൾ] സംസാരസ്വാതന്ത്ര്യത്തെ ഒന്നാം ഭേദഗതിയെക്കാൾ ബലിഷ്ഠമാക്കിയേക്കാം. തീർച്ചയായും, ‘ഒരു ഗവൺമെൻറിന് ജനങ്ങളെ മിണ്ടാതാക്കുന്നത് അക്ഷരീയമായി അസാധ്യ’മായിത്തീർന്നിരിക്കാം.”
കാനഡയിൽ, അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും സംബന്ധിച്ച പ്രമാണത്തിലെ അഭിപ്രായപ്രകടന സ്വാതന്ത്ര്യം ലംഘിക്കുന്നതരത്തിലുള്ള വിവാദങ്ങൾ അലയടിച്ചുകൊണ്ടിരിക്കുകയാണ്. വിമർശകരുടെയും പൊലീസുകാരുടെയും ദേഷ്യം ആളിക്കത്തിക്കുന്നതരത്തിലുള്ള ചിത്രങ്ങളെ “അശ്ലീല”മെന്നു മുദ്രകുത്തി, അവ രചിച്ച കലാകാരന്മാരെ അറസ്റ്റു ചെയ്തിരിക്കുന്നു. തങ്ങളുടെ സംസാര സ്വാതന്ത്ര്യത്തിന്റെ ഒരു ലംഘനമായി അറസ്റ്റുകളെ എതിർക്കാനും പ്രഖ്യാപിക്കാനുംവേണ്ടി കലാകാരന്മാരും സംസാര സ്വാതന്ത്ര്യവാദികളും കൈകോർത്തിരിക്കുകയാണ്. ഏതാണ്ട് രണ്ടു വർഷംമുമ്പുവരെ, കാനഡയിലെ അശ്ലീലത്തിനെതിരെയുള്ള നിയമത്തിൻകീഴിൽ പൊലീസുകാർ അശ്ലീല വീഡിയോ ടേപ്പുകൾ ദിവസേന പിടിച്ചെടുത്തിരുന്നു. കേസുകൾ വിചാരണ ചെയ്യുകയും അതിന്റെ വിൽപ്പന നടത്തിയ വ്യാപാരികൾ കുറ്റക്കാരാണെന്നു കണ്ടെത്തുകയും ചെയ്തു.
എന്നിരുന്നാലും, 1992-ൽ കാനഡായിലെ സുപ്രീം കോടതി, അവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും പ്രമാണത്തിൽ ഉറപ്പുനൽകുന്ന ആശയാവിഷ്കരണ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിൽ അത്തരത്തിലുള്ള ഉത്പന്നങ്ങൾ നിയമനടപടികളിൽനിന്നു സംരക്ഷിക്കപ്പെടുന്നതായി, പ്രധാനപ്പെട്ട ഒരു കേസിനോടു ബന്ധപ്പെട്ടു തീർപ്പുകൽപ്പിച്ചതോടെ അതിനെല്ലാം മാറ്റംവന്നു. കോടതിയുടെ തീർപ്പ് “കാനഡ സമൂഹത്തിനു കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്,” മാക്ലീൻസ് മാഗസിൻ എഴുതി. “ഒട്ടേറെ നഗരങ്ങളിൽ, തെരുക്കോണുകളിലെ കടകളിൽ പച്ച അശ്ലീലമുള്ള മാഗസിനുകളും വീഡിയോകളും ഇപ്പോൾ കണ്ടെത്തുന്നതു സാധാരണമാണ്,” മാഗസിൻ പ്രസ്താവിച്ചു. നിരോധിക്കേണ്ടവയെന്നു കോടതി തീർപ്പുകൽപ്പിച്ചവപോലും ഉപഭോക്താക്കൾക്ക് ഇപ്പോഴും ലഭ്യമാണ്.
“അവിടെച്ചെന്നാൽ നിയമവിരുദ്ധമായിരിക്കാവുന്ന വസ്തുക്കൾ നിങ്ങൾ കണ്ടെത്തുമെന്ന് എനിക്കറിയാം,” ഒരു പൊലീസുദ്യോഗസ്ഥൻ പറഞ്ഞു. “സാധ്യതയനുസരിച്ച് ഞങ്ങൾക്കു പോയി കുറ്റം ചുമത്താവുന്ന വസ്തുക്കളാണത്. എന്നാൽ . . . ഞങ്ങൾക്കതിനു സമയമില്ല.” മാത്രമല്ല, കുറ്റാരോപണങ്ങൾ സാധുതയുള്ളതായിരിക്കുമെന്ന് അവർക്ക് ഉറപ്പില്ല. ഈ അനുവാദാത്മക യുഗത്തിൽ, അതിരില്ലാത്ത വ്യക്തിഗത സ്വാതന്ത്ര്യത്തിനു പ്രത്യേക പരിഗണന നൽകിയിരിക്കുന്നു. കോടതികൾ പൊതുവേ പൊതുജനാഭിപ്രായത്താൽ സ്വാധീനിക്കപ്പെടുന്നു. പക്ഷേ, യുക്തിവാദം എന്തുതന്നെയാണെങ്കിലും, വാഗ്വാദം ഇരുവശത്തും ആഴമേറിയ, ഭിന്നതയുളവാക്കുന്ന വികാരങ്ങൾ തുടർന്നും ഉണർത്തിക്കൊണ്ടിരിക്കും—അനുകൂലമായും പ്രതികൂലമായും.
ഒരുകാലത്ത്, ജപ്പാൻ, സംസാര സ്വാതന്ത്ര്യവും പത്ര സ്വാതന്ത്ര്യവും സംബന്ധിച്ച കടുത്ത നിയന്ത്രണത്തിൻകീഴിലായിരുന്നു. ഉദാഹരണത്തിന്, റിക്റ്റർ സ്കെയിലിൽ 7.9 എന്ന് അളക്കപ്പെട്ട, ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കിയ ഒരു ഭൂകമ്പത്തെക്കുറിച്ചു തുറന്നെഴുതാൻ സാധിക്കില്ലായിരുന്നു. അഴിമതിയെയോ കാമുകീകാമുകന്മാർ ആത്മഹത്യാകരാർപ്രകാരം പരസ്പരം കൊല്ലുന്നതിനെയോ കുറിച്ചു റിപ്പോർട്ടു ചെയ്യാൻ പാടില്ലായിരുന്നു. നിസ്സാരമെന്നു വീക്ഷിച്ചിരുന്ന കാര്യങ്ങൾക്കുപോലും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളുടെ തീവ്രത വർധിച്ചതോടെ പത്രാധിപർ ഗവൺമെൻറിന്റെ ഭീഷണികൾക്കുമുമ്പിൽ മുട്ടുമടക്കി. എന്തായാലും, രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു, ജപ്പാൻ കൂടുതൽ സംസാര സ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും ആസ്വദിച്ചു.
തീർച്ചയായും, മാഗസിനുകളും കുട്ടികൾക്കുള്ള ചില കോമിക്ക് പുസ്തകങ്ങളും കാമാസക്തവും അസഭ്യവുമായ ചിത്രങ്ങൾകൊണ്ടു നിറഞ്ഞപ്പോൾ പെൻഡുലം മറ്റേ അറ്റത്തേക്കാടി. ദ ഡെയ്ലി യോമിയൂരി എന്ന പ്രമുഖ ജാപ്പനീസ് വർത്തമാനപത്രം ഒരിക്കൽ ഇപ്രകാരം എഴുതി: “പുതുതായി ജപ്പാനിൽ കാലുകുത്തുന്ന ഒരു വിദേശിയെ ഞെട്ടിക്കുന്ന കാഴ്ചകളിലൊന്ന് ഒരുപക്ഷേ, ടോക്കിയോയിലെ ഭൂഗർഭപാതകളിൽ ബിസിനസുകാർ ലൈംഗിക കോമിക്ക് പുസ്തകങ്ങൾ വായിക്കുന്നതാണ്. ബുക്ക്സ്റ്റോറുകളിലെയും സൂപ്പർമാർക്കറ്റിലെയും ഷെൽഫുകളിൽ വനിതകളുടെ അശ്ലീല കോമിക്ക് പുസ്തകങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ പ്രവണത സ്ത്രീകളെയും ബാധിച്ചുതുടങ്ങിയതായി കാണപ്പെടുന്നു.”
1995-ൽ ആസാഹീ ഷെമ്പൂൻ എന്ന പ്രശസ്ത വർത്തമാനപത്രം ജപ്പാനെ “അശ്ലീല പറുദീസ” എന്നു വിളിക്കുകയുണ്ടായി. മാതാപിതാക്കളിൽനിന്നുള്ള എതിർപ്പുകൾക്കുത്തരമായി, പത്രാധിപന്മാരും പ്രസാധകരും ഗവൺമെൻറ് നിയമങ്ങൾക്കു ശ്രമിക്കുന്നതിനുപകരം സ്വമേധയായുള്ള പരിഹാരം തേടിയപ്പോൾ യുവ വായനക്കാർ എതിർത്തു. ‘ആരുടെ സ്വരമായിരിക്കാം ഒടുവിൽ നിലനിൽക്കുന്നത്,’ ഒരുവൻ ചോദിച്ചേക്കാം?
ഫ്രാൻസിൽ, സംസാര സ്വാതന്ത്യം ഇപ്പോൾ വളരെയധികം വിവാദപരമായ ഒരു വിഷയമാണ്. സംസാരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തന്റെ പുസ്തകത്തിൽ, “സംശയലേശമെന്യേ, സംസാര സ്വാതന്ത്ര്യത്തിന്റെ ചരിത്രം അവസാനിച്ചിട്ടില്ല, തുടർന്നും അത് ഭിന്നതകൾ സൃഷ്ടിച്ചുകൊണ്ടിരിക്കും. . . . സെൻസർഷിപ്പിനെ സംബന്ധിച്ച, പഴയതും ഒരിക്കലും തീരാത്തതുമായ വാഗ്വാദത്തിനു വീണ്ടും തിരികൊളുത്തുന്നവിധം, ഘോരമായ പ്രതികരണം സൃഷ്ടിച്ചുകൊണ്ടുള്ള ഒരു സിനിമയോ ടെലിവിഷൻ പരമ്പരയോ പരസ്യമോ റിലീസ് ചെയ്യാതെ ഒരൊറ്റ വർഷംപോലും കടന്നുപോകുന്നില്ല,” ഫ്രഞ്ച് ഗ്രന്ഥകാരനായ ഷാൻ ഒറാൻഷ് എഴുതി.
പാരീസ് വർത്തമാനപത്രമായ ല ഫിഗാറോയിൽ വന്ന ഒരു ലേഖനം, മിനിസ്റ്റെർ ആമെർ (കഠോര ശുശ്രൂഷ) എന്നു വിളിക്കപ്പെടുന്ന ഒരു റാപ്പ് സംഗീതസംഘം പൊലീസുകാരെ വധിക്കാൻ അതിന്റെ ആരാധകരെ പ്രോത്സാഹിപ്പിക്കുന്നതായി റിപ്പോർട്ടു ചെയ്തു. അവരുടെ ഒരു ഗാനത്തിലെ വരികൾ ഇങ്ങനെ പറയുന്നു: “പൊലീസ് വിശ്രാന്തികൊള്ളുന്നതുവരെ ശാന്തിയുണ്ടാവുകയില്ല.” “ഞങ്ങളുടെ റെക്കോർഡിൽ, പൊലീസ് സ്റ്റേഷൻ കത്തിച്ചുകളയാനും [പൊലീസിനെ] ബലികഴിക്കാനും ഞങ്ങൾ അവരോടു പറയുന്നു. ഇനിനേക്കാൾ സ്വാഭാവികമായി വേറെ എന്തുണ്ട്?” സംഘത്തിന്റെ വക്താവ് പ്രഖ്യാപിച്ചു. റാപ്പ് സംഘത്തിനെതിരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.
അമേരിക്കയിലെ റാപ്പ് സംഘങ്ങളും പൊലീസ് വധത്തെ പ്രോത്സാഹിപ്പിക്കുന്നു, ഇത്തരത്തിലുള്ള ആശയങ്ങൾ സംസാരസ്വാതന്ത്ര്യാവകാശത്തിന്റെ സംരക്ഷണത്തിൻകീഴിൽ പ്രകടിപ്പിക്കാനുള്ള അവകാശം അവർ പ്രഖ്യാപിക്കുന്നു. ഫ്രാൻസ്, ഇറ്റലി, ഇംഗ്ലണ്ട് എന്നിവിടങ്ങളിലും യൂറോപ്പിലും ലോകത്തിനുചുറ്റുമുള്ള മറ്റു രാഷ്ട്രങ്ങളിലും പരസ്യമായി സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തിന്മേൽ—“വ്യക്തവും നിലവിലുള്ളതുമായ ഒരു വിപത്ത് സൃഷ്ടിക്കത്തക്ക സ്വാഭാവമുള്ള” താണെങ്കിൽ പോലും—നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പാടില്ലെന്ന മുറവിളി എല്ലാ സമൂഹങ്ങളിലും കേൾക്കാം. ഈ വിവാദം എന്നായിരിക്കും അവസാനിക്കുന്നത്, വിജയം ആരുടെ പക്ഷത്തായിരിക്കും?
[7-ാം പേജിലെ ചിത്രം]
കമ്പ്യൂട്ടർ അശ്ലീലം, “‘വഴിതെറ്റിക്കുന്ന’ കാര്യങ്ങൾ അടങ്ങിയ ഭാഗ്യംവരുത്തുന്ന ഒരു സഞ്ചി”