സംസാര സ്വാതന്ത്ര്യത്തിന്റെ ചരിത്രപരമായ വികാസം
ചരിത്രത്തിലുടനീളം മനുഷ്യർ സംസാര സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയിട്ടുണ്ട്. പരസ്യമായി ഒരാശയപ്രകടനം നടത്തുന്നതിനുള്ള അവകാശം സംബന്ധിച്ചു നിയമങ്ങൾ പാസാക്കിയിട്ടുണ്ട്, യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്, ജീവൻ നഷ്ടപ്പെടുത്തിയിട്ടുണ്ട്.
സ്വാഭാവികമെന്നു തോന്നുന്ന അത്തരമൊരു അവകാശം രക്തച്ചൊരിച്ചിലിനിടയാക്കത്തക്കവണ്ണം പോലും വിവാദം ഇളക്കിവിട്ടിരിക്കുന്നതെന്തുകൊണ്ട്? കഴിഞ്ഞകാലത്തെയും വർത്തമാനകാലത്തെയും സമൂഹങ്ങൾ, ഈ അവകാശം വിനിയോഗിക്കുന്നതു നിയന്ത്രിക്കുകയോ നിരോധിക്കുകപോലുമോ ചെയ്യേണ്ടത് ആവശ്യമാണെന്നു കണ്ടെത്തിയിരിക്കുന്നത് എന്തുകൊണ്ട്?
ജനങ്ങൾക്കുവേണ്ട സംസാര സ്വാതന്ത്ര്യത്തിനനുകൂലമായ മനോഭാവം, ഒരു കൂറ്റൻ പെൻഡുലംപോലെ കാലമാകുന്ന ഘടികാരത്തിൽ അങ്ങോട്ടുമിങ്ങോട്ടും ആടിയിട്ടുണ്ട്. സംസാര സ്വാതന്ത്ര്യം, ആസ്വദിക്കപ്പെടേണ്ട ഒരു പദവിയായി ചിലപ്പോൾ വീക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റുചിലപ്പോഴാകട്ടെ, ഗവൺമെൻറുകളോ മതങ്ങളോ കൈകാര്യംചെയ്യേണ്ട ഒരു പ്രശ്നമായി അതു പരിഗണിക്കപ്പെട്ടിരിക്കുന്നു.
ഒരഭിപ്രായം പരസ്യമായി പ്രകടിപ്പിക്കാനുള്ള അവകാശത്തിനുവേണ്ടി പൊരുതിയിട്ടുള്ളവരുടെ വിവരണങ്ങൾകൊണ്ട് ചരിത്രം നിറഞ്ഞിരിക്കുന്നതിനാൽ—അതു മിക്കപ്പോഴും അവർ കഠിനമായി പീഡിപ്പിക്കപ്പെടുന്നതിലോ കൊല്ലപ്പെടുന്നതിലോ കലാശിക്കുന്നു—ഈ സംഭവങ്ങളിൽ ചിലതിന്റെ ഒരു പുനരവലോകനം, ഈ പ്രശ്നത്തിലേക്കു നമുക്ക് ഉൾക്കാഴ്ച നൽകേണ്ടതാണ്.
ചരിത്രവിദ്യാർഥികൾ സോക്രട്ടീസ് (പൊ.യു.മു. 470-399) എന്ന ഗ്രീക്ക് തത്ത്വചിന്തകനെ അനുസ്മരിക്കാനിടയുണ്ട്. അദ്ദേഹത്തിന്റെ വീക്ഷണങ്ങൾക്കും പഠിപ്പിക്കലുകൾക്കും ഏതെൻസിലെ യുവജനങ്ങളുടെ ധാർമികനിഷ്ഠകളുടെമേൽ ദുഷിപ്പിക്കുന്ന സ്വാധീനമുള്ളതായി കരുതപ്പെട്ടു. ഇതു ഗ്രീക്ക് അധ്യക്ഷാധിപത്യത്തിന്റെ രാഷ്ട്രീയ നേതാക്കളുടെയും മതനേതാക്കളുടെയും ഇടയിൽ, വലിയ സംഭ്രമത്തിനിടയാക്കുകയും അദ്ദേഹത്തിന്റെ മരണത്തിൽ കലാശിക്കുകയും ചെയ്തു. വ്യവഹാരസമിതിയുടെ മുമ്പാകെ അദ്ദേഹം നടത്തിയ വാദം, സംസാര സ്വാതന്ത്ര്യം പരിരക്ഷിക്കുന്നതിനായി നടത്തപ്പെട്ടിട്ടുള്ള ഏറ്റവും വാക്ചാതുര്യത്തോടുകൂടിയ പ്രതിവാദങ്ങളിലൊന്നായി നിലനിൽക്കുന്നു: “ജ്ഞാനത്തിനുവേണ്ടിയുള്ള ഈ അന്വേഷണത്തിൽ എന്റെ അഭിപ്രായം ഇനിയൊരിക്കലും ഞാൻ പ്രകടിപ്പിക്കരുതെന്നും, അങ്ങനെ വീണ്ടും ചെയ്യുന്നതുനിമിത്തം പിടിക്കപ്പെട്ടാൽ ഞാൻ മരിക്കേണ്ടിവരുമെന്നുമുള്ള വ്യവസ്ഥയിൽ എന്നെ വിട്ടയക്കാമെന്നു നിങ്ങൾ വാഗ്ദാനം ചെയ്യുന്നുവെങ്കിൽ, ‘ഏതെൻസിലെ പുരുഷന്മാരേ, നിങ്ങളേക്കാളുപരിയായി ഞാൻ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു’ എന്ന് എനിക്കു നിങ്ങളോടു പറയേണ്ടി വരും. ‘എനിക്കു ജീവനും ശക്തിയും ഉള്ളപ്പോൾ, തത്ത്വജ്ഞാനം പിന്തുടരുന്നതും കണ്ടുമുട്ടുന്ന നിങ്ങളിലാരെയും പ്രബോധിപ്പിക്കുന്നതും ബോധ്യപ്പെടുത്തുന്നതും ഞാൻ ഒരിക്കലും നിറുത്തുകയില്ല. കാരണം, ദൈവം കൽപ്പിക്കുന്നതു തീർച്ചയായും ഇതുതന്നെയാണ്. . . .’ എന്നുമാത്രമല്ല, ഏതെൻസുകാരേ, ‘എന്നെ വിട്ടയച്ചാലും ഇല്ലെങ്കിലും ഞാൻ മറ്റൊരു വിധത്തിൽ പ്രവർത്തിക്കില്ല, അതിനുവേണ്ടി നിരവധി പ്രാവശ്യം മരിക്കേണ്ടി വന്നാൽപോലും’ എന്നു ഞാൻ തുടർന്നുപറയേണ്ടിയിരിക്കുന്നു.”
കാലം കടന്നുപോകവേ, റോമൻചരിത്രത്തിന്റെ പ്രാരംഭദശയിൽ കുറച്ചു നിയന്ത്രണങ്ങൾ മാത്രം ഏർപ്പെടുത്തിയിരുന്നതായി കാണപ്പെട്ടു. എന്നാൽ, റോമാസാമ്രാജ്യം വികസിച്ചതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തപ്പെട്ടു. പ്രസംഗ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും ഇരുണ്ട യുഗത്തിന് ഇതു തുടക്കംകുറിച്ചു. തിബര്യോസിന്റെ വാഴ്ചക്കാലത്ത് (പൊ.യു. 14-37) ഗവൺമെൻറിനോ അതിന്റെ നയങ്ങൾക്കോ എതിരെ വെട്ടിത്തുറന്നു സംസാരിച്ചവരോട് ഒരു ദാക്ഷിണ്യവും കാണിച്ചിരുന്നില്ല; സംസാര സ്വാതന്ത്ര്യത്തെ എതിർത്തിരുന്നത് റോം മാത്രമായിരുന്നില്ല. യഹൂദ നേതാക്കന്മാർ യേശുവിന്റെ പഠിപ്പിക്കലുകളുടെ പേരിൽ അവനെ വധിക്കാൻ പൊന്തിയോസ് പീലാത്തോസിനെ നിർബന്ധിച്ചതും അവന്റെ അപ്പോസ്തലൻമാർ പ്രസംഗവേല നിർത്തണമെന്നു വ്യക്തമായി ഉത്തരവിട്ടതും ഈ കാലത്തായിരുന്നു. നിർത്തുന്നതിനുപകരം മരിക്കാൻ ഇവരും തയ്യാറായിരുന്നു.—പ്രവൃത്തികൾ 5:28, 29.
ചരിത്രത്തിന്റെ മിക്ക കാലഘട്ടങ്ങളിലും, ഗവൺമെൻറുകൾ അനുവദിച്ചുകൊടുത്തിട്ടുള്ള പൊതുജനാവകാശങ്ങൾ മിക്കപ്പോഴും ഇഷ്ടാനുസരണം മാറ്റുകയോ പിൻവലിക്കുകയോ ചെയ്യപ്പെട്ടു. ഇതു സംസാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങളിൽ കലാശിച്ചിരിക്കുന്നു. മധ്യകാലഘട്ടം മുതൽ ചിലയാളുകൾ, തങ്ങളുടെ അവകാശങ്ങൾ വ്യക്തമാക്കുന്ന, ആ അവകാശങ്ങളിന്മേലുള്ള ഗവൺമെൻറ് നിയന്ത്രണങ്ങൾക്കു പരിമിതി കൽപ്പിക്കുന്ന, ഒരു ലിഖിത പ്രമാണം ആവശ്യപ്പെട്ടിട്ടുണ്ട്. തത്ഫലമായി, സാർഥകമായ അവകാശപത്രികകൾ രൂപീകരിക്കപ്പെടാൻ തുടങ്ങി. മനുഷ്യാവകാശ രംഗത്ത് ഒരു അതിപ്രധാനസംഭവമായ മാഗ്നകാർട്ട ഇവയിൽപെട്ടതായിരുന്നു. പിന്നീട്, ഇംഗ്ലീഷ് അവകാശപത്രിക (1689), വെർജീനിയ അവകാശപ്രഖ്യാപനങ്ങൾ (1776), ഫ്രഞ്ച് മനുഷ്യാവകാശപ്രഖ്യാപനം (1789), യുണൈറ്റഡ് സ്റ്റേറ്റ്സ് അവകാശപത്രിക (1791) എന്നിവ വന്നു.
17-ഉം 18-ഉം 19-ഉം നൂറ്റാണ്ടുകളിൽ സംസാര സ്വാതന്ത്ര്യത്തിനുവേണ്ടി ചരിത്രത്തിലെ പ്രമുഖ വ്യക്തികൾ ശബ്ദമുയർത്തുകയുണ്ടായി. പറുദീസ നഷ്ടം എഴുതിയതിന് വിശ്രുതനായ ഇംഗ്ലീഷ് കവി ജോൺ മിൽട്ടൺ, പത്രസ്വാതന്ത്ര്യത്തിന്മേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെയുള്ള വാദമുഖം എന്നനിലയിൽ, 1644-ൽ ഏറെയോപേയീറ്റീക എന്ന വിഖ്യാതമായ ഒരു ലഘുലേഖയെഴുതി.
നിയന്ത്രണങ്ങൾ നിലനിന്നെങ്കിൽത്തന്നെയും ഇംഗ്ലണ്ടിൽ സംസാര സ്വാതന്ത്ര്യത്തിന്റെ വളർച്ചക്ക് 18-ാം നൂറ്റാണ്ട് സാക്ഷിയായി. അമേരിക്കയിൽ, കോളനികൾ വാമൊഴിയാലും വരമൊഴിയാലുമുള്ള സംസാര സ്വാതന്ത്ര്യ അവകാശത്തിനായി നിർബന്ധം പിടിക്കുകയായിരുന്നു. ഉദാഹരണത്തിന്, 1776 സെപ്റ്റംബർ 28-ലെ കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ദ കോമൺവെൽത്ത് ഓഫ് പെൻസിൽവേനിയ ഭാഗികമായി ഇപ്രകാരം പ്രസ്താവിച്ചു: “ആളുകൾക്കു സ്വതന്ത്രമായി സംസാരിക്കാനും എഴുതാനും തങ്ങളുടെ വികാരങ്ങൾ പ്രസിദ്ധീകരിക്കാനുമുള്ള അവകാശമുണ്ട്. അതുകൊണ്ട് പത്രസ്വാതന്ത്ര്യം നിയന്ത്രിക്കാൻ പാടില്ലാത്തതാണ്.”
1791-ലെ യു.എസ്. ഭരണഘടനയുടെ ഒന്നാം ഭേദഗതിക്കുള്ള ഒരു പ്രചോദനം ഈ പ്രസ്താവനയായിരുന്നു. അത് ജനങ്ങളുടെ താലോലിക്കപ്പെടുന്ന അവകാശങ്ങളെ സംബന്ധിച്ച അമേരിക്കൻ ഭരണഘടനാസ്ഥാപകരുടെ ചിന്താഗതി വ്യക്തമാക്കി: “ഒരു മതസ്ഥാപനത്തെ സംബന്ധിച്ചോ, മതത്തിന്റെ സ്വതന്ത്രമായ ആചാരത്തെ വിലക്കിക്കൊണ്ടോ; സംസാര സ്വാതന്ത്ര്യമോ പത്രസ്വാതന്ത്ര്യമോ, സമാധാനത്തിൽ സമ്മേളിക്കാനും അവശതകളുടെ പരിഹാരാർഥം ഗവൺമെൻറിന് നിവേദനം നൽകാനുമുള്ള അവകാശമോ വെട്ടിച്ചുരുക്കിക്കൊണ്ടോ ഒരു നിയമവും കോൺഗ്രസ് കൊണ്ടുവരികയില്ല.”
19-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് തത്ത്വചിന്തകനായ ജോൺ സ്റ്റുവാർട്ട് മിൽ 1859-ൽ “സ്വാതന്ത്ര്യത്തെക്കുറിച്ച്” എന്ന ഉപന്യാസം പ്രസിദ്ധീകരിക്കുകയുണ്ടായി. അതു പലപ്പോഴും ഉദ്ധരിക്കപ്പെടുക മാത്രമല്ല, സംസാര സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്ന ഏറ്റവും പ്രമുഖമായ പ്രസ്താവനകളിലൊന്നായി പരാമർശിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
എന്തൊക്കെയായാലും, സ്വാതന്ത്ര്യത്തോടെ പരസ്യമായി സംസാരിക്കുന്നതിനുവേണ്ടിയുള്ള പോരാട്ടങ്ങൾ, പ്രബുദ്ധമെന്നു പറയപ്പെടുന്ന ഈ 20-ാം നൂറ്റാണ്ടിന്റെ വർഷങ്ങളുടെ ആഗമനത്തോടെ അവസാനിച്ചില്ല. ഉദാഹരണത്തിന്, അമേരിക്കയിൽ സംസാര സ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള നീക്കങ്ങൾ നിമിത്തം, ഐക്യനാടുകളിലെ കീഴ്കോടതികളിലെയും സുപ്രീം കോടതിയിലെയും തളങ്ങളിൽനിന്ന് ആ സ്വാതന്ത്ര്യത്തെ പരിരക്ഷിക്കാനുള്ള വിളംബരങ്ങൾ മാറ്റൊലികൊണ്ടിട്ടുണ്ട്.
യു.എസ്. സുപ്രീം കോടതിയിലെ ജസ്റ്റിസ് ഒലിവർ വെൻഡെൽ ഹോംസ്, ജൂനിയർ, നിരവധി കോടതിത്തീർപ്പുകളിൽ, സ്വതന്ത്ര സംസാരത്തിലുള്ള തന്റെ വിശ്വാസം പ്രസ്താവിക്കുകയുണ്ടായി. പ്രസംഗ സ്വാതന്ത്ര്യത്തിന്റെ പരീക്ഷയെ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “മറ്റേതിനേക്കാളുമധികം വിശ്വസ്തത ആവശ്യപ്പെടുന്ന ഭരണഘടനയുടെ ഒരു തത്ത്വം ഉണ്ടെങ്കിൽ അതു ചിന്താ സ്വാതന്ത്ര്യത്തിന്റെ തത്ത്വമാണ്—നമ്മോടു യോജിപ്പുള്ളവർക്കുള്ള അഭിപ്രായ സ്വാതന്ത്ര്യമല്ല, പിന്നെയോ നാം വെറുക്കുന്ന അഭിപ്രായങ്ങൾക്കുള്ള സ്വാതന്ത്യം.”—1928-ലെ യുണൈറ്റഡ് സ്റ്റേറ്റ്സ് വി. ഷ്വിമർ.
സ്വാതന്ത്ര്യത്തിനും നിയന്ത്രണത്തിനുമിടയ്ക്ക് പെൻഡുലം ആടിക്കൊണ്ടിരിക്കത്തക്കവിധം, കോടതിയുദ്ധങ്ങൾ ഇളക്കിവിട്ടിരിക്കുന്നത് ഈ തത്ത്വത്തോടുള്ള അവഗണനയാണ്. ഒട്ടുമിക്കപ്പോഴുമുള്ള വീക്ഷണം, “സംസാര സ്വാതന്ത്ര്യം എനിക്ക്—എന്നാൽ നിനക്കില്ല” എന്നതാണ്. ഈ പേരിൽതന്നെയുള്ള തന്റെ പുസ്തകത്തിൽ നേറ്റ് ഹെന്റെഫ്, ഭരണഘടനയുടെ ആദ്യത്തെ ഭേദഗതിക്കുവേണ്ടി ഉത്സാഹപൂർവം വാദിച്ചവർ തങ്ങളുടെ വീക്ഷണഗതികൾക്കനുസൃതമായി പെൻഡുലത്തോടൊപ്പം ഇടത്തോട്ടും വലത്തോട്ടും ആടിക്കൊണ്ടിരുന്ന സന്ദർഭങ്ങൾ പ്രതിപാദിക്കുന്നു. യു.എസ് സുപ്രീം കോടതി അതിന്റെതന്നെ തീരുമാനങ്ങൾ മാറ്റിമറിച്ച സന്ദർഭങ്ങൾ അദ്ദേഹം എടുത്തുപറയുന്നു. ഇവയിൽ ചിലത് യഹോവയുടെ സാക്ഷികൾ ഉൾപ്പെടുന്ന കേസുകളോടും മതപരമായ തങ്ങളുടെ ബോധ്യങ്ങൾ സ്വതന്ത്രമായി പ്രസംഗിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള അവരുടെ പോരാട്ടങ്ങളോടും ബന്ധപ്പെട്ടതായിരുന്നു. അവരെക്കുറിച്ച് അദ്ദേഹം എഴുതി: “ഭരണഘടനാപരമായ വ്യവഹാരങ്ങളിലൂടെ ആ വിശ്വാസത്തിലുള്ള അംഗങ്ങൾ മനസ്സാക്ഷി സ്വാതന്ത്ര്യം വികസിപ്പിക്കുന്നതിൽ ദശകങ്ങളിൽ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്.”
പ്രസംഗ സ്വാതന്ത്ര്യം പരിരക്ഷിക്കുന്നതിനുവേണ്ടി ഈ 20-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ, അമേരിക്കയിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലും നടന്നിട്ടുള്ള നിരവധി നിയമയുദ്ധങ്ങളെക്കുറിച്ച് ഒട്ടേറെ നിയമ വിശകലനവിദഗ്ധരും ആധുനിക ചരിത്രകാരന്മാരും ധാരാളം എഴുതിയിട്ടുണ്ട്. പ്രസംഗ സ്വാതന്ത്ര്യത്തിന് ഒരിക്കലും ഉറപ്പുലഭിക്കുന്നില്ല. ജനങ്ങൾക്കു വെച്ചുനീട്ടുന്ന സ്വാതന്ത്ര്യത്തെപ്പറ്റി ഗവൺമെൻറുകൾ വീമ്പിളക്കിയേക്കാമെങ്കിലും അനുഭവങ്ങൾ തെളിയിച്ചിട്ടുള്ളതുപോലെ ഗവൺമെൻറിന്റെയോ ന്യായാധിപന്മാരുടെയോ മാറ്റങ്ങളിലൂടെ അതു നഷ്ടമായേക്കാം. ഈ വിലപ്പെട്ട സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ യഹോവയുടെ സാക്ഷികൾ മുന്നണിയിൽ തന്നെയായിരുന്നിട്ടുണ്ട്.
ഇവരും വിശ്വസിക്കുന്നു (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ പ്രൊഫസർ സി. എസ്. ബ്രേഡൻ എഴുതുന്നു: “തങ്ങളുടെ പൊതുജനാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള അവരുടെ പോരാട്ടത്തിൽ അവർ [യഹോവയുടെ സാക്ഷികൾ] ജനാധിപത്യത്തിനുവേണ്ടി ശ്രദ്ധേയമായ ഒരു സേവനം അനുഷ്ഠിച്ചിരിക്കുന്നു. കാരണം, തങ്ങളുടെ പോരാട്ടത്തിൽ, അമേരിക്കയിലെ ന്യൂനപക്ഷ സമുദായങ്ങൾക്കെല്ലാം ആ അവകാശങ്ങൾ ഉറപ്പാക്കാൻ അവർ വളരെയധികം ചെയ്തിട്ടുണ്ട്. ഏതെങ്കിലുമൊരു കൂട്ടത്തിന്റെ പൊതുജനാവകാശങ്ങൾ ആക്രമിക്കപ്പെട്ടാൽ മറ്റു കൂട്ടങ്ങളുടെ അവകാശങ്ങളും സുരക്ഷിതമല്ല. അതുകൊണ്ട്, നമ്മുടെ ജനാധിപത്യത്തിലെ ഏറ്റവും വിലയേറിയ കാര്യങ്ങൾ പരിരക്ഷിക്കുന്നതിൽ സുനിശ്ചിതമായ ഒരു പങ്ക് അവർ വഹിച്ചിട്ടുണ്ട്.”
സ്വാതന്ത്ര്യസ്നേഹികളായ ആളുകൾക്ക്, ചില ഗവൺമെൻറുകളും മതങ്ങളും എന്തുകൊണ്ടാണു തങ്ങളുടെ ജനങ്ങളിൽനിന്ന് ഈ സ്വാതന്ത്ര്യം പിടിച്ചുവെച്ചിരിക്കുന്നതെന്നു മനസ്സിലാക്കുന്നതിൽ ബുദ്ധിമുട്ടു തോന്നുന്നു. അടിസ്ഥാനപരമായ ഒരു മനുഷ്യാവകാശം നിഷേധിക്കുന്നതാണത്. ഈ സ്വാതന്ത്ര്യം അടിച്ചമർത്തിയതിന്റെ പേരിൽ ലോകത്തെമ്പാടും ഒട്ടേറെയാളുകൾ യാതനയനുഭവിക്കുന്നു. സംസാര സ്വാതന്ത്ര്യത്തോടുള്ള മനോഭാവങ്ങൾ—ഈ അടിസ്ഥാന അവകാശം ആസ്വദിക്കുന്ന രാജ്യങ്ങളിൽപോലും—ഒരു പെൻഡുലത്തെപോലെ അങ്ങോട്ടുമിങ്ങോട്ടും ആടിക്കൊണ്ടിരിക്കുമോ? സംസാര സ്വാതന്ത്ര്യം എന്ന ആശയം, അധാർമികവും അസഭ്യവുമായ ഭാഷണത്തെ ന്യായീകരിക്കാൻ വേണ്ടി ഉപയോഗിക്കപ്പെടുമോ? കോടതികൾ ഈ വിവാദവുമായി ഇപ്പോൾത്തന്നെ മല്ലിടുകയാണ്.
[3-ാം പേജിലെ ചിത്രം]
സോക്രട്ടീസ് സംസാര സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചു
[കടപ്പാട്]
Musei Capitolini, Roma