ലോകത്തെ വീക്ഷിക്കൽ
സാമ്പത്തിക ദുരിതങ്ങൾ
“’30കളിലെ മാന്ദ്യത്തിനുശേഷം ആദ്യമായി വ്യവസായവത്കൃത രാജ്യങ്ങളും അതുപോലെതന്നെ വികസ്വര രാജ്യങ്ങളും തുടർച്ചയായ തൊഴിലില്ലായ്മയെ അഭിമുഖീകരിക്കുകയാണ്” എന്നു സാർവദേശീയ തൊഴിൽസംഘടനയുടെ (ഐഎൽഒ) ജനറൽ ഡയറക്ടറായ മീഷേൽ ഹാൻസെൻ പറയുന്നു. ജേണൽ ഡേ ററാർഡേ പറയുന്ന പ്രകാരം “ലോകത്തിലെ തൊഴിലാളികളുടെ മുപ്പതു ശതമാനം—ഏതാണ്ട് 82 കോടി ആളുകൾ—തൊഴിൽരഹിതരോ അംശകാലതൊഴിൽ മാത്രമുള്ളവരോ ആണ്.” ലാററിൻ അമേരിക്കയെസംബന്ധിച്ച ഐഎൽഓയുടെ റിപ്പോർട്ടിനെക്കുറിച്ചു ജേണൽ ഡൂ ബ്രസീൽ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “കാപ്പിക്കുരു പറിച്ചുണക്കുക, കരിമ്പുവെട്ടുക, കയററിയയക്കുന്നതിനു പഞ്ഞി, പഴങ്ങൾ, സസ്യങ്ങൾ എന്നിവയുടെ വിളവെടുക്കുക എന്നിങ്ങനെയുള്ള ജോലികൾ ചെയ്യുന്നവരായി കുറഞ്ഞകൂലി കിട്ടുന്ന താൽക്കാലിക ജോലിക്കാരായ ‘അസ്ഥിര’ തൊഴിലാളികൾ എന്നു വിളിക്കപ്പെടുന്നവരുടെ സംഖ്യയിൽ ഭീതിജനകമായ ഒരു വർദ്ധനവുണ്ടായിട്ടുണ്ട്.”
സ്കൂളിലെ ക്രൂരഭരണം
ജപ്പാനിലെ കോബ് മുനിസിപ്പൽ ടെക്നിക്കൽ ജൂണിയർ കോളെജിൽനിന്നു പുറത്താക്കപ്പെട്ട ഒരു ബാലൻ വിദ്യാഭ്യാസം ചെയ്യാനുള്ള തന്റെ അവകാശത്തിനുവേണ്ടി കേസു കൊടുക്കുകയാണ്. യഹോവയുടെ സാക്ഷികളിലൊരാളെന്ന നിലയിലുള്ള അവന്റെ മതബോധം നിമിത്തം കായികവിദ്യാഭ്യാസത്തിന്റെ ഭാഗമായി പഠിപ്പിക്കുന്ന കെൻഡോ (ജാപ്പനീസ് കളരിവിദ്യ) ഡ്രില്ലുകളിൽ അവൻ പങ്കെടുത്തില്ല. കായിക വിദ്യാഭ്യാസത്തിൽ താണ മാർക്കാണുണ്ടായിരുന്നതെങ്കിലും അവൻ ഉയർന്ന റാങ്കുള്ള ഒരു വിദ്യാർഥിയായിരുന്നു. എന്നിട്ടും സ്കൂൾ അവനെ പുറത്താക്കി. “ഒരു പ്രത്യേക വിഷയത്തിന് ഏതാനും പോയിൻറുകളിൽ പാസ്മാർക്കിലെത്താത്തതുകൊണ്ടുമാത്രം മററു യാതൊരു പ്രശ്നവുമില്ലാത്ത ഒരു വിദ്യാർഥിയെ മോശമായ സ്കൂൾപ്രവർത്തനത്തിനുള്ള ശിക്ഷയെന്നോണം പുറത്താക്കുന്നതു സ്കൂളിൽ ‘സാമാന്യബുദ്ധി’ക്കൊന്നും നിരക്കുന്നതല്ല” എന്നു സുകുബാ സർവകലാശാലയിലെ പ്രൊഫസ്സർ റെറററ്സുവോ ഷിമോമുറാ യോമ്യൂറി ഷിംബൂണിൽ പറയുകയുണ്ടായി. അദ്ദേഹം വഴക്കം ആവശ്യപ്പെടുകയും അനന്തരം “ഈ കേസിൽ അസഹ്യപ്പെടുത്തുന്ന സംഗതി സ്കൂളിന്റെ ഭാഗത്ത് ഇപ്പോഴും ആഴത്തിലുള്ള ദുർഭരണ പ്രവണതകളാണ്” എന്നു പറയുകയും ചെയ്തു.
“ചരിത്രത്തിലെ വലിയ ധാർമിക പരാജയങ്ങൾ”
“കൂട്ടക്കൊലയോടു ബന്ധപ്പെട്ട വത്തിക്കാന്റെ രേഖ ചരിത്രത്തിലെ വലിയ ധാർമിക പരാജയങ്ങളിലൊന്നാണ്—അതിൽനിന്നു കത്തോലിക്കാസഭതന്നെ ഇനി കരകയറേണ്ടതായിട്ടാണിരിക്കുന്നത്” എന്നു കോളമെഴുത്തുകാരനായ ജയിംസ് കാരൽ ദി ബോസ്ററൺ ഗ്ലോബിൽ എഴുതുന്നു. തന്റെ ആശയത്തെ പിന്താങ്ങുന്നതിന് അദ്ദേഹം പിൻവരുന്ന ചരിത്രവിവരങ്ങൾ നൽകുന്നു: “1929—മുസ്സോളിനിയും പീയൂസ് XI-ാമനും തമ്മിലുള്ള ലാറററൻ ഉടമ്പടികൾ വത്തിക്കാനു സ്വാതന്ത്ര്യവും പണവും നൽകുന്നു, അവ മുസ്സോളിനിക്ക് ആവശ്യമായ അന്തസ് നൽകുന്നു. [1933]—വത്തിക്കാൻ ഹിററ്ലറുമായി ഒരു ഉടമ്പടിയിൽ ഒപ്പുവെക്കുന്നു—അദ്ദേഹത്തിന്റെ ആദ്യത്തെ അന്താരാഷ്ട്ര വിജയം. . . . 1935—മുസ്സോളിനി അബിസീനിയായെ ആക്രമിക്കുന്നു. കത്തോലിക്കാ ബിഷപ്പുമാർ ഇററാലിയൻ പടയാളികളെ അനുഗ്രഹിക്കുന്നു . . . 1939—മുസ്സോളിനി ഇററലിയിലെ യഹൂദൻമാരുടെ അവകാശങ്ങൾ അവസാനിപ്പിക്കാൻ ആജ്ഞാപിക്കുന്നു. പാപ്പാ മൗനം ദീക്ഷിക്കുന്നു. . . . 1942—യഹൂദൻമാരുടെ നിർമൂലനാശത്തെക്കുറിച്ച് ഇററാലിയൻ സൈനികപുരോഹിതൻമാരിൽനിന്നു പാപ്പായ്ക്കു റിപ്പോർട്ടുകൾ കിട്ടുന്നു. തന്റെ ക്രിസ്മസ് സന്ദേശത്തിൽ അദ്ദേഹം തങ്ങളുടെ വർഗം നിമിത്തം കൊല്ലപ്പെടുന്ന ‘നിർഭാഗ്യരായ ആളുകളുടെ’ വിധിയെക്കുറിച്ചു വിലപിക്കുന്നു, എന്നാൽ അദ്ദേഹം ഹിററ്ലറെയോ ജർമനിയെയോ മരണപാളയങ്ങളെയോ പരാമർശിക്കുന്നില്ല. ഒരിക്കൽപോലും ‘യഹൂദൻ’ എന്ന പദം ഉപയോഗിക്കുന്നില്ല. . . . 1943—ജർമൻകാർ ഇററലിയിൽ, റോമിൽ വത്തിക്കാനുസമീപം പോലും, യഹൂദൻമാരെ പിടികൂടാൻ തുടങ്ങുന്നു. അപ്പോഴും പാപ്പാ ഉരിയാടുന്നില്ല.”
കത്തോലിക്കാസഭ അനുതപിക്കുകയോ?
കത്തോലിക്കാ കർദിനാളൻമാർക്കയച്ച ഒരു ലേഖനത്തിൽ “സഭയുടെ ആൾക്കാർ സഭയുടെ പേരിൽ” ചെയ്ത തെററുകൾ സമ്മതിക്കാനും അവസംബന്ധിച്ച് അനുതപിക്കാനും ജോൺ പോൾ II-ാമൻ പാപ്പാ സഭയെ ഉദ്ബോധിപ്പിച്ചിരിക്കുന്നു. സഭ ഉപയോഗിച്ച “മനുഷ്യാവകാശങ്ങൾക്കെതിരായ ബലപ്രയോഗരീതികൾ 20-ാം നൂററാണ്ടിലെ സമഗ്രാധിപത്യ പ്രത്യയശാസ്ത്രങ്ങളാണു പിന്നീട് പ്രയോഗിച്ചത്” എന്നു പാപ്പാ സമ്മതിക്കുന്നതായി റോമിലെ ലാ റിപ്പബ്ലിക്കാ പറയുന്നു. എന്നാൽ കത്തോലിക്കാ സഭ എന്തു സംബന്ധിച്ചാണ് അനുതപിക്കേണ്ടത്? “പലതും സംബന്ധിച്ച്” എന്നു വത്തിക്കാനിലെ ഭാഷ്യകാരനായ മാർക്കോ പോളിററി സമ്മതിച്ചുപറയുന്നു. “വിമതവേട്ട, പാഷണ്ഡികളെ സ്തംഭത്തിൽ ദഹിപ്പിക്കുന്നതിനയയ്ക്കൽ, ശാസ്ത്രജ്ഞരുടെയും സ്വതന്ത്രചിന്തകരുടെയും നേരെ ദണ്ഡനത്തിന്റെ വാളോങ്ങിയ ഫാസിസ്ററ് ഭരണകൂടങ്ങളെ പിന്തുണക്കൽ, കുരിശടയാളത്തിൻ കീഴിൽ പശ്ചിമാർദ്ധഗോളത്തിൽ നടത്തിയ കൂട്ടസംഹാരങ്ങൾ എന്നീ കാര്യങ്ങൾ സംബന്ധിച്ച്.” “സഭ മനഃസാക്ഷികളുടെമേൽ സമ്പൂർണാധികാരമുള്ള ട്രസ്ററിയായി, പൂർണതയുള്ള സമുദായമായി, തന്നേത്തന്നെ പരിഗണിക്കുന്ന കാര്യം സംബന്ധിച്ചും” “ദൈവശാസ്ത്രപരമായ ഒരു ദൈവദൂഷണമെന്നോണം ഒരു പ്രത്യേകചരിത്ര കാലഘട്ടത്തിൽ, പാപ്പാ യഥാർഥത്തിൽ ക്രിസ്തുവിന്റെ വികാരിയാണെന്നു വിശ്വസിക്കുന്നതു സംബന്ധിച്ചും” അനുതാപം വേണമെന്നു പറയേണ്ടതില്ലല്ലോ.
മറെറാരു മതത്തിലേക്കുള്ള പലായനം
ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ വൈദികരുടെ ഒരു കൂട്ട വിട്ടുപോക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട്? “പ്രത്യക്ഷ കാരണം വനിതാപുരോഹിതരെ വാഴിക്കാനുള്ള ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനമാണ്” എന്നു ടൊറൊണ്ടോ സ്ററാർ റിപ്പോർട്ടുചെയ്യുന്നു. 130-ലധികം ആംഗ്ലിക്കൻ പുരോഹിതൻമാർ വിട്ടുപോയിക്കഴിഞ്ഞു. മററുള്ളവരുടെ ഒരു കൂട്ട പലായനം ആസന്നമാണെന്നു തോന്നുന്നു” എന്നു സ്ററാർ അവകാശപ്പെടുന്നു. ഏഴ് ആംഗ്ലിക്കൻ ബിഷപ്പുമാരും 700-ൽപരം പുരോഹിതൻമാരും കത്തോലിക്കാസഭയിൽ ചേരുന്നതിന്റെ സാധ്യത ആരായുകയാണ്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ചർച്ച് ഓഫ് ഇംഗ്ലണ്ടിനു പിന്തുണ ക്രമേണ കുറഞ്ഞുവരുകയാണ്. ഇംഗ്ലണ്ടിൽ സ്നാപനമേററ ആംഗ്ലിക്കൻ വിശ്വാസികളെന്ന് അവകാശപ്പെടുന്ന 200 ലക്ഷം പേരിൽ 10 ലക്ഷം പേർ മാത്രമേ ഞായറാഴ്ച ശുശ്രൂഷകൾക്കു സംബന്ധിക്കുന്നുള്ളു. വിഷമംപിടിച്ച കാലങ്ങളാണു ഭാവിയിലുള്ളത്. സഭയിൽനിന്നുള്ള വിട്ടുപോക്കു തുടരാനാണു സാദ്ധ്യത.
കുററകൃത്യത്തിന്റെ വമ്പിച്ച ചെലവ്
ആസ്ട്രേലിയൻ കുററകൃത്യശാസ്ത്ര സ്ഥാപനത്തിന്റെ ഒരു സമീപകാല റിപ്പോർട്ട് ആസ്ട്രേലിയയിലെ കുററകൃത്യചെലവ് ഓരോ വർഷവും 2,600 കോടി (ആസ്ട്രേലിയൻ) ഡോളർ ആണെന്നു വെളിപ്പെടുത്തി. ഇത് ആസ്ട്രേലിയയിലെ ഓരോ പുരുഷനും സ്ത്രീക്കും കുട്ടിക്കും ഏതാണ്ട് 1,300 ഡോളർ വീതമാണ്. ഏററവും ചെലവുകൂടിയ കുററകൃത്യം വിശ്വാസലംഘനമാണെന്നു സിഡ്നി വർത്തമാനപത്രമായ സണ്ടേ ടെലഗ്രാഫ് ഉദ്ധരിച്ച ഒരു വക്താവു പറയുകയുണ്ടായി—അതിലൂടെ നേരിടുന്ന ചെലവ് വർഷംതോറും ഏതാണ്ട് 1,400 കോടി ഡോളർ ആയിരിക്കാൻ സാധ്യതയുണ്ട്. മററു ചെലവുകളുടെ കണക്കുകൾ: കൊലപാതകത്തിനു വർഷംതോറും 27.5 കോടി ഡോളർ; മയക്കുമരുന്നുകുററകൃത്യങ്ങൾക്കു 120 കോടി ഡോളർ; ഭവനഭേദനത്തിന് 89.3 കോടി ഡോളർ; കടകളിൽനിന്നുള്ള മോഷണത്തിന് 150 കോടി ഡോളർ ആശ്ചര്യകരംതന്നെ. കുററകൃത്യചെലവു സ്ഥിരമായി വർദ്ധിക്കുകയാണെന്നുള്ള അഭിപ്രായത്തോടെയാണു റിപ്പോർട്ട് ഉപസംഹരിച്ചത്.
അടിച്ചു തകർക്കപ്പെടുന്ന ഒരു ലോകം
ജർമനിയിലെ ഹാംബർഗ് സർവകലാശാലയുടെ രാഷ്ട്രീയ സ്ഥാപനത്തിൽനിന്നുള്ള ഒരു റിപ്പോർട്ടനുസരിച്ച് 1994 ആരംഭിച്ചപ്പോൾ ലോകം 43 യുദ്ധങ്ങളാൽ തകർക്കപ്പെടുകയായിരുന്നു. 22 യുദ്ധങ്ങൾ ഏഷ്യയിലും 13 എണ്ണം ആഫ്രിക്കയിലും 5 എണ്ണം ലാററിൻ അമേരിക്കയിലും 3 എണ്ണം യൂറോപ്പിലുമായിരുന്നു നടന്നതെന്നു റിപ്പോർട്ടിനെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ടു എക്യൂമെനിക്കൽ പ്രസ് സേർവീസ് എഴുതുന്നു. 1950-കളിൽ യുദ്ധങ്ങളുടെ വാർഷിക ശരാശരി എണ്ണം 12 ആയിരുന്നുവെന്നും ഈ സ്ഥാപനം കണ്ടുപിടിച്ചു. 1960-കളിൽ അത് 22 ആയി ഉയർന്നു, ഇന്ന് ആ എണ്ണം ഏതാണ്ട് ഇരട്ടിച്ചിരിക്കുന്നു.
കൂടുതൽ കാഴ്ച—കുറച്ചു വായന
ടെലിവിഷൻ ധാരാളം കാണുന്ന സ്കൂൾകുട്ടികൾക്കു വായനയിൽ താത്പര്യം നഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്? ഡച്ച് പ്രൈമറി സ്കൂളുകളിൽ പഠിക്കുന്ന 1,000 കുട്ടികളുടെ പെരുമാററത്തെക്കുറിച്ചു കഴിഞ്ഞ മൂന്നു വർഷം പഠനം നടത്തിയശേഷം ഗവേഷകനായ സി.എം. കോൾസ്ട്രാ രണ്ടു കാരണങ്ങൾ കണ്ടുപിടിച്ചു. ടിവി വളരെയധികം കാണുകവഴി കുട്ടികൾക്കു വായനയിൽ രസം നഷ്ടപ്പെടുകയും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പ്രാപ്തി കുറയുകയും ചെയ്യുന്നു. ടെലിവിഷൻ കൂടെക്കൂടെ കാണുന്നവരെ സംബന്ധിച്ചടത്തോളം അവർക്കു വായിക്കുന്നതു ഗ്രഹിക്കാനും അവരുടെ മുമ്പിലിരിക്കുന്ന പേജിൽ മനസ്സു പതിപ്പിക്കാനും ക്രമേണ പ്രയാസം കൂടിവരുന്നുവെന്നു നെതർലാൻഡ്സിലെ ലീഡൻ സർവകലാശാലയിൽ നിന്നുള്ള ഒരു ന്യൂസ് റിലീസ് പറയുന്നു. താമസിയാതെ അവർ പുസ്തകം മാററിവെക്കുകയും ടിവിയുടെ റിമോട്ട് കൺട്രോൾ എടുക്കാൻ കൈനീട്ടുകയും ചെയ്യുന്നു. പരിപാടി ഏതു തരമാണെന്നുള്ളതു വ്യത്യാസമുളവാക്കുന്നില്ലെന്നും ഗവേഷകൻ കണ്ടെത്തി. കുട്ടികൾ കാണുന്നതു ധാരാളം കോമഡി ആയാലും കുട്ടികളുടെ പരിപാടിയോ നാടകമോ വിജ്ഞാനപ്രദമായ പരിപാടികളോ ആയാലും ഫലം ഒന്നുതന്നെയായിരുന്നു: “വായനയിൽ ഒരു കുറവ്.”
മരുഭൂമികളെയും അനാരോഗ്യത്തെയും വർദ്ധിപ്പിക്കുന്നു
ടാൻസനിയയിലെ ദരിദ്രരായ ഗ്രാമീണ ജനതയുടെ 85 ശതമാനത്തിനു പാചകത്തിനും ചൂടിനും പ്രകാശത്തിനും വിറക് അത്യാവശ്യമാണെങ്കിലും രാജ്യത്തെ പുകയിലവിള ഉണക്കുന്നതിന് ഓരോ വർഷവും പരിമിതമായുള്ള വനപ്രദേശം 17,000 ഹെക്ടർ വീതം വെട്ടിവെളുപ്പിക്കുകയാണെന്നു സാർവജനീന ആരോഗ്യത്തിനുള്ള കനേഡിയൻ സൊസൈററി പ്രസിദ്ധപ്പെടുത്തുന്ന സിനേർജി എന്ന വാർത്താപത്രിക റിപ്പോർട്ടുചെയ്യുന്നു. “പുകയില കയററുമതിയിൽനിന്നു വിദേശനാണയം നേടാൻ നാം വിലയേറിയ മരങ്ങൾ വെട്ടിക്കളയുന്നതു തീർച്ചയായും വിരോധാഭാസമാണ്” എന്നു വൈദ്യശാസ്ത്രഗവേഷണത്തിനുള്ള ടാൻസനിയയിലെ ദേശീയസ്ഥാപനത്തിന്റെ ഡയറക്ടർ ജനറൽ പ്രൊഫസ്സർ ഡബ്ലിയൂ. എൽ. കിൽമാ പ്രസ്താവിക്കുന്നു. “വികസ്വര രാജ്യങ്ങൾ അനാരോഗ്യം വർദ്ധിപ്പിക്കുന്ന പുകയില ഉത്പാദിപ്പിക്കുന്നത് അത്രയുംതന്നെ വിരോധാഭാസമാണ്,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ലൈംഗിക കുററകൃത്യങ്ങൾ വർദ്ധിക്കുന്നു
ഒരു കാലത്തു പാശ്ചാത്യലോകത്തിലെ ഒരു പ്രശ്നമാണെന്നു കരുതിയിരുന്ന ലൈംഗിക കുററകൃത്യങ്ങൾ—ബലാത്സംഗം, നിഷിദ്ധ ബന്ധുവേഴ്ച, ശിശുദ്രോഹം എന്നിവ—തെളിവനുസരിച്ചു ചില ആഫ്രിക്കൻരാജ്യങ്ങളിൽ വർദ്ധിക്കുകയാണ്. സമീപകാല മാസങ്ങളിൽ, ലൈംഗിക കുററകൃത്യങ്ങൾ സംബന്ധിച്ച മാദ്ധ്യമ റിപ്പോർട്ടുകൾ കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്നുണ്ട്. 13 വയസ്സുള്ള തന്റെ പുത്രിയുമായി ലൈംഗികവേഴ്ച നടത്തിയതിനു 37 വയസ്സുള്ള ഒരു മനുഷ്യന് അഞ്ചുവർഷത്തെ ജയിൽശിക്ഷ വിധിക്കുകയും ചൂരൽകൊണ്ട് ആറ് അടി കൊടുക്കാൻ ആജ്ഞാപിക്കുകയും ചെയ്തതായി ടൈംസ് ഓഫ് സാംബിയ റിപ്പോർട്ടുചെയ്തു. ഒരു വഴക്കിനെ തുടർന്ന് അയാളുടെ ഭാര്യ അയാളെ വിട്ടുപോയ ശേഷമാണ് അയാൾ പെൺകുട്ടിയെ ദ്രോഹിച്ചതെന്നു കണ്ടെത്തപ്പെട്ടു. കോടതിവിസ്താരസമയത്തു പെൺകുട്ടി അവളുടെ പിതാവിനെ തള്ളിപ്പറഞ്ഞതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു.
ചൈനയിലെ കുതിച്ചുയരുന്ന ജനസംഖ്യ
ഈ വർഷം ചൈനയിലെ ജനസംഖ്യ 120 കോടിയിലെത്തുമെന്നു ഔദ്യോഗിക ചൈനീസ് ന്യൂസ് ഏജൻസി ഝിൻഹുവാ റിപ്പോർട്ടു ചെയ്തു. ഒരു കുടുംബത്തിനു പരമാവധി ഒരു കുട്ടി ഉണ്ടായിരിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ചൈനയിലെ കർശനമായ കുടുംബാസൂത്രണ നയം ഉണ്ടെങ്കിലും ജനസംഖ്യ ആസൂത്രണംചെയ്യുന്നവർ പ്രതീക്ഷിച്ചിരുന്നതിനെക്കാൾ ആറുവർഷം മുമ്പേ 120 കോടിയിലേക്കുള്ള ജനസംഖ്യാകുതിപ്പു നടന്നു. വർദ്ധനവിനു രണ്ടു കാരണങ്ങളാണു ന്യൂസ് ഏജൻസി സൂചിപ്പിച്ചത്: ഒന്നാമത്തേത്, ഒന്നിലധികം കുട്ടികളുണ്ടായാലുള്ള പിഴ ഒടുക്കാൻ പല ഗ്രാമീണവനിതകളും സന്നദ്ധരാണ്. രണ്ടാമത്തേത്, ഗ്രാമപ്രദേശങ്ങളിൽനിന്നു നഗരങ്ങളിലേക്കു മാറിപ്പാർത്തു ജോലിചെയ്യുന്നവർ ജനവാസപ്രദേശങ്ങളിലെ കുടുംബാസൂത്രണ അധികൃതരെ വെട്ടിക്കാൻ മിടുക്കരാണ്.