ഞങ്ങളുടെ വായനക്കാരിൽ നിന്ന്
നവയുഗം നവയുഗ പ്രസ്ഥാനത്തെക്കുറിച്ചുള്ള പരമ്പരയ്ക്കു നന്ദി. (മാർച്ച് 8, 1994, ഇംഗ്ലീഷ്) മുമ്പു ഞാൻ പറക്കുംതളികകൾ, ഭൗമേതര ജീവൻ, പുനരവതാരം എന്നിവസംബന്ധിച്ച വിവരങ്ങൾ ചുഴിഞ്ഞിറങ്ങി പരിശോധിച്ചിരുന്നു. ഞാൻ യോഗാസനവും ധ്യാനവും സംബന്ധിച്ച പഠനങ്ങൾ നടത്തി. ഹിപ്നോട്ടിസം ഉൾപ്പെടുന്ന ചികിത്സയും സ്വീകരിച്ചു. ഒടുവിൽ ഞാൻ ആത്മീയവും മാനസികവും വൈകാരികവും ശാരീരികവുമായ പ്രശ്നങ്ങളിൽ അകപ്പെട്ടു, ഭൂതങ്ങളുടെ പിടിയിൽ പോലും അമർന്നു. ഞാൻ വളരെ തീവ്രമായി കാംക്ഷിച്ച ആദർശലോകം എന്നത്തേതിലും വിദൂരത്തിലാണെന്നു തോന്നി. അഞ്ചര വർഷത്തിനുശേഷം, ഞാൻ ഇപ്പോൾ യഹോവയെ സേവിക്കുകയാണ്, നവയുഗ പ്രസ്ഥാനത്തിന്റെ ഇരുട്ടിൽനിന്നു വിടുവിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
ഇ. ഡി., നെതർലാൻഡ്സ്
ഒരു ക്രിസ്ത്യാനിയായിത്തീരുന്നതിനുമുമ്പ്, ഞാൻ നവയുഗ ചിന്തയിലും ജീവിതരീതിയിലും ഉൾപ്പെട്ടിരുന്നു. അടുത്ത കാലത്ത് എന്റെ ഇളയ സഹോദരി നവയുഗ വക്താക്കളുടെ ഒരു കൂട്ടത്തിൽ ഉൾപ്പെടാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. അതുകൊണ്ടു ഞാൻ ഈ ലേഖനം അവളോടൊത്തു വായിച്ചു. നവയുഗ പ്രസ്ഥാനത്തിനു രഹസ്യാത്മകതയോടും ഗൂഢവിദ്യയോടുമുള്ള സ്പഷ്ടമായ ബന്ധത്തിൽ അവൾ ഭയന്നുപോയി. ഇപ്പോൾ അവൾ നവയുഗ ചിന്താഗതിയിൽനിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
എൽ. എസ്., ഇംഗ്ലണ്ട്
നിങ്ങളുടെ ലേഖനം നല്ല രീതിയിലാണു തുടങ്ങിയത്. പക്ഷേ, താമസിയാതെ, “ഭൗമികമനുഷ്യനുള്ളതല്ല അവന്റെ വഴി” എന്നു നിങ്ങൾ പ്രസ്താവിക്കുന്നു. ഒടുവിൽ, നവയുഗ വിശ്വാസങ്ങൾക്കു കൂടുതൽ ഇരുട്ടു പരത്താൻ മാത്രമേ കഴിയൂ എന്നു നിങ്ങൾ പ്രസ്താവിക്കുന്നു. നാം സകല ആദർശാത്മക വീക്ഷണങ്ങളും ഉപേക്ഷിച്ചിട്ട് എല്ലാററിനും പരിഹാരം ഉണ്ടായിക്കൊള്ളും എന്നു കേവലം പ്രത്യാശിച്ചാൽ മതിയെന്നാണോ നിങ്ങൾ പറയുന്നത്? മനുഷ്യന് അവനുവേണ്ടിത്തന്നെ ഒരു മെച്ചപ്പെട്ട ലോകം നിർമിക്കാൻ ഉത്തരവാദിത്വമില്ലെന്നു നിങ്ങൾക്ക് എങ്ങനെ നിഗമനം ചെയ്യാനാവും?
എ. എൽ., ഐക്യനാടുകൾ
ഉണരുക!യല്ല, ബൈബിളാണു “ഭൗമികമനുഷ്യനുള്ളതല്ല അവന്റെ വഴി” എന്നു പറയുന്നത്. (യിരെമ്യാവ് 10:23, NW) അങ്ങനെ ഒരു നവയുഗം കൈവരുത്താനുള്ള മനുഷ്യശ്രമങ്ങൾ വ്യർഥമാണ്. എങ്കിൽപോലും, സത്യക്രിസ്ത്യാനികൾ ഇന്നത്തെ പ്രശ്നങ്ങളെ അവഗണിക്കുന്നില്ല. മററുള്ളവരെ ദൈവവചനത്തിലെ തത്ത്വങ്ങൾ പഠിപ്പിച്ചുകൊണ്ടു യഹോവയുടെ സാക്ഷികൾ സാമ്പത്തികമായും ശാരീരികമായും ആത്മീയമായും ‘തങ്ങൾക്കുതന്നെ പ്രയോജനംചെയ്യാൻ’ ദശലക്ഷക്കണക്കിനാളുകളെ സഹായിച്ചിട്ടുണ്ട്. (യെശയ്യാവു 48:17; മത്തായി 28:19, 20) അതേ സമയം, ഞങ്ങൾ വരാനിരിക്കുന്ന ഒരു ‘പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും’ കുറിച്ചുള്ള യഥാർഥ പ്രത്യാശ മററുള്ളവരെ ചൂണ്ടിക്കാട്ടുന്നു. അതു മനുഷ്യനല്ല, ദൈവം കൈവരുത്തുന്ന ഒന്നാണ്. (2 പത്രൊസ് 3:13)—പത്രാധിപർ
കപടജീവിതം ഒരു കപടജീവിതം നയിക്കുന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ ലേഖനങ്ങൾ (1993 ഡിസംബർ 8, 1994 ജനുവരി 8, 22, ഇംഗ്ലീഷ്) ഞങ്ങളുടെ 17 വയസ്സുകാരൻ പുത്രൻ നാലു വർഷമായി ചെയ്തുകൊണ്ടിരുന്ന ഒരു പാപം വെളിപ്പെടുത്താൻ അവനെ പ്രേരിപ്പിച്ചു. പുറമേയുള്ള സകല കാഴ്ചപ്രകാരവും അവൻ നല്ല ആത്മീയ പുരോഗതി വരുത്തുന്നുണ്ടെന്നു തോന്നി. ഈ പാപത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് അഗാധമായ ഞെട്ടലും അകൽച്ചയും അനുഭവപ്പെട്ടു. എന്നാൽ നിങ്ങളുടെ ലേഖനങ്ങൾ നിമിത്തം സ്നേഹത്തോടെയും ക്ഷമിക്കാനുള്ള സന്നദ്ധതയോടെയും പ്രതികരിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു.
ജെ. പി., ഐക്യനാടുകൾ
ഞാൻ ഒരു വർഷത്തിലധികമായി ക്രിസ്തീയസഭയുമായുള്ള സഹവാസം നിർത്തിയിരിക്കുകയാണ്. എന്നാൽ ആ ലേഖനങ്ങൾ വാസ്തവത്തിൽ പ്രോത്സാഹജനകവും സ്നേഹം നിറഞ്ഞവയുമായിരുന്നു. നിങ്ങൾ പറഞ്ഞതുപോലെ ആദ്യ നടപടി പ്രാർഥനയിൽ യഹോവയെ സമീപിക്കുകയായിരുന്നു. അതു വളരെ പ്രയാസമാണ്, എന്നാൽ അത് എനിക്കു വലിയ അനുഗ്രഹങ്ങൾ കൈവരുത്തിയിരിക്കുന്നു.
എം. ജി., ഫ്രാൻസ്
യുവാക്കൾ രക്തപ്പകർച്ചകളെ ചെറുത്തുനിൽക്കുന്നു എനിക്കു 12 വയസ്സുണ്ട്. “ദൈവത്തെ ഒന്നാമതു വെക്കുന്ന യുവാക്കൾ” എന്ന പരമ്പര ഞാൻ വായിച്ചുകഴിഞ്ഞതേയുള്ളു. (1994 മെയ് 22) യഹോവയിലും പുനരുത്ഥാനത്തിലുമുള്ള വിശ്വാസത്തോടെ ഈ യുവ ക്രിസ്തീയ സഹോദരീസഹോദരൻമാർ പ്രകടമാക്കിയ ധൈര്യത്തിൽ എനിക്കു വളരെ മതിപ്പു തോന്നി. യഹോവയിലുള്ള അവരുടെ ധൈര്യവും വിശ്വാസവും സന്തോഷംകൊണ്ടു ഞാൻ കരയാനിടയാക്കി.
ബി. സി. ആർ., സ്പെയിൻ