ഞങ്ങളുടെ വായനക്കാരിൽ നിന്ന്
വിശ്വസ്തരായ യുവാക്കൾ “ദൈവത്തെ ഒന്നാമതു വെക്കുന്ന യുവാക്കൾ” എന്ന പരമ്പര എന്നെ സ്പർശിച്ചു. (1994, മേയ് 22) കൗമാരപ്രായത്തിൽ എനിക്ക് തലച്ചോറിൽ ഒരു മുഴയുണ്ടായിരുന്നു. “രക്തപ്പകർച്ച നടത്താൻ ഞാൻ ആഗ്രഹിക്കുന്നി”ല്ലെന്ന് യഹോവയുടെ സാക്ഷികളിൽ ഒരാളെന്ന നിലയിൽ ഞാൻ ഡോക്ടർമാരോടു പറഞ്ഞു. എന്നിൽ നിർബന്ധിച്ച് രക്തപ്പകർച്ച നടത്താനുള്ള ഒരു കോടതി ഉത്തരവ് ലഭ്യമാക്കിയിരുന്നെങ്കിലും അതുകൂടാതെതന്നെ ശസ്ത്രക്രിയ വിജയകരമായി നടന്നു. യഹോവയുടെ വിശ്വസ്തരായ ഈ യുവദാസൻമാരെക്കുറിച്ചു വായിച്ചപ്പോൾ ഞാൻ കരഞ്ഞുപോയി. എന്റെ അനുഭവം തന്നെയായിരുന്നു അവർക്കുണ്ടായിരുന്നത്! അവരുടെ കഥകൾ എന്റെ ഹൃദയത്തെ സ്പർശിക്കുകയും യഹോവയോടുള്ള എന്റെ സ്നേഹത്തെ വർധിപ്പിക്കുകയും ചെയ്തു.
എം. പി., ഐക്യനാടുകൾ
എനിക്ക് 17 വയസ്സുണ്ട്. എന്നെങ്കിലും അത്തരം ഒരു അവസ്ഥയിൽ ആയിരിക്കുന്നതിനെക്കുറിച്ച് ഞാൻ ഭയപ്പെട്ടിരുന്നു. മരണത്തെയല്ല പിന്നെയോ യഹോവയുടെ നിയമങ്ങളെ അവഗണിക്കുന്നതിനെക്കുറിച്ച് ഓർക്കുമ്പോഴാണ് എനിക്കു ഭയം. സമ്മർദത്തിനു വഴങ്ങിക്കൊടുക്കുന്നതു ഭയാവഹമായിരിക്കും. ലേഖനം എന്നെ വളരെയധികം ശക്തിപ്പെടുത്തി.
സി. കെ., ജർമനി
ആ ലേഖനങ്ങൾ വായിക്കവേ, എനിക്ക് കണ്ണുനീർ അടക്കിനിർത്താനായില്ല. അതിനുശേഷം, ഞാൻ രക്തത്തിന് നിങ്ങളുടെ ജീവനെ എങ്ങനെ രക്ഷിക്കാൻ കഴിയും? (വാച്ച്ടവർ സൊസൈററി പ്രസിദ്ധീകരിച്ചത്) എന്ന ചെറുപുസ്തകം വളരെ ശ്രദ്ധാപൂർവം വായിച്ചു. സമാനമായ ഒരു അവസ്ഥയിൽ ഞാനെന്നെങ്കിലും ആയിരിക്കുന്നെങ്കിൽ എങ്ങനെ പെരുമാറണമെന്ന് ഇപ്പോഴെനിക്കറിയാം.
വൈ. ജി., ജർമനി
യഹോവയോടുള്ള തങ്ങളുടെ ഭക്തി തെളിയിച്ച ആ യുവാക്കളുടെ അനുഭവങ്ങൾ ഭേദമാക്കാൻ പററാത്ത ഒരുതരം രക്താർബുദത്താൽ ക്ലേശമനുഭവിക്കുന്ന ഒരു മുതിർന്നയാളെന്ന നിലയിൽ എനിക്ക് തികച്ചും പ്രോത്സാഹജനകമായിരുന്നു. വളരെ നന്ദി.
എച്ച്. കെ., ഓസ്ട്രിയ
എനിക്ക് 18 വയസ്സുണ്ട്. കഴിഞ്ഞദിവസം ആ ലേഖനങ്ങൾ വായിച്ചപ്പോൾ അതെന്നെ രോമാഞ്ചം കൊള്ളിക്കുകയും എന്റെ ഹൃദയത്തെ നടുക്കുകയും ചെയ്തു. വിശ്വസ്തരായ ഈ കുട്ടികൾ മരിച്ചുപോയെന്ന് അറിഞ്ഞപ്പോൾ എനിക്ക് കരച്ചിൽ നിർത്താനായില്ല. അത്തരം അവസ്ഥകളിൽ എനിക്ക് എന്റെ നിർമലത പാലിക്കാൻ കഴിയുമോയെന്നു സ്വയം ചോദിക്കാൻ അവരുടെ വിശ്വാസം എന്നെ പ്രേരിപ്പിച്ചു.
ഇ. എ. ഒ., നൈജീരിയ
പരാമർശിക്കപ്പെട്ട ആ യുവാക്കളുടെയെല്ലാം പരാജയപ്പെടുത്താൻ പററാത്ത അചഞ്ചലത യഥാർഥത്തിൽ എന്റെ ഹൃദയത്തിൽ തട്ടി. ആ ലേഖനങ്ങൾ വായിച്ചുകഴിഞ്ഞ് ഞാനൊത്തിരി കരഞ്ഞു. അത്തരം വിഷമതകളെ മരണത്തോളം അഭിമുഖീകരിക്കാൻ അവർക്കു ശക്തി നൽകിയതിന് ഞാൻ യഹോവയ്ക്കു നന്ദി പറയുകയും ചെയ്തു. അവയോടുള്ള താരതമ്യത്തിൽ എന്റെ കൗമാരപ്രശ്നങ്ങൾ സത്യത്തിൽ ഒന്നുമല്ല എന്ന് എനിക്കു സത്യസന്ധമായി പറയാൻ കഴിയും.
ആർ. സി., ഇററലി
ആഴത്തിൽ സ്പർശിക്കുന്ന ഈ ലേഖനങ്ങൾ അവ വായിക്കുന്ന എല്ലാ യുവജനങ്ങളെയും പ്രോത്സാഹിപ്പിക്കും എന്നതിന് ഒരു സംശയവുമില്ല. രക്തം നിരാകരിക്കുന്നതിൽ ഈ യുവാക്കളെല്ലാവരും ഉറച്ചവരായിരുന്നു; അതേ സമയം, സ്വയം തീരുമാനങ്ങളെടുക്കാനും തങ്ങളെക്കുറിച്ചുതന്നെ വ്യക്തമായി വിശദീകരിക്കാനും അവർക്കു കഴിഞ്ഞു. എന്തെല്ലാം സമ്മർദങ്ങളും പരീക്ഷകളും ഉണ്ടായിരുന്നാലും ശക്തിയും ആവശ്യമായിരിക്കുന്ന സഹായവും നമുക്കു നൽകാൻ യഹോവ പരാജയപ്പെടില്ല എന്നു മനസ്സിലാക്കാൻ ഞാൻ പ്രോത്സാഹിതയായിത്തീർന്നു.
ആർ. ററി., ജപ്പാൻ
നിരക്ഷരത “നിരക്ഷരതയുടെ ചങ്ങലകൾ പൊട്ടിക്കുന്നു” എന്ന പരമ്പര ഞാൻ വിലമതിച്ചു. (1994, ഫെബ്രുവരി 22, ഇംഗ്ലീഷ്) 1950-കളിൽ ഞാൻ ചൈനയിൽനിന്നു ദക്ഷിണാഫ്രിക്കയിലേക്ക് ഓടിരക്ഷപ്പെട്ടപ്പോൾ ഇവിടത്തെ സംസാരഭാഷകളൊന്നും എനിക്ക് സംസാരിക്കാൻ കഴിയുമായിരുന്നില്ല. എന്നിരുന്നാലും, യഹോവയുടെ സാക്ഷികൾ ഇംഗ്ലീഷിലുള്ള ബൈബിൾ മനസ്സിലാക്കാൻ ക്ഷമാപൂർവം എന്നെ സഹായിച്ചു. ഞാൻ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ഉൾപ്പെടെയുള്ള അവരുടെ യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. എന്റെ ഇംഗ്ലീഷ് ക്രമേണ പുരോഗമിച്ചു തുടങ്ങി. വീടുതോറുമുള്ള ശുശ്രൂഷയിൽ ഇപ്പോൾ എനിക്ക് ആത്മവിശ്വാസമുണ്ട്.
ഡബ്ലിയു. ഡബ്ലിയു., ദക്ഷിണാഫ്രിക്ക
പുനർജൻമം ഞാനൊരു മുസ്ലീമാണെങ്കിലും ഉണരുക!യുടെ ഒരു നിരന്തര വായനക്കാരനാണ്. അടുത്തകാലത്തു വന്ന “നിങ്ങൾ മുമ്പു ജീവിച്ചിട്ടുണ്ടോ? വീണ്ടും ജീവിക്കുമോ?” എന്ന നിങ്ങളുടെ പരമ്പരയ്ക്ക് എന്റെ ആത്മാർഥമായ നന്ദി രേഖപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. (1994, ജൂൺ 8) അത് വളരെ വിജ്ഞാനപ്രദമായിരിക്കുന്നതായി ഞാൻ കണ്ടെത്തി. പുനർജൻമം ഉണ്ടെന്നു നിർബന്ധം പിടിക്കുന്ന എന്റെ ചില സുഹൃത്തുക്കളെ തിരുത്താൻ പററിയ വിവരങ്ങൾക്കുവേണ്ടി ഞാൻ ദീർഘനാളായി തിരയുകയായിരുന്നു. ഈ വിവരങ്ങളുടെ വെളിച്ചത്തിൽ, പുനരുത്ഥാനമുള്ളതുകൊണ്ട് പുനർജൻമം ഉണ്ടായിരിക്കുക സാധ്യമല്ലെന്നുള്ളതിനോട് അവർ തീർച്ചയായും യോജിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
കെ. എസ്., നൈജീരിയ