ലോകത്തെ വീക്ഷിക്കൽ
യുഎൻ പരാജയം
“ഇത് ഐക്യരാഷ്ട്രങ്ങളുടെ മാത്രം പരാജയമല്ല, അന്തർദേശീയ സമൂഹത്തിന്റെതന്നെ പരാജയമാണ്. ഈ പരാജയത്തിനു നാമെല്ലാവരും ഉത്തരവാദികളാണ്” എന്ന് യുഎൻ സെക്രട്ടറി ജനറൽ ബൂട്ട്രോസ് ബൂട്ട്രോസ്-ഗാലി റുവാണ്ടയിൽ നടന്ന കൂട്ടക്കുരുതിയെക്കുറിച്ചു സംസാരിക്കവേ വിലപിക്കുകയുണ്ടായി. “അരങ്ങേറിയിരിക്കുന്നത് ഒരു നരഹത്യയാണ്. 2,00,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു, എന്നിട്ടും എന്തു ചെയ്യണമെന്ന് അന്തർദേശീയ സമൂഹം ഇപ്പോഴും ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.” 30-ലധികം രാഷ്ട്രത്തലവൻമാർക്കു താൻ എഴുതി സേനകളെ അയയ്ക്കാൻ അഭ്യർഥിച്ചുവെന്നും ഒരു പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിൽ പല സംഘടനകളോടൊത്തു പ്രവർത്തിച്ചുവെന്നും മേയ് 26-ന് റിപ്പോർട്ടു ചെയ്യപ്പെട്ടപ്രകാരം സെക്രട്ടറി ജനറൽ പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേർത്തു, “നിർഭാഗ്യകരമെന്നു പറയട്ടെ, ഞാൻ പരാജയപ്പെട്ടു. അതു വലിയൊരു അപകീർത്തിയാണ്. അതു സമ്മതിക്കുന്ന ആദ്യത്തെ വ്യക്തി ഞാനാണ്.” സൈന്യങ്ങളെ അയക്കുന്നതിന്റെ ചെലവുകൾ വഹിക്കാൻ ആഫ്രിക്കൻ രാഷ്ട്രങ്ങൾക്കൊന്നിനും തന്നെ കഴിവില്ല, പ്രത്യേകിച്ച് യുഎൻ അതിന്റെ സാമ്പത്തിക പരാധീനതകൾ നിമിത്തം അലവൻസുകൾ താമസിപ്പിച്ചിരിക്കുന്നതിനാൽ. മിക്ക പാശ്ചാത്യരാഷ്ട്രങ്ങളും ഈ പ്രശ്നത്തിൽ ഉൾപ്പെടാൻ വിസമ്മതിച്ചിരിക്കുകയാണ്, അമേരിക്കൻ സൈനിക ശക്തി ഉപയോഗിക്കുന്നതു വിവാദപരമായ താത്പര്യങ്ങൾക്ക് ഒത്തതല്ല എന്ന് യു.എസ്. പ്രസിഡൻറ് ബിൽ ക്ലിൻറൺ പരാമർശിച്ചു. ദ ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച് മി. ബൂട്ട്രോസ്-ഗാലി കുററം ചുമത്തിയത് “വിട്ടുകൊടുക്കാനുള്ള മടുപ്പി”നെയാണ്. കാരണം പടയും പണവും നൽകുന്ന രാഷ്ട്രങ്ങൾ ഇപ്പോൾ ഐക്യരാഷ്ട്രങ്ങളുടെ 17 വ്യത്യസ്ത ദൗത്യങ്ങൾക്കു വേണ്ടി സംഭാവന ചെയ്യേണ്ടിയിരിക്കുന്നു.
യാതൊരു മാനുഷിക വിശദീകരണവുമില്ല
“റുവാണ്ടയിലെ പെട്ടെന്നുള്ള ഭീതിജനകമായ രക്തച്ചൊരിച്ചിലിന്റെ കാരണം എന്തിനെങ്കിലും വിശദീകരിക്കാനാവുമോ?” ലണ്ടനിലെ ദി ഇക്കോണമിസ്ററ് ചോദിക്കുന്നു. “ദീർഘനാളായി നിലനിൽക്കുന്ന [വംശീയ] വിദ്വേഷം പോലും ഈ നിർദയ കുരുതിയുടെ കാരണം വിശദീകരിക്കുന്നില്ല.” ടൂട്സിയും ഹൂട്ടുവും കാഴ്ചയിൽ അൽപ്പം വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും അവർ നൂററാണ്ടുകളായി അടുത്തടുത്തു വസിക്കുകയും ഒരേ ഭാഷയും സംസ്കാരവും പങ്കിടുകയും ചെയ്തുപോന്നിരിക്കുന്നു. ആ ലേഖനം ഗോത്രപരമായ അവരുടെ വ്യത്യാസത്തെ സ്കോട്ടീഷുകാരും ഇംഗ്ലീഷുകാരും തമ്മിലുള്ള വ്യത്യാസത്തോടു താരതമ്യം ചെയ്യുന്നു. “എന്നിട്ടും ഇപ്പോഴവർ പരസ്പരം ബദ്ധശത്രുക്കളായി മാറിയിരിക്കുന്നു, വിവേചനം കാട്ടാത്ത പീരങ്കികളോ വളരെ ദൂരേക്കു വെടിവെക്കാൻ കഴിയുന്ന തോക്കുകളോ ഉപയോഗിച്ചല്ല, വാക്കത്തിയും തൂമ്പയും വടിയും വെറും കയ്യും ഉപയോഗിച്ച്. അയൽക്കാർ അയൽക്കാരെ കൊലപ്പെടുത്തിയിരിക്കുന്നു, ബാല്യകാല സ്നേഹിതരെ പോലും. പുരുഷൻമാരും സ്ത്രീകളും കുട്ടികളും ഒരുപോലെ കൊലചെയ്യപ്പെട്ടിരിക്കുന്നു. എന്തിന്? അതിന് ഉത്തരം പറയാൻ ആർക്കും കഴിയുമെന്നു തോന്നുന്നില്ല.”
പക്ഷിയുടെ മരണം മുന്നറിയിപ്പുകൾ മുഴക്കുന്നു
നിർഭയരായ ചില പക്ഷിവർഗങ്ങൾ—കുരുവികൾ, മൈനകൾ, കാക്കകൾ തുടങ്ങിയവ—കടുത്ത സാഹചര്യങ്ങളിൽപ്പോലും പെരുകുന്നുവെങ്കിലും ലോകത്തിലെ മിക്ക പക്ഷികളുടെയും അവസ്ഥ അത്ര നല്ലതല്ല. 9,600 പക്ഷിവർഗങ്ങൾ ഉള്ളതിൽ 70 ശതമാനത്തിന്റെയും എണ്ണം കുറഞ്ഞുവരികയാണ്. 1,000 വർഗങ്ങൾ സമീപഭാവിയിൽ ഉൻമൂലനത്തെ നേരിട്ടേക്കാം. “നേരിട്ടുള്ള നഷ്ടത്തിനപ്പുറം ഞെട്ടലുളവാക്കുന്ന സംഗതി മററുജീവജാലങ്ങളിൽനിന്നു വ്യത്യസ്തമായി പക്ഷികൾ മററു വർഗങ്ങളുടെ—മുഴു ആവാസവ്യവസ്ഥകളുടെയും—ആരോഗ്യസ്ഥിതിയുടെ നല്ല സൂചകരാണ് എന്നതാണ്” എന്ന് വേൾഡ് വാച്ച് മാഗസിൻ പറയുന്നു. “നാം കാണുന്നത് ആസന്നമായിരിക്കുന്ന അധഃപതനത്തിന്റെ കേവലമൊരു മുന്നറിയിപ്പ് അല്ല, മറിച്ച് അധഃപതനത്തിന്റെ ഒരു ഭാഗം തന്നെയാണ്—ഗ്രഹത്തിന്റെ ആരോഗ്യത്തെ സന്തുലനാവസ്ഥയിൽ നിർത്തുന്ന ആവാസവ്യവസ്ഥാ ശൃംഖലയുടെ തകർച്ചതന്നെ.” പക്ഷികൾ ഉപദ്രവകാരികളായ മൃഗങ്ങളെയും കീടങ്ങളെയും നിയന്ത്രിക്കുകയും ചെടികളിൽ പരാഗണം നടത്തുകയും അവയുടെ വിസ്സർജ്യങ്ങളിലൂടെ സസ്യവിത്തുകൾ വിതറിക്കൊണ്ടു വനവത്കരണത്തെ സഹായിക്കുകയും ചെയ്യുന്നു. വനം തെളിക്കുകയും പുൽപ്പുറങ്ങൾ കാലിമേച്ചിലും ഉഴവിനും വേണ്ടി ഉപയോഗിക്കുകയും ചതുപ്പുനിലം വററിക്കുകയും വമ്പിച്ച അണക്കെട്ടു പദ്ധതികൾ മുഖാന്തരം വലിയ പ്രദേശങ്ങളെ വെള്ളത്തിലാഴ്ത്തുകയും ചെയ്യുകവഴി പക്ഷികൾക്കു ഭീഷണി നേരിടുകയും അവയുടെ വാസസ്ഥലങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യുകയാണ്. അവയെ വേട്ടയാടിയും രാസപദാർഥങ്ങൾ അമിതമായി ഉപയോഗിച്ചും വിഷലിപ്ത മാലിന്യങ്ങൾ, എണ്ണതൂകൽ എന്നിവയിലൂടെയും കൊല്ലുന്ന കാര്യം ഒട്ടു പറയാനുമില്ല. “മററു മൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും വംശനാശത്തോടൊപ്പം പക്ഷിവംശനാശത്തിന്റെയും ആക്കം വളരെ വേഗം കൂടുന്നതായി തോന്നുന്നു” എന്ന് ആ ലേഖനം അഭിപ്രായപ്പെടുന്നു.
കൗമാരപ്രായക്കാരായ അമ്മമാർ
ഓരോ വർഷവും ലോകവ്യാപകമായി 15-നും 20-നും ഇടയിൽ പ്രായമുള്ള ഒന്നര കോടിയിലധികം സ്ത്രീകൾ പ്രസവിക്കുന്നതായി ഐക്യരാഷ്ട്രസഭാ ജനസംഖ്യാ ഫണ്ടിന്റെ ഒരു മാസികയായ പോപ്പൂലൈ കണക്കാക്കുന്നു. ഈ സംഖ്യയിൽ 15 വയസ്സിൽ താഴെയുള്ളവരോ ഗർഭച്ഛിദ്രം നടത്തുന്നവരോ ഗർഭമലസൽ സംഭവിക്കുന്നവരോ ആയ പെൺകുട്ടികൾ ഉൾപ്പെടുന്നില്ല. ആഫ്രിക്കയിൽ മാത്രം സ്ത്രീകളിൽ ഏതാണ്ട് 28 ശതമാനം പേരും 18 വയസ്സാകുന്നതിനു മുമ്പ് കുട്ടികളെ പ്രസവിക്കുന്നു. കൗമാരപ്രായ ഗർഭധാരണത്തിന്റെ വർധനവിന്റെ കാരണങ്ങളുടെ കൂട്ടത്തിൽ ലൈംഗിക കാര്യങ്ങൾ സംബന്ധിച്ച അജ്ഞതയും നേരത്തെയുള്ള വിവാഹവും പ്രായമുള്ളവരും സമ്പന്നരുമായ പുരുഷൻമാരുമായി ബന്ധത്തിലേർപ്പെടാൻ ചെറുപ്പക്കാരികളെ പ്രലോഭിപ്പിക്കുന്ന സാമ്പത്തിക പരാധീനതയും ഉണ്ടെന്നു ഗവേഷകർ പറയുന്നു. “20-34 വയസ്സു പ്രായമുള്ള സ്ത്രീകളെക്കാൾ കൗമാരപ്രായക്കാരികളായ സ്ത്രീകൾക്കു ഗർഭധാരണസമയത്തോ പ്രസവസമയത്തോ മരിക്കാനുള്ള ശരാശരി അപകടസാധ്യത ഇരട്ടിയാണെന്നു മാത്രമല്ല, കൗമാരപ്രായക്കാരായ അമ്മമാരുടെ ശിശുക്കളും മരിക്കാൻ വളരെ സാധ്യത കൂടുതലാണ്” എന്നു പോപ്പൂലൈ പറയുന്നു.
ബധിരർക്കു കമ്പ്യൂട്ടർ സഹായം
പുതുതായി വികസിപ്പിച്ചെടുത്ത ഒരു കമ്പ്യൂട്ടർ സംവിധാനം സാധാരണപോലെ സംസാരിക്കാൻ പഠിക്കുന്നതിന് ബധിരരായ ആളുകളെ ഉടൻതന്നെ സഹായിച്ചേക്കാം. ബധിരരെ സംബന്ധിച്ചിടത്തോളം സംസാരിക്കാൻ പഠിക്കുന്നത് ഒരു വിദേശഭാഷ പഠിക്കുന്നതുപോലെയാണ്. സ്കോട്ട്ലൻഡിലുള്ള എഡിൻബറ യൂണിവേഴ്സിററിയിലെ ലാംഗ്വേജ് ടെക്നോളജീസിന്റെ ഗവേഷണകേന്ദ്രം ഈ പ്രോഗ്രാം വികസിപ്പിച്ചെടുക്കാൻ പ്രേരണ നൽകിയത് ഈ വസ്തുതയാണ്. ഈ സംവിധാനത്തിലെ കമ്പ്യൂട്ടർ വിദ്യാർഥിയുടെ സംസാരത്തെ അപഗ്രഥിക്കുകയും ശരിയായ ഉച്ചാരണത്തിനുവേണ്ട തിരുത്തലുകളും പൊരുത്തപ്പെടുത്തലുകളും എവിടെയാണ് ആവശ്യമായിരിക്കുന്നതെന്നു സത്വരം സൂചിപ്പിക്കുകയും ചെയ്യുന്നു എന്ന് ഏജൻസ് ഫ്രാൻസ്-പ്രെസ്സെ എന്ന വാർത്താവിഭാഗത്തിന്റെ ഒരു റിപ്പോർട്ടു പറയുന്നു. കൂടാതെ, തങ്ങളുടെ ഉച്ചാരണരീതിയും താളവും ക്രമേണ മെച്ചപ്പെടുത്താൻ ബധിരനെ സഹായിക്കാൻ ആസൂത്രണം ചെയ്തിട്ടുള്ള പാഠ്യപരമ്പരകളും ഈ പരിപാടിയിൽ ഉണ്ടായിരിക്കും. ഈ സംവിധാനം പരിഷ്കരിച്ച് ബധിര വിദ്യാർഥികളെ വിദേശഭാഷ പഠിപ്പിക്കുന്നതിനു വേണ്ടിയും ഉപയോഗിക്കുന്നതായിരിക്കും.
ഒന്നാം ലോകമഹായുദ്ധത്തിലെ നിർമിതികൾ തീവണ്ടിയെ പാളം തെററിക്കുന്നു
ഒന്നാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ച നിർമിതി ഫ്രഞ്ച് ദേശീയ റെയിൽവേയുടെ അഭിമാനമായ ററിജിവിയെ (വളരെ വേഗത്തിലോടുന്ന തീവണ്ടി) പാളംതെററിച്ചു. ഫ്രാൻസിന്റെ വടക്കുഭാഗത്തേക്കു പാരീസ്-വാലൻസൈൻസ് ലൈനിൽ പുതുതായി തുടങ്ങിയതായിരുന്നു ആ തീവണ്ടി. ററിജിവി റെയിൽപ്പാതയ്ക്കടിയിൽ ഉണ്ടായിരുന്ന, നേരത്തെ തിരിച്ചറിയാൻ കഴിയാതിരുന്ന ഭൂഗർഭ അറകൾ പെട്ടെന്നു തകർന്നടിഞ്ഞതിന്റെ ഫലമായാണ് അപകടം ഉണ്ടായതെന്നു പാരീസ് പത്രമായ ലാ മോണ്ട് റിപ്പോർട്ടു ചെയ്യുന്നു. അപകടം ഉണ്ടായ സ്ഥലം 1914-18 പോരാട്ടത്തിലെ ഏററവും രക്തരൂക്ഷിത പോരാട്ടമായ സോമയുദ്ധം നടന്ന സ്ഥലമായിരുന്നു. ഉപരിതലത്തിൽനിന്ന് അവ തിരിച്ചറിയാൻ ഏറെക്കുറെ അസാധ്യമാണെങ്കിലും ഭൂഗർഭ അറകളും മൂടപ്പെട്ട കുഴികളും ബോംബിങ്ങിന്റെ ഫലമായുണ്ടായ ഗർത്തങ്ങളും—ഇവയെല്ലാം ഒന്നാം ലോകമഹായുദ്ധത്തിലെ കിടങ്ങുയുദ്ധത്തിന്റെ അവശിഷ്ടങ്ങളാണ്—ആ പ്രദേശത്തെല്ലാം വളരെയുണ്ട്. തീവണ്ടിപ്പാത കടന്നുപോകുന്ന മററു സ്ഥലങ്ങൾ സൂക്ഷ്മപരിശോധന നടത്തി അവിടം ബലപ്പെടുത്താൻ സാങ്കേതിക വിദഗ്ധരുടെ സംഘത്തെ അയച്ചിട്ടുണ്ട്.
കൈത്തോക്കുകളുടെ ഹത്യാപരമായ ഉപയോഗം
1992-ൽ കൈത്തോക്കുകൾകൊണ്ട് എത്ര ആളുകൾ കൊല്ലപ്പെട്ടു? അടുത്ത കാലത്തു പുറത്തുവന്ന സ്ഥിതിവിവരക്കണക്കനുസരിച്ച് ഓസ്ട്രേലിയയിൽ 13, ബ്രിട്ടനിൽ 33, കാനഡയിൽ 128, ജപ്പാനിൽ 60, സ്വീഡനിൽ 36, സ്വിററ്സർലൻഡിൽ 97, ഐക്യനാടുകളിലാണെങ്കിൽ അതിന്റെ എണ്ണം ഞെട്ടിക്കുന്നതാണ്, 13,220. ഇൻറർനാഷണൽ ഹെറാൾഡ് ട്രിബ്യൂണിൽ റിപ്പോർട്ടു ചെയ്യപ്പെട്ടതുപോലെ ഐക്യനാടുകളിൽ തോക്കുപയോഗിച്ചുള്ള കൊലപാതകങ്ങളാലും ആത്മഹത്യകളാലും അപകടങ്ങളാലും 1991-ൽ 38,317 പേർ കൊല്ലപ്പെട്ടു—ദിവസവും 100 മരണങ്ങളിൽ കൂടുതൽ. വെടിയേററ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 449 എന്നതിൽനിന്ന് കേവലം അഞ്ചു വർഷംകൊണ്ട് 1,220 ആയി വർധിച്ച ഒരാശുപത്രിയെക്കുറിച്ച് യു.എസ്. പ്രസിഡൻറ് ബിൽ ക്ലിൻറൺ പറയുകയുണ്ടായി. ഈ കൂട്ടഹത്യ ഉണ്ടായിരുന്നിട്ടും ഓരോ 20 സെക്കൻറിലും നിർമാതാക്കൾ ഒരു പുതിയ കൈത്തോക്കു വീതം നിർമിക്കുന്നു.
അഭയാർഥികളായ കരടികൾ
യുദ്ധത്തിന്റെ കെടുതിയിൽനിന്ന് അഭയം തേടുന്നവർ മനുഷ്യർ മാത്രമല്ല. “മുൻ യൂഗോസ്ലാവിയയിലെ അവിരാമമായ യുദ്ധത്താൽ ഭീഷണിയിലായ തവിട്ടുനിറത്തിലുള്ള കരടി ബോസ്നിയയിലെ വലിയ നിത്യഹരിത വനങ്ങൾ വിട്ട് വടക്കുള്ള ഇററലിയിലേക്കു നീങ്ങുകയാണ്” എന്ന് ന്യൂ സയൻറിസ്ററ് പ്രസ്താവിക്കുന്നു. “അഭയാർഥികളായ ഈ കരടികളെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ ഇററലിയിലെയും സ്ലൊവീനിയയിലെയും പരിസ്ഥിതിസ്നേഹികൾ തങ്ങളുടെ ആളുകളെ ഒരുമിച്ചുകൂട്ടിയിട്ടുണ്ട്.” എന്നിരുന്നാലും, കരടികൾക്കു മനുഷ്യരിൽനിന്ന് മററപകടങ്ങൾ നേരിട്ടിട്ടുണ്ട്. കുടിയേറിപ്പാർക്കുന്ന കരടികളിൽ പലതും ഇററലിയിലെയും സ്ലൊവീനിയയിലെയും വഴികളിൽവെച്ച് കാറിടിച്ചു കൊല്ലപ്പെട്ടിട്ടുണ്ട്. വളർത്തുമൃഗങ്ങളെ ആക്രമിച്ചശേഷം ചിലതു കൊല്ലപ്പെട്ടിട്ടുണ്ട്, അല്ലെങ്കിൽ വേട്ടക്കാർ കൊന്നിട്ടുണ്ട്. കൃഷി നശിപ്പിക്കുകയോ വളർത്തുമൃഗങ്ങളെ ആക്രമിക്കുകയോ ചെയ്യുന്ന മൃഗങ്ങളെ കൊല്ലാൻ സ്ലൊവീനിയയിലുള്ള കർഷകരെ നിയമം അനുവദിക്കുന്നു. സംരക്ഷിതമേഖലകളിൽ കഴിയാൻ കരടികളെ സഹായിക്കുന്നതിന് അവയ്ക്കുള്ള ഭക്ഷണത്തിനു വേണ്ടി പണം സ്വരൂപിച്ചുകൊണ്ടിരിക്കുകയാണ്.
അഭയാർഥികൾക്ക് എവിടെയും പ്രതികൂലാവസ്ഥ
1993-ൽ അഭയാർഥികളുടെ എണ്ണത്തിൽ ഗോളവ്യാപകമായി വൻ വർധനവുണ്ടായിരുന്നു. രണ്ടു കോടിയിലധികം പേർ. അഭയാർഥികൾക്കു വേണ്ടിയുള്ള ഐക്യരാഷ്ട്ര ഹൈക്കമ്മീഷന്റെ കമ്മീഷണറായ സേയ്ഡാക്കോ ഓഗാട്ടായാണ് ഇത് പറയുന്നത്. 1991-ൽ അവർ അധികാരമേറെറടുത്തപ്പോൾ ഒന്നര കോടി അഭയാർഥികളേ ഉണ്ടായിരുന്നുള്ളൂ. അഭയാർഥികളുടെ വർധനവിന്റെ മുഖ്യ കാരണങ്ങൾ രാഷ്ട്രീയ അസ്ഥിരതയും വംശീയ കലാപങ്ങളുമാണെന്ന് ജർമൻ വർത്തമാനപത്രമായ സ്യൂററ്ഡോയിച്ച് ററ്സൈററുങ് റിപ്പോർട്ടു ചെയ്യുന്നു. എന്നിരുന്നാലും, അഭയാർഥികൾക്ക് എല്ലായിടത്തും വളരെ പ്രതികൂലാവസ്ഥ നേരിടുന്നതായി തോന്നുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവരുടെ പുതിയ ആതിഥേയ രാഷ്ട്രങ്ങളിൽ അഭയാർഥികൾ അക്രമത്തിന് അധികമധികം ഇരകളായിരുന്നു എന്ന് കമ്മീഷണർ കൂട്ടിച്ചേർത്തു. വർഗീയ വിദ്വേഷവും വിദേശീയരോടുള്ള അവജ്ഞയും വ്യാപകമായിത്തീരുകയാണെന്ന് അവർ പറഞ്ഞു.
അപകടകരമായ ആഘോഷം
“ഉത്സവ സമയത്ത് കൊലപാതകങ്ങളുടെ എണ്ണം 58 ശതമാനമായി വർധിക്കുന്നു” എന്ന് ഓ എസ്റേറഡോ സാവൊ പൗലോ എന്ന ബ്രസീലിയൻ പത്രം റിപ്പോർട്ടു ചെയ്യുന്നു. സാവൊ പൗലോയിൽ “79 കൊലപാതകങ്ങളും 124 കൊലപാതകശ്രമങ്ങളും നടന്നു.” കൂടാതെ ആ അഞ്ചു ദിവസത്തിനുള്ളിൽ “മോഷ്ടാക്കൾ വീടുകളിലും കടകളിലും വ്യവസായ സ്ഥാപനങ്ങളിലും ആക്രമണം നടത്തുകയും തെരുവിൽവെച്ച് ആളുകളെ ആക്രമിക്കുകയും ചെയ്തതിന്റെ ഫലമായി 2,227 കവർച്ചകളും (1993-ൽ 277) 807 അക്രമങ്ങളും (1993 -ൽ 282) നടന്നു.” 37 ആത്മഹത്യകളും 25 ബലാൽസംഗങ്ങളും നടന്നു. “1993-ലെ ഉത്സവത്തോടു താരതമ്യം ചെയ്യുമ്പോൾ അക്രമം 14 ശതമാനം വർധിച്ചുവെന്ന് റിയോ ഡി ജെനിറോയിൽ സിവിൽ പൊലീസ് റിപ്പോർട്ടു ചെയ്തു. 63 കൊലപാതകങ്ങൾ നടന്നു, കഴിഞ്ഞ വർഷത്തെക്കാൾ 10 കൂടുതൽ.” ഷോർണൽ ഡോ ബ്രാസിൽ എന്ന പത്രത്തിൽ “ഉത്സവത്തിന്റെ അപകടങ്ങ”ളെക്കുറിച്ച് എഴുതവേ റിയോ ഡി ജെനിറോയിലെ കർദിനാൾ ആർച്ച്ബിഷപ്പ് ഡോം ഔഷാന്യാ ഡെ ആറൂഷോ സേയ്ലസ് ഇങ്ങനെ പറഞ്ഞു: “ആളുകളുടെ മനശ്ശാസ്ത്രപരമായ സന്തുലനത്തിനു വളരെ ആവശ്യമായ വിനോദവും ഒരു സന്തോഷപ്രകടനവുമെന്ന നിലയിൽ സഭ ഉത്സവത്തിന് എതിരല്ല. നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നാം കീഴ്പെട്ടിരിക്കുന്ന ധാർമികനിയമത്തിന്റെ ലംഘനത്തെ സഭ കുററംവിധിക്കുന്നു.”