മിഷനറിമാർ—വെളിച്ചത്തിന്റെ ഏജൻറൻമാരോ അതോ ഇരുളിന്റേതോ? ഭാഗം 5
ഒരു പുതിയ ലോകത്തിനായുള്ള ഒരു പുതിയ സന്ദേശം
പശ്ചിമാർധഗോളത്തെ പുതിയ ലോകം എന്ന് ആദ്യമായി വിളിച്ചത് 16-ാം നൂററാണ്ടിന്റെ ആരംഭത്തോടടുത്തായിരുന്നു. 1492-ൽ കൊളംബസ് അതു “കണ്ടുപിടിച്ച” സമയത്ത് ആളുകൾ അതിനോടകംതന്നെ അവിടെ ജീവിക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം കണ്ടെത്തി. നൂററാണ്ടുകളായി അവർ അവിടെ പാർക്കുന്നുണ്ടായിരുന്നു. എന്നാൽ തദ്ദേശവാസികളായ അമേരിക്കക്കാർ അന്നു ജീവിതത്തിലാദ്യമായി നാമധേയ ക്രിസ്ത്യാനിത്വത്തിന്റെ രുചിയറിഞ്ഞു. ഈ പുതിയ ലോകത്തെ സംബന്ധിച്ചിടത്തോളം ഇതിന്റെ അർഥം എന്തായിരിക്കുമായിരുന്നു?
നൂററാണ്ടുകളായി കത്തോലിക്കാ സഭ യൂറോപ്യൻമാരുടെ ജീവിതത്തിൽ മിക്കവാറും സമ്പൂർണമായ നിയന്ത്രണം പുലർത്തിപ്പോന്നിരുന്നു. ഗവൺമെൻറ് ഉൾപ്പെടെ മർത്ത്യശ്രമത്തിന്റെ എല്ലാ മണ്ഡലങ്ങളിലും തന്നെ അത് പ്രമാണങ്ങൾ വയ്ക്കുകയും നിയമവാഴ്ച നടത്തുകയും ചെയ്തു. സഭയും രാഷ്ട്രവും തമ്മിലുള്ള അത്തരം കൂട്ടായ പ്രവർത്തനം, കുരിശുയുദ്ധങ്ങൾ പടച്ചുവിട്ട ആ സഖ്യം, പുതിയ ലോകത്തെയും വാഴാൻ ഇടയായി.
“പുതിയ ലോകത്തിന്റെ രക്ഷയ്ക്കു വേണ്ടി ദിവ്യമായി തിരഞ്ഞെടുക്കപ്പെട്ട ഉപകരണമായിരുന്നു സ്പെയിനിലെ സിംഹാസനം” എന്നു 15-ാം നൂററാണ്ടിന്റെ അവസാനമായപ്പോഴേക്കും സ്പാനിഷ് രാജാക്കൻമാർ ഉറച്ചു വിശ്വസിച്ചിരുന്നു എന്ന് ബ്യൂനസ് അയേഴ്സിലുള്ള എഡൂക്കാസിയോൺ തിയോളോഹിക്കായിലെ സിഡ്നി എച്ച്. റൂയി എഴുതുന്നു. കണ്ടുപിടിത്ത അവകാശങ്ങൾ സ്പെയിനിനും പോർച്ചുഗലിനും വിഭാഗിച്ചുകൊണ്ട് പാപ്പാധിപത്യം അററ്ലാൻറിക് സമുദ്രത്തിൽ തെക്കുവടക്കായി ഒരു സാങ്കൽപ്പിക രേഖ വരയ്ക്കുകയുണ്ടായി. ആ രേഖ കുറേക്കൂടെ പടിഞ്ഞാട്ടു മാററിക്കൊണ്ട് 1494-ൽ ഇരു ഗവൺമെൻറുകളും ഒരു ഉടമ്പടിയിൽ ഒപ്പുവെച്ചു. അങ്ങനെ, മധ്യ അമേരിക്കയുടെയും തെക്കേ അമേരിക്കയുടെയും മിക്ക ഭാഗങ്ങളിലും കുടിയേറാൻ സ്പെയിൻ തീരുമാനിച്ചപ്പോൾ പോർച്ചുഗീസ് ബ്രസീലിലേക്കു നീങ്ങുകയാണുണ്ടായത്. അതിന്റെ പൂർവതീരം അപ്പോൾ അതിർത്തിരേഖയുടെ കിഴക്കായിട്ടാണു കിടന്നത്. റൂയിയുടെ അഭിപ്രായപ്രകാരം, “ആ രാജ്യങ്ങൾക്കുള്ള അധികാരത്തിൽ തദ്ദേശീയ ആളുകളോടു സുവിശേഷം ഘോഷിക്കുന്നതിനുള്ള കടമയും ഉൾപ്പെട്ടിരുന്നുവെന്നാണ്” പാപ്പായുടെ കല്പനയുടെ അർഥമെന്ന് ഇരു രാജ്യങ്ങളും വ്യാഖ്യാനിച്ചു.
പുതിയ ലോകത്തെ ജയിച്ചടക്കൽ
1493-ൽ കൊളംബസ് നടത്തിയ തന്റെ രണ്ടാമത്തെ സമുദ്രയാത്രയിൽ അദ്ദേഹത്തോടൊപ്പം തദ്ദേശീയ ആളുകളെ മതപരിവർത്തനം ചെയ്യിക്കാൻ വിശേഷാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സംഘം കത്തോലിക്കാ സന്ന്യാസിമാരുമുണ്ടായിരുന്നു. അന്നുമുതൽ പുതിയ ലോകം പിടിച്ചടക്കുന്നതിൽ യൂറോപ്യൻ ജേതാക്കളും മിഷനറിമാരായ പുരോഹിതൻമാരും തോളോടുതോൾ ചേർന്നു പ്രവർത്തിച്ചു.
ഇന്നു മെക്സിക്കോ എന്നറിയപ്പെടുന്ന പ്രദേശത്ത് എർനാൻ കോർട്ടെസ് 1519-ൽ എത്തിച്ചേർന്നു. അദ്ദേഹത്തോടൊപ്പം ഒരു സൈനിക പുരോഹിതനും മററു പുരോഹിതൻമാരും ഉണ്ടായിരുന്നു. 50 വർഷങ്ങൾക്കുള്ളിൽ മിഷനറിമാരുടെ എണ്ണം 800 ആയി വർധിച്ചിരുന്നു. ഫ്രാൻസിസ്കോ പിസാറോ 1531-ൽ എത്തിച്ചേർന്ന പെറുവിൽ 350 മിഷനറിമാരും ഉണ്ടായിരുന്നു.
1493-ൽ പുറപ്പെടുവിച്ച പാപ്പായുടെ ശാസനങ്ങൾ ലൗകിക അധികാരികൾക്കു പിടിച്ചടക്കൽ ദൗത്യത്തിന് അവരാഗ്രഹിച്ച ധാർമിക ന്യായീകരണം നൽകുകയുണ്ടായി. ദൈവത്തിന്റെ പിന്തുണയിൽ തങ്ങൾക്ക് ആശ്രയിക്കാൻ കഴിയുമെന്ന് അവർ വിചാരിച്ചിരുന്നു, കാരണം കോളനിവത്കരണം ദൈവത്തിന്റെ ഇഷ്ടമാണെന്ന് അവർ കരുതിപ്പോന്നു. ലൗകിക അധികാരികളെ പ്രീതിപ്പെടുത്തുന്നതിന് ആകാംക്ഷാഭരിതരായിരുന്ന സഭാ അധികാരികൾ കോളനിവാഴ്ചാ സമ്പ്രദായത്തിനു നിയമാവകാശം കൊടുക്കാൻ പ്രേരിതരായി. പോർച്ചുഗീസിൽ ജനിച്ചുവെങ്കിലും ബ്രസീലിൽ വളർന്നുവന്ന ആന്റോണിയോ വിയെയിറ എന്നു പേരുള്ള 17-ാം നൂററാണ്ടിലെ ഒരു ജെസ്യൂട്ട് പുരോഹിതൻ കോളനിവത്കരണത്തെ വാസ്തവത്തിൽ പ്രകീർത്തിക്കുകയുണ്ടായി. കോളനിവത്കരണം കൂടാതെ സുവിശേഷഘോഷണം അസാധ്യമായിരിക്കുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുടെ മതം പ്രചരിപ്പിക്കുന്നതിനു വേണ്ടി ഒരു ഉപകരണമായി കോളനിവാഴ്ചയെ ഉപയോഗിക്കുന്നതിൽ മിഷനറിമാർ യാതൊരു തെററും കണ്ടില്ല. എന്നിരുന്നാലും, ഇത് അവരെ, തന്റെ അനുഗാമികൾ ഏതിന്റെ ഭാഗമായിരിക്കരുതെന്ന് യേശു പറഞ്ഞുവോ ആ ലോകത്തിന്റെ അവിഭാജ്യഘടകമാക്കിത്തീർത്തു.—യോഹന്നാൻ 17:16.
മതപരിവർത്തനം ചെയ്യിക്കൽ
“അമേരിക്കൻ ഇന്ത്യാക്കാരുടെ പഴഞ്ചൻ മതസമ്പ്രദായങ്ങളും ബാഹ്യമായ പ്രകടനങ്ങളും പിഴുതുകളയുന്നതിന്” ആദ്യം തുടക്കമിട്ടത് ക്രൈസ്തവലോകത്തിലെ മിഷനറിമാരായിരുന്നു എന്ന് റൂയി അഭിപ്രായപ്പെടുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “വേണ്ടിവന്നപ്പോൾ ബലപ്രയോഗം നടത്തിയെങ്കിലും, പുരോഹിതൻമാരുടെ നേരിട്ടുള്ള സമീപനം വഴിയുള്ള സമാധാനപരമായ മാർഗങ്ങളിലൂടെയാണു പല അമേരിക്കൻ ഇന്ത്യാക്കാരെയും മതപരിവർത്തനം ചെയ്യിച്ചത്.”
വാസ്തവത്തിൽ ബലപ്രയോഗം ഒരിക്കലും ന്യായീകരിക്കാവുന്നതായിരുന്നില്ല എന്ന് ചില മിഷനറിമാർ വിശ്വസിക്കുകതന്നെ ചെയ്തു, തീർച്ച. ഉദാഹരണത്തിന്, ഒരു സ്പാനിഷ് ഡൊമിനിക്കൻ മിഷനറിയും പുരോഹിതനുമായ ബർത്തോലോമേ ഡേ ലാസ് കേസാസ് എന്നു പേരുള്ള ഒരാൾ അവർ അവലംബിച്ച നിഷ്ഠൂര രീതികളോടു വിസമ്മതം കാട്ടി. [അമേരിക്കൻ] ഇന്ത്യാക്കാർക്കു വേണ്ടി സ്പെയിനിലെ ഗവൺമെൻറിനോട് അദ്ദേഹം നിരന്തരം അഭ്യർഥനകൾ നടത്തിക്കൊണ്ടിരുന്നു, അക്കാരണത്താൽ ആ ഗവൺമെൻറ് അദ്ദേഹത്തിന് “ഇന്ത്യാക്കാരുടെ രക്ഷാപുരുഷൻ” എന്ന പേര് നൽകി. എന്നാൽപ്പോലും അദ്ദേഹത്തിന്റെ ശ്രമങ്ങൾക്കു സമ്മിശ്ര പ്രതികരണങ്ങളാണു ലഭിച്ചത്. കുരിശുയുദ്ധം നടത്തുന്നവൻ, പ്രവാചകൻ, ദൈവദാസൻ, ദർശകൻ എന്നിങ്ങനെ ചിലർ അദ്ദേഹത്തെ വിളിക്കുകയുണ്ടായി; എന്നാൽ മററു ചിലരാകട്ടെ, രാജ്യദ്രോഹി, ചിത്തഭ്രമം ബാധിച്ചവൻ, അരാജകപക്ഷക്കാരൻ, മുൻമാർക്സിസ്ററുകാരൻ എന്നും.
പഴഞ്ചൻ സമ്പ്രദായങ്ങളെ പിഴുതുകളയുകയെന്ന ലക്ഷ്യം പിന്നീട് ഉപേക്ഷിക്കപ്പെട്ടു. നിർബന്ധത്തിനു വഴങ്ങി ക്രിസ്ത്യാനി എന്ന പേരു സ്വീകരിക്കാൻ തദ്ദേശീയർ സമ്മതിച്ചാൽ തങ്ങളുടെ പുറജാതീയ വിശ്വാസങ്ങളും സമ്പ്രദായങ്ങളും നിലനിർത്താൻ അവർ അനുവദിക്കപ്പെടുമായിരുന്നു. അങ്ങനെ, “പെറുവിലുള്ള സീയെറാ ഇന്ത്യക്കാരുടെ ഇടയിലെ അനേകം ക്രിസ്തീയ ഉത്സവങ്ങളിൽ വിസ്മരിക്കപ്പെട്ട ഇൻകാ വിശ്വാസങ്ങളുടെ ശിഷ്ടാചാരങ്ങൾ ഉൾപ്പെടുന്നു” എന്ന് മനുഷ്യനും സങ്കൽപ്പവും മന്ത്രവാദവും (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. മെക്സിക്കോയിലെ ഇന്ത്യാക്കാർ ക്രിസ്ത്യാനിത്വത്തിൽനിന്ന് “തങ്ങളുടെ സ്വന്തം ആത്മീയവും ആചാരപരവുമായ ആവശ്യങ്ങൾക്കിണങ്ങുന്ന ഘടകങ്ങൾ” സ്വീകരിച്ച് “തങ്ങളുടെ പൂർവിക വിശ്വാസത്തിന്റെ ഘടകങ്ങളുമായി ലയിപ്പിച്ചു” എന്ന് ദ കേംബ്രിഡ്ജ് ഹിസ്റററി ഓഫ് ലാററിൻ അമേരിക്ക വിശദീകരിക്കുന്നു.
ലക്ഷക്കണക്കിനു തദ്ദേശ അമേരിക്കക്കാർ മാമ്മോദീസ മുങ്ങിയെന്നതു സത്യമാണ്. എന്നാൽ അവരുടെമേൽ അടിച്ചേൽപ്പിക്കപ്പെട്ട “ക്രിസ്ത്യാനിത്വം” കേവലം ഉപരിപ്ലവമായിരുന്നു. ഉറച്ച വിശ്വാസം കെട്ടിപ്പടുക്കേണ്ടിയിരുന്ന ക്രിസ്ത്യാനിത്വത്തിന്റെ അടിസ്ഥാന സംഗതികൾ അവരെ പഠിപ്പിക്കുന്നതിൽ അൽപ്പംപോലും സമയം ചെലവഴിക്കപ്പെട്ടില്ല. ദ കേംബ്രിഡ്ജ് ഹിസ്റററി ഓഫ് ലാററിൻ അമേരിക്ക ഇപ്രകാരം അഭിപ്രായപ്പെടുന്നു: “പ്രത്യക്ഷത്തിൽ ഉത്സാഹത്തോടെ പുതിയ വിശ്വാസത്തെ കൈക്കൊണ്ട ഇന്ത്യാക്കാർ അപ്പോഴും തങ്ങളുടെ പഴയ വിഗ്രഹങ്ങളെ രഹസ്യമായി പൂജിച്ചുപോന്നിരുന്നു എന്നതു സംബന്ധിച്ച അമ്പരപ്പിക്കുന്ന സൂചനകൾ ഉണ്ടായിരുന്നു.” വാസ്തവത്തിൽ, “ക്രിസ്ത്യാനികളുടെ ദൈവം” പ്രതികരിക്കാൻ പരാജയപ്പെട്ടെങ്കിലോ എന്നോർത്ത് ചില ഇന്ത്യാക്കാർ “ക്രിസ്തീയ” ബലിപീഠങ്ങൾക്കു പിന്നിൽ പുറജാതീയ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു. ബഹുഭാര്യാത്വം പോലെ ദീർഘകാലം നിലവിലിരുന്ന ആചാരരീതികൾ ഉപേക്ഷിക്കുന്ന കാര്യത്തിൽ അവർ പുറകോട്ടായിരുന്നു.
ക്രിസ്തീയ മിഷനറിമാർ പ്രവർത്തിക്കാൻ ഒരുവൻ പ്രതീക്ഷിച്ചിരുന്ന വിധത്തിൽ റോമൻ കത്തോലിക്കാ സഭാവിഭാഗങ്ങളിലുള്ള അംഗങ്ങൾ എപ്പോഴും പ്രവർത്തിച്ചിരുന്നില്ല. സഭാവിഭാഗങ്ങൾ തമ്മിൽ വഴക്കുകൾ സാധാരണമായിരുന്നു. തങ്ങളുടെ നയങ്ങളും പ്രവൃത്തികളും നിമിത്തം പ്രത്യേകിച്ചും വിമർശിക്കപ്പെട്ടതു ജെസ്യൂട്ട് പുരോഹിതൻമാരായിരുന്നു. വാസ്തവത്തിൽ, 1759-ൽ അവർ ബ്രസീലിൽനിന്നു ബഹിഷ്കരിക്കപ്പെട്ടു.
പ്രൊട്ടസ്ററൻറ് മിഷനറിമാരുടെ വരവ് കാര്യങ്ങൾക്കു കാര്യമായ മാററമൊന്നും വരുത്തിയില്ല. മിഷനറി നിരകൾ വർധിച്ചതോടെ നാമമാത്ര ക്രിസ്ത്യാനിത്വത്തിന്റെ പ്രത്യേകതയായ അനൈക്യവും വർധിച്ചു. സാമ്രാജ്യത്വവാഴ്ചയെ പ്രോത്സാഹിപ്പിച്ചതിന്റെ പേരിൽ കത്തോലിക്കർ പ്രൊട്ടസ്ററൻറുകാരെ കുററപ്പെടുത്തി; പുറജാതീയ വിശ്വാസങ്ങൾ പ്രചരിപ്പിച്ചെന്നും ആളുകളെ ദാരിദ്ര്യത്തിൽ നിർത്തിയതിന് ഉത്തരവാദികളായിരുന്നെന്നും പറഞ്ഞ് പ്രൊട്ടസ്ററൻറുകാർ കത്തോലിക്കരെ കുററപ്പെടുത്തി. ഈ ആരോപണങ്ങളിലൊന്നും പതിരില്ലായിരുന്നു. ക്രൈസ്തവലോകത്തിലെ മിഷനറിമാർ, കത്തോലിക്കരും പ്രൊട്ടസ്ററൻറുകാരും, യേശുവിന്റെ മാതൃക പിന്തുടരുന്നതിൽ പരാജയപ്പെട്ടു.
പുതിയ ലോകത്തിലുടനീളം “സ്പാനിഷ്-ഫ്രഞ്ച്-ബ്രിട്ടീഷ് ഗവൺമെൻറുകളുടെ കോളനിവാഴ്ചയുടെ ഒരു കരമെന്നനിലയിൽ മതപരിവർത്തനം മുന്നോട്ടു നീളുകതന്നെ ചെയ്തു” എന്നു മതവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നു. സ്പെയിനും പോർച്ചുഗീസും തങ്ങളുടെ ശ്രദ്ധ ലാററിനമേരിക്കയിൽ കേന്ദ്രീകരിച്ചപ്പോൾ ഫ്രാൻസും ബ്രിട്ടനും കൂടുതൽ താത്പര്യം കാട്ടിയതു പിന്നീട് ഐക്യനാടുകളും കാനഡയും ആയിത്തീർന്ന പ്രദേശങ്ങളിലായിരുന്നു.a
ലാററിനമേരിക്കയിലെ ആ മിഷനറിമാരെപ്പോലെ ഫ്രഞ്ച്, ബ്രിട്ടീഷ് മിഷനറിമാർ തെററായ കാര്യങ്ങൾക്കു മുൻതൂക്കം നൽകുകയും രാഷ്ട്രീയ കാര്യങ്ങളിൽ ഉൾപ്പെടുകയും ചെയ്തു. അതുകൊണ്ട്, “കാനഡയിലെ ഫ്രഞ്ച് യുഗത്തിന്റെ അവസാനത്തോടെ ഇന്ത്യാക്കാരെ മതപരിവർത്തനം ചെയ്യിക്കുന്നതിനെക്കാൾ ഫ്രാൻസിനോട് അവരെ കൂടുതൽ കൂറുള്ളവരാക്കി മാററുന്നതിലാണ് ആ മിഷനറിമാർ കൂടുതൽ വിജയം വരിച്ചത്” എന്നു മതവിജ്ഞാനകോശം അഭിപ്രായപ്പെടുന്നു.
ദൈവത്തിനു വേണ്ടിയോ സ്വർണത്തിനു വേണ്ടിയോ?
ആദ്യകാലത്തെ ജേതാക്കളുടെ “ലക്ഷ്യം ദൈവരാജ്യത്തെ വ്യാപിപ്പിക്കൽ ആയിരുന്നു” എന്ന് ചിലർ അവകാശപ്പെട്ടേക്കാം. എന്നാൽ കൂടുതൽ വാസ്തവികബോധത്തോടെ ദ കേംബ്രിഡ്ജ് ഹിസ്റററി ഓഫ് ലാററിൻ അമേരിക്ക ഇപ്രകാരം പറയുന്നു: “സർവോപരി, അവരാഗ്രഹിച്ചതു സ്വർണമായിരുന്നു.” ഒരിക്കൽ മതപരിവർത്തനം ചെയ്തുകഴിഞ്ഞാൽ ഇന്ത്യാക്കാർ “സ്വമനസ്സാലെ വളരെയധികം സ്വർണം നിക്ഷേപിക്കുമെന്നു കരുതിയിരുന്നു.”
അങ്ങനെ ക്രൈസ്തവലോകത്തിലെ ചില മിഷനറിമാർ ദുഷ്ടമായ ആന്തരങ്ങൾ ഉണ്ടായിരുന്നവരുടെ കരങ്ങളിലെ വഴക്കമുള്ള ഉപകരണങ്ങളായി മാറി. നേരത്തെ പരാമർശിച്ചതുപോലെ, ഇതു തിരിച്ചറിഞ്ഞ യൂറോപ്യരിൽ ആദ്യത്തെ ആളായിരുന്നു ബർത്തോലോമേ ഡേ ലാസ് കേസാസ്. ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക 1542-ൽ അദ്ദേഹം ഇങ്ങനെ എഴുതിയതായി ഉദ്ധരിക്കുന്നു: “അത്രയധികം ആളുകളെ ക്രിസ്ത്യാനികൾ കൊല്ലുകയും നശിപ്പിക്കുകയും ചെയ്തതിന്റെ കാരണം സ്വർണക്കൊതിയാലും വളരെ ഹ്രസ്വമായ ഒരു കാലയളവിനുള്ളിൽ സമ്പന്നരാകാനുള്ള ആഗ്രഹത്താലും അവർ പ്രേരിതരായിരുന്നു എന്നതാണ്.”
ആത്മീയ പ്രബുദ്ധതയുടെ കാര്യത്തിലാണെങ്കിൽ യൂറോപ്യൻ ജേതാക്കൾ ഒരു നേട്ടവും കൈവരിച്ചില്ല. കോർട്ടെസ് മെക്സിക്കോയെ ആക്രമിച്ചപ്പോൾ “പ്രാകൃത മനുഷ്യർ അവിടം കയ്യടക്കിയതായി അദ്ദേഹം കണ്ടെത്തി, അവരുടെ പക്കൽ അദ്ദേഹമാണു സംസ്കാരവും ക്രിസ്ത്യാനിത്വവും കൊണ്ടെത്തിച്ചത്” എന്ന് ക്രിസ്തീയ വിശ്വാസപ്രതിവാദികൾ അവകാശപ്പെടുന്നുവെന്ന് ജെയിംസ് എ. മിഷ്നർ മെക്സിക്കോ എന്ന ഗ്രന്ഥത്തിൽ പറയുന്നു. എന്നിരുന്നാലും, പൊ.യു. [പൊതുയുഗം] 900-ത്തിൽപ്പോലും മെക്സിക്കോയിലെ ഇന്ത്യാക്കാർ “പ്രാകൃതരല്ലായിരുന്നുവെന്ന് മിഷ്നർ പറയുന്നു, എന്നാൽ തങ്ങളുടെ അത്ഭുതാവഹമായ സംസ്കാരം പരിരക്ഷിക്കുന്ന കാര്യത്തിൽ അവർ വളരെ തണുപ്പൻ മനോഭാവമുള്ളവരായിരുന്നു. അതുകൊണ്ട് യഥാർഥ പ്രാകൃതസ്വഭാവമുള്ളവർ തങ്ങളെ കീഴടക്കാൻ അവർ അനുവദിച്ചു.” ഈ “യഥാർഥ പ്രാകൃതസ്വഭാവമുള്ളവർ” ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെട്ടവരിൽ ചിലരായിരുന്നു.
ഒരു ഒരുക്കവേല
താൻ ‘കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുകൊണ്ടു ശിഷ്യരാക്കിക്കൊൾവാൻ’ യേശു നൽകിയ നിർദേശങ്ങളെ ക്രൈസ്തവലോകത്തിലെ മിഷനറിമാർ അനുസരിച്ചില്ല. (മത്തായി 28:19, 20) പുതുതായി മതപരിവർത്തനം ചെയ്തവർ ദൈവാത്മാവിന്റെ ഫലം പുറപ്പെടുവിക്കാൻ അഭ്യസിപ്പിക്കപ്പെട്ടില്ല. അവർ ഏകവിശ്വാസത്തിൽ ഐക്യപ്പെട്ടിരുന്നില്ല.
ക്രൈസ്തവലോകത്തിലെ മിഷനറിമാരിൽ ആത്മാർഥതയുണ്ടായിരുന്നവർക്കു പോലും വിശ്വാസത്യാഗം ഭവിച്ച ഒരുതരം ക്രിസ്ത്യാനിത്വം പ്രചരിപ്പിക്കുന്നതിനെക്കാൾ മെച്ചമായി ഒന്നും ചെയ്യാനായില്ല. പുതിയ ലോകത്തിൽ ചൊരിഞ്ഞ “പ്രകാശം” തീർത്തും മങ്ങിയതായിരുന്നു. എന്നിരുന്നാലും, ഒരളവുവരെ ബൈബിൾ നൽകുകവഴി ക്രൈസ്തവലോകത്തിലെ മിഷനറിമാർ അന്ത്യകാലത്തു നടക്കുമെന്ന് യേശു പ്രവചിച്ച മർമപ്രധാനമായ മിഷനറി വേലയ്ക്കു വേണ്ടി ഒരു ഒരുക്കൽ വേല അനുഷ്ഠിക്കുകയായിരുന്നു. (മത്തായി 24:14) ആ മിഷനറി വേല അത്യപൂർവമായ ഒരു പ്രചരണപ്രവർത്തനമായിരിക്കും, ക്രിസ്തീയ ചരിത്രത്തിൽ നടന്നിട്ടുള്ളതിൽ വെച്ച് ഏററവും വിജയപ്രദമായത്, എല്ലാ ജനതകളിലെയും ആളുകൾക്കു പ്രയോജനം ചെയ്യുന്നത്. ഞങ്ങളുടെ അടുത്ത ലക്കത്തിൽ, “ഇന്നു യഥാർഥ ശിഷ്യരെ ഉളവാക്കൽ” എന്ന ലേഖനത്തിൽ അതേക്കുറിച്ചു വായിക്കുക.
[അടിക്കുറിപ്പുകൾ]
a ഫ്ളോറിഡയിലും ഇപ്പോൾ ഐക്യനാടുകൾ എന്നറിയപ്പെടുന്നതിന്റെ ദക്ഷിണപശ്ചിമഭാഗത്തും വിദൂര പശ്ചിമഭാഗത്തും പ്രത്യേകിച്ചു കാലിഫോർണിയയിലും തീർച്ചയായും സ്പാനിഷ് സ്വാധീനമുണ്ടായിരുന്നു.
[21-ാം പേജിലെ ചിത്രം]
യൂറോപ്യൻ ജേതാക്കളോടൊപ്പം മിഷനറിമാർ അമേരിക്കകളിൽ എത്തിച്ചേർന്നു
[കടപ്പാട്]
From the book Die Helden der christlichen Kirche