“ഞാൻ ക്രിസ്മസ് ആഘോഷിക്കാത്തതിന്റെ കാരണം”
ക്രിസ്തുമസ്സ് ആഘോഷിക്കാത്തതു നിമിത്തം യഹോവയുടെ സാക്ഷികളുടെ കുട്ടികൾക്കു പലതും നഷ്ടമാകുന്നുവെന്ന് ചിലർ പറയുന്നു. ക്ലാസ്സിലെ ഒരു നിയമനം എന്നനിലയിൽ യു.എസ്.എ.യിലെ കാലിഫോർണിയയിലുള്ള 11 വയസ്സുകാരിയായ ഒരു സാക്ഷിയുടെ “ഞാൻ ക്രിസ്മസ് ആഘോഷിക്കാത്തതിന്റെ കാരണം” എന്ന ഉപന്യാസം പരിചിന്തിക്കുക:
“ഒട്ടനവധി ആളുകളെ സംബന്ധിച്ചിടത്തോളം ക്രിസ്മസ് വളരെയധികം കാര്യങ്ങളെ അർഥമാക്കുന്നു—സമ്മാനങ്ങൾ, കുടുംബം, സമ്മാനങ്ങൾ, ഭക്ഷണം, സമ്മാനങ്ങൾ, പങ്കുവയ്ക്കൽ, സമ്മാനങ്ങൾ, സ്നേഹം, സമ്മാനങ്ങൾ, സാന്താക്ലോസ്, സമ്മാനങ്ങൾ തുടങ്ങിയവ. എന്നാൽ ഇക്കാലത്ത് ക്രിസ്മസ് എന്തുകൊണ്ടാണെന്നോ അത് ആഘോഷിക്കുന്നത് എന്തുകൊണ്ടാണെന്നോ ആളുകൾ ചിന്തിക്കാറില്ല. ചിന്തിച്ചാൽത്തന്നെ ക്രിസ്മസ് യേശുക്രിസ്തുവിന്റെ ജൻമദിനമായി, കുടുംബസന്തോഷത്തിന്റെ, തീർച്ചയായും വളരെ സമ്മാനങ്ങളുടെ, ഒരു സമയമായി, മാത്രം അവർ കരുതുന്നു. മിക്കയാളുകൾക്കും യഹോവയുടെ സാക്ഷികളോട് സഹതാപം തോന്നാറുണ്ട്, കാരണം അവരുടെ കുട്ടികൾക്കു വളരെയധികം കാര്യങ്ങൾ നഷ്ടമാകുന്നുവെന്ന് അത്തരക്കാർ ചിന്തിക്കുന്നു. എന്നാൽ വാസ്തവത്തിൽ ഞങ്ങൾക്ക് എന്തെങ്കിലും നഷ്ടമാകുന്നുണ്ടോ? ഈ ആഘോഷദിവസം യഹോവയുടെ സാക്ഷികൾ കൊണ്ടാടാത്തതിന്റെ കാരണം നമുക്കൊന്നു പരിശോധിക്കാം.
“ഒരു യഹോവയുടെ സാക്ഷി എന്നനിലയിൽ പല കാരണങ്ങൾ നിമിത്തം ഞാൻ ക്രിസ്മസ് ആഘോഷിക്കുന്നില്ല. അത് യേശുവിന്റെ ജൻമദിനമല്ല എന്നതാണ് ഒരു സംഗതി. ആടുകളോടുകൂടെ ഇടയൻമാർ വയലുകളിൽ ഉണ്ടായിരുന്നുവെന്ന് ബൈബിൾ പറയുന്നു. ശൈത്യകാലത്ത് യെരുശലേമിൽ ഭയങ്കര തണുപ്പാണ്, പലപ്പോഴും മഞ്ഞുപെയ്യാറുമുണ്ട്. ആ മാസങ്ങളിൽ ഇടയൻമാർ വയലുകളിൽ കഴിഞ്ഞുകൂടാൻ തീരെ സാധ്യതയില്ല. . . . എന്നിരുന്നാലും, അതിനെക്കാൾ കൂടുതൽ കാര്യങ്ങളുണ്ട്.
“ക്രിസ്മസ് യേശുവിന്റെ ജൻമദിനമല്ലായിരുന്നു, മാത്രമല്ല ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ അതൊരിക്കലും കൊണ്ടാടിയുമില്ല. അതിന്റെ ഉത്ഭവങ്ങൾ, ഡിസം. 17-ന് ആരംഭിച്ച് ഡിസം. 25-ന് അവസാനിക്കുന്ന പുരാതന റോമാക്കാരുടെ സാററർനേലിയ എന്ന ഉത്സവത്തിലാണ്. അത് ‘അജയ്യസൂര്യന്റെ ജൻമദിന’മായിരുന്നു. നാലാം നൂററാണ്ടിൽ, ഏതോ ഒരു റോമൻ അധികാരി യേശുവിന്റെ ജൻമദിനം ഡിസം. 25-ന് ആഘോഷിക്കാൻ തീരുമാനിച്ചു, ഒരുപക്ഷേ ഇത് അവരുടെ പുറജാതീയ വിശേഷദിവസത്തെ വിശുദ്ധീകരിക്കാനായിരുന്നിരിക്കാം.
“പല രാജ്യങ്ങളിലും ക്രിസ്മസ് നിരോധിക്കപ്പെട്ടിരുന്നു എന്ന കാര്യം അതിശയമല്ല. ഇന്നു ചിലർ (യഹോവയുടെ സാക്ഷികളെപ്പോലെയുള്ളവർ) അവരുടെ മാതൃക പിൻപററിയിരിക്കുന്നു. . . .
“എനിക്കു നാലു വയസ്സാകുന്നതുവരെ ഞാൻ ക്രിസ്മസ് ആഘോഷിച്ചിരുന്നു. . . . പല കാര്യങ്ങളും നഷ്ടമാകുന്ന കാര്യം സംബന്ധിച്ചാണെങ്കിൽ യഹോവയുടെ സാക്ഷികൾക്കു തീർച്ചയായും ഒന്നും നഷ്ടപ്പെടുന്നില്ല. ഞങ്ങൾക്കു വർഷത്തിലുടനീളം സമ്മാനങ്ങൾ കിട്ടുന്നു. ഞങ്ങൾക്കു നഷ്ടമാകുന്ന കാര്യങ്ങൾ ഈ പുറജാതീയ വിശേഷദിവസങ്ങളും സമാനമായ പുറജാതീയ ആഘോഷങ്ങളും മാത്രമാണ്.”
“സമ്മാനങ്ങൾ കിട്ടാൻ എല്ലാവരും ആഗ്രഹിക്കുന്നില്ല” എന്ന് പേപ്പറിൽ അധ്യാപിക എഴുതിയെങ്കിലും “വളരെ നന്നായി ചെയ്തിരിക്കുന്നു” എന്നും അവർ എഴുതുകയുണ്ടായി. ആ വിദ്യാർഥിയുടെ ഉപന്യാസത്തിന് അവർ “എ” ഗ്രേഡ് നൽകുകയും ചെയ്തു.