ലോകത്തെ വീക്ഷിക്കൽ
കുററകൃത്യ ചെലവുകൾ
ദ വാഷിങ്ടൺ പോസ്ററ് പറയുന്നതനുസരിച്ച് കുററകൃത്യത്തിന്റെ ഫലമായി ഐക്യനാടുകളിൽ ഓരോ വർഷവും 16,300 കോടി ഡോളർ ചെലവു വരുന്നു അല്ലെങ്കിൽ നഷ്ടം വരുന്നു. പണപ്പെരുപ്പം കണക്കാക്കിനോക്കിയിട്ടും ഈ മൊത്തംതുക 1965-ൽ ചെലവഴിച്ചതിന്റെ ഏതാണ്ട് നാലിരട്ടി വരുമെന്ന് പത്രം റിപ്പോർട്ടു ചെയ്യുന്നു. കുററകൃത്യ ചെലവിൽ പിൻവരുന്നവ ഉൾപ്പെടുന്നതായി പത്രം കൂട്ടിച്ചേർക്കുന്നു: “സംസ്ഥാന ദേശീയ തലങ്ങളിൽ പൊലീസിനുവേണ്ടി ഉപയോഗിച്ച 31.8 ശതകോടിയിലധികം ഡോളർ, കുററക്കാരെ നേർവഴിക്കു കൊണ്ടുവരാനുപയോഗിച്ച 24.9 ശതകോടി ഡോളർ, ചില്ലറ വ്യാപാര നഷ്ടങ്ങൾക്കുപയോഗിച്ച 36.9 ശതകോടി ഡോളർ, ഇൻഷ്വറൻസ് ചതിയിൽ പോയ 20 ശതകോടി ഡോളർ, വ്യക്തിപരമായ വസ്തു നഷ്ടങ്ങൾക്കും വൈദ്യ ചെലവിനും പോയ 17.6 ശതകോടി ഡോളർ. ഇനിയും കൂടുതലായ 15 ശതകോടി ഡോളർ സ്വകാര്യ ഭദ്രതയ്ക്കും 9.3 ശതകോടി ഡോളർ കോടതി ചെലവുകൾക്കും 7.2 ശതകോടി ഡോളർ വിചാരണയ്ക്കും പൊതു പ്രതിരോധത്തിനും.” ഉദാഹരണത്തിന്, പോസ്ററ് പറയുന്നതനുസരിച്ച്, വാഷിങ്ടൺ, ഡി.സി.യിലെ സാധാരണ ഒരു വെടിവെപ്പിന് ഇരയായ ഒരാളെ ചികിത്സിക്കാൻ വെടിവെപ്പു കഴിഞ്ഞുള്ള ആദ്യത്തെ ഏതാനും മണിക്കൂറുകളിൽ വരുന്ന ചെലവ് ശരാശരി 7,000 ഡോളറാണ്. ഇര അതിജീവിക്കുകയാണെങ്കിൽ ചെലവ് ഏതാണ്ട് 22,000 ഡോളറാണ്. ഗവൺമെൻറ് കുററക്കാരനെ പിടികൂടി കുററം ചുമത്തുകയാണെങ്കിൽ അയാളെ തടങ്കലിൽ വയ്ക്കുന്നതിന് ഒരു വർഷം പിന്നെയും 22,000 ഡോളറോളം ചെലവു വരും.
ഫിലിപ്പീൻസിൽ സുരക്ഷിതമല്ലാത്ത രക്തം
ഫിലിപ്പീൻസിൽ രക്തപ്പകർച്ചാ സേവനങ്ങൾ “സുരക്ഷിതമോ കാര്യക്ഷമമോ അല്ലാത്തതും പാഴ്ച്ചെലവുള്ളതു”മാണെന്ന് ഫിലിപ്പീനോ ഡോക്ടർമാരുടെ ഒരു സംഘം നടത്തിയ പുതിയ പഠനം നിഗമനം ചെയ്യുന്നു. രാജ്യത്തിന്റെ ആരോഗ്യമന്ത്രി “വളരെ ഞെട്ടിക്കുന്നത്” എന്നു വിശേഷിപ്പിച്ച കണ്ടുപിടിത്തങ്ങളിൽ, രാജ്യത്തിലെ പകുതിയിൽ താഴെ വരുന്ന രക്തബാങ്കുകളിലെ ജോലിക്കാർ മാത്രമേ എയ്ഡ്സ്, സിഫിലിസ്, ഹെപ്പറൈറററിസ് ബി, മലേറിയ എന്നിവയ്ക്കുള്ള സൂക്ഷ്മ പരിശോധനകൾ നടത്താൻ പ്രാപ്തരായിട്ടുള്ളൂവെന്ന് പഠനം പ്രകടമാക്കി. കൂടാതെ, പഠനം രക്തബാങ്കുകളിൽനിന്നുള്ള 136 രക്ഷ സാമ്പിളുകൾ പരിശോധിക്കുകയും സൂക്ഷ്മ പരിശോധന നടത്തിയ രക്തത്തിന്റെപോലും ഏതാണ്ട് 4 ശതമാനം രോഗബാധിതമാണെന്നു കണ്ടെത്തുകയും ചെയ്തു.
വിവരങ്ങളുടെ സൂപ്പർ ഹൈവേയിൽ ചപ്പുചവറ്
കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരുടെയിടയിൽ വിവരങ്ങളുടെ കൈമാററം സാധ്യമാക്കുന്ന ഒരു കമ്പ്യൂട്ടർ ശൃംഖലാ പദ്ധതിയായ വിവരങ്ങളുടെ സൂപ്പർ ഹൈവേ ഒരു സാങ്കേതിക അത്ഭുതമെന്ന നിലയിൽ വ്യാപകമായ ജനശ്രദ്ധ പിടിച്ചെടുത്തിരിക്കുന്നു. എന്നാൽ അതിന് അതിന്റേതായ പരിമിതികളുമുണ്ട്. പത്രപ്രവർത്തകനായ ഷൊൺ സിൽകൊഫ്, ഗവേഷണ ഉദ്ദേശ്യങ്ങൾക്കായി രണ്ടു മാസം ഈ “ഹൈവേ” ഉപയോഗിച്ചതിനെക്കുറിച്ച് കാനഡയിലെ ഗ്ലോബ് ആൻഡ് മെയിലിൽ എഴുതുകയുണ്ടായി. അത് “തരംതാഴ്ന്ന”തും “പാശ്ചാത്യ സംസ്കാരത്തിന്റെ ഉച്ഛിഷ്ടത്താൽ വ്യാമിശ്രവു”മാണെന്ന് അദ്ദേഹം നിഗമനം ചെയ്തു. അദ്ദേഹം ഉപയോഗിച്ച പദ്ധതിയിൽ 3,500-ലധികം “ചർച്ചാ ഗ്രൂപ്പുകൾ” ഉണ്ടായിരുന്നുവെന്നും അവരിൽ പലരും സ്പോർട്സ് വിനോദ താരങ്ങളെക്കുറിച്ചുള്ള കുശുകുശുപ്പ്, അസഹ്യമാംവിധം വൃത്തികെട്ട തമാശകൾ, പ്രസിദ്ധ ടിവി പ്രകടനങ്ങളെക്കുറിച്ചുള്ള തരംതാഴ്ന്ന വിശദീകരണങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങളോട് അഭിനിവേശമുള്ളവരായിരുന്നെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഒരു ഗ്രൂപ്പാണെങ്കിൽ ആത്മഹത്യ ചെയ്യുന്ന വിധങ്ങൾ പോലും വിശേഷവത്കരിക്കുകയുണ്ടായി. സിൽകൊഫ് ഇപ്രകാരം അഭിപ്രായപ്പെട്ടു: “സാധ്യതയനുസരിച്ച് ശക്തമായ ഒരു ഉപകരണം മനോരോഗികൾ തിങ്ങിനിറഞ്ഞതായി കാണുന്ന ഒരു സമൂഹത്താൽ ദുർവിനിയോഗം ചെയ്യപ്പെടുകയാണ്.”
അൾസറിന് തേനോ?
രോഗികളെ വലിയ ശസ്ത്രക്രിയയ്ക്കു കൂടെക്കൂടെ വിധേയരാക്കിക്കൊണ്ട് കഴിഞ്ഞ ദശകങ്ങളിൽ ഡോക്ടർമാർക്കു ചെയ്യാൻ കഴിഞ്ഞതിലുമധികം നിസ്സാരനായ തേനീച്ചയ്ക്ക് പെപ്ററിക് അൾസറുകൊണ്ടു വിഷമിക്കുന്നവർക്കു ചെയ്യാൻ കഴിഞ്ഞേക്കുമെന്ന് കാനഡയുടെ മെഡിക്കൽ പോസ്ററിൽ എഴുതവേ ഡോ. ബസിൽ ജെ. എസ്. ഗ്രോഗോണോ അവകാശപ്പെടുന്നു. ചെറിയ ഒരു അതിസൂക്ഷ്മ ജീവിയായ ഹെലികൊബാക്ടെർ പൈലൊരി പെപ്ററിക് അൾസറിൽ വഹിക്കുന്ന പങ്ക് കൂടുതൽ വിദഗ്ധർ തിരിച്ചറിയാനിടയായിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ഈ അണുജീവിയോടു പൊരുതാൻ ചിലർ മരുന്നുകൾ ശുപാർശചെയ്തിരിക്കെ, ഗ്രോഗോനോ പറയുന്നത് ഈ മരുന്നുകൾക്ക് ഉപദ്രവകരമായ പാർശ്വഫലങ്ങൾ ഉണ്ടെന്നും അണുജീവികൾ അവയോടു പ്രതിരോധം വളർത്തിയെടുത്തേക്കാമെന്നുമാണ്. അതേസമയം തന്നെ തേനിന്റെ ബാക്ടീരിയാ വിരുദ്ധ ഘടകങ്ങളെക്കുറിച്ചു പരിശോധന നടത്തിയ ജേണൽ ഓഫ് ദ റോയൽ സൊസൈററി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിക്കപ്പെട്ട അടുത്തകാലത്തെ ഒരു പഠനത്തെക്കുറിച്ചും അദ്ദേഹം ഉദ്ധരിച്ചു. മാനക എന്നു പറയുന്ന ഒരു ചെടി തിന്നു ജീവിക്കുന്ന ന്യൂസിലാൻഡിലെ തേനീച്ചകളുടെ തേൻ അൾസറിനിടയാക്കുന്ന അണുജീവിയോടു പൊരുതുന്നതിൽ ഫലപ്രദമായിരുന്നു.
ഈയവും വീഞ്ഞും
ഫ്രാൻസിലുണ്ടാക്കുന്ന ചില വീഞ്ഞുകളിൽ സാധ്യതയനുസരിച്ച് ഒരു ഭീഷണിയുണ്ടായിരിക്കുന്നതായി ബെൽജിയത്തിലെയും ഫ്രാൻസിലെയും ശാസ്ത്രജ്ഞൻമാർ തിരിച്ചറിഞ്ഞിരിക്കുന്നു. ഈയം അടങ്ങിയിട്ടുള്ള വീഞ്ഞുകുപ്പികളിലെയും ഈയത്താൾ പൊതികളിലെയും ഈയം വീഞ്ഞിലേക്കു കലരാൻ ഇടയുണ്ട്. എന്നാൽ ഈയം അടങ്ങിയിട്ടുള്ള പെട്രോൾ ആയിരുന്നു ഫ്രാൻസിലെ ചില വീഞ്ഞുത്പ്പാദനങ്ങളിലെ ഉയർന്ന അളവിലുള്ള ജൈവ ഈയ സംയുക്തങ്ങളുടെ ഉറവിടമെന്ന് സയൻസ് ന്യൂസിൽ റിപ്പോർട്ടു ചെയ്യപ്പെട്ട പുതിയ പഠനം കണ്ടെത്തി. തിരക്കേറിയ പൊതുനിരത്തുകളുടെ അരികിലായി മുന്തിരിത്തോട്ടങ്ങൾ വളർന്നുവന്നപ്പോൾ നിർഗമിക്കുന്ന പുകയിലുള്ള ഈയം മുന്തിരിങ്ങകളിലേക്കു പ്രവേശിച്ചു. വീഞ്ഞുകളിലുള്ള ജൈവ ഈയ സംയുക്തങ്ങളുടെ അളവ് കുടിവെള്ളത്തിൽ കാണുന്നതിന്റെ 10 മുതൽ 100 വരെ ഇരട്ടിയായിരുന്നു. ഈയം അടങ്ങിയ വാതകത്തിന്റെ ഉപയോഗം ഫ്രാൻസിൽ 1970-കളുടെ അവസാനം കുറഞ്ഞതിനാൽ 1975-നും 1980-നും ഇടയ്ക്കുള്ള വീഞ്ഞുത്പ്പാദനങ്ങൾ മാത്രം ഒഴിവാക്കാൻ ബെൽജിയത്തിലെ അൻറ്വെർപ് യൂണിവേഴ്സിററിയിലെ റിച്ചർഡ് ലൊബിൻസ്കി ശുപാർശചെയ്യുന്നു. എന്നിരുന്നാലും, ഈയം അടങ്ങിയിട്ടുള്ള പെട്രോൾ ഇപ്പോഴും ഉപയോഗത്തിലുണ്ടെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു, പ്രത്യേകിച്ച് മധ്യ യൂറോപ്പിലും മുൻ സോവിയററ് യൂണിയനിലും. “പ്രത്യേകിച്ചു മസ്തിഷ്കം അനായാസം ആഗിരണം ചെയ്യുന്ന”തിനാൽ ജൈവ ഈയ സംയുക്തങ്ങൾ സാധാരണ ഈയത്തെക്കാൾ അപകടകരമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
ടിവി ഇല്ലാത്ത ദ്വീപിലെ കുട്ടികൾ
പശ്ചിമാഫ്രിക്കയിൽനിന്നു തെക്കേ അമേരിക്കയിലേക്കുള്ള ദൂരത്തിന്റെ മൂന്നിലൊന്ന് സഞ്ചരിച്ചുകഴിയുമ്പോൾ കാണുന്നു സെൻറ് ഹെലീനാ എന്ന കൊച്ചു ദ്വീപ്. അവിടത്തെ കുട്ടികൾ “ലോകത്തിലെ ഏററവും സമനിലയുള്ള കുട്ടികളിൽ പെടുന്നു” എന്നുപറഞ്ഞ് അത് അഭിമാനം കൊള്ളുന്നതായി പഠനത്തിനുള്ള പിന്തുണ (ഇംഗ്ലീഷ്) എന്ന ഒരു മുഖ്യ വിദ്യാഭ്യാസ ജേണലിലെ ഒരു റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് ലണ്ടന്റെ ദ ടൈംസ് പറയുന്നു. ദീപിലെ 9 മുതൽ 12 വരെ വയസ്സുകാരിൽ വെറും 3.4 ശതമാനത്തിനു മാത്രമേ ഗുരുതരമായ സ്വഭാവ പ്രശ്നങ്ങളുള്ളൂ എന്ന് റിപ്പോർട്ടിന്റെ ഹേതുഭൂതനായ ഡോ. റേറാണി ചാരിററൻ കണ്ടെത്തി. “ലോകത്തിൽ എവിടെയും ഏതു പ്രായപരിധിക്കാരുടെയും കാര്യത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏററവും താഴ്ന്ന”താണ് ഈ നിരക്കെന്ന് ദ ടൈംസ് സൂചിപ്പിക്കുന്നു. നല്ല സമനിലയുള്ള കുട്ടികൾക്കു കാരണം? കുട്ടികൾക്കുള്ള വിദ്യാഭ്യാസത്തിന്റെ ഉയർന്ന ഗുണമേൻമയും വേഗത്തിലുള്ള ലഭ്യതയുമാണ് ഒരു സാധ്യത. സാധ്യമായ മറെറാരു ഘടകത്തെപ്പററിയും സൂക്ഷ്മാന്വേഷണം നടത്താൻ ചാരിററൻ പദ്ധതിയിടുന്നു. അടുത്തകാലത്ത് ദ്വീപിൽ ഉപഗ്രഹ ശൃംഖല സ്ഥാപിക്കുന്നതുവരെ അവിടെ ടിവി സംപ്രേഷണം ഉണ്ടായിരുന്നില്ല. മൂന്നു വർഷത്തിനുള്ളിൽ ദ്വീപിലെ 1,500 വീട്ടുകാരിൽ 1,300 പേർക്ക് ഒരു ടിവി വീതം ഉണ്ടായിരിക്കുന്നതാണെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ദ്വീപിലെ കുട്ടികളിൽ തുടർന്നുണ്ടാകുന്ന ഏതു മാററങ്ങളുടെയും ഒരു പഠനം ചാരിററൻ ഉടൻതന്നെ തുടങ്ങുന്നതായിരിക്കും.
കുട്ടികൾക്കു സഹായമില്ലേ, ലൈസൻസുമില്ല
കുട്ടികൾക്കു കൊടുക്കാൻ കോടതി ഉത്തരവിട്ട സഹായം നൽകാൻ വിസമ്മതിക്കുന്ന മാതാപിതാക്കളെ സംബന്ധിച്ച് യു.എസ്.എ.യിലെ മെയ്ൻ സംസ്ഥാനം ഒരു ഉറച്ച നിലപാട് എടുത്തിരിക്കുന്നു: ദുഷ്കർമികളായ അത്തരം എട്ടു പിതാക്കൻമാരുടെ ഡ്രൈവിങ് ലൈസൻസ് അത് നീക്കംചെയ്തിരിക്കുന്നു. മൊത്തം 1,50,000 ഡോളർ കടപ്പെട്ടിരുന്ന ഈ എട്ടു പിതാക്കൻമാരിൽ ഓരോരുത്തർക്കും ലൈസൻസുകൾ നഷ്ടപ്പെടാനുള്ള അപകടമുണ്ടെന്നുള്ള മുന്നറിയിപ്പുകൾ വേണ്ടുവോളം ലഭിച്ചതായിരുന്നെന്ന് മെയ്നിലെ മനുഷ്യ സേവന കമ്മീഷണറായ ജെയ്ൻ ഷീഹൻ പറയുന്നതായി ദ ന്യൂയോർക്ക് ടൈംസ് പറയുന്നു. അവർ ഇപ്രകാരം പറയുന്നതായി ടൈംസ് ഉദ്ധരിക്കുന്നു: “ഇത് ആരെയും ആശ്ചര്യപ്പെടുത്തരുത്. ഈ ദിനത്തെക്കുറിച്ച് കഴിഞ്ഞ ആഗസ്ററുമുതൽ ഞങ്ങൾ ആളുകൾക്കു മുന്നറിയിപ്പു കൊടുക്കുന്നുണ്ടായിരുന്നു.” കുട്ടികൾക്കുള്ള പണം കൊടുക്കാൻ 90 ദിവസത്തിലധികം വൈകിയ 17,400 മാതാപിതാക്കൾക്ക് അവരുടെ ഓഫീസ്, സമാനമായ മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നു. തത്ഫലമായി ഇതിനോടകം ഏതാണ്ട് 1 കോടി 15 ലക്ഷം ഡോളർ നൽകപ്പെട്ടു കഴിഞ്ഞു.
സമർഥരായ കർഷകരും വിരുതരായ കാക്കകളും
വിളനിലങ്ങളിലെ വിളവ് ആർക്കു കൊയ്യാം എന്നതു സംബന്ധിച്ച പോര് ജപ്പാനിൽ തുടർന്നുപോരുകയാണ്. കാക്കകളും കർഷകരും തമ്മിലാണ് ഈ സ്ഥിരം പിടിവലി. കുടിലരായ കാക്കകൾ കർഷകർ മെനഞ്ഞെടുക്കുന്ന തന്ത്രങ്ങൾ എളുപ്പം മനസ്സിലാക്കിയെടുക്കുന്നതാണ് കാരണം. എന്നിരുന്നാലും, നാഗാനോ പ്രവിശ്യയിലെ സൂക്ഷ്മബുദ്ധിയുള്ള കർഷകർ കാക്കകളെ പിടികൂടാനായി ഇപ്പോൾ അവയുടെ ഏററവും മോശമായ ജൻമവാസനകളെ ഉപയോഗപ്പെടുത്തുകയാണെന്ന് ആസാഹി ഈവനിങ് ന്യൂസ് പറയുന്നു. ഒൻപതു മീററർ സമചതുരവും മൂന്നു മീററർ ഉയരവുമുള്ള ഒരു കൂട് വിളകളുടെ സമീപം സ്ഥാപിച്ച് മററു പ്രദേശത്തുനിന്നുള്ള കാക്കകളെ അതിലിടുന്നു. തങ്ങളുടെ പ്രദേശത്ത് അതിക്രമിച്ചുകടന്ന ഈ “വിദേശ” കാക്കകളുടെ നേരെ കോപാക്രാന്തരായി പ്രദേശത്തെ അത്യാർത്തിപൂണ്ട കാക്കകൾ ആക്രമിക്കാനായി കൂട്ടിനുള്ളിലേക്കു പറക്കുന്നു, അവർ സ്വയം പിടികൂടപ്പെടുകയും ചെയ്യുന്നു. ഒടുവിൽ വിജയിച്ചെന്നാണോ? കർഷകരിലൊരാൾ പറയുന്നതുകേൾക്കൂ: “സത്യത്തിൽ, കൂടുകണ്ട് കബളിപ്പിക്കപ്പെടുന്ന കാക്കകളിൽ മിക്കവയും അലഞ്ഞുതിരിഞ്ഞു നടക്കുന്നവയാണ്. പ്രദേശത്തെ കാക്കകൾ ഭയങ്കര സമർഥരാണ്. അവരിപ്പോൾ ഞങ്ങളെയാണു മടയരാക്കുന്നത്, കാരണം അവർ പറന്നു പോകുന്നു.” അങ്ങനെ പോരാട്ടം തുടരുന്നു.
നൂറുകോടിയിലധികം വരുന്ന പുകവലിക്കാർ
ഡബ്ലിയുഎച്ച്ഒ (ലോകാരോഗ്യ സംഘടന)യിൽ നിന്നുള്ള അടുത്തകാലത്തെ കണക്കുകൾ അനുസരിച്ച് പുകവലിക്കുന്നവരുടെ എണ്ണം ലോകമെമ്പാടും 110 കോടിയാണ്. ഇപ്പോഴത്തെ ഈ പ്രവണത തുടരുകയാണെങ്കിൽ “ഇന്നു ജീവിച്ചിരിക്കുന്ന ഏതാണ്ട് അമ്പതുകോടി ആളുകൾ പുകയില മൂലം മരിക്കുമെന്നും അവരിൽ പകുതിയോളം, അതായത് 25 കോടി ആളുകൾ മധ്യായുസ്സിൽ മരിക്കുമെന്നും” ഡബ്ലിയുഎച്ച്ഒ മുന്നറിയിപ്പു നൽകുന്നു. വ്യവസായവത്കൃത രാഷ്ട്രങ്ങളിൽ 1980-കൾക്കു ശേഷം പുകവലി ഏതാണ്ടൊന്നു കുറഞ്ഞിട്ടുണ്ട്. എന്നാൽ വികസ്വര രാജ്യങ്ങളിൽ അതു വർധിച്ചിട്ടുണ്ട്. അങ്ങനെ ലോകത്തിലെ ഉപഭോഗം ഓരോ വർഷവും ഒരു മുതിർന്നയാളിന് 1,650 ആയിത്തന്നെ അവശേഷിക്കുന്നു. ലഹരിപദാർഥങ്ങളുടെ ദുരുപയോഗം സംബന്ധിച്ച ഡബ്ലിയുഎച്ച്ഒ പ്രോഗ്രാമിന്റെ ഡയറക്ടർ ഹാൻസ് എംബ്ലാഡ് ഇപ്രകാരം പറയുന്നു: “വികസിത രാജ്യങ്ങളിൽ പുകയിലയുടെ വർധിച്ച ഉപയോഗം ഉണ്ടായിരുന്നത് ഇപ്പോൾ വികസ്വര രാജ്യങ്ങളിലേക്കായി എന്നതാണ് വികസ്വര രാജ്യങ്ങളിലെ വിജയകരമായ പുകയില വ്യാപാരത്തിന്റെ ഇതുവരെയുള്ള അന്തിമഫലം. പുകയില പകർച്ചവ്യാധി ഇതുവരെയും ആഗോള നിയന്ത്രണത്തിലായിട്ടില്ല.”
ദോഷരഹിതമായ സംസാര തടസ്സങ്ങൾ
കൊച്ചുകുട്ടികളുടെ ദോഷരഹിതമായ സംസാര തടസ്സങ്ങളെക്കുറിച്ച് അമിതമായി ഉത്കണ്ഠപ്പെടരുതെന്ന് ജർമനിയിലെ ഡാംഷ്ററാററിലെ ഒരു സമ്മേളനത്തിൽ വെച്ച് ഇൻറർഡിസിപ്ലിനറി അസ്സോസ്സിയേഷൻ ഫോർ സ്ററട്ടർ തെറാപ്പിയിലെ അംഗങ്ങൾ പറഞ്ഞു. “നാലും ആറും വയസ്സിനിടയ്ക്കു പ്രായമുള്ള എല്ലാ അഞ്ചു കുട്ടികളിലും നാലു പേർക്ക് വിക്കുപോലെതന്നെ തോന്നിയേക്കാവുന്ന നിസ്സാരമായ സംസാര തടസ്സങ്ങൾ ഉണ്ട്. എന്നാൽ സാധാരണമായി അവ തനിയെ മാറിക്കൊള്ളും.” സ്യൂററ്ഡോയിച്ച് ററ്സൈററുങ് എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നു. ഒരു കൊച്ചുകുട്ടിക്ക് വാക്കു തടസ്സമുണ്ടാകുമ്പോൾ മാതാപിതാക്കൾ എങ്ങനെ പ്രതികരിക്കണം? “കുട്ടിയുടെ സംസാരത്തിൽ സ്വാഭാവികമായുള്ള തടസ്സമില്ലായ്മ നഷ്ടപ്പെട്ടുപോകാതിരിക്കുന്നതിന് ശരിയായി സംസാരിക്കുന്നതിന് കുട്ടിയുടെമേൽ സമ്മർദം ചെലുത്താതിരിക്കുകയും കുട്ടിക്ക് ഇഷ്ടംപോലെ സമയമനുവദിക്കുകയും അവന്റെ ആത്മവിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയും വേണം.”