ആരോഗ്യാവഹമല്ലാത്ത ജീവിതരീതികൾ—ഒടുക്കേണ്ടി വരുന്ന വില എത്ര?
“രോഗം എല്ലാ മനുഷ്യരുടെയും യജമാനനാണ്,” ഒരു ഡാനിഷ് പഴഞ്ചൊല്ല് പറയുന്നു. നീണ്ടുനിൽക്കുന്ന ഒരു രോഗത്തിന്റെ പിടിയിലമർന്നിരിക്കുന്ന ഏതൊരാളും ഈ “യജമാനൻ” ഒരു ക്രൂരനാണെന്ന് വൈമുഖ്യമില്ലാതെ സാക്ഷ്യപ്പെടുത്തും! എന്നാൽ, അസുഖം മിക്കപ്പോഴും ഒരു യജമാനനെപ്പോലെ ആയിരിക്കാതെ ക്ഷണിക്കപ്പെട്ട ഒരതിഥിയെപ്പോലെ ആണെന്നു മനസ്സിലാക്കുമ്പോൾ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. രോഗികൾ ആശുപത്രിയിൽ ചെലവഴിച്ച ദിവസങ്ങളുടെ 30 ശതമാനം, ഒഴിവാക്കാമായിരുന്ന രോഗങ്ങളും പരിക്കുകളും നിമിത്തമായിരുന്നെന്ന് രോഗനിയന്ത്രണ-നിവാരണ യു.എസ്. കേന്ദ്രങ്ങൾ പറയുന്നു. കാരണം? ആരോഗ്യാവഹമല്ലാത്തതും അപകടകരവുമായ ജീവിതരീതികൾ. ചില ഉദാഹരണങ്ങൾ പരിചിന്തിക്കുക.
പുകവലി. 53 വയസ്സുള്ള ഐറയ്ക്ക്, എംഫിസിമാ എന്ന അസുഖമുണ്ട്. ഏകദേശം നാൽപ്പതു വർഷത്തെ പുകവലിയുടെ സമ്മാനമാണത്. ചികിത്സയ്ക്ക് അദ്ദേഹത്തിന് എപ്പോഴും ഓക്സിജൻ സിലിണ്ടർ ആവശ്യമാണ്. ഇതിന് പ്രതിമാസം 400 ഡോളർ ചെലവുവരും. 1994-ൽ ചികിത്സയ്ക്കായി 9 ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നപ്പോൾ ചെലവായത് 18,000 ഡോളറാണ്. അങ്ങനെ ഐറയുടെ ആരോഗ്യപരിപാലനത്തിനായി ആ വർഷം ചെലവായത് 20,000-ത്തിലേറെ ഡോളർ. ഇത്രയൊക്കെയായിട്ടും പുകവലി ഉപേക്ഷിക്കേണ്ടത് അടിയന്തിരമാണെന്ന് അദ്ദേഹത്തിനു തോന്നുന്നില്ല. “എനിക്കിപ്പോഴും ഈ അവിശ്വസനീയമായ ആസക്തിയുണ്ട്,” അദ്ദേഹം പറയുന്നു.
ഐറയുടേത് ഒരൊറ്റപ്പെട്ട സംഭവമല്ല. പുകവലിയുടെ അപകടങ്ങളെക്കുറിച്ച് നല്ല അറിവുണ്ടെങ്കിലും ലോകമൊട്ടാകെ ആളുകൾ ദിവസേന 1,500 കോടി സിഗരറ്റ് വലിക്കുന്നു. ഐക്യനാടുകളിൽ പുകവലി സംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കു പ്രതിവർഷം 5,000 കോടി ഡോളർ ചെലവാകുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. അതായത് ശരാശരി കണക്കനുസരിച്ച് 1993-ൽ, വാങ്ങിയ ഓരോ പായ്ക്കറ്റ് സിഗരറ്റിനും പുകവലി സംബന്ധമായ ചികിത്സയ്ക്കായി 2.06 ഡോളർ വീതം ചെലവായിട്ടുണ്ടെന്നർഥം.
ഒരു കുട്ടി ജനിക്കുമ്പോൾത്തന്നെ പുകവലി സംബന്ധമായ ചികിത്സാച്ചെലവുകൾ ആരംഭിക്കുകയായി. ഒരുദാഹരണം പറഞ്ഞാൽ, പുകവലിക്കാരായ അമ്മമാർക്കു ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മുച്ചുണ്ടും അണ്ണാക്കിൽ വിള്ളലും ഉണ്ടാകാൻ ഇരട്ടി സാധ്യതയുണ്ടെന്ന് ഐക്യനാടുകളിൽ നടത്തിയ ഒരു പഠനം കണ്ടെത്തുകയുണ്ടായി. ഈ വൈകല്യം നേരേയാക്കാൻ രണ്ടു വയസ്സിനുള്ളിൽ നാലു ശസ്ത്രക്രിയകൾ നടത്തേണ്ടിവന്നേക്കാം. ഇതിനോടു ബന്ധപ്പെട്ട ശരാശരി ആയുഷ്കാല ചികിത്സാച്ചെലവ് ഓരോരുത്തർക്കും 1,00,000 ഡോളർ വീതമാണ്. തീർച്ചയായും, ജന്മനാലുള്ള വൈകല്യം ഉളവാക്കുന്ന വൈകാരിക വേദന പണംകൊണ്ട് അളക്കാൻ സാധ്യമല്ല.
പല പുകവലിക്കാരും സാമൂഹിക സുരക്ഷിതത്വ ആനുകൂല്യങ്ങൾ വാങ്ങിക്കാറാകുന്നതുവരെ ജീവിക്കുന്നില്ലെന്നതുകൊണ്ട് പുകവലി സംബന്ധമായ അസുഖങ്ങളുടെ ഉയർന്ന ചികിത്സാച്ചെലവുകൾ, ഫലത്തിൽ തട്ടിക്കഴിക്കപ്പെടുന്നതായി ചിലർ പറയുന്നു. എങ്കിലും ദ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ പറയുന്നപ്രകാരം, “ഈ നിഗമനം ഒരു തർക്കവിഷയമാണ്; അതിലുമുപരി പുകവലി നിമിത്തമുള്ള അകാലമരണങ്ങൾ ആരോഗ്യപരിപാലന ചെലവുകൾ നിയന്ത്രിക്കാനുള്ള മനുഷ്യത്വപരമായ ഒരു മാർഗമല്ലെന്നു മിക്കവരും സമ്മതിക്കും.”
മദ്യ ദുരുപയോഗം. മദ്യ ദുരുപയോഗത്തെ കരൾവീക്കം, ഹൃദ്രോഗങ്ങൾ, ആമാശയവീക്കം, കുടൽപ്പുണ്ണ്, ആഗ്നേയഗ്രന്ഥീ വീക്കം എന്നിവയുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ന്യൂമോണിയപോലുള്ള സാംക്രമിക രോഗങ്ങൾ എളുപ്പത്തിൽ പിടിപെടാനും ഇതിടയാക്കും. ഡോ. സ്റ്റാൻറൺ പീലെ പറയുന്നതനുസരിച്ച്, ഓരോ വർഷവും ഐക്യനാടുകളിൽ “മദ്യപാനം നിയന്ത്രിക്കാൻ കഴിയാത്തവരെ ചികിത്സിക്കാൻ 1,000 കോടി ഡോളറാണ് ചെലവഴിക്കുന്നത്.”
മദ്യം മിക്കപ്പോഴും ഗർഭാശയത്തിലെ ഭ്രൂണത്തെ ബാധിക്കുന്നു. ഗർഭകാലത്ത് അമ്മമാർ മദ്യപിക്കുന്നതിന്റെ ഫലമായി ഓരോ വർഷവും ഐക്യനാടുകളിൽത്തന്നെ പതിനായിരക്കണക്കിനു കുട്ടികളാണ് വൈകല്യമുള്ളവരായി ജനിക്കുന്നത്. ഈ ശിശുക്കളിൽ ചിലർക്ക് ഫീറ്റൽ ആൽക്കഹോൾ സിൻഡ്രോം (എഫ്എഎസ്) ഉള്ളതായും മിക്കപ്പോഴും ഇവർ ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ നിമിത്തം ദുരിതമനുഭവിക്കുന്നതായും കണ്ടെത്തിയിരിക്കുന്നു. എഫ്എഎസ് ഉള്ള ഒരു കുട്ടിയെ ജീവിതകാലം മുഴുവൻ ചികിത്സിക്കാൻ 14 ലക്ഷം ഡോളർ വേണ്ടിവരും.
മദ്യം ആത്മനിയന്ത്രണത്തെ കുറയ്ക്കുന്നതുകൊണ്ട് അമിത മദ്യപാനത്തിനു മിക്കപ്പോഴും ഒരുവനെ അക്രമാസക്തനാക്കാൻ കഴിയും. വൈദ്യചികിത്സ ആവശ്യമായ പരിക്കുകളിൽ ഇതു കലാശിച്ചേക്കാം. മദ്യപിച്ചു വണ്ടിയോടിക്കുന്ന ആളുകൾ വരുത്തിവെക്കുന്ന നഷ്ടങ്ങളും ചില്ലറയല്ല. എട്ടു വയസ്സുകാരി ലിൻസിയുടെ കാര്യമെടുക്കാം. അവൾ അമ്മയോടൊപ്പം കാറിൽ യാത്രചെയ്യുകയായിരുന്നു. അപ്പോൾ മദ്യപിച്ചു വണ്ടിയോടിച്ചിരുന്ന ഒരാളുടെ വാഹനം അവരുടെ കാറിൽ വന്നിടിച്ചു. ലിൻസിയെ കാറിന്റെ പിൻസീറ്റിൽനിന്നു പുറത്തേക്കു വലിച്ചെടുക്കേണ്ടിവന്നു. ഏഴാഴ്ച ആശുപത്രിയിൽ കഴിഞ്ഞ അവൾ നിരവധി ശസ്ത്രക്രിയകൾക്കു വിധേയയായി. അവളുടെ ചികിത്സയ്ക്കു ചെലവായതോ, 3,00,000-ത്തിലേറെ ഡോളർ. എന്തായാലും അവൾ ഒരുവിധത്തിൽ രക്ഷപ്പെട്ടു.
മയക്കുമരുന്നു ദുരുപയോഗം. അമേരിക്കയിൽ മയക്കുമരുന്നു ദുരുപയോഗം നിമിത്തം പ്രതിവർഷം 6,700 കോടി ഡോളർ ചെലവാകുന്നതായി ഒരു ഗവേഷക കണക്കാക്കുന്നു. ന്യൂയോർക്കിലുള്ള കൊളംബോ യൂണിവേഴ്സിറ്റിയിലെ, ആസക്തിക്കും ആസക്തിയുളവാക്കുന്ന വസ്തുക്കളുടെ ദുരുപയോഗത്തിനുമെതിരെയുള്ള ഒരു കേന്ദ്രത്തിന്റെ പ്രസിഡന്റായ ജോസഫ് എ. കലഫാനോ ജൂനിയർ, പ്രശ്നത്തിന്റെ ചെലവേറിയ മറ്റൊരു വശം ചൂണ്ടിക്കാട്ടുന്നു: “പ്രതിദിനം 2,000 ഡോളർ നൽകേണ്ട നവജാത ശിശുക്കളുടെ വാർഡുകൾ, ഗർഭകാലത്ത് ക്രാക്ക് ഉപയോഗിച്ചിരുന്ന അമ്മമാർക്കു ജനിച്ച ശിശുക്കളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. ഒരു ദശകംമുമ്പ് ഇത്തരം ശിശുക്കളെ കാണുക വിരളമായിരുന്നു. . . . അതിജീവിക്കുന്ന ഓരോ കുട്ടിയെയും പ്രായപൂർത്തിയാകുന്നതുവരെ ചികിത്സിക്കാൻ 10 ലക്ഷം ഡോളർ വേണ്ടിവരും.” ഇതിനുപുറമേ, “1994-ൽ, മയക്കുമരുന്നു ദുരുപയോഗത്തോടു ബന്ധപ്പെട്ട—രോഗികളെ ആശുപത്രികളിൽ കിടത്തിയുള്ള—ചികിത്സയ്ക്കായി ചെലവായത് ഏതാണ്ട് 300 കോടി ഡോളറാണ്. ഇതിനുള്ള കാരണം ഗർഭിണികൾ പ്രസവപൂർവ പരിചരണങ്ങൾ തേടാഞ്ഞതും മയക്കുമരുന്നു ദുരുപയോഗം നിർത്താഞ്ഞതുമാണ്,” കലഫാനോ അഭിപ്രായപ്പെടുന്നു.
ഈ ദുശ്ശീലം മനുഷ്യ ജീവിതത്തിൽ വരുത്തിവെക്കുന്ന ഗണനാതീത ഭവിഷ്യത്തുകൾ കണക്കിലെടുക്കുമ്പോൾ സാഹചര്യത്തിന്റെ ശോകാത്മകത വർധിക്കുന്നു. വൈവാഹിക കലഹങ്ങൾ, അവഗണിക്കപ്പെട്ട കുട്ടികൾ, സാമ്പത്തിക വിഭവങ്ങളുടെ ശോഷണം എന്നിവ മയക്കുമരുന്നു ദുരുപയോഗത്താൽ അലങ്കോലപ്പെട്ട ഭവനങ്ങളെ ബാധിക്കുന്ന സാധാരണ പ്രശ്നങ്ങളാണ്.
ലൈംഗിക അരാജകത്വം. ഐക്യനാടുകളിൽ ഓരോ വർഷവും 1 കോടി 20 ലക്ഷത്തിലേറെ ആളുകൾക്ക് ലൈംഗികരോഗങ്ങൾ പിടിപെടുന്നു. ഇതുമൂലം, വികസിത രാഷ്ട്രങ്ങളിൽ ഏറ്റവും ഉയർന്ന ലൈംഗികരോഗ നിരക്കുള്ളത് ഐക്യനാടുകളിലാണ്. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് പബ്ലിക് ഹെൽത്തിലെ ഡേവിഡ് സെലൻറാനോ ഇതിനെ “ഒരു ദേശീയ നാണക്കേട്” എന്നു വിളിക്കുന്നു. എയ്ഡ്സിനെ ഉൾപ്പെടുത്താതെ ഈ രോഗങ്ങൾ മൂലമുണ്ടാകുന്ന നേരിട്ടുള്ള ചെലവ് പ്രതിവർഷം ഏതാണ്ട് 1,000 കോടി ഡോളറാണ്. ഏറ്റവുമധികം അപകടത്തിലായിരിക്കുന്നത് കൗമാരപ്രായക്കാരാണെന്നുള്ളതിൽ അതിശയിക്കാനില്ല! ഒരു റിപ്പോർട്ടു പറയുന്നതിനുസരിച്ച്, 12-ാം ഗ്രേഡിൽ എത്തുമ്പോഴേക്കും ഏതാണ്ട് 70 ശതമാനം കുട്ടികൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടായിരിക്കും, 40 ശതമാനത്തോടടുത്തു കുട്ടികൾക്ക് കുറഞ്ഞതു നാല് ലൈംഗികപങ്കാളികളെങ്കിലും ഉണ്ടായിരിക്കും.
എയ്ഡ്സ് ആരോഗ്യസംബന്ധമായ ഒരു ദുരന്തമാണ്. 1996-ന്റെ ആരംഭത്തിൽ, ലഭ്യമായ ഏറ്റവും ഫലപ്രദമായ ചികിത്സയ്ക്കായി—മുൻകാല ഔഷധങ്ങളുടെയും പ്രോട്ടീസ് ഇൻഹിബിറ്ററുകളുടെയും സംയുക്തത്തിന്—ഒരു വ്യക്തിക്ക് പ്രതിവർഷം 12,000 ഡോളറിനും 18,000 ഡോളറിനും ഇടയ്ക്കു പണച്ചെലവുവരുമായിരുന്നു. എന്നാൽ ഇത്, രോഗിയുടെയും ജോലിയിൽനിന്നോ സ്കൂളിൽനിന്നോ അവധിയെടുത്ത് അയാളെ പരിചരിക്കുന്നവരുടെയും ഉത്പാദനക്ഷമതാനഷ്ടം ഉൾപ്പെടുന്ന, എയ്ഡ്സിന്റെ അദൃശ്യ ചെലവിന്റെ ഒരു ഭാഗം മാത്രമാണ്. 2,000-ാമാണ്ടോടെ എച്ച്ഐവി-യും എയ്ഡ്സും കൂടിച്ചേർന്ന് 35,600 കോടി ഡോളറിനും 51,400 കോടി ഡോളറിനും ഇടയ്ക്കു പണം ഒഴുക്കിക്കളഞ്ഞിരിക്കും—ഓസ്ട്രേലിയയുടെയോ ഇന്ത്യയുടെയോ മുഴു സമ്പത്തും ഒഴുക്കിക്കളയുന്നതിനു തുല്യമായിരിക്കും ഇത്.
അക്രമം. 1992-ൽ അക്രമം നിമിത്തമുണ്ടായ ചികിത്സാച്ചെലവ് 1,350 കോടി ഡോളറായിരുന്നെന്ന് യു.എസ്. സർജൻ ജനറലായിരുന്നപ്പോൾ ജോയ്സെലിൻ എൽഡർസ് റിപ്പോർട്ടു ചെയ്തു. യു.എസ്. പ്രസിഡന്റായ ബിൽ ക്ലിൻറൺ ഇപ്രകാരം അഭിപ്രായപ്പെട്ടു: “അമേരിക്കയിൽ ആരോഗ്യപരിപാലന സംബന്ധമായ ചെലവ് ഇത്ര ഉയർന്നതായിരിക്കാനുള്ള കാരണം നമ്മുടെ അത്യാഹിതവിഭാഗം നിറയെ മുറിവേറ്റവരും വെടിയേറ്റവരുമുള്ളതുകൊണ്ടാണ്.” ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ഐക്യനാടുകളിലെ അക്രമത്തെ “ഒരു പൊതുജനാരോഗ്യ അടിയന്തിരത” എന്നു വിളിക്കുന്നതു നല്ല കാരണത്തോടെയാണ്. റിപ്പോർട്ടു തുടരുന്നു: അക്രമം ഒരു രോഗമല്ലെന്നതു ശരിതന്നെ. എങ്കിലും വ്യക്തിയുടെയും പൊതുജനത്തിന്റെയും ആരോഗ്യത്തിന്മേലുള്ള അതിന്റെ പ്രഭാവം പല ശാരീരിക അസുഖങ്ങളുടെ അത്രയുംതന്നെ ശക്തമാണ്—ഒരുപക്ഷേ അതിൽ കൂടുതലും.”
1993-ലെ ആദ്യത്തെ ഒമ്പതു മാസങ്ങളിൽ അക്രമത്തിനിരയായ ഓരോ വ്യക്തിക്കും വേണ്ടിവന്ന ശരാശരി ചെലവ് 9,600 ഡോളറായിരുന്നുവെന്ന് കൊളറാഡൊയിലെ 40 ആശുപത്രികൾ നൽകിയ ഒരു റിപ്പോർട്ട് പറയുന്നു. ആശുപത്രിയിലാക്കിയവരിൽ പകുതിയിലേറെ പേർ ഇൻഷ്വറൻസ് എടുക്കാഞ്ഞവരായിരുന്നു. കുറെപ്പേർ തങ്ങളുടെ ചെലവു വഹിക്കാൻ കഴിവില്ലാത്തവരോ മനസ്സില്ലാത്തവരോ ആയിരുന്നു. ഇത്തരം സാഹചര്യങ്ങൾ ഉയർന്ന നികുതി, ഉയർന്ന ഇൻഷ്വറൻസ് പ്രീമിയം, ഉയർന്ന ആശുപത്രി ബില്ലുകൾ എന്നിവയ്ക്കു കാരണമാകുന്നു. കൊളറാഡൊ ആശുപത്രി സമിതി റിപ്പോർട്ടു ചെയ്യുന്നു: “നമുക്കെല്ലാവർക്കും പണം നഷ്ടമാകുന്നു.”
ജീവിതരീതികളിൽ മാറ്റം
മാനുഷിക കാഴ്ചപ്പാടിൽ, ആരോഗ്യാവഹമല്ലാത്ത ജീവിതം നയിക്കാനുള്ള പ്രവണത ഗതിമാറ്റിവിടാമെന്ന പ്രതീക്ഷയ്ക്കു വകയില്ലെന്നു തോന്നും. “അമേരിക്ക ഒരു ഏദെൻ തോട്ടമൊന്നുമല്ല, ലഹരിപദാർഥങ്ങളുടെ ദുരുപയോഗത്തിൽനിന്ന് നാം ഒരിക്കലും വിമുക്തി നേടാൻ പോകുന്നില്ല,” കൊളംബിയ യൂണിവേഴ്സിറ്റിയുടെ ഒരു റിപ്പോർട്ടു പറയുന്നു. “എന്നാൽ നാം ഈ ദുരുപയോഗത്തിന് എത്രയധികം കടിഞ്ഞാണിടുന്നുവോ അത്രയധികം സത്ഫലങ്ങൾ—കൂടുതൽ ആരോഗ്യമുള്ള കുട്ടികൾ, അക്രമത്തിലും കുറ്റകൃത്യത്തിലുമുള്ള കുറവ്, നികുതിയിളവ്, ആരോഗ്യപരിപാലന ചെലവുകളിലുള്ള കുറവ്, ഉയർന്ന ലാഭങ്ങൾ, കൂടുതൽ വിദ്യാസമ്പന്നരായ വിദ്യാർഥികൾ, എയ്ഡ്സ് രോഗങ്ങളിലുള്ള കുറവ് എന്നിങ്ങനെയുള്ള ഫലങ്ങൾ—നമുക്കു ലഭിക്കും.”
ആ ലക്ഷ്യം കൈവരിക്കാൻ ഏറ്റവും സഹായകമായത് ബൈബിളാണെന്ന് യഹോവയുടെ സാക്ഷികൾ കണ്ടെത്തിയിരിക്കുന്നു. ബൈബിൾ ഒരു സാധാരണ പുസ്തകമല്ല. അത് മനുഷ്യന്റെ സ്രഷ്ടാവായ യഹോവയാം ദൈവത്താൽ നിശ്വസ്തമാക്കപ്പെട്ടതാണ്. (2 തിമൊഥെയൊസ് 3:16, 17) ‘ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്നത്’ അവനാണ്. (യെശയ്യാവു 48:17) ബൈബിളിൽ നൽകിയിരിക്കുന്ന തത്ത്വങ്ങൾ ആരോഗ്യാവഹമാണ്. അതിന്റെ ബുദ്ധ്യുപദേശത്തിന് അനുസൃതമായി നടക്കുന്നവർ സത്ഫലങ്ങൾ കൊയ്യും.
ഉദാഹരണത്തിന്, എസ്ഥേർ ഒരിക്കൽ ഒരു കടുത്ത പുകവലിക്കാരിയായിരുന്നു.a അവൾ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങിയശേഷം ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനം ഒരു ദിവസം ചുറ്റിനടന്നു കാണാൻ ബൈബിൾ അധ്യാപിക അവളെ ക്ഷണിച്ചു. ആദ്യം എസ്ഥേർ ഒന്നു മടിച്ചു. യഹോവയുടെ സാക്ഷികൾ പുകവലിക്കുകയില്ലെന്ന് അറിയാമായിരുന്നതുകൊണ്ട് അവരോടൊത്ത് താൻ എങ്ങനെ ഒരു ദിവസംമുഴുവൻ ചെലവഴിക്കുമെന്ന് അവൾ ചിന്തിച്ചു. അതുകൊണ്ട് എസ്ഥേർ ഒരു സിഗരറ്റ് അവളുടെ പേഴ്സിൽ കരുതി. പുകവലിക്കാനുള്ള പ്രേരണയുണ്ടാകുന്നപക്ഷം ആരും കാണാതെ കക്കൂസിൽ പോയി അതു വലിക്കാമെന്ന് അവൾ മനസ്സിൽ കരുതി. ആസൂത്രണം ചെയ്തതുപോലെതന്നെ അൽപ്പം ചുറ്റിനടന്നുകണ്ടശേഷം എസ്ഥേർ സ്ത്രീകൾക്കുള്ള കക്കൂസിൽപോയി സിഗരറ്റ് പുറത്തെടുത്തു. എന്നാൽ ഒരു കാര്യം അവളുടെ ശ്രദ്ധയിൽപ്പെട്ടു. മുറി അത്യന്തം വൃത്തിയുള്ളതായിരുന്നു, അവിടുത്തെ വായു ശുദ്ധമായിരുന്നു. “സിഗരറ്റ് വലിച്ചുകൊണ്ട് ആ സ്ഥലം വൃത്തികേടാക്കാൻ എനിക്കു തോന്നിയില്ല. അതുകൊണ്ട് ഞാൻ അതു കക്കൂസിലിട്ടു വെള്ളമൊഴിച്ചുകളഞ്ഞു. അതിൽപ്പിന്നെ ഞാൻ സിഗരറ്റ് തൊട്ടിട്ടേയില്ല!”
ലോകവ്യാപകമായി എസ്ഥേറിനെപ്പോലെ ലക്ഷക്കണക്കിനാളുകൾ ബൈബിൾ തത്ത്വങ്ങളോടു ചേർച്ചയിൽ ജീവിക്കാൻ പഠിക്കുന്നു. അവർ പ്രയോജനമനുഭവിക്കുന്നു. തങ്ങൾ ജീവിക്കുന്ന സമുദായത്തിന് അവർ വലിയ മുതൽക്കൂട്ടായിത്തീരുന്നു. സർവോപരി, അവർ തങ്ങളുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തിന് ബഹുമതി കൈവരുത്തുന്നു.—സദൃശവാക്യങ്ങൾ 27:11 താരതമ്യം ചെയ്യുക.
മനുഷ്യൻ എത്ര ശ്രമിച്ചാലും “ഏദെൻ തോട്ടം” പുനർനിർമിക്കാൻ പറ്റില്ലെങ്കിലും ദൈവം അതു ചെയ്യുമെന്ന് ബൈബിൾ പറയുന്നു. 2 പത്രൊസ് 3:13 ഇപ്രകാരം പറയുന്നു: “എന്നാൽ നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.” (യെശയ്യാവു 51:3 താരതമ്യം ചെയ്യുക.) ആ പുതിയ ഭൂമിയിൽ ആരോഗ്യപരിപാലനം വീണ്ടുമൊരിക്കലും ഉത്കണ്ഠപ്പെടേണ്ട ഒരു സംഗതിയായിരിക്കുകയില്ല. കാരണം, മനുഷ്യവർഗം പൂർണാരോഗ്യത്തോടെ ജീവിതം ആസ്വദിക്കും, ദൈവം ആരംഭത്തിൽ ഉദ്ദേശിച്ച വിധത്തിൽ. (യെശയ്യാവു 33:24) ദൈവത്തിന്റെ വാഗ്ദാനങ്ങളെക്കുറിച്ചു കൂടുതൽ അറിയാൻ നിങ്ങൾക്കു താത്പര്യമുണ്ടോ? നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേയുള്ളൂ.
[അടിക്കുറിപ്പ്]
a അവളുടെ യഥാർഥ പേരല്ല.
[26-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
© 1985 P. F. Bentley/Black Star