മദ്യദുരുപയോഗം ഒരു സാമൂഹിക വിപത്ത്
മദ്യത്തിനു രണ്ടു മുഖങ്ങളുണ്ട്, ഒന്നു സന്തോഷകരവും മറ്റൊന്നു സങ്കടകരവും. മിതമായ അളവിലുള്ള മദ്യപാനത്തിനു ഹൃദയത്തെ സന്തോഷിപ്പിക്കാൻ കഴിയുമെന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 104:15) എന്നാൽ അമിത മദ്യപാനം ഹാനികരവും സർപ്പദംശനം പോലെ മാരകംപോലും ആയിരിക്കാമെന്ന് അതു മുന്നറിയിപ്പു നൽകുന്നു. (സദൃശവാക്യങ്ങൾ 23:31, 32) മദ്യദുരുപയോഗം എന്തെല്ലാം വിനകൾ വരുത്തിവെക്കുന്നെന്ന് നമുക്ക് അടുത്തു പരിശോധിക്കാം.
“മദ്യപിച്ചു വാഹനമോടിച്ച ഒരാൾ 25 വയസ്സുള്ള മാതാവിനെയും രണ്ടു വയസ്സായ മകനെയും ഇടിച്ചുതെറിപ്പിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. . . . ആറു മാസം ഗർഭിണിയായിരുന്ന യുവമാതാവ് പിറ്റേന്നു മരണമടഞ്ഞു. തലയ്ക്കു പരുക്കുപറ്റിയ കുട്ടി ഗുരുതരാവസ്ഥയിലാണ്” എന്ന് ലെ മോണ്ട് പത്രം റിപ്പോർട്ടു ചെയ്തു. സങ്കടകരമെന്നു പറയട്ടെ ഇത്തരം സംഭവങ്ങൾ സാധാരണമായിത്തീർന്നിരിക്കുന്നു. മദ്യപിച്ചു വാഹനം ഓടിച്ചതിന്റെ ഫലമായി അപകടത്തിൽപ്പെട്ട ആരെയെങ്കിലും കുറിച്ച് ഒരുപക്ഷേ നിങ്ങൾക്ക് അറിയാമായിരിക്കും. ഓരോ വർഷവും മദ്യപാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന റോഡപകടങ്ങളിൽ ആയിരക്കണക്കിന് ആളുകൾക്കു പരുക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്യുന്നു.
ജീവഹാനി
ലോകവ്യാപകമായി മദ്യദുരുപയോഗത്തിന്റെ ഫലമായുണ്ടാകുന്ന ആൾനാശത്തിനു കയ്യും കണക്കുമില്ല. ഫ്രാൻസിൽ, കാൻസറും ഹൃദയധമനീ രോഗവും കഴിഞ്ഞാൽപ്പിന്നെ മരണത്തിനിടയാക്കുന്നത് മദ്യദുരുപയോഗമാണ്. ഓരോ വർഷവും ഏകദേശം 50,000 പേരാണ് നേരിട്ടോ പരോക്ഷമായോ ഈ രീതിയിൽ മരണമടയുന്നത്. ഫ്രഞ്ച് ആരോഗ്യ മന്ത്രാലയത്തിന്റെ ഒരു റിപ്പോർട്ടനുസരിച്ച്, “ഓരോ ആഴ്ചയിലും രണ്ടോ മൂന്നോ ജമ്പോജറ്റ് വിമാനങ്ങൾ തകർന്നാലുണ്ടാകുന്ന ആൾനാശത്തിനു തുല്യമാണ്” ഇത്.
മദ്യപാനം മൂലമുള്ള മരണനിരക്ക് ചെറുപ്പക്കാരുടെ ഇടയിൽ വിശേഷാൽ അധികമാണ്. ലോകാരോഗ്യ സംഘടന 2001-ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് യൂറോപ്പിലെ 15-നും 29-നും ഇടയ്ക്കു പ്രായമുള്ള യുവാക്കന്മാർക്കിടയിലെ മരണത്തിന്റെ പ്രധാന കാരണം മദ്യമാണ്. മദ്യദുരുപയോഗം പെട്ടെന്നുതന്നെ ചില പൂർവ യൂറോപ്യൻ രാജ്യങ്ങളിലുള്ള മൂന്നിലൊരു ഭാഗം യുവാക്കന്മാരുടെയും ജീവൻ അപഹരിക്കുമെന്നു പ്രവചിക്കപ്പെട്ടിരിക്കുന്നു.
അക്രമവും ലൈംഗിക പീഡനവും
മദ്യം അക്രമപ്രവർത്തനങ്ങൾക്കു പ്രേരണയേകുന്നു. ആത്മനിയന്ത്രണത്തെ കാറ്റിൽപറത്തുന്നതിനു പുറമേ മറ്റുള്ളവരുടെ പ്രവൃത്തികൾ വിവേചിക്കാനുള്ള കഴിവിന്മേൽ ഇരുൾപരത്താനും അങ്ങനെ അക്രമാസക്തമായി പ്രതികരിക്കാനുള്ള സാധ്യത വർധിപ്പിക്കാനും അതിനു കഴിയും.
വീട്ടിനുള്ളിലെ അക്രമത്തിന്റെയും ലൈംഗിക പീഡനത്തിന്റെയും കാര്യത്തിൽ മദ്യം ഒരു നിർണായക പങ്കു വഹിക്കുന്നു. ഫ്രാൻസിലെ ജയിൽപ്പുള്ളികൾ നടത്തിയ മൂന്നിൽ രണ്ടു ബലാത്സംഗങ്ങളും ലൈംഗിക അതിക്രമങ്ങളും മദ്യത്തിന്റെ സ്വാധീനത്തിൻകീഴിൽ ആയിരുന്നെന്ന് അവരെക്കുറിച്ചു നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു. പോളണ്ടിലെ 75 ശതമാനം മദ്യാസക്തരുടെയും ഭാര്യമാർ അക്രമത്തിനു വിധേയരാകുന്നുവെന്ന് സർവേകൾ വെളിപ്പെടുത്തുന്നതായി പോളിറ്റിക്കാ എന്ന മാസിക അഭിപ്രായപ്പെടുന്നു. “മദ്യത്തിന്റെ ഉപയോഗം എല്ലാ പ്രായത്തിലുംപെട്ടവർ കൊലചെയ്യപ്പെടുന്നതിനുള്ള സാധ്യത ഏകദേശം ഇരട്ടിയായി വർധിക്കുന്നതിന് ഇടയാക്കുന്നെന്നും മദ്യപാനികളോടൊപ്പം വീട്ടിൽ താമസിക്കുന്ന മദ്യപിക്കാത്തവർ[പോലും] കൊലചെയ്യപ്പെടുന്നതിനു കൂടുതൽ സാധ്യത ഉള്ളവരാണെന്നും” ഒരു പഠനം വെളിപ്പെടുത്തി.—അമേരിക്കൻ മെഡിക്കൽ അസ്സോസിയേഷൻ, കൗൺസിൽ ഓൺ സയന്റിഫിക് അഫേർസ്.
സമൂഹം ഒടുക്കേണ്ടിവരുന്ന വില
അപകടങ്ങളും രോഗങ്ങളും അകാലമരണവും മൂലം ആരോഗ്യസംരക്ഷണത്തിനും ഇൻഷ്വറൻസിനും വേണ്ടിവരുന്ന ചെലവുകളും ഉത്പാദനക്ഷമതയിലുണ്ടാകുന്ന ഇടിവും കണക്കുകൂട്ടുമ്പോൾ സമൂഹത്തിനുണ്ടാകുന്ന സാമ്പത്തിക ചെലവ് അതിഭീമമാണ്. മദ്യദുരുപയോഗം അയർലൻഡിലെ 40 ലക്ഷം ആളുകൾക്ക് ഓരോ വർഷവും കുറഞ്ഞത് നൂറു കോടി ഡോളറിന്റെ (4,500 കോടി രൂപ) നഷ്ടം വരുത്തുന്നതായി പറയപ്പെടുന്നു. ഈ തുക “ഓരോ വർഷവും ഒരു പുതിയ ആശുപത്രിയും ഒരു സ്പോർട്സ് സ്റ്റേഡിയവും പണിയാനും ഓരോ മന്ത്രിമാർക്കും ഓരോ ജെറ്റുവിമാനം വാങ്ങാനും ആവശ്യമായ തുകയ്ക്കു” തുല്യമാണെന്ന് ദി ഐറിഷ് ടൈംസ് ഉദ്ധരിച്ച ഒരു ഉറവിടം പ്രസ്താവിച്ചു. ജപ്പാനിൽ അമിത മദ്യപാനം സൃഷ്ടിക്കുന്ന സാമ്പത്തിക നഷ്ടം “പ്രതിവർഷം 6 ലക്ഷം കോടി യെന്നിലും (2,47,500 കോടി രൂപ) അധികമാണെന്ന്” 1998-ൽ മൈനിച്ചി ഡെയ്ലി ന്യൂസ് റിപ്പോർട്ടു ചെയ്തു. യു.എസ്. കോൺഗ്രസ്സിനു സമർപ്പിച്ച ഒരു റിപ്പോർട്ട് ഇപ്രകാരം പ്രഖ്യാപിച്ചു: “മദ്യദുരുപയോഗം മൂലമുള്ള സാമ്പത്തിക ചെലവ് 1998-ൽ മാത്രം 18,460 കോടി ഡോളർ (8,30,700 കോടി രൂപ) ആയിരുന്നു. ആ വർഷം ഐക്യനാടുകളിൽ ജീവിച്ചിരുന്ന ഓരോ പുരുഷനും സ്ത്രീക്കും കുട്ടിക്കും ഏകദേശം 638 ഡോളർ (28,710 രൂപ) വീതം വരുമായിരുന്നു അത്.” കുടുംബത്തകർച്ചയും കുടുംബാംഗങ്ങളുടെ മരണവും കൈവരുത്തുന്ന മാനസിക പ്രത്യാഘാതങ്ങളും വിദ്യാഭ്യാസ-തൊഴിൽ രംഗങ്ങളിലെ മാന്ദ്യവും സംബന്ധിച്ചെന്ത്?
മദ്യദുരുപയോഗം സമൂഹത്തിൽ ഉളവാക്കുന്ന പ്രത്യാഘാതങ്ങൾ മനസ്സിലാക്കുക പ്രയാസമല്ല. നിങ്ങളുടെ മദ്യപാനം നിങ്ങളുടെയും മറ്റുള്ളവരുടെയും ആരോഗ്യം അപകടത്തിലാക്കുന്നുണ്ടോ? അടുത്ത ലേഖനം ഈ ചോദ്യത്തിനുള്ള ഉത്തരം നൽകുന്നു.