കാണാതാകുന്ന കുട്ടികൾ—ഈ ദുരന്തം എത്ര വ്യാപകമാണ്?
‘എന്റെ കുട്ടിയെ കാണാതായി!’
മിക്ക മാതാപിതാക്കളെ സംബന്ധിച്ചും ഇതിനെക്കാൾ വലിയ ഉത്കണ്ഠയുളവാക്കുന്ന കാരണങ്ങൾ കുറവായിരിക്കാം. ഭവനങ്ങളിൽനിന്നു കാണാതാകുന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ച കൃത്യമായ ആഗോള കണക്കൊന്നും സ്ഥാപിച്ചെടുക്കാൻ കഴിയില്ലെങ്കിലും ഈ ദുരന്തം എത്ര വ്യാപകമാണെന്ന് പല രാജ്യങ്ങളിലെയും പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോർട്ടുകളിൽനിന്നു നമുക്കു മനസ്സിലാക്കാൻ കഴിയും.
ഐക്യനാടുകളിൽ, ഓരോ വർഷവും 5,00,000 മുതൽ 10,00,000-ത്തിലധികം വരെ കുട്ടികളെ അവരുടെ ഭവനങ്ങളിൽനിന്നു കാണാതാകുന്നതായി അവരെ തരംതിരിച്ചിരിക്കുന്ന വിധമനുസരിച്ച് പട്ടികപ്പെടുത്തിയിരിക്കുന്നു. അവരെ കാണാതാകുന്നതു കുറച്ചുകാലത്തേക്കോ എന്നെന്നേക്കുമോ ആയിരിക്കാം. വർഷംതോറും ഏതാണ്ട് 1,00,000 കുട്ടികൾ അപ്രത്യക്ഷമാകുന്നതായി ഇംഗ്ലണ്ട് റിപ്പോർട്ടു ചെയ്യുന്നു. എങ്കിലും സംഖ്യ അതിലും വളരെക്കൂടുതലാണെന്നാണ് ചിലർ പറയുന്നത്. ദശസഹസ്രക്കണക്കിനു കുട്ടികളെ കാണാതായതായി മുൻ സോവിയററ് യൂണിയൻ പറയുകയുണ്ടായി. തെക്കേ അമേരിക്കയിൽ ഈ സംഖ്യ 10,000-ത്തിലധികം ആയിരിക്കുന്നതായി പറയപ്പെടുന്നു. ലാററിനമേരിക്കയിൽ ലക്ഷക്കണക്കിനു കുട്ടികൾ ഈ ദുരന്തത്തെ നേരിടുന്നു.
ലിൻഡിപെൻഡെന്റെയൽ എഴുതവേ ഇററാലിയൻ മിനിസ്ട്രി ഓഫ് ദി ഇൻറീരിയറിന്റെ ഒരു വക്താവ് അവിടത്തെ പ്രശ്നത്തിന്റെ വ്യാപ്തിയെപ്പററി ഇപ്രകാരം സൂചിപ്പിച്ചു: “സാധാരണപോലെ അവർ ഒരു ദിവസം വീട്ടിൽനിന്നു പോകുന്നു. അവർ സ്കൂളിലേക്കോ കളിക്കാനോ ഒക്കെ പോകുന്നതാണ്. എന്നാൽ അവർ മടങ്ങിവരുന്നില്ല. അവർ അപ്രത്യക്ഷമാകുന്നു, ഇല്ലായ്മയിലേക്കെന്നപോലെ പോയിമറയുന്നു. ഭഗ്നാശരായ കുടുംബാംഗങ്ങൾ അവർക്കുവേണ്ടി തിരച്ചിൽ നടത്തുന്നു. എന്നാൽ അസ്പഷ്ടമായ സൂചനകളും അപര്യാപ്തമായ തെളിവുകളും കുറച്ചു—നിശ്ചയമില്ലാത്ത—ദൃക്സാക്ഷികളുമേയുള്ളൂ.”
“കാണാതാകുന്ന കുട്ടികൾ” എന്ന തലക്കെട്ടിൽ വാസ്തവത്തിൽ അനേകം വിഭാഗങ്ങൾ ഉൾപ്പെടുന്നുവെന്ന് ഈ പ്രശ്നത്തിന്റെ വ്യാപ്തി സംബന്ധിച്ച ഐക്യനാടുകളിലെ അടുത്തകാലത്തെ ഒരു പഠനം വെളിപ്പെടുത്തി. അപരിചിതരാൽ അപഹരിക്കപ്പെടുന്ന കുട്ടികളാണ് ഒരു വിഭാഗം. മറെറാന്ന് കസ്ററഡി കേസുകളിലെപ്പോലെ മാതാപിതാക്കളിൽ ഒരാളാൽ അപഹരിക്കപ്പെടുന്ന കുട്ടികളാണ്. പിന്നെ മാതാപിതാക്കൾക്കോ രക്ഷകർത്താക്കൾക്കോ ഒന്നും ആവശ്യമില്ലാതെ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളുമുണ്ട്. ഇനി മറെറാരു വലിയ വിഭാഗമുണ്ട്, ഒളിച്ചോടിപ്പോകുന്നവർ. ഏതാനും മണിക്കൂർ സമയത്തേക്കോ ഒന്നോ രണ്ടോ ദിവസത്തേക്കോ മാത്രം നഷ്ടപ്പെടുന്നവർ അല്ലെങ്കിൽ മറേറതെങ്കിലും തരത്തിൽ വേർപിരിഞ്ഞിരിക്കുന്നവർ ഉണ്ട്—ഇക്കൂട്ടരിലധികവും അനുവദിച്ചിരിക്കുന്ന സമയത്തിനപ്പുറം പുറത്തു തങ്ങുന്നു അല്ലെങ്കിൽ മാതാപിതാക്കൾ അവരുടെ താത്പര്യങ്ങളെ തെററിദ്ധരിക്കുന്നു. ഇവരിൽ വളരെ, വളരെ കുറച്ചുപേർ മാത്രമേ ഒരിക്കലും മടങ്ങിവരാതെയുള്ളൂ.
എന്നാൽ കാണാതാകുന്ന കുട്ടികളുടെ കൂടുതൽ ഗുരുതരമായ വിഭാഗങ്ങളിൽ പെടുന്നവർക്ക് എന്താണ് സംഭവിക്കുന്നത്? ഈ ദുരന്തം സംഭവിക്കുന്നത് എന്തുകൊണ്ടാണ്? ഉണരുക!യുടെ ഈ ലക്കം ദുരന്തത്തിന്റെ വിവിധ വശങ്ങൾ പരിശോധിക്കുകയും അത് എന്നവസാനിക്കും? എന്ന ചോദ്യത്തിന് ഉത്തരം നൽകുകയും ചെയ്യുന്നു.