അപരിചിതർ കുട്ടികളെ അപഹരിക്കുമ്പോൾ
“ദയവായി അവളെ കണ്ടുപിടിക്കാൻ ഞങ്ങളെ സഹായിക്കൂ. ദയവായി, ദയവായി സാറയെ സഹായിക്കൂ!”
അതിവേദന തിന്നുന്ന മാതാപിതാക്കൾ ഇരുവരുടെയും ഈ വികാരനിർഭരമായ കരച്ചിൽ അവരുടെ 12 വയസ്സുകാരിയായ മകൾ സാറ ആൻ വുഡിനെ കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ ഐക്യനാടുകളിലുടനീളം ടെലിവിഷനിലൂടെ പ്രേഷണം ചെയ്യപ്പെട്ടു. താൻ പാർത്തിരുന്ന നാട്ടിൻപുറത്തിലെ പാതയിലൂടെ മൂന്നാഴ്ച മുമ്പൊരു ദിവസം വീട്ടിലേക്കു സൈക്കിൾ ചവിട്ടി വരുമ്പോഴായിരുന്നു അവളെ തട്ടിക്കൊണ്ടുപോയത്.
കാണാതായ പെൺകുട്ടിയെക്കുറിച്ചുള്ള സൂചനകൾക്കായി ഒരു വൻ അന്വേഷണ സംഘം കാടുകളിലും വയലുകളിലും സമീപ തടാകങ്ങളിലും പൂർണമായി തിരച്ചിൽ നടത്തി. ഏതാണ്ട് അതേസമയത്തു തന്നെ, അയൽ സംസ്ഥാനത്ത്, വേദനപ്പെടുന്ന മറെറാരു മാതാവ്, ററിന പിറെയ്നെൻ, കാണാതായ തന്റെ മകൾക്കുവേണ്ടി കെഞ്ചിയാചിച്ചുകൊണ്ട് ടിവിയിൽ പ്രത്യക്ഷപ്പെട്ടു. പ്രലോഭനത്തിനു വഴിപ്പെട്ട് ഒരു കാട്ടുവഴിയിലൂടെ പോയ പത്തു വയസ്സുകാരി ഹോളി ഒരു മണിക്കൂറിനുള്ളിൽ അപ്രത്യക്ഷയായി. പിന്നീട് അവളുടെ ശരീരാവശിഷ്ടങ്ങൾ ഒരു വയലിൽ കണ്ടെത്തി.
കാണാതായ കുട്ടികളുടെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ജീവിതം അകംനീറുന്ന ഒരു അഗ്നിപരീക്ഷയാണ്. തങ്ങളുടെ കുഞ്ഞ് ജീവനോടിരിപ്പുണ്ടോ, ഒരുപക്ഷേ ശാരീരിക ക്ഷതം വല്ലതും സംഭവിച്ചോ, ലൈംഗികമായി ദ്രോഹിക്കപ്പെട്ടോ ഇനി, കൊച്ച് ആഷ്ലിയെപ്പോലെ കുട്ടി മരിച്ചുപോയോ എന്നിങ്ങനെയുള്ള അനിശ്ചിതത്വങ്ങളുമായി അവർ നിരന്തരം പോരാടുന്നു. സഹോദരൻ ഫുട്ബോൾ മത്സരത്തിൽ കളിക്കുന്നതു കാണാൻ കുടുംബത്തോടൊപ്പം പോയതായിരുന്നു ആഷ്ലി. കളി കണ്ടു മടുത്തപ്പോൾ അവൾ കളിസ്ഥലത്തേക്കു നടന്നു, അപ്രത്യക്ഷമാകുകയും ചെയ്തു. പിന്നീട് ആഷ്ലിയുടെ ശരീരം സമീപത്തുള്ള ഒരു വയലിൽ കണ്ടെത്തി. അവളെ കഴുത്തു ഞെരിച്ചു കൊന്നിരുന്നു.
നടുക്കുന്ന പേക്കിനാവ്
ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരുപക്ഷേ അതിനെ മേലാൽ ഒരിക്കലും ജീവനോടെ കാണാതിരിക്കുകയും ചെയ്യുക എന്ന നടുക്കുന്ന പേക്കിനാവ് അനുഭവവേദ്യമാകുന്നത് ഐക്യനാടുകളിൽ ഓരോ വർഷവും 200 മുതൽ 300 വരെ കുടുംബങ്ങൾക്കാണ്. സംഭവിക്കുന്ന മററ് അക്രമപരമായ കുററകൃത്യങ്ങളോടുള്ള താരതമ്യത്തിൽ ഈ സംഖ്യകൾ ചെറുതായി കാണപ്പെട്ടാലും മുഴു സമൂഹങ്ങളിലും അലതല്ലുന്ന ഭയവും ഭീതിയും ആയിരക്കണക്കിന് ആളുകളെയാണു ബാധിക്കുന്നത്. ഞെട്ടലോടെ അവർ അത്ഭുതപ്പെടുന്നു, ‘അത്തരമൊരു ദുരന്തം ഇവിടെയെങ്ങനെ സംഭവിക്കും? എന്റെ കുട്ടിയായിരിക്കുമോ അടുത്തത്?’
കുട്ടികൾ അപഹരിക്കപ്പെടുന്നതായി ഐക്യനാടുകളിൽ റിപ്പോർട്ടു ചെയ്യപ്പെടുന്ന കേസുകളുടെ വാർഷിക എണ്ണം 3,200-നും 4,600-നും ഇടയിലാണ്. ഇവരിൽ മൂന്നിൽ രണ്ടോ അതിലധികമോ ലൈംഗികമായി ആക്രമിക്കപ്പെടുന്നവരാണ്. കാണാതെ പോകുന്നതും ചൂഷണം ചെയ്യപ്പെടുന്നതുമായ കുട്ടികൾക്കുവേണ്ടിയുള്ള ദേശീയ കേന്ദ്രത്തിന്റെ പ്രസിഡൻറായ എർനെസ്ററ് ഇ. അലെൻ ഇപ്രകാരം സൂചിപ്പിച്ചു: “മുഖ്യ കാരണം ലൈംഗികമാണ്, പുറകെ കൊലചെയ്യാനുള്ള ഉദ്ദേശ്യവും.” കൂടാതെ, നീതിന്യായ ഡിപ്പാർട്ടുമെൻറ് പറയുന്നതനുസരിച്ച് ഓരോ വർഷവും മററു വിധങ്ങളിലുള്ള 1,10,000-ത്തിലധികം അപഹരണങ്ങൾക്കു ശ്രമം നടക്കുന്നുണ്ട്. അവയിൽ മിക്കതും സംഭവിക്കുന്നത് മോട്ടോർ ഡ്രൈവർമാരാലാണ്. സാധാരണമായി, തങ്ങളുടെ കാറിലേക്കു കുട്ടിയെ പ്രലോഭിപ്പിച്ചു കയററാൻ ശ്രമിക്കുന്ന പുരുഷൻമാരാൽ. മററു രാജ്യങ്ങളിലും കുട്ടികൾക്കെതിരെയുള്ള അക്രമത്തിന്റെ തിര പൊന്തിവരുകയാണ്.
സമൂഹം കുററത്തിൽ പങ്കു വഹിക്കുന്നുവോ?
അത് “വല്ലപ്പോഴും നടക്കുന്ന ഒരു സംഭവമല്ലെ”ന്ന് ശിശു കൊലയെക്കുറിച്ച് ഒരു ഓസ്ട്രേലിയൻ ഗവേഷകൻ പറയുന്നു. “കൊലയാളികളും കൊലചെയ്യപ്പെടുന്നവരും സമൂഹം തന്നെ മെനഞ്ഞെടുത്ത ഒരു വിഷമ വൃത്തത്തിൽ അകപ്പെട്ടിരിക്കുകയാ”ണെന്ന് നിഷ്കളങ്കരുടെ കൊലപാതകം—ശിശു-കൊലയാളികളും അവരുടെ ഇരകളും (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ പോൾ വിൽസൻ പ്രസ്താവിക്കുന്നു.
കുട്ടികളെ ചൂഷണം ചെയ്യലും കൊലപാതകവും മിക്കയാളുകളും ഘോരകൃത്യങ്ങളായി കണക്കാക്കുന്നതുകൊണ്ട് സമൂഹമായിരിക്കാം ഈ ദുരന്തത്തിന് ഉത്തരവാദി അല്ലെങ്കിൽ സമൂഹം കുറഞ്ഞ പക്ഷം അതിനു വളം വെക്കുകയെങ്കിലും ചെയ്യുന്നുണ്ടായിരിക്കാമെന്നു ചിന്തിക്കുന്നതു വിചിത്രമായി തോന്നിയേക്കാം. എന്നാൽ, വ്യവസായവത്കൃത സമൂഹങ്ങളിൽ, എന്തിന്, അത്ര വികസിതമല്ലാത്ത പല സമൂഹങ്ങളിൽ പോലും, ആകമാനം ലൈംഗികതയെയും അക്രമത്തെയും പ്രകീർത്തിക്കുന്ന സിനിമകളും ടിവി പരിപാടികളും വായനാ സാമഗ്രികളുമാണുള്ളത്.
കുട്ടികളെയും കുട്ടികളെപ്പോലെ വസ്ത്രം ധരിച്ചിരിക്കുന്ന മുതിർന്നവരെപ്പോലും വിശേഷവൽക്കരിക്കുന്ന പച്ച അശ്ലീലങ്ങൾ നിറഞ്ഞ ഫിലിമുകൾ ഇപ്പോൾ കൂടുതൽ കൂടുതലുണ്ട്. ഇവ കുട്ടികളുൾപ്പെട്ട ലൈംഗികതയെയും അക്രമത്തെയും അപ്പാടെ ചിത്രീകരിക്കുന്നു. ഒരു കുട്ടിയുടെ മരണം, നീണ്ടുനിൽക്കുന്ന ദണ്ഡനം, തുടക്കക്കാർക്കുവേണ്ടിയുള്ള അംഗച്ഛേദം എന്നിങ്ങനെയുള്ള ചലച്ചിത്ര തലക്കെട്ടുകൾ (ഇംഗ്ലീഷ്) ഉണ്ടെന്ന് വിൽസൻ തന്റെ പുസ്തകത്തിൽ കൂടുതലായി സൂചിപ്പിക്കുന്നു. ക്രൂരതയിൽ നിർവൃതികൊള്ളുന്ന അക്രമവും അശ്ലീലവും കാണാൻ വരുന്ന സദസ്സിന് എന്തു വലിപ്പമുണ്ട്? അത് അനേക ശതകോടി ഡോളറിന്റെ വ്യവസായമല്ലേ!
കുട്ടികളെ ചൂഷണം ചെയ്യുന്നവരുടെ ജീവിതങ്ങളിൽ ചിത്രരൂപേണയുള്ള അക്രമത്തിനും അശ്ലീലത്തിനും ഒരു വൻ സ്വാധീനമുണ്ട്. അഞ്ച് ആൺകുട്ടികളുടെ കൊലയാളിയായി കുററംവിധിക്കപ്പെട്ട ഒരു ലൈംഗിക കുററവാളി ഇപ്രകാരം സമ്മതിച്ചുപറഞ്ഞു: “കൊലപാതകിയായി കുററംവിധിക്കപ്പെട്ട ഒരു സ്വവർഗ ശിശുലൈംഗികവികടനാണു ഞാൻ. എന്റെ തകർച്ചയിലെ ഒരു നിർണായക ഘടകം അശ്ലീലമായിരുന്നു.” ഓസ്ലോ യൂണിവേഴ്സിററിയിലെ പ്രൊഫസ്സർ ബെറിററ് ആസ് ബാല അശ്ലീലത്തിന്റെ ഫലം ഇപ്രകാരം വിശദമാക്കുന്നു: “1960-കളുടെ ഒടുവിൽ നാം ഒരു വലിയ അബദ്ധം കാണിച്ചു. ലൈംഗിക പ്രതിയോഗികൾക്ക് ഒരു ബഹിർഗമന മാർഗം പ്രദാനം ചെയ്തുകൊണ്ട് അശ്ലീലം ലൈംഗിക കുററകൃത്യങ്ങളെ മാററി പ്രതിഷ്ഠിക്കുമെന്നു നാം വിശ്വസിച്ചു. നാം അതിന്റെ മൂടി തുറന്നുവിടുകയും ചെയ്തു. നമുക്കു തെററുപററിപ്പോയെന്ന് ഇപ്പോൾ നാം മനസ്സിലാക്കുന്നു: അത്തരം അശ്ലീലം ലൈംഗിക കുററകൃത്യങ്ങൾക്ക് അംഗീകാരം നൽകുന്നു. ‘എനിക്കിത് കാണാമെങ്കിൽപ്പിന്നെ ചെയ്താലെന്താ’ എന്നു പ്രതിയോഗി ചിന്തിക്കാൻ ഇത് ഇടയാക്കുന്നു.”
മുതിർന്ന ഒരാൾ അശ്ലീലത്തോട് ആസക്തനായിത്തീരുമ്പോൾ അയാളുടെ ഇക്കിളിപ്പെടാനുള്ള ആഗ്രഹവും വർധിക്കുന്നു. അതിന്റെ ഫലമായി, ബലാൽസംഗവും കൊലപാതകവും ഉൾപ്പെടെയുള്ള തങ്ങളുടെ വികൃത ഉപയോഗത്തിനുവേണ്ടി ബലപ്രയോഗമോ അക്രമമോ ഉപയോഗിച്ചു കുട്ടികളെ നേടാൻ ചിലർ മനസ്സൊരുക്കം കാട്ടുന്നു.
കുട്ടികളുടെ അപഹരണങ്ങൾക്കു മററു കാരണങ്ങളുണ്ട്. ചില രാജ്യങ്ങളിൽ ഇതു വർധിച്ചിരിക്കുന്നതിനു കാരണം മോശമായ സാമ്പത്തിക അവസ്ഥകളാണ്. ധനിക കുടുംബങ്ങൾ കൊടുക്കുന്ന വൻ മോചന ദ്രവ്യത്താൽ പ്രലോഭിപ്പിക്കപ്പെട്ട് തട്ടിക്കൊണ്ടുപോക്കുകാർ കുട്ടികളെ ലക്ഷ്യമിടുന്നു. ഓരോ വർഷവും അനേകം ശിശുക്കളെ മോഷ്ടിച്ച് ദത്തെടുക്കൽ സംഘങ്ങൾക്കു വിൽക്കുന്നു. അവ അവരെ നാടുകടത്തുന്നു.
കാണാതാകുന്ന കുട്ടികളുടെ മുഖ്യ വിഭാഗം ഏതാണ്? അവർക്ക് എന്താണു സംഭവിക്കുന്നത്? അടുത്ത രണ്ടു ലേഖനങ്ങൾ ഈ കാര്യം പരിശോധിക്കും.
[6-ാം പേജിലെ ചതുരം]
ലക്ഷക്കണക്കിനു ബാലവേശ്യകൾ
ഏതാണ്ട് ഒരു കോടി കുട്ടികളെ വേശ്യാവൃത്തിക്കു നിർബന്ധിതരാക്കിയിരിക്കുന്നെന്നും അവരിൽ പലരെയും തട്ടിക്കൊണ്ടുപോയതാണെന്നും ഐക്യരാഷ്ട്ര സംഘടന പറയുന്നു. ഇവരിൽ ഭൂരിപക്ഷവും വികസ്വര രാജ്യങ്ങളിലാണ്. വിദേശ ടൂറിസത്തിന്റെ വർധനവോടുകൂടി ഈ ദുർവ്യാപാരം ആഫ്രിക്കയിലും ഏഷ്യയിലും ലാററിനമേരിക്കയിലും വർധിച്ചിരിക്കുന്നു. ചില പ്രദേശങ്ങളിൽ വരുന്ന ലക്ഷക്കണക്കിനു ടൂറിസ്ററുകളുടെ, വിശേഷിച്ച് ഏറെ ധനിക രാജ്യങ്ങളിൽനിന്നുള്ള ടൂറിസ്ററുകളുടെ, ഏതാണ്ട് മൂന്നിൽരണ്ട് “ലൈംഗിക ടൂറിസ്ററുകളാ”ണ്. പക്ഷേ, മനുഷ്യന്റെ കുററകൃത്യങ്ങൾ യഹോവയാം ദൈവത്തിന്റെ “കണ്ണിന്നു മലർന്ന”തായി “കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു.”—എബ്രായർ 4:13.
[5-ാം പേജിലെ ചതുരം]
ഒരു കുട്ടി അപഹരിക്കപ്പെടുമ്പോൾ അത് നടുക്കുന്ന ഒരു പേക്കിനാവാണ്