ഈ ദുരന്തം എന്നവസാനിക്കും?
അപഹരണം, ദ്രോഹം, ചൂഷണം എന്നിവയ്ക്കും പലപ്പോഴും തരപ്പടിക്കാരുടെ മോശമായ സ്വാധീനത്തിനും കുട്ടികൾ ഇരകളാകുന്നത് എന്നവസാനിക്കും? കൂടുതൽ നിയമങ്ങൾ നടപ്പാക്കുന്നതും കുട്ടികൾക്കെതിരെ നടത്തപ്പെടുന്ന കുററകൃത്യങ്ങൾക്കു കൂടുതൽ കർശനമായ ശിക്ഷകൾ നൽകുന്നതും അവരെ സംരക്ഷിക്കുമോ? ആഹാരവും പാർപ്പിടവും വിദ്യാഭ്യാസവും നൽകാനുള്ള കൂടുതലായ സാമൂഹിക പദ്ധതികൾ ദ്രോഹവും ഒളിച്ചോടിപ്പോക്കും അവസാനിപ്പിക്കുമോ? കുട്ടികൾക്കുവേണ്ടി കരുതുന്ന മാതാപിതാക്കളെ മെച്ചമായ ആശയവിനിമയ വൈദഗ്ധ്യങ്ങൾ പഠിപ്പിക്കുന്നത് നാശകരമായ സാഹചര്യങ്ങളിലേക്കു കുട്ടികളെ പ്രലോഭിപ്പിക്കുന്ന ആവേശത്തിന്റെ മിഥ്യാ സങ്കൽപ്പങ്ങളെ എതിരിടാൻ മാതാപിതാക്കളെ സഹായിക്കുമോ?
അത്തരം നടപടികൾ സഹായകരമായിരുന്നേക്കാമെങ്കിലും ഇത്തരം ദുരന്തങ്ങളുടെ മൂലകാരണത്തെ പിഴുതെറിയുന്നതുവരെ കുട്ടികൾ വളരെയധികം കഷ്ടപ്പാടിനു വിധേയരാകുകതന്നെ ചെയ്യും. ഭവനത്തിലെ ദ്രോഹമോ അവഗണനയോ തടയാതെ, ഒളിച്ചോടിപ്പോകുന്ന കുട്ടികളുടെ പ്രശ്നം കൈകാര്യം ചെയ്യാനായി സ്വീകരിക്കുന്ന ഏതു നടപടിയും വലിയ പ്രയോജനം ചെയ്യാൻ സാധ്യതയില്ല. എന്തുകൊണ്ടെന്നാൽ കുഴപ്പം സംഭവിച്ചുകഴിഞ്ഞുവെന്ന് ഒരു യുവാവു പറയുന്നു.
മൂലകാരണം
ഈ പ്രശ്നങ്ങളുടെയെല്ലാം മൂലമെന്താണ്? അവയെ എങ്ങനെ നീക്കം ചെയ്യാം? മൃഗീയത, ലൈംഗികചൂഷണം, ലൈംഗികവൈകൃതം എന്നിവയിൽ ആഹ്ലാദം കണ്ടെത്തുന്ന അദൃശ്യ ദുഷ്ടാത്മ ശക്തികളായ സാത്താന്റെയും അവന്റെ ഭൂതങ്ങളുടെയും ആക്രമണത്തിൻ കീഴിലാണ് കുടുംബഘടകം എന്ന് ബൈബിൾ വിശദീകരിക്കുന്നു. (ഉല്പത്തി 6:1-6; എഫെസ്യർ 6:12) യേശു ഭൂമിയിലായിരുന്നപ്പോൾ കുട്ടികൾ ഈ ഭൂതങ്ങളാൽ ആക്രമിക്കപ്പെട്ടു. ഒരു പയ്യൻ ഞെരിപിരികൊള്ളുകയും തീയിലേക്ക് എറിയപ്പെടുകയും ചെയ്തുകൊണ്ട് ദണ്ഡനം അനുഭവിച്ചു.—മർക്കൊസ് 9:20-22.
യേശു ഭൂമിയിലായിരുന്നതിന് നൂററാണ്ടുകൾക്കു മുമ്പുമുതലേ ഭൂതങ്ങൾ ദണ്ഡിപ്പിക്കുന്നതിലും ബാൽ, കെമോശ്, മോലെക്ക് തുടങ്ങിയ പുറജാതി കരാള ദൈവങ്ങൾക്ക് കൊച്ചുകുട്ടികളെ ദഹനം കഴിക്കുന്നതിലും ആഹ്ലാദിച്ചു തിമിർത്തിരുന്നു. (1 രാജാക്കൻമാർ 11:7; 2 രാജാക്കൻമാർ 3:26, 27; സങ്കീർത്തനം 106:37, 38; യിരെമ്യാവ് 19:5; 32:35) അതുകൊണ്ട്, കൂടുതൽ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ അവമാനവും വേദനയും മരണവും ചെറുപ്പക്കാരുടെമേൽ അടിച്ചേൽപ്പിക്കാൻ ഒരുങ്ങിയിരിക്കുന്ന മനുഷ്യ ഏജൻറുമാരുടെ കരങ്ങളിൽ ഇരകളാക്കാൻ ഭൂതങ്ങൾ കുട്ടികളെ ലക്ഷ്യമിടുന്നതിൽ അതിശയിക്കാനില്ല. പലപ്പോഴും അത്തരം പൈശാചിക കൃത്യങ്ങളുടെ കുററവാളികൾ മനസ്സു വ്യാപരിപ്പിക്കുന്നത് തങ്ങളുടെ വൈകൃതങ്ങൾക്ക് ഇന്ധനമേകുന്ന അശ്ലീലമാണ്.
ഭൂതങ്ങൾ മനുഷ്യവർഗത്തിൻമേൽ ഏൽപ്പിക്കുന്ന സമ്മർദം നമ്മുടെ നാളിൽ വർധിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാൽ ചരിത്രത്തിന്റെ ഈ കാലഘട്ടത്തെ ബൈബിൾ വിളിക്കുന്നത് ഇന്നത്തെ ദുഷ്ട വ്യവസ്ഥിതിയുടെ “അന്ത്യകാല”മെന്നാണ്. ഇവ “ഇടപെടാൻ പ്രയാസമേറിയ ദുർഘട സമയങ്ങളാ”യിരിക്കും എന്ന് അതു മുൻകൂട്ടിപ്പറഞ്ഞു. ഭൂതങ്ങളുടെ സ്വാധീന ഫലമായി മനുഷ്യർ ഇന്ന് എന്നെത്തേതിലുമധികമായി ഈ ദുഷ്ടാത്മശക്തികളുടെ വഷളത്തത്തെ പ്രതിഫലിപ്പിക്കുന്നു. നമ്മുടെ നാളിലെ ആളുകൾ ഉഗ്രൻമാരും ആത്മനിയന്ത്രണമില്ലാത്തവരും സ്വാഭാവിക പ്രിയമില്ലാത്തവരും നൻമപ്രിയമില്ലാത്തവരും ആയിരിക്കുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു.—2 തിമൊഥെയൊസ് 3:1-5, 13.
വ്യഭിചാരം, മയക്കുമരുന്നുകൾ, ആത്മഹത്യ, കൊലപാതകം, ബലാൽസംഗം, അഗമ്യഗമനം, അടിമത്തം, ദണ്ഡനം എന്നിവയെ പ്രകീർത്തിക്കുന്ന ഫിലിമുകളും റെക്കോർഡുകളും മാഗസിനുകളും പുസ്തകങ്ങളും ഉത്പാദിപ്പിക്കുന്ന പണക്കൊതിയൻമാരെ ഇതു നന്നായി വർണിക്കുന്നു. ഇവയിലൂടെയും മററു മാർഗങ്ങളിലൂടെയും ഭൂതങ്ങൾ ഒരു സംസ്കാരത്തിന് പ്രചോദനമേകിയിരിക്കുന്നു. ഈ സംസ്കാരം ദുഷിച്ച വായുപോലെ കുടുംബ മൂല്യങ്ങളെയും ദൈവിക ധാർമികതയെയും പിഴുതെറിഞ്ഞുകൊണ്ട് ചെറുപ്പക്കാരെന്നോ പ്രായമായവരെന്നോ വ്യത്യാസമില്ലാതെ ആളുകളുടെ മനസ്സുകളെയും ഹൃദയങ്ങളെയും മലിനമാക്കിയിരിക്കുന്നു.
കുട്ടികളെ അപഹരിക്കൽ, ഉപദ്രവിക്കൽ, കൊലചെയ്യൽ എന്നിവയിലെ വർധനവ് അന്ത്യനാളുകളുടെ അടയാളത്തിന്റെ ഭാഗമാണ്. കൂടാതെ, ‘മനുഷ്യർ സ്വസ്നേഹികളും യോജിപ്പിലെത്താൻ മനസ്സില്ലാത്തവരും അവിശ്വസ്തരും ദ്രോഹികളും ആയിരിക്കുമെന്ന്’ ബൈബിൾ പറഞ്ഞു. ആയതിനാൽ ഈ നാളുകളിൽ വിവാഹ ബന്ധങ്ങൾ അവ സ്ഥാപിക്കപ്പെട്ട ഉടൻതന്നെ പലപ്പോഴും തകരുകയാണ്. വിവാഹമോചനം വർധിക്കുന്നതോടെ മാതാപിതാക്കളാലുള്ള തട്ടിക്കൊണ്ടുപോക്കും വർധിക്കുന്നു. ഇപ്പോഴത്തേതോ മുമ്പത്തേതോ ആയ ഇണകളുടെ മർദനവും കൊലയും വർധിക്കുന്നു. ഇതിനിരകളാകുന്നവരുടെ വൻ ഭൂരിപക്ഷം സ്ത്രീകളാണ്. അങ്ങനെ, അവഗണിച്ചുകൊണ്ടും ദ്രോഹിച്ചുകൊണ്ടും മാതാപിതാക്കൾ ഒളിച്ചോടിപ്പോകാൻ പ്രോത്സാഹിപ്പിക്കുന്ന കുട്ടികളുടെ ഒരു തലമുറയെ നാം കാണുന്നു. കൂടാതെ, നമ്മുടെ കാലം “മാതാപിതാക്കളെ അനുസരിക്കാത്തവരും . . . വഴങ്ങാത്തവരും” ദൈവിക മൂല്യങ്ങളെ ആദരിക്കുന്നതിനു പകരം തങ്ങളുടെ തരപ്പടിക്കാരോടൊപ്പം ഇറങ്ങിയോടാൻ ഇഷ്ടപ്പെടുന്നവരുമായ കുട്ടികളാൽ അടയാളപ്പെടുത്തപ്പെടുന്നു.—2 തിമോത്തി 3:2-4 NW.
ദുരന്തം പെട്ടെന്നുതന്നെ അവസാനിക്കും
എന്നിരുന്നാലും, സാത്താന്റെയും ഭൂതങ്ങളുടെയും സ്വാധീനം പെട്ടെന്നുതന്നെ അവസാനിക്കും. (വെളിപ്പാടു 12:12) ദൈവം സാത്താനെയും അവന്റെ ഭൂതങ്ങളെയും നീക്കം ചെയ്യുമെന്ന് വെളിപ്പാടു 20:1-3 പ്രസ്താവിക്കുന്നു. അതിനു ശേഷം, നീതി നടപ്പാക്കിക്കൊണ്ടും എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പുനൽകിക്കൊണ്ടും യേശുക്രിസ്തുവിന്റെ കൈകളിലെ ദൈവത്തിന്റെ സ്വർഗീയ രാജ്യം ഈ ഭൂമിയെ നീതിയിൽ ഭരണം നടത്തും. (സങ്കീർത്തനം 72:7, 8; ദാനീയേൽ 2:44; മത്തായി 6:9, 10) ലാഭത്തിനുവേണ്ടി പാവപ്പെട്ടവരെ ഞെരുക്കുകയും മനുഷ്യ ദൗർബല്യങ്ങളെ ചൂഷണം ചെയ്യുകയും ചെയ്യുന്ന അത്യാർത്തിപൂണ്ട വ്യാപാര പദ്ധതികൾ പൊയ്പോയിരിക്കും. എന്തുകൊണ്ടെന്നാൽ “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു.” (1 യോഹന്നാൻ 2:17) സദൃശവാക്യങ്ങൾ 2:22 മുൻകൂട്ടിപ്പറയുന്നതനുസരിച്ച് ദുഷ്ടത പ്രവർത്തിക്കുന്ന ഏവരും ഛേദിക്കപ്പെടും: ‘ദുഷ്ടൻമാർ . . . ഭൂമിയിൽ നിന്നുതന്നെ ഛേദിക്കപ്പെടും.’
ദൈവത്തിന്റെ പുതിയ ലോകത്തിൽ എല്ലാവർക്കും സുരക്ഷിതത്വവും സമാധാനവും ഉണ്ടായിരിക്കുമെന്ന് മീഖാ 4:4 വിശദീകരിക്കുന്നു: “ആരും അവരെ ഭയപ്പെടുത്തുകയില്ല.” അതെങ്ങനെ സാധ്യമാകും? സ്നേഹത്തിന്റെ രാജകീയ നിയമം വഴി. ആ പരമോന്നത നിയമം എല്ലാ ചിന്തകളെയും പ്രവർത്തനങ്ങളെയും ഭരിക്കും. അന്നു ജീവിച്ചിരിക്കുന്നവർ യേശുവിന്റെയും അവന്റെ പിതാവായ യഹോവയാം ദൈവത്തിന്റെയും വ്യക്തിത്വം പ്രതിഫലിപ്പിക്കാൻ പഠിച്ചിരിക്കും. എന്തെന്നാൽ അങ്ങനെ ചെയ്യാത്തപക്ഷം അവരെ തുടർന്നു ജീവിക്കാൻ അനുവദിക്കില്ല. അവർ തന്നെ ‘അനുകമ്പയുടെ മൃദുലവാത്സല്യങ്ങളും ദയയും മനസ്സിന്റെ എളിമയും സൗമ്യതയും’ ധരിക്കുന്നതുവഴി സ്വാർഥത മനുഷ്യസ്വഭാവത്തിൽനിന്നു മാഞ്ഞുപോകും. (കൊലോസ്യർ 3:12, NW) ജീവിതം ആഹ്ലാദോജ്ജ്വലമായിരിക്കും; വീടുകളിലെല്ലാം ഊഷ്മളത വിളയാടും; സ്നേഹം ഭൂമിയിലെമ്പാടും പ്രമാണമായിത്തീരും.
യെശയ്യാവു 65:21-23 എല്ലാവർക്കും ഇഷ്ടംപോലെ ആഹാരവും നല്ല ഭവനങ്ങളും വാഗ്ദാനം ചെയ്യുന്നു: “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. . . . അവർ വൃഥാ അദ്ധ്വാനിക്കയില്ല; ആപത്തിന്നായിട്ടു പ്രസവിക്കയുമില്ല.” മേലാൽ ദ്രോഹമില്ല. കുട്ടികൾക്കാകട്ടെ മാതാപിതാക്കൾക്കാകട്ടെ മേലാൽ കഷ്ടതയുമില്ല.
ഇപ്പോൾ പ്രയോജനമനുഭവിക്കൽ
ഇപ്പോൾ, ഈ ദുഷ്ട വ്യവസ്ഥിതിയുടെ അന്ത്യ നാഴികകളിൽപ്പോലും യഹോവയെക്കുറിച്ചും ഈ ഭൂമിയെ ഒരു പറുദീസയായി പുനഃസ്ഥാപിക്കാനുള്ള അവന്റെ ഉദ്ദേശ്യത്തെക്കുറിച്ചും ഉള്ള അറിവു പ്രയോജനങ്ങൾ കൈവരുത്തുന്നു. ഇത് നമ്മുടെ നാളുകളിൽ പ്രശ്നങ്ങൾക്ക് ഇരകളായിരുന്നിട്ടും പല ചെറുപ്പക്കാർക്കും മാതാപിതാക്കൾക്കും പ്രത്യാശയും സന്തോഷത്തിനുള്ള കാരണവും നൽകിയിരിക്കുന്നു. ഉദാഹരണത്തിന്, നമ്മുടെ മുൻ ലേഖനത്തിൽ പരാമർശിക്കപ്പെട്ട തമാര അവളുടെ ജീവിതത്തിൽ എന്തു സംഭവിച്ചെന്നു വിശദീകരിക്കുന്നു.
“18 വയസ്സായപ്പോൾ ഞാൻ വിവാഹിതയായി, ‘കൂട്ടുകാരു’ടെ വലയം ഏറെക്കുറെ ഉപേക്ഷിക്കുകയും ചെയ്തു. അവരിൽ ചിലർ ജയിലിലും മയക്കുമരുന്നുകളുടെയും വേശ്യാവൃത്തിയുടെയും പിടിയിലും ചെന്നുപെട്ടു. എന്നാൽ എന്റെ വ്യക്തിത്വം അപ്പോഴും പഴയതുതന്നെയായിരുന്നതിനാൽ ഭർത്താവുമായി ഞാൻ ലഹളയാരംഭിച്ചു. എന്നിരുന്നാലും ഞങ്ങളുടെ മകന്റെ ജനനശേഷം ഉടൻതന്നെ ഒരുകാര്യം സംഭവിച്ചു. അത് എന്റെ ജീവിതത്തെ പാടേ മാററി. ഞാനൊരു ബൈബിൾ കണ്ടെത്തി വായന തുടങ്ങി. ‘ജ്ഞാനം കണ്ടെത്തുന്നത് ഒളിഞ്ഞിരിക്കുന്ന നിക്ഷേപങ്ങൾ കണ്ടെത്തുന്നതുപോലെയാണെ’ന്നു പറയുന്ന സദൃശവാക്യങ്ങളിലെ അധ്യായം ഒരു വൈകുന്നേരം ഞാൻ വായിച്ചു. (സദൃശവാക്യങ്ങൾ 2:1-6) അന്നു വൈകുന്നേരം ഉറങ്ങുന്നതിനു മുമ്പ് ഞാൻ ആ ജ്ഞാനത്തിനുവേണ്ടി പ്രാർഥിച്ചു. പിറേറ ദിവസം യഹോവയുടെ സാക്ഷികൾ എന്റെ വാതിൽക്കൽ മുട്ടി. ഞാൻ അവരോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങി. എന്നാൽ ബൈബിളിൽനിന്നു പഠിക്കുന്നതു പ്രായോഗികമാക്കാൻ എനിക്കു കുറച്ചു സമയം ആവശ്യമായിരുന്നു. ഒടുവിൽ, ക്രിസ്തീയ ജീവിതരീതി പിന്തുടരാൻ ഞാൻ തീരുമാനമെടുക്കുകയും സ്നാപനമേൽക്കുകയും ചെയ്തു. ദൈവം പ്രദാനം ചെയ്യുന്ന ആശ്വാസം കൈവശമാക്കാൻ ഇപ്പോൾ ഞാൻ ഭർത്താവിനോടൊപ്പം മററുള്ളവരെ സഹായിക്കുകയാണ്.”
അതേ, തമാര സകല ആശ്വാസത്തിന്റെയും ഉറവിടം കണ്ടെത്തി, യഹോവയാം ദൈവത്തെ. തന്നോടു പററിച്ചേരുന്നവരെ ഒരിക്കലും ഉപേക്ഷിക്കുകയില്ലാത്ത ഒരു സ്വർഗീയ പിതാവാണ് അവൻ. സങ്കീർത്തനം 27:10 നമ്മോട് ഇപ്രകാരം പറയുന്നു: “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.”
നേരത്തെ പരാമർശിച്ച ഡോമിങ്ങോസും ആശ്വാസവും പ്രോത്സാഹനവും പിന്തുണയും പ്രദാനംചെയ്ത ഒരു യഥാർഥ കുടുംബത്തെ കണ്ടെത്തി. അവൻ ഇപ്രകാരം വിശദീകരിക്കുന്നു: “ഒരു ദിവസം മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ എന്ന പുസ്തകത്തിന്റെ ഒരു പ്രതി എനിക്കു ലഭിച്ചു. ദൈവത്തിന് യഹോവയെന്ന നാമമുണ്ടെന്നു മനസ്സിലാക്കിയപ്പോൾ ഞാൻ അമ്പരന്നുപോയി.a ഞാൻ യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിലൊന്നിൽ പങ്കെടുത്തു. അവിടെ തരംതിരിവുകൾ ഇല്ലെന്നു മനസ്സിലാക്കിയ ഞാൻ അന്തംവിട്ടുപോയി. എന്റെ വസ്ത്രം മോശമായിരുന്നിട്ടും എന്റെ രീതികൾ സംസ്കാരശൂന്യമായിരുന്നിട്ടും എല്ലാവരും എന്നെ അവിശ്വസിച്ചിട്ടും അതൊന്നും ഗണ്യമാക്കാതെ അവർ എന്നോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. മുൻ ജീവിതരീതി ഉപേക്ഷിക്കാൻ ക്രമേണ അവരെന്നെ സഹായിച്ചു. ജോലി കിട്ടാൻ പോലും അവർ എന്നെ സഹായിച്ചു. ഒടുവിൽ സ്നാപനത്തിലേക്കു പുരോഗതി പ്രാപിക്കാൻ ഞാൻ സഹായിക്കപ്പെട്ടു.”
യഹോവയുടെ സാക്ഷികളുടെ സഭകൾ യുവജനങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സുരക്ഷിതവല പോലെയാണ്. മുമ്പിലുള്ള അത്ഭുത പ്രത്യാശയെക്കുറിച്ചു പഠിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളെയും സഹായിക്കാൻ സാക്ഷികൾ സന്തോഷമുള്ളവരാണ്. സാക്ഷികൾ ബുദ്ധ്യുപദേശവും മാർഗദർശനവും ദൈവവചനമായ ബൈബിളിൽനിന്നു നൽകാൻ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ തങ്ങളുടെ സ്വർഗീയ പിതാവുമായി ഒരു ബന്ധമുണ്ടായിരിക്കാൻ ആഗ്രഹിക്കുന്നവർക്കു കൈവരുന്ന ആശ്വാസം വലിയതാണ്. തങ്ങൾക്കുതന്നെ വെറുപ്പുളവാക്കുന്ന ഒരു സാഹചര്യം യഹോവയ്ക്കും വെറുപ്പാണെന്ന് യുവജനങ്ങളെ കാണിച്ചുകൊടുക്കേണ്ടതാണെന്ന് ഒരു സാക്ഷി വിശദീകരിക്കുന്നു. സാക്ഷി ഇപ്രകാരം പ്രസ്താവിക്കുന്നു: “കുട്ടികൾ ദ്രോഹിക്കപ്പെടാൻ യഹോവ ആഗ്രഹിക്കുന്നില്ല. അവർ അസന്തുഷ്ടരായിരിക്കാനും അവൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഒരു രൂപത്തിലുള്ള ദ്രോഹത്തിൽനിന്നു രക്ഷനേടി മറെറാരു രൂപത്തിലുള്ള ദ്രോഹത്തിന്, അതായത് തെരുവുകളിൽ കിട്ടുന്നതുപോലെയുള്ളതിന്, അവർ ഇരകളായിത്തീരാൻ അവൻ ആഗ്രഹിക്കുന്നില്ല. തങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി അവർക്ക് യഹോവയുടെ സ്ഥാപനത്തിലെ പക്വതയുള്ള വ്യക്തികളുമായി ആലോചിക്കാൻ കഴിയും.
സ്വീകാര്യ മനോഭാവമുള്ള കുട്ടികൾക്കു ദൈവവചനം സമപ്രായക്കാരിൽനിന്നുള്ള സമ്മർദത്തിന്റെ കെണി ഒഴിവാക്കാനുള്ള ഒരു ശക്തമായ പ്രചോദനം നൽകുന്നു. മാതാപിതാക്കളോടു പറയാതെ ശീട്ടുകളിക്കാൻ 17 വയസ്സുകാരി പെൺകുട്ടി ഫ്രാൻസിസിനെ അവളുടെ ഒരു സഹപാഠി അനേക തവണ പ്രേരിപ്പിച്ചു. ഒടുവിൽ അവൾ വീട്ടിൽനിന്ന് ഒളിച്ചോടിപ്പോയി. മാതാപിതാക്കൾക്ക് മണിക്കൂറുകളോളം ഹൃദയവേദന ഉണ്ടാക്കിയശേഷം അവൾ മടങ്ങിയെത്തി. പിന്നീട് അവളുടെ സഭയിൽനിന്നുള്ള രണ്ടു സാക്ഷികൾ അവളെ സന്ദർശിച്ചു. പ്രശ്നത്തിന്റെ കാരണം കുടുംബാന്തരീക്ഷമല്ലെന്ന് അവർ മനസ്സിലാക്കി. അവർ സ്നേഹപുരസ്സരം ബുദ്ധ്യുപദേശം നൽകി. മാതാപിതാക്കളെ ബഹുമാനിക്കുന്നതിനുള്ള യുവാക്കളുടെ കടമയും (എഫെസ്യർ 6:1, 2); മാതാപിതാക്കളോടു പറയാതെ ശീട്ടു കളിച്ചതുകൊണ്ട് സത്യസന്ധതയില്ലായ്മ മാററിയെടുക്കേണ്ടതിന്റെ ആവശ്യകതയും (എഫെസ്യർ 4:25); ചീത്ത സഹവാസങ്ങൾ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യവും (1 കൊരിന്ത്യർ 15:33) അവർ വിശദീകരിച്ചു കൊടുത്തു. അവൾ ക്രിയാത്മകമായി പ്രതികരിച്ചു.
ഉയരത്തിൽനിന്നുള്ള സഹായം
ഷെറിലും തന്റെ മുൻ ഭർത്താവ് കുട്ടികളെ തട്ടിക്കൊണ്ടുപോയപ്പോഴത്തെ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ യഹോവയിൽനിന്നുള്ള സഹായം കണ്ടെത്തി.b ഈ പേക്കിനാവിനെ തരണം ചെയ്യാൻ അവളെ സഹായിച്ചതെന്താണെന്നു ചോദിച്ചപ്പോൾ അവൾ പറഞ്ഞു: “ഞാൻ ആദ്യംതന്നെ സങ്കീർത്തനങ്ങൾ വായിച്ചു. പ്രത്യേകിച്ച് സങ്കീർത്തനം 35. ഞാൻ അനുഭവിച്ചുകൊണ്ടിരുന്ന അനീതി യഹോവ കാണുന്നുണ്ടായിരുന്നു എന്നറിഞ്ഞത് ആശ്വാസപ്രദമായിരുന്നു.” സങ്കീർത്തനം 35:22, 23 ഇപ്രകാരം പറയുന്നു: “യഹോവേ, നീ കണ്ടുവല്ലോ; മൌനമായിരിക്കരുതേ; കർത്താവേ, എന്നോടകന്നിരിക്കരുതേ; . . . ഉണർന്നു എന്റെ . . . ന്യായത്തിന്നു ജാഗരിക്കേണമേ.”
യഹോവയുടെ പിന്തുണയാലും സാക്ഷികളിൽനിന്നുള്ള സഹായത്താലും രണ്ടു വർഷത്തിനുശേഷം ഷെറിൽ അവളുടെ മുൻ ഭർത്താവിനെ അഭിമുഖീകരിച്ചു, അവൾ തന്റെ കുട്ടികളെ സന്ദർശിക്കുകയും ചെയ്തു. അവർക്കിതു സംഭവിച്ചതിന്റെ കാരണം വിശദമാക്കുന്നതും താൻ അവരെ ഉപേക്ഷിച്ചിട്ടില്ലെന്ന് ഉറപ്പുനൽകുന്നതുമായ ആശ്വാസപ്രദമായ ഉത്തരങ്ങൾ നൽകാൻ അവൾക്കു കഴിഞ്ഞു. യഹോവയെ ബഹുമാനിക്കാൻ ഷെറിൽ തന്റെ കുട്ടികളെ പരിശീലിപ്പിച്ചിരുന്നതുകൊണ്ട് അവൾക്ക് അവരിലുണ്ടായിരുന്ന ആത്മവിശ്വാസത്തെക്കുറിച്ച് അവരോടു പറയാൻ കഴിഞ്ഞു. അവൾ ഇപ്രകാരം വിശദീകരിച്ചു: “എന്റെ കുട്ടികൾ യഹോവയെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. അവർക്ക് നിലനിൽക്കുന്ന ഉപദ്രവം സംഭവിക്കാൻ അവൻ അവരെ അനുവദിക്കില്ല.”
ആ പ്രശ്നം പരിഹരിക്കപ്പെട്ടത് അങ്ങനെയാണ്. വിദേശ കുടിയേററ (immigration) ഉദ്യോഗസ്ഥൻമാരുമായി ഇടപെടുന്നതിലെ ഷെറിലിന്റെ സ്ഥിരശ്രമവും ഉള്ളുരുകിയുള്ള പ്രാർഥനയിലൂടെ യഹോവയിലുള്ള അവളുടെ ആശ്രയവും നിമിത്തം അവൾക്കു കുട്ടികളെ തിരിച്ചുകിട്ടി. ഷെറിൽ ഇപ്രകാരം പ്രസ്താവിച്ചു: “എനിക്ക് അവരെ തിരിച്ചു കിട്ടിയത് യഹോവയുടെ കയ്യാൽ മാത്രമാണെന്ന് യഥാർഥത്തിൽ പറഞ്ഞേ പററൂ.”
യഹോവ ആരാണെന്നും അവനെ ആരാധിക്കേണ്ട വിധവും നമ്മുടെ കുട്ടികളെ ഇപ്പോൾ പഠിപ്പിക്കേണ്ടത് എത്ര പ്രധാനമാണ്! യഹോവയുടെ കണ്ണുകൾ “നീതിമാൻമാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർഥനെക്കും തുറന്നിരിക്കുന്നു” എന്ന് 1 പത്രൊസ് 3:12-ൽ ബൈബിൾ പ്രസ്താവിക്കുന്നു. യഹോവ തീർച്ചയായും നമ്മുടെ കുട്ടികൾക്ക് ഒരു അഭയമാണ്. അവന്റെ നാമം “ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.”—സദൃശവാക്യങ്ങൾ 18:10.
തങ്ങളുടെ കുട്ടികൾക്ക് എന്താണ് പിണയാൻ പോകുന്നതെന്ന് എല്ലായ്പോഴും അറിയാൻ കഴിയാത്ത വളരെ ആപത്കരമായ നാളുകളിലാണു നാം ജീവിക്കുന്നതെങ്കിലും വിശ്വസ്തരായ തങ്ങളുടെ കുട്ടികൾക്ക് നിലനിൽക്കുന്ന ദ്രോഹമൊന്നും സംഭവിക്കില്ലെന്ന് യഹോവയെ സേവിക്കുന്ന മാതാപിതാക്കൾക്ക് അറിയാം. നമ്മുടെ നാളുകളിൽ പ്രശ്നങ്ങൾക്ക് ഇരകളാക്കപ്പെട്ടിരിക്കുന്നവരെ മരണത്തിൽനിന്നു തിരികെ കൊണ്ടുവരാമെന്നും അവരുടെമേൽ ഏൽപ്പിക്കപ്പെട്ട വേദനയും കഷ്ടതയും തുടച്ചുനീക്കാമെന്നുപോലും അവൻ വാഗ്ദാനം ചെയ്തിരിക്കുന്നു.—യെശയ്യാവു 65:17, 18; യോഹന്നാൻ 5:28, 29.
ദൈവത്തിന്റെ പുതിയ ലോകത്തിന്റെ പ്രത്യാശ അത്ഭുതകരമായ ഒന്നാണ്. സാത്താനെയും അവന്റെ ദുഷ്ട വ്യവസ്ഥിതിയെയും പെട്ടെന്നുതന്നെ ദൈവം ഭൂമിയിൽനിന്നു തുടച്ചുനീക്കുമെന്നുള്ള തിരിച്ചറിവും അത്ഭുതകരം തന്നെ. കുട്ടികൾക്കുള്ള ഏതു ഭീഷണിയും പൊയ്പോയിരിക്കും. യഹോവയുടെ സാക്ഷികൾ തങ്ങളുടെ സഭായോഗങ്ങളിൽ പാടുന്ന ഒരു ഗീതം ആ പുതിയ വ്യവസ്ഥിതിയെ ഈ വിധത്തിൽ വർണിക്കുന്നു: “ബാലകർ ഗീതം പാടുമ്പോൾ,/സന്തോഷ ശാന്തി വ്യാപിക്കെ/കാണും പുനരുത്ഥാനം നീ,/ദൃഷ്ടി ലക്ഷ്യത്തിൽ നീ നട്ടാൽ”!
അടുത്തതവണ യഹോവയുടെ സാക്ഷികളിൽ ആരെയെങ്കിലും നിങ്ങൾ കണ്ടുമുട്ടുമ്പോൾ, തൊട്ടുമുമ്പിൽ വരാനിരിക്കുന്ന ദൈവത്തിന്റെ നീതിയുള്ള പുതിയ ലോകത്തിലെ സന്തോഷത്തെക്കുറിച്ച് നിങ്ങൾക്കും കൂടുതലായി പഠിക്കാൻ കഴിയുന്ന വിധം കാണിച്ചുതരാൻ അവരോട് ആവശ്യപ്പെടുക. ഇപ്പോൾ വളരെയധികം ആശ്വാസവും പിന്നീട് അനന്തജീവനും ദൈവവചനത്തിനു പ്രദാനം ചെയ്യാൻ കഴിയുന്ന വിധം കണ്ടെത്തുന്നതിന് നിങ്ങളെ സഹായിക്കാൻ അവർ സന്തോഷമുള്ളവരായിരിക്കും.—സങ്കീർത്തനം 37:29; വെളിപ്പാടു 21:4, 5.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ചത്.
b 6-ാം പേജിലെ ലേഖനം കാണുക.
[12-ാം പേജിലെ ആകർഷകവാക്യം]
“കുട്ടികൾ ദ്രോഹിക്കപ്പെടാൻ യഹോവ ആഗ്രഹിക്കുന്നില്ല”