ബൈബിളിന്റെ വീക്ഷണം
ഏകാകിത്വം ഒരു വരമായിരിക്കുമ്പോൾ
‘ഞാൻ ഏകാന്തയാണ്,’ അനേക വർഷങ്ങളായി ഒരു വിധവയായിരിക്കുന്ന ഒരു ക്രിസ്തീയ സ്ത്രീ വിലപിക്കുന്നു. ‘ഒരു ഇണയെ കിട്ടിയിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുന്നു. തിരക്കുള്ളവളായിരിക്കുന്നതു ഗുണം ചെയ്യും. കൂട്ടുകാരുണ്ടായിരിക്കുന്നതും ഗുണം ചെയ്യും. ഞാൻ വിവാഹം കഴിക്കാനാഗ്രഹിക്കുന്നു.’
നിങ്ങൾ വിവാഹം കഴിക്കാൻ ആത്മാർഥമായി ആഗ്രഹിച്ചിട്ട് ഒരിണയെ കണ്ടെത്താൻ കഴിയാതെവരുമ്പോൾ ഏകാകിത്വം ഒരു വരമായി തോന്നാറേയില്ല—നിങ്ങളെ അവശനും വിഷാദമഗ്നനുമാക്കുന്ന നിഷേധാത്മക വികാരങ്ങളുടെ ഒരു തടവറയിൽ വിധിക്കപ്പെട്ടിരിക്കുന്നതുപോലെയായിരിക്കാം നിങ്ങൾക്ക് ഏറെയും അനുഭവപ്പെടുക. അല്ലെങ്കിൽ, നിലവിൽ നിങ്ങൾക്കു സ്വന്തമായി ഒരു കുടുംബമുണ്ടായിരുന്നിട്ടും ഏകനായിരിക്കുന്നെങ്കിൽ നിങ്ങളുടെ കുട്ടികളുടെ എല്ലാ ആവശ്യങ്ങളും നടത്തിക്കൊടുക്കുന്നതിനുള്ള സമ്പൂർണ ഉത്തരവാദിത്വം നിങ്ങൾക്കുണ്ടായിരുന്നേക്കാം.
അതുകൊണ്ട്, നിങ്ങളുടെ ഏകാകിത്വ അവസ്ഥയെ ഒരു വരമായി നിങ്ങൾ വീക്ഷിക്കാതിരുന്നേക്കാം. എന്നാൽ, മററു ചിലർ ഏകാകിത്വത്തെ വളരെ മൂല്യമുള്ള ഒന്നായി കരുതുന്നു, അവർ ഒററയ്ക്കുള്ള ജീവിതം തിരഞ്ഞെടുക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ഏകാകിത്വം ഒരു വരമാണോ, എങ്കിൽ എപ്പോൾ, എന്തുകൊണ്ട്? ബൈബിൾ എന്തു പറയുന്നു?
സന്തുഷ്ടിക്കു മാർഗതടസ്സമോ?
അത്യധികം ആനന്ദത്തിന്റെ ഒരുറവായിരിക്കാൻ കഴിയും വിവാഹം. (സദൃശവാക്യങ്ങൾ 5:18, 19) “ആ ഇടപ്പാതയിലൂടെയുള്ള നടത്തം മാത്രമാണു സന്തുഷ്ടിക്കും ചാരിതാർഥ്യത്തിനുമുള്ള ഏകവഴി എന്നാണു ചിലരുടെ ബോധ്യം,” ലോസാഞ്ചലസ് ടൈംസ് അഭിപ്രായപ്പെടുന്നു. വിവാഹ ലൈസൻസാണോ സന്തുഷ്ടിക്കുള്ള ഏക “ടിക്കററ്”?
ലോസാഞ്ചലസ് ടൈംസ് പറയുന്നതനുസരിച്ച്, ഒരു മാനസികാരോഗ്യ വിദഗ്ധയായ രൂത്ത് ലൂബാൻ ഇപ്രകാരം പറയുന്നു: “ഏകാകിത്വ ജീവിതത്തിൽനിന്ന് ഒരു പുരുഷനോ [സ്ത്രീയോ] തങ്ങളെ രക്ഷിക്കുമെന്നുള്ള പ്രതീക്ഷയിൽ അർഥപൂർണമായ ജീവിതത്തിനു കടിഞ്ഞാണിടുന്നതു നിർത്തുമ്പോൾ കണ്ടെത്താൻ കഴിയുന്ന നിർവൃതിയുടെ അളവിൽ സ്ത്രീകളും [പുരുഷൻമാരും] അമ്പരന്നുപോകും.” അതേ, സന്തുഷ്ടവും അർഥപൂർണവുമായൊരു ജീവിതത്തിന് ഒരു മാർഗതടസ്സമല്ല ഏകാകിത്വം. സന്തുഷ്ടിയിലേക്കു യാന്ത്രികമായി നയിക്കുന്ന ഒരു പാതയല്ല വിവാഹമെന്നു വിവാഹമോചനം നേടിയ പലരും രഹസ്യമായി പറയും. യഥാർഥ സന്തുഷ്ടി ദൈവവുമായുള്ള നല്ല ബന്ധത്തിൽനിന്ന് ഉണ്ടാകുന്നതാണ്. അതുകൊണ്ട്, അവിവാഹിതനായിരുന്നാലും വിവാഹിതനായിരുന്നാലും ഒരു ക്രിസ്ത്യാനിക്ക് സന്തുഷ്ടനായിരിക്കാൻ കഴിയും.—സങ്കീർത്തനം 84:12; 119:1, 2.
സ്വയം വരുത്തിവെക്കുന്ന വൈതരണികളെ പരാമർശിക്കുന്നതിനു പുറമേ സന്തുഷ്ടിയിലേക്കുള്ള മാർഗതടസ്സമായിരിക്കാൻ കഴിയുന്ന മറെറാരു സംഗതി മേരി എഡ്വേഡ്സും എലനോർ ഹൂവറും ഏകാകിയായിരിക്കുകയെന്ന വെല്ലുവിളി (ഇംഗ്ലീഷ്) എന്ന തങ്ങളുടെ ഗ്രന്ഥത്തിൽ എടുത്തുകാട്ടുന്നു. അതാണ് സാമൂഹിക സമ്മർദം. “വിവാഹിതനല്ലെങ്കിൽ അതിന്റെയർഥം ഏതോ കാര്യമായ വൈകാരിക രോഗമുണ്ട്, . . . തീർച്ചയായും, എന്തോ കുഴപ്പമുണ്ട് എന്നാണു ധരിക്കുക” എന്നവർ പറയുന്നു.
‘നീ എന്നാണു കല്യാണം കഴിക്കുന്നത്?’ അല്ലെങ്കിൽ ‘നിന്നെപ്പോലെ സുമുഖനായ ഒരാൾ ഇതുവരെയും ഒരു ഭാര്യയെ കണ്ടെത്താത്തത് എന്ത്?’ എന്നിങ്ങനെയുള്ള അലട്ടുന്ന ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് സദുദ്ദേശ്യമുള്ള കൂട്ടുകാർ പോലും ഏകാകികളുടെമേൽ അറിയാതെ വലിയ സമ്മർദം ചെലുത്തിയേക്കാം. ഇതുപോലുള്ള അഭിപ്രായങ്ങൾ പറയുന്നത് തമാശയായിട്ടായിരിക്കാമെങ്കിലും അവയ്ക്കു ‘വാളുപോലെ കുത്താൻ’ കഴിയും, ഫലമോ വ്രണിത വികാരങ്ങളും നാണക്കേടും.—സദൃശവാക്യങ്ങൾ 12:18.
ഓരോരുത്തന്റെ വരം
ഒരു മിഷനറിയെന്ന നിലയിൽ യാത്രചെയ്ത സമയത്ത് അപ്പോസ്തലനായ പൗലോസ് അവിവാഹിതനായിരുന്നു. അദ്ദേഹത്തിനു വിവാഹത്തോട് എതിർപ്പുണ്ടായിരുന്നതുകൊണ്ടാണോ ഇത്? അശേഷമല്ല. അപ്പോസ്തലനായ പൗലോസ് ഏകാകിയായിരുന്നു, കാരണം “സുവിശേഷം നിമിത്തം” അവിവാഹിതനായി നിലകൊള്ളാൻ അദ്ദേഹം തീരുമാനിച്ചു.—1 കൊരിന്ത്യർ 7:7; 9:23.
വിവാഹത്തിൽനിന്ന് ഒഴിഞ്ഞിരിക്കുന്നതിനുള്ള ശക്തി പൗലോസിനുണ്ടായിരുന്നു, എന്നാൽ എല്ലാവരും തന്നെപ്പോലെയാണെന്ന് അവൻ കരുതിയുമില്ല. അവൻ ഇങ്ങനെ പറഞ്ഞു: “ഒരുവന്നു ഇങ്ങനെയും ഒരുവന്നു അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു.”—1 കൊരിന്ത്യർ 7:7.
ഏകാകിത്വത്തിനു സന്തുഷ്ടിയിലേക്കുള്ള ഒരു പാതയായിരിക്കാൻ കഴിയും, നിങ്ങൾ സഞ്ചരിക്കാൻ ഉദ്ദേശിച്ച പാത അതല്ലെങ്കിൽ പോലും. യഹോവയിൽനിന്നു ലഭിക്കുന്ന അനേകം വരങ്ങളുടെ കൂട്ടത്തിൽ പെടുന്നു വിവാഹം, തീർച്ച. എന്നാൽ ഏകാകിത്വവും ഒരു “വര”മായിരിക്കാൻ കഴിയുമെന്നു ബൈബിൾ സൂചിപ്പിക്കുന്നു—“അതിന് അവസരമുണ്ടാക്കാൻ” നിങ്ങൾക്കു കഴിയുന്നപക്ഷം. (മത്തായി 19:11, 12; 1 കൊരിന്ത്യർ 7:36-39) അങ്ങനെയെങ്കിൽ ഏകാകിത്വത്തിന്റെ ചില പ്രയോജനങ്ങൾ എന്തെല്ലാമാണ്?
വിവാഹദമ്പതികൾ തങ്ങളുടെ ഇണകളെ എങ്ങനെ “പ്രസാദിപ്പിക്കും” എന്നു വിചാരിച്ച് ഉത്കണ്ഠാകുലരാണെന്ന് പൗലോസ് പറഞ്ഞു. എന്നാൽ അവിവാഹിതർ “കർത്താവിന്നുള്ളതു ചിന്തിക്കുന്നു.” ഏകാകിത്വത്തിന്റെ ഏററവും വലിയ പ്രയോജനത്തെ ഇത് എടുത്തുകാട്ടുന്നു—“ശ്രദ്ധാശൈഥില്യം കൂടാതെ” [NW] യഹോവയെ സേവിക്കാനുള്ള അവസരം.—1 കൊരിന്ത്യർ 7:32-35.
ഏകാകിയുടെ ജീവിതം യാതൊരു ശ്രദ്ധാശൈഥില്യങ്ങളുമില്ലാത്തതാണെന്നു ബൈബിൾ പറയുന്നില്ല. എന്നിരുന്നാലും, ഒററയ്ക്കു താമസിക്കുന്ന ഒരു വ്യക്തിക്ക് ഒരു കുടുംബത്തിനു വേണ്ടി കരുതുന്ന ഒരുവനെക്കാൾ കുറഞ്ഞ ശ്രദ്ധാശൈഥില്യങ്ങളേ ഉള്ളൂ. കാരണം അദ്ദേഹം ഒരു തീരുമാനം ചെയ്യുമ്പോൾ പരിഗണനയിലെടുക്കേണ്ട ഒരേ ഒരു വ്യക്തി അയാൾ മാത്രമാണ്. ഉദാഹരണത്തിന്, ഹാരാൻ വിട്ട് കനാൻദേശത്തേക്കു പോകാൻ ദൈവം അബ്രഹാമിനോടു നിർദേശിച്ചപ്പോൾ ബൈബിൾ ഇങ്ങനെ പറയുന്നു: “അബ്രാം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ മകനായ ലോത്തിനെയും തങ്ങൾ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങൾ ഹാരാനിൽവെച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു.” (ഉല്പത്തി 12:5) അബ്രഹാമിന്റെ കുടുംബസാഹചര്യം അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ലെങ്കിലും അത്തരം ഒരു ദൗത്യത്തിനു വേണ്ടി തന്റെ കുടുംബത്തെ സംഘടിപ്പിക്കുന്നതിൽ അദ്ദേഹം ഗണ്യമായ സമയം ചെലവഴിച്ചു എന്നതിനു രണ്ടുപക്ഷമില്ല.
അബ്രഹാമിന്റെ യാത്രയെ അപ്പോസ്തലനായ പൗലോസിന്റേതിനോടു താരതമ്യം ചെയ്യുക. പൗലോസും ശീലാസും തെസലോനിക്യ നഗരത്തിൽ സുവാർത്ത പ്രസംഗിച്ചപ്പോൾ കോപംപൂണ്ട ഒരു ജനക്കൂട്ടം അവരുടെ നേരെ തിരിഞ്ഞു. അന്നു രാത്രിതന്നെ സഹോദരൻമാർ പൗലോസിനെയും ശീലാസിനെയും ഉടൻതന്നെ ബെരോവയിലേക്ക് അയച്ചു. മറെറാരവസരത്തിൽ ത്രോവാസിൽവെച്ച് “മക്കദോന്യെക്കു കടന്നുവന്ന് [അവരെ] സഹായിക്ക” എന്നൊരു ദർശനം പൗലോസിനു ലഭിച്ചു. ദർശനം കണ്ടയുടനെ അദ്ദേഹം മക്കദോന്യക്കു പുറപ്പെട്ടു. ഭാര്യ ഇല്ലാതിരുന്നതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ പൗലോസിനു വളരെയധികം സഞ്ചാരസ്വാതന്ത്ര്യം ലഭിച്ചു എന്നതു വ്യക്തം. ഒരു കുടുംബമുണ്ടായിരുന്നെങ്കിൽ അതു കൂടുതൽ ദുഷ്കരമായിരിക്കുമായിരുന്നു.—പ്രവൃത്തികൾ 16:8-10; 17:1-15.
ഏകാകിത്വം നൽകുന്ന മറെറാരു പ്രയോജനമാണ് വ്യക്തിപരമായ തിരഞ്ഞെടുപ്പു സംബന്ധിച്ച വലിയ സ്വാതന്ത്ര്യം. നിങ്ങൾ ഒററയ്ക്കു താമസിക്കുമ്പോൾ, എവിടെ താമസിക്കണം, എന്തു കഴിക്കണം, എപ്പോൾ കഴിക്കണം, അല്ലെങ്കിൽ എപ്പോൾ ഉറങ്ങണം എന്നീ കാര്യങ്ങൾ തീരുമാനിക്കുക സാധാരണമായി കൂടുതൽ എളുപ്പമാണ്. ഈ സ്വാതന്ത്ര്യം ആത്മീയ പ്രവർത്തനങ്ങൾക്കും ബാധകമാകുന്നു. ദൈവവചനം വ്യക്തിപരമായി പഠിക്കുന്നതിനും പരസ്യശുശ്രൂഷയിൽ പങ്കുപററുന്നതിനും മററാളുകളെ സഹായിക്കുന്നതിനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും കൂടുതൽ സമയം ലഭ്യമാകുന്നു.
അതുകൊണ്ട് തീരുമാനിച്ചുറച്ച ഏകാകിയായാലും സാഹചര്യങ്ങൾ നിമിത്തം ഏകാകിയായാലും നിങ്ങളുടെ സമയം ജ്ഞാനപൂർവം ഉപയോഗിക്കാൻ ദൃഢതീരുമാനം ചെയ്യുക. മററുള്ളവരെ സഹായിക്കാൻ നിങ്ങളുടെ ഏകാകിത്വം ചെലവഴിക്കുമ്പോൾ നിങ്ങളുടെ ജീവിതം കൂടുതൽ സന്തുഷ്ടമായിത്തീരും. (പ്രവൃത്തികൾ 20:35) നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, നിഷേധാത്മക വികാരങ്ങളാൽ നിങ്ങളെ തടവിലാക്കുകയോ ആ ‘വിശേഷപ്പെട്ട ആൾ’ ഇതുവരെയും വന്നുചേരാത്തതുകൊണ്ട് വ്യക്തിയെന്ന നിലയിൽ പൂർണനല്ലെന്നു വിചാരിച്ചുകൊണ്ടു ജീവിക്കുകയോ ചെയ്യരുത്. ദൈവസേവനത്തിൽ തിരക്കുള്ളവരായിരിക്കുക, പൗലോസ് പറഞ്ഞതുപോലെ അപ്പോൾ ഏകാകിത്വം ഒരു വരമായിരിക്കാൻ കഴിയുമെന്നു നിങ്ങൾ കണ്ടെത്തും.