‘അതിന് ഇടമുണ്ടാക്കുക’
1 ഒരിക്കൽ യേശു തന്റെ ശിഷ്യന്മാരോട് വിവാഹത്തെപ്പറ്റി സംസാരിച്ചപ്പോൾ, ഏകാകിത്വം ഒരു “വരം” ആണെന്ന് അവൻ പറയുകയുണ്ടായി. തുടർന്ന് അവൻ ഇങ്ങനെ പറഞ്ഞു: “അതിന് ഇടമുണ്ടാക്കാൻ കഴിയുന്നവൻ അതിന് ഇടമുണ്ടാക്കട്ടെ.” (മത്താ. 19:10-12, NW) ഏതാനും ചില വർഷങ്ങൾക്കു ശേഷം, അപ്പൊസ്തലനായ പൗലൊസ് ഏകാകിത്വത്തിന്റെ പ്രയോജനങ്ങളെ സംബന്ധിച്ച് എഴുതുകയും അവിവാഹിതരായിരിക്കുന്നതിൽ തന്റെ മാതൃക പിൻപറ്റാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. (1 കൊരി. 7:7, 38) ഇന്ന് അനേകർ ഏകാകിത്വത്തിന് ‘ഇടമുണ്ടാക്കുകയും’ അതിന്റെ പ്രയോജനങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നു. ചില പ്രയോജനങ്ങൾ എന്തൊക്കെയാണ്?
2 “ശ്രദ്ധാശൈഥില്യം കൂടാതെ” സേവിക്കൽ: “ശ്രദ്ധാശൈഥില്യം കൂടാതെ” യഹോവയെ സേവിക്കുന്നതിനുള്ള അവസരം ഏകാകിത്വം തിരഞ്ഞെടുത്തതു മുഖാന്തരം തനിക്കു ലഭിച്ചതായി പൗലൊസ് മനസ്സിലാക്കി. സമാനമായി ഇന്ന്, ഏകാകികളായ സഹോദരന്മാർക്ക് ശുശ്രൂഷാ പരിശീലന സ്കൂളിൽ പങ്കെടുക്കുന്നതിനുള്ള ലക്ഷ്യം വെക്കാൻ കഴിയും. കൂടാതെ, പയനിയർ സേവനത്തിൽ പ്രവേശിക്കാനോ മറ്റൊരു ഭാഷ പഠിക്കാനോ ആവശ്യം അധികമുള്ള ഒരു സ്ഥലത്തുപോയി പ്രവർത്തിക്കാനോ ബെഥേലിൽ സേവിക്കാനോ മറ്റേതെങ്കിലും പ്രത്യേക സേവന പദവിക്ക് തന്നെത്തന്നെ ലഭ്യമാക്കാനോ ഏകാകിയായ ഒരു വ്യക്തിക്ക് സാധാരണഗതിയിൽ കൂടുതൽ സ്വാതന്ത്ര്യമുണ്ട്. വ്യക്തിപരമായ പഠനത്തിലും ധ്യാനത്തിലും ആഴമായി മുഴുകാനും ഹൃദയംഗമമായ പ്രാർഥനയിൽ യഹോവയുമായി സംസാരിക്കാനും അങ്ങനെയുള്ള ഒരാൾക്ക് കൂടുതൽ സമയവും അവസരങ്ങളും ലഭിച്ചേക്കാം. മറ്റുള്ളവരെ സഹായിക്കുന്നതിൽ തന്നെത്തന്നെ വിട്ടുകൊടുക്കാൻ അവിവാഹിതനായ ഒരു വ്യക്തിക്ക് താരതമ്യേന കൂടുതൽ സമയം ഉണ്ടായിരിക്കും. ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ എല്ലാം ആ വ്യക്തിയുടെ “വ്യക്തിപരമായ പ്രയോജനത്തിൽ” കലാശിക്കും.—1 കൊരി. 7:32-35, NW; പ്രവൃ. 20:35.
3 ശ്രദ്ധാശൈഥില്യങ്ങളില്ലാത്ത അത്തരം ദൈവസേവനം വമ്പിച്ച പ്രതിഫലം കൈവരുത്തുന്നു. കെനിയയിൽ നീണ്ട 27 വർഷത്തെ സേവനത്തിനു ശേഷം, ഏകാകിയായ ഒരു സഹോദരി ഇങ്ങനെ എഴുതി: “അവിടെ ധാരാളം സുഹൃത്തുക്കളും ചെയ്യാൻ ഇഷ്ടംപോലെ വേലയും ഉണ്ടായിരുന്നു! ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കുകയും അന്യോന്യം സന്ദർശിക്കുകയും ചെയ്യുമായിരുന്നു. . . . ഒറ്റക്കാരി ആയിരുന്നതിനാൽ എവിടെയും സഞ്ചരിക്കാനുംമറ്റും എനിക്കു കൂടുതൽ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ശുശ്രൂഷയിൽ തിരക്കോടെ ഏർപ്പെടുന്നതിനായി ഈ സ്വാതന്ത്ര്യം ഞാൻ ഉപയോഗിച്ചു. ഇതെനിക്ക് അളവറ്റ സന്തോഷം കൈവരുത്തിയിരിക്കുന്നു.” അവൾ ഇങ്ങനെ തുടർന്നു: “വർഷങ്ങൾകൊണ്ട് യഹോവയുമായുള്ള എന്റെ ബന്ധം ആഴമുള്ളതായിത്തീർന്നിരിക്കുന്നു.”
4 അതിന് ഇടമുണ്ടാക്കൽ: ഏകാകിത്വം എന്ന വരം നട്ടുവളർത്തുന്നത് “സ്വർഗ്ഗരാജ്യംനിമിത്തം” ആയിരിക്കണം എന്ന് യേശു പറഞ്ഞു. (മത്താ. 19:12) മറ്റേതൊരു വരത്തെയും പോലെ, സന്തോഷവും മറ്റു പ്രയോജനങ്ങളും കൈവരിക്കാനാകണമെങ്കിൽ ഏകാകിത്വത്തെയും ഉചിതമായ വിധത്തിൽ ഉപയോഗിക്കണം. ഏകാകിത്വം കൈവരുത്തുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടും ജ്ഞാനത്തിനും ശക്തിക്കുമായി യഹോവയിൽ ആശ്രയിച്ചുകൊണ്ടും ഏകാകിത്വത്തിന് ഇടമുണ്ടാക്കുന്നതിന്റെ മൂല്യം അനേകം അവിവാഹിത വ്യക്തികൾ തിരിച്ചറിഞ്ഞിരിക്കുന്നു.