ദിവാസ്വപ്നപ്രകൃതി—കുഴപ്പിക്കുന്ന ഒരു ക്രമക്കേടിന്റെ വെല്ലുവിളികളെ നേരിടൽ
സുന്ദരനായ, സദ്സ്വഭാവമുള്ള ഒരു കുട്ടിയായിരുന്നു ക്രിസ്ററഫർ. എന്നാൽ 18 മാസം പ്രായമായപ്പോൾ പേരു വിളിച്ചാൽ അവൻ പ്രതികരിക്കാതായി. അവൻ ബധിരനായിരുന്നതുപോലെയാണ് ആദ്യം തോന്നിയത്, പക്ഷേ മിഠായിക്കടലാസിന്റെ മർമരശബ്ദം അവൻ എപ്പോഴും തിരിച്ചറിഞ്ഞിരുന്നു.
കാലക്രമേണ, വിഷമിപ്പിക്കുന്ന മററു സ്വഭാവങ്ങളും തന്നെത്താൻ കണ്ടു തുടങ്ങി. സാധാരണ ചെയ്യാറുള്ളതുപോലെ തന്റെ കളിക്കോപ്പുകൾക്കൊണ്ട് കളിക്കുന്നതിനുപകരം അവൻ അവയുടെ ചക്രങ്ങൾ കറക്കുമായിരുന്നു, വീണ്ടും വീണ്ടും. ദ്രാവകങ്ങളോട് അസാധാരണമായ ഒരു താത്പര്യം അവനിൽ കണ്ടുതുടങ്ങി, ഏതവസരത്തിലും അവനതു കോരിയൊഴിക്കുമായിരുന്നു. ഇതും എവിടെയും വലിഞ്ഞുകേറുന്നതിനുള്ള അവന്റെ പ്രിയവും ആപത്കരമായ പല സാഹചര്യങ്ങളിലേക്കും നയിച്ചു, അവന്റെ അമ്മയ്ക്ക് വളരെയധികം ഉത്കണ്ഠയുമുണ്ടായി.
ഏററവും അസ്വസ്ഥമാക്കുന്ന കാര്യം അവൻ ആളുകളെ മറന്നുപോകുന്നു എന്ന കാര്യമായിരുന്നു, ആളുകൾ ഉള്ളപ്പോൾ പോലും അവരുടെ അസ്തിത്വം സംബന്ധിച്ച് അവനു യാതൊരു ബോധവും ഇല്ലാത്തതുപോലെ തോന്നി. രണ്ടു വയസ്സായപ്പോഴേക്കും അവൻ സംസാരം പാടേ നിർത്തിക്കളഞ്ഞു. മുന്നോട്ടും പിന്നോട്ടും ആടിക്കൊണ്ട് അവൻ തന്റെ സമയത്തിലധികവും ചെലവഴിച്ചു. അവന് അക്രമ സ്വഭാവങ്ങൾ ഉണ്ടാകാൻ തുടങ്ങി, അവയുടെ കാരണങ്ങൾ മിക്കപ്പോഴും അവന്റെ മാതാപിതാക്കൾക്കു ദുർഗ്രാഹ്യമായിരുന്നു. ചകിതരായ അവർ പരിഹാരമാർഗങ്ങൾക്കു വേണ്ടി പരതാൻ തുടങ്ങി.
എന്തായിരുന്നു ക്രിസ്ററഫറിന്റെ പ്രശ്നം? അവൻ ചീത്തയാക്കപ്പെട്ടോ, അവഗണിക്കപ്പെട്ടോ, മാനസികമായി മുരടിച്ചുപോയോ, അതോ അവനു സ്കിസോഫ്രീനിയ ബാധിച്ചോ? ഇല്ല. ഐക്യനാടുകളിൽ ദിവാസ്വപ്നപ്രകൃതിയുള്ള 3,60,000 പേരിൽ ഒരാളാണു ക്രിസ്ററഫർ. വിഷമിപ്പിക്കുന്ന ഈ ക്രമക്കേടു ലോകവ്യാപകമായി 10,000 കുട്ടികളിൽ 4-ഓ 5-ഓ പേരിൽ ഉണ്ടാകുന്നു. അത് ഒരായുഷ്കാലത്തെ വെല്ലുവിളികൾ ഉയർത്തുകയും ചെയ്യുന്നു.
എന്താണു ദിവാസ്വപ്നപ്രകൃതി?
ദിവാസ്വപ്നപ്രകൃതി മസ്തിഷ്കത്തിന്റെ ഒരു ക്രമക്കേടാണ്, ഇതുള്ളവർക്കു സാമൂഹിക പെരുമാററവും ആശയവിനിയമം നടത്താനുള്ള കഴിവുകളും ചിന്താപ്രാപ്തിയും സാധാരണപോലെ വികസിക്കാറില്ല. വിവരങ്ങൾ പഞ്ചേന്ദ്രിയത്തിലൂടെ തലച്ചോറിലേക്ക് എത്തുന്ന പ്രക്രിയയെ ബാധിക്കുന്നു, അവർ ചില പ്രത്യേക അനുഭൂതികളോട് (കാഴ്ചകൾ, ശബ്ദങ്ങൾ, മണങ്ങൾ തുടങ്ങിയവയോട്) അമിതമായി പ്രതികരിക്കാൻ ഇത് ഇടയാക്കുന്നു. എന്നാൽ മററു ചിലവയോടു സാധാരണപോലെ പ്രതികരിക്കാറുമില്ല. ദിവാസ്വപ്നപ്രകൃതി വരുത്തുന്ന വൈകല്യങ്ങൾ അസാധാരണമായ പലതരം സ്വഭാവരീതികൾ ഉളവാക്കുന്നു. മൂന്നു വയസ്സിനു മുമ്പു പ്രത്യക്ഷപ്പെട്ടുതുടങ്ങുന്ന അതിന്റെ ലക്ഷണങ്ങൾ ഓരോ കുട്ടിയെയും സംബന്ധിച്ചു വ്യത്യാസപ്പെട്ടിരിക്കാം. പിൻവരുന്ന ഉദാഹരണങ്ങൾ പരിചിന്തിക്കുക.
നിങ്ങളുടെ അഴകുള്ള കുട്ടിയോടു വളരെ സ്നേഹത്തോടെ പെരുമാറാൻ ശ്രമിച്ചിട്ട് യാതൊരു പ്രതികരണവും ലഭിക്കുന്നില്ല എന്നു സങ്കൽപ്പിക്കുക. ഇതു മിക്കപ്പോഴും സംഭവിക്കുന്നത് ഒരു കുട്ടിക്കു ദിവാസ്വപ്നപ്രകൃതി ഉള്ളപ്പോഴാണ്. ആളുകളുമായി ഇടപഴകുന്നതിനുപകരം ദിവാസ്വപ്നപ്രകൃതിയുള്ള കുട്ടികൾ തനിച്ചായിരിക്കാൻ ഇഷ്ടപ്പെടുന്നു. കെട്ടിപ്പിടിക്കുന്നതോ ദൃഷ്ടിസമ്പർക്കം പുലർത്തുന്നതോ അവർക്കിഷ്ടമല്ലായിരിക്കാം, അവർ ആളുകളെ ഉപകരണങ്ങൾപോലെ ഉപയോഗിക്കുകയും ചെയ്തേക്കാം—അവരുടെ വികാരങ്ങളെ അവർ ഒട്ടുംതന്നെ മാനിക്കാറില്ല. ഈ അവസ്ഥ ഏററവും കൂടുതലായുള്ളവർ കുടുംബാംഗങ്ങളും അപരിചിതരും തമ്മിൽ യാതൊരു വ്യത്യാസവും കാണുന്നില്ല. ആളുകളെയും അവർക്കു ചുററും നടക്കുന്ന സംഭവങ്ങളെയും മറന്നുകൊണ്ട് അവരുടേതായ ഒരു ലോകത്തു ജീവിക്കാൻ അവർ ഇഷ്ടപ്പെടുന്നു. “ദിവാസ്വപ്നപ്രകൃതി” എന്നതിന്റെ ഇംഗ്ലീഷ് പദം (“autism”) “സ്വയം” എന്നർഥമുള്ള ഓട്ടോസ് എന്ന ഗ്രീക്കു പദത്തിൽനിന്നാണു വരുന്നത്. സ്വയം മുഴുകിയിരിക്കുന്ന ഗുണത്തെ അതു പരാമർശിക്കുന്നു.
ആളുകളോടുള്ള അവരുടെ നിസ്സംഗതയ്ക്കു വിപരീതമായി ദിവാസ്വപ്നപ്രകൃതിയുള്ള കുട്ടികൾ ഏതെങ്കിലും പ്രത്യേക വസ്തുവിലോ പ്രവർത്തനത്തിലോ വലിയ താത്പര്യം കാട്ടിയേക്കാം. അവരതിൽ അനേകം മണിക്കൂറുകളോളം അസാധാരണമായി, ആവർത്തിച്ചാവർത്തിച്ച് ഏർപ്പെട്ടേക്കാം. ഉദാഹരണത്തിന്, കളിക്കാറുകൾ യഥാർഥ കാറുകളാണെന്നു സങ്കൽപ്പിക്കുന്നതിനു പകരം അവർ അവയെ നേരെ വരിവരിയായി വെച്ചേക്കാം, അല്ലെങ്കിൽ നിരന്തരം അവയുടെ ചക്രങ്ങൾ കറക്കിയേക്കാം. മററു വിധങ്ങളിലും അവർ ആവർത്തനസ്വഭാവം കാണിക്കുന്നു. പലരും അവരുടെ ദിനചര്യയിലെ ഒരു മാററം പൊറുക്കുകയില്ല, ഒരേ വിധത്തിൽത്തന്നെ എപ്പോഴും കാര്യങ്ങൾ ചെയ്യാൻ അവർ നിർബന്ധം പിടിക്കും.
തങ്ങൾ നേരിടുന്ന സംഭവങ്ങളോടും സാഹചര്യങ്ങളോടും ദിവാസ്വപ്നപ്രകൃതിയുള്ള കുട്ടികൾ വിചിത്രമായ വിധങ്ങളിൽ പ്രതികരിക്കുകയും ചെയ്തേക്കാം. അവരുടെ പ്രതികരണങ്ങൾ കുഴപ്പിക്കുന്നതായിരിക്കാം, കാരണം അവർക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നതു വിശദീകരിക്കാൻ അവരിൽ മിക്കവർക്കും സാധ്യമല്ല. ഏതാണ്ട് പകുതി പേരും ഊമരാണ്; മിക്കപ്പോഴും സംസാരിക്കാൻ കഴിയുന്നവർതന്നെ അസാധാരണ വിധങ്ങളിൽ വാക്കുകൾ ഉപയോഗിക്കുന്നു. ഒരു ചോദ്യത്തിന് ഉവ്വ് എന്നു പറയുന്നതിനുപകരം അവർ ആ ചോദ്യം കേവലം ആവർത്തിച്ചേക്കാം (ഈ പ്രതിഭാസത്തെ വാക്കുകളുടെ അർഥശൂന്യമായ ആവർത്തനം (echolalia) എന്നു വിളിക്കുന്നു). തികച്ചും ചേർച്ചയല്ലാത്ത പദങ്ങളാണു ചിലർ ഉപയോഗിക്കുന്നത്, കുട്ടിയുടെ “കോഡുഭാഷ” പരിചയമുള്ളവർക്കു മാത്രമേ അതു മനസ്സിലാവുകയുള്ളു. ഉദാഹരണത്തിന്, ഒരു കുട്ടി “ജനാല”യ്ക്കു വേണ്ടി ഉപയോഗിച്ച പദപ്രയോഗം “പുറത്ത് ഇരുട്ടാണ്” എന്നാണ്. പലർക്കും ആംഗ്യങ്ങൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ട്, ഒരാവശ്യം അറിയിക്കുന്നതിനു പലരും നിലവിളിക്കുകയോ ആക്രോശിക്കുകയോ ചെയ്തേക്കാം.
ഉചിതമായ ചികിത്സ നേടൽ
മറെറല്ലാ കാര്യങ്ങളിലും സാധാരണ സ്വഭാവമുള്ള ഒരു കുട്ടിയിലെ വൈകാരിക അഭാവമാണ് ദിവാസ്വപ്നപ്രകൃതി എന്ന് ’40-കളിലും ’50-കളിലും ’60-കളിലും വിദഗ്ധർ കരുതിപ്പോന്നു. തങ്ങളുടെ കുട്ടിയുടെ പ്രശ്നങ്ങളുടെ കുററമേറെയും ചുമത്തപ്പെട്ടിരുന്നതു മാതാപിതാക്കളുടെമേലാണ്, പ്രത്യേകിച്ചും അമ്മമാരുടെമേൽ. കുഴപ്പിക്കും വിധത്തിലുള്ള മസ്തിഷ്ക കേടുപാടിന്റെ ഫലമായാണ് ദിവാസ്വപ്നപ്രകൃതി ഉണ്ടാകുന്നതെന്നു ശക്തമായി സൂചിപ്പിച്ച തെളിവുകൾ ’60-കളിൽ കുന്നുകൂടാൻ തുടങ്ങി (ഇവ എന്താണെന്ന് ഇപ്പോഴും കൃത്യമായി അറിയില്ല). മനോരോഗചികിത്സ ഉപയോഗിച്ച് ഇതു ചികിത്സിക്കുന്നതിൽനിന്നും വിദ്യാഭ്യാസത്തിലൂടെ ഇതു ചികിത്സിക്കുന്നതിന് ഊന്നൽ നൽകുന്നതിലേക്കുള്ള ഒരു മാററത്തിലേക്ക് ഇതു നയിച്ചു. പ്രത്യേക അധ്യാപന വിദ്യകൾ വികസിപ്പിക്കപ്പെട്ടു, പെരുമാററ സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ആവശ്യമായ കഴിവുകൾ പഠിപ്പിക്കുന്നതിനും അവ ഫലപ്രദമെന്നു തെളിഞ്ഞിരിക്കുന്നു. ഇവയുടെയും മററു നേട്ടങ്ങളുടെയും ഫലമായി, ദിവാസ്വപ്നപ്രകൃതിയുള്ള പലരും നല്ല പുരോഗതി കൈവരിച്ചിട്ടുണ്ട്, വേണ്ടത്ര സഹായവും പിന്തുണയും ലഭിക്കുമ്പോൾ ജോലി ചെയ്യുന്നതിനും അർധ-സ്വതന്ത്ര ജീവിതം നയിക്കുന്നതിനും ചിലർക്കു കഴിയുന്നുണ്ട്.
എന്നിരുന്നാലും, ദിവാസ്വപ്നപ്രകൃതിയുള്ള ഒരു കുട്ടിക്കു പററിയ ചികിത്സ നേടുക എന്നതു ദുഷ്കരമായിരിക്കാൻ കഴിയും. പല കാരണങ്ങളാൽ ദിവാസ്വപ്നപ്രകൃതി തിരിച്ചറിയാൻ കഴിയാതെ വന്നേക്കാം, അല്ലെങ്കിൽ മാസങ്ങളോളം അഥവാ ചില കേസുകളിൽ വർഷങ്ങളോളം പോലും ഈ രോഗത്തെ തെററിദ്ധരിച്ചേക്കാം. മററു വൈകല്യങ്ങളുള്ളവർക്കു വേണ്ടി ആവിഷ്കരിച്ചിട്ടുള്ള വിദ്യാഭ്യാസ പരിപാടികൾ ദിവാസ്വപ്നപ്രകൃതിയുള്ള കുട്ടികളുടെ പ്രത്യേക ആവശ്യങ്ങൾക്കു മതിയാകാതിരുന്നേക്കാം. അതുകൊണ്ട്, തങ്ങളുടെ കുട്ടിക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കുമ്പോൾ ഡോക്ടർമാരും അധ്യാപകരും സാമൂഹിക ഏജൻസികളുമടങ്ങുന്ന അപരിചിത ലോകത്തേക്കു മാതാപിതാക്കൾ ആവർത്തിച്ചാവർത്തിച്ചു കടന്നു ചെല്ലേണ്ടിവരുന്നതായി കണ്ടെത്തുന്നു.
അനുദിന ജീവിതം
മിക്ക ചെറുപ്പക്കാരിൽനിന്നും വ്യത്യസ്തമായി ദിവാസ്വപ്നപ്രകൃതിയുള്ള കുട്ടികൾ തങ്ങളുടെ ചുററുപാടുകളിൽനിന്നും വിവരങ്ങൾ എളുപ്പത്തിൽ ഉൾക്കൊള്ളുന്നില്ല. വീട്ടിലോ സമൂഹത്തിലോ ആവശ്യമായ അടിസ്ഥാന വൈദഗ്ധ്യങ്ങൾ അവരെ പഠിപ്പിക്കുക എന്നത് വെല്ലുവിളിനിറഞ്ഞ, സാവധാനമായ, പടിപടിയായ ഒരു പ്രക്രിയയാണ്. ദിനചര്യ ഒരു പിതാവിനെയോ മാതാവിനെയോ വളരെ തിരക്കുള്ളതായി നിർത്തിയേക്കാം; വസ്ത്രം ധരിക്കാൻ സഹായിക്കൽ, ആഹാരം കൊടുക്കൽ, കക്കൂസിൽ കൊണ്ടുപോകൽ; അലങ്കോലപ്പെടുത്തുന്നതോ അനുചിതമോ ആയ സ്വഭാവങ്ങളെ തിരിച്ചുവിടൽ; അപകടങ്ങൾക്കു ശേഷം വൃത്തിയാക്കൽ എന്നിങ്ങനെ. “[എന്റെ മകനു] പത്തു വയസ്സാകുന്നതുവരെ ഓരോ ദിവസവും കഴിച്ചുകൂട്ടാൻ ഞാൻ പാടുപെടുകയായിരുന്നു,” ഒരു മാതാവ് ഓർമിക്കുന്നു.
കുട്ടിക്കു നിരന്തര മേൽനോട്ടം ആവശ്യമാണ്, അതു സമ്മർദം വർധിപ്പിക്കുന്നു. “ടോമിയെ നിരന്തരം നോക്കിക്കൊണ്ടിരിക്കണം, കാരണം അവന് അപകടത്തെക്കുറിച്ചു യാതൊരു ബോധവുമില്ല,” അവന്റെ അമ്മ റീററ പറയുന്നു. ദിവാസ്വപ്നപ്രകൃതിയുള്ള പല കുട്ടികൾക്കും ക്രമരഹിതമായ ഉറക്ക രീതികളാണുള്ളത്, മിക്കപ്പോഴും രാത്രിയിൽ ഉണർന്നിരിക്കും. തുടക്കത്തിൽ പരാമർശിച്ച ക്രിസ്ററഫറിന്റെ മാതാവാണ് ഫ്ളോറൻസ്, അവൾ അഭിപ്രായപ്പെടുന്നു: “ഞാൻ ഒരു കണ്ണ് തുറന്നു പിടിച്ചാണ് ഉറങ്ങിയത്.”
കുട്ടികൾ വളരുന്നതോടെ ഈ ആവശ്യങ്ങളിൽ പലതും വേണ്ടാതെ വരുന്നു, ചിലത് ശക്തിപ്പെട്ടേക്കാം. പുരോഗതി കൈവരിക്കുമ്പോൾ പോലും ദിവാസ്വപ്നപ്രകൃതിയുള്ള എല്ലാവർക്കുംതന്നെ അവരുടെ ജീവിതത്തിലൊട്ടാകെ ഒരളവിലുള്ള മേൽനോട്ടം ആവശ്യമുള്ളതായി തുടരുന്നു. ദിവാസ്വപ്നപ്രകൃതിയുള്ള മുതിർന്നവർക്കു ചേർന്ന പാർപ്പിട സൗകര്യങ്ങൾ വിരളമായതുകൊണ്ട് ദിവാസ്വപ്നപ്രകൃതിയുള്ള കുട്ടികളുടെ മാതാപിതാക്കൾ അവർക്കു വീട്ടിൽവെച്ചുതന്നെ ആജീവനാന്ത പരിപാലനം കൊടുക്കേണ്ട അല്ലെങ്കിൽ അത് അസാധ്യമായിത്തീരുകയാണെങ്കിൽ തങ്ങളുടെ മുതിർന്ന കുട്ടികളെ ഏതെങ്കിലും സ്ഥാപനങ്ങളിൽ ആക്കേണ്ട ഒരവസ്ഥ അഭിമുഖീകരിക്കുന്നു.
പൊതുജനത്തെ നേരിടൽ
റോസ്മേരി അഭിപ്രായപ്പെടുന്നു: “ജോയിക്ക് ഇപ്പോൾ 18 വയസ്സുണ്ട്, ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏററവും ദുഷ്കരമായ കാര്യം അവനെ വെളിയിൽ കൊണ്ടുപോകുന്നതാണ്. ദിവാസ്വപ്നപ്രകൃതിയുള്ള മിക്ക കുട്ടികളെയും പോലെ, അവനെ കണ്ടാൽ യാതൊരു കുഴപ്പവുമില്ല, എന്നാൽ അവന്റെ പെരുമാററം നിമിത്തം ആളുകൾ തുറിച്ചുനോക്കുകയും ചിരിക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്നു. ചിലപ്പോൾ അവൻ തെരുവിന്റെ നടുവിൽ നിന്നുകൊണ്ട് വിരലുപയോഗിച്ചു വായുവിൽ എഴുതാൻ തുടങ്ങും. കാറിന്റെ ഹോണോ ആളുകളുടെ ചിരിയോ പോലെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാൽ വളരെ അസ്വസ്ഥനായി, ‘വേണ്ട! വേണ്ട! വേണ്ട!’ എന്നവൻ ഒച്ചയിടും. അതു ഞങ്ങളെ വളരെ അസ്വസ്ഥരാക്കും, കാരണം അത് ഏതു സമയത്തും സംഭവിക്കാം.” മറെറാരു മാതാവ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ആളുകൾക്കു വിശദീകരിച്ചു കൊടുക്കുക എന്നത് ദുഷ്കരമായ ഒരു സംഗതിയാണ്. ‘അവൻ ദിവാസ്വപ്നപ്രകൃതിയുള്ളവനാണ്’ എന്നു പറഞ്ഞാൽ അവർക്ക് ഒന്നും മനസ്സിലാകില്ല.”
ഈ കഷ്ടപ്പാടുകൾ നിമിത്തം മുഖ്യ-ശുശ്രൂഷ ചെയ്യുന്ന മാതാവോ പിതാവോ (സാധാരണമായി മാതാവ്) എളുപ്പം ഒററപ്പെട്ടേക്കാം. “അടിസ്ഥാനപരമായി ഞാനൊരു നാണംകുണുങ്ങിയാണ്, ആളുകളുടെ പരിഹാസത്തിനു വിധേയമാകുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് കളിസ്ഥലത്ത് ആളുകൾ സാധാരണമായി ഇല്ലാതിരുന്ന സമയങ്ങളിൽ ഞാൻ ജിമ്മിയെ അവിടെ കൊണ്ടുപോകുമായിരുന്നു, അതിരാവിലെയോ ഭക്ഷണവേളകളിലോ” എന്നു മേരി ആൻ പറയുന്നു. (താരതമ്യം ചെയ്യുക: സങ്കീർത്തനം 22:6, 7.) മററു ചില മാതാപിതാക്കളെ സംബന്ധിച്ചാണെങ്കിൽ കുട്ടിയെ വീട്ടിൽനിന്നു പുറത്തു കൊണ്ടുപോകുക എന്നതുതന്നെ ഒരു വെല്ലുവിളിയാണ്. ഷീല ഇങ്ങനെ പറയുന്നു: “ചിലപ്പോൾ ഞാൻ എന്റെ വീട്ടിൽത്തന്നെ ഒരു തടവുകാരിയായിരിക്കുന്നതുപോലെ എനിക്കു തോന്നിയിരുന്നു.”
കുടുംബത്തെ ഒററക്കെട്ടായി നിർത്തൽ
ദിവാസ്വപ്നപ്രകൃതിയുള്ള കുട്ടികൾ (ഇംഗ്ലീഷ്) എന്ന ഗ്രന്ഥത്തിൽ മൈക്കൽ ഡി. പവേഴ്സ് ഇങ്ങനെ എഴുതുന്നു: “ദിവാസ്വപ്നപ്രകൃതിയുള്ള ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ഏററവും പ്രധാനപ്പെട്ട ഒരൊററ സംഗതി . . . ആ കുട്ടിയുടെ കുടുംബം ഒററക്കെട്ടായി നിൽക്കുക എന്നതാണ്.” ഇതു കടുത്ത വെല്ലുവിളി നിറഞ്ഞ ഒരു സംഗതിയാണ്. ദിവാസ്വപ്നപ്രകൃതിയുള്ള ഒരു കുട്ടിയെ വളർത്തിക്കൊണ്ടുവരുന്നതിന്റെ ബുദ്ധിമുട്ടുകൾക്കു പുറമേ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വൈകാരിക ആഘാതം ഉണ്ടാകുന്നു. കടുത്ത, വേദനാകരമായ, ഭയപ്പെടുത്തുന്ന, വികാരങ്ങൾ ഉടലെടുക്കുന്നു, അവയ്ക്കു വിവാഹ പങ്കാളികൾ തമ്മിലുള്ള ആശയവിനിമയത്തെ പോലും തകരാറിലാക്കാൻ കഴിയും. ഇരുവർക്കും കൂടുതലായ സ്നേഹവും പിന്തുണയും ആവശ്യമായിരിക്കുന്ന ഒരു സമയത്ത് അവരിലാർക്കും കൂടുതലൊന്നും കൊടുക്കാനില്ലാതിരുന്നേക്കാം. ഈ അസാധാരണ സമ്മർദങ്ങൾ ഉണ്ടെങ്കിൽപോലും ആയിരക്കണക്കിനു ദമ്പതികൾ ഈ വെല്ലുവിളിയെ വിജയപ്രദമായി തരണം ചെയ്തിട്ടുണ്ട്.
അത്തരം വിജയപ്രദരായ ദമ്പതികളുടെ അനുഭവങ്ങളിൽനിന്ന് പിൻവരുന്ന മൂന്നു നിർദേശങ്ങൾ, റോബിൻ സൈമൺസിന്റെ കണ്ണുനീരിനുശേഷം (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രദാനം ചെയ്യുന്നു. പ്രഥമമായ കാര്യം, “ഏററവും വേദനാകരമായ വികാരങ്ങളെ പരിശോധിച്ച് അവ പങ്കുവെക്കാനുള്ള” ഒരു മാർഗം കണ്ടെത്തുക എന്നതാണ്. രണ്ടാമതായി, ജോലിഭാരം ന്യായമായ വിധത്തിൽ പങ്കുവയ്ക്കത്തക്കവണ്ണം വീട്ടിലെ ധർമങ്ങളും ക്രമീകരണങ്ങളും പുനഃപരിശോധിക്കുക എന്നതാണ്. മൂന്നാമതായി, നിങ്ങൾ രണ്ടുപേരും തനിച്ച് കാര്യങ്ങൾ ഒത്തൊരുമിച്ചു ചെയ്യാൻ ക്രമമായ സമയം പട്ടികപ്പെടുത്തുക. ഡോ. പവേഴ്സ് കൂടുതലായി ഇങ്ങനെ പ്രസ്താവിക്കുന്നു: “മുൻഗണനകൾ വയ്ക്കുകയും സമയം പട്ടികപ്പെടുത്തുകയും എല്ലാവരുടെയും ആവശ്യങ്ങളെ സമനിലയിൽ വരുത്തുകയും നിങ്ങൾക്ക് എത്രത്തോളം വഹിക്കാൻ കഴിയുമെന്നു തീരുമാനിക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ കുടുംബജീവിതത്തെ അപകടപ്പെടുത്താൻ നിങ്ങളുടെ കുട്ടിയുടെ ആവശ്യങ്ങളെയോ ആ കുട്ടിയോടുള്ള നിങ്ങളുടെ അർപ്പണബോധത്തെയോ അനുവദിക്കരുത്.”—താരതമ്യം ചെയ്യുക: ഫിലിപ്പിയർ 1:10; 4:5.
ദിവാസ്വപ്നപ്രകൃതിയുടെ ഫലങ്ങൾ ആഴമുള്ളതാണെങ്കിലും അതു ബാധിക്കുന്ന വ്യക്തികൾക്കു സഹായം സ്വീകരിക്കാൻ കഴിയും. നേരത്തെതന്നെ തിരിച്ചറിഞ്ഞ് അനുയോജ്യമായ ചികിത്സ നടത്തുന്നതാണ് ഒരു പ്രധാന ഘടകം. അപ്പോൾ ശ്രമങ്ങളെ ഫലപ്രദമായ പ്രവർത്തനഗതിയിലേക്കു തിരിച്ചുവിടാൻ കഴിയും. നല്ല ആശയവിനിമയവും വിഭവങ്ങളുടെ സമനിലയുള്ള ഉപയോഗവും ഉണ്ടെങ്കിൽ കുടുംബം അനാവശ്യമായി അവശമായിത്തീരുകയില്ല. (താരതമ്യം ചെയ്യുക: സദൃശവാക്യങ്ങൾ 15:22.) ബന്ധുക്കളുടെയും സ്നേഹിതരുടെയും ധാരണയും അവരുടെ സജീവമായ സഹായവും മാതാപിതാക്കൾക്ക് ഏറെ ആവശ്യമായ പിന്തുണ നൽകുന്നു. ദിവാസ്വപ്നപ്രകൃതിയെക്കുറിച്ചുള്ള ആളുകളുടെ അറിവും സമൂഹത്തിൽ അതുള്ള വ്യക്തികളെ അവർ അംഗീകരിക്കുന്നതും അവർ ഈ കുടുംബങ്ങളുടെ ഭാരങ്ങൾ ചിന്താരഹിതമായി വർധിപ്പിക്കുന്നതു തടയും. അതുകൊണ്ട് ദിവാസ്വപ്നപ്രകൃതിയുടെ വെല്ലുവിളികളെ നേരിടാൻ നമുക്കെല്ലാവർക്കും ഒരു പങ്കു വഹിക്കാൻ കഴിയും.—താരതമ്യം ചെയ്യുക: 1 തെസ്സലൊനീക്യർ 5:14.
[21-ാം പേജിലെ ആകർഷകവാക്യം]
“[എന്റെ മകനു] പത്തു വയസ്സാകുന്നതുവരെ ഓരോ ദിവസവും കഴിച്ചുകൂട്ടുവാൻ ഞാൻ പാടുപെടുകയായിരുന്നു,” ഒരു മാതാവ് അനുസ്മരിക്കുന്നു.
[22-ാം പേജിലെ ചതുരം]
പ്രത്യേക കഴിവുകൾ
ദിവാസ്വപ്നപ്രകൃതിയുള്ള കുട്ടികൾ വിശദാംശങ്ങളും ചെറിയ കാര്യങ്ങളും അത്ഭുതകരമായി ഓർത്തിരിക്കുന്നതുപോലുള്ള പ്രത്യേക കഴിവുകൾ ചിലപ്പോൾ കാണിക്കാറുണ്ട്. ചിലർ സംഗീത നൈപുണ്യം വളർത്തിയെടുത്തിട്ടുണ്ട്, അവർക്കു സംഗീതനോട്ടുകൾ വായിക്കാൻ കഴിയില്ലെങ്കിൽ പോലും സങ്കീർണമായ ഗാനം അവർക്കു സംഗീതോപകരണങ്ങളിൽ വായിക്കാൻ കഴിയും. ഭൂതകാലത്തെയോ ഭാവികാലത്തെയോ തീയതിക്കു തത്തുല്യമായ ആഴ്ചയിലെ ദിവസം അവർക്കു താമസംവിനാ പറയാൻ കഴിയും. ചിലർ ഗണിതശാസ്ത്രത്തിൽ നല്ല കഴിവുള്ളവരാണ്.
[23-ാം പേജിലെ ചതുരം]
മററുള്ളവർക്കു സഹായിക്കാൻ കഴിയുന്ന വിധം
സമ്പർക്കം നിലനിർത്തുക: തങ്ങളുടെ വികാരങ്ങൾ മററുള്ളവരുമായി പങ്കുവയ്ക്കാൻ കഴിയാത്തവണ്ണം ഒരു കുടുംബം ആദ്യമൊക്കെ വളരെ ആകുലതയുള്ളതായിരുന്നേക്കാം. ക്ഷമയും വിവേകവും സ്ഥിരതയും കാട്ടിക്കൊണ്ട് അവരെ സഹായിക്കാൻ ശ്രമിക്കുക. അവർ അതിനെക്കുറിച്ചു സംസാരിക്കാൻ തയ്യാറാകുമ്പോൾ സമ്മർദം ചെലുത്താതെയിരുന്നു കേൾക്കുക.
ബുദ്ധ്യുപദേശം കൊടുക്കാൻ ധൃതിപ്പെടാതിരിക്കുക: ദിവാസ്വപ്നപ്രകൃതിയുള്ള കുട്ടികൾ വഷളായവരും ഏറെ ഫലപ്രദമായ ശിക്ഷണത്തിന്റെ ആവശ്യമുള്ളവരുമായി കാണപ്പെട്ടേക്കാം, മാതാപിതാക്കൾക്കു മിക്കപ്പോഴും സദുദേശ്യപൂർവകവും എന്നാൽ തെററിദ്ധരിക്കപ്പെട്ടതുമായ ബുദ്ധ്യുപദേശം മററുള്ളവരിൽനിന്നു ലഭിക്കുന്നു. അത്തരം ‘ലളിതമായ പരിഹാരമാർഗങ്ങൾ’ കഷ്ടപ്പെടുന്ന മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരിക്കാൻ കഴിയും, അത് ആരും മനസ്സിലാക്കുന്നില്ല എന്നൊരു തോന്നൽ അവരിൽ അവശേഷിപ്പിച്ചേക്കാം.
പ്രവർത്തനങ്ങളിൽ കുടുംബത്തെ ഉൾപ്പെടുത്തുക: ദിവാസ്വപ്നപ്രകൃതിയുള്ള കുട്ടികളുള്ള കുടുംബങ്ങൾ, മററു കുടുംബങ്ങൾ ആസ്വദിക്കുന്ന സാമൂഹികവും വിനോദപരവുമായ പ്രവർത്തനങ്ങളിൽനിന്ന് ഒഴിവാക്കപ്പെട്ടതായി പലപ്പോഴും തോന്നാറുണ്ട്. നിങ്ങളുടെ കുടുംബത്തോടൊത്തു സഹവസിക്കാൻ അവരെ ക്ഷണിക്കുക. പ്രത്യേക പരിഗണന അർഹിക്കുന്ന ആവശ്യങ്ങളുണ്ടെങ്കിൽ അവ നടത്തിക്കൊടുക്കാൻ ശ്രമിക്കുക. ഒരു പ്രത്യേക ക്ഷണം സ്വീകരിക്കാൻ ആ കുടുംബത്തിനു കഴിയുന്നില്ലെങ്കിൽപോലും നിങ്ങളുടെ ക്ഷണത്തെ അവർ വിലമതിക്കും.
കുട്ടിയെ നോക്കിക്കൊള്ളാമെന്നു വാഗ്ദാനം ചെയ്യുക: കുടുംബത്തിന്റെ ഏററവും വലിയ ആവശ്യങ്ങളിലൊന്ന് ദിവാസ്വപ്നപ്രകൃതിയുടെ ഒരിക്കലും അവസാനിക്കാത്ത ആവശ്യങ്ങളിൽനിന്ന് ഒന്നു വിട്ടുനിൽക്കുക എന്നതാണ്. തുടക്കത്തിൽ ഒരു നേരത്ത് ഏതാനും മിനിററുകൾ കുട്ടിയെ നോക്കിക്കൊള്ളാമെന്നു വാഗ്ദാനം ചെയ്യുക. ക്രമേണ ഒരു വൈകുന്നേരം പുറത്തുപോകാനോ ഒരു വാരാന്തം അവധിക്കാലമായി ഉപയോഗിക്കാനോ ആ കുടുംബത്തെ അനുവദിക്കുന്നതിനു നിങ്ങൾക്കു കഴിഞ്ഞേക്കും. തങ്ങളുടെ ഊർജം പുതുക്കുന്നതിൽ അത്തരം ഇടവേളകൾ ഒരു കുടുംബത്തെ വളരെയധികം സഹായിക്കും.
കുടുംബത്തിനു ലഭിക്കുന്ന പ്രത്യേക സേവനങ്ങളെക്കാൾ കൂടുതൽ പ്രധാനപ്പെട്ടത് മററുള്ളവർ സ്നേഹിക്കുകയും മതിക്കുകയും ചെയ്യുന്നു എന്ന ബോധ്യമാണ്. ചുരുക്കിപ്പറഞ്ഞാൽ, ദിവാസ്വപ്നപ്രകൃതിയുള്ള ഒരു കുട്ടിയുള്ള കുടുംബത്തിനു വേണ്ടി നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏററവും ഉത്തമ സംഗതി തുടർന്നും അവരുടെ സുഹൃത്തായിരിക്കുക എന്നതാണ്.