ഞങ്ങളുടെ വായനക്കാരിൽ നിന്ന്
സംഭാഷണം “സംഭാഷണം ഒരു കല” എന്ന ലേഖനത്തിനു നന്ദി. (ഏപ്രിൽ 8, 1995) വളരെക്കാലമായി ലജ്ജ എനിക്കൊരു പ്രശ്നമായിരുന്നു. പക്ഷേ ആ പ്രശ്നമുള്ള ഒരേയൊരു വ്യക്തി ഞാൻ മാത്രമല്ലെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. ഞാൻ നിങ്ങളുടെ നിർദേശങ്ങൾ നന്നായി പ്രായോഗികമാക്കും.
എ. എൽ., ഐക്യനാടുകൾ
വീക്ഷാഗോപുരത്തിലെയും ഉണരുക!യിലെയും ലേഖനങ്ങൾ വായിക്കാനുള്ള നിങ്ങളുടെ നിർദേശങ്ങൾ തീർച്ചയായും ഫലപ്രദമാണ്. അങ്ങനെ ചെയ്യുമ്പോൾ അതിനെക്കുറിച്ച് എത്രയധികം പറയാനുണ്ടെന്നതിൽ നിങ്ങൾ അതിശയിച്ചുപോകും!
വി. എം. ജെ., ഐക്യനാടുകൾ
തടങ്കൽപ്പാളയം എന്റെ ഒരു പരിചയക്കാരൻ “എന്റെ വിദ്വേഷം സ്നേഹമായി മാറി” എന്ന ലേഖനം വായിച്ചു. (ജനുവരി 8, 1995) ലേഖനം പറഞ്ഞതിനു വിപരീതമായി, ബൂകെൻവൊൽഡ് തടങ്കൽപ്പാളയത്തിൽ “ആർബൈറ്റ് മക്റ്റ് ഫ്രൈ” (ജോലി സ്വാതന്ത്ര്യം കൈവരുത്തുന്നു) എന്ന യാതൊരു ബോർഡുമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.
എച്ച്. ജെ. ഇസഡ്., ജർമനി
പിശകുപറ്റിയതിൽ ദയവായി ക്ഷമിക്കുക. ബൂകെൻവൊൽഡിന്റെ പ്രവേശനകവാടത്തിലുള്ള ബോർഡ് ഇപ്പോഴും അവിടെ കാണാം, വാസ്തവത്തിൽ അതിങ്ങനെയാണു വായിക്കുന്നത് “യേഡം ഡാസ് സൈനെ” (ഓരോരുത്തർക്കും അവരവരുടെ യോഗ്യതയനുസരിച്ച്). ഔഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിലും സാക്സൻഹോസൻ തടങ്കൽപ്പാളയത്തിലും ആയിരുന്നു “ആർബൈറ്റ് മക്റ്റ് ഫ്രൈ” എന്ന ബോർഡുണ്ടായിരുന്നത്.—പത്രാധിപർ
ദിവാസ്വപ്നപ്രകൃതി “ദിവാസ്വപ്നപ്രകൃതി—കുഴപ്പിക്കുന്ന ഒരു ക്രമക്കേടിന്റെ വെല്ലുവിളികളെ നേരിടൽ” എന്ന ലേഖനത്തിനു വളരെ നന്ദി. (ഫെബ്രുവരി 8, 1995) അവസാനം എന്റെ പുത്രിയെ ബാധിച്ച രോഗം എന്താണെന്നും അത് ഞാനവളെ വളർത്തിയപ്പോൾ ചെയ്ത എന്തിന്റെയെങ്കിലും ഫലമല്ലായിരുന്നുവെന്നും മനസ്സിലാക്കാൻ എനിക്കു കഴിയുന്നു. യഹോവയെ സേവിക്കുന്നത് അവളുടെ അവസ്ഥയെ കൈകാര്യം ചെയ്യാൻ എനിക്കു ശക്തി പകരുന്നു.
എം. എച്ച്., സ്വിറ്റ്സർലണ്ട്
പൂർവികരുടെ ശാപമോ കഴിഞ്ഞകാല ചെയ്തികൾക്കുള്ള ശിക്ഷയോ പോലെയുള്ള അന്ധവിശ്വാസപരമായ അനേകം കാരണങ്ങൾ ദിവാസ്വപ്നപ്രകൃതത്തിന്മേൽ ആരോപിക്കപ്പെടുന്നു. നിങ്ങൾ എഴുതിയിരിക്കുന്നത്, ഈ ക്രമക്കേടിനെക്കുറിച്ചു മെച്ചമായി അറിയാൻ സഹായിക്കും. അത്തരം വിജ്ഞാനപരമായ ലേഖനങ്ങൾക്കു നന്ദി.
എം. എ., നൈജീരിയ
ഓർക്കിഡുകൾ ഞാനൊരു ഓർക്കിഡ് പ്രേമിയാണ്! വാസ്തവത്തിൽ എനിക്ക് എന്റെ തോട്ടത്തിൽ ഓർക്കിഡുകളുണ്ട്, അവയുടെ ഒരു ചിത്രശേഖരവുമുണ്ട്. “യൂറോപ്പിൽ ഓർക്കിഡുകൾ തേടി” എന്ന ലേഖനം പ്രസിദ്ധീകരിച്ചതിനു നന്ദി. (ജനുവരി 22, 1995) ഈ വിഷയത്തിൽ നിങ്ങൾ പ്രസിദ്ധീകരിക്കുന്ന അവസാനത്തെ ലേഖനമായിരിക്കില്ല ഇതെന്നു ഞാൻ പ്രതീക്ഷിക്കുന്നു.
ആർ. എം., ഫിലിപ്പീൻസ്
സുരക്ഷിതമായ ഡ്രൈവിങ് ഞാൻ 40-കളുടെ മധ്യത്തിലുള്ള ഒരാളാണ്, അപസ്മാരം നിമിത്തം ഒരിക്കലും ഡ്രൈവു ചെയ്യാൻ അനുവദിക്കപ്പെട്ടിരുന്നില്ല. മസ്തിഷ്ക ശസ്ത്രക്രിയയ്ക്കു ശേഷം എന്റെ നാഡീരോഗവിദഗ്ധൻ ഒരു ഡ്രൈവിങ് ലൈസൻസിനപേക്ഷിക്കാനുള്ള പച്ചക്കൊടി കാട്ടി! “നിങ്ങൾ ഒരു സുരക്ഷിതനായ ഡ്രൈവറാണോ?” (ഫെബ്രുവരി 8, 1995) എന്ന ലേഖനം വാഹനമോടിക്കുമ്പോൾ ശരിയായ മനോഭാവം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ വിലമതിക്കാൻ എന്നെ സഹായിച്ചു. എനിക്കു ഡ്രൈവിങ് ലൈസൻസ് കിട്ടിയതിനു തൊട്ടുപിന്നാലെയാണ് അതു വന്നത്!
ജി. എസ്., ഐക്യനാടുകൾ
പൊറുക്കാനാവാത്ത പാപം “യുവജനങ്ങൾ ചോദിക്കുന്നു . . . ഞാൻ പൊറുക്കാനാവാത്ത പാപം ചെയ്തുപോയോ?” (നവംബർ 8, 1994) എന്ന നിങ്ങളുടെ ലേഖനത്തിനു നന്ദി. ഞാനും സ്വയംഭോഗമെന്ന ഈ വൃത്തികെട്ട ശീലത്തോടു പോരാടുകയായതുകൊണ്ട് അതു വായിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ, ഒരു മൂപ്പനോടു സംസാരിക്കാനുള്ള ധൈര്യമുണ്ടായിരുന്ന, ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന മാർക്കോയുടെയും ആൽബർട്ടോയുടെയും മാതൃക പിന്തുടർന്നു. ഇതെന്നെ വളരെയധികം സഹായിച്ചു.
എ. എം. സി., ബ്രസീൽ
ഒരു യുവക്രിസ്ത്യാനിക്കുണ്ടായിരിക്കാവുന്ന ഏറ്റവും കഠിനമായ പോരാട്ടങ്ങളിലൊന്നാണു സ്വയംഭോഗം. ഞാൻ പലപ്പോഴും ദുഃഖിതനും മനസ്സു തകർന്നവനും ആയിത്തീർന്നിട്ടുണ്ട്. ലേഖനം ഈ പോരാട്ടത്തിൽ വിജയംവരിക്കാൻ വേണ്ടി തീവ്രശ്രമം നടത്തിക്കൊണ്ടേയിരിക്കാൻ എന്നെ പ്രോത്സാഹിപ്പിച്ചു.
എഫ്. ജി. എം., മെക്സിക്കോ
ഞാൻ വിവാഹം ചെയ്യാനുദ്ദേശിച്ചിരുന്ന ചെറുപ്പക്കാരനുമായി അവിഹിതബന്ധം പുലർത്താനിടയായി; അതു ഞങ്ങളുടെ ബന്ധത്തെ തകർത്തു. കടുത്ത നിരാശതോന്നിയ ഞാൻ അനേക ദിനരാത്രങ്ങൾ കണ്ണീരിൽ കഴിഞ്ഞു. എനിക്കു ക്ഷമ ലഭിക്കുകയില്ലെന്നു തന്നെ ഞാൻ വിചാരിച്ചു. ഈ ലേഖനം വായിച്ചത് യഹോവയിലും ക്ഷമിക്കാനും മറക്കാനുമുള്ള അവന്റെ കഴിവിലുമുള്ള എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തി.
എൽ. സി., ഓസ്ട്രേലിയ