ഞങ്ങളുടെ വായനക്കാരിൽനിന്ന്
അമ്പതു വർഷം മുമ്പ് “1945-1995—നാം എന്തു പഠിച്ചു?” (സെപ്റ്റംബർ 8, 1995) എന്ന ലേഖനപരമ്പര ഞാൻ വായിച്ചു കഴിഞ്ഞതേയുള്ളൂ. അത്ര പരിമിതമായ സ്ഥലത്തു ചരിത്രത്തിലെ ആ വിശദവിവരങ്ങളെല്ലാം നിങ്ങൾ ഉൾക്കൊള്ളിച്ച വിധം എന്നിൽ മതിപ്പുളവാക്കി. ഞാൻ വളരെയേറെ പഠിച്ചു; അത് ഒരു ചരിത്ര പുസ്തകം വായിക്കുന്നതിനെക്കാൾ മെച്ചമായിരുന്നു.
എം. വി., ഫിലിപ്പീൻസ്
പ്രാർഥന തൊഴിൽരഹിതനായ ഞാൻ താമസം മാറാനുള്ള പരിപാടിയിലാണ്. “ബൈബിളിന്റെ വീക്ഷണം: പ്രാർഥനകളിലെ നിങ്ങളുടെ പങ്ക്” (സെപ്റ്റംബർ 8, 1995) എന്ന ലേഖനം വായിക്കുന്നതുവരെ ഞാൻ തികച്ചും ഉത്ക്കണ്ഠാകുലനായിരുന്നു. ഈ ലേഖനം പ്രസിദ്ധീകരിച്ചതിനു നന്ദി. പ്രാർഥനകളോടുള്ള ചേർച്ചയിൽ ജീവിച്ചുകൊണ്ട് അവയ്ക്ക് ഉത്തരം ലഭിക്കാൻ ഞാൻ അതിയായി വാഞ്ഛിക്കുന്നുവെന്നു തെളിയിക്കാൻ ഞാൻ എന്റെ പരമാവധി പ്രവർത്തിക്കും.
ഡി. സി., ഐക്യനാടുകൾ
ചൂതാട്ടം ചൂതാട്ടത്തെക്കുറിച്ചുള്ള ഒരു ലേഖനത്തിനായി ഞാൻ അടുത്തയിടെ പ്രാർഥിച്ചു. എന്തെന്നാൽ ഈ സംഗതിയിൽ എന്റെ ബന്ധുക്കൾക്കു സഹായത്തിന്റെ വലിയ ആവശ്യമുണ്ട്. അവർ പാപ്പരത്വ ഹർജി നൽകുന്നതിന്റെ വക്കോളമെത്തിനിൽക്കുന്നു. “ചൂതാട്ടം—വർധിച്ചുവരുന്ന ഒരാസക്തി” (സെപ്റ്റംബർ 22, 1995) എന്ന പരമ്പര അവരെ സഹായിക്കുമെന്നു ഞാൻ പ്രത്യാശിക്കുന്നു. ആസക്തി നിമിത്തം അവർ വളരെയേറെ ക്ലേശമനുഭവിച്ചു. ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ പതിവായി ഒരു സമയം 6 മുതൽ 12 വരെ മണിക്കൂർ പോക്കർ കളിക്കുമായിരുന്നു! എന്റെ ജീവിതത്തിൽ ഇപ്പോൾ യഹോവ ഉണ്ടെന്നുള്ളതിൽ ഞാൻ അതീവ സന്തുഷ്ടയാണ്.
എൽ. ഡി., ഐക്യനാടുകൾ
ചൂതാട്ടത്തിന് അടിമയായ ഭർത്താവുമായുള്ള എന്റെ 20 വർഷത്തെ വിവാഹ ജീവിതത്തോടു സമാനമായ ഒരു സാഹചര്യം നിങ്ങൾ വിവരിച്ചു. കഴിഞ്ഞകാലത്ത് ഈ മാസികകളിൽനിന്ന് എനിക്കു വളരെ പ്രോത്സാഹനം ലഭിച്ചിരുന്നു, എന്നാൽ ഈ പ്രാവശ്യം 20 വർഷമായി ഞാൻ അതിയായി ആഗ്രഹിച്ചിരുന്ന ചിലത് എനിക്കു ലഭിച്ചു!
എഫ്. ഇ., ജപ്പാൻ
ആത്മരക്ഷ “യുവജനങ്ങൾ ചോദിക്കുന്നു . . . ഞാൻ ആത്മരക്ഷാമാർഗങ്ങൾ അഭ്യസിക്കേണ്ടതുണ്ടോ?” (സെപ്റ്റംബർ 22, 1995) എന്ന ലേഖനം ഞാൻ അതിയായി വിലമതിച്ചു. ഇവിടെ ഉക്രെയിനിൽ ഞങ്ങൾക്ക് ഓരോ മാസവും ഉണരുക!യുടെ ഒരു ലക്കം മാത്രമേ ലഭിക്കുന്നുള്ളൂ, “യുവജനങ്ങൾ ചോദിക്കുന്നു . . .” എന്നതു നഷ്ടപ്പെടുന്നു. ഞാൻ ഇംഗ്ലീഷ് വായിക്കുന്നതിനാൽ എനിക്ക് ആ ലേഖനം വായിക്കാൻ കഴിഞ്ഞു. ദൈവത്തിന്റെ വീക്ഷണം മനസ്സിലാക്കാൻ അത് എന്നെ സഹായിച്ചു.
വി. എൽ., ഉക്രെയിൻ
എനിക്ക് 12 വയസ്സുണ്ട്. നിങ്ങൾ പ്രസിദ്ധീകരിച്ച ലേഖനത്തിനു നന്ദിപറയാൻ ഞാൻ ആഗ്രഹിക്കുന്നു. ആത്മരക്ഷയെക്കുറിച്ചുള്ള ലേഖനം വിശേഷാൽ പ്രയോജനപ്രദമാണെന്നു ഞാൻ കണ്ടെത്തി. സഹപാഠികൾ എന്നെ പീഡിപ്പിക്കുമ്പോൾ എങ്ങനെ പെരുമാറണമെന്നു മെച്ചമായി ഗ്രഹിക്കാൻ അതിടയാക്കി.
ഡി. സി., ഇറ്റലി
ആഫ്രിക്കൻ സ്കൂൾ പരമ്പരാഗത ആഫ്രിക്കൻ സ്കൂളിൽനിന്നും പാശ്ചാത്യ സ്കൂളുകളിൽനിന്നും പ്രയോജനം അനുഭവിച്ച ഒരു അകാനാണു ഞാൻ. “ആഫ്രിക്കൻ സ്കൂൾ—അത് എന്താണു പഠിപ്പിച്ചത്?” (സെപ്റ്റംബർ 22, 1995) എന്ന നിങ്ങളുടെ ലേഖനം ഞാൻ ആസ്വദിച്ചു. നിങ്ങൾ ആഫ്രിക്കൻ സ്കൂളിനു നൽകിയ ആദരവും മാന്യതയും എന്നെ സ്പർശിച്ചു. നിങ്ങളുടെ വിശ്വാസം ആഫ്രിക്കൻ പാരമ്പര്യത്തോട് അനാദരവു കാട്ടുന്നുവെന്നു ചിന്തിക്കുന്നവരുണ്ട്. വാസ്തവം അങ്ങനെ അല്ലെന്ന് ഈ ലേഖനം വ്യക്തമാക്കുന്നു.
എസ്. എൻ., ഘാന
ജീവിതകഥ “യഥാർഥ വിശ്വാസം കണ്ടെത്താനുള്ള എന്റെ ദീർഘനാളത്തെ കഠിന പോരാട്ടം” (സെപ്റ്റംബർ 22, 1995) എന്ന കാരൻ മലോണിന്റെ കഥ പ്രസിദ്ധീകരിച്ചതിനു വളരെ നന്ദി. അതെന്റെ നയനങ്ങളെ സന്തോഷാശ്രുക്കളണിയിച്ചു.
ജെ. എസ്., ചെക്ക് റിപ്പബ്ളിക്ക്
ഞാൻ കുടുംബത്തിലെ ഏറ്റവും മൂത്ത കുട്ടിയാണ്. ഞാൻ ആഗ്രഹിച്ച സംഗതികളിൽ മിക്കവയും എനിക്ക് ഇല്ലായിരുന്നതിനാൽ ഞാൻ അസംതൃപ്തയായിരുന്നു. ചിലപ്പോൾ ആഹാരം വാങ്ങുന്നതിനു മതിയായ പണം ഞങ്ങൾക്ക് ഇല്ലായിരുന്നു. എന്നാൽ കാരനു നന്ദി, അവൾ മുഖാന്തരം ഭൗതിക വസ്തുക്കളെക്കാൾ കൂടുതൽ പ്രധാനം ദൈവത്തിനുള്ള നമ്മുടെ സേവനമാണെന്നു ഞാനിപ്പോൾ തിരിച്ചറിയുന്നു.
ടി. ടി., ഗ്രീസ്
ഞാൻ ആ ലേഖനം ഇപ്പോൾതന്നെ നാലുതവണ വായിച്ചുകഴിഞ്ഞു, ഓരോ തവണയും ഞാൻ കരഞ്ഞുപോയി. കുടുംബ എതിർപ്പിനും കഷ്ടപ്പാടിനും മധ്യേ യഹോവയെ സേവിക്കുന്നതിനുള്ള അവളുടെ ദൃഢനിശ്ചയം എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു. ഉടനെ ഒരു നിരന്തരപയനിയറായി, മുഴുസമയ സുവിശേഷകയായി, സേവിച്ചു തുടങ്ങാമെന്നു ഞാൻ പ്രത്യാശിക്കുന്നു. ഈ ലേഖനം എന്നെ യഥാർഥത്തിൽ ശക്തീകരിച്ചിരിക്കുന്നു.
ഡി. എഫ്., ഓസ്ട്രേലിയ