ഞങ്ങളുടെ വായനക്കാരിൽനിന്ന്
എന്നേക്കും ജീവിക്കൽ “ജീവിതം ഇത്ര ഹ്രസ്വമായിരിക്കുന്നത് എന്തുകൊണ്ട്?—അത് എന്നെങ്കിലും വ്യത്യസ്തമായിരിക്കുമോ?” എന്ന പരമ്പരയ്ക്കായി നിങ്ങൾക്കു നന്ദി. (ഒക്ടോബർ 22, 1995) ഒരു പറുദീസാ ഭൂമിയിൽ പൂർണ മനുഷ്യനായിരിക്കുന്നതിന്റെ പ്രതീക്ഷയെക്കുറിച്ചു മെച്ചമായി മനസ്സിലാക്കാൻ മാത്രമല്ല, ശാസ്ത്ര ക്ലാസ്സിലും ഈ ലേഖനങ്ങൾ എന്നെ സഹായിച്ചു. ഈ ലേഖനങ്ങൾ പുറത്തുവന്ന അതേസമയത്തുതന്നെ കോശത്തെക്കുറിച്ചുള്ള—അതിന്റെ ഭാഗങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള—ഒരു പരീക്ഷ ഞങ്ങൾക്കു നടന്നുകൊണ്ടിരിക്കുകയായിരുന്നു. നിങ്ങൾ അത് എത്ര വ്യക്തമായി വർണിച്ചു! നല്ല ഗ്രേഡിനും തക്ക സമയത്തെ ആത്മീയ ആഹാരത്തിനും നന്ദി.
ബി. എം., ഐക്യനാടുകൾ
സ്ഫടികം “സ്ഫടികം—അതിന്റെ ആദ്യ നിർമാതാക്കൾ ദീർഘനാൾ മുമ്പേ ഉണ്ടായിരുന്നു” എന്ന ലേഖനത്തിനു നിങ്ങൾക്കു നന്ദി. (നവംബർ 22, 1995) എന്റെ ഡാഡി സ്ഫടിക പണിക്കാരനാണ്, അതുകൊണ്ട് ഞങ്ങളുടെ വീട്ടിൽ അത് വളരെയധികം ഉണ്ട്. ഈ ലേഖനം എത്ര മനോഹരമായി എഴുതപ്പെട്ടതായിരുന്നുവെന്ന് എനിക്കു പറയാതെ നിവൃത്തിയില്ല. സ്ഫടിക നിർമാണത്തിൽ എത്ര വ്യത്യസ്ത സംസ്കാരങ്ങൾ ഉൾപ്പെട്ടിരുന്നുവെന്നതിനെപ്പറ്റി എനിക്കൊരു ഊഹവും ഇല്ലായിരുന്നു. വീണ്ടും നന്ദി.
എം. ബി., ഐക്യനാടുകൾ
ഹംഗറിയിലെ മുന്തിരിത്തോപ്പുകൾ ഞാൻ അനേക മാസങ്ങളായി ലക്സംബർഗിലെ ഒരു സൂപ്പർമാർക്കറ്റിലുള്ള വീഞ്ഞു വിഭാഗത്തിൽ ജോലിചെയ്യുകയാണ്. അതുകൊണ്ട് “ഞങ്ങളോടൊപ്പം ഹംഗറിയിലെ മുന്തിരിത്തോപ്പുകളിലേക്കു വരുവിൻ!” എന്ന ലേഖനം വളരെയധികം താത്പര്യത്തോടെയാണു ഞാൻ വായിച്ചത്. (സെപ്റ്റംബർ 8, 1995) എന്നാൽ, ലേഖനം കൃത്യമായിരിക്കെത്തന്നെ മുന്തിരിപ്പഴങ്ങളിൽ വളരുന്ന പൂപ്പ് (ബോട്രൈറ്റിസ് സിനെരിയ) വീഞ്ഞു നിലവറകളിൽ വളരുന്ന പൂപ്പു തന്നെയാണെന്നു നിങ്ങൾ സൂചിപ്പിച്ചതായി തോന്നിയതായി എന്റെ സൂപ്പർവൈസർമാരിൽ ഒരാൾ നിരീക്ഷിച്ചു. രണ്ടാമതു പറഞ്ഞ പൂപ്പ് വാസ്തവത്തിൽ ക്ലാഡൊസ്പോറിയം സെല്ലാറെ എന്നു വിളിക്കപ്പെടുന്നതാണെന്ന് അദ്ദേഹം പറയുന്നു.
ബി. പി., ഫ്രാൻസ്
നിങ്ങളുടെ സൂപ്പർവൈസർ പറഞ്ഞതു ശരിയാണ്, ഈ വ്യക്തമാക്കലിന് ഞങ്ങൾ അദ്ദേഹത്തോടു നന്ദി പറയുന്നു.—പത്രാധിപർ
ദൈവത്തിന്റെ സുഹൃത്ത് “യുവജനങ്ങൾ ചോദിക്കുന്നു . . . ദൈവത്തിന്റെ സുഹൃത്തായിരിക്കുന്നത് എന്നെ സഹായിക്കുമോ?” എന്ന ലേഖനം എന്നെ എത്രമാത്രം സ്പർശിച്ചെന്ന് നിങ്ങളോടു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. (നവംബർ 22, 1995) ഞാൻ ഈ വർഷത്തിന്റെ ഭൂരിഭാഗവും, എന്റെ ബാക്കിയുണ്ടായിരുന്ന ആത്മാഭിമാനത്തെക്കൂടെ നശിപ്പിക്കുന്ന വിഷാദവുമായി കൂരിരുൾതാഴ്വരയിൽ നടക്കുകയായിരുന്നു. പ്രാർഥിക്കാനോ ബൈബിൾ പഠിക്കാനോ ഉള്ള ശക്തിപോലും എനിക്കില്ലായിരുന്നു. ക്രിസ്തീയ സഹോദരങ്ങൾ നൽകിയ പ്രോത്സാഹനം എന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്നില്ല. ഈ ലേഖനം വായിച്ചപ്പോൾ ദീർഘനാളുകൾക്കുശേഷം സന്തോഷത്തിന്റെ ആദ്യ കിരണം ഞാൻ അനുഭവിച്ചറിഞ്ഞു.
എസ്. കെ., ജർമനി
യഹോവയ്ക്ക് യുവജനങ്ങളോട് എത്രമാത്രം താത്പര്യവും സ്നേഹവും ഉണ്ടെന്നറിയുന്നത് ആശ്വാസദായകമാണ്. എന്റെ ഹ്രസ്വ ജീവിതത്തിൽ ഞാൻ ബലാൽസംഗം, മയക്കുമരുന്നു ദുരുപയോഗം, ഗർഭമലസൽ, വൈകാരിക ദ്രോഹം, ചീത്ത പറച്ചിൽ എന്നിവ അനുഭവിച്ചു. ഒരിക്കൽ ഞാൻ ആത്മഹത്യ ചെയ്യാൻപോലും തുനിഞ്ഞു. എന്നാൽ ഒടുവിൽ ഞാൻ വീണ്ടും ക്രിസ്തീയ യോഗങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. പ്രാർഥനയിൽ ഉറ്റിരിക്കുകയും യഹോവയെ ഒരിക്കൽക്കൂടി സമീപിക്കുകയും ചെയ്തതിനാൽ ഞാൻ അവന്റെ സ്ഥാപനത്തിൽ പുനഃസ്ഥിതീകരിക്കപ്പെട്ടു. യഹോവയുടെ വചനം ഏതു മയക്കുമരുന്നിനെക്കാളുമധികം മനസ്സമാധാനം എനിക്കു കൈവരുത്തിയിരിക്കുന്നു.
ഡബ്ലിയു. ബി., ഐക്യനാടുകൾ
മത്സരം “ബൈബിളിന്റെ വീക്ഷണം: സ്പോർട്സിലെ മത്സരം തെറ്റാണോ?” (ഡിസംബർ 8, 1995) എന്ന ലേഖനം എന്റെ പത്തുവയസ്സുകാരനായ മകന് ആശ്വാസം പ്രദാനം ചെയ്തു. മുതിർന്ന ചില കുട്ടികൾ അവനെ പന്തു കളിക്കാൻ ക്ഷണിച്ചു. അവൻ വളരെ വിഷാദമഗ്നനായിത്തീരത്തക്കവണ്ണം അവർ അവനെ വല്ലാതെ കളിയാക്കി. ഞങ്ങൾ ലേഖനം വായിക്കുകയും ആശ്വാസം കണ്ടെത്തുകയും ചെയ്തു, ക്രിസ്ത്യാനികൾ സ്പോർട്സ് സംബന്ധിച്ച് സന്തുലിതമായ ഒരു വീക്ഷണം നിലനിർത്തണമെന്നും സ്പോർട്സ് വിഷാദിപ്പിക്കുന്നതായിരിക്കാതെ നവോൻമേഷം പകരുന്നതായിരിക്കണം എന്നും ഞങ്ങൾ മനസ്സിലാക്കി. ചില സ്പോർട്സുകൾ വളരെ അക്രമാസക്തമായിത്തീർന്നിരിക്കുന്നതുകൊണ്ട് നമ്മുടെ യുവജനങ്ങളെല്ലാവരും ഈ ലേഖനം വായിക്കുമെന്നു ഞാൻ പ്രത്യാശിക്കുന്നു.
എസ്. എച്ച്., ഐക്യനാടുകൾ
സ്കൂളിലെ ഒരു സ്പോർട്സ് ടീമിൽ ഉൾപ്പെടുന്നതു സംബന്ധിച്ച് തീരുമാനം എടുക്കുന്നതിൽ ആ ലേഖനം വാസ്തവത്തിൽ എന്നെ സഹായിച്ചു. ലേഖനത്തിൽ കൊടുത്തിരിക്കുന്ന തിരുവെഴുത്തുകൾ വാസ്തവത്തിൽ നേരാംവണ്ണമുള്ളവയായിരുന്നു. നന്നായി കളിച്ചു ജയിക്കാൻ കോച്ചുകൾ സാധാരണ പറയുന്നതുകൊണ്ട് ഈ പ്രത്യേക ടീമിൽ ഉൾപ്പെടുന്നത് വളരെ മത്സരാത്മകമായിരിക്കുമായിരുന്നു. പ്രബോധനാത്മകമായ ആ ലേഖനത്തിനു നന്ദി. ഒരു നല്ല തീരുമാനമെടുക്കുന്നതിന് അത് മറ്റു യുവാക്കളെ സഹായിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.
എൽ. എം., ഐക്യനാടുകൾ