ഞങ്ങളുടെ വായനക്കാരിൽനിന്ന
ഇന്ത്യയിലെ സ്ത്രീകൾ “ഇന്ത്യയിലെ സ്ത്രീകൾ 21-ാം നൂറ്റാണ്ടിലേക്കു നീങ്ങുന്നു” (ജൂലൈ 22, 1995) എന്ന ലേഖനം എനിക്കു നന്നായി ഇഷ്ടപ്പെട്ടു. എന്റെ രാജ്യത്തിന്റേതിൽനിന്നും വളരെ വ്യത്യസ്തമായ സംസ്ക്കാരമുള്ള ഒരു പ്രദേശമെന്നനിലയിൽ ഇന്ത്യ എനിക്ക് എല്ലായ്പോഴും ഹൃദയഹാരിയായിരുന്നിട്ടുണ്ട്. ഇന്ത്യൻ സ്ത്രീകൾക്കു യഥാർഥ വിമോചനം ലഭ്യമാകുന്നതു ദൈവരാജ്യത്തിൻ കീഴിൽ മാത്രമായിരിക്കുമെന്നു നിങ്ങളുടെ ലേഖനം പ്രകടമാക്കി. സ്ത്രീകൾ ബഹുമാനിക്കുന്ന ഭർത്താക്കൻമാർ അവരെയെല്ലാം സത്യമായി സ്നേഹിക്കുകയും മതിപ്പോടെ പരിപാലിക്കുകയും ചെയ്യുന്ന സമയത്തിനായി ഞാൻ നോക്കിപാർത്തിരിക്കുന്നു.
ഡബ്ലിയു. എസ്., ബ്രിട്ടീഷ് കൊളംബിയ
കുടുംബത്താൽ ത്യജിക്കപ്പെട്ടു എനിക്ക് 14 വയസ്സുണ്ട്, “എന്നെ യഥാർഥത്തിൽ സ്നേഹിച്ച കുടുംബം” (ജൂലൈ 22, 1995) എന്ന ലേഖനത്തിനു നന്ദിപറയാനാണ് ഞാൻ ഇത് എഴുതുന്നത്. അതു യഥാർഥത്തിൽ എന്റെ വിശ്വാസത്തെ ശക്തീകരിച്ചു. ഊദോം ഊദോ എല്ലായിടത്തുമുള്ള ചെറുപ്പക്കാർക്ക് ഒരു നല്ല മാതൃകയാണ്. നിങ്ങൾക്കു വളരെ ചെറുപ്പത്തിൽത്തന്നെ സത്യത്തിനുവേണ്ടി നിലകൊള്ളാൻ കഴിയുമെന്ന് അവൻ യഥാർഥത്തിൽ പ്രകടമാക്കി.
എ. എം., ഐക്യനാടുകൾ
ദൈവവചനം പഠിക്കാൻ തുടങ്ങിയതിനു ശേഷം ഊദോമിനെപ്പോലെ ഞാനും എതിർപ്പിനെ അഭിമുഖീകരിച്ചു. വീടു വിട്ടുപോകുവാൻ എന്നോടും പറഞ്ഞു. വാചികവും ശാരീരികവുമായ അനേകം പീഡനങ്ങളെ തുടർന്നു ഞാൻ വീടുവിട്ടു. ഒരു മൂപ്പനും ഭാര്യയും എന്നെ ദയാപൂർവം പരിപാലിച്ചു. നിങ്ങളുടെ ലേഖനം യഥാർഥത്തിൽ എന്നെ ശക്തീകരിച്ചു. ഈ അതുല്യമായ ആഗോള കുടുംബത്തിൽപ്പെടുന്നത് എന്തൊരു സന്തോഷമാണ്!
എൽ. ജെ., ഐക്യനാടുകൾ
ദൈവത്തിന്റെ സുഹൃത്തായിത്തീരൽ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്കു യഥാർഥത്തിൽ ദൈവത്തിന്റെ സുഹൃത്തായിരിക്കാൻ കഴിയുമോ?” (ജൂലൈ 22, 1995) എന്ന ലേഖനത്തിനു വളരെ നന്ദി. അതുനിമിത്തം ഞാൻ കരഞ്ഞുപോയി. എനിക്കു 13 വയസ്സുണ്ട്, ഞാൻ വളരെ മോശമായ ചില കാര്യങ്ങൾ ചെയ്തിട്ടുണ്ട്. മറ്റുള്ളവർ എന്നെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചു, എന്നാൽ അപ്പോഴും യഹോവയോടു പ്രാർഥിക്കുന്നത് എനിക്കു വിഷമകരമായി തോന്നി. എന്റെ അനേകം പിഴവുകൾ നിമിത്തം യഹോവ മേലാൽ എന്നെ സ്നേഹിക്കുന്നില്ലെന്നു ഞാൻ വിചാരിച്ചു. യഹോവ ക്ഷമിക്കുന്നുവെന്നും അതിനാൽ എനിക്ക് അവനോടു പ്രാർഥിക്കാൻ കഴിയുമെന്നും ഈ ലേഖനം എനിക്കു കാണിച്ചുതന്നു.
ജെ. ഡി., ജർമനി
പ്രസ്തുത ലേഖനത്തിൽ ഉദ്ധരിക്കപ്പെട്ടിരുന്ന ഡൊറിസിനെപ്പോലെ ദൈവത്തിന്റെ സുഹൃത്തായിരിക്കാൻ ഞാൻ അയോഗ്യയാണെന്ന് എനിക്കു തോന്നി. എനിക്ക് ഈ സഹായം പ്രദാനം ചെയ്തതിനു ഞാൻ യഹോവയ്ക്കു നന്ദി പറയുന്നു. എന്റെ മോശമായ പ്രവർത്തനങ്ങളെക്കുറിച്ചു ഞാൻ അനുതപിക്കുന്നുവെങ്കിൽ, അവൻ എന്നോടു ക്ഷമിക്കാനും എന്റെ സുഹൃത്തായിരിക്കാനും മനസ്സൊരുക്കമുള്ളവനാണെന്നു മനസ്സിലാക്കാൻ ഇത് എന്നെ സഹായിച്ചിരിക്കുന്നു. യുവജനങ്ങൾക്കുവേണ്ടി ഈ ലേഖനങ്ങൾ അച്ചടിക്കുന്നതു നിങ്ങൾ ഒരിക്കലും നിർത്തുകയില്ലെന്നു ഞാൻ പ്രത്യാശിക്കുന്നു.
ബി. എം. എ., സ്പെയിൻ
ആർത്തവവിരാമം വിശേഷാൽ സ്ത്രീരോഗ മരുന്നുകളുണ്ടാക്കുന്ന ഒരു ഔഷധനിർമാണശാല ഞങ്ങൾ നടത്തുന്നു. ആർത്തവവിരാമത്തെക്കുറിച്ചുള്ള “ഒരു മെച്ചമായ ഗ്രാഹ്യം സമ്പാദിക്കൽ” (ഫെബ്രുവരി 22, 1995) എന്ന ലേഖനം ഏറ്റവും രസകരമാണെന്നു ഞങ്ങൾ കണ്ടത്തി, ഈ വിഷയത്തെപ്പറ്റി നിങ്ങൾ ഒരു ലേഖനം എഴുതിയതിൽ ഞങ്ങൾ സംതൃപ്തരാണ്. എന്നാൽ, “ഈസ്ട്രജൻ പകരചികിത്സ സംബന്ധിച്ചെന്ത്?” എന്ന ചതുരം “ഹോർമോൺ പകര വ്യവസ്ഥയിൽ പ്രൊജസ്റ്ററോൺ ചേർക്കുന്നതു . . . ഹൃദ്രോഗത്തെ തടയുന്നതിനുള്ള ഈസ്ട്രജന്റെ ഫലത്തെ നിർവീര്യമാക്കുന്നു” എന്നു പ്രസ്താവിക്കുന്നു. ഇത് എല്ലായ്പ്പോഴും സത്യമല്ല, പ്രത്യേകിച്ചും സ്വാഭാവിക പ്രൊജസ്റ്റിനുകളെ സംബന്ധിച്ച്.
ഡോ. റ്റി. ഡബ്ലിയു. ആൻറ് ജെ. കെ., ജർമനി
ഞങ്ങൾക്കു കാലോചിതമായ വിവരം നൽകിയതിനു നന്ദി. പ്രോജസ്റ്റിനുകൾ എച്ച്ഡിഎൽ-ന്റെ അഥവാ “നല്ല” കൊളസ്ട്രോളിന്റെ അളവു കുറക്കുകയും അങ്ങനെ ഹൃദ്രോഗത്തിന്റെ അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുവെന്നു പഴയ ഉറവിടങ്ങൾ സൂചിപ്പിക്കുമ്പോൾ കൂടുതൽ അടുത്തകാലത്തുള്ള ഗവേഷണങ്ങൾ നേരേ തിരിച്ചാണു സൂചിപ്പിക്കുന്നത്. “ഈസ്ട്രജൻ തനിച്ചോ അല്ലെങ്കിൽ ഒരു പ്രൊജസ്റ്റിനുമായി കൂടിച്ചേർന്നോ [“നല്ല” കൊളസ്ട്രോളിന്റെ നില] മെച്ചപ്പെടുത്തുന്നു” എന്നു ജെമാ-യുടെ ജനുവരി 18, 1995 ലക്കത്തിൽ റിപ്പോർട്ടു ചെയ്യപ്പെട്ട അടുത്തകാലത്തെ ഒരു പഠനം അവകാശപ്പെടുന്നു. ഹോർമോൺ ചികിത്സകളുടെ ദീർഘകാല ഫലങ്ങൾ പൂർണമായി മനസ്സിലാകുന്നതിനു കൂടുതൽ ഗവേഷണങ്ങൾ നടത്തപ്പെടണമെന്നതിൽ സംശയമില്ല.—പത്രാധിപർ
പരിണാമം “ലോകത്തെ ഞെട്ടിച്ച സിദ്ധാന്തം—എന്താണതിന്റെ പൈതൃകം” (ആഗസ്റ്റ് 8, 1995) എന്ന ലേഖനപരമ്പര ഞാൻ വായിച്ചു കഴിഞ്ഞതേയുള്ളൂ. എന്റെ പ്രതികരണമോ? മതിപ്പുളവായതിനെക്കാൾ ഉപരി. അതെന്നെ കീഴടക്കിക്കളഞ്ഞു! ആ ലേഖനം രചിക്കപ്പെട്ടതു വളരെ രസകരമായും അർഥപുഷ്ടിയോടെയുമാണ്. ഓരോ ഉദ്ധരിക്കലും വിപുലമായ ഗവേഷണത്തെ വെളിപ്പെടുത്തി. എല്ലാറ്റിനുമുപരി, പരിണാമ പഠിപ്പിക്കലിനു മനുഷ്യമനസ്സിന്മേലുള്ള യഥാർഥ ഫലത്തോടുള്ള ബന്ധത്തിൽ അതു ജ്ഞാനോദ്ദീപകമായിരുന്നു. ഞാൻ അതിനെക്കുറിച്ചു ബോധവതിയായിരുന്നില്ല! നിലവാരമുള്ള വായനാവിവരങ്ങൾക്ക് ലോകത്തിൽ ക്ഷാമമാണ്, എന്നാൽ നിങ്ങൾ ആ ആവശ്യത്തെ തൃപ്തിപ്പെടുത്തിയിരിക്കുന്നു.
ആർ. എച്ച്., ഐക്യനാടുകൾ