ഞങ്ങളുടെ വായനക്കാരിൽനിന്ന്
ആൽപ്സ് ഹിമമനുഷ്യൻ “ആൽപ്സ് ഹിമമനുഷ്യന്റെ രഹസ്യം” (മേയ് 8, 1995) എന്ന ലേഖനം ഞാൻ ഇപ്പോൾ വായിച്ചു കഴിഞ്ഞതേയുള്ളൂ. എനിക്ക് ഈ വിഷയം ആദ്യം ലഭിച്ചപ്പോൾ, അത് എനിക്ക് ഇഷ്ടപ്പെടുമെന്നു ഞാൻ യഥാർഥത്തിൽ വിചാരിച്ചില്ലെന്നു സമ്മതിക്കുന്നു. എന്നാൽ ഈ ലേഖനം അവിശ്വസനീയമാംവിധം രസകരമാണെന്നു ഞാൻ കണ്ടെത്തി! “പ്രാചീന” മനുഷ്യനെ സംബന്ധിച്ചുള്ള പരമ്പരാഗത വീക്ഷണം ശരിയല്ലെന്നു വിശദമാക്കിയ വിധത്തെ ഞാൻ വിലമതിക്കുന്നു.
ജെ. എസ്., ഐക്യനാടുകൾ
നയനാകർഷകമായ ആ തലക്കെട്ട് ട്രെയിനിൽവച്ചു കണ്ടുമുട്ടിയ ഒരാൾക്ക് മാസിക സമർപ്പിക്കുന്നതിന് എന്നെ സഹായിച്ചു. തുടർന്നുവന്ന ആഴ്ചയിൽ ഞാൻ വീണ്ടും അദ്ദേഹത്തെ കണ്ടുമുട്ടി. ലേഖനം “ഉന്നത നിലവാരമുള്ളതും” നന്നായി വികസിപ്പിക്കപ്പെട്ടതുമായി കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു. വീക്ഷാഗോപുരത്തിന്റെ ഏറ്റവും പുതിയ ലക്കം അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.
ജി. സി., ജപ്പാൻ
ആർത്തവവിരാമം സ്ത്രൈണ വരൾച്ചയ്ക്കുള്ള പരിഹാരങ്ങൾ എന്നനിലയിൽ “പച്ചക്കറികളുടെയോ പഴങ്ങളുടെയോ എണ്ണ, വിറ്റാമിൻ-ഇ എണ്ണ, മയപ്പെടുത്തുന്ന ജെല്ലികൾ” എന്നിവ ഉപയോഗിക്കുന്നതിനെക്കുറിച്ച്, “ആർത്തവവിരാമം സംബന്ധിച്ച ഒരു മെച്ചമായ ഗ്രാഹ്യം” (ഫെബ്രുവരി 22, 1995) എന്ന ലേഖന പരമ്പരയിൽ നിങ്ങൾ പരാമർശിച്ചിരുന്നല്ലോ. ഒരു സീനിയർ നേഴ്സിങ് വിദ്യാർഥിയെന്നനിലയിൽ, എണ്ണയിലോ പഴങ്ങളിലോ അധിഷ്ഠിതമായ മയപ്പെടുത്തൽ ബാക്ടീരിയാ വളർച്ചയ്ക്ക് ഒരു കളമൊരുക്കുന്നുവെന്നു പറയുവാൻ ഞാൻ പ്രേരിതയാകുന്നു. അതുകൊണ്ട് ജലലായകങ്ങളായ സ്നിഗ്ധ പദാർഥങ്ങളാണ് (ലൂബ്രിക്കൻസ്) അഭികാമ്യം.
എച്ച്. ഡബ്ലിയു., ഐക്യനാടുകൾ
ഞങ്ങൾക്കു ലഭിച്ച ഈ നൂതന വിവരത്തെ വിലമതിക്കുന്നു.—എഡിറ്റർ
45-ാമത്തെ വയസ്സിൽ എനിക്ക് പുകച്ചിൽ അനുഭവപ്പെടാൻ തുടങ്ങി. വർഷങ്ങളോളം മരുന്നൊന്നും കഴിക്കാതെ ഞാൻ അതു സഹിച്ചു. അതുകൊണ്ട് നിങ്ങളുടെ ലേഖനത്തിൽ പ്രകടമാക്കപ്പെട്ടിരുന്ന സ്നേഹപൂർവകമായ കരുതൽ അനുഭവപ്പെട്ടപ്പോൾ ഞാൻ കരഞ്ഞുപോയി. ആർത്തവവിരാമത്തെ മെച്ചമായി മനസ്സിലാക്കാൻ അത് എന്നെ സഹായിച്ചു, അതെന്റെ പല ചോദ്യങ്ങൾക്കും ഉത്തരം നൽകുകയും ചെയ്തു.
എസ്സ്. റ്റി. ബി., എ. ബ്രസീൽ
കമ്പ്യൂട്ടർ കളികൾ “ഇതു നിങ്ങൾക്കുവേണ്ടിയുള്ള കളിയാണോ?” എന്ന ലേഖനം എന്നെ പുളകംകൊള്ളിച്ചു. (മേയ് 8, 1995) ഈ കളികൾ നിരുപദ്രവകരമായ വിനോദമാണെന്നു ചിന്തിക്കുന്നവരുടെ അനുവാദാത്മക മനോഭാവം എന്നെ ഞെട്ടിപ്പിക്കുന്നു. വിദ്യാഭ്യാസപരവും അക്രമരഹിതവുമായ കളികളും ലഭ്യമാണ്.
കെ. ജി., ഐക്യനാടുകൾ
ഞാൻ കമ്പ്യൂട്ടർ സോഫ്റ്റ്വെയറിന്റെ ഒരു മൂല്യനിർണായകൻ ആണ്, ഡൂം 11 ഗെയിമിന്റെ ഒരു കോപ്പി മൂല്യനിർണയത്തിനായി അടുത്തകാലത്ത് എനിക്കു ലഭിച്ചിരുന്നു. തലക്കീഴാക്കപ്പെട്ട കുരിശുകൾ, പെന്റാഗ്രാമുകൾ എന്നിങ്ങനെയുള്ള ഭൂതചിഹ്നങ്ങൾ അതിൽ ഉപയോഗിച്ചിരിക്കുന്നതായി ഞാൻ കണ്ടെത്തി. ഈ കളികൾ എത്ര മോശമായതാണെന്നു ജനങ്ങൾ തിരിച്ചറിയുമെന്നു ഞാൻ പ്രത്യാശിക്കുന്നു.
ആർ. ബി., ഐക്യനാടുകൾ
ചെറുപ്പത്തിലേയുള്ള വിവാഹം “യുവജനങ്ങൾ ചോദിക്കുന്നു . . . വളരെ പെട്ടെന്നു വിവാഹിതരായി—ഞങ്ങൾക്കു വിജയിക്കാൻ സാധിക്കുമോ?” (ഏപ്രിൽ 22, 1995) എന്ന ലേഖനത്തിനു നന്ദി. സഭാ മേൽവിചാരകൻമാർ എന്നനിലയിൽ ഞങ്ങൾ, ദാമ്പത്യ പ്രതിസന്ധിയിലായിരുന്ന ഒരു യുവദമ്പതികൾക്ക് ഇടയ സന്ദർശനം ക്രമീകരിച്ചിരുന്നു. ഈ ലേഖനം എത്തിച്ചേർന്നപ്പോൾ എനിക്കത് എന്തോരു അതിശയമായിരുന്നു! ആ യുവദമ്പതികളെ സഹായിക്കുന്നതിന് ഞങ്ങൾക്കു വേണ്ടിയിരുന്നത് ഇതുതന്നെയായിരുന്നു. മുഴു ലേഖനവും പരാമർശിച്ചിരുന്ന എല്ലാ ബൈബിൾ വാക്യങ്ങളും ഞങ്ങൾ പരിശോധിച്ചു.
എം. സി., ബ്രസീൽ
സമുദ്രാന്തർഭാഗ പര്യവേക്ഷണം “തിരമാലകൾക്കടിയിലുള്ള ലോകം സുരക്ഷിതമായി പര്യവേക്ഷണം ചെയ്യൽ” എന്ന ലേഖനം (മേയ് 8, 1995) ഞാൻ അതിയായി വിലമതിച്ചു. ചെങ്കടലിലേയ്ക്കുള്ള ഒരു യാത്ര കഴിഞ്ഞ് ഞങ്ങൾ വീട്ടിൽ തിരിച്ചെത്തിയതേയുള്ളൂ, നിങ്ങളുടെ ഉപദേശം വളരെ പ്രയോജനപ്രദമാണെന്നു ഞാൻ കണ്ടെത്തി. അതിമനോഹരമായൊരു കടൽത്തട്ടിൽ ഞങ്ങൾ പര്യവേക്ഷണം നടത്തിയെന്നു മാത്രമല്ല, വളരെയധികം പണം ലാഭിക്കുകയും ചെയ്തു!
വി. സി. ആൻഡ് കെ. ബി., ഇറ്റലി
ഞങ്ങളുടെ പുത്രൻമാർ ഇരുവരുടെയും ഒഴിവുസമയ പ്രവർത്തനങ്ങളെ സംബന്ധിച്ചു ഞാനും ഭർത്താവും തമ്മിൽ ഇടയ്ക്കിടെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്റെ ഭർത്താവ് ഡൈവിങ്ങിൽ തത്പരനാണ്, ഞങ്ങളുടെ പ്രദേശത്ത് അടുത്തകാലത്ത് ഒരു പുതിയ ഡൈവിങ് സ്കൂൾ തുറക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ ലേഖനം വായിച്ചതോടെ എനിക്കു സന്തോഷം ഉണ്ടായി. അവർ അതിൽ പങ്കെടുക്കുമ്പോൾ എനിക്ക് ഒരു നല്ല മനഃസാക്ഷി ഉണ്ടായിരിക്കാൻ കഴിയുമല്ലോ.
സി. പി., ജർമനി
കമ്മ്യുണിസത്തെ അതിജീവിക്കുന്നു “കമ്മ്യുണിസ്റ്റ് നിരോധനത്തിൻ കീഴിൽ 40 വർഷത്തിലധികം” എന്ന ലേഖനത്തിനു വളരെ നന്ദി. (ഏപ്രിൽ 22, 1995) ഞാൻ അതു വായിക്കവേ അതെന്റെ ഹൃദയത്തെ ആഴമായി സ്പർശിച്ചു. ഒരുവനു നിർമലത പാലിക്കാൻ കഴിയേണ്ടതിന് ആവശ്യമായ പിന്തുണ തക്കസമയത്തു യഹോവ എങ്ങനെ പ്രദാനം ചെയ്യുന്നുവെന്ന് അത് എനിക്കു കാണിച്ചുതന്നു.
എസ്. എ. എ., ഘാന