ഞങ്ങളുടെ വായനക്കാരിൽനിന്ന്
മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങൾ 1995 ഒക്ടോബർ 8 ഉണരുക! എനിക്കു ലഭിച്ചതേയുള്ളൂ. “മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങൾ—അവയ്ക്ക് എത്രമാത്രം വിജയിക്കാൻ കഴിയും?” എന്ന പരമ്പര ഞാൻ വായിച്ചു. ഈ ലേഖനങ്ങൾക്കായി നിങ്ങളോട് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല. അവ വളരെ സമയോചിതമാണ്. ഞാൻ ഏഴര വർഷമായി ഒറ്റയ്ക്കുള്ള ഒരു മാതാവാണ്. അതു വളരെ ദുഷ്കരമായിരുന്നു. എനിക്ക് 15 വയസ്സുള്ള ഒരു പുത്രിയുണ്ട്. അവൾ വിഷമകരവും മത്സരാത്മകവുമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. കൂടാതെ, എന്റെ ജോലിസ്ഥിതി വളരെ അസ്ഥിരമാണ്. എന്നിരുന്നാലും, പിന്തുണയും സ്നേഹവും നൽകുന്ന, യഹോവയുടെ സാക്ഷികളുടെ സഭയിൽ ആയിരിക്കുന്നതിൽ ഞാൻ നന്ദിയുള്ളവളാണ്. എന്റെ കാറിന്റെ കാര്യത്തിൽ സഹായമോ കേവലം ഒരു കേൾക്കുന്ന കാതോ ആവശ്യമായിരുന്നപ്പോഴെല്ലാം എന്റെ സഹോദരങ്ങൾ എന്റെ സഹായത്തിന് എല്ലായ്പോഴും ഉണ്ടായിരുന്നു.
ഡി. ആർ., ഐക്യനാടുകൾ
ഞാൻ 1978 മുതൽ ഒറ്റയ്ക്കുള്ള ഒരു മാതാവാണ്. വിഷാദോന്മാദങ്ങൾ എന്ന തകരാറുള്ളതുകൊണ്ട് ഞാൻ എല്ലായ്പോഴും ഒരു ഉത്തമ മാതാവായിരുന്നില്ല. എങ്ങനെയായാലും, ഞാൻ ടെയ്പ്പിലുള്ള മാസികകൾ എല്ലായ്പോഴും ശ്രദ്ധിക്കുന്നു. ഈ ലക്കം ഇപ്പോൾത്തന്നെ ഞാൻ രണ്ടു തവണ കേട്ടുകഴിഞ്ഞു. അത് ഇപ്പോഴും എന്റെ സ്റ്റീരിയോയിൽ ഓടിക്കൊണ്ടിരിക്കുകയാണ്. മാസികകളിൽ അത്ഭുതകരമായ അത്തരം വിവരങ്ങൾ തുടർന്നും ഉണ്ടായിരിക്കുന്നിടത്തോളം കാലം എന്റെ കുടുംബം വിജയകരമായിരിക്കുമെന്ന് എനിക്കു തോന്നുന്നു.
റ്റി. ഒ., ഐക്യനാടുകൾ
ദൈവത്തെ പ്രസാദിപ്പിക്കാൻ ബുദ്ധിമുട്ടാണോ? ഞാൻ ഒറ്റയ്ക്കുള്ള ഒരു മാതാവാണ്. ഒറ്റയ്ക്കുള്ള മാതാപിതാക്കളെക്കുറിച്ചുള്ള ലേഖനങ്ങളോടു കൂടിയ 1995 ഒക്ടോബർ 8 ലക്കത്തിന്റെ പുറംതാൾ കണ്ടപ്പോൾ ഞാൻ കരഞ്ഞുപോയി. എന്നാൽ ഞാൻ ആദ്യം വായിച്ചത് “ബൈബിളിന്റെ വീക്ഷണം: ദൈവത്തിന്റെ നിലവാരങ്ങൾ എത്തിച്ചേരാനാവാത്തവിധം പ്രയാസമേറിയവയോ?” എന്ന ലേഖനമായിരുന്നു. അതേ, പരാജയമടയുന്നതായി തോന്നുന്ന ഒരു മാതാവിന് ഈ ലേഖനം വലിയ ആശ്വാസമായിരുന്നു. ഞാൻ പരാജയമടയുകയല്ലെന്ന് അത് എനിക്കു കാണിച്ചുതന്നു. അതു കേവലം സാത്താൻ ഭോഷ്കാളിയാണെന്നു തെളിയിക്കാനുള്ള എന്റെ അവസരമാണ്. ഈ അത്ഭുതകരമായ ലേഖനങ്ങൾക്കായി യഹോവയ്ക്കു നന്ദി!
ആർ. എൻ., ഐക്യനാടുകൾ
അതെന്നെ ആഴത്തിൽ സ്പർശിച്ച ഒരു ലേഖനമായിരുന്നു. യഹോവ സർവശക്തനാണെങ്കിൽക്കൂടി നാം ചെയ്തിട്ടുള്ള അപരാധങ്ങൾ നമ്മോടു ക്ഷമിക്കാൻ അവൻ മനസ്സുള്ളവനാണെന്നു ചിന്തിക്കുന്നത് വിസ്മയകരമാണ്. നാം ഇടയ്ക്കിടെ തെറ്റുകൾ ചെയ്താലും ദൈവത്തിന്റെ നിലവാരങ്ങളനുസരിച്ചു ജീവിക്കുന്നതുവഴി നമുക്കു സന്തുഷ്ടരായിരിക്കാൻ കഴിയുമെന്നു മനസ്സിലാക്കാൻ ഈ ലേഖനം എന്നെ സഹായിച്ചു.
ഡി. സി., ഐക്യനാടുകൾ
നദിയന്ധത അടുത്തയിടെ, ഒരു ഗവൺമെൻറ് ഏജൻസി നദിയന്ധത തടയുന്നതിനായി ഞങ്ങളുടെ ഗ്രാമത്തിൽ ഗുളികകൾ വിതരണം ചെയ്തു. അതുകഴിഞ്ഞയുടൻതന്നെ “നദിയന്ധത—ഭയാനകമായ ഒരു ബാധയെ കീഴടക്കൽ” എന്ന ലേഖനത്തോടുകൂടിയ 1995 ഒക്ടോബർ 8 ലക്കം എനിക്കു ലഭിച്ചു. ഞാൻ അതിലെ വിവരങ്ങൾ അയൽക്കാരുമായി പങ്കുവച്ചു. ഒരു ഗവൺമെൻറ് ഏജൻറ് ആ ലേഖനം കണ്ടപ്പോൾ ഇങ്ങനെ ഉദ്ഘോഷിച്ചു: “നിങ്ങളുടെ സ്ഥാപനം വെറുമൊരു മതത്തെക്കാൾ ഉയർന്നതാണ്!” കൂടാതെ, ആ പ്രദേശത്തെ ഡോക്ടർ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വരിസംഖ്യ സ്വീകരിച്ചു. ഞങ്ങളുടെ പ്രദേശത്തുള്ള അനേകരും മാസികകൾ ആവശ്യപ്പെടുന്നു. നൈജീരിയയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് അവ പരാമർശിക്കുന്നതു കാണുന്നതിൽ അവർ സന്തുഷ്ടരാണ്.
എ. എ., നൈജീരിയ
ഐഡിറ്ററോഡ് “ഐഡിറ്ററോഡ്—സുസ്ഥാപിതമായിത്തീരാൻ പത്തു ശതകങ്ങൾ” എന്ന ലേഖനം ഞാൻ വായിച്ചു തീർന്നതേയുള്ളൂ. (ഒക്ടോബർ 8, 1995) അങ്ങേയറ്റം വിജ്ഞാനപ്രദവും ആവേശകരവുമായ ലേഖനത്തിനായി നിങ്ങൾക്കു നന്ദി പറയാൻ ഞാൻ നിർബന്ധിതയായി. വായനക്കാരന് ആസ്വദിക്കാനായി അതു വ്യക്തമായ ഒരു ചിത്രം വരച്ചുകാട്ടി. ഞാൻ ആ 1,800 കിലോമീറ്റർ യാത്രയിലെ ഒരു മഷർ ആണെന്ന് ഞാൻ വാസ്തവത്തിൽ വിചാരിച്ചുപോയി! യഹോവയെക്കുറിച്ചുള്ള എന്റെ വിലമതിപ്പും വർധിച്ചു—അവന്റെ ഗുണങ്ങൾ അവന്റെ സൃഷ്ടികളായ മനുഷ്യനിലും മൃഗത്തിലും പ്രകടമാണ്.
ജെ. എച്ച്., ഐക്യനാടുകൾ
നിയമ വിജയം “അഭിപ്രായ ഐക്യമുള്ള ഒരു നാട്ടിൽ ന്യൂനപക്ഷത്തിന് ഒരു വിജയം” എന്ന ലേഖനം ഞാൻ വായിച്ചു. (ഒക്ടോബർ 8, 1995) ഹൈസ്കൂളിലായിരുന്നപ്പോൾ എനിക്കു ജൂഡോ ക്ലാസ്സിൽ പങ്കെടുക്കാതെ മാറിനിൽക്കേണ്ടിവന്നു. ആരാധനാ സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവകാശവും സംരക്ഷിക്കുന്നതിനുവേണ്ടി കോബിലെ സഹോദരങ്ങൾ കോടതികളിൽവെച്ച് ഈ പ്രശ്നത്തോടു പോരാടുന്നതിനെക്കുറിച്ചു വായിച്ചപ്പോൾ ഞാൻ പ്രോത്സാഹിതനായി. സ്കൂൾ ഇപ്പോൾ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചിരിക്കുകയാണ്, സഹോദരങ്ങൾക്ക് അനുകൂലമായ ഒരു വിധി ലഭിക്കണമേയെന്നു ഞാൻ പ്രാർഥിക്കുകയാണ്.
വൈ. കെ., ജപ്പാൻ