ലോകത്തെ വീക്ഷിക്കൽ
എത്ര ഗർഭച്ഛിദ്രങ്ങൾ?
“ലോകത്തിൽ വർഷംതോറും ഏതാണ്ട് 3 കോടി 30 ലക്ഷം നിയമാനുസൃത ഗർഭച്ഛിദ്രങ്ങൾ നടക്കുന്നുണ്ട്, ഇതിന്റെ കൂടെ നിയമവിരുദ്ധമായ ഗർഭച്ഛിദ്രങ്ങൾ കൂടി കൂട്ടുകയാണെങ്കിൽ മൊത്തം സംഖ്യ 4 കോടിക്കും 6 കോടിക്കും ഇടയിൽ വരും,” ബ്യൂനസ് അയേഴ്സിലെ പ്രഭാതപത്രമായ ക്ലാരിൻ പറയുന്നു. “ലോകജനസംഖ്യയുടെ എഴുപത്താറ് ശതമാനവും താമസിക്കുന്നത് പ്രേരിത ഗർഭച്ഛിദ്രം നിയമാനുസൃതമായിരിക്കുന്ന രാജ്യങ്ങളിലാണ്.” പ്രതിവർഷം ഗർഭച്ഛിദ്രത്താൽ ഹനിക്കപ്പെടുന്ന ജീവിതങ്ങളുടെ എണ്ണം അർജൻറീനയിലെ ജനസംഖ്യയെക്കാളധികവും ഇററലി, ഈജിപ്ത്, ഫ്രാൻസ്, ബ്രിട്ടൻ, ടർക്കി, ദക്ഷിണാഫ്രിക്ക എന്നിവപോലുള്ള ഒരു രാഷ്ട്രത്തിലെ മുഴുജനങ്ങളെയും തുടച്ചുനീക്കുന്നതിനു തുല്യവുമാണ്. അത് ആറുവർഷം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞവരുടെ സംഖ്യയ്ക്കു തുല്യമാണ്, അത് ഏതാണ്ട് അഞ്ചു കോടി ആളുകളാണെന്നു കണക്കാക്കപ്പെടുന്നു.
ജീവിക്കാൻ ഏററവും പററിയ സ്ഥലമോ?
ലോകത്തിൽ ജീവിക്കാൻ പററിയ ഏററവും നല്ല സ്ഥലം കാനഡയാണെന്ന് ഐക്യരാഷ്ട്രങ്ങൾ വിധിച്ചിരിക്കുന്നു. “കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ഇതു രണ്ടാം തവണയാണ് ഇൻഡക്സ് സമാഹരിക്കുന്നത്, അതിൽ 173 രാഷ്ട്രങ്ങളുടെ ലിസ്ററിൽ ഒന്നാമതു നിൽക്കുന്നതു കാനഡയാണ്,” ദ ടൊറന്റോ സ്ററാർ റിപ്പോർട്ടു ചെയ്യുന്നു. “എന്നിരുന്നാലും, ലോകത്തിൽ ഏററവും ഉയർന്ന ജീവിതനിലവാരം ആസ്വദിക്കുന്നവർ കാനഡക്കാരാണെന്ന് ഇതിനർഥമില്ല” എന്ന് അതു കൂട്ടിച്ചേർക്കുന്നു. ഏററവും നല്ല രാജ്യമായി കാനഡയെ പരിഗണിച്ചത് എന്തുകൊണ്ടാണ്? യുഎൻ വികസന പരിപാടി തയ്യാറാക്കിയ ഈ റിപ്പോർട്ട് മൂന്നു ഘടകങ്ങൾ കണക്കിലെടുത്താണ് രാജ്യങ്ങളെ പട്ടികപ്പെടുത്തുന്നത്: ശരാശരി വരുമാനം, വിദ്യാഭ്യാസ നിലവാരം, ആയുർപ്രതീക്ഷ. ആയുർദൈർഘ്യത്തിൽ കാനഡക്കാർക്ക് ആറാം സ്ഥാനമാണുള്ളത്, ശരാശരി ആയുസ്സ് 77.2 വർഷമാണ്. വിദ്യാഭ്യാസത്തിനും ആരോഗ്യപരിപാലനത്തിനും വേണ്ടി ചെലവിടുന്ന പണത്തിന്റെ കാര്യത്തിൽ കാനഡ ഏതാണ്ട് ഏററവും മുകളിൽ തന്നെയായിരുന്നു. അതുപോലെ തന്നെയായിരുന്നു ടെലിവിഷൻ സെററുകൾ, വാഹനങ്ങൾ എന്നിവയുടെ ഉടമസ്ഥതയുടെ കാര്യത്തിലും.
ബ്രസീലിലെ ഭാരതീയ സംഘങ്ങൾ
“തികച്ചും ഒററപ്പെട്ടുകിടക്കുന്നതോ വല്ലപ്പോഴും മാത്രം വെള്ളക്കാരോടു സൗഹാർദപരമല്ലാത്ത സമ്പർക്കം പുലർത്തുന്നതോ ആയ 59 ഇന്ത്യൻ കൂട്ടങ്ങൾ ഇപ്പോഴും ബ്രസീലിലുണ്ട്,” ഓ എസ്ററാഡോ ഡെ സാവൊ പൗലോ റിപ്പോർട്ടു ചെയ്യുന്നു. “ഈ മൊത്തം സംഘങ്ങളിൽ ഒമ്പതു സംഘങ്ങളെ മാത്രമേ ’80-കളുടെ ആരംഭം മുതൽ നാഷണൽ ഇന്ത്യൻ ഫൗണ്ടേഷൻ തിരിച്ചറിഞ്ഞിട്ടുള്ളൂ.” ആമസോൺ വനങ്ങളിൽ പുതിയ വർഗങ്ങളെ തുടർന്നും കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഒററപ്പെട്ടു കിടക്കുന്ന ഇന്ത്യാക്കാരിൽ പലരും പാർക്കുന്നത് 150-ഓ അതിൽ കുറവോ ആളുകളുള്ള സംഘങ്ങളായാണ്. ബ്രസീലിൽ 532 ഇന്ത്യൻ പ്രദേശങ്ങളുണ്ട്, 180 വംശീയ ഗ്രൂപ്പുകളും, 2,60,000 ഇന്ത്യാക്കാരും. 9,09,705 ചതുരശ്ര കിലോമീററർ വരുന്ന പ്രദേശം അവരുടെ അധീനതയിലാണ്—അത് ബ്രസീലിന്റെ ഭൂപ്രദേശത്തിന്റെ 11 ശതമാനം വരും—ഈ പ്രദേശങ്ങളിൽ പകുതിക്കും നിർദിഷ്ട അതിർത്തികളില്ല. ആധുനിക ലോകത്തിന്റെ അതിക്രമങ്ങളിൽനിന്നു രക്ഷപെടാൻ ആ വർഗങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള ഒരു ശ്രമത്തിൽ, ഗ്രാമീണ സംസ്കാരം റെക്കോഡു ചെയ്ത് സമീപത്തുള്ള മററു കൂട്ടങ്ങൾക്ക് ആ വീഡിയോ ടേപ്പുകൾ കൈമാറത്തക്കവണ്ണം വീഡിയോ ക്യാമറ എങ്ങനെ ഉപയോഗിക്കണമെന്ന് നരവംശശാസ്ത്രജ്ഞർ ഗോത്രാംഗങ്ങളെ പഠിപ്പിക്കുകയാണ്. അടുത്ത കാലത്ത് ഓരോ വിഭാഗത്തിന്റെയും ഫിലിമുകൾ അന്യോന്യം കണ്ടശേഷം വയാപ്പിയും സോയിയും കൂടിച്ചേർന്നു. ഒരേപോലുള്ള ഭാഷ സംസാരിക്കുന്ന അവർ തങ്ങളുടെ ഇതിഹാസങ്ങൾ, ആചാരരീതികൾ എന്നിവയെക്കുറിച്ചും അതുപോലെതന്നെ വേട്ടയാടൽ, സുഖപ്പെടുത്തൽ, പാചകം, നൂൽനൂൽപ്പ് എന്നിവയെക്കുറിച്ചും ചർച്ചചെയ്തു.
വിജയകരമായ ശസ്ത്രക്രിയ
എളിക്കു നടത്തിയ ശസ്ത്രക്രിയ ഇതിലും “മെച്ചമാകുമായിരുന്നില്ല” എന്ന് ജോൺ പോൾ II-ാമൻ പാപ്പായെ ശസ്ത്രക്രിയ ചെയ്ത മെഡിക്കൽ സംഘം ഏപ്രിലിൽ പ്രസ്താവിച്ചതായി ഇററാലിയൻ വർത്തമാനപത്രമായ ലാ സ്ററാമ്പ “തികച്ചും ന്യായമായ അഭിമാന”ത്തോടെ പറയുന്നു. എന്നാൽ ഇപ്പോഴത്തെ പാപ്പായിൽ എല്ലായ്പോഴും നടത്തിയ ശസ്ത്രക്രിയകൾ ഉത്തമ ഫലങ്ങൾ കൈവരുത്തിയിട്ടില്ല. 1981-ൽ നടന്ന ഘാതകശ്രമത്തെ തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയ ചെയ്തപ്പോൾ, രക്തപ്പകർച്ചകൾ മൂലമുണ്ടായ സൈറേറാമെഗാലോവൈറസ് ബാധ നിമിത്തം രണ്ടു മാസം ജോൺ പോൾ II-ാമന് ആശുപത്രിയിൽ കിടക്കേണ്ടിവന്നു. ലാ സ്ററാമ്പ പറയുന്നതനുസരിച്ച് ഇപ്രാവശ്യം “വളരെയധികം രക്തനഷ്ടം” ഉണ്ടായെങ്കിലും രക്തപ്പകർച്ചകളൊന്നും നടത്തിയില്ല. മറിച്ച്, പത്രം ഇങ്ങനെ അഭിപ്രായപ്പെടുന്നു, “ശസ്ത്രക്രിയയുടെ സമയത്ത് പാപ്പായുടെ രക്തംതന്നെ പുറത്തെടുത്ത്, അണുവിമുക്തമാക്കി, വീണ്ടും കുത്തിവയ്ക്കുകയാണു ചെയ്തത്.”
സമീപ കാലത്തൊന്നും എയ്ഡ്സിനു പ്രതിവിധിയില്ല
കഴിഞ്ഞ വർഷം ആഗസ്ററിൽ എയ്ഡ്സിനെക്കുറിച്ചുള്ള 10-ാമത്തെ അന്തർദേശീയ സമ്മേളനം ജപ്പാനിൽ നടന്നു. എയ്ഡ്സ് തടയുന്നതിനുള്ള പുതിയ വാക്സിനുകളും അതിനെ ചികിത്സിക്കാനുള്ള പുതിയ മരുന്നുകളും ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ഏറെയും പരാജയപ്പെട്ടതായി ആ സമ്മേളനം അംഗീകരിച്ചു. ഈ ദശകത്തിന്റെ അവസാനംവരെ ഒരു പ്രതിവിധി കണ്ടുപിടിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നില്ല. “നാം ലോകത്തിലെ എച്ച്.ഐ.വി. പകർച്ചവ്യാധിയുടെ തുടക്കത്തിൽ മാത്രമാണ്,” ജോർജയിലുള്ള അററ്ലാൻറയിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷനിലെ ഡോ. ജയിംസ് കരൺ പറഞ്ഞു. ലോകമെമ്പാടും 1 കോടി 70 ലക്ഷം പേർക്ക് ഈ രോഗമുള്ളതായി പറയപ്പെട്ടു, തലേ വർഷത്തെക്കാൾ 30 ലക്ഷം കൂടുതൽ. ദുഃഖകരമെന്നേ പറയേണ്ടൂ, ഈ സംഖ്യയിൽ പത്തു ലക്ഷം പേർ കുട്ടികളാണ്. അതേ നിരക്കു തുടരുകയാണെങ്കിൽ, മൊത്തം മൂന്നു കോടി മുതൽ നാലു കോടി വരെ വരുന്ന ആളുകൾക്ക് 2000-ാമാണ്ടോടെ ഈ രോഗം ബാധിക്കുമെന്നു ലോകാരോഗ്യസംഘടന പറയുന്നു. എയ്ഡ്സ് പൂർണവളർച്ചയെത്തിയവരുടെ സംഖ്യ 12 മാസംകൊണ്ട് 60 ശതമാനംകണ്ട് വർധിച്ചു, മരിച്ചവർ ഉൾപ്പെടെ 1994-ന്റെ മധ്യത്തോടെ എയ്ഡ്സ് രോഗമുള്ളവർ മൊത്തം നാൽപ്പതു ലക്ഷമാകുന്നു. എച്ച്ഐവി രോഗാണുബാധയുണ്ടായശേഷം എയ്ഡ്സ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് 10 വർഷംവരെ എടുക്കാൻ കഴിയും. പെരുകുന്ന ഈ പകർച്ചവ്യാധിയോടുള്ള പോരാട്ടത്തിലെ പുരോഗതിയുടെ മാന്ദ്യം നിമിത്തം, എയ്ഡ്സ് സമ്മേളനം ഓരോ വർഷവും നടത്തുന്നതിനു പകരം രണ്ടുവർഷത്തിലൊരിക്കൽ നടത്തുമെന്ന് അറിയിച്ചു. അടുത്ത സമ്മേളനം നടത്താൻ പട്ടികപ്പെടുത്തിയിരിക്കുന്നത് 1996 ജൂലൈയിലാണ്, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള വാൻകൂവറിൽവെച്ച്.
ജീവിതാരംഭത്തിലേ ബാധിക്കപ്പെടുന്ന കുട്ടികൾ
“ലോകത്തോടുള്ള ഒരു കുട്ടിയുടെ മനോഭാവം 3 വയസ്സിനു മുമ്പ് ആ കുട്ടിക്കു ലഭിക്കുന്ന പരിപോഷണത്തിന്റെ അളവിൽ വളരെയധികം ആശ്രയിച്ചിരിക്കുന്നു, ഫലത്തിൽ അതു മസ്തിഷ്കകോശങ്ങളിലും കുട്ടിയുടെ ആത്മവിശ്വാസത്തിലും ക്രിയാത്മകമായി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അവന്റെ പ്രാപ്തിയിലും ഒരു ഫലം ചെലുത്തുന്നു,” ടൊറന്റോയിലെ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ടു ചെയ്യുന്നു. “സാമ്പത്തികവും സാമൂഹികവുമായി താഴ്ന്ന അവസ്ഥകളിൽ ജീവിക്കുന്ന പ്രായംകുറഞ്ഞവർ ഫലോത്പാദകരും നന്നായി പൊരുത്തപ്പെടുന്നവരുമായി വളർന്നുവരാനുള്ള സാധ്യത കുറവാണ്.” പുരോഗമന ഗവേഷണത്തിനു വേണ്ടിയുള്ള കനേഡിയൻ ഇൻസ്ററിററ്യൂട്ടിന്റെ പ്രസിഡൻറായ ഡോ. ഫ്രേയ്സർ മസ്ററാഡ് പറയുന്നതനുസരിച്ച്, അത്തരം കുട്ടികൾ സ്കൂൾ പഠനം നിർത്താനും അക്രമത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനും ചായ്വു കാണിക്കാൻ ഏറെ സാധ്യതയുള്ളവരാണ്. “പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രാപ്തികൾ നിങ്ങൾ എത്ര നന്നായി വികസിപ്പിച്ചെടുക്കുന്നുവോ സമൂഹവുമായി ഇണങ്ങിപ്പോകാനുള്ള നിങ്ങളുടെ പ്രാപ്തിയുടെ മേൽ അതിന് അത്ര ശക്തമായ സ്വാധീനമുണ്ടായിരിക്കും,” അദ്ദേഹം പറഞ്ഞു. യേൽ സർവകലാശാലയും മോൺട്രിയോൾ സർവകലാശാലയും ചേർന്നു നടത്തിയ പഠനങ്ങൾ, “ഒരു കുട്ടിയുടെ ശാരീരികവും വിവേചനാപരവും വൈകാരികവുമായ വികസനത്തിനു വളരെ പ്രയോജനമുള്ളതാണു കുട്ടികളുമായുള്ള മാതാപിതാക്കളുടെ അർഥപൂർണമായ ഇടപെടൽ” എന്നു കാണിക്കുന്നതായി ഗ്ലോബ് പ്രസ്താവിക്കുന്നു.
യാത്ര ചെയ്യുമ്പോൾ ജാഗ്രതയോടെ ഇരിക്കുക
യാത്ര ചെയ്യുമ്പോൾ നിങ്ങൾക്കു ചുററും സംഭവിക്കുന്ന കാര്യങ്ങൾക്കു ശ്രദ്ധ നൽകുക. “ലഗേജുകൾ മോഷ്ടിക്കുന്നവർക്കും പോക്കററടിക്കാർക്കും മറവിക്കാരായ യാത്രക്കാരോടാണ് അനിയന്ത്രിതമായ പ്രിയമുള്ളത്,” ബ്രസീലിലെ ക്ലോഡിയ എന്ന മാസിക അറിയിക്കുന്നു. അതുപോലെതന്നെ, “ആരെങ്കിലും നിങ്ങളുമായി കൂട്ടിയിടിക്കുകയോ നിങ്ങളുടെ വസ്ത്രത്തിൻമേൽ എന്തെങ്കിലും തളിക്കുകയോ ചെയ്യുന്നെങ്കിൽ ജാഗ്രത പുലർത്തുക. ശ്രദ്ധയകററാനുള്ള കുപ്രസിദ്ധമായ തന്ത്രങ്ങളാണിവ.” മാത്രമല്ല, ആരെങ്കിലും നിങ്ങളോടു വിവരങ്ങൾ തിരക്കുകയോ സഹായമഭ്യർഥിക്കുകയോ ചെയ്യുന്നെങ്കിൽ ജാഗ്രത കൈവെടിയരുത്. നിസ്സാരമായ ഒരു അശ്രദ്ധ മതി നിങ്ങളുടെ ലഗേജ് നഷ്ടപ്പെടാൻ. സാവൊ പൗലോയിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഡ്രിയാനോ കലെയ്റോ പറയുന്നതനുസരിച്ച്, ഒരു വിമാനത്താവളത്തിൽ പരിശോധനയ്ക്കായി സ്യൂട്ട്കെയ്സുകൾ കാട്ടുമ്പോൾ, കാർ വാടകയ്ക്കു കൊടുക്കുന്ന കൗണ്ടറിൽ പേപ്പറുകൾ ഒപ്പിടുമ്പോൾ, ഹോട്ടലിൽ മുറിയെടുക്കുകയോ ഹോട്ടൽ വിട്ടുപോരുകയോ ചെയ്യുമ്പോൾ, കുട്ടികളെ ടാക്സിയിൽ കയററി ഇരുത്തുമ്പോൾ, കാഴ്ചയ്ക്കു വച്ചിരിക്കുന്ന വിൽപ്പന സാധനങ്ങൾ നോക്കുമ്പോൾ, അല്ലെങ്കിൽ ഒരു കപ്പ് ചായ കുടിക്കുമ്പോൾ, ഈ സമയങ്ങളിലെല്ലാം പ്രത്യേക ശ്രദ്ധ ആവശ്യമാണ്. താക്കോലുകൾ മോഷണം പോയാൽ ഉടൻതന്നെ പൂട്ടു മാറാൻ മാസിക മുന്നറിയിപ്പു നൽകുന്നു. ലഗേജ് കണ്ടുകിട്ടിയെന്നും പറഞ്ഞ് നഷ്ടപ്പെട്ട സാധനങ്ങൾ മുഴുവൻ കള്ളൻ കൊണ്ടുവന്നു തന്നേക്കാം, എന്നാൽ പിന്നീടു നിങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കടക്കാൻ വേണ്ടി അയാൾ താക്കോലുകളുടെ പകർപ്പുകൾ ഉണ്ടാക്കിയിരിക്കാം.
യാതൊരു ഉപദ്രവവും ഉദ്ദേശിക്കപ്പെടുന്നില്ല
ജപ്പാൻ സന്ദർശിക്കുന്ന അതിഥികൾ “വിദേശികൾ പാടില്ല” എന്ന ബോർഡുകൾ കാണുകയാണെങ്കിൽ സംഭ്രമിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യരുത്, എന്നാണ് പരാതികൾ കൈകാര്യം ചെയ്യുന്ന ജപ്പാൻ ഹെൽപ്പ്ലൈൻ എന്ന സംഘടന പറയുന്നത്. ഇത്തരം ബോർഡുകൾ മിക്കതും സ്ഥാപിക്കുന്നത് യഥാർഥത്തിൽ സഹായിക്കാൻ മനസ്സുള്ളവരാണ്. ഇത്തരം ചിന്തയുടെ ഒരു ഉദാഹരണമാണ് ടോക്കിയോയിലെ അക്കിഹാബാരായിലെ ഒരു ചെറിയ ഇലക്ട്രോണിക്സ് കടയുടമ നൽകിയ വിശദീകരണം: “എനിക്കു മററു യാതൊരു [വിദേശ ഭാഷയും] സംസാരിക്കാൻ അറിയില്ലാത്തതുകൊണ്ട് എന്റെ കടയിൽ വരുന്ന ജാപ്പനീസ് സംസാരിക്കാത്ത ആളുകൾക്ക് ഞാൻ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട്, ആളുകൾക്ക് അസൗകര്യമുണ്ടാകാതിരിക്കാൻ എനിക്കു ചെയ്യാൻ കഴിയുന്ന ഏററവും നല്ല സംഗതി അത്തരമൊരു ബോർഡ് സ്ഥാപിക്കുകയാണെന്നു ഞാൻ കരുതി.” ആസാഹി ഈവനിങ് ന്യൂസ് ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “മിക്കപ്പോഴും വിവേചനം ഉണ്ടാകുന്നത് ജപ്പാൻകാരല്ലാത്തവരുമായി സമ്പർക്കമില്ലാഞ്ഞ ആളുകൾക്കാണ്, അതുകൊണ്ട് അത്തരം സാഹചര്യത്തെ കൈകാര്യം ചെയ്യാൻ കഴിയുന്ന ഏററവും നല്ല വിധം വേണ്ട എന്നു പറയുന്നതാണെന്ന് അവർ ചിന്തിക്കുന്നു.”
വിദ്യാസമ്പന്നരായ കുഴലൂത്തുകാർ
എലികളെ കൊല്ലുന്നവരുടെ തസ്തികയിലേക്കുള്ള 76 തൊഴിലവസരങ്ങൾ നിറയ്ക്കാനുള്ള പരസ്യം കൊടുത്തപ്പോൾ ബോംബെ മുനിസിപ്പൽ കോർപ്പറേഷൻ ഒരു പ്രശ്നത്തെ അഭിമുഖീകരിച്ചു. “ആവശ്യമായതിലും കൂടുതൽ യോഗ്യതകൾ ഉണ്ടായിരുന്ന 40,000 അപേക്ഷകരിൽ ഭൂരിഭാഗവും ബിരുദധാരികളും പത്താംക്ലാസ്സുകാരും കോളെജ് പഠനം നിർത്തിയവരുമായിരുന്നു, അതേസമയം എലിയെ കൊല്ലുന്നവർക്കുള്ള വിദ്യാഭ്യാസ നിബന്ധന കേവലം പ്രൈമറി വിദ്യാഭ്യാസം മാത്രമായിരുന്നു,” ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ടു ചെയ്യുന്നു. “എലിയെ കൊല്ലുന്ന ഒരാളായി ഒരു ബിരുദധാരിയെ എങ്ങനെ ഞങ്ങൾക്കു നിയമിക്കാൻ കഴിയും?” ഒരു ഉദ്യോഗസ്ഥൻ ചോദിച്ചു. രാത്രിയിൽ എലികളെ തിരഞ്ഞുപിടിച്ചു കൊല്ലുന്നു, 25 എലിയെ കൊന്നാൽ കിട്ടുന്നത് 100 രൂപയാണ്. “ജോലിക്കാരെ നിയമിക്കുന്നതിനുള്ള കൂടുതൽ മെച്ചമായ ഒരു പദ്ധതി”യെക്കുറിച്ച് ആ കോർപ്പറേഷൻ ഇപ്പോൾ പരിചിന്തിക്കുകയാണ്. എന്നാൽ സിവിൽ അധികാരികൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം മാത്രമാണിത്. അവർക്കു മതപരമായ ഒരു പ്രശ്നം കൂടിയുണ്ട്. മൃഗങ്ങളെ കൊല്ലരുതെന്നു വിശ്വസിക്കുന്ന ജൈനമതത്തിലെയും അതുപോലെതന്നെ മററു മതങ്ങളിലെയും അംഗങ്ങൾ മനുഷ്യസ്നേഹപരമായ കാരണങ്ങളാൽ എലികളെ സംരക്ഷിക്കുന്നതിനു ജോലിക്കാരെ നിയമിക്കുകയാണ്.