ഞങ്ങളുടെ വായനക്കാരിൽ നിന്ന്
അധാർമികതകൊണ്ടു കളിക്കൽ “യുവജനങ്ങൾ ചോദിക്കുന്നു . . . അധാർമികതകൊണ്ടു കളിക്കൽ—എന്താണു ഹാനി?” (ഫെബ്രുവരി 8, 1994, ഇംഗ്ലീഷ്) എന്ന ലേഖനത്തിനു നന്ദി. ഞാനൊരു യുവാവുമായി ഡേററിങ്ങിൽ ഏർപ്പെടുകയായിരുന്നു, എന്നെ ചുംബിക്കുകയോ സ്പർശിക്കുകയോ ചെയ്യാത്തപക്ഷം അവൻ എന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്നു പ്രകടമാക്കാൻ അവനു കഴിയില്ലെന്ന് എന്നോടു പറയുമായിരുന്നു. ഞങ്ങൾ പരിധിക്കപ്പുറം പോയി, രണ്ടാഴ്ച മുമ്പ് അവൻ ഞങ്ങളുടെ വിവാഹം വേണ്ടെന്നുവെച്ചു. എനിക്കു വളരെ വേദന തോന്നി—ചൂഷണം ചെയ്യപ്പെട്ടതായും. ഞാൻ അത്രയ്ക്കു മണ്ടിയല്ലായിരുന്നെങ്കിലെന്നു ഞാനാശിച്ചു. എനിക്കു വളരെയധികം ആവശ്യമായിരുന്ന ഈ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിനു വളരെ നന്ദി.
എൻ. ആർ., ഐക്യനാടുകൾ
ഒരിക്കൽ കെട്ടിപ്പിടിക്കുന്നതിലും ചുംബിക്കുന്നതിലും ഞാൻ വളരെയധികം ഏർപ്പെട്ടു. പരസംഗത്തിൽ ഏർപ്പെടുന്ന ഘട്ടംവരെ പോകാത്തിടത്തോളം കാലം അത് അപകടരഹിതമാണെന്നു ഞാൻ വിചാരിക്കുകയും ചെയ്തു. നമുക്കു ദൈവത്തെ പരിഹസിക്കാൻ സാധ്യമല്ലെന്നും അവൻ സർവകാര്യവും അറിയുന്നുവെന്നും വിലമതിക്കാൻ ആ ലേഖനം എന്നെ സഹായിച്ചു.
ററി. ജെ., നൈജീരിയ
നിങ്ങളുടെ വിശ്വാസത്തിൽപ്പെട്ട ആളുകളെ കണ്ടുമുട്ടുമ്പോഴെല്ലാം ഞാൻ ഉണരുക!യുടെ ഒരു പ്രതി വാങ്ങാറുണ്ട്. 1994 ഫെബ്രുവരി 8 ലക്കത്തിന്റെ കാര്യത്തിലും അതു സത്യമായിരുന്നു. അധാർമികതയെക്കുറിച്ചുള്ള ലേഖനം എന്നിൽ മതിപ്പുളവാക്കി. എന്റെ ഇവാഞ്ചിലിക്കൽ ലൂഥറൻ സഭയുടെ പ്രസിദ്ധീകരണങ്ങൾ അത്തരം വിഷയങ്ങളെക്കുറിച്ചു പ്രതിപാദിക്കാറേയില്ല, പകരം പുരുഷസ്വവർഗസംഭോഗികൾക്കും സ്ത്രീസ്വവർഗസംഭോഗികൾക്കും വളംവെച്ചു കൊടുക്കുകയാണ്. നിങ്ങളുടെ മാസികകളിൽ മററുള്ളവർക്കു നിഷിദ്ധമായ അത്തരം വിഷയങ്ങളെ നിങ്ങൾ തുറന്നുകാട്ടുന്നു. നിങ്ങളുടെ ധൈര്യവും ശക്തമായ വിശ്വാസവും ഞാൻ വളരെ വിലമതിക്കുന്നു.
എച്ച്. എസ്., ജർമനി
“യുവജനങ്ങൾ ചോദിക്കുന്നു . . . ‘പരിധിക്കപ്പുറം,’ എന്നാൽ എത്രത്തോളം?” (ഫെബ്രുവരി 8, 1994) എന്ന ലേഖനത്തിനു ഹൃദയംഗമമായ നന്ദി. ഒരു യുവക്രിസ്തീയ മനുഷ്യനുമായി ഞാൻ ഡേററിങ് നടത്തുകയാണ്. ഞങ്ങളുടെ ജനസമുദായത്തിൽ ചുംബനവും കെട്ടിപ്പിടുത്തവും സാധാരണമാണെങ്കിൽപ്പോലും തുടക്കം മുതലേ ഞങ്ങൾ പരസ്പരം പരിധികൾ വെച്ചു. യഹോവയുടെ നീതിയുള്ള നിലവാരങ്ങൾ പിൻപററുക എന്നത് എളുപ്പമല്ല, ഈ ലേഖനം പലരെയും സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്.
പി. എസ്. എഫ്., ബ്രസീൽ
എനിക്ക് 26 വയസ്സുണ്ടെങ്കിലും “യുവജനങ്ങൾ ചോദിക്കുന്നു . . .” ലേഖനങ്ങൾ എനിക്കു വളരെ മൂല്യമുള്ളവയാണ്. ഈ പ്രത്യേക ചോദ്യം എന്നിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. പരിധിക്കപ്പുറം എത്രത്തോളം ആണ് എന്ന് ഈ ലേഖനം വളരെ കണിശമായും വ്യക്തമായും പറയുന്നതിൽ എനിക്കു സന്തോഷമുണ്ട്!
വി. വി., ബെൽജിയം
ചതുപ്പുനിലങ്ങൾ “ലോകത്തിലെ ചതുപ്പുനിലങ്ങൾ—ആവാസവ്യവസ്ഥയിലെ നിക്ഷേപങ്ങൾ ആക്രമിക്കപ്പെടുന്നു” (ജനുവരി 22, 1994, ഇംഗ്ലീഷ്) എന്ന ലേഖനമാണ് എന്നെ എഴുതാൻ പ്രേരിപ്പിച്ചത്. യഹോവയുടെ സൃഷ്ടിയെ അതിന്റെ സമ്പൂർണ അഴകോടെ നിലനിർത്താനുള്ള നമ്മുടെ കടപ്പാടിന് ഊന്നൽ നൽകാൻ ആ ഫോട്ടോകൾ എന്നെ സഹായിച്ചു. ഉടൻതന്നെ ദൈവം ‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കു’മെന്നതിൽ ഞാൻ സന്തുഷ്ടയാണ്.—വെളിപ്പാടു 11:18.
ഇസ്സഡ്. സി. ബി. എസ്., ബ്രസീൽ
കൗമാരപ്രായത്തിലുള്ള ഒരു ആൺകുട്ടിയാണു ഞാൻ. ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രകൃതിക്കു ശോഷണം സംഭവിക്കുകയാണെന്ന് ആ ലേഖനം വായിച്ചു ഞാൻ മനസ്സിലാക്കി. തങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ മനുഷ്യർ സംസാരിക്കുന്നുണ്ടെങ്കിൽ പോലും അവർ അപ്രാപ്തരാണെന്നു ഞാൻ മനസ്സിലാക്കുന്നു. അതുകൊണ്ട്, ദൈവത്തിന്റെ ഭാവി പറുദീസയിൽ ആയിരിക്കാൻ കഴിയത്തക്കവണ്ണം എനിക്കാവുന്നതിന്റെ പരമാവധി ചെയ്യാൻ ഞാനാഗ്രഹിക്കുന്നു.
വൈ. കെ., ജപ്പാൻ
ഉണരുക! വായിക്കുന്നതിന്റെ സുഖം അതിന്റെ ഉള്ളടക്കത്തിൽനിന്നു മാത്രമല്ല അതിന്റെ ഘടനയിൽനിന്നും അവതരണത്തിൽനിന്നും കൂടെയാണ് വരുന്നത് എന്നതിന്റെ ഒരു നല്ല ഉദാഹരണമായിരുന്നു നിങ്ങളുടെ ലേഖനം: വളരെ നല്ല ഫോട്ടോഗ്രഫി, വൃത്തിയും ചിട്ടയുമുള്ള ലേഔട്ടുകൾ. നിങ്ങൾക്കു നന്ദി.
എം. ഇ., കാനഡ
തടങ്കൽപ്പാളയത്തെ അതിജീവിച്ച വ്യക്തി “ദൈവത്തിങ്കലെ വിശ്വാസത്താൽ സംരക്ഷിക്കപ്പെട്ടു” (ഫെബ്രുവരി 22, 1994, ഇംഗ്ലീഷ്) എന്ന ഫെലിക്സ് ബോറിസിന്റെ അനുഭവം എനിക്കു വളരെയധികം പ്രോത്സാഹനം പകർന്നു. അതു വായിച്ചപ്പോൾ അക്ഷരാർഥത്തിൽ എന്റെ വികാരങ്ങൾ ഉണർന്നു, കണ്ണുനീർ നിയന്ത്രിക്കാൻ എനിക്കു പാടുപെടേണ്ടിവന്നു. പരിശോധനയിൻ കീഴിൽ സഹിച്ചുനിൽക്കാനുള്ള ശക്തി അതെനിക്കു പ്രദാനം ചെയ്തിരിക്കുന്നു.
എ. സി., ഇററലി
യഹോവയിൽ ആശ്രയം വയ്ക്കുന്നവരെ സംരക്ഷിക്കാനുള്ള അവന്റെ ശക്തിയെ കൂടുതൽ വിലമതിക്കാൻ ആ ലേഖനം എന്നെ സഹായിച്ചിരിക്കുന്നു. ഫെലിക്സ് ബോറിസിന്റെ പ്രാർഥനകൾക്കു യഹോവ ഉത്തരം നൽകിയ അത്ഭുതകരമായ വിധത്തെക്കുറിച്ചു വായിക്കുന്നതു ഹൃദയസ്പർശിയായിരുന്നു!
ഇ. എഫ്., സ്വീഡൻ