നിങ്ങളൊരു സുരക്ഷിത ഡ്രൈവറാണോ?
ഒരു കാറിന്റെ സ്ററിയറിങ് വളയത്തിനു പിന്നിലായിരിക്കുമ്പോഴത്തെ നിങ്ങളുടെ മനോഭാവത്തിനു ഡ്രൈവു ചെയ്യാനുള്ള നിങ്ങളുടെ പ്രാപ്തിയെ ശക്തമായി സ്വാധീനിക്കാൻ കഴിയും. 17-നും 20-നും ഇടയ്ക്കു പ്രായമുള്ള ബ്രിട്ടീഷുകാരായ ആണുങ്ങളിൽ 22 ശതമാനം പേർ ഓരോ വർഷവും ചുരുങ്ങിയത് ഒരു റോഡപകടത്തിലെങ്കിലും അകപ്പെടുന്നുവെന്ന് ബ്രിട്ടീഷ് ഓട്ടോമൊബൈൽ അസ്സോസിയേഷൻ നടത്തിയ ഒരു പഠനം വെളിപ്പെടുത്തി.
സുരക്ഷിതത്ത്വമില്ലാത്ത അവരുടെ ഡ്രൈവിങ് ശീലങ്ങളിലെ പ്രമുഖ ഘടകങ്ങൾ എന്തെല്ലാമാണ്? മദ്യം, മാനസികാവസ്ഥയിലെ വ്യതിയാനങ്ങൾ, ഉച്ചത്തിലുള്ള സംഗീതം ഇവയ്ക്കു പുറമേ, ഓട്ടോമൊബൈൽ അസ്സോസിയേഷന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറലായ കെന്നത്ത് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “അപകടകരമാംവിധം ഡ്രൈവു ചെയ്യാൻ വളരെയധികം പേരെ തരപ്പടിക്കാർ സ്വാധീനിക്കുന്നു.” തത്ഫലമായി, പരിശീലനം നൽകുമ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഡ്രൈവിങ് രീതികളെക്കാളും ഡ്രൈവറുടെ മനോഭാവത്തിലായിരിക്കണമെന്ന് ഓട്ടോമൊബൈൽ അസ്സോസിയേഷൻ ശുപാർശ ചെയ്യുന്നു.
ഉദാഹരണത്തിന്, നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ഒന്നിനെയും വകവെക്കാതെ സാഹസങ്ങളിൽ ഏർപ്പെട്ടുകൊണ്ട് എന്റെ കാറിലെ യാത്രക്കാരിൽ മതിപ്പുളവാക്കാൻ ഞാൻ ശ്രമിക്കുന്നുവോ? സ്ററിയറിങ് വളയത്തിനു പിന്നിലെ എന്റെ സ്വഭാവത്തെ എന്റെ മാനസികാവസ്ഥ സ്വാധീനിക്കുന്നുവോ? റോഡിലെ മററു ഡ്രൈവർമാരെ കടത്തിവെട്ടേണ്ട തടസ്സങ്ങളായി മാത്രം ഞാൻ കാണുന്നുവോ?’ അത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങൾ ഏതുതരം ഡ്രൈവറാണെന്നു വെളിപ്പെടുത്തും.
പുരുഷനോ സ്ത്രീയോ, ചെറുപ്പക്കാരനോ പ്രായമുള്ളവനോ, ആയിരുന്നാലും ഡ്രൈവു ചെയ്യുമ്പോൾ മററുള്ളവരോട് അയൽസ്നേഹത്തോടു കൂടിയ ഒരു മനോഭാവം വളർത്തിയെടുക്കുക. “മററാളുകൾ നിങ്ങളോട് എങ്ങനെ പെരുമാറാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെതന്നെ അവരോടു പെരുമാറുക.” (മത്തായി 7:12, ഫിലിപ്സ്) അങ്ങനെ ചെയ്യുമ്പോൾ സുരക്ഷിതമായി ഡ്രൈവു ചെയ്യാൻ അതു നിങ്ങളെ സഹായിക്കും.