ലോകത്തെ വീക്ഷിക്കൽ
ശ്വാന “ആത്മഹത്യക”ളുടെ രഹസ്യം
അർജൻറീനയിലെ റൊസാറിയോയിലുള്ളവർ ആ നഗരത്തിലെ അനേകം നായ്ക്കൾ “ആത്മഹത്യ” ചെയ്യാൻ ശ്രമിക്കുന്നതായി കാണപ്പെടുന്നതിന്റെ വിശ്വസനീയമായ ഒരു വിശദീകരണം തേടുകയാണ്. ഈ പ്രശ്നം കൂടുതലും കാണുന്നത് പാർക്കെ ഡെ എസ്പാനിയ എന്നറിയപ്പെടുന്ന റൊസാറിയോയിലെ പ്രസിദ്ധമായ പാർക്കിലാണ്. ആ പാർക്കിലെ ഉലാത്താനുള്ള സ്ഥലം പരാനാ നദിയെക്കാൾ 27 മീററർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഒരു വർഷത്തെ കാലയളവിൽ, ഏതാണ്ട് 50 നായ്ക്കൾ അവയുടെ യജമാനൻമാരിൽനിന്ന് അകന്നുമാറി ഉലാത്തുന്നതിനുള്ള ആ സ്ഥലത്തിന്റെ വക്കിലേക്ക് ഓടിച്ചെന്ന് ചാടിച്ചത്തു. എന്നിരുന്നാലും വിദഗ്ധർ പറയുന്നതനുസരിച്ച്, സ്വയം ചാകണോ എന്നു തീരുമാനിക്കാൻ തക്കവണ്ണം പ്രാപ്തിയുള്ളവയല്ല നായ്ക്കൾ. മറിച്ച്, അൾട്രാസൗണ്ട് കേട്ടോ പക്ഷികളുടെയോ നദിയിലെ ബോട്ടുകളുടെയോ ചലനം കണ്ടോ ആണ് നായ്ക്കൾ വശീകരിക്കപ്പെടുന്നത് എന്നാണു മൃഗഡോക്ടർമാർ കരുതുന്നത്. വക്കിലേക്ക് ഓടിയടുക്കുന്ന അവ അപകടം തിരിച്ചറിയുന്നതിനു മുമ്പ് താഴേക്കു പതിച്ചിരിക്കും.
വ്യക്തിപരമായ സുരക്ഷാ സംവിധാനങ്ങൾ
ദ ടൊറൊന്റോ സ്ററാർ പറയുന്നതനുസരിച്ച്, സംരക്ഷണത്തിനു വേണ്ടി കാനഡാക്കാർ കൊണ്ടുനടക്കാവുന്ന സുരക്ഷാ സംവിധാനങ്ങൾ വാങ്ങുകയാണ്. പ്രസിദ്ധമായ ഇനങ്ങളിൽ പെട്ടതാണ് “ഒച്ചകേൾപ്പിക്കു”കയോ “വിളിച്ചുകൂകുക”യോ ചെയ്യുന്ന—ഉയർന്ന ആവൃത്തിയിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന—വ്യക്തിഗതമായ അലാറങ്ങൾ. അക്രമിയെ പിന്തിരിപ്പിക്കാൻ ഉദ്ദേശിച്ച് വൃത്തികെട്ട മണമുള്ള രാസപദാർഥങ്ങൾ അടങ്ങിയ ചെറിയ കുപ്പികളും ലഭ്യമാണ്. എയ്റോസോൾ ഡൈകളുമുണ്ട്, പച്ചച്ചായം അക്രമിയുടെമേൽ തളിക്കുന്നതുവഴി അയാളെ പിന്നീടു തിരിച്ചറിയാൻ ഇതു സഹായിക്കും. എന്നിരുന്നാലും, “വ്യക്തിപരമായ സുരക്ഷിതത്ത്വത്തിനുള്ള സാധനങ്ങൾ ഒരു വ്യക്തി അക്രമാസക്തമായ കുററകൃത്യത്തിന് ഇരയാകുകയില്ലെന്ന് ഉറപ്പുവരുത്തുന്നില്ല. സാങ്കേതികവിദ്യയെക്കാൾ ഏറെ പ്രധാനം സാമാന്യബോധത്തോടെയുള്ള മുൻകരുതലുകളാണെന്നു പൊലീസ് പറയുന്നു” എന്നു സ്ററാർ സമ്മതിക്കുന്നു.
കൃഷി ചെയ്യുന്നതിന്റെ ആരോഗ്യ അപകടങ്ങൾ
കുമിൾനാശിനികൾ, കളനാശിനികൾ, കീടനാശിനികൾ തുടങ്ങിയവ വിളനഷ്ടം കുറയ്ക്കാൻ കർഷകരെ സഹായിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഓരോ വർഷവും ഏതാണ്ട് 40,000 ഫാം തൊഴിലാളികളുടെ മരണത്തിനു നേരിട്ടു കാരണമായിരിക്കുന്നത് കൃഷിക്ക് ഉപയോഗിക്കുന്ന രാസപദാർഥങ്ങളാണെന്ന് അന്തർദേശീയ തൊഴിലാളി സംഘടനയുടെ ഒരു റിപ്പോർട്ടു പറയുന്നു. അവരെക്കൂടാതെ വേറെ 35 മുതൽ 50 വരെ ലക്ഷം ആളുകളുടെ ആരോഗ്യത്തെ ഈ രാസപദാർഥങ്ങൾ ഹാനികരമായി ബാധിക്കുന്നുവെന്നു കണക്കാക്കപ്പെടുന്നു.
ആംഗ്ലിക്കൻ പുരോഹിതൻമാരും അവരുടെ മനുഷ്യനിർമിത ദൈവവും
അടുത്ത കാലത്തു ചർച്ച് ഓഫ് ഇംഗ്ലണ്ട് ഒരു പുരോഹിതനെ ഡിസ്മിസ് ചെയ്തു. ആ പുരോഹിതൻ ഒരു പ്രകൃത്യാതീത ദൈവത്തിലും ബൈബിളിന്റെ ആധികാരികതയിലും രക്ഷകനായ യേശുവിലുമുള്ള അവിശ്വാസം പരസ്യമായി പഠിപ്പിക്കുകയായിരുന്നു. ബൈബിൾ പഠിപ്പിക്കലുകളോടും സഭയുടെ ഉപദേശങ്ങളോടും അദ്ദേഹം തുറന്ന അനാദരവ് കാട്ടിയെങ്കിലും, അദ്ദേഹത്തെ ഡിസ്മിസ് ചെയ്തത് മററു പുരോഹിതൻമാരിൽ സഹതാപകരമായ ഒരു പ്രതികരണമാണ് ഉളവാക്കിയത്. ആ വിവാദപുരുഷനെ പുരോഹിതനായി തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ 75 പുരോഹിതൻമാർ ചേർന്ന് ഒരു കത്ത് ഒപ്പിട്ടുകൊടുത്തു. ഒരു പ്രകൃത്യാതീത ദൈവത്തിൽ വിശ്വസിക്കാത്ത നൂറുകണക്കിനു സഹ ആംഗ്ലിക്കൻ പുരോഹിതൻമാരുണ്ടെന്ന് ചില പുരോഹിതൻമാർ അവകാശപ്പെടുന്നു.
ആഗോള അരക്ഷിതത്ത്വം
സാമൂഹിക വികസനത്തിനു വേണ്ടി 1995 മാർച്ചിൽ നടക്കാനിരിക്കുന്ന ലോക ഉച്ചകോടി സമ്മേളനത്തോടനുബന്ധിച്ച് യുഎൻഡിപി മാനവ സുരക്ഷിതത്ത്വത്തെക്കുറിച്ചുള്ള അതിന്റെ ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ട് ഒരു വാർത്താകുറിപ്പു പുറത്തിറക്കി. മനുഷ്യ വികസന റിപ്പോർട്ട് 1994-നെ (ഇംഗ്ലീഷ്) അടിസ്ഥാനമാക്കി ആ വാർത്താക്കുറിപ്പ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഈ നൂററാണ്ടിന്റെ ആരംഭത്തിൽ, യുദ്ധത്തിൽ മരിച്ച ഏതാണ്ട് 90 ശതമാനം പേരും പട്ടാളക്കാരായിരുന്നു. ഇന്ന് ഏതാണ്ട് 90 ശതമാനം പേരും സാധാരണ പൗരൻമാരാണ്—തുലാസ്സിലെ വിനാശകരമായ ഒരു തിരിവാണിത്.” എവിടെ ജീവിച്ചാലും മമനുഷ്യന്റെ സുരക്ഷിതത്ത്വം ഭീഷണിയിലാണെന്ന് യുഎൻഡിപി സമ്മതിക്കുന്നു. “ക്ഷാമങ്ങൾ, വംശീയ സംഘട്ടനങ്ങൾ, സാമൂഹിക വിഘടനം, ഭീകരപ്രവർത്തനം, മലിനീകരണം, മയക്കുമരുന്നു കള്ളക്കടത്ത് തുടങ്ങിയവ ഒററപ്പെട്ട സംഭവങ്ങളല്ല, ദേശീയ അതിർത്തികൾക്കുള്ളിൽ പരിമിതപ്പെട്ടതുമല്ല. അവയുടെ പരിണതഫലങ്ങൾ ലോകമെമ്പാടും വ്യാപിക്കുന്നു” എന്നു മനുഷ്യ വികസന റിപ്പോർട്ട് കൂട്ടിച്ചേർത്തു.
അലഞ്ഞുതിരിയുന്ന പിററ്ബുൾ നായ്ക്കൾ
ഐക്യനാടുകളിലെ പല കിഴക്കൻ നഗരങ്ങളിലും തെരുവുകളിൽ അലഞ്ഞുതിരിയുന്ന അപകടകാരികളായ പിററ്ബുൾ നായ്ക്കളെക്കൊണ്ടുള്ള ശല്യം വർധിച്ചുവരികയാണെന്ന് ദ ന്യൂയോർക്ക് ടൈംസ് പറയുന്നു. എല്ലാ പിററ്ബുൾ നായ്ക്കളും അവശ്യം അപകടകാരികളല്ല എന്ന് ശ്വാനനിയന്ത്രണ ഓഫീസിലെ ഒരുദ്യോഗസ്ഥനായ ടോം സൈമൺ വിശദീകരിക്കുന്നു. “നന്നായി പരിശീലിപ്പിക്കുകയാണെങ്കിൽ, അവ യഥാർഥത്തിൽ ശാന്തസ്വഭാവമുള്ള നായ്ക്കൾ, വളരെ നല്ല ഓമനമൃഗങ്ങൾ ആയിത്തീരും,” അദ്ദേഹം പറഞ്ഞു. എന്നാൽ, മേൽ പരാമർശിച്ച അപകടകാരികളായ നായ്ക്കൾ ഉഗ്രസ്വഭാവമുള്ള പോരാളികളായിരിക്കാനുള്ള സഹജവാസനയുള്ളവയാണ്, മാത്രമല്ല അങ്ങനെ ആയിത്തീരാൻ അവയെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. ചില നായ്ക്കളെ “കൂടുതൽ ഭ്രാന്തമാക്കാൻ” മൃഗീയമായി പീഡിപ്പിക്കാറുണ്ട് എന്ന് ഒരു വിദഗ്ധൻ വിശദീകരിച്ചു. ഉഗ്രമായ, അക്രമാസക്തമായ, നായ്പോരാട്ടങ്ങളിൽ പങ്കെടുത്തശേഷം വീണ്ടും പോരാടാൻ പല നായ്ക്കൾക്കും കഴിവില്ല. അങ്ങനെ വരുമ്പോൾ, മിക്കപ്പോഴും ഉടമകൾ ആ പിററ്ബുൾ നായ്ക്കളെ തെരുവുകളിൽ അലഞ്ഞുതിരിയാൻ വിടുന്നു.
ഓസ്ട്രേലിയയിൽ പുതിയ സഭൈക്യ പള്ളിസംഘം
1946-ൽ ഓസ്ട്രേലിയയിലെ പല സഭകൾ ചേർന്ന് ഓസ്ട്രേലിയൻ സഭാ കൗൺസിൽ രൂപീകരിച്ചു. അതിൽ റോമൻ കത്തോലിക്കാ സഭ ഒരംഗമായിരുന്നില്ല, എന്നാൽ അനേക വർഷങ്ങളോളം ഒരു നിരീക്ഷക പദവി അതിനുണ്ടായിരുന്നു. 50 വർഷത്തിനുശേഷം ഇപ്പോൾ കൗൺസിലിന് ഒരു പുതിയ പേരിട്ടിരിക്കുന്നു. ഓസ്ട്രേലിയയിലെ സഭകളുടെ ദേശീയ കൗൺസിൽ എന്ന്. അതിലെ അംഗമായി ഒരു സഭ കൂടി ചേർന്നു—കത്തോലിക്കാ സഭ. പുതിയ സംഘത്തിൽ ചേരാൻ ലൂഥറൻ സഭയെ ക്ഷണിച്ചിരുന്നു, എന്നാൽ അതു ക്ഷണം നിരസിച്ചു, കാരണം അതിലെ വേണ്ടത്ര അംഗങ്ങൾക്ക് ആ നീക്കത്തോടു യോജിപ്പ് ഉണ്ടായിരുന്നില്ല. പുതിയ കൗൺസിലിന്റെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡേവിഡ് ഗിൽ അവരെക്കുറിച്ചു “ഭ്രാന്തനെപ്പോലെ പ്രാർഥിക്കുന്ന”തായി പറയുകയുണ്ടായെന്നും “അത് അതിൽത്തന്നെ ഒരു മാററമാണെന്നു ഞാൻ ഊഹിക്കുന്നു” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തുവെന്നും ദ സിഡ്നി മോണിങ് ഹെരാൾഡ് അഭിപ്രായപ്പെട്ടു. മുൻ കൗൺസിലിന്റെ “ഏതാണ്ടൊരു രാഷ്ട്രീയ പ്രതിച്ഛായ”യെക്കുറിച്ച് അദ്ദേഹം പറയുകയായിരുന്നു. “സുവിശേഷം പ്രചരിപ്പിക്കുന്നതിനെക്കാൾ ഊന്നൽ സാമൂഹിക നീതിക്കാണ് നൽകുന്ന”തെന്നതുപോലെ തോന്നുന്നു എന്നു പറയപ്പെട്ടു. ആ പത്രം ഇങ്ങനെ കൂട്ടിച്ചേർക്കുകയുണ്ടായി: “‘സുവിശേഷ വാദവിഷയങ്ങൾ’ എന്നു പ്രൊട്ടസ്ററൻറുകാർ വിളിക്കുന്നതിനു തുടക്കമിടുന്നതിലുള്ള പരാജയം ഇപ്പോഴും പരിഹരിക്കപ്പെടാതെ നിലകൊള്ളുന്ന ഒരു വലിയ വിടവ് സൃഷ്ടിച്ചിരിക്കുന്നു.”
ഉടമസ്ഥരില്ലാത്ത ലഗേജ്
പ്രമുഖ യു.എസ്. എയർലൈൻസ് കമ്പനികളിൽ കിട്ടുന്ന ഉടമസ്ഥരില്ലാത്ത ലഗേജെല്ലാം എന്തു ചെയ്യുന്നു? അലബാമയിലുള്ള അൺക്ലെയിംഡ് ബാഗ്ഗേജ് സെൻറർ എന്നറിയപ്പെടുന്ന ഒരു കമ്പനിയായ സ്കോട്ട്സ്ബോറോയ്ക്കു വിൽക്കുന്നു. അവിടെവെച്ച് ലഗേജ് തുറന്ന് വൃത്തിയാക്കി പണമുണ്ടോയെന്നു പരിശോധിച്ചിട്ട് പൊതുജനത്തിനു മറിച്ചുവിൽക്കുന്നു. “അൺക്ലെയിംഡ് ബാഗ്ഗേജ് സെൻററിൽ ഒന്നു പോയിനോക്കിയാൽ മതി, ഒരൊററ ലഗേജു മാത്രം കൊണ്ടുപോകാൻ ഏററവും കരുതലുള്ള വ്യോമസഞ്ചാരിയെപ്പോലും അതു പ്രേരിപ്പിക്കും,” ദ വാൾ സ്ട്രീററ് ജേണൽ പറയുന്നു. “ഭീമാകാരമായ നാലു സെയിൽസ് നിലകളിൽ രോമംകൊണ്ടുള്ള കോട്ടുകളും മീൻ പിടിക്കുന്ന ചൂണ്ടകളും മുതൽ ടി-ഷർട്ടുകളും ക്യാമറകളും വരെ ഉണ്ട്. . . . വറക്കുന്നതിനുള്ള ഇലക്ട്രിക് പാത്രങ്ങളും സൗന്ദര്യവർധക സാമഗ്രികളും മ്ലാവിന്റെ കൊമ്പുകളും ഹംഗറിയിലെ നാടോടിപ്പാട്ടുകളടങ്ങിയ ടേപ്പുകളും, ശവപ്പെട്ടി പോലും, അവിടെ കാണാം.” എയർലൈൻസ് ഏതാണ്ട് 20 ലക്ഷം ബാഗുകൾ ഒരു ദിവസം കൈകാര്യം ചെയ്യുന്നുണ്ട്. അവയിൽ ഏതാണ്ട് 10,000 മുതൽ 20,000 വരെ സാധനങ്ങൾ അവർ തെററായ വിലാസത്തിൽ അയയ്ക്കുകയോ സ്ഥലംമാററി വെക്കുകയോ ചെയ്യുന്നുവെങ്കിലും ഉടമസ്ഥർക്കു നഷ്ടപ്പെടുന്നത് 200-ൽത്താഴെ സാധനങ്ങൾ മാത്രമാണ്. നഷ്ടപ്പെട്ട സാധനങ്ങൾ തിരിച്ചു കിട്ടുന്നതിന് അവ അവകാശപ്പെടാൻ യാത്രക്കാർക്കു മൂന്നു മാസത്തെ സമയമുണ്ട്. ആ സമയപരിധി കഴിഞ്ഞാൽ അവ വിൽക്കുന്നു. “സ്കോട്ട്സ്ബോറോയിലേക്ക് അയയ്ക്കുന്ന സാധനങ്ങളുടെ ഉടമകളെ കണ്ടെത്താൻ തങ്ങൾക്കു കഴിയുന്നില്ലെന്ന് എയർലൈൻസ് പറയുന്നു, അതേസമയം വിൽപ്പനയ്ക്കു വെക്കുന്നതിനു മുമ്പായി ലഗേജുകളിൽനിന്നു പേരുകളും വിലാസങ്ങളും കീറിക്കളയാനും ചുരണ്ടിക്കളയാനും തങ്ങൾ മണിക്കൂറുകൾ ചെലവഴിക്കുന്നതായി ക്ലർക്കുമാർ പറയുന്നു,” ജേണൽ പ്രസ്താവിക്കുന്നു.
പണം വാരിക്കൂട്ടുന്ന സ്മാരകമന്ദിരം
തെക്കൻ ജപ്പാനിലുള്ള ഒരു ചെറിയ, താരതമ്യേന, അറിയപ്പെടാത്ത ഒരു ദ്വീപ് പെട്ടെന്ന് പ്രസിദ്ധമായിത്തീർന്നിരിക്കുന്നു, പ്രാദേശിക ഷിന്റോ സ്മാരകമന്ദിരത്തിന്റെ പേരിൽ. ഹോട്ടോ എന്ന അതിന്റെ പേരിന്റെ അർഥം “നിക്ഷേപമുണ്ടാക്കുക” എന്നാണ്. ഒരു പൊതുജനസംഘം ഇതിനെ ഉപയോഗപ്പെടുത്തിയിരിക്കുന്നു; അതിന്റെ ഫലം അവരുടെ ഏററവും വലിയ സ്വപ്നങ്ങളെയും കടത്തിവെട്ടുന്നതായിരുന്നു. ആളുകൾക്കു തങ്ങളുടെ ലോട്ടറി ടിക്കററുകൾ ഇട്ടുവെക്കാൻ കഴിയുന്ന ബാഗുകൾ വിൽക്കാൻ അവർ ക്രമീകരണം ചെയ്തു. സ്മാരകമന്ദിരത്തിൽനിന്നു വാങ്ങുന്ന ഈ “ഭാഗ്യ ബാഗുകൾ” ഉപയോഗിച്ചാൽ, അതു ലോട്ടറിയിൽ സൗഭാഗ്യം ഉറപ്പുവരുത്തുമെന്ന് അവർ പറഞ്ഞു. അന്നുമുതൽ, “ലോട്ടറിയെടുത്ത് വമ്പിച്ച തുകകൾ സമ്പാദിക്കാനാഗ്രഹിക്കുന്നവർ വലിയ കൂട്ടങ്ങളായി ഹോട്ടോ സ്മാരകമന്ദിരം സന്ദർശിക്കുകയാണ്,” ആസാഹി ഈവനിങ് ന്യൂസ് പറയുന്നു. എന്നിരുന്നാലും, പണം വാരിക്കൂട്ടുന്നത് ഈ “ജനങ്ങ”ളല്ല, പിന്നെയോ ഓരോ ബാഗും 10-ഉം 30-ഉം ഡോളർ വിലയ്ക്കു വിൽക്കുന്ന ഈ സ്മാരകമന്ദിരമാണ്.
കല്ലു പാകിയ ഏററവും പഴക്കമുള്ള റോഡ്, ഈജിപ്തിൽ
കെയ്റോയ്ക്ക് 69 കിലോമീററർ തെക്കുപടിഞ്ഞാറു മാറി മരുഭൂമിക്കു കുറുകെ 12 കിലോമീററർ നീളത്തിൽ കല്ലുപാകിയ റോഡ് ഗവേഷണം നടത്തുന്ന ഭൂശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. ചുണ്ണാമ്പുകല്ല്, കരിങ്കല്ല്, കടുപ്പപ്പെടുത്തിയ തടി എന്നിവയുടെ ഫലകങ്ങൾ പാകിയ ഈ പുരാതന റോഡ് പൊ.യു.മു. ഏതാണ്ട് 2600–2200 കാലഘട്ടത്തിലേതാണെന്നു കണക്കാക്കപ്പെടുന്നു, അത് ഓൾഡ് കിങ്ഡത്തിന്റെ കാലഘട്ടമായിരുന്നു. അതിനു ശരാശരി രണ്ടു മീററർ വീതിയുണ്ട്. വെള്ളപ്പൊക്കസമയത്തു നൈൽ നദിയുമായി ബന്ധപ്പെട്ടുകിടന്നിരുന്ന ഒരു പുരാതന തടാകത്തിന്റെ കരയിലേക്ക് ഒരു വലിയ കരിങ്കൽമടയിൽനിന്നു ഭാരമേറിയ കല്ലുകൾ കൊണ്ടുവരുന്നതിനു വേണ്ടിയാണ് ഈ റോഡ് പണിതത്. ആ തടാകം ഇന്നു നിലവിലില്ല. കല്ലുകൊണ്ടുള്ള ശവപ്പെട്ടി ഉണ്ടാക്കുന്നതിനും ഗിസ്സാ മോർച്ചറി ആലയങ്ങളുടെ ഉള്ളിൽ പാകുന്നതിനും വേണ്ടി പുരാതന ഈജിപ്തിലെ ഭരണാധികാരികൾക്കു വളരെ പ്രിയപ്പെട്ടതായിരുന്നു ഈ കല്ലുകൾ. “പുരാതന ഈജിപ്തിന്റെമേൽ ആരോപിക്കാൻ കഴിയുന്ന മറെറാരു സാങ്കേതിക വിജയമിതാ,” ഭൂമിശാസ്ത്ര പ്രൊഫസറായ ഡോ. ജയിംസ് എ. ഹാരെൽ പറഞ്ഞു. നല്ല നിരപ്പുള്ള കല്ലുകൾകൊണ്ടു ക്രേത്തയിൽ പണിത റോഡിന് പൊ.യു.മു. 2000-ത്തെക്കാൾ പഴക്കമില്ല. അതായിരുന്നു മുമ്പ് അറിയപ്പെട്ടിരുന്ന ഏററവും പഴക്കമുള്ള കല്ലുപാകിയ റോഡ്.