നല്ല ആഹാരത്തിനു നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ കഴിയുന്ന വിധം
നല്ല പോഷണം ലഭിക്കുന്ന ഒരു കുട്ടിയെ കാണുന്നത് എന്തൊരു സന്തോഷമാണ്! എന്നിരുന്നാലും ആരോഗ്യമുള്ള ഒരു കുട്ടി യാദൃച്ഛികമായിട്ടല്ല ആരോഗ്യമുള്ളതായിരിക്കുന്നത്. “ലളിതമെങ്കിലും പോഷകാഹാരം എല്ലായ്പോഴും ഞങ്ങളുടെ വീട്ടിൽ വളരെ മുൻഗണന കൊടുക്കുന്ന ഒരു കാര്യമായിരുന്നു, ഞങ്ങളുടെ ബജററിന്റെ അധികഭാഗവും അതിനു നീക്കിവെച്ചതുനിമിത്തം മാത്രമല്ല, പിന്നെയോ അത് ഒരുക്കുന്നതിലും ഒരുമിച്ച് ആസ്വദിക്കുന്നതിലും ചെലവഴിച്ച സമയം നിമിത്തവും” എന്നു ബ്രസീലിൽ താമസിക്കുന്ന ഒരു കാനഡാക്കാരിയായ കേററ് അനുസ്മരിക്കുന്നു. “എന്റെ അമ്മക്കു വീടിനു വെളിയിൽ ജോലിയില്ലാഞ്ഞതുകൊണ്ട്, പാചകംചെയ്തുകൊണ്ടിരിക്കുന്ന ആഹാരത്തിന്റെ ആസ്വാദ്യമായ സുഗന്ധമായിരിക്കും ഓരോ ദിവസവും ഞങ്ങൾ സ്കൂളിൽനിന്ന് എത്തുമ്പോൾ ഞങ്ങളെ സ്വാഗതംചെയ്യുന്നത്, ഒരുപക്ഷേ അത് അമ്മ പാചകംചെയ്ത ഒരു പായസത്തിന്റെയോ കേക്കിന്റെയോ ഗന്ധമായിരിക്കും.”
എന്നിരുന്നാലും, ആരോഗ്യാവഹമായ ആഹാരത്താൽ പോററപ്പെടുന്നതിനുപകരം, ദ ഇക്കണോമിസ്ററ് പറയുന്ന പ്രകാരം, “ദരിദ്രരാജ്യങ്ങളിൽ ഏകദേശം 78 കോടി ആളുകൾക്ക്, അവരുടെ ജനസംഖ്യയിൽ അഞ്ചിൽ ഒരാൾക്ക്, ഭക്ഷിക്കാൻ വേണ്ടത്ര ലഭിക്കുന്നില്ല. അതേസമയം, തങ്ങളുടെ വയറുനിറയ്ക്കാൻ വേണ്ടത്ര കിട്ടുന്ന 200 കോടിയോളം പേർക്കു തങ്ങൾക്ക് ആവശ്യമായ ജീവകങ്ങളും ധാതുക്കളും കിട്ടുന്നുമില്ല.” പോഷണം കുറവുള്ള ഒരാൾ ദുർബലനായിത്തീരുന്നുവെന്നുമാത്രമല്ല, പിന്നെയോ മററുള്ളവർക്കു പ്രയോജനംചെയ്യാൻ അയാൾക്കു പ്രാപ്തി കുറവുമാണ് എന്നു വസ്തുതകൾ പ്രകടമാക്കുന്നു. തന്നിമിത്തം, പോഷണക്കുറവുള്ള കുട്ടികളെക്കുറിച്ചു ബ്രസീലിലുള്ള സാവോ പോളോ യൂണിവേഴ്സിററിയിലെ സാമ്പത്തികവിദഗ്ധനായ എഡ്വാർഡോ ജാനററി ഡാ ഫോൺസെക്കാ ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു: “[മാനവശേഷിയുടെ] ഈ പാഴാക്കൽ മറെറന്തിനെക്കാളും മോശമാണ്. . . . ഈ കുട്ടികളുടെ ഇടയിൽ ദാരിദ്ര്യം നിമിത്തം താലന്തുകളും പ്രാപ്തികളും മുരടിച്ചുപോകുകയാണെന്നു ഞാൻ വിശ്വസിക്കുന്നു. അവരുടെ ഇടയിൽ, വ്യത്യസ്തമായ സാഹചര്യങ്ങളിൽ ഒരു ആൽബർട്ട് ഐൻസ്ററിന് ഉയർന്നുവരാൻ കഴിയും.” വേജാ മാസിക ഇങ്ങനെ പ്രസ്താവിക്കുന്നു: “വികലപോഷണം നിമിത്തം ദുർബലരായിപ്പോകുന്ന കരുത്തരെ രാജ്യത്തിനു നഷ്ടപ്പെടുകയാണ്, ബുദ്ധിശക്തിയുടെയും സൃഷ്ടിപരതയുടെയും ഊർജത്തിന്റെയും ഒരു കരുതൽസാദ്ധ്യതയെ രാജ്യം പാഴാക്കുകയാണ്.” അതുകൊണ്ട്, ഉയർന്ന ജീവിതച്ചെലവു ഗണ്യമാക്കാതെ, ജ്ഞാനികളായ മാതാപിതാക്കൾ പോഷകാഹാരത്തിനു മുതൽമുടക്കിക്കൊണ്ടു തങ്ങളുടെ കുട്ടികൾക്ക് ഒരു ഉറച്ച അടിസ്ഥാനം കൊടുക്കുന്നു.
ബുദ്ധിപൂർവകമായ ഒരു മുതൽമുടക്ക്
“മുതൽമുടക്കുക” എന്നതിന്റെ അർഥം “ഭാവിപ്രയോജനങ്ങൾക്കോ ഗുണങ്ങൾക്കോ വേണ്ടി ഉപയോഗപ്പെടുത്തുക” എന്നാണ്. നിങ്ങൾക്കു പോഷകാഹാരത്തിന് എങ്ങനെ മുതൽമുടക്കാൻ കഴിയും? ആവശ്യമെങ്കിൽ നിങ്ങൾ ആഡംബരവസ്തുക്കൾ അല്ലെങ്കിൽ അന്തസ്സ് കാക്കാനുള്ള ഇനങ്ങൾ വേണ്ടെന്നുവെക്കുകയും നിങ്ങളുടെ പരിമിതമായ വരുമാനം ആരോഗ്യപ്രദമായ ആഹാരം വാങ്ങാൻ ഉപയോഗിക്കുകയും ചെയ്യുമോ?
“ഇന്ദ്രിയങ്ങൾ ജനനസമയത്തു പെട്ടെന്നു പ്രവർത്തനത്തിലാക്കപ്പെടുന്നതുവരെ ഉറങ്ങിക്കിടക്കുന്നില്ല; ഇന്ദ്രിയവ്യവസ്ഥകൾ ജനനത്തിനു വളരെ മുമ്പേ പ്രവർത്തിക്കുന്നുവെന്നു തെളിവു സൂചിപ്പിക്കുന്നു” എന്നു ദ ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ പറയുന്നു. അങ്ങനെ, ഒരു കുട്ടിയെ പോഷിപ്പിച്ചുതുടങ്ങാനുള്ള ഉത്തമ മാർഗം നല്ല പോഷണം ലഭിച്ച ഒരു മാതാവുണ്ടായിരിക്കുന്നതാണ്. അടുത്ത പടി—ജനനശേഷം—ശിശു മുല കുടിക്കുന്നതാണ്; കാരണം, മുലപ്പാൽ സമ്പൂർണപോഷണം പ്രദാനംചെയ്യുന്നു, സാധാരണ രോഗങ്ങൾക്കെതിരെ പ്രതിരോധവൽക്കരിക്കുകപോലും ചെയ്യുന്നു. ഒരു ഐക്യരാഷ്ട്ര പ്രസിദ്ധീകരണമായ ജീവിത യാഥാർഥ്യങ്ങൾ (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവിക്കുന്നു: “ഒരു ശിശുവിന്റെ ആദ്യത്തെ ഏതാനുംചില മാസങ്ങളിൽ മുലപ്പാൽ മാത്രമാണു സാദ്ധ്യതയുള്ള ഏററം നല്ല ആഹാരവും പാനീയവും. ശിശുക്കൾക്കു നാലുമുതൽ ആറുമാസംവരെ പ്രായമാകുമ്പോൾ മുലപ്പാലിനു പുറമേ മററ് ആഹാരങ്ങൾ ആവശ്യമാണ്.”
ഗണ്യമായ കഴിവുകളോടുകൂടിയതെങ്കിലും മനുഷ്യശരീരത്തെ നിസ്സാരമായി കരുതാൻ പാടില്ല. അതിനെ ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ ആരോഗ്യാവഹമായ ആഹാരത്താൽ പുഷ്ടിപ്പെടുത്തുന്നതു മർമപ്രധാനമാണ്. ദ വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയാ പറയുന്നു: “ഒരു വ്യക്തിക്ക് 6 വയസ്സു പ്രായമാകുമ്പോഴേക്കു തലച്ചോർ അതിന്റെ പൂർണതൂക്കമായ ഏതാണ്ട് 3 പൗണ്ടിൽ (1.4 കിലോഗ്രാം) എത്തിയിരിക്കും. മിക്ക മസ്തിഷ്കകോശങ്ങളും ജനനസമയത്ത് ഉണ്ടായിരിക്കും, തന്നിമിത്തം തൂക്കത്തിലുള്ള വർദ്ധന മുഖ്യമായി കോശങ്ങളുടെ വളർച്ചയിൽനിന്നാണു കൈവരുന്നത്. ഈ ആറുവർഷ കാലഘട്ടത്തിൽ ഒരു വ്യക്തി ജീവിതത്തിലെ അതിശീഘ്ര നിരക്കിൽ പുതിയ പെരുമാററ മാതൃകകൾ പഠിക്കുകയും നേടുകയും ചെയ്യുന്നു.” അതുകൊണ്ട്, ഒരു കുട്ടി അതിന്റെ ആറാം വർഷത്തിനുശേഷം നല്ല ആഹാരം കഴിച്ചാൽ പോലും താരതമ്യേന കുറച്ചു മസ്തിഷ്കകോശങ്ങളേ കൂടുതലായി വികാസം പ്രാപിക്കുകയുള്ളു. കേററ് ഇങ്ങനെ പ്രസ്താവിക്കുന്നു: “മാതാപിതാക്കൾക്കു മക്കൾക്കു കൊടുക്കാൻ കഴിയുന്ന ഏററവും വലിയ സമ്മാനങ്ങളിലൊന്ന് ആരോഗ്യാവഹമായ, പോഷകഗുണമുള്ള ആഹാരമാണ്. മിക്കപ്പോഴും ആഡംബരങ്ങൾ മാത്രമായ, ജീവിതാവശ്യങ്ങൾ എന്നു വിളിക്കപ്പെടുന്ന വസ്തുക്കൾ പ്രദാനംചെയ്യാൻ കഴിയുന്നില്ലെങ്കിൽപോലും തങ്ങളുടെ കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു മുതൽമുടക്കുന്ന മാതാപിതാക്കൾ അവർക്കു ശൈശവം മുതൽ അമൂല്യമായ ഒരു ജീവിതതുടക്കം ഇട്ടുകൊടുക്കുന്നു.”
വൈവിധ്യമാർന്ന ഒരു ആഹാരക്രമം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
ഒരു ശിശു ശാരീരികവും മാനസികവുമായി വളരുന്നതിനു മാംസ്യപ്രധാനമായ ആഹാരം ആവശ്യമാണ്. പോഷണക്കുറവു സ്കൂളിൽ ഒരു കുട്ടിയുടെ മാനസികവളർച്ചയെ മന്ദീഭവിപ്പിക്കുന്നു. കുട്ടി ശ്രദ്ധ കൊടുക്കാൻ കഴിയാതെയോ പഠിപ്പിക്കുന്നത് ഓർക്കാൻ കഴിയാതെയോ വിരക്തനും ക്ഷീണിതനുമായിത്തീർന്നേക്കാം. അടിസ്ഥാന പോഷകവസ്തുക്കളിലൊന്നിന്റെ—മാംസ്യം, ജീവകങ്ങൾ, അത്യാവശ്യകൊഴുപ്പുകൾ അല്ലെങ്കിൽ പോഷകഘടകങ്ങൾ എന്നിവയിലൊന്നിന്റെ—കുറവിൽനിന്നു കുറഞ്ഞപക്ഷം 25 വ്യത്യസ്ത രോഗങ്ങൾ ഉണ്ടായേക്കാം.
യോക്ക്യമിന്റെ കാര്യമെടുക്കുക. “ഞങ്ങളുടെ കുടുംബം ദരിദ്രമായിരുന്നു,” അയാൾ പറയുന്നു. “എന്നാൽ ഞങ്ങൾക്കു കൃഷിഭൂമി ഉണ്ടായിരുന്നു, ഞങ്ങൾ ഭക്ഷിച്ച മിക്കവാറും എല്ലാം കൃഷിചെയ്യുകയും ചെയ്തു. ഓരോ ഭക്ഷണത്തിനും ഞങ്ങൾക്കു തവിടുകളയാത്ത ചോളവും കമ്പും കൊണ്ടുണ്ടാക്കിയ അപ്പമുണ്ടായിരുന്നു, അതു നല്ല പോഷണം നൽകി. മിക്കവാറും ഓരോ ദിവസവും ഞങ്ങളുടെ അമ്മ പയറുകൾ ഉൾപ്പെടെ വിവിധ സസ്യങ്ങൾ ചേർത്തു സൂപ്പുണ്ടാക്കി. ഇതു ഞങ്ങളുടെ പോഷകാവശ്യങ്ങളിൽ പലതും സാധിച്ചുതന്നു. ഞങ്ങൾക്കു വളരെയധികം മാംസം ഉണ്ടായിരുന്നില്ല, എന്നാൽ ഞങ്ങൾക്കു തീർച്ചയായും മത്സ്യം ഉണ്ടായിരുന്നു, ഏറെയും മത്തിയും കോഡും ഹെറിംഗും.” അയാൾ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “എന്റെ അമ്മക്ക് അഞ്ചു മക്കൾ ഉണ്ടായിരുന്നു, ഞങ്ങളിലാർക്കെങ്കിലും ജലദോഷമോ പനിയോ അല്ലാതെ ഏതെങ്കിലും രോഗം പിടിച്ചതായി ഞാൻ ഓർക്കുന്നില്ല. ഞങ്ങളുടെ നല്ല സമീകൃതമായ ആഹാരം ഇതിനു സംഭാവനചെയ്തെന്നു ഞാൻ വിചാരിക്കുന്നു.” ഏഴു മക്കളുള്ള ഒരു മാതാവ് ഇങ്ങനെ വിശദീകരിക്കുന്നു: “ഞങ്ങൾക്കു കുറഞ്ഞ ചെലവിൽ പോഷകാഹാരം കരുതേണ്ടയാവശ്യമുണ്ടായിരുന്നു. അതുകൊണ്ടു ഞങ്ങൾ പച്ചക്കറിത്തോട്ടം ഉണ്ടാക്കി. അതു ചെറുതായിരുന്നെങ്കിലും ഞങ്ങളുടെ ആവശ്യത്തിനുള്ളവ ഉല്പാദിപ്പിച്ചു.” അവൾ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഞങ്ങളുടെ കുട്ടികൾക്ക് ഒരിക്കലും ഗുരുതരമായ രോഗം ബാധിച്ചില്ല, അവർ സ്കൂൾപഠനത്തിൽ എന്നും വളരെ വിജയപ്രദരുമായിരുന്നു.”
നിങ്ങളുടെ ശരീരത്തിന് ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടുള്ള 103 രാസമൂലകങ്ങളിൽ 22 എണ്ണം പോഷകവസ്തുക്കളെന്ന നിലയിൽ ആവശ്യമാണ്. നിങ്ങൾക്കു വ്യക്തിപരമായി ആവശ്യമായ ജീവകങ്ങളുടെയും ധാതുക്കളുടെയും മാംസ്യങ്ങളുടെയും കൃത്യമായ അളവു തിട്ടപ്പെടുത്തുക അസാധ്യമാണെങ്കിലും നല്ല സമീകൃതാഹാരം നിങ്ങളുടെ ആവശ്യങ്ങൾ നിറവേററും. ഒരു പ്രാമാണികൻ ഇങ്ങനെ പ്രസ്താവിച്ചു: “നല്ല പോഷണത്തിനുള്ള താക്കോൽ എല്ലാത്തരം പോഷകവും ഉൾപ്പെടുന്ന വൈവിധ്യമാർന്ന ഒരു ആഹാരക്രമമാണ്.”
നിങ്ങളുടെ കുട്ടികൾ ചില ഭക്ഷ്യങ്ങൾ ഇഷ്ടപ്പെടുന്നില്ലെങ്കിലോ, ദൃഷ്ടാന്തമായി കയ്പുള്ള പച്ചക്കറികളും മററും? പരിചയസമ്പന്നനായ ഒരു പാചകവിദഗ്ധൻ പറയുന്നതനുസരിച്ച്, മാതാപിതാക്കൾ “തങ്ങളുടെ പ്രദേശത്തു ലഭ്യമായ എല്ലാത്തരം പച്ചക്കറികളും” തയ്യാറാക്കി വിളമ്പണം. “മുതിർന്നവരായ ചിലർ അവർ കുട്ടികളായിരുന്നപ്പോൾ ഉപയോഗിച്ചിട്ടില്ലാത്തതുകൊണ്ടു പച്ചക്കറികൾ ഭക്ഷിക്കുന്നില്ല. പച്ചക്കറികൾ നാരും നമുക്കാവശ്യമുള്ള അനേകം ജീവകങ്ങളും പ്രദാനംചെയ്യുന്നതിനാലും ചെലവു കുറഞ്ഞവ ആയതിനാലും മാതാപിതാക്കൾ എല്ലായ്പോഴും തങ്ങളുടെ കുട്ടികൾക്ക് അവ ലഭ്യമാക്കണം.” അതുകൊണ്ട്, രുചികരമായ ഒരു മുട്ടയപ്പമായോ പുഴുക്കായോ വിളമ്പാൻ കേടില്ലാത്ത പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്ന പുതിയ പാചകവിധികൾ എന്തുകൊണ്ടു പഠിച്ചുകൂടാ? കലോറി കുറവുള്ളതെന്നു പറയപ്പെടുന്നവ സംബന്ധിച്ച് അദ്ദേഹം നിർദേശിക്കുന്നു: “പ്രത്യേക അവസരങ്ങളിലല്ലാതെ മാതാപിതാക്കൾ വീട്ടിൽ മധുരവസ്തുക്കൾ ഉണ്ടാക്കരുത്. കുട്ടികൾക്ക് അവ ലഭിക്കുന്നില്ലെങ്കിൽ അവർ അതു തിന്നുകയില്ല.”
മതിയായ അളവിൽ ശരിയായ ഭക്ഷണം കഴിക്കുന്നതു വികലപോഷണത്തിന്റെ അപകടം കുറയ്ക്കുന്നുവെങ്കിലും ചിലയാളുകൾ അതിഭക്ഷണത്താൽ തങ്ങൾക്കു പ്രശ്നം സൃഷ്ടിക്കുന്നു. ശരീരത്തിന്റെ ആവശ്യത്തെ കവിയുന്ന അമിത കലോറികൾ ആഹരിക്കുന്നതു പൊണ്ണത്തടിയിലേക്കു നയിച്ചേക്കാം, അതു പ്രമേഹത്തോടും ഹൃദ്രോഗത്തോടും ബന്ധപ്പെട്ടിരിക്കുന്നു.a ഔഷധത്തിനോ ശാരീരിക അധ്വാനത്തിനോ ശരിയായ ആഹാരശീലത്തിനു പകരമാകാൻ കഴിയില്ലാത്തതിനാൽ, കൊഴുപ്പ്, മധുരം, ഉപ്പ്, മദ്യം ഇവ കുറയ്ക്കാനാണ് ഒരു നല്ല നിർദേശമുള്ളത്. കൂടാതെ, “വിശപ്പ്, ഏകാന്തത, വിഷാദം, വിരസത, കോപം, ക്ഷീണം എന്നിവ കുറയ്ക്കാൻ നടപടികൾ സ്വീകരിക്കണമെന്നും, അവയിൽ ഓരോന്നിനും അതിഭക്ഷണത്തിനുള്ള ആവേശത്തിനു പ്രേരിപ്പിക്കാനാവുമെന്നും” ഒരു വിജ്ഞാനകോശം പറയുന്നു.
ആഹാരവും ആരോഗ്യവും സംബന്ധിച്ച ഒരു സന്തുലിതവീക്ഷണം
ബൈബിൾ പോഷകാഹാരം സംബന്ധിച്ച ഒരു പുസ്തകമല്ല; എന്നിരുന്നാലും, അത് ആരോഗ്യകാര്യങ്ങളിൽ സമനിലയുള്ളവരായിരിക്കാൻ നമ്മെ സഹായിക്കുന്നു. “സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികൾ സ്തോത്രത്തോടെ അനുഭവിപ്പാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വർജ്ജിക്കേണം” എന്നു മററുള്ളവരോടു കല്പിക്കുന്നവർക്കെതിരെ അപ്പോസ്തലനായ പൗലോസ് മുന്നറിയിപ്പു നൽകി. (1 തിമൊഥെയൊസ് 4:3) നാം സംതൃപ്തരായിരിക്കാനും ലഭ്യമായതു നന്നായി ഉപയോഗിക്കാനും ദൈവം ആഗ്രഹിക്കുന്നു. “ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാൾ യഹോവാഭക്തിയോടുകൂടെ അല്പധനം ഉള്ളതു നന്നു.”—സദൃശവാക്യങ്ങൾ 15:16.
ഇന്ന് ആരും പൂർണമായ ആരോഗ്യം ആസ്വദിക്കുന്നില്ല. അതുകൊണ്ട് അശ്രദ്ധരോ അത്യുൽക്കണ്ഠ ഉള്ളവരോ ആയിരിക്കാതെ ന്യായബോധം പാലിക്കാൻ പാടില്ലേ? പോഷകകാര്യങ്ങളിലോ ആരോഗ്യകാര്യങ്ങളിലോ ഉള്ള അതിർകടന്ന അല്ലെങ്കിൽ ഭ്രാന്തമായ താത്പര്യത്തിനു നമ്മുടെ സമനില നഷ്ടപ്പെടുന്നതിനിടയാക്കാൻ കഴിയും.
നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനുള്ള ശ്രമങ്ങളുണ്ടെങ്കിലും, ഇപ്പോഴത്തെ സാഹചര്യങ്ങളിൽ നാം ഒടുവിൽ വാർദ്ധക്യംചെന്നു മരിക്കുന്നു. എന്നിരുന്നാലും, സന്തോഷകരമെന്നു പറയട്ടെ, ദൈവരാജ്യം വികലപോഷണവും രോഗവും അവസാനിപ്പിക്കുമെന്നു ബൈബിൾ നമുക്ക് ഉറപ്പുനൽകുന്നു. ക്ഷാമം നീക്കാനുള്ള മനുഷ്യപദ്ധതികൾ പരാജയപ്പെട്ടിരിക്കുന്നുവെങ്കിലും എല്ലാവർക്കും പോഷകഗുണമുള്ള ആഹാരം ധാരാളമുള്ള ഒരു ലോകത്തിനായി നമുക്കു നോക്കിപ്പാർത്തിരിക്കാനാവും.—സങ്കീർത്തനം 72:16; 85:12.
[അടിക്കുറിപ്പുകൾ]
a “നിങ്ങളുടെ പൊക്കത്തിനും ഘടനക്കും പ്രായത്തിനും ‘അഭിലഷണീയമായതിന്റെ’ 20 ശതമാനത്തിൽ കൂടുതൽ തൂക്കമുണ്ടെങ്കിൽ നിങ്ങൾക്കു പൊണ്ണത്തടിയുണ്ടെന്നു ചില വിദഗ്ധർ വിചാരിക്കുന്നു.”—ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ഫാമിലി മെഡിക്കൽ ഗൈഡ്, പേജ് 501. 1994 മെയ് 8-ലെ ഉണരുക!യിൽ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്ക് എങ്ങനെ തൂക്കം കുറയ്ക്കാനാവും?” എന്നതും മെയ് 22, 1989-ലെ എവേക്കി-ൽ “തൂക്കം കുറയ്ക്കുന്നത് പരാജയപ്പെടുന്ന ഒരു പോരാട്ടമാണോ?” എന്നതും കൂടെ കാണുക.
[7-ാം പേജിലെ ചതുരം]
നല്ല ആഹാരശീലങ്ങൾ ഉണ്ടായിരിക്കാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുന്നതിനുള്ള നിർദേശങ്ങൾ
◻ ഒരു നല്ല മാതൃക വെക്കുക.
◻ കുട്ടികൾ ആഗ്രഹിക്കുന്നതുമാത്രം തിന്നാൻ അവരെ അനുവദിക്കരുത്.
◻ വീട്ടിൽ ഗുണംകുറഞ്ഞ ആഹാരമോ മധുരവസ്തുക്കളോ ഉണ്ടായിരിക്കുന്നതൊഴിവാക്കുക.
◻ വ്യത്യസ്തതരം ആഹാരങ്ങളെ വിലമതിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക.
◻ പ്രഭാതഭക്ഷണം ഉൾപ്പെടെ ആഹാരം നിശ്ചിതസമയത്തു കഴിക്കുക.
◻ നിങ്ങൾ എന്തു ഭക്ഷിക്കുന്നുവെന്നതിനെ സ്വാധീനിക്കാൻ ടിവി പരസ്യങ്ങളെ അനുവദിക്കരുത്.
◻ കുട്ടികൾ സ്വയം ഫ്രിഡ്ജിൽനിന്നു ഭക്ഷണമെടുത്തു കഴിക്കാൻ അനുവദിക്കരുത്.
◻ ഭക്ഷണം പാചകംചെയ്യുന്നതിൽ സഹായിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക.
◻ ദൈനംദിന ഭക്ഷ്യകരുതലുകൾക്കുവേണ്ടി നന്ദി നട്ടുവളർത്തുക.