നിങ്ങൾ ആത്മീയമായി നല്ലവണ്ണം ഭക്ഷിക്കുന്നുവോ?
“നല്ല ഭക്ഷണം മനുഷ്യന്റെ ഏറ്റവും അടിസ്ഥാന ആവശ്യമാണ്. . . . വേണ്ടത്ര ഭക്ഷണമില്ലെങ്കിൽ നാം മരിക്കും.”—ഭക്ഷണവും പോഷണവും, ഇംഗ്ലീഷ്.
എല്ലും തോലും മാത്രമായ സ്ത്രീപുരുഷന്മാരും കുട്ടികളും ആ നഗ്നസത്യത്തിന്റെ വിവർണ ചിത്രങ്ങളാണ്. ‘ഏറ്റവും അടിസ്ഥാന ആവശ്യം’ അവർക്കു നിഷേധിക്കപ്പെട്ടിരിക്കുന്നു. ചിലർക്ക് ഒരു പരിധിവരെ ആ ആവശ്യം നിറവേറ്റാനാകുന്നു. എന്നാൽ, അവർക്കും വേണ്ടത്ര പോഷണം ലഭിക്കുന്നില്ല. മറ്റു ചിലർക്കാണെങ്കിൽ ഭക്ഷണത്തിനു യാതൊരു കുറവുമില്ല. എങ്കിലും, അവർക്കു പ്രിയം യാതൊരു പോഷണവും അടങ്ങിയിട്ടില്ലാത്ത ഭക്ഷണമാണ്. “നമ്മുടെ പക്കലുള്ള, ഏറ്റവും ദുരുപയോഗം ചെയ്തിരിക്കുന്ന വസ്തുക്കളിലൊന്ന് ഭക്ഷണമാണെന്നു തോന്നുന്നു” എന്ന് ആരോഗ്യാവഹമായ ഭക്ഷണരീതി (ഇംഗ്ലീഷ്) വിവരിക്കുന്നു.
ആത്മീയഭക്ഷണത്തിന്റെ—ദൈവവചനമായ ബൈബിളിൽ കാണുന്ന സത്യത്തിന്റെ—കാര്യത്തിലും അതങ്ങനെതന്നെ. ഏറ്റവും അടിസ്ഥാന ആത്മീയ പോഷണംപോലും ചിലർക്കു ലഭ്യമല്ല; അവർ ആത്മീയമായി പട്ടിണി കിടക്കുന്നു. മറ്റു ചിലർ, ആത്മീയഭക്ഷണം ലഭ്യമാണെങ്കിലും അത് അവഗണിക്കുന്നു, അതിൽനിന്നു പ്രയോജനം നേടാൻ മിനക്കെടുന്നില്ല. നിങ്ങളുടെ കാര്യമോ? നിങ്ങൾ ആത്മീയമായി നല്ലവണ്ണം ഭക്ഷിക്കുന്നുവോ? അതോ ആത്മീയ പോഷണം സ്വയം നഷ്ടപ്പെടുത്തുകയാണോ? ഇക്കാര്യത്തിൽ നാം നമ്മോടുതന്നെ സത്യസന്ധരായിരിക്കണം. കാരണം, നമുക്കു ശാരീരിക ഭക്ഷണത്തെക്കാളധികം ആവശ്യമായിരിക്കുന്നത് ആത്മീയഭക്ഷണമാണ്.—മത്തായി 4:4.
ആത്മീയ വളർച്ചയ്ക്കുള്ള ഭക്ഷണം
ശരിയായ ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വിശദീകരിക്കുന്ന ഭക്ഷണവും പോഷണവും എന്ന പുസ്തകം നല്ലവണ്ണം ഭക്ഷിക്കുന്നതിനു മൂന്നു പ്രധാന കാരണങ്ങൾ നൽകുന്നു. “ശരീര കോശങ്ങളുടെ വളർച്ചയ്ക്കും അവയ്ക്കു സംഭവിക്കുന്ന തേയ്മാനം മൂലമുള്ള കുറവുനികത്താനും” നമുക്കു ഭക്ഷണം ആവശ്യമാണ്. അതാണ് ഒരു കാരണം. ഓരോ ദിവസവും നിങ്ങളുടെ ശരീരത്തിൽ ഒരുലക്ഷം കോടി കോശങ്ങൾ ദ്രവിക്കുകയും അവ പ്രതിസ്ഥാപിക്കപ്പെടുകയും ചെയ്യുന്നുവെന്നു നിങ്ങൾക്കറിയാമായിരുന്നോ? ശരിയായ വളർച്ചയ്ക്കും ശരീരത്തിന്റെ സംരക്ഷണത്തിനും നല്ല ഭക്ഷണം ആവശ്യമാണ്.
ആത്മീയ അർഥത്തിലും അതുതന്നെയാണു വസ്തുത. ഉദാഹരണത്തിന്, പൗലൊസ് അപ്പോസ്തലൻ എഫെസൊസിലെ സഭയ്ക്ക് എഴുതിയപ്പോൾ,“പൂർണവളർച്ചയെത്തിയ മനുഷ്യ”നാകുന്ന തിന് ഓരോ ക്രിസ്ത്യാനിക്കും നല്ല ആത്മീയഭക്ഷണം ആവശ്യമുള്ളതായി ഊന്നിപ്പറഞ്ഞു. (എഫെസ്യർ 4:11-13, NW) പോഷകഗുണമുള്ള ആത്മീയഭക്ഷണം കഴിക്കുന്നെങ്കിൽ നാം മേലാൽ സ്വയം സംരക്ഷിക്കാനാകാത്ത, സകലവിധ അപകടങ്ങൾക്കും ഇരകളാകുന്ന, ദുർബലരായ ശിശുക്കളെപ്പോലെയായിരിക്കുകയില്ല. (എഫെസ്യർ 4:14) മറിച്ച്, നാം ബലിഷ്ഠരായ മനുഷ്യരായി വളരും. അങ്ങനെ, “വിശ്വാസത്തിന്റെ . . . വചനത്താൽ പോഷണം ലഭി”ക്കുന്നതു നിമിത്തം വിശ്വാസത്തിനുവേണ്ടി ശക്തമായി പോരാടാൻ നമുക്കു കഴിയും.—1 തിമൊഥെയൊസ് 4:6.
നിങ്ങളുടെ കാര്യത്തിൽ അതു വാസ്തവമാണോ? നിങ്ങൾ ആത്മീയമായി വളർച്ച കൈവരിച്ചുവോ? അതോ നിങ്ങളിപ്പോഴും പെട്ടെന്നു മുറിവേൽപ്പിക്കാവുന്ന, സകലത്തിനും മറ്റുള്ളവരെ ആശ്രയിക്കുന്ന, മുഴു ക്രിസ്തീയ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാനാവാത്ത ഒരു ആത്മീയ ശിശുവിനെപ്പോലെയാണോ? ആത്മീയമായി ഒരു ശിശുവിനെപ്പോലെയാണെന്നു നമ്മിലാരും അത്ര പെട്ടെ ന്നു സമ്മതിക്കുകയില്ലെന്നതു മനസ്സിലാക്കാവുന്നതേയുള്ളൂ. എങ്കിലും സത്യസന്ധമായ ആത്മപരിശോധന ഉചിതമായിരിക്കും. ഒന്നാം നൂറ്റാണ്ടിലെ ചില അഭിഷിക്ത ക്രിസ്ത്യാനികൾ അതുപോലെയായിരുന്നു. ദൈവവചനം പറയുന്നതെന്താണെന്നു മറ്റുള്ളവരെ പഠിപ്പിക്കുന്നതിനു പ്രാപ്തിയും മനസ്സൊരുക്കവുമുള്ള “ഉപദേഷ്ടാക്കന്മാർ” ആയിരിക്കേണ്ടവരായിരുന്നു അവർ. എന്നാൽ, പൗലൊസ് അപ്പോസ്തലൻ ഇങ്ങനെ എഴുതി: “നിങ്ങൾക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നേ വീണ്ടും ഉപദേശിച്ചുതരുവാൻ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്കു ആവശ്യമെന്നു വന്നിരിക്കുന്നു.” ആത്മീയമായി വളരാൻ ആഗ്രഹിക്കുന്നെങ്കിൽ ഭക്ഷണത്തിനുവേണ്ടി, കട്ടിയായ ആത്മീയഭക്ഷണത്തിനുവേണ്ടി വിശപ്പു വളർത്തിയെടുക്കുക. ആത്മീയ ശിശുഭക്ഷണംകൊണ്ടു തൃപ്തിയടയരുത്!—എബ്രായർ 5:12.
വിദ്വേഷപൂരിതമായ ലോകത്തു നാം ദിവസേന നേരിടുന്ന ഏതൊരു കേടുപാടും പോക്കുന്നതിനു കട്ടിയായ ആത്മീയഭക്ഷണം നമുക്കാവശ്യമാണ്. അത്തരം കേടുപാടുകൾക്കു നമ്മുടെ ആത്മീയ ബലം ചോർത്താനാകും. എന്നാൽ ദൈവത്തിനു നമ്മെ വീണ്ടും ബലപ്പെടുത്താൻ കഴിയും. “ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു” എന്ന് പൗലൊസ് എഴുതി. (2 കൊരിന്ത്യർ 4:16) നാം “നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്ന”ത് എങ്ങനെയാണ്? ഭാഗികമായി, തിരുവെഴുത്തുകളുടെയും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളുടെയും വ്യക്തിപരവും കൂട്ടവുമായുള്ള അധ്യയനത്തിലൂടെ ദൈവവചനത്തിൽനിന്നു ക്രമമായി ഭക്ഷിക്കുന്നതു മുഖാന്തരം.
ആത്മീയ ഊർജത്തിനുള്ള ഭക്ഷണം
“ഊഷ്മാവും ഊർജവും ഉത്പാദിപ്പിക്കുന്നതി”നും ഭക്ഷണം ആവശ്യമാണ്. ഭക്ഷണം ശരീരം നന്നായി പ്രവർത്തിക്കുന്നതിനുള്ള ഇന്ധനം പ്രദാനം ചെയ്യുന്നു. നന്നായി ഭക്ഷിക്കാത്തപക്ഷം നമുക്ക് ഒട്ടുംതന്നെ ഊർജമുണ്ടാകുകയില്ല. ഭക്ഷണത്തിൽ ഇരുമ്പിന്റെ അംശം കുറവാണെങ്കിൽ നമുക്കു ക്ഷീണവും ആലസ്യവുമനുഭവപ്പെടും. ആത്മീയ പ്രവർത്തനത്തിന്റെ കാര്യത്തിൽ ചിലപ്പോഴൊക്കെ നിങ്ങൾക്ക് അങ്ങനെയാണോ അനുഭവപ്പെടുന്നത്? ഒരു ക്രിസ്ത്യാനി ആയിരിക്കുന്നതുകൊണ്ടുള്ള ഉത്തരവാദിത്വങ്ങൾ നിവർത്തിക്കുന്നതു ബുദ്ധിമുട്ടായി നിങ്ങൾക്കനുഭവപ്പെടാറുണ്ടോ? യേശുക്രിസ്തുവിന്റെ അനുഗാമികളെന്ന് അവകാശപ്പെടുന്ന ചിലർ നന്മ ചെയ്യുന്നതിൽ തളർന്നുപോകുന്നു. മാത്രമല്ല, അവർക്കു ക്രിസ്തീയ പ്രവർത്തനങ്ങൾക്കുവേണ്ട ഓജസ്സും നഷ്ടപ്പെടുന്നു. (യാക്കോബ് 2:17, 26) നിങ്ങളുടെ സ്ഥിതിയും സമാനമാണെന്നുവരികിൽ, അതിനു പരിഹാരമായി നിങ്ങളുടെ ആത്മീയഭക്ഷണക്രമം മെച്ചപ്പെടുത്തുകയോ നിങ്ങൾ ഭക്ഷിക്കുന്ന ആത്മീയഭക്ഷണത്തിന്റെ അളവു വർധിപ്പിക്കുകയോ ചെയ്യേണ്ടിവന്നേക്കാം.—യെശയ്യാവു 40:29-31; ഗലാത്യർ 6:9.
അപര്യാപ്തമായ ആത്മീയ ഭക്ഷണരീതി വളർത്തിയെടുക്കത്തക്കവണ്ണം കബളിപ്പിക്കപ്പെടരുത്. ബൈബിൾ വായിച്ച്, സൂക്ഷ്മപരിജ്ഞാനം നേടേണ്ടതിന്റെ ആവശ്യമില്ലെന്ന് ആളുകളെ ബോധ്യപ്പെടുത്തുന്നതാണു നൂറ്റാണ്ടുകളായി സാത്താൻ ഉപയോഗിച്ചുവരുന്ന ഏറ്റവും വലിയ വഞ്ചനകളിലൊന്ന്. ശത്രു നഗരങ്ങളെ കീഴടക്കാൻ ആക്രമണകാരികളായ സൈന്യങ്ങൾ സ്വീകരിച്ചിരിക്കുന്ന, യുഗങ്ങളോളം പഴക്കമുള്ള തന്ത്രമാണ് അവൻ ഉപയോഗിക്കുന്നത്—ഭക്ഷണം നിരോധിച്ചു വിശപ്പിനു മുമ്പിൽ മുട്ടുകുത്തിക്കുക. എന്നാൽ അവൻ അതിലുമൊരുപടി മുന്നോട്ടു കടന്നിരിക്കുന്നു. ചുറ്റും ആത്മീയഭക്ഷണം കുന്നുകൂടി കിടക്കുമ്പോൾതന്നെ “ഉപരോധിക്കപ്പെട്ട”വർ പട്ടിണി കിടക്കത്തക്കവണ്ണം അവൻ അവരെ വഞ്ചിക്കുന്നു. അനേകർ അവന്റെ ആക്രമണത്തിന് ഇരകളാകുന്നതിൽ അത്ഭുതമില്ല!—എഫെസ്യർ 6:10-18.
ആത്മീയാരോഗ്യത്തിനുള്ള ഭക്ഷണം
ഭക്ഷണവും പോഷണവും പറയുന്നതനുസരിച്ച്, നമുക്കു ഭക്ഷണം ആവശ്യമായിരിക്കുന്നതിന്റെ മൂന്നാമത്തെ കാരണം, “ശരീരാരോഗ്യം നിലനിർത്തുന്നതിനും . . . രോഗങ്ങൾ തടയുന്നതിനും” അത് അനിവാര്യമാണെന്നതാണ്. നല്ല ഭക്ഷണത്തിന്റെ പ്രയോജനങ്ങൾ ഉടനടി വെളിച്ചത്തുവരണമെന്നില്ല. ഒരു നല്ല ഊണു കഴിയുമ്പോൾ, ‘ഈ ഭക്ഷണം എന്റെ ഹൃദയത്തിന് (അല്ലെങ്കിൽ വൃക്കകൾക്കോ പേശികൾക്കോ മറ്റേതെങ്കിലും അവയവത്തിനോ) ഒത്തിരി ഫലം ചെയ്തു’ എന്നു സാധാരണഗതിയിൽ നാം ചിന്തിക്കാറില്ല. എന്നാൽ ദീർഘനാൾ ഭക്ഷണം കഴിക്കാതിരുന്നു നോക്കൂ, നിങ്ങളുടെ ആരോഗ്യത്തിനുണ്ടാകുന്ന ഭവിഷ്യത്തുകൾ വെളിച്ചത്തുവരും. അതെന്തെല്ലാമാണ്? ഒരു വൈദ്യശാസ്ത്ര ഗ്രന്ഥം പറയുന്നതനുസരിച്ച്, “സാധാരണഗതിയിൽ ദ്രോഹകരമാണു ഫലം: വളർച്ച നിലയ്ക്കുന്നു, നിസ്സാര അണുബാധയെപോലും ചെറുത്തുനിൽക്കാൻ പരാജയപ്പെടുന്നു, ഊർജവും ഉന്മേഷവും കെട്ടടങ്ങുന്നു.” സമാനമായ, ആത്മീയമായി മോശമായ ആരോഗ്യസ്ഥിതിയായിരുന്നു ഒരിക്കൽ പുരാതന ഇസ്രായേല്യരുടേത്. യെശയ്യാ പ്രവാചകൻ അവരോടു പറഞ്ഞു: “തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു. അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല.”—യെശയ്യാവു 1:5, 6.
നല്ല ആത്മീയഭക്ഷണം അത്തരം ആത്മീയ ബലക്ഷയത്തെയും ആത്മീയ അണുബാധയുടെ ഭവിഷ്യത്തുകളെയും ചെറുത്തുനിൽക്കാൻ നമുക്കു ശക്തിയേകുന്നു. നാം ദൈവപരിജ്ഞാനത്താൽ പോഷിപ്പിക്കപ്പെടുന്നപക്ഷം, നല്ല ആത്മീയാവസ്ഥയിൽ നിലകൊള്ളാൻ അതു നമ്മെ സഹായിക്കുന്നു! തന്റെ നാളിലെ ഭൂരിഭാഗമാളുകളും തങ്ങളുടെ പൂർവികർ ശരിയായ ആത്മീയ പോഷണത്തിന്റെ കാര്യത്തിൽ അനാസ്ഥ കാട്ടിയതിൽനിന്നു പാഠം പഠിക്കാഞ്ഞതിനെക്കുറിച്ച് യേശുക്രിസ്തു അഭിപ്രായപ്പെട്ടു. അവരും അവൻ പഠിപ്പിച്ച സത്യങ്ങളാൽ പോഷിപ്പിക്കപ്പെടാൻ വിസമ്മതിച്ചു. ഫലമോ? ‘“ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു; അവർ ചെവികൊണ്ടു മന്ദമായി കേൾക്കുന്നു; കണ്ണു അടെച്ചിരിക്കുന്നു; അവർ കണ്ണു കാണാതെയും ചെവി കേൾക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിക്കാതെയും തിരിഞ്ഞുകൊള്ളാതെയും ഞാൻ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു തന്നേ”’ എന്ന് യേശുക്രിസ്തു പറഞ്ഞു. (മത്തായി 13:14) ഭൂരിഭാഗമാളുകളും ദൈവവചനത്തിന്റെ സൗഖ്യമാക്കൽ ശക്തി പ്രയോജനപ്പെടുത്തിയില്ല. അവർ ആത്മീയമായി രോഗാവസ്ഥയിൽ തുടർന്നു. ചില അഭിഷിക്ത ക്രിസ്ത്യാനികൾപോലും “ബലഹീനരും രോഗികളും” ആയിത്തീർന്നു. (1 കൊരിന്ത്യർ 11:30) ദൈവം പ്രദാനം ചെയ്യുന്ന ആത്മീയഭക്ഷണത്തോടു നമുക്ക് ഒരിക്കലും അവജ്ഞ കാട്ടാതിരിക്കാം.—സങ്കീർത്തനം 107:20.
ആത്മീയ ദുഷിപ്പിക്കൽ
ആത്മീയ ഭക്ഷ്യക്ഷാമത്തിന്റെ ഭീഷണിക്കുപുറമേ, നാം ജാഗരൂകരായിരിക്കേണ്ട മറ്റൊരാപത്തുമുണ്ട്—നാം കഴിക്കുന്ന ഭക്ഷണം അതിൽത്തന്നെ ദുഷിപ്പിക്കപ്പെട്ടതായിരിക്കാം. രോഗാണുക്കളാലും വിഷദ്രവ്യങ്ങളാലും ദുഷിപ്പിക്കപ്പെട്ട ഭൗതിക ഭക്ഷണം കഴിക്കുന്നത് എളുപ്പം വിഷബാധ ഏൽപ്പിച്ചേക്കാം. അതുപോലെതന്നെയാണു ഭൂതനിശ്വസ്ത ആശയങ്ങളാൽ ദൂഷിതമായ പഠിപ്പിക്കലുകൾ ഉൾക്കൊള്ളുന്നതും. (കൊലൊസ്സ്യർ 2:8) വിഷലിപ്തമായ ഭക്ഷണം ഏതെന്നു മനസ്സിലാക്കുക എല്ലായ്പോഴും അത്ര എളുപ്പമുള്ള സംഗതിയല്ല. “ഭക്ഷണം ചിലപ്പോഴൊക്കെ തികച്ചും ആരോഗ്യാവഹമായി കാണപ്പെട്ടേക്കാം. എന്നാൽ രോഗഹേതുക്കളായ ബാക്ടീരിയ അതിൽ ഒളിഞ്ഞിരിപ്പുണ്ടാകും” എന്ന് ഒരു ആധികാരിക ഗ്രന്ഥം പറയുന്നു. തന്മൂലം നമ്മുടെ പ്രതീകാത്മക ഭക്ഷണത്തിന്റെ ഉറവിടമേതാണെന്നു പരിശോധിക്കുന്നത് ഉചിതമായിരിക്കും. തിരുവെഴുത്തു വിരുദ്ധമായ പഠിപ്പിക്കലുകളും തത്ത്വശാസ്ത്രങ്ങളും അടങ്ങിയ വിശ്വാസത്യാഗികളുടെ ഗ്രന്ഥങ്ങൾ പോലുള്ള ചില സാഹിത്യങ്ങൾ നമ്മെ ദുഷിപ്പിച്ചേക്കാമെന്നു മനസ്സിൽപ്പിടിക്കുക. ചില ഭക്ഷ്യോത്പാദകർ വ്യാജ ലേബലുകൾ ഒട്ടിച്ചുകൊണ്ട് ഉത്പന്നത്തിന്റെ ഉള്ളടക്കത്തിന്റെ കാര്യത്തിൽ ഉപഭോക്താക്കളെ വഞ്ചിച്ചേക്കാം. ഏറ്റവും വലിയ വഞ്ചകനായ സാത്താൻ അതുപോലെതന്നെ ചെയ്യുമെന്നു തീർച്ചയായും നമുക്കു പ്രതീക്ഷിക്കാവുന്നതാണ്. തന്മൂലം, അത്തരം പ്രതീകാത്മക ഭക്ഷണം വിശ്വസനീയമായ ഉറവിൽനിന്നു ലഭിക്കുന്നുവെന്ന കാര്യത്തിൽ ഉറപ്പുവരുത്തുക. അങ്ങനെ നിങ്ങൾക്കു “വിശ്വാസത്തിൽ ആരോഗ്യമുള്ളവരായി”രിക്കാൻ സാധിക്കും.—തീത്തൊസ് 1:9, 13.
17-ാം നൂറ്റാണ്ടിലെ ഒരു മത പ്രസംഗകനായ തോമസ് ആഡംസ് തന്റെ നാളിലെ ആളുകളെക്കുറിച്ചു പറഞ്ഞു: “അവർ പല്ലുകൾകൊണ്ടു ശവക്കുഴി തോണ്ടിയിരിക്കുന്നു.” മറ്റുവാക്കുകളിൽ പറഞ്ഞാൽ, അവരുടെ ഭക്ഷണം അവരെ കൊന്നുകളഞ്ഞു. നിങ്ങൾ കഴിക്കുന്ന ആത്മീയഭക്ഷണം നിങ്ങളെ കൊല്ലുകയില്ലെന്ന് ഉറപ്പുവരുത്തുക. നല്ല ആത്മീയ ഭക്ഷ്യശേഖരം കണ്ടെത്തുക. തന്റെ ജനമെന്ന് അവകാശപ്പെട്ടവർ വ്യാജോപദേശകരിലേക്കും കള്ളപ്രവാചകന്മാരിലേക്കും തിരിഞ്ഞപ്പോൾ യഹോവയാം ദൈവം അവരോട് ഇങ്ങനെ ചോദിച്ചു: ‘അപ്പമല്ലാത്തതിന്നു ദ്രവ്യം ചെലവിടുന്നതെന്തിന്നു? എന്റെ വാക്കു ശ്രദ്ധിച്ചു കേട്ടു നന്മ അനുഭവിപ്പിൻ; പുഷ്ടഭോജനം കഴിച്ചു മോദിച്ചുകൊൾവിൻ. നിങ്ങൾ ചെവി ചായിച്ചു എന്റെ അടുക്കൽ വരുവിൻ; നിങ്ങൾക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊൾവിൻ.’—യെശയ്യാവു 55:2, 3; യിരെമ്യാവു 2:8, 13 താരതമ്യം ചെയ്യുക.
ആത്മീയഭക്ഷണം സമൃദ്ധം
നല്ല ആത്മീയഭക്ഷണത്തിനു തീർച്ചയായും യാതൊരു ദൗർലഭ്യവുമില്ല. യേശുക്രിസ്തു പ്രവചിച്ചതുപോലെ, ആവശ്യമുള്ള ഏതൊരുവനും ‘തക്കസമയത്ത് ആഹാരം’ പ്രദാനം ചെയ്യുന്ന വിശ്വസ്തനും വിവേകിയുമായ അടിമ വർഗം ഇപ്പോൾ യേശുവിനുണ്ട്. (മത്തായി 24:45, NW) യെശയ്യാ പ്രവാചകൻ മുഖാന്തരം യഹോവ പ്രവചിച്ചു: “ഇതാ, എന്റെ ദാസന്മാർ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; . . . എന്റെ ദാസന്മാർ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും.” വാസ്തവത്തിൽ, ഭക്ഷിക്കാൻ ആഗ്രഹമുള്ളവർക്കു വിരുന്നൊരുക്കുന്നതിനെക്കുറിച്ച് അവൻ വാഗ്ദാനം ചെയ്തു. “സൈന്യങ്ങളുടെ യഹോവ . . . സകലജാതികൾക്കും മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സുനിറഞ്ഞ മൃഷ്ടഭോജനങ്ങൾ കൊണ്ടും മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞു കൊണ്ടും ഉള്ള വിരുന്നു തന്നേ.”—യെശയ്യാവു 25:6; 65:13, 14.
എന്നാൽ ഇതേക്കുറിച്ചു ചിന്തിക്കുക: ഭക്ഷണസമൃദ്ധിയുള്ളപ്പോഴും നാം പട്ടിണികിടന്നു മരിച്ചെന്നു വരാം! ചുറ്റും ഭക്ഷണമുണ്ടെങ്കിലും നാം എഴുന്നേറ്റു ചെന്ന് അതിൽനിന്നു കുറച്ചെടുത്തു ഭക്ഷിക്കാത്തപക്ഷം നമുക്കു ഗുരുതരമായ പോഷകക്കുറവുണ്ടായേക്കാം. സദൃശവാക്യങ്ങൾ 26:15 അത് അക്ഷരീയമായി വർണിക്കുന്നു: “മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരുന്നതു അവന്നു പ്രയാസം.” എന്തൊരു ദാരുണമായ സ്ഥിതിവിശേഷം! സമാനമായി, ആത്മീയഭക്ഷണം കഴിക്കാൻ നമ്മെ സഹായിക്കുന്നതിനുവേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്ന ദൈവവചനമായ ബൈബിളും ബൈബിൾ പ്രസിദ്ധീകരണങ്ങളും വ്യക്തിപരമായി പഠിക്കാൻ നാമും മടികാട്ടിയേക്കാം. അല്ലെങ്കിൽ, ക്രിസ്തീയ സഭായോഗങ്ങൾക്കായി തയ്യാറാകുന്നതിനോ പങ്കുപറ്റുന്നതിനോ വയ്യാത്തവണ്ണം വളരെ ക്ഷീണം നമുക്കനുഭവപ്പെട്ടേക്കാം.
നല്ല ഭക്ഷണശീലങ്ങൾ
ആ സ്ഥിതിക്ക്, നല്ല ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുന്നതിനു നമുക്കു നല്ല കാരണങ്ങളുണ്ട്. വാസ്തവം പറഞ്ഞാൽ, അനേകർ ആത്മീയഭക്ഷണം അൽപ്പംമാത്രം കഴിക്കുന്നു. മറ്റു ചിലർ പൂർണമായും പട്ടിണികിടക്കുന്നു. ശരിയായ ഭക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാത്ത വ്യക്തികളെപ്പോലെയാണവർ. പിൽക്കാല ജീവിതത്തിൽ അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കാതെ അവരതു മനസ്സിലാക്കുന്നില്ല. നല്ലവണ്ണം ഭക്ഷിക്കുന്നത് ആവശ്യമാണെന്നു നമുക്കറിയാമെങ്കിലും ഭക്ഷണശീലങ്ങളിൽ നാം അനാസ്ഥ കാണിക്കുന്നതിന് ആരോഗ്യാവഹമായ ഭക്ഷണരീതി കാരണം നൽകുന്നു: “അലസമായി ഒരു റോഡു കുറുകെ കടക്കുമ്പോൾ ഉണ്ടാകുന്നതുപോലെ പെട്ടെന്നുള്ള ഭവിഷ്യത്ത് [മോശമായ ഭക്ഷണശീലങ്ങളുടെ ഫലമായി] ഉണ്ടാകുന്നില്ല. ആരോഗ്യസ്ഥിതി ഉടനടി നശിക്കുന്നില്ല. മറിച്ച്, അതു വളരെ പതുക്കെയാകും സംഭവിക്കുന്നത്. ഒരുവന്റെ ആരോഗ്യസ്ഥിതി മോശമാകുന്നു. പെട്ടെന്നു രോഗബാധയുണ്ടാകുന്നു, അസ്ഥിക്ഷയം സംഭവിക്കുന്നു, മുറിവുകളുണങ്ങുന്നതും രോഗം ഭേദമാകുന്നതും വളരെ സാവധാനത്തിലാകുന്നു.”
അതിരുകടന്ന ചില കേസുകളിൽ ഒരാൾ, അനോറെക്സിയ നെർവോസ ബാധിച്ച ഒരു യുവതിയെപ്പോലെ ആയിത്തീർന്നേക്കാം. ആരോഗ്യസ്ഥിതി മോശമായി വരുകയാണെങ്കിലും തനിക്കു തീരെ കുറച്ചു ഭക്ഷണം മതി, തനിക്കു പൂർണ സുഖമുണ്ട് എന്നു സ്വയം ബോധ്യപ്പെടുത്താൻ അവൾ ശ്രമിക്കുന്നു. ഒടുവിൽ അവൾക്കു ഭക്ഷണം കഴിക്കാനുള്ള താത്പര്യം നഷ്ടപ്പെടുന്നു. “അത് അപകടകരമായ അവസ്ഥയാണ്” എന്ന് ഒരു വൈദ്യശാസ്ത്ര ഗ്രന്ഥം പറയുന്നു. എന്തുകൊണ്ട്? “രോഗി പട്ടിണി കിടന്നു മരിക്കുന്നതു വിരളമാണെങ്കിലും അവൾക്കു തീർത്തും പോഷണം ലഭിക്കാതെ പോകുന്നു, നിസ്സാരമായ രോഗബാധയെപോലും ചെറുത്തുനിൽക്കാൻ കഴിയാതാകുന്നു.”
ഒരു ക്രിസ്തീയ സ്ത്രീ ഇങ്ങനെ സമ്മതിച്ചു: “ക്രമമായി യോഗത്തിനു തയ്യാറാകുന്നതിന്റെയും വ്യക്തിപരമായ അധ്യയനത്തിന്റെയും ആവശ്യത്തെക്കുറിച്ച് എനിക്കറിയാമായിരുന്നെങ്കിലും അതു സംബന്ധിച്ച് ഒന്നും ചെയ്യാനാകാതെ വർഷങ്ങളോളം ഞാൻ പാടുപെട്ടു.” അവർ ഒടുവിൽ മാറ്റങ്ങൾ വരുത്തുകയും ദൈവവചനത്തിന്റെ നല്ല പഠിതാവാകുകയും ചെയ്തു. എന്നാൽ, സാഹചര്യത്തിന്റെ അടിയന്തിരത പൂർണമായി മനസ്സിലാക്കിക്കഴിഞ്ഞേ അവരതു ചെയ്തുള്ളൂ.
അതുകൊണ്ട്, പത്രൊസ് അപ്പോസ്തലൻ നൽകിയ ബുദ്ധ്യുപദേശം ഗൗരവമായി എടുത്തുകൊള്ളുക. “ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ.” (1 പത്രൊസ് 2:2) അതേ, ‘വാഞ്ഛിക്കുക,’ ശക്തമായ ആഗ്രഹം നട്ടുവളർത്തുക. ദൈവപരിജ്ഞാനത്താൽ മനസ്സും ഹൃദയവും നിറയ്ക്കുക. ആത്മീയമായി മുതിർന്നവരും ആ വാഞ്ഛയ്ക്കു വളമിടണം. ആത്മീയഭക്ഷണം, ‘ഏറ്റവും ദുരുപയോഗം ചെയ്തിരിക്കുന്ന വസ്തുക്കളിലൊന്നായി’ത്തീരാൻ അനുവദിക്കരുത്. ആത്മീയമായി നല്ലവണ്ണം ഭക്ഷിക്കുക. അങ്ങനെ ദൈവവചനമായ ബൈബിളിൽ കാണുന്ന സകല “ആരോഗ്യാവഹമായ വചനങ്ങ”ളും പരമാവധി പ്രയോജനപ്പെടുത്തുക.—2 തിമൊഥെയൊസ് 1:13, 14.
[28-ാം പേജിലെ ചിത്രം]
നിങ്ങളുടെ ഭക്ഷണം മെച്ചപ്പെടുത്തേണ്ടതുണ്ടോ?