എല്ലാവർക്കും വേണ്ടുവോളം ആഹാരം!
ബ്രസീലിലെ ഉണരുക! ലേഖകൻ
വിശിഷ്ടമായ ധാരാളം ആഹാരം ആസ്വദിച്ചാലും അസന്തുഷ്ടരായിരിക്കാൻ കഴിയും. യഥാർഥവും നിലനിൽക്കുന്നതുമായ സന്തുഷ്ടി ലഭിക്കുന്നതിന് മറ്റൊരു സംഗതി ആവശ്യമാണ്—ആത്മീയ ആഹാരം. യേശു ഇപ്രകാരം പ്രസ്താവിച്ചു: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.”—മത്തായി 4:4.
നേരേമറിച്ച്, ദൈവത്തിന്റെ വചനം തിരസ്കരിക്കുന്നത് ആമോസ് 8:11-ൽ മുൻകൂട്ടിപ്പറഞ്ഞതുപോലെ ആത്മീയ വിശപ്പിലേക്കു നയിക്കുന്നു. അതിപ്രകാരമാണു പറയുന്നത്: “അപ്പത്തിന്നായുള്ള വിശപ്പല്ല വെള്ളത്തിന്നായുള്ള ദാഹവുമല്ല, യഹോവയുടെ വചനങ്ങളെ കേൾക്കേണ്ടതിന്നുള്ള വിശപ്പുതന്നേ ഞാൻ ദേശത്തേക്കു അയക്കു”ന്നു. എന്നിരുന്നാലും ആത്മീയ വികലപോഷണം ഒഴിവാക്കാൻ കഴിയും. യേശു ഇപ്രകാരം പ്രഖ്യാപിച്ചു: “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു . . . നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ സന്തുഷ്ടരാകുന്നു, എന്തുകൊണ്ടെന്നാൽ അവർക്കു തൃപ്തിവരും.” (മത്തായി 5:3, 6, NW) ശരിയായ അളവിലുള്ള പോഷകാഹാരം നമ്മുടെ ശരീരത്തെ തൃപ്തിപ്പെടുത്തുന്നതുപോലെ ആരോഗ്യകരമായ ആത്മീയാഹാരം നമ്മുടെ വിശ്വാസത്തെയും ഭാവിയെ സംബന്ധിച്ച നമ്മുടെ പ്രത്യാശയെയും ബലപ്പെടുത്തുന്നു. നമുക്ക് പ്രത്യാശിക്കാൻ കഴിയുന്നത് ഏതു തരത്തിലുള്ള ലോകമാണ്?
എല്ലാവർക്കും ധാരാളം ആഹാരം
സ്വാദേറിയതും ആരോഗ്യാവഹവുമായ ആഹാരം ധാരാളമുള്ള ഒരു ലോകത്തെക്കുറിച്ചു സങ്കൽപ്പിക്കുക. ആളുകളെ ദുർബലരോ വിഷാദമഗ്നരോ ആക്കുന്ന പട്ടിണിക്കോ വികലപോഷണത്തിനോ ഇടയാക്കുന്ന യുദ്ധങ്ങളോ വിപത്തുകളോ അനർഥങ്ങളോ ഇല്ലാത്ത ഒരു ലോകം. സൂപ്പുവിതരണത്തെയോ ഭിക്ഷയെയോ ശരണം പ്രാപിക്കുന്ന ഭവനരഹിതരോ തൊഴിൽരഹിതരോ ആയ ആളുകളും വയറു നിറയ്ക്കാനായി എന്തെങ്കിലും കഴിക്കാൻ ആളുകളെ നിർബന്ധിക്കുന്ന കുതിച്ചുയരുന്ന വിലകളും മേലാലുണ്ടായിരിക്കയില്ല. “ഭൂമിയിൽ ധാന്യസമൃദ്ധിയുണ്ടായിരിക്കും; പർവ്വതങ്ങളുടെ മുകളിൽ ഒരു കവിഞ്ഞൊഴുക്കുണ്ടായിരിക്കും.” (സങ്കീർത്തനം 72:16, NW) എന്നാൽ ഇതെങ്ങനെ സംഭവിക്കും? വികലപോഷണ പ്രശ്നം ആർ പരിഹരിക്കും?
വേണ്ടുവോളം ആഹാരത്തിനുവേണ്ടിയുള്ള മനുഷ്യന്റെ ആവശ്യത്തിന് നമ്മുടെ സ്രഷ്ടാവ് സ്നേഹപൂർവകമായ ശ്രദ്ധ നൽകും. ഭൂമിയുടെ കാലാവസ്ഥ പോലും നിയന്ത്രണ വിധേയമായിരിക്കും. മേലാൽ വിളനാശങ്ങൾ ഉണ്ടാകുകയില്ലെന്ന് അത് ഉറപ്പുനൽകും. “യഹോവ നന്മ നല്കുകയും നമ്മുടെ ദേശം വിളതരികയും ചെയ്യും.” (സങ്കീർത്തനം 85:12) മാത്രമല്ല, വേണ്ടുവോളം ആഹാരം ഉത്പാദിപ്പിക്കാൻ ഭൂമിക്കു കഴിവുണ്ടെങ്കിലും അപരിമിതമായ വിതരണത്തിനും വികലപോഷണത്തിനും ദുരിതത്തിനും ഇടയാക്കുന്ന അത്യാഗ്രഹത്തെയും അനീതിയെയും ദൈവത്തിന്റെ രാജ്യം മാത്രമേ അവസാനിപ്പിക്കുകയുള്ളൂ.
അതേ, ലഭ്യമായിരിക്കുന്ന ഏതൊരു കാർഷിക, ഗതാഗത വ്യവസ്ഥകളും, ആവശ്യമായിരിക്കുന്നിടത്ത് ആരോഗ്യാവഹമായ ആഹാരം പ്രദാനം ചെയ്യുന്നുവെന്ന് യഹോവയുടെ സ്വർഗീയ ഗവൺമെൻറ് ഉറപ്പുവരുത്തും. ആ രാജ്യ ഭരണം ഏതാനും പേരെമാത്രം സമ്പുഷ്ടമാക്കുകയും ഭൂരിപക്ഷത്തെയും വളരെ ഞെരുങ്ങി കഴിഞ്ഞുകൂടാൻ അനുവദിക്കുകയും ചെയ്യില്ല. നിരാശയ്ക്കും പ്രത്യാശയില്ലായ്മയ്ക്കും പകരം രാജ്യാനുഗ്രഹങ്ങൾ ആനന്ദം കൈവരുത്തും. അത് യെശയ്യാവു 25:6-ൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന നല്ല സംഗതികളുടെ ആ മഹാ വിരുന്നിൽ പ്രകടമായിരിക്കുന്ന സന്തോഷമായിരിക്കും. അതിങ്ങനെ പറയുന്നു: “സൈന്യങ്ങളുടെ യഹോവ ഈ പർവ്വതത്തിൽ സകലജാതികൾക്കും മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സുനിറഞ്ഞ മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടും ഉള്ള വിരുന്നു തന്നേ.”
ഇന്നത്തെ മത്സരാത്മകവും സമ്മർദപൂർണവും നിർവികാരവുമായ ജീവിതരീതി എന്നന്നേക്കുമായി പൊയ്പോകുന്നതിനെക്കുറിച്ച് ഇപ്പോഴൊന്നു വിഭാവനചെയ്യുക. വേണ്ടത്ര പോഷണം ലഭിക്കാത്തവരോ രോഗികളോ ആയി ആരും കാണില്ല. അതുകൊണ്ട് ആ പുതിയ ലോകത്തിൽ ജീവിതം ആസ്വദിക്കാൻ നിങ്ങൾ യഥാർഥത്തിൽ ആഗ്രഹിക്കുന്നുവെങ്കിൽ യേശുവിന്റെ ഈ വാക്കുകൾക്കു ചെവികൊടുക്കുക: “നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ.”—യോഹന്നാൻ 6:27.