നിങ്ങൾ ആത്മീയമായി നന്നായി ഭക്ഷിക്കുന്നുവോ?
1 ‘നാം കഴിക്കുന്നത് എന്തോ അതാണ് നമ്മെ നാം ആക്കുന്നത്’ എന്നു പറയാറുണ്ട്. നമ്മുടെ ശാരീരിക ബലവും ആരോഗ്യവും നമ്മുടെ ആഹാരശീലത്തെ ആശ്രയിച്ചിരിക്കുന്നു എന്നതിനു സംശയമില്ല. “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്ന് യേശു പറഞ്ഞ സ്ഥിതിക്ക് നമ്മുടെ ആത്മീയ ആഹാരശീലങ്ങളും നമ്മെ ഗുണകരമായോ ദോഷകരമായോ ബാധിക്കുന്നു. (മത്താ. 4:4) അതുകൊണ്ട്, നിങ്ങളുടെ ആത്മീയ ആഹാരശീലം എത്രത്തോളം നല്ലതാണ്? ചിലതു മാത്രം തിരഞ്ഞെടുത്തു കഴിക്കുന്ന സ്വഭാവക്കാരനാണോ നിങ്ങൾ? തിരക്കിട്ട് കഴിക്കുന്ന രീതിയാണോ നിങ്ങളുടേത്? അതോ സമീകൃതവും പോഷകസമൃദ്ധവുമായ ആത്മീയ ആഹാരം ക്രമമായി ആസ്വദിക്കാൻ സമയമെടുക്കുന്നതിൽ നിങ്ങൾ ആനന്ദം കണ്ടെത്തുന്നുവോ?
2 നിങ്ങളുടെ ഭക്ഷണക്രമം വശകലനം ചെയ്യുക: യഹോവ “വിശ്വസ്തനും വിവേകിയുമായ അടിമ” മുഖാന്തരം ‘തക്കസമയത്തെ ഭക്ഷണവും’ ‘മേദസ്സുനിറഞ്ഞ മൃഷ്ടഭോജനങ്ങളും’ പ്രദാനം ചെയ്യുന്നു. (മത്താ. 24:45, NW; യെശ. 25:6) സ്നേഹപൂർവകമായ ഈ ക്രമീകരണത്തിൽനിന്നു പൂർണ പ്രയോജനം നേടാൻ ആത്മീയമായി നന്നായി ഭക്ഷിക്കാൻ നാം ശ്രമിക്കണം.
3 നിങ്ങൾക്ക് നിങ്ങളോടുതന്നെ ഇപ്രകാരം ചോദിക്കാം: ‘ഞാൻ ദിവസവും ദിനവാക്യവും അഭിപ്രായങ്ങളും വായിക്കുന്നുണ്ടോ? ഞാൻ ദിവസവും ബൈബിൾ വായിക്കുകയും അതേക്കുറിച്ചു ധ്യാനിക്കുകയും ചെയ്യുന്നുണ്ടോ? യോഗഭാഗങ്ങൾ മുൻകൂട്ടി പഠിച്ചുകൊണ്ട് ഞാൻ യോഗങ്ങൾക്കു തയ്യാറാകുന്നുണ്ടോ? യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1 ഉൾപ്പെടെയുള്ള പുതിയ പ്രസിദ്ധീകരണങ്ങൾ ഞാൻ വായിച്ചുകഴിഞ്ഞോ?
4 “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു . . . നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ സന്തുഷ്ടരാകുന്നു, എന്തുകൊണ്ടെന്നാൽ അവർക്കു തൃപ്തിവരും” എന്ന് യേശു വാഗ്ദാനം ചെയ്തു. (മത്താ. 5:3, 6, NW) അതുകൊണ്ട് ദൈവപരിജ്ഞാനത്താൽ നിങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും നിറച്ചുകൊണ്ട് ആത്മീയമായി നന്നായി ഭക്ഷിക്കുക.