നിങ്ങളുടെ ആത്മീയാവശ്യത്തെ തൃപ്തിപ്പെടുത്തുക
1 യേശു പറഞ്ഞു: “തങ്ങളുടെ ആത്മീയാവശ്യത്തെക്കുറിച്ച് ബോധവാൻമാരായവർ സന്തുഷ്ടരാകുന്നു.” (മത്താ. 5:3) നമ്മുടെ ആത്മീയാവശ്യത്തെക്കുറിച്ച് ബോധവാൻമാരാകുന്നത് ഇത്രയധികം പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? നാം അതുസംബന്ധിച്ച് ബോധവാൻമാരാണെന്ന് നമുക്കെങ്ങനെ പ്രകടമാക്കാൻ കഴിയും? നാം ഏതു കെണികളെ ഒഴിവാക്കണം, നമ്മുടെ ആത്മീയാവശ്യത്തെക്കുറിച്ച് ബോധവാൻമാരായിരിക്കുന്നതിനാൽ ഏതനുഗ്രഹങ്ങൾ കൈവരും?
2 നിസ്സംശയമായി, നമുക്കെല്ലാം നമ്മുടെ ശാരീരികക്ഷേമവും ഉചിതമായ ആഹാരക്രമവും തമ്മിലുളള ബന്ധം പരിചിതമാണ്. ഒരു വ്യക്തിക്ക് തന്റെ ശാരീരികാവശ്യങ്ങൾ തുടർച്ചയായി അവഗണിക്കുന്നതിനും പകലും രാത്രിയും ഗുണമേൻമയുളള വേല ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നതിനും സാധ്യമല്ല. നാം ആത്മീയമായി പോഷിപ്പിക്കപ്പെടുന്നതിനെ അവഗണിക്കുന്നുവെങ്കിൽ അതേ തത്വം തന്നെ ബാധകമാകുന്നു.—മത്താ. 4:4; യോഹ. 17:3.
ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിന് യോഗങ്ങൾ സഹായിക്കുന്നു
3 നമ്മുടെ ആത്മീയക്ഷേമവും നമ്മുടെ ആത്മീയപോഷിപ്പിക്കൽ പരിപാടിയും തമ്മിൽ നേരിട്ടുളള ഒരു ബന്ധമുണ്ട്. നമ്മുടെ യോഗങ്ങളിൽ “വിശ്വസ്തനും വിവേകിയുമായ അടിമ” നമ്മുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിന് ഒരു നല്ല ആത്മീയ വിഭവപ്പട്ടിക പ്രദാനംചെയ്യുന്നു. (മത്താ. 24:45-47) ഓരോ മീററിംഗും ഒരു പ്രത്യേക ഉദ്ദേശ്യത്തിനുതകുന്നു, ഒന്നും അവഗണിക്കരുത്. നിങ്ങൾ എല്ലാ യോഗങ്ങൾക്കുംവേണ്ടി തയ്യാറാകുകയും ക്രമമായി അവയിൽ ഹാജരാകുകയും ചെയ്യുന്നുണ്ടോ?
4 നമുക്ക് വാരത്തിലെ നമ്മുടെ അഞ്ചു യോഗങ്ങളിൽ കേവലം മൂന്നെണ്ണത്തെക്കുറിച്ച് ഹ്രസ്വമായി പരിചിന്തിക്കാം. പുരോഗമിച്ചുകൊണ്ടിരിക്കുന്ന സത്യത്തിനൊപ്പം നമ്മെ നിർത്തുന്നതിനുവേണ്ടിയുളള പ്രധാന യോഗം വീക്ഷാഗോപുര അദ്ധ്യയനമാണ്. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിനു നാം ശുശ്രൂഷകരെന്ന നിലയിൽ വൈദഗ്ദ്ധ്യമുളളവരായിത്തീരാൻ നമ്മെ സഹായിക്കാൻ കഴിയും. സഭാപുസ്തകാദ്ധ്യയനം വിവിധ ബൈബിൾ വിഷയങ്ങളുടെ ഒരു ശ്രദ്ധാപൂർവകമായ പഠനത്തിന് സംഭാവനചെയ്യുന്നു.
5 നിങ്ങൾ സഭാമീററിംഗുകൾക്കുവേണ്ടി തയ്യാറാകുന്നുണ്ടോ? ചിലർ പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ നോക്കാതെ പെട്ടെന്ന് ചോദ്യങ്ങൾക്കുളള ഉത്തരങ്ങൾക്കടിയിൽ വരയിട്ടുകൊണ്ട് പഠനഭാഗം അലസമായി വായിച്ചുതളളിയേക്കാം. അവർ ഉത്തരം പറയുന്നതിന് ഒരു വിധത്തിൽ തയ്യാറായിരിക്കാം, എന്നാൽ ലഭ്യമായ ആത്മീയ പോഷണത്തിന്റെ മുഴു അളവും അവർക്കു ലഭിക്കുന്നുണ്ടോ? നിങ്ങളും നിങ്ങളുടെ കുടുംബവും യോഗങ്ങൾക്കു തയ്യാറാകുന്ന വിധത്തിൽ അഭിവൃദ്ധിപ്പെടുന്നതിന് ഇടമുണ്ടോ?
സമയം വിലക്കുവാങ്ങുക
6 നിങ്ങൾ യോഗങ്ങൾക്കു തയ്യാറാകുന്നതിനുവേണ്ടി സമയം മാററിവെക്കുമ്പോൾ ടെലിവിഷൻ അല്ലെങ്കിൽ മററു പ്രാധാന്യം കുറഞ്ഞ കാര്യങ്ങൾ നിങ്ങളുടെ ആസൂത്രണങ്ങളെ തടസ്സപ്പെടുത്താനിടയാക്കരുത്. പ്രത്യേകിച്ച് കുടുംബത്തലവൻമാർ തങ്ങളുടെ കുടുംബാംഗങ്ങൾ ബൈബിളദ്ധ്യയനം, യോഗങ്ങൾക്കു തയ്യാറാകൽ, വയൽസേവനത്തിൽ പങ്കെടുക്കൽ എന്നിവയുടെ ക്രമമായ ഒരു പരിപാടിയോട് പററിനിൽക്കുന്നതിന് സഹായിക്കണം. എല്ലാവരും ‘അവസരോചിതമായ സമയം വിലക്കു വാങ്ങാ’നുളള അപ്പോസ്തലനായ പൗലോസിന്റെ ബുദ്ധിയുപദേശം ഗൗരവമായി എടുക്കുകയും നമ്മുടെ ആത്മീയതക്ക് മുൻഗണന കൊടുക്കുകയും ചെയ്യണം.—എഫേ. 5:15-17.
7 നമ്മുടെ ആത്മീയാവശ്യങ്ങളെ സംബന്ധിച്ച് ബോധവൻമാരായിരുന്നുകൊണ്ട് നാം ആത്മസന്തുഷ്ടിയുടെയോ ആത്മസംതൃപ്തിയുടെയോ കെണിയെ ഒഴിവാക്കും. വ്യക്തികളെന്ന നിലയിലും കുടുംബങ്ങളെന്ന നിലയിലും നമുക്ക് യഥാർത്ഥ ആത്മീയ ആവശ്യങ്ങൾ ഉണ്ട്. നാം നമ്മുടെ ആത്മീയാവശ്യത്തെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി ചെയ്യുന്ന പ്രയത്നങ്ങളെ ആശ്രയിച്ചാണ് നമ്മുടെ നിത്യസന്തുഷ്ടി സ്ഥിതിചെയ്യുന്നത്.