ബൈബിളിന്റെ വീക്ഷണം
നാം കഷ്ടപ്പെടുന്നതു കാണുന്നതു ദൈവത്തിനു പ്രസാദമാണോ?
ഒരു വലിയ മരക്കുരിശേന്തി അതിന്റെ ഭാരത്തിൽ ഞെളിപിരികൊള്ളുന്ന ഒരു മനുഷ്യൻ തലയിലെ മുൾക്കിരീടത്തിൽനിന്നു രക്തം ഇററിററുവീഴവേ ജനക്കൂട്ടത്തിന്റെ ഇടയിലൂടെ ഇടറി നടക്കുന്നു. “വധ”സ്ഥലത്ത് എത്തിക്കഴിഞ്ഞപ്പോൾ അയാളെ കുരിശിൻമേൽ കിടത്തുന്നു; അയാളുടെ കൈകളിൽ വലിയ ആണികൾ അടിച്ചുകയററുന്നു. ആണികൾ മാംസത്തിലൂടെ തുളച്ചുകയറുമ്പോൾ അയാൾ വേദനകൊണ്ടു പുളയുന്നു. കുരിശ് നേരെ മേൽപ്പോട്ടു നാട്ടിനിർത്തുമ്പോൾ, വേദന അസഹനീയമായിത്തീരുന്നു. ഒരു ഫിലിപ്പീൻ മാസികയായ പാനരമ പറയുന്നപ്രകാരം, ഫിലിപ്പൈൻസിൽ വിശുദ്ധവാര ആഘോഷക്കാലത്ത് അത്തരം വേദനാജനകമായ കർമാനുഷ്ഠാനങ്ങൾ ക്രമമായി വിശേഷവൽക്കരിക്കപ്പെടുന്നു.
ഇപ്പോൾ വർണിക്കപ്പെട്ടതു യേശുവിന്റെ കഷ്ടപ്പാടുകളുടെ ഒരു ആധുനികകാല വ്യാഖ്യാനമാണ്. എന്നാൽ ഈ മനുഷ്യൻ ഒരു നാടക രംഗം കേവലം അഭിനയിക്കുകയല്ല. ആണികൾ, രക്തം, വേദന—എല്ലാം വളരെ യഥാർഥംതന്നെ.
മററു ചില സ്ഥലങ്ങളിൽ ക്രിസ്തുവിന്റെ കഷ്ടപ്പാടുകൾ അനുഭവിക്കാനുള്ള ആഗ്രഹത്തിൽ റോമൻകത്തോലിക്കാ ഭക്തൻമാർ പരസ്യമായി തങ്ങളെത്തന്നെ പ്രഹരിക്കുന്നതു കാണാം. എന്തുകൊണ്ട്? ചിലർ ഇതു ചെയ്യുന്നതു തങ്ങളുടെ കഷ്ടപ്പാടുകൾ രോഗികളായ തങ്ങളുടെ പ്രിയപ്പെട്ടവരുടെ രോഗശാന്തിപോലെ അത്ഭുതങ്ങൾ ഉളവാക്കുമെന്നുള്ള വിശ്വാസത്തിലാണ്. മററു ചിലർ തങ്ങളുടെ സ്വന്തം രക്തം ചൊരിഞ്ഞല്ലാതെ പാപങ്ങൾക്കു മോചനമില്ല എന്ന ഭയത്താൽ പാപ പരിഹാരത്തിനായി അതു ചെയ്യുന്നു. ദി ഫിലിപ്പീനോസ് എന്ന പുസ്തകം ഇങ്ങനെ വിശദീകരിക്കുന്നു: “വേദന മനസ്സിന്റെയും ദേഹിയുടെയും ഒരു നല്ല ശോധകമാണ്. . . . പാപി പാപങ്ങൾ ശുദ്ധീകരിക്കപ്പെട്ടു ഭാരങ്ങളൊഴിഞ്ഞു പുറത്തുവരുമെന്നു സങ്കൽപ്പിക്കപ്പെടുന്നു.”
എന്നിരുന്നാലും, സ്വയം വരുത്തിക്കൂട്ടുന്ന വേദന ഒരു പ്രകാരത്തിലും ഫിലിപ്പൈൻസിലെ കത്തോലിക്കരിൽ പരിമിതപ്പെട്ടിരിക്കുന്നില്ല. സ്വയം വരുത്തുന്ന കഷ്ടപ്പാടുകൾക്കു ദൈവമുമ്പാകെ കുറെ മൂല്യമുണ്ടെന്നു വിവിധ മതസ്ഥരും വ്യത്യസ്ത ദേശക്കാരും വിശ്വസിക്കുന്നു.
ഉദാഹരണത്തിന്, ബുദ്ധൻ, സിദ്ധാർത്ഥ ഗൗതമൻ, തന്റെ സത്യാന്വേഷണത്തിൽ ഭാര്യയെയും പുത്രനെയും ഉപേക്ഷിച്ചു വിജനപ്രദേശത്തേക്കു പലായനം ചെയ്തു. അവിടെ ആറുവർഷം അദ്ദേഹം സന്യാസിയായി ജീവിച്ചു. അദ്ദേഹം മണിക്കൂറുകളോളം വേദനാജകമായ വികൃതനിലകളിൽ നിൽക്കുകയും പിന്നീടു ദിവസേന ഒരു മണി അരിമാത്രം കഴിച്ചു നീണ്ട കാലഘട്ടങ്ങൾ കഴിഞ്ഞുകൂടിയതായി അവകാശപ്പെടുകയും ചെയ്തു. “എന്റെ വയറിന്റെ ത്വക്ക് എന്റെ നട്ടെല്ലിനോടു പററിച്ചേർന്നു”വെന്ന് അദ്ദേഹം പറയത്തക്കവണ്ണം വളരെ ശോഷിച്ചുപോയി. എന്നാൽ സ്വയം ഏല്പിച്ച യാതൊരു ദണ്ഡനത്തിനും അദ്ദേഹം തേടിയ പ്രകാശനം കൈവരുത്താൻ കഴിഞ്ഞില്ല.
അതുപോലെതന്നെ, ഇൻഡ്യയിലെ ഹൈന്ദവസന്യാസിമാർ ചിലപ്പോൾ അങ്ങേയററം കഠിനമായ വിവിധ കായികദണ്ഡനങ്ങൾക്കു സ്വയം വിധേയരായി—അഗ്നികുണ്ഡങ്ങളുടെ മദ്ധ്യേ കിടക്കുക, അന്ധരായിത്തീരുന്നതുവരെ സൂര്യനെ തുറിച്ചുനോക്കുക, ദീർഘനേരം ഒററക്കാലിലോ മററു വികൃത നിലകളിലോ നിൽക്കുക എന്നിങ്ങനെ. ചില യോഗികളുടെ പുണ്യം വളരെ ഉയർന്നതായതിനാൽ അതിന് ഒരു നഗരത്തെ ശത്രുവിന്റെ ആക്രമണത്തിൽനിന്നു രക്ഷിക്കാൻ കഴിയുമെന്നു വിചാരിക്കപ്പെട്ടു.
അതുപോലെതന്നെ, തങ്ങളുടെ ദൈവത്തിന്റെ ശ്രദ്ധ കിട്ടാൻ വ്യർഥമായി “പതിവുപോലെ രക്തം ഒഴുകുവോളം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളേത്തന്നെ മുറിവേല്പി”ച്ച ബാലാരാധകരെ ക്കുറിച്ചു ബൈബിൾ പറയുന്നു.—1 രാജാക്കൻമാർ 18:28.
“നിങ്ങൾ ആത്മതപനം ചെയ്യേണം”
“നിങ്ങൾ ആത്മതപനം ചെയ്യേണം” എന്നു തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയോടു യഹോവ കല്പിച്ചുവെന്നതു സത്യമാണെന്നിരിക്കെ, ഇത് ഉപവാസത്തെ അർഥമാക്കുന്നതായി പൊതുവെ മനസ്സിലാക്കപ്പെടുന്നു. (ലേവ്യപുസ്തകം 16:31) അങ്ങനെയുള്ള ഉപവാസം ദുഃഖത്തിന്റെയും പാപങ്ങൾ സംബന്ധിച്ച അനുതാപത്തിന്റെയും അല്ലെങ്കിൽ ദുഃഖകരമായ അവസ്ഥകളിൻകീഴിലായിരിക്കുന്നതിന്റെയും ഒരു പ്രകടനമായിരുന്നു. അങ്ങനെ ഉപവാസം സ്വയം വരുത്തിക്കൂട്ടിയ ഒരു ശിക്ഷാരൂപമല്ലായിരുന്നു, പിന്നെയോ ദൈവമുമ്പാകെ ഒരുവൻ സ്വയം താഴ്ത്തുന്നതിനെ അതു ചിത്രീകരിച്ചു.—എസ്രാ 8:21.
എന്നിരുന്നാലും ദേഹിയെ ദണ്ഡിപ്പിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന അസ്വാസ്ഥ്യതക്കുതന്നെ പുണ്യമുണ്ടെന്നും എന്തെങ്കിലും പ്രതിഫലം നൽകാൻ അതു ദൈവത്തിനു കടപ്പാടുണ്ടാക്കുന്നുവെന്നും തെററായി വിചാരിച്ച ചില യഹൂദൻമാർ ഉണ്ടായിരുന്നു. അങ്ങനെയുള്ള പ്രതിഫലം ലഭിക്കാഞ്ഞപ്പോൾ തങ്ങൾക്ക് അർഹതയുണ്ടായിരുന്ന കൂലിയെക്കുറിച്ച് അവർ ധിക്കാരപൂർവം ദൈവത്തോടു ചോദിച്ചു: “ഞങ്ങൾ നോമ്പു നോൽക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്തു? ഞങ്ങൾ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്തു?”—യെശയ്യാവു 58:3.
എന്നാൽ അവർക്കു തെററിപ്പോയിരുന്നു. ദേഹവേദനക്കോ അസ്വാസ്ഥ്യതക്കോ അതിൽത്തന്നെ എന്തെങ്കിലും പുണ്യമുണ്ടെന്നുള്ളതുപോലെ, ഉചിതമായ മത ഉപവാസത്തിൽ വിശപ്പിനാൽ ശരീരത്തെ പീഡിപ്പിക്കുന്ന ആത്മപരിവ്രജ്യത ഉൾപ്പെട്ടിരുന്നില്ല. ശക്തമായ വികാരം അവരുടെ വിശപ്പു കുറച്ചിരിക്കാം. മനസ്സ് അടിയന്തിരപ്രശ്നങ്ങളുടെ പിടിയിലമർന്നിരിക്കുന്നുവെങ്കിൽ, ശരീരം ആഹാരത്തിനുവേണ്ടി കാംക്ഷിക്കാതിരുന്നേക്കാം. ഇതു ദൈവത്തിന് ഉപവസിക്കുന്ന ഒരാളുടെ തീവ്രവികാരങ്ങളുടെ സൂചന കൊടുക്കുന്നു.
സ്വയം വരുത്തിക്കൂട്ടുന്ന വേദനയിൽ ദൈവം പ്രസാദിക്കുന്നുവോ?
ആളുകൾ തങ്ങളേത്തന്നെ ദണ്ഡിപ്പിക്കുന്നതു നിരീക്ഷിക്കുന്നതിൽനിന്നു സ്നേഹവാനായ സ്രഷ്ടാവിന് എന്തെങ്കിലും സന്തോഷം ലഭിക്കുന്നുവോ? ചില സമയങ്ങളിൽ ക്രിസ്ത്യാനികൾ “ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാ”കാൻ നിർബന്ധിതരായേക്കാമെന്നതു സത്യമാണെന്നിരിക്കെ, ഇതിന് അവർ ഉപദ്രവമോ രക്തസാക്ഷിയുടെ പദവിയോ അന്വേഷിച്ചുനടക്കുകയാണെന്ന് അർഥമില്ല.—1 പത്രൊസ് 4:13.
തീർച്ചയായും, യേശു ഒരു സന്യാസിയേ ആയിരുന്നില്ല. അവന്റെ ശിഷ്യൻമാർ ഉപവസിക്കാഞ്ഞതുകൊണ്ടു മതനേതാക്കൻമാർ പരാതിപറഞ്ഞു. അവൻ “തിന്നിയും കുടിയനുമായ മനുഷ്യൻ” ആയിരിക്കുന്നതായി കുററപ്പെടുത്തുകപോലും ചെയ്തു. (മത്തായി 9:14; 11:19) യേശു എല്ലാററിലും മിതത്വം പ്രകടമാക്കുകയും ന്യായമായതിൽ കൂടുതൽ തന്നിൽനിന്നോ മററുള്ളവരിൽനിന്നോ ആവശ്യപ്പെടാതിരിക്കുകയും ചെയ്തു.—മർക്കൊസ് 6:31; യോഹന്നാൻ 4:6.
ജീവിതാവശ്യങ്ങളോ സുഖങ്ങൾപോലുമോ സ്വയം നിഷേധിക്കുന്നതിനു ദൈവമുമ്പാകെ പുണ്യമുണ്ടെന്നുള്ള മട്ടിലുള്ള പരിവ്രജ്യതക്ക് നാം തിരുവെഴുത്തുകളിൽ ഒരിടത്തും യാതൊരു അടിസ്ഥാനവും കാണുന്നില്ല. അങ്ങനെയുള്ള വേദനാജനകമായ നടപടികളെക്കുറിച്ചുള്ള അപ്പോസ്തലനായ പൗലോസിന്റെ വാക്കുകൾ ശ്രദ്ധിക്കുക. “അതു ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവർക്കു ജ്ഞാനത്തിന്റെ പേരു മാത്രമുള്ളതു; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.”—കൊലൊസ്സ്യർ 2:23.
മാർട്ടിൻ ലൂഥർ ഒരു സന്യാസിയായിരുന്നപ്പോൾ, തന്നേത്തന്നെ അക്ഷരീയമായി ദണ്ഡിപ്പിച്ചു. എന്നിരുന്നാലും അദ്ദേഹം പിൽക്കാലത്ത് അത്തരം ആചാരങ്ങളെ ത്യജിച്ചുകൊണ്ട് അവ ദൈവത്തിങ്കലേക്കുള്ള ഉയർന്നതും താണതുമായ രണ്ടു വഴികൾ എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നു പറയുകയുണ്ടായി, അതേസമയം തിരുവെഴുത്തുകൾ ഒരു രക്ഷാവഴി മാത്രമേ പഠിപ്പിച്ചുള്ളു—യേശുക്രിസ്തുവിലും അവന്റെ പിതാവായ യഹോവയിലുമുള്ള വിശ്വാസപ്രകടനത്തിലൂടെയുള്ള രക്ഷാവഴി. (യോഹന്നാൻ 17:3) മറിച്ച്, വേദനാജനകങ്ങളായ കർമാനുഷ്ഠാനങ്ങളെ ചിലർ സ്വയരക്ഷയുടെ ഒരു രൂപമായി വീക്ഷിച്ചു.
ലളിതഭാഷയിലുള്ള സഭാചരിത്രം (ഇംഗ്ലീഷ്) പരിവ്രജ്യതയെക്കുറിച്ച് ഇങ്ങനെ പ്രസ്താവിക്കുന്നു: “സന്യാസധർമത്തെ പിന്താങ്ങുന്നതു മനുഷ്യനെസംബന്ധിച്ച തെററായ ഒരു വീക്ഷണമായിരുന്നു. സന്യാസികളുടെ അഭിപ്രായത്തിൽ, ദേഹി ശരീരത്തിന്റെ ഒരു തടവുകാരനെന്ന നിലയിൽ ജഡത്തോടു ബന്ധിക്കപ്പെട്ടിരിക്കുന്നു. മനുഷ്യജീവിതത്തെക്കുറിച്ചുള്ള ബൈബിൾവീക്ഷണം അതല്ല.” അതേ, സ്വയം വരുത്തിക്കൂട്ടുന്ന വേദനക്കു ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയും എന്ന ആശയംതന്നെ തിരുവെഴുത്തുകൾക്ക് അന്യമാണ്. ജഡത്തോടു ബന്ധപ്പെട്ട സകലതും തിൻമയാണെന്നും ഒരുവനു രക്ഷ ലഭിക്കാൻ സാധ്യമാകുന്നടത്തോളം അതിനെ ഉപദ്രവിക്കണമെന്നുമുള്ള ജ്ഞാനവാദപരമായ വ്യാജത്തിലാണ് അതിന് അടിസ്ഥാനമുള്ളത്.
നാം സന്തുഷ്ടരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നതുകൊണ്ട് അങ്ങനെയുള്ള ഒരു ഉല്ലാസവാനായ ദൈവത്തിന്റെ സേവനം ഒരു സന്യാസിയാകുന്ന സംഗതിയല്ല. (സഭാപ്രസംഗി 7:16) അതുകൊണ്ട്, അങ്ങനെ സ്വയം വരുത്തിക്കൂട്ടുന്ന കഷ്ടപ്പാടുകളാണു രക്ഷാവഴിയെന്നു തിരുവെഴുത്തുകളിൽ ഒരിടത്തും നമ്മോടു പറയുന്നില്ല. മറിച്ച്, ക്രിസ്തുവിന്റെ രക്തവും ഒപ്പം അതിലുള്ള നമ്മുടെ വിശ്വാസവുമാണു നമ്മെ സകല പാപങ്ങളിൽനിന്നും ശുദ്ധീകരിക്കുന്നതെന്നു ദൈവവചനം വ്യക്തമാക്കുന്നു.—റോമർ 5:1; 1 യോഹന്നാൻ 1:7.