ബൈബിളിന്റെ വീക്ഷണം
സന്ന്യാസം ജ്ഞാനത്തിന്റെ താക്കോലോ?
“മഹർഷിമാർ ഇരുമ്പു വിലങ്ങുകളും ചങ്ങലകളും കുത്തിക്കൊള്ളുന്ന അരപ്പട്ടകളും മുള്ളുള്ള കഴുത്തുപട്ടകളും ധരിച്ചു . . . മറ്റു ചിലർ മുള്ളുകളിലും ചൊറിയണത്തിലും കിടന്നുരുണ്ടു, പ്രാണികളുടെ കടി ഏറ്റുവാങ്ങി, ശരീരം തീകൊണ്ടു പൊള്ളിച്ചു, മുറിവുകൾ കുത്തിപ്പഴുപ്പിച്ചു. അൽപ്പഭക്ഷണം പതിവാക്കി. ഇതിലും കടന്ന കാര്യങ്ങൾ ചെയ്തവരുണ്ട്, അവർ ചീഞ്ഞതോ അറപ്പുളവാക്കുന്നതോ ആയ ആഹാരസാധനങ്ങൾ മാത്രം തിന്നു.”—എഡിത്ത് സൈമണിന്റെ വിശുദ്ധന്മാർ (ഇംഗ്ലീഷ്).
ഇവർ സന്ന്യാസിമാരായിരുന്നു. ഇവർ ഇങ്ങനെ സ്വയം ദ്രോഹിക്കുന്നതെന്തുകൊണ്ടാണ്? “ഇന്ദ്രിയ സുഖങ്ങളോ ഭൗതിക ആഡംബരങ്ങളോ ഇല്ലാത്ത വളരെ ലളിതമായ ഒരു ജീവിതം യഥാർഥ ജ്ഞാനത്തിന് അനിവാര്യമാണെന്ന് സോക്രട്ടീസിന്റെ (പൊ.യു.മു. അഞ്ചാം നൂറ്റാണ്ട്) കാലംമുതലെങ്കിലും പരക്കെ മനസ്സിലാക്കിയിരുന്നു”വെന്ന് ഫോർ ദ സെയ്ക് ഓഫ് ദ വേൾഡ്—ദ സ്പിരിറ്റ് ഓഫ് ബുദ്ധിസ്റ്റ് ആൻഡ് ക്രിസ്റ്റ്യൻ മൊണസ്റ്റിസിസം എന്ന പുസ്തകത്തിൽ ഗ്രന്ഥകർത്താക്കൾ വിശദീകരിക്കുന്നു. ഇന്ദ്രിയനിഗ്രഹം ആത്മീയബോധം വർധിപ്പിക്കുമെന്നും അത് യഥാർഥ പ്രബുദ്ധതയ്ക്കിടയാക്കുമെന്നും സന്ന്യാസിമാർ വിചാരിച്ചു.
സന്ന്യാസത്തെ കൃത്യമായി നിർവചിക്കുക ബുദ്ധിമുട്ടാണ്. ചിലരെ സംബന്ധിച്ചിടത്തോളം അതു കേവലം ആത്മശിക്ഷണം അല്ലെങ്കിൽ ആത്മത്യാഗമാണ്. ആദിമ ക്രിസ്ത്യാനികൾ അത്തരം സദ്ഗുണങ്ങൾക്കു മൂല്യം കൽപ്പിച്ചിരുന്നു. (ഗലാത്യർ 5:22, 23; കൊലൊസ്സ്യർ 3:5) യേശുക്രിസ്തുതന്നെ ഭൗതികത്വ ജീവിതരീതിയുടെ ഉത്കണ്ഠകളില്ലാത്ത ലളിതമായ ഒരു ജീവിതം ശുപാർശ ചെയ്തു. (മത്തായി 6:19-33) എങ്കിലും സന്ന്യാസം മിക്കപ്പോഴും അർഥമാക്കുന്നത് മുകളിൽ വർണിച്ചതുപോലുള്ള വളരെ കർക്കശവും പലപ്പോഴും അതിരുകടന്നതുമായ നടപടികളെയാണ്. വാസ്തവത്തിൽ സന്ന്യാസികളുടെ ഇത്തരം നടപടികൾ—പ്രത്യേകിച്ചും ഏറെ അതിരുകടന്നവ—ജ്ഞാനത്തിന്റെ താക്കോലാണോ?
തെറ്റായ ധാരണകളിൽ അധിഷ്ഠിതം
സന്ന്യാസത്തിനു രൂപംകൊടുത്തിട്ടുള്ള തത്ത്വചിന്തകളിലൊന്നാണ് ഭൗതികവസ്തുക്കളും ശാരീരിക സുഖങ്ങളും അവയിൽത്തന്നെ തെറ്റാണെന്നും അതുകൊണ്ട് അവ ആത്മീയ പുരോഗതിക്കു തടസ്സമാണെന്നുമുള്ള ആശയം. മനുഷ്യന് ദേഹവും ആത്മാവും ഉണ്ടെന്നുള്ള പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന വിശ്വാസമാണ് സന്ന്യാസത്തിനു നിദാനമായ മറ്റൊരു ധാരണ. ഭൗതിക ശരീരം ആത്മാവിന്റെ തടവറയാണെന്നും ജഡം അതിന്റെ ശത്രുവാണെന്നും സന്ന്യാസിമാർ വിശ്വസിക്കുന്നു.
ബൈബിൾ എന്താണു പറയുന്നത്? ഭൂമിയെ സൃഷ്ടിച്ചുകഴിഞ്ഞപ്പോൾ താനുണ്ടാക്കിയതെല്ലാം—ഭൗതികവും പ്രാപഞ്ചികവുമായ സകല സൃഷ്ടികളും—“എത്രയും നല്ല”താണെന്നു ദൈവം പറഞ്ഞുവെന്ന് തിരുവെഴുത്തുകൾ കാണിക്കുന്നു. (ഉല്പത്തി 1:31) സ്ത്രീയും പുരുഷനും ഏദെൻ തോട്ടത്തിൽ ഭൗതിക സംഗതികൾ ആസ്വദിക്കാനാണ് ദൈവം ഉദ്ദേശിച്ചത്. ഏദെൻ എന്നതിന്റെ അർഥം തന്നെ “ഉല്ലാസം” അഥവാ “ആനന്ദം” എന്നാണ്. (ഉല്പത്തി 2:8, 9) പൂർണരായിരുന്ന ആദാമും ഹവ്വായും പാപം ചെയ്യുന്നതുവരെ തങ്ങളുടെ സ്രഷ്ടാവുമായി നല്ലൊരു ബന്ധം ആസ്വദിച്ചിരുന്നു. എന്നാൽ അവർ പാപം ചെയ്തപ്പോൾമുതൽ അപൂർണത ദൈവത്തിനും മനുഷ്യനും ഇടയ്ക്ക് ഒരു പ്രതിബന്ധമായിത്തീർന്നു. എങ്കിലും, ദൈവത്തിന്റെ ധാർമിക നിയമങ്ങളോടുള്ള ചേർച്ചയിൽ ഉചിതമായ മാനുഷിക ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നതോ ദൈവദത്ത ശാരീരിക സുഖങ്ങൾ ആസ്വദിക്കുന്നതോ ഒരിക്കലും ദൈവത്തിനും അവന്റെ ആരാധകർക്കുമിടയിൽ ആശയവിനിമയ പ്രതിബന്ധം സൃഷ്ടിക്കുകയില്ല!—സങ്കീർത്തനം 145:16.
കൂടാതെ, പൊടിയിൽനിന്നു സൃഷ്ടിക്കപ്പെട്ടവനും മാംസംകൊണ്ടുണ്ടാക്കപ്പെട്ടവനുമായ മനുഷ്യൻ ഒരു ദേഹി ആണെന്ന് ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു. ഭൗതിക ശരീരത്തിനുള്ളിൽ ബന്ധനത്തിലായിരിക്കുന്ന അമൂർത്തവും അമർത്യവുമായ ഒന്നാണ് ദേഹി അല്ലെങ്കിൽ ആത്മാവ് എന്നും ദൈവവുമായി അടുത്ത ബന്ധത്തിലായിരിക്കുന്നതിൽനിന്ന് ജഡം ഒരുവനെ ഏതോവിധേന തടയുന്നുവെന്നുമുള്ള ആശയങ്ങളെ തിരുവെഴുത്തുകൾ പിന്താങ്ങുന്നില്ല.—ഉല്പത്തി 2:7.
വ്യക്തമായും, സന്ന്യാസം എന്ന ആശയം ദൈവവുമായുള്ള മനുഷ്യബന്ധത്തിന്റെ വികലമായ ഒരു ചിത്രമാണ് വരച്ചുകാട്ടുന്നത്. ചില നാമധേയ ക്രിസ്ത്യാനികൾ അടിസ്ഥാന ബൈബിൾ സത്യങ്ങളെക്കാൾ വഞ്ചനാത്മകമായ മനുഷ്യ തത്ത്വചിന്തകൾ ഇഷ്ടപ്പെടുമെന്ന് അപ്പോസ്തലനായ പൗലൊസ് മുന്നറിയിപ്പു നൽകി. (1 തിമൊഥെയൊസ് 4:1-5) അത്തരം ചിന്താഗതി പുലർത്തിയ ചിലരെക്കുറിച്ച് ഒരു മതചരിത്രകാരൻ ഇങ്ങനെ പറയുന്നു: “ജഡം തിന്മയാണെന്നും . . . മനുഷ്യന്റെ ആത്മാവ് ജഡത്തിന്റെ കെട്ടുപാടിൽനിന്ന് സ്വതന്ത്രമായേ തീരൂ എന്നുമുള്ള വിശ്വാസം മാംസം കഴിക്കുന്നതും ലൈംഗികബന്ധത്തിലേർപ്പെടുന്നതും മറ്റും വിലക്കുന്ന കർക്കശമായ രീതിയിലുള്ള ഒരു സന്ന്യാസത്തിനിടയാക്കിയിരിക്കുന്നു. വിശേഷാലുള്ള മതചടങ്ങിനു വിധേയരായ പെർഫെക്റ്റിക്ക് അഥവാ ശ്രേഷ്ഠ ‘പൂർണർ’ക്ക് മാത്രമേ ഇത് അനുഷ്ഠിക്കാൻ കഴിയൂ.” ഈ ചിന്താരീതിക്ക് ബൈബിളിന്റെ യാതൊരു പിൻബലവുമില്ല. ആദിമ ക്രിസ്ത്യാനികൾ അങ്ങനെ വിശ്വസിച്ചിരുന്നുമില്ല.—സദൃശവാക്യങ്ങൾ 5:15-19; 1 കൊരിന്ത്യർ 7:4, 5; എബ്രായർ 13:4.
സന്ന്യാസം ആവശ്യമായിരിക്കുന്നില്ല
യേശുവും അവന്റെ ശിഷ്യന്മാരും സന്ന്യാസികളായിരുന്നില്ല. അവർ വിവിധ പരിശോധനകളും ഉപദ്രവങ്ങളും സഹിച്ചു. എന്നാൽ ഈ ഉപദ്രവങ്ങൾ ഒരിക്കലും അവർ സ്വയം ഏൽപ്പിച്ചവയായിരുന്നില്ല. വഞ്ചനാത്മകമായ മാനുഷിക തത്ത്വചിന്തകൾ ക്രിസ്ത്യാനികളെ ദൈവവചനത്തിലെ സത്യത്തിൽനിന്ന് വഴിതെറ്റിച്ച് അന്യായവും അതിരുകടന്നതുമായ നടപടികളിലേക്കു നയിച്ചേക്കാമെന്നതിനാൽ ജാഗ്രതയുള്ളവരായിരിക്കാൻ അപ്പോസ്തലനായ പൗലൊസ് അവർക്കു മുന്നറിയിപ്പു നൽകി. പൗലൊസ് “ശരീര പീഡ”യെക്കുറിച്ച് എടുത്തുപറയുകയുണ്ടായി. അവൻ പറഞ്ഞു: “തീർച്ചയായും, അവയൊക്കെയും സ്വേച്ഛാരാധനയിലും കപടമായ താഴ്മയിലും ശരീര പീഡയാലും ജ്ഞാനത്തിന്റെ ബാഹ്യരൂപം മാത്രം ഉള്ളവയാകുന്നു; ജഡാഭിലാഷം അടക്കുവാൻ ഒരു പ്രകാരത്തിലും ഉപകരിക്കുകയില്ല.” (കൊലൊസ്സ്യർ 2:8, 23, NW) സന്ന്യാസം പ്രത്യേക വിശുദ്ധിയോ യഥാർഥ പ്രബുദ്ധതയോ കൈവരുത്തുന്നില്ല.
ക്രിസ്തീയ അനുസരണത്തിന്റെ ഗതി കഠിനപ്രയത്നത്തെയും ആത്മശിക്ഷണത്തെയും അർഥമാക്കുന്നുവെന്നതു സത്യംതന്നെ. (ലൂക്കൊസ് 13:24; 1 കൊരിന്ത്യർ 9:27) ദൈവപരിജ്ഞാനം സമ്പാദിക്കുന്നതിന് ഒരുവൻ കഠിനശ്രമം ചെയ്യണം. (സദൃശവാക്യങ്ങൾ 2:1-6) കൂടാതെ, “മോഹങ്ങൾക്കും ഭോഗങ്ങൾക്കും” അധീനരും “ദൈവപ്രിയമില്ലാതെ ഭോഗപ്രിയ”രും ആയിരിക്കുന്നതിനെതിരെ ബൈബിൾ ശക്തമായ മുന്നറിയിപ്പു നൽകുന്നു. (തീത്തൊസ് 3:3; 2 തിമൊഥെയൊസ് 3:4, 5) എന്നിരുന്നാലും, ഈ തിരുവെഴുത്തു ഭാഗങ്ങൾ സന്ന്യാസാനുഷ്ഠാനത്തിന് അനുമതി നൽകുന്നില്ല. പൂർണമനുഷ്യനായ യേശുക്രിസ്തു ഭക്ഷണപാനീയങ്ങൾ, സംഗീതം, നൃത്തം എന്നിവ ഉൾപ്പെട്ട സന്തോഷാവസരങ്ങൾ ആസ്വദിച്ചു.—ലൂക്കൊസ് 5:29; യോഹന്നാൻ 2:1-10.
യഥാർഥ ജ്ഞാനം ന്യായയുക്തമാണ്, അത് അതിരുവിട്ടു പോകുന്നില്ല. (യാക്കോബ് 3:17, NW) ജീവിതത്തിൽ അനേക സന്തോഷങ്ങൾ ആസ്വദിക്കാനുള്ള പ്രാപ്തിയോടെയാണ് യഹോവയാം ദൈവം നമ്മുടെ ഭൗതികശരീരങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. നാം സന്തുഷ്ടരായിരിക്കാൻ അവൻ ആഗ്രഹിക്കുന്നു. അവന്റെ വചനം നമ്മോട് ഇങ്ങനെ പറയുന്നു: “ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്കു ഇല്ല എന്നു ഞാൻ അറിയുന്നു. ഏതു മനുഷ്യനും തിന്നു കുടിച്ചു തന്റെ സകലപ്രയത്നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.”—സഭാപ്രസംഗി 3:12, 13.
[20-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
വിശുദ്ധ ജെറോം ഗുഹയിൽ /The Complete Woodcuts of Albrecht Dürer/Dover Publications, Inc.