ഞങ്ങളുടെ വായനക്കാരിൽ നിന്ന്
ദുശ്ശീലങ്ങൾ എനിക്ക് ഓർക്കാൻ കഴിയുന്നടത്തോളം, ഞാൻ ദുശ്ശീലങ്ങൾ കാട്ടിയിരുന്നു. “നന്ദി,” “ദയവായി ക്ഷമിക്കണം,” “ഖേദമുണ്ട്” എന്നിങ്ങനെയുള്ള മര്യാദയുടെയും പരിഗണനയുടെയും വാക്കുകൾ പറയാതിരിക്കുന്നതിൽ എനിക്ക് അഭിമാനം തോന്നിയിരുന്ന സമയങ്ങൾപോലും ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ, “പെരുമാററരീതികളുടെ അധഃപതനം” എന്ന ലേഖനവും അതിൽ ഉദ്ധരിച്ചിരുന്ന ബൈബിൾഭാഗങ്ങളും ഞാൻ വായിച്ചു. (ജൂലൈ 22, 1994) തന്നെക്കാൾ താണവരോട് ഇടപെടുമ്പോൾ ദൈവം എല്ലായ്പോഴും നല്ല ശീലങ്ങൾ പ്രകടമാക്കിക്കൊണ്ടു മിക്കപ്പോഴും തന്റെ അപേക്ഷകളോടു “ദയവായി” എന്നു കൂട്ടിച്ചേർക്കുന്നതായി ഞാൻ മനസ്സിലാക്കി. ഇതു ബൈബിളിൽ കണ്ടപ്പോൾ ഞാൻ വളരെ ആശ്ചര്യപ്പെട്ടു. ദൈവത്തെ അനുകരിക്കാൻ ശ്രമിക്കുന്നതിന് അത് എന്നെ പ്രേരിപ്പിച്ചിരിക്കുന്നു. നിങ്ങൾക്കു വളരെ നന്ദി.
എം. ഇ. ജെ., നൈജീരിയ
ഞാൻ ലേഖനം യഥാർഥത്തിൽ വിലമതിച്ചു. മററുള്ളവരുടെ അവകാശങ്ങളോടും വസ്തുവിനോടുമുള്ള ആദരവു പെരുമാററരീതികളോട് അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. ചിലപ്പോൾ നിങ്ങൾ സുഹൃത്തുക്കളെ ക്ഷണിക്കുമ്പോൾ, തങ്ങൾക്ക് ഇഷ്ടംപോലെ പ്രവർത്തിക്കാൻ—വ്യത്യസ്തമുറികളിലേക്കു പോകാനും വലിപ്പുകളും റഫ്രിജറേറററുകളും മററും പരിശോധിക്കാനും—സ്വാതന്ത്ര്യമുണ്ടെന്ന് അവരുടെ കുട്ടികൾ വിചാരിക്കുന്നു.
ജി. ഡബ്ലിയൂ., ഐക്യനാടുകൾ
ലേഖനത്തിലെ ഓരോ വാക്യവും മൂല്യവത്തായിരുന്നു. കൗമാരപ്രായക്കാരായ എന്റെ രണ്ട് ആൺകുട്ടികളെ പഠിപ്പിക്കാൻ അതുതന്നെയായിരുന്നു എനിക്കാവശ്യം. ഞാൻ എന്റെ കുട്ടികളെ പഠിപ്പിച്ചിട്ടില്ലാഞ്ഞ ശീലങ്ങളെസംബന്ധിച്ചുള്ള അനേകം വിശദാംശങ്ങളുണ്ടെന്നു ഞാൻ മനസ്സിലാക്കി. ഈ മനോഹരമായ വിശദാംശങ്ങളും അവ എങ്ങനെ ബാധകമാക്കാമെന്നും ഇപ്പോൾ എനിക്കറിയാം.
പി. എച്ച്., ഐക്യനാടുകൾ
മോസ്കോയിലെ തീവണ്ടിപാതകൾ അടുത്ത കാലത്തു ഞാൻ “മോസ്കോയിലെ കണ്ണഞ്ചിപ്പിക്കുന്ന ഭൂഗർഭകൊട്ടാരങ്ങൾ” വായിച്ചു. (ജൂൺ 22, 1994) ഞാൻ വിദേശത്തേക്കു യാത്രചെയ്യാൻ എല്ലായ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. അത്തരം ലേഖനങ്ങൾ വായിക്കുന്നതു ഞാൻ അവിടെത്തന്നെയാണെന്നുള്ള തോന്നൽ ഉളവാക്കുന്നു.
ജെ. എച്ച്., ന്യൂസിലൻഡ്.
യഹോവയുടെ സാക്ഷികളുടെ അടുത്ത കാലത്തെ ഒരു കൺവെൻഷനിൽ സംബന്ധിച്ചപ്പോൾ ഞാൻ മോസ്കോ സന്ദർശിച്ചു. മെട്രോയിൽ സഞ്ചരിച്ചുകൊണ്ടു ധാരാളം സമയം ഞാൻ ചെലവഴിച്ചു. ഞാൻ ലോകത്തിലെ ഏററവും മനോഹരവും പ്രധാനവുമായ തീവണ്ടിപാതകളിലൊന്നു കാണുകയാണെന്ന് അന്നു ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. അതുകൊണ്ടു ഞാൻ ലേഖനം യഥാർഥമായി ആസ്വദിച്ചു.
പി. എം., ഫിൻലൻഡ്
ഒളിപ്പോരാളികൾ? “ഒരു സൈനികചരിത്രകാരൻ എന്ന നിലയിലുള്ള എന്റെ മനനങ്ങൾ” എന്ന ലേഖനത്തിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിലെ പാരീസിന്റെ വിമോചനത്തെ തുടർന്നു പാരീസിൽ പ്രവേശിക്കുന്നതിനെക്കുറിച്ചു ലേഖകൻ വർണിക്കുന്നു. (ഏപ്രിൽ 22, 1993) തനിക്ക് ഒരു ജർമൻ ഒളിപ്പോരാളിയുടെ വെടിയേററുവെന്നും അഭയംതേടി പല പ്രാവശ്യം അദ്ദേഹം ജീപ്പിൽനിന്ന് ഇറങ്ങിപ്പോയെന്നും അതു സംഭവിച്ചതു പാരീസിലെ അതിപ്രസിദ്ധമായ തെരുവിൽവെച്ചായിരുന്നെന്നും അദ്ദേഹം അവകാശപ്പെടുന്നു! പാരീസ് ഒരിക്കലും “വിമോചിത”മായില്ല, പിന്നെയോ പോരാട്ടം കൂടാതെ ജർമൻ കമാൻഡറായ ഡീട്രിക് ഫോൺ കോൾട്ടിററ്സ് വിട്ടുകൊടുക്കുകയായിരുന്നു, അദ്ദേഹം ആജ്ഞക്കെതിരായി പ്രവർത്തിച്ചു.
ഏ. ഡബ്ലിയൂ., ഇററലി
ഗ്രന്ഥകാരൻ വ്യക്തിപരമായ സ്വന്തം അനുഭവങ്ങൾ, മററു ദൃക്സാക്ഷികളാലും ചരിത്രകാരൻമാരാലും സ്ഥിരീകരിക്കപ്പെട്ട സ്മരണകൾ, പ്രതിപാദിക്കുകയായിരുന്നു. ദൃഷ്ടാന്തത്തിന്, സൈനികചരിത്രകാരനായ മാർട്ടിൻ ബ്ലൂമെൻസന്റെ “വിമോചനം” എന്ന പുസ്തകം, പാരീസിനെ ചുട്ടുചാമ്പലാക്കാനുള്ള ഹിററ്ലറുടെ ആജ്ഞകളെ വോൺ കോൾട്ടിസ് ധിക്കരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ കീഴടങ്ങലിനുമുമ്പ് ജർമൻ പടയാളികളും പടയേററം നടത്തിയ ഫ്രഞ്ച്, യു.എസ്. സൈന്യങ്ങളും തമ്മിൽ പൊരിഞ്ഞ യുദ്ധം നടന്നുവെന്നു സമ്മതിച്ചുപറയുന്നു. പാരീസിലെ ഏററവും പ്രസിദ്ധമായ തെരുവായ ഷാൻസെലീസായിലെ പോരാട്ടത്തെ സംബന്ധിച്ചാണെങ്കിൽ ഇതും മററു ചരിത്രകാരൻമാർ സ്ഥിരീകരിക്കുന്നു. ജോൺ കീഗൻ രചിച്ച “നോർമണ്ടിയിലെ ആറു സൈന്യങ്ങൾ—നോർമണ്ടി ആക്രമണത്തീയതിമുതൽ പാരീസിന്റെ വിമോചനംവരെ” കാണുക.—പത്രാ.
വൈദ്യശാസ്ത്ര വിവാദം എനിക്കു 12 വയസ്സുണ്ട്. “മാന്ത്രികരുമല്ല, ദൈവങ്ങളുമല്ല” എന്ന ലേഖനം ഞാൻ വായിച്ചു. (മെയ് 8, 1994) യഥാർഥത്തിൽ എന്നെപ്പോലെ ചെറുപ്പമായ ഒരു ക്രിസ്ത്യാനി ആശുപത്രിയിലെ ഡോക്ടർമാരെയും സർജൻമാരെയും ചെറുത്തുനിൽക്കുന്നതും ‘രക്തം വർജിക്കുന്നതും’ കണ്ടതിൽ ഞാൻ സന്തുഷ്ടയായി.—പ്രവൃത്തികൾ 15:20.
പി. എം. എച്ച്., ഐക്യനാടുകൾ
എനിക്കു 19 വയസ്സുണ്ട്. മേഴ്സി ഉവേസിയുടെ അനുഭവം വായിച്ചത് എന്റെ വിശ്വാസത്തെ എത്ര ബലപ്പെടുത്തി! യഹോവയോടുള്ള വിശ്വസ്തത ഒരുവന്റെ പ്രായത്തിലല്ല, പിന്നെയോ അവനോടുള്ള അഗാധമായ സ്നേഹത്തിലാണ് ആശ്രയിച്ചിരിക്കുന്നത് എന്ന വസ്തുത അത് എന്നെ ബോധ്യപ്പെടുത്തി. ഇതു യഹോവയോടു വിശ്വസ്തത പാലിക്കുന്നതിന് എന്നെ പൂർവാധികം ദൃഢനിശ്ചയമുള്ളവനാക്കി.
എസ്. എം., ദക്ഷിണാഫ്രിക്ക