നിങ്ങളുടെ ഭാവി—അത് എന്തായിരിക്കാൻ കഴിയും?
ഒരു വ്യക്തിക്കു കാലക്രമത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങളെ സംബന്ധിച്ചു വളരെയധികം കാര്യങ്ങൾ മനുഷ്യ ജീനോമിനെക്കുറിച്ചുള്ള പഠനം ഇതിനോടകം വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ അത്തരം രോഗങ്ങളുടെ സാധ്യമായ ചികിത്സയും നിവാരണവും സംബന്ധിച്ചെന്ത്?
സസ്യങ്ങളുടെയും മൃഗങ്ങളുടെയും മനുഷ്യരുടെയും ജീനോമുകളെക്കുറിച്ചു ഗവേഷകർ കൂടുതൽ പഠിക്കുന്തോറും രോഗങ്ങളെ ചികിത്സിക്കാനുള്ള മരുന്നുകളും വിദ്യകളും വികസിപ്പിച്ചെടുക്കാനുള്ള സാധ്യതകളും വർധിക്കുന്നു എന്ന് ലണ്ടനിലെ ദ ടൈംസ് പ്രസ്താവിക്കുന്നു. എന്നിരുന്നാലും, ഇൻഡസ്ട്രി വീക്ക് എന്ന മാഗസിൻ റിപ്പോർട്ടു ചെയ്യുന്നതുപോലെ ശാസ്ത്രജ്ഞർ ഒരു മുന്നറിയിപ്പിൻ വാക്കു തരുന്നു, കാരണം ഈ പ്രക്രിയയിൽ “രോഗലക്ഷണങ്ങൾ കാണുന്നതിന് പിന്നെയും 20 മുതൽ 50 വരെ വർഷങ്ങൾ താമസിപ്പിച്ചേക്കാം.” ജൈവരസതന്ത്ര പ്രൊഫസറായ ചാൾസ് കാൻഡൻ പറയുന്നതനുസരിച്ച്, ഈ സ്ഥിതിവിശേഷം ഒരു വ്യക്തിയെ “ഫലത്തിൽ . . . പ്രതീക്ഷയററവനായി” വിടുന്നു. എന്നാൽ അത് അങ്ങനെ ആയിരിക്കണമെന്നില്ല.
സർവരോഗത്തിനും ഒരവസാനം ബൈബിൾ വ്യക്തമായി വാഗ്ദാനം ചെയ്യുന്നു. “[ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല” എന്നു വെളിപ്പാടു 21:4 പ്രസ്താവിക്കുന്നു. “ജനിതക സഹ-സൃഷ്ടിപ്പ്” എന്നു ദ ക്രിസ്ററ്യൻ സെഞ്ച്വറി എന്ന മാഗസിൻ വിളിക്കുന്ന പ്രയോഗത്താൽ ജനിതകശാസ്ത്രജ്ഞർ ഇതു യാഥാർഥ്യമാക്കുമോ? ബൈബിൾ വാഗ്ദത്തങ്ങളുടെ നിവൃത്തി മനുഷ്യ ജീനോം പ്രോജക്ററിന്റെ പൂർത്തീകരണത്തെയോ ഏതെങ്കിലും “ജനിതക സഹ-സൃഷ്ടി”പ്പിനെയോ നമ്മുടെ പരിസ്ഥിതിയുടെ ക്രമേണയുള്ള അഭിവൃദ്ധിയെയോ ആശ്രയിച്ചിരിക്കുന്നില്ല. മറിച്ച്, അതിന്റെ സുനിശ്ചിതത്വം ആശ്രയിച്ചിരിക്കുന്നതു പൂർണമായും ദൈവത്തിന്റെ പ്രവർത്തനനിരതശക്തിയായ പരിശുദ്ധാത്മാവിലാണ്.
പാരമ്പര്യത്തോടും പരിസ്ഥിതിയോടും പോരാടൽ
ഏതാണ്ട് മൂവായിരം വർഷം മുമ്പ് ഒരു ഇസ്രായേല്യ രാജാവ് ഇങ്ങനെ പറഞ്ഞു: “ഭയജനകമായ ഒരു വിധത്തിൽ ഞാൻ അത്ഭുതകരമായി നിർമിക്കപ്പെട്ടിരിക്കുന്നു.” ഇന്നത്തെ മനുഷ്യ ജീനോം പ്രോജക്ററിനെ സംബന്ധിച്ച ദാവീദിന് ഒരു പിടിയുമില്ലായിരുന്നെങ്കിലും ദൈവത്തെ സ്തുതിച്ചുകൊണ്ട് അവൻ ഇങ്ങനെ പാടി: “നിന്റെ കണ്ണുകൾ എന്റെ ഭ്രൂണത്തെപ്പോലും കണ്ടു, നിന്റെ പുസ്തകത്തിൽ അതിന്റെ ഭാഗങ്ങളെല്ലാം എഴുതിയിട്ടിരുന്നു.”—സങ്കീർത്തനം 139:14, 16, NW.
അമ്മയുടെ ഗർഭാശയത്തിലെ ഭ്രൂണമായുള്ള തന്റെ വളർച്ച ‘എഴുതപ്പെട്ട’ നിർദേശങ്ങളെ പിൻപററിയെന്ന് ആ പുരാതന രാജാവ് എങ്ങനെ അറിഞ്ഞു? ദാവീദ്തന്നെ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “യഹോവയുടെ ആത്മാവായിരുന്നു എന്നിലൂടെ സംസാരിച്ചത്, അവന്റെ വചനം എന്റെ നാവിൻമേൽ ഉണ്ടായിരുന്നു.” (2 ശമുവേൽ 23:2, NW) അതേ, സ്രഷ്ടാവിന്റെ പ്രവർത്തനനിരതമായ ശക്തി, പരിശുദ്ധാത്മാവ്, ദാവീദിന്റെ എഴുത്തിനു നിശ്വസ്തത പകർന്നു.
ഇന്നു പലയാളുകളും അവഗണിക്കുന്ന, അല്ലെങ്കിൽ ചുരുങ്ങിയപക്ഷം പരിചിന്തിക്കാൻ താമസം വരുത്തുന്ന, ഒരു പാഠം ഇവിടെയില്ലേ? ഒരു പരിധിവരെ പാരമ്പര്യവും പരിസ്ഥിതിയും നാം ആയിരിക്കുന്ന അവസ്ഥയ്ക്കു ഹേതുവാണെങ്കിലും, ദൈവത്തിന്റെ പരിശുദ്ധാത്മാവിനു നമ്മെ ശക്തമായി ബാധിക്കാൻ കഴിയും, മററു സ്വാധീനശക്തികളെ നിഷ്ഫലമാക്കാൻ പോലും.
ഇയാൻ എന്ന വ്യക്തിയുടെ കാര്യം പരിചിന്തിക്കുക. അദ്ദേഹം വിശദീകരിക്കുന്നു: “കുട്ടിയായിരുന്നപ്പോൾ പെട്ടെന്നു ക്ഷോഭിക്കുന്ന സ്വഭാവമായിരുന്നു എനിക്കുണ്ടായിരുന്നത്. എന്റെ ഡാഡിക്കു ചിലപ്പോൾ അങ്ങേയററം ക്ഷോഭിക്കുന്ന സ്വഭാവമുണ്ട്, ഇപ്പോൾ എന്റെ സ്വന്തം കൊച്ചുകുട്ടികളും അങ്ങനെതന്നെ. ഇന്നത്തെക്കാൾ കുറെക്കൂടെ ചെറുപ്പമായിരുന്നപ്പോൾ എനിക്കു മനോധൈര്യം വളരെ കുറവായിരുന്നു. വിക്കിവിക്കിയല്ലാതെ യാതൊന്നും പറയാൻ എനിക്കു കഴിയുമായിരുന്നില്ല. അതിന് ഒരു പരിഹാരമെന്ന നിലയിൽ ഞാൻ കുടിക്കാൻ തുടങ്ങി. അതെന്നെ ശാന്തനാക്കി, അഥവാ ഞാൻ അങ്ങനെ വിചാരിച്ചു. വാസ്തവത്തിൽ കുടി എന്റെ മനോധൈര്യത്തെ കെടുത്തുകയാണു ചെയ്തത്.” ഇയാൻ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ മനോധൈര്യമുണ്ടായിരിക്കുന്നതിനു താൻ മദ്യത്തെ ആശ്രയിക്കുന്നതു നിർത്തേണ്ടതുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. “എന്റെ ഇച്ഛാശക്തിതന്നെ മതിയാകുമെന്ന് എനിക്കു തോന്നി, വാസ്തവത്തിൽ ഒരു വർഷം മുഴുവനും ഞാൻ കുടി നിർത്തി. എന്നാൽ, വീണ്ടും കുടിക്കാതിരിക്കാൻ എനിക്കു കഴിഞ്ഞില്ല” എന്ന് അദ്ദേഹം സമ്മതിക്കുന്നു.
അദ്ദേഹം ഇങ്ങനെ തുടരുന്നു: “മരിച്ചുവീഴുന്നതുവരെ നടക്കുമെന്നു വിചാരിച്ചുകൊണ്ട് ഒരു ദിവസം കോരിച്ചൊരിയുന്ന മഴയും നനഞ്ഞ് ഞാൻ തെരുവിലൂടെ നടക്കുകയായിരുന്നു. ഞാൻ പല തവണ കുടി നിർത്തി, പിന്നെയും തുടങ്ങി. അപ്പോഴാണ് എനിക്കു മനസ്സിലായത്, യഹോവയുടെ വിധത്തിലല്ല, മറിച്ച് എന്റേതായ വിധത്തിലാണു മദ്യപാനത്തെ തരണം ചെയ്യാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നത് എന്ന്. അതുകൊണ്ട് നടന്നുപോകവേ, ഞാൻ പ്രാർഥിക്കാൻ തുടങ്ങി, ഫലത്തിൽ അവന്റെ വിധത്തിൽ ഞാൻ ഇനി കാര്യങ്ങൾ ചെയ്യാൻ പോകുകയാണെന്നു ഞാൻ യഹോവയോടു പറഞ്ഞു. എന്നെ ബലപ്പെടുത്താൻ അവന്റെ പരിശുദ്ധാത്മാവിനെ എനിക്കു തരാൻ ഞാൻ അവനോടപേക്ഷിച്ചു.” അത് ഏതാണ്ട് പത്തു വർഷം മുമ്പായിരുന്നു. ഇപ്പോൾ ഇയാൻ എങ്ങനെയുണ്ട്?
അദ്ദേഹം സമ്മതിച്ചുപറയുന്നു: “എന്റെ ബലഹീനതയെ നിയന്ത്രിക്കാൻ ഞാൻ ഇപ്പോഴും കഠിനശ്രമം ചെയ്യേണ്ടതുണ്ട്, മുന്നോട്ടു പോകുന്നതിനു യഹോവയിൽ വളരെയധികം ആശ്രയിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു.” ഇതുവരെയുള്ള തന്റെ വിജയത്തിന്റെ കാരണമായി ഇയാൻ പറയുന്നത് എന്താണ്? “യഹോവയുടെ സാക്ഷികളുടെ സഭയിലേക്കു തിരിച്ചുവന്നതിനുശേഷമുള്ള എന്റെ ആദ്യ ബൈബിൾ വായനാനിയമനം ഞാനോർക്കുന്നുണ്ട്. ‘യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാൻ അവനെ സ്നേഹിക്കുന്നു’ എന്നു തുടങ്ങുന്ന 116-ാം സങ്കീർത്തനമായിരുന്നു അത്. ആ സങ്കീർത്തനത്തിന്റെ പകുതി കഴിഞ്ഞപ്പോൾ ഞാൻ വായിച്ചു: ‘യഹോവ എനിക്കു ചെയ്ത സകല ഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും?’ [12-ാം വാക്യം] ഏതാണ്ടൊരു സാധാരണ അവസ്ഥയിലേക്കു മടങ്ങിവരാൻ എന്നെ സഹായിച്ച ഒരു ചവിട്ടുപടിയായിരുന്നു അത്.” സമാനമായ സാഹചര്യത്തിലുള്ള ആർക്കും ഇയാൻ ഈ ബുദ്ധ്യുപദേശം കൊടുക്കുന്നു: “നിങ്ങളെത്തന്നെ വഞ്ചിക്കരുത്.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു: “ഒടുവിൽ ഞാൻ എന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഠിനശ്രമം ചെയ്യുകയും എന്റെ ദൃഢതീരുമാനത്തെ ബലപ്പെടുത്താൻ യഹോവയുടെ പരിശുദ്ധാത്മാവിനു വേണ്ടി പ്രാർഥിക്കുകയും ചെയ്തപ്പോൾ ഞാൻ വിജയിക്കാൻ തുടങ്ങി.”
ഇയാൻ, ഏതാണ്ട് 50 ലക്ഷം യഹോവയുടെ സാക്ഷികളോടൊപ്പം, ഏററവും പ്രധാനപ്പെട്ട പാഠ്യപുസ്തകമായ ബൈബിളിൽ നൽകിയിരിക്കുന്ന വഴി പിന്തുടരുവാൻ തന്നെ സഹായിക്കുന്നതിനായി പരിശുദ്ധാത്മാവിൽ ആശ്രയിക്കുന്നു. പുനരുത്ഥാനം പ്രാപിച്ച ക്രിസ്തുയേശുവിന്റെ കരങ്ങളിലെ സ്വർഗീയ ഗവൺമെൻറായ ദൈവരാജ്യത്തെക്കുറിച്ചുള്ള വ്യക്തവും ലളിതവും സരളവുമായ ബൈബിൾ സന്ദേശം നിങ്ങൾക്കു പരിചയപ്പെടുത്തിത്തരാൻ നിങ്ങളുടെ പ്രദേശത്തുള്ള സാക്ഷികളെ അനുവദിക്കുക. ആ രാജ്യം ജനിതക സംബന്ധമായ ഏതു കുഴപ്പങ്ങളെയും പെട്ടെന്നുതന്നെ നിവാരണം ചെയ്യുകയും മനുഷ്യവർഗത്തിന് എന്നേക്കും ജീവിക്കുന്നതിനു വേണ്ടി ഒരു പറുദീസാ പരിസ്ഥിതി പ്രദാനം ചെയ്യുകയും ചെയ്യും. നിങ്ങൾക്കും അവിടെയായിരിക്കാം!