മനുഷ്യ ജനിതകം അനാവരണം ചെയ്യൽ
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
“ജീവശാസ്ത്രത്തിന്റെ ആദ്യത്തെ ‘വൻ ശാസ്ത്ര’ പദ്ധതി,” “ആധുനിക ലോകത്തിലെ ഏഴ് അത്ഭുതങ്ങ”ളിൽ ആറാമത്തേത്—ഈ രണ്ടു വർണനകളും മനുഷ്യ ജീനോം (Genome) പ്രോജക്ററിനെ കുറിക്കുന്നതാണ്, അത് എന്താണു മനുഷ്യനെന്ന് അനാവരണം ചെയ്യാനുള്ള ഒരു അന്താരാഷ്ട്ര ഉദ്യമമാണ്! എന്താണു ജീനോം? അത്, ഒരു ഭാഗം പിതാവിൽനിന്നും മറേറ ഭാഗം മാതാവിൽനിന്നും അവകാശപ്പെടുത്തിയ, എന്നാൽ ഇപ്പോൾ നിങ്ങളുടേതു മാത്രമായ, ജനിതകഘടനയുടെ ആകെത്തുകയാണ്.
ജനിതകശാസ്ത്രജ്ഞരായ സർ വോൾട്ടർ ബോഡ്മറും റോബിൻ മകീയും ജീനോം പ്രോജക്ററിനു പേരിട്ടിരിക്കുന്നത് “മനുഷ്യനെക്കുറിച്ചുള്ള പുസ്തകം” എന്നാണ്. പക്ഷേ, അതു വായിക്കുന്നത് അത്ര ലഘുവായ ഒരു ജോലിയൊന്നുമല്ല. “അതിലുമേറെ പ്രധാനപ്പെട്ട ഒരു പാഠപുസ്തകശേഖരം മനുഷ്യർ ഒരിക്കലും കണ്ടെത്താൻ പോകുന്നില്ല.” അങ്ങനെ അവകാശപ്പെടുന്നത് ഇപ്പോൾ പ്രസിദ്ധമായ ഡിഎൻഎ തൻമാത്രയുടെ ഘടന കണ്ടുപിടിച്ചതിനുള്ള ബഹുമതി ലഭിച്ച ശാസ്ത്രജ്ഞരിൽ ഒരുവനായ ജെയിംസ് വാട്ട്സൺ ആണ്. “ഒടുവിൽ വ്യാഖ്യാനം ചെയ്തുകഴിയുമ്പോൾ, നമ്മുടെ ഡിഎൻഎ തൻമാത്രകൾക്കുള്ളിൽ രേഖപ്പെടുത്തിയിരിക്കുന്ന ജനിതക സന്ദേശങ്ങൾ മനുഷ്യാസ്തിത്വത്തിന്റെ രാസപരമായ അടിസ്ഥാനങ്ങൾ സംബന്ധിച്ച ആത്യന്തിക ഉത്തരങ്ങൾ പ്രദാനം ചെയ്യും” എന്ന് അദ്ദേഹം പറയുന്നു.
ചെലവേറിയ ഏതൊരു വൻ ശാസ്ത്രപദ്ധതിയെയും പോലെതന്നെ മനുഷ്യ ജീനോം പ്രോജക്ററിനും വിശ്വാസികളും സംശയാലുക്കളുമുണ്ട്. “ജീനോം പ്രോജക്ററ് സ്വകാര്യതയുടെമേലുള്ള ഏററവും കടന്ന ലംഘനമായിരിക്കാം. അല്ലെങ്കിൽ അതു പുനരുദ്ധരിക്കപ്പെട്ട ജീവിതത്തിലേക്കും ആരോഗ്യത്തിലേക്കും സുഖപ്പെടുത്തലിലേക്കുമുള്ള അസാധാരണമായ ഒരു കവാടമായിരിക്കാം” എന്ന് സയൻസ് എഴുത്തുകാരനായ ജോയൽ ഡേവിസ് മുന്നറിയിപ്പു നൽകുന്നു. എന്നാൽ എന്തു നേട്ടം കൈവരിച്ചാലും “അതു ജനിതകശാസ്ത്രരംഗത്തെ സമ്പൂർണമായി മാററിമറിക്കു”മെന്നും “അതു ഹോമോ സാപ്പിയെൻസിന്റെ സ്വഭാവത്തെത്തന്നെ സമ്പൂർണമായി ഉടച്ചുവാർത്തേക്കാ”മെന്നും അദ്ദേഹം വിശ്വസിക്കുന്നു. 1989-ൽ, ഹോവർഡ് ഹ്യൂസ് മെഡിക്കൽ ഇൻസ്ററിററ്യൂട്ടിലെ ഒരു വൈസ് പ്രസിഡൻറായ ജോർജ് കേയ്ഹിൽ ഇതു സംബന്ധിച്ച് ശുഭാപ്തിവിശ്വാസം പുലർത്തി. അദ്ദേഹം പറഞ്ഞു: “അതു നമ്മോടു സർവകാര്യങ്ങളും പറയാൻ പോകുകയാണ്. പരിണാമം, രോഗം തുടങ്ങി സകലതും ഡിഎൻഎ എന്നു വിളിക്കപ്പെടുന്ന ആ അതിവിശിഷ്ടമായ നാടയ്ക്കുള്ളിൽ ഇരിക്കുന്ന വിവരങ്ങളെ അടിസ്ഥാനപ്പെട്ടിരിക്കും.”
ഒരു ബൃഹത്തായ ജോലി
പങ്കെടുക്കുന്ന രാജ്യങ്ങളിലെ ജീനോം ഗവേഷകരെ ഏകീകരിക്കാൻ 1988-ൽ ശാസ്ത്രജ്ഞരുടെ ഒരു അന്താരാഷ്ട്ര സംഘം ഹ്യൂഗോ (HUGO–മനുഷ്യ ജീനോം സംഘടന) സ്ഥാപിച്ചു. ഏതാണ്ട് 350 കോടി ഡോളറിന്റെ ബഡ്ജററുള്ള ഹ്യൂഗോ അവരുടെ കണ്ടെത്തലുകൾ ഒരു കമ്പ്യൂട്ടറിലെ ഡേററാ ബേയ്സിലേക്കു കടത്തിവിടുന്നു. ഇപ്പോൾ കമ്പ്യൂട്ടർ പ്രതിദിനം ജീനോമിന്റെ ആയിരക്കണക്കിനു ഘടകങ്ങൾ വായിക്കുന്നുണ്ടെങ്കിലും, അതിന്റെ അനാവരണം 21-ാം നൂററാണ്ടിൽ ഏതെങ്കിലുമൊരു സമയത്തായിരിക്കും പൂർത്തിയാകുക എന്നു ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു, അത്രയ്ക്കും സങ്കീർണമാണു ജീനോം. ജീനോം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചാൽ അതു വായിച്ചുതീർക്കാൻ “ആയുസ്സിന്റെ മൂന്നിലൊന്ന്” വേണ്ടിവരുമെന്ന് സയൻറിഫിക് അമേരിക്കൻ എന്ന മാഗസിൻ കണക്കാക്കുന്നു.
വളരെയധികം സംവാദത്തിനുശേഷം പിൻവരുന്ന തന്ത്രം പ്രയോഗിച്ചുനോക്കാൻ ശാസ്ത്രജ്ഞർ തീരുമാനിച്ചു. ഒന്നാമതായി, 1,00,000-ത്തോളം ജീനുകളുടെ സ്ഥാനം നിർണയിക്കാനായി ജീനോമിന്റെ രൂപരേഖ ഉണ്ടാക്കാൻ അവർ ഉദ്ദേശിക്കുന്നു. അടുത്തതായി, ജീനോമിലെ രാസഘടകനിർണയം എന്നറിയപ്പെടുന്ന ഒരു പ്രക്രിയയിലൂടെ ഈ ജീനുകളിൽ ഓരോന്നിലുമുള്ള നിർമാണഘടകങ്ങളുടെ വിന്യാസം കണ്ടുപിടിക്കാനാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു. അവരുടെ അവസാന ലക്ഷ്യം നമ്മുടെ ജനിതകഘടകത്തിന്റെ ശേഷിക്കുന്ന 95 മുതൽ 98 വരെ ശതമാനം ഭാഗത്തിന്റെ രാസഘടകനിർണയം നടത്തുക എന്നതാണ്.
ഇതെല്ലാം നേടിയാൽ മനുഷ്യജീവനെക്കുറിച്ചുള്ള സർവകാര്യങ്ങളും അതു വെളിപ്പെടുത്തുമോ? മനുഷ്യൻ എക്കാലത്തും കണ്ടെത്തിയിട്ടുള്ളതിൽവെച്ച് ‘ഏററവും പ്രധാനപ്പെട്ട പാഠപുസ്തകം’ ജീനോമിലുണ്ടോ? മനുഷ്യ ജീനോം പ്രോജക്ററ് മമനുഷ്യന്റെ സർവരോഗങ്ങൾക്കുമുള്ള നിവാരണമാർഗം പ്രദാനം ചെയ്യുമോ? പിൻവരുന്ന ലേഖനങ്ങൾ ഈ ചോദ്യങ്ങൾ പരിചിന്തിക്കുന്നു.