നീട്ടിവെപ്പ്—സമയത്തിന്റെ കവർച്ചക്കാരൻ
“സമയത്തിന്റെ കവർച്ചക്കാരനാണു നീട്ടിവെപ്പ്.”—എഡ്വേർഡ് യങ്, ഏതാണ്ട് 1742-നടുത്ത്.
നിൽക്കൂ! ഈ ലേഖനത്തിന്റെ വായന നിർത്തരുത്! എന്തു സംഭവിച്ചേക്കാമെന്നു നിങ്ങൾക്കറിയാം. നിങ്ങളിതു താഴെ വെച്ചിട്ട് ഇങ്ങനെ പറഞ്ഞേക്കാം: “അതു വളരെ രസാവഹമായ ഒരു ശീർഷകമാണ്, എന്നാൽ അതു വായിക്കാനുള്ള സമയം ഇപ്പോൾ എനിക്കില്ല. ഞാനതു പിന്നീടു വായിച്ചുകൊള്ളാം.” എന്നാൽ ആ പിന്നീട് ഒരിക്കലും വരാതിരുന്നേക്കാം.
നീട്ടിവെപ്പിനെ സംബന്ധിച്ച ഒരു ലേഖനത്തിന്റെ വായന നീട്ടിവെക്കരുത്! അതിന് എത്ര സമയം വേണമെന്നു നിശ്ചയിക്കുക. അഞ്ചു മിനിററുകൊണ്ട് ഈ ലേഖനം വായിച്ചുതീർക്കാൻ ഒരുപക്ഷേ നിങ്ങൾക്കു കഴിഞ്ഞേക്കും. അപ്പോൾ ഈ മാസികയുടെ 10 ശതമാനം നിങ്ങൾ വായിച്ചുകഴിഞ്ഞിരിക്കും! നിങ്ങളുടെ വാച്ചിൽ നോക്കി ഇപ്പോൾ സമയം നിർണയിക്കുക. (ഇതിനോടകംതന്നെ ഇതിന്റെ 5 ശതമാനം നിങ്ങൾ വായിച്ചുകഴിഞ്ഞിരിക്കുന്നു!)
അതു നീട്ടിവെപ്പ് ആണോ?
നിങ്ങൾക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്ന അല്ലെങ്കിൽ ചെയ്യേണ്ട ഒരു കാര്യം മാററിവെക്കുകയാണെങ്കിൽ നിങ്ങൾ നീട്ടിവെക്കുകയാണ്. മററു വാക്കുകളിൽ പറഞ്ഞാൽ, നിങ്ങൾക്ക് ഇന്ന്, ഇപ്പോൾ ചെയ്യാൻ കഴിയുന്നതു നിങ്ങൾ നാളേക്കു മാററിവെക്കുന്നു. ഒരു നീട്ടിവെപ്പുകാരൻ ഒരു പ്രവർത്തനം ആവശ്യമായിരിക്കുമ്പോൾ അതു താമസിപ്പിക്കുന്നു.
ഒരു സൂപ്പർവൈസർ ഒരു റിപ്പോർട്ടു കൊടുക്കാൻ ജോലിക്കാരനോട് ആവശ്യപ്പെടുന്നു; മുറി വൃത്തിയാക്കാൻ മാതാപിതാക്കൾ തങ്ങളുടെ കുട്ടിയോട് ആവശ്യപ്പെടുന്നു; ഒരു ടാപ്പ് ശരിയാക്കിക്കൊടുക്കാൻ ഭാര്യ ഭർത്താവിനോട് ആവശ്യപ്പെടുന്നു. “ഞാൻ വളരെ തിരക്കിലായിരുന്നു” അല്ലെങ്കിൽ “ഞാൻ മറന്നുപോയി” അതുമല്ലെങ്കിൽ “എനിക്കു സമയമില്ലായിരുന്നു” തുടങ്ങിയവ ഒരു കാര്യം ചെയ്യാത്തതിന് ഉന്നയിക്കുന്ന ഒഴികഴിവുകളാണ്. എന്നാൽ, കൂടുതൽ ആസ്വാദ്യമായ കാര്യങ്ങൾ ചെയ്യാനുള്ളപ്പോൾ റിപ്പോർട്ടുകൾ ഉണ്ടാക്കാനോ മുറികൾ വൃത്തിയാക്കാനോ പൈപ്പു നന്നാക്കാനോ നമ്മിലധികമാരും ഇഷ്ടപ്പെടുകയില്ല എന്നതാണു വാസ്തവം. അതുകൊണ്ട് നാം അക്കാര്യം മാററിവെക്കുന്നു അല്ലെങ്കിൽ താമസിപ്പിക്കുന്നു.
എന്നിരുന്നാലും, ചിലപ്പോൾ നാം എന്തെങ്കിലും ചെയ്യാതെ മാററിവെക്കുമ്പോൾ അതു നീട്ടിവെപ്പല്ലെന്നു നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ? ഒരപേക്ഷ ലഭിക്കുന്ന ഒരു ബിസിനസ്സുകാരിക്ക് അത് എന്തു ചെയ്യണമെന്ന് അറിയില്ല, അതുകൊണ്ട് അവളതു തന്റെ മേശയിൽ “തീരുമാനിക്കാത്ത” എന്ന ലേബലൊട്ടിച്ച ഒരു പെട്ടിക്കുള്ളിൽ ഫയൽ ചെയ്യുന്നു. ഏതാനും ആഴ്ചകൾക്കുശേഷം, അവൾ ആ ഇനങ്ങൾ അവലോകനം ചെയ്യുന്നു. അവയിൽ പകുതി സംബന്ധിച്ചും യാതൊന്നും ചെയ്യേണ്ടതില്ലെന്ന് അവൾ മനസ്സിലാക്കുന്നു. അവ സ്വയം പ്രശ്നം പരിഹരിച്ചിരിക്കുന്നു അല്ലെങ്കിൽ അതു സംബന്ധിച്ച് ഇനി ഒന്നും ചെയ്യേണ്ടതില്ല. താമസിപ്പിക്കണമോ പ്രവർത്തിക്കണമോ എന്നതു സംബന്ധിച്ചു നിങ്ങൾക്ക് അനിശ്ചിതാവസ്ഥയുണ്ടെങ്കിൽ ഇങ്ങനെ ചിന്തിച്ചുനോക്കുക: നിങ്ങൾ മാററിവെക്കുന്നത് ഒരിക്കലും ചെയ്യുന്നില്ലെങ്കിൽ എന്തു സംഭവിക്കും. അതു ചെയ്തുതീർത്താൽ പരിണതഫലം കൂടുതൽ മെച്ചമാകാനിടയുണ്ടോ, അതോ വഷളാകുമോ?
നമുക്ക് ഇപ്പോൾ ഒരു പ്രത്യേക നടപടി സ്വീകരിക്കാൻ കഴിയും, അങ്ങനെ ചെയ്യേണ്ടതുമാണ്. എന്നിട്ടും ആവശ്യമായ നടപടി നാം വൈകിക്കുകയാണെങ്കിൽ അതു പിന്നീടു കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും, അപ്പോൾ വൈകിക്കൽ നീട്ടിവെപ്പാണ്. ഉദാഹരണത്തിന്, ആഹാരം കഴിച്ച പാത്രങ്ങൾ കുറെ സമയത്തിനുശേഷം കഴുകുകയാണെങ്കിൽ അതു ചുരണ്ടി വൃത്തിയാക്കുക കൂടുതൽ ദുഷ്കരമാണ്. കാറിന്റെ കേടുപോക്കൽ മാററിവെക്കുന്നത് പിന്നീട് വളരെ ചെലവേറിയ റിപ്പയർ ജോലികളിൽ കലാശിക്കും. ഒരു ബില്ല് അടയ്ക്കാൻ വൈകിയാൽ പിന്നീടു കൂടുതൽ ചാർജ് അടയ്ക്കേണ്ടി വന്നേക്കാം, അല്ലെങ്കിൽ സേവനനഷ്ടം നേരിട്ടേക്കാം. ട്രാഫിക് പിഴ, വീഡിയോ ടേപ്പുകളും ലൈബ്രറി ഗ്രന്ഥങ്ങളും കൊടുക്കാൻ വൈകിയതിലുള്ള പിഴ എന്നിവ 46 ഡോളറാണെന്ന് ഒരു സ്ത്രീ കണക്കു കൂട്ടി! അതു വെറും ഒരു മാസത്തേതായിരുന്നു!
കവർച്ചക്കാരനെ പിടികൂടൽ
നിങ്ങൾ കാര്യങ്ങൾ നീട്ടിവെക്കുന്നത് എന്തുകൊണ്ടെന്നു മനസ്സിലാക്കുക. പിൻവരുന്ന കാരണങ്ങൾ പരിശോധിച്ചു നിങ്ങൾ ഇതുവരെയും തുടങ്ങാത്തതോ പൂർത്തിയാക്കാത്തതോ ആയി നിലവിലുള്ള പദ്ധതിയോടു യോജിക്കുന്നത് ഏതെന്നു തിരിച്ചറിയാൻ കഴിയുമോ എന്നു കാണുക:
ശീലം:
ഞാൻ അവസാന നിമിഷംവരെ കാത്തിരിക്കുകയാണെങ്കിൽ, അതു പൂർത്തിയാക്കാൻ എനിക്കു കൂടുതൽ പ്രചോദനമുണ്ടാകും.
ഒരു കാര്യം അവസാന നിമിഷത്തിൽ ചെയ്യുന്നതിൽനിന്ന് എനിക്കു ലഭിക്കുന്ന ഹർഷോല്ലാസം ഞാൻ ആസ്വദിക്കുന്നു.
ഒന്നുരണ്ടുതവണ ബോസ് ഓർമിപ്പിക്കുന്നതുവരെ ഞാൻ കാത്തിരിക്കും, അപ്പോൾ എനിക്കറിയാം യഥാർഥത്തിൽ ചെയ്യാൻ അദ്ദേഹം ആഗ്രഹിക്കുന്ന ഒന്നാണതെന്ന്.
എനിക്കു വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്, അതുകൊണ്ട് വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ മാത്രമേ എന്റെ ശ്രദ്ധയിൽ പെടാറുള്ളൂ.
മനോഭാവം:
ഈ നിയമനം ചെയ്യുന്നതിനുള്ള ആഗ്രഹമോ പ്രേരണയോ എനിക്കില്ല.
എനിക്കു കാര്യങ്ങൾ ചെയ്യാൻ പററും എന്നു തോന്നുമ്പോഴാണു ഞാനവ ചെയ്യുന്നത്.
മറെറന്തെങ്കിലും ചെയ്യാൻ ഞാനാഗ്രഹിക്കുന്നു.
എനിക്ക് ആത്മശിക്ഷണമില്ല.
ഭയം:
എനിക്കിതു ചെയ്യാൻ കഴിയുമെന്ന് ഉറപ്പില്ല.
ഇതു ചെയ്യാൻ എനിക്കു വേണ്ടത്ര സമയമില്ല.
ഇതു വലിയൊരു പദ്ധതിയാണ്. എനിക്കു സഹായം വേണം.
ഞാൻ വിജയിക്കാതിരിക്കുകയോ പൂർത്തിയാക്കാതിരിക്കുകയോ ചെയ്താൽ എന്തു സംഭവിക്കും?
ഈ പദ്ധതി പൂർത്തിയാക്കാനാവശ്യമായ സാധനങ്ങൾ ഞാൻ കൊണ്ടുവരേണ്ടിയിരിക്കുന്നു.
ഞാൻ വിമർശിക്കപ്പെടുകയോ അവമാനിക്കപ്പെടുകയോ ചെയ്യുമോയെന്നു ഞാൻ ഭയപ്പെടുന്നു.
പലയാളുകളും കാര്യങ്ങൾ നീട്ടിവെക്കുന്നതു പല ഘട്ടങ്ങളിലാണ്. ചിലർ തുടങ്ങുന്നതിനു മുമ്പേ നീട്ടിവെക്കുന്നു, കാരണം നിർദിഷ്ട പദ്ധതി വളരെ വലിയ ഒന്നായാണ് അവർ കാണുന്നത്. മററുള്ളവർ തുടങ്ങിവെക്കുന്നു, എന്നാൽ പകുതിയാകുമ്പോഴേക്കും ഉത്സാഹം മങ്ങി അതു പൂർത്തിയാക്കാതെ അവർ മാററിവെക്കുന്നു. ഇനിയും വേറെ ചിലരുണ്ട്, അവർ ഒരു കാര്യം പൂർത്തിയാക്കാറാകുമ്പോൾ അതു വിട്ടിട്ട് വേറൊന്നു തുടങ്ങും. (ഇതൊക്കെയായാലും നിങ്ങൾക്കു നല്ല പുരോഗതിയുണ്ട്, നിങ്ങൾ ഇപ്പോൾത്തന്നെ ഈ ലേഖനം പകുതി വായിച്ചുകഴിഞ്ഞിരിക്കുന്നു.)
നിങ്ങൾ ഒരു പദ്ധതി തുടങ്ങുകയോ പൂർത്തിയാക്കുകയോ ചെയ്യാത്തതിന്റെ കാരണങ്ങൾ മൂന്നു തരത്തിൽപ്പെട്ടതാണ്. ഇപ്പോൾ ശീലം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ നീൽ ഫ്യോറെ ഇങ്ങനെ എഴുതി: “സമ്മർദം അനുഭവിക്കുന്ന ആളെപ്പോലെ തോന്നൽ, വളരെയധികം ആകുലചിത്തനാകൽ, പരാജയഭീതി എന്നിവയാണു മിക്ക നീട്ടിവെപ്പു പ്രശ്നങ്ങളിലും അന്തർലീനമായിരിക്കുന്ന മൂന്നു മുഖ്യ കാരണങ്ങൾ.” കാരണങ്ങൾ എന്തുതന്നെ ആയിരുന്നാലും, അവ തിരിച്ചറിയാൻ നിങ്ങൾക്കു കഴിയുന്നുവെങ്കിൽ നിങ്ങൾ പ്രശ്നപരിഹാരത്തോടു കുറേക്കൂടെ അടുത്തായിരിക്കും.
നിങ്ങൾ കാര്യങ്ങൾ നീട്ടിവെക്കുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെങ്കിൽ അരമണിക്കൂർ ഇടവേള വെച്ച് ഒരാഴ്ചത്തേക്കുള്ള നിങ്ങളുടെ പട്ടിക തയ്യാറാക്കുക. നിങ്ങൾ സമയം എങ്ങനെ ചെലവഴിക്കുന്നുവെന്നു നിശ്ചയിക്കുക. പ്രധാനപ്പെട്ട ജോലികൾക്കിടയിൽ താരതമ്യേന അപ്രധാനമായ കാര്യങ്ങൾക്കു വേണ്ടി നാം എത്രമാത്രം സമയം ചെലവഴിക്കുന്നു എന്നു തിരിച്ചറിയുന്നതു കണ്ണുതുറപ്പിക്കുന്ന ഒരു സംഗതിയാണ്. അപ്പോഴെന്ത്?
പരിണതഫലങ്ങളെക്കുറിച്ചു ചിന്തിക്കുക
ശ്രമം ചെലുത്താതെ ഒരു കാര്യം നടക്കുമെന്നു പ്രതീക്ഷിച്ചാൽ അതു രോഗഗ്രസ്തമായ ഒരു തോന്നലായിരിക്കും ജനിപ്പിക്കുക. ചെയ്തുതീരേണ്ട തീയതിയോട് അടുക്കുന്തോറും നിങ്ങൾക്കു സമ്മർദവും ഉത്കണ്ഠയും തോന്നിത്തുടങ്ങുന്നു. ഈ വികാരങ്ങൾ ഉടലെടുക്കുമ്പോൾ, നിങ്ങളുടെ സൃഷ്ടിപരതയ്ക്കു ഭംഗം നേരിട്ടേക്കാം. ലക്ഷ്യം നേടാനുള്ള വിവിധ മാർഗങ്ങൾ അളന്നുനോക്കാനോ വിലയിരുത്താനോ നിങ്ങൾ പ്രവണത കാണിക്കാതിരുന്നേക്കാം, മറിച്ച് അതു ചെയ്തുതീർക്കുന്നതിലായിരിക്കും നിങ്ങളുടെ മുഖ്യ താത്പര്യം.
ഉദാഹരണത്തിന്, ഒരു പരിപാടി അവതരിപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തലേന്നു രാത്രി കുത്തിപ്പിടിച്ചിരുന്ന് ഒരു പേപ്പറിൽ ഏതാനും വാക്കുകൾ നിങ്ങൾ കുറിച്ചുവെക്കുന്നു. ലഭിച്ചിരിക്കുന്ന വിഷയത്തെക്കുറിച്ചു ഗവേഷണം നടത്താൻ നിങ്ങൾ വേണ്ടത്ര സമയം വിനിയോഗിച്ചിട്ടില്ല. അതുകൊണ്ട് നിങ്ങൾ അതു തട്ടിക്കൂട്ടുന്നു. എന്നാൽ അൽപ്പംകൂടി ശ്രമം ചെലുത്തിയിരുന്നെങ്കിൽ, വിഭാവന ചെയ്യാൻ സദസ്സിനെ സഹായിക്കുന്നതിനായി നിങ്ങൾക്ക് അനുഭവങ്ങളോ പിന്താങ്ങുന്ന വിവരങ്ങളോ ചാർട്ടുകളോ ഉപയോഗിക്കാൻ കഴിയുമായിരുന്നു.
നാം ഒരു പദ്ധതി താമസിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മറെറാരു പരിണതഫലം നമുക്കു സ്വതന്ത്ര സമയം കിട്ടുമ്പോൾ വിശ്രമിക്കാൻ കഴിയാതെപോകുന്നു എന്നതാണ്. അതിനു കാരണം ഒരു പദ്ധതി ചെയ്യാതെ ഇട്ടിരിക്കുന്നു എന്ന അസ്വസ്ഥമാക്കുന്ന ഒരു തോന്നൽ (അല്ലെങ്കിൽ നമ്മെ നിരന്തരം ഓർമിപ്പിക്കുന്ന ഒരാൾ) ഉണ്ടെന്നതാണ്.
എനിക്ക് എന്തു ചെയ്യാൻ കഴിയും?
ഒരു പട്ടികയുണ്ടാക്കുക. തലേന്നു രാത്രി ഇതു ചെയ്യുക. പിറേറ ദിവസം ചെയ്തുതീർക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒരു കടലാസിൽ എഴുതിയിടുക. അങ്ങനെ ചെയ്താൽ ഒരു കാര്യവും നിങ്ങൾ മറന്നുപോകുകയില്ല. പൂർത്തിയായ ഇനത്തിൽ ചെക്ക് മാർക്കിടുമ്പോൾ നിങ്ങൾക്ക് എത്തററമായെന്നു കാണാൻ കഴിയും. ഓരോ ഇനത്തിന്റെയും വലത്തായി ആ നിയമനം പൂർത്തിയാക്കാൻ നിങ്ങൾ എത്ര സമയമെടുക്കുമെന്ന് എഴുതിയിടുക. ഓരോ ദിവസവും ‘ചെയ്യേണ്ട’ കാര്യങ്ങളുടെ ഒരു പട്ടിക നിങ്ങളുണ്ടാക്കുകയാണെങ്കിൽ, അവയ്ക്ക് എത്ര മിനിററ് വേണ്ടിവരുമെന്ന് എഴുതിയിടുക. നിങ്ങളൊരു പ്രോജക്ററ് പട്ടിക ഉണ്ടാക്കുകയാണെങ്കിൽ, അതിന് എത്ര മണിക്കൂറുകൾ വേണമെന്ന് എഴുതുക. ഈ പട്ടിക ഉണ്ടാക്കേണ്ടതു തലേന്നു രാത്രിയിലാണ്. അടുത്ത ദിവസത്തേക്കു വേണ്ടി പട്ടിക ഉണ്ടാക്കാൻ ഏതാനും മിനിററുകൾ ചെലവഴിക്കുക. കൈവശം ഒരു മാസക്കലണ്ടർ ഉണ്ടായിരിക്കണം. നിങ്ങൾക്കു നിയമനങ്ങളും അപ്പോയിൻമെൻറുകളും ലഭിക്കുമ്പോൾ അവ അതിൽ എഴുതിയിടുക.
അടുത്ത ദിവസത്തേക്കുള്ള ജോലികൾ നിങ്ങൾ അവലോകനം ചെയ്യുമ്പോൾ, നിങ്ങളുടെ കലണ്ടറിൽനിന്നു മുൻഗണനയനുസരിച്ചു കാര്യങ്ങൾ കണക്കാക്കുക. പൂർത്തിയാക്കേണ്ട ഓരോ ഇനത്തിനുമടുത്തായി A, B, C, തുടങ്ങിയ അക്ഷരങ്ങൾ എഴുതിക്കൊണ്ട്. ചിലർ നന്നായി ജോലി ചെയ്യുന്നതു രാവിലെയാണ്, എന്നാൽ മററു ചിലരാകട്ടെ ഉച്ചതിരിഞ്ഞോ വൈകുന്നേരമോ ആണ്. നിങ്ങളുടെ ഏററവും വലിയ പദ്ധതികൾ നിങ്ങളുടെ മുഖ്യ സമയത്തേക്കു വേണ്ടി പട്ടികപ്പെടുത്തുക. ആസ്വാദ്യത കുറഞ്ഞ ജോലികളുടെ സ്ഥാനം ആസ്വാദ്യമായ ജോലികൾക്കു മുമ്പിലായിരിക്കണം.
സമയം നിർണയിക്കുക. നിങ്ങൾ സദാ വൈകുന്നെങ്കിൽ, വൈകിയതുകൊണ്ട് അക്ഷരാർഥത്തിൽ ഓടുകയാണെങ്കിൽ, സമയം നിർണയിക്കാൻ പഠിക്കുക. അതായത്, ഒരു ജോലി നിർവഹിക്കാൻ നിങ്ങൾക്കു കൃത്യമായി എത്ര സമയം വേണമെന്നു നിർണയിക്കുക. “അത്യാഹിതം” സംഭവിച്ചേക്കാം, അതുകൊണ്ട് പ്രസ്തുത ജോലിക്കായി ഏതാനും മിനിററുകൾ കൂട്ടിച്ചേർക്കുക. നിയമനങ്ങൾക്കിടയിൽ കുറച്ചു സമയം ഉൾപ്പെടുത്താൻ മറക്കരുത്. യാത്രാസമയവും അതിന്റെ കൂടെ കൂട്ടേണ്ടതുണ്ട്. നിങ്ങൾക്ക് രാവിലെ 10 മണിക്ക് ഒരു യോഗം അവസാനിപ്പിക്കാനും രാവിലെ 10 മണിക്കുതന്നെ മറെറാരു യോഗത്തിൽ സംബന്ധിക്കാനും സാധ്യമല്ല, അത് അടുത്ത മുറിയിൽ ആണെങ്കിൽ പോലും. അപ്പോൾപിന്നെ പട്ടണത്തിന്റെ മറെറവിടെയെങ്കിലും ആണെങ്കിലത്തെ കാര്യം പറയുകയും വേണ്ട. യോഗങ്ങൾക്കിടയിൽ വേണ്ടത്ര സമയം അനുവദിക്കുക.
മററുള്ളവരെ ഏൽപ്പിക്കുക. എപ്പോഴും നാം തന്നെ ചെയ്യേണ്ട ആവശ്യമില്ലെങ്കിൽപ്പോലും സകലതും സ്വയം ചെയ്യാൻ നാം മിക്കപ്പോഴും ശ്രമിക്കാറുണ്ട്. ഒരാൾ പോസ്ററ് ഓഫീസിലേക്കാണു പോകുന്നതെന്ന് അറിഞ്ഞാൽ അവിടേക്കുള്ള ഒരു സാധനം നമുക്കു കൊടുത്തയയ്ക്കാൻ കഴിയും.
അതു ഭാഗങ്ങളാക്കുക. ചില പദ്ധതികളുടെ വലിപ്പം കാരണം ചിലപ്പോൾ നാം അതു തുടങ്ങാറില്ല. എന്തുകൊണ്ട് ആ വലിയ ജോലിയെ ചെറിയ ജോലികളായി ഭാഗിച്ചുകൂടാ? നാം ചെറിയ ജോലികൾ പൂർത്തിയാക്കുമ്പോൾ, നാം നമ്മുടെ പുരോഗതി ദർശിക്കും, മാത്രമല്ല അടുത്ത ഘട്ടം പൂർത്തിയാക്കാൻ നമുക്കു പ്രോത്സാഹനവും തോന്നും.
തടസ്സങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചുകൊണ്ട് ആസൂത്രണം ചെയ്യുക. നമ്മുടെ ജോലിദിവസത്തിൽ മിക്കപ്പോഴും തടസ്സങ്ങൾ ഉണ്ടാകാറുണ്ട്—ഫോൺവിളികൾ, സന്ദർശകർ, പ്രശ്നങ്ങൾ, തപാലുരുപ്പടികൾ. ഫലപ്രദമായി ജോലി ചെയ്യാൻ നാമാഗ്രഹിക്കുന്നു, പൂർത്തിയാക്കേണ്ട തീയതികളുള്ള ആളുകളോടൊത്തു പ്രവർത്തിക്കുന്നതും അതിൽ ഉൾപ്പെടുന്നു. ഫലപ്രദമായി ജോലി ചെയ്യുന്നതിനെക്കുറിച്ചു മാത്രം നാം ചിന്തയുള്ളവരാണെങ്കിൽ, നമ്മുടെ പ്രവർത്തനങ്ങൾക്കിടയിൽ മററുള്ളവർ കടന്നുവരുമ്പോൾ നാം പ്രകോപിതരായിത്തീരും. അതുകൊണ്ട്, തടസ്സങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചുകൊണ്ട് ആസൂത്രണം ചെയ്യുക. ആസൂത്രണം ചെയ്യാത്ത കാര്യങ്ങൾക്കു വേണ്ടി ദിവസവും സമയം അനുവദിക്കുക. അവ സംഭവിക്കുമ്പോൾ, നിങ്ങൾക്ക് അവ കൈകാര്യം ചെയ്യാൻ കഴിയും, നിങ്ങൾ അവയ്ക്കായി കുറെ സമയം അനുവദിച്ചു എന്ന് അറിഞ്ഞുകൊണ്ടുതന്നെ.
പ്രതിഫലം. നിങ്ങൾ പട്ടിക തയ്യാറാക്കുമ്പോൾ, ഏതാണ്ട് 90 മിനിററ് സമയത്തേക്കു തീവ്രവും ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതുമായ പ്രവർത്തനത്തിനായി ആസൂത്രണം ചെയ്യണം. ജോലിയുടെ ഒരുക്കത്തിനു വേണ്ടി സമയം പട്ടികപ്പെടുത്താൻ മറക്കരുത്. നിങ്ങൾ വാസ്തവത്തിൽ ജോലി തുടങ്ങുകയും എന്നാൽ ഒന്നര മണിക്കൂറോളം തുടർച്ചയായി ജോലി ചെയ്തുകൊണ്ടിരിക്കുകയുമാണെങ്കിൽ, അൽപ്പസമയത്തേക്കു നിങ്ങൾ ഒന്നു നിർത്തേണ്ടതുണ്ടായിരിക്കാം. നിങ്ങളൊരു ഓഫീസിലാണു ജോലി ചെയ്യുന്നതെങ്കിൽ, ജോലി നിർത്തി, നീണ്ടുനിവർന്നൊന്നു ധ്യാനിക്കുക. നിങ്ങൾ പുറത്താണു ജോലി ചെയ്യുന്നതെങ്കിൽ, അൽപ്പമെന്തെങ്കിലും കഴിക്കുക. നിങ്ങളുടെ ജോലിക്കായി നിങ്ങൾക്കുതന്നെ പ്രതിഫലം നൽകുക.—സഭാപ്രസംഗി 3:13.
ഇതൊന്നു ചിന്തിച്ചുനോക്കുക, ശീർഷകം വായിച്ചശേഷം ഏതാണ്ട് അഞ്ചു മിനിററുകൊണ്ട് ഈ ലേഖനം പൂർത്തിയാക്കിയിരിക്കുന്നു. ഒരുപക്ഷേ, വീണ്ടെടുപ്പിലേക്കുള്ള പാതയിലായിരിക്കാം നിങ്ങൾ!