ഒററച്ചെവിയൻ പച്ചക്കാള
ഒരു വിദൂരനാട്ടിൽ പാർത്തിരുന്ന പേടി തോന്നിക്കുന്ന ഒററക്കണ്ണൻ രാക്ഷസൻമാരായ സൈക്ലോപ്സുകളെക്കുറിച്ച് അനേക നൂററാണ്ടുകൾക്കു മുമ്പ് ഗ്രീക്ക് ഐതിഹ്യങ്ങൾ വർണിക്കുകയുണ്ടായി. വികൃതരായ ഈ രാക്ഷസൻമാർ മനുഷ്യരുടെ ഫലഭൂയിഷ്ഠമായ ഭാവനയിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എന്നിരുന്നാലും, ഈയിടെ ശാസ്ത്രജ്ഞൻമാർ ഒരു കൂട്ടം ഒററ ചെവിയൻ സൃഷ്ടികളെ യാദൃച്ഛികമായി തങ്ങളുടെ കൺമുമ്പിൽ കണ്ടെത്തി. അവയാണ് പ്രാർഥിക്കുന്ന പച്ചക്കാളകൾ.
പച്ചക്കാളയുടെ രഹസ്യം ഇപ്പോൾ മാത്രം വെളിച്ചത്തുവന്നത് എന്തുകൊണ്ടാണ്? ശബ്ദമുണ്ടാക്കുകയോ മററു പ്രാണികളെപ്പോലെ ശബ്ദത്തോടു പ്രതികരിക്കുകയോ ചെയ്യാത്തതുകൊണ്ട് പച്ചക്കാളയ്ക്കു ചെവി കേൾക്കുകയില്ലെന്നാണ് ശാസ്ത്രജ്ഞൻമാർ ദീർഘനാളായി വിചാരിച്ചിരുന്നത്. പച്ചക്കാളയുടെ ചെവി നാം പ്രതീക്ഷിക്കുമ്പോലെ അതിന്റെ തലയിലല്ലാത്തതു കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. പ്രകൃതി ചരിത്രം (ഇംഗ്ലീഷ്) എന്ന മാസിക വിശദമാക്കുന്നതനുസരിച്ച് പച്ചക്കാളയുടെ ശരീരത്തിന്റെ അടിഭാഗത്തായി കാണുന്ന “ഏതാണ്ട് ഒരു മില്ലിമീററർ നീളമുള്ള ആഴത്തിലുള്ള ഒരു വിടവാണ്” അതിന്റെ ചെവി.
ഉണ്ടായിരിക്കാൻ സാധ്യതയില്ലാത്ത അത്തരമൊരു ഭാഗത്ത് ഒററ ചെവി മാത്രമുള്ളത് അൽപ്പം അസൗകര്യമല്ലേ? ഒരു ശബ്ദം എവിടെനിന്നാണു വരുന്നതെന്നു തിരിച്ചറിയാൻ മനുഷ്യരായ നാം നമ്മുടെ രണ്ടു ചെവികളും ഉപയോഗിക്കുന്നു. എന്നാൽ പച്ചക്കാളയ്ക്ക് പ്രത്യക്ഷത്തിൽ ആ പ്രാപ്തിയില്ലാതെ ജീവിക്കാൻ കഴിയും. ജീവനു ഭീഷണിയുയർത്തുന്ന സാഹചര്യങ്ങൾ സംബന്ധിച്ചു മുന്നറിയിപ്പു കൊടുക്കത്തക്കവിധം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് അതിന്റെ കേൾവിപ്രാപ്തി. പച്ചക്കാളയുടെ ശരീരത്തിൽ സ്വതവേതന്നെ ഒരു സോണാർ ഡിററക്ററർ ഉണ്ട്.
പച്ചക്കാളയുടെ ചെവി അൾട്രാസോണിക്ക് ശബ്ദങ്ങൾ പിടിച്ചെടുക്കുന്നു, പ്രത്യേകിച്ച് പച്ചക്കാളയെപ്പോലുള്ള പ്രാണികളെ വേട്ടയാടുമ്പോൾ വാവലുകൾ ഉണ്ടാക്കുന്ന ശബ്ദങ്ങൾ. പച്ചക്കാളയുടെ സൂക്ഷ്മമായ അൾട്രാസോണിക് കേൾവിശക്തിമൂലം ഒരു വാവൽ സമീപിക്കുമ്പോൾ അത് പൊടുന്നനെ രക്ഷപെടാൻ നടപടിയെടുക്കുന്നത് ശാസ്ത്രജ്ഞർ കണ്ടിട്ടുണ്ടെന്ന് പ്രകൃതി ചരിത്രം റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ ഇരയെക്കാളും മൂന്നോ നാലോ ഇരട്ടി വേഗതയിൽ പറക്കാൻ കഴിവുള്ള വാവലിൽനിന്നു പച്ചക്കാളയ്ക്ക് എങ്ങനെ രക്ഷപെടാനാവും?
സാധാരണമായി വാവൽ ഏതാണ്ട് പത്തു മീററർ അകലത്തിലായിരിക്കുമ്പോൾ പച്ചക്കാള അൾട്രാസോണിക് അപകട സൂചന പിടിച്ചെടുക്കുന്നു. സെക്കൻഡിന്റെ ഒരംശംകൊണ്ട് അത് കുത്തനെ ശക്തമായി കുതിക്കുന്നു. പ്രത്യക്ഷത്തിൽ, ആധുനിക യുദ്ധ വൈമാനികർ ചെയ്യുന്നതിനോടു സമാനമായ ഒരു പ്രതിരോധ നടപടി മനഃപൂർവം നടത്തിയാണ് അത് ഇതു സാധിക്കുന്നത്. യഥാർഥത്തിൽ, പച്ചക്കാള “വ്യോമ പോരാട്ട തന്ത്രങ്ങളിൽ മുൻകൂറായി പാഠം നൽകുന്നുവെന്ന്” പ്രകൃതി ചരിത്രം അഭിപ്രായപ്പെട്ടു.
‘വ്യോമ പോരാട്ട തന്ത്രം മുൻകൂട്ടിത്തന്നെ’ പച്ചക്കാള എങ്ങനെയാണു പഠിച്ചത്? അതിന്റെ അൾട്രാസോണിക് കേൾവി സജ്ജീകരണം ആരാണ് രൂപസംവിധാനം ചെയ്തത്? തീർച്ചയായും, ന്യായയുക്തമായ മറുപടി ഗോത്രപിതാവായ ഇയ്യോബ് നൽകിയതാണ്: “യഹോവയുടെ കൈ ഇതു പ്രവർത്തിച്ചിരിക്കുന്നു എന്നു ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാർ?”—ഇയ്യോബ് 12:9.