ജീവരക്ഷാകരമായ ബെൽററ്
“മോട്ടോർ വാഹനങ്ങൾ കൂട്ടിയിടിക്കുമ്പോഴുണ്ടാകുന്ന പരിക്കുകളുടെ എണ്ണവും കാഠിന്യവും കുറയ്ക്കുന്നതിനുള്ള ഏററവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണു സുരക്ഷാ-ബെൽററിന്റെ ഉപയോഗം” എന്ന് അനാരോഗ്യത്തിന്റെയും മരണത്തിന്റെയും വാരംതോറുമുള്ള റിപ്പോർട്ട് (എംഎംഡബ്ലിയൂആർ) (ഇംഗ്ലീഷ്) പറയുന്നു. ഒരു പഠനം പറയുന്നതനുസരിച്ച് യാത്രക്കാർ സുരക്ഷാബെൽററുകൾ ശരിയാംവണ്ണം ഉപയോഗിക്കുമ്പോൾ അവർക്ക് വാഹന അപകടത്തിൽ മരിക്കുന്നതിനുള്ള സാധ്യത 43 ശതമാനം കുറവാണ്. ഗുരുതരമായ പരിക്കുകൾ ഉണ്ടാകുന്നതിനുള്ള സാധ്യതയും ഏതാണ്ട് 50 ശതമാനം കുറയും.
സുരക്ഷാബെൽററ് ഉപയോഗം സംബന്ധിച്ച നിയമം ആദ്യം നടപ്പിലാക്കിയത് 1970-ൽ ഓസ്ട്രേലിയൻ ഗവൺമെൻറാണ്. ഇപ്പോൾ സുരക്ഷാബെൽററ് ഉപയോഗിക്കാൻ ഏതാണ്ട് 35 രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. നിയമലംഘികൾക്ക് പലപ്പോഴും പിഴയടയ്ക്കേണ്ടിവരുന്നു. ചില കേസുകളിൽ അവരുടെ ഡ്രൈവിങ് പദവികൾ നീക്കംചെയ്യാനുള്ള സാധ്യതപോലുമുണ്ട്. എല്ലാ സീററുകളിലും (മുമ്പിലത്തേയും പുറകിലത്തേയും സീററുകളിൽ) ഇരിക്കുന്ന യാത്രക്കാരോട് സുരക്ഷാബെൽററുകൾ ധരിക്കാൻ ആവശ്യപ്പെടുന്ന നിയമങ്ങൾ ചില ഗവൺമെൻറുകൾ നടപ്പാക്കിയിട്ടുണ്ട്.
“ലോകമെമ്പാടുമായി വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടങ്ങളിൽ ഓരോ വർഷവും 3,00,000 പേർ മരിക്കുന്നതായും 10-15 ദശലക്ഷം പേർക്കു പരിക്കേൽക്കുന്നതായും കണക്കാക്കപ്പെടുന്നു” എന്ന് എംഎംഡബ്ലിയൂആർ റിപ്പോർട്ടു ചെയ്യുന്നു. ആ ആളുകളെല്ലാം സീററ് ബെൽററുകൾ ധരിച്ചിരുന്നെങ്കിൽ ആ സംഖ്യ വൻതോതിൽ കുറഞ്ഞേനെ.