മാരത്തോൺ യുദ്ധം—ഒരു ലോകശക്തിയുടെ അവമാനം
ഗ്രീസിലെ ഉണരുക! ലേഖകൻ
ആധുനിക സന്ദർശകൻ ഗ്രീസിലെ ഏഥൻസിനും 40 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന മാരത്തോൺ സമതലത്തിനു ചുറ്റുമുള്ള ചെറുകുന്നുകൾ ഇറങ്ങിചെല്ലുമ്പോൾ, അയാൾക്ക് ഉടൻ ആ സ്ഥലത്തു വിളയാടുന്ന സമാധാനവും അഭംഗുരമായ ശാന്തതയും തന്നെ പിടിച്ചടക്കിയതായി അനുഭവപ്പെടുന്നു. ഒരുവന് ഈ സ്ഥലം ചരിത്രത്തിലെ ഏറ്റവും വിഖ്യാതമായ യുദ്ധങ്ങളിൽ ഒന്നിന്റെ, മെസപ്പൊട്ടേമിയൻ ലോകശക്തിയുടെ യൂറോപ്പിലേക്കുള്ള മുന്നേറ്റം വിജയകരമായി പിടിച്ചുനിർത്തിയ ഒരു യുദ്ധത്തിന്റെ സ്ഥാനമായിരുന്നു എന്നു സങ്കൽപ്പിക്കാനേ കഴിയില്ല. “പാശ്ചാത്യ സംസ്കാരത്തിന്റെ ചരിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട യുദ്ധങ്ങളിൽ ഒന്ന്” എന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ അതിനെ വിളിക്കുന്നു. ചരിത്രകാരനായ വിൽ ഡൂറൻറ് “ചരിത്രത്തിലെ അത്യന്തം അവിശ്വസനീയമായ വിജയങ്ങളിൽ ഒന്ന്” എന്ന് അതിനെ വർണിക്കുന്നു.
ഒരു ലോകശക്തി വെല്ലുവിളിക്കപ്പെടുന്നു
ദാനിയേൽ പുസ്തകത്തിലെ ബൈബിൾ പ്രവചനങ്ങൾ വളരെ വ്യക്തമായ വിധത്തിൽ ലോകശക്തികളുടെ ആധിപത്യവും വികാസവും പിന്തുടർച്ചയും വരച്ചുകാട്ടുന്നു. മേദോ-പേർഷ്യ ലോകശക്തിയെ സംബന്ധിച്ച് പ്രതീകാത്മകമായിട്ടാണെങ്കിലും വളരെ ചേർച്ചയിൽ സംസാരിച്ചുകൊണ്ട് ദാനിയേൽ എഴുതി: “രണ്ടാമതു കരടിയോടു സദൃശമായ മറ്റൊരു മൃഗത്തെ കണ്ടു; . . . അവർ അതിനോടു: എഴുന്നേറ്റു മാംസം ധാരാളം തിന്നുക എന്നു പറഞ്ഞു.”—ദാനീയേൽ 7:5.
ഇതു സത്യമെന്നു തെളിഞ്ഞു. മേദോ-പേർഷ്യ ശക്തിയുടെ അത്യുച്ചാവസ്ഥയിൽ, പൊ.യു.മു. ആറാം നൂറ്റാണ്ടിന്റെ ഏതാണ്ട് രണ്ടാം പകുതിയിൽ, സൈറസിന്റെയും ദാര്യാവേശ് 1-ാമന്റെയും നേതൃത്വത്തിലുള്ള പ്രത്യക്ഷത്തിൽ അജയ്യരായ അതിന്റെ സൈന്യങ്ങൾ ലിദിയയിലൂടെ പടിഞ്ഞാറോട്ടു പാഞ്ഞുകയറി. ഗ്രീസിന്റെ വടക്കു സ്ഥിതി ചെയ്തിരുന്ന ത്രോവാസും മാസിഡോണിയയും ബലമായി കീഴ്പെടുത്തപ്പെട്ടു. ഗ്രീക്കു സംസാരിക്കുന്ന ലോകത്തിന്റെ പകുതിയോളം പേർഷ്യൻ നിയന്ത്രണത്തിൽ വന്നുവെന്ന് ഇതർഥമാക്കി. കാരണം ലിദിയ പിടിച്ചടക്കിയതോടെ ലിദിയൻ സ്വാധീനത്തിൽ കിടന്നിരുന്ന അയോണിയൻ തീരത്തെ ഗ്രീക്കു നഗരങ്ങളും പേർഷ്യക്കാർ അധീനതയിലാക്കി.
ഉപരോധിക്കപ്പെട്ട ഗ്രീക്ക് അയോണിയൻ നഗരങ്ങളിൽനിന്നുള്ള സഹായാഭ്യർഥനയോട് ഏഥൻസ്, എറിത്രാ എന്നീ നഗര-സംസ്ഥാനങ്ങൾ മാത്രമേ പ്രതികരിച്ചുള്ളൂ. ഇത് ഇരച്ചുകയറി, മത്സരിച്ചുനിന്ന അയോണിയക്കാരെ അടിച്ചമർത്തുന്നതിൽനിന്ന് അഭ്യസ്തരായ പേർഷ്യൻ സേനാനികളെ തടഞ്ഞില്ല. അതിനു പുറമേ, അയോണിയൻ മത്സരികളെ സഹായിച്ചതിന് ഗ്രീക്ക് നഗര-സംസ്ഥാനങ്ങളെ ശിക്ഷിക്കണമെന്നു ദാര്യാവേശ് തീരുമാനമെടുത്തു.
ഏഥൻസും സ്പാർട്ടയും എറിത്രായും പേർഷ്യയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ പരിഹാസപൂർവം വിസമ്മതിച്ചപ്പോൾ പൊ.യു.മു. 490-ലെ വേനൽക്കാലത്തിന്റെ തുടക്കത്തിൽ പേർഷ്യൻ കുതിരപ്പടയുടെയും കാലാൾപ്പടയുടെയും ശക്തമായ ഒരു സൈന്യം ഗ്രീസിനു നേർക്കു പുറപ്പെട്ടു. ആഗസ്റ്റ് ആയപ്പോഴേക്കും ഏഥൻസും അതിന്റെ പ്രവിശ്യയായ അറ്റികായും ആക്രമിക്കാൻ ഒരുങ്ങി.
യുദ്ധതന്ത്രപ്രശ്നങ്ങൾ
പേർഷ്യക്കാർ മാരത്തോണിൽ പ്രവേശിക്കുകയും അറ്റികായുടെ കിഴക്കൻ തീരത്തുള്ള ചതുപ്പുനിലം കുറുകെ കടക്കുകയും ചെയ്തു. അത് ഏഥൻസിൽനിന്ന് 42 കിലോമീറ്റർ മാത്രം അകലെയായിരുന്നു. ഏഥൻസുകാരുടെ പ്രതീക്ഷ വളരെ ഇരുണ്ടതായിരുന്നു. അവർക്കു കഷ്ടിച്ച് 9,000 കാലാൾപ്പടയെ മാത്രം കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളൂ, പ്ലാറ്റേയിൽനിന്ന് വേറൊരു 1,000-വും. കുതിരപ്പടയിൽനിന്നോ വില്ലാളികളിൽനിന്നോ യാതൊരു സഹായവും അവർക്കില്ലായിരുന്നു.a അവർ സ്പാർട്ടായുടെ സഹായം അഭ്യർഥിച്ചെങ്കിലും അവരുടെ അപേക്ഷകൾ അടഞ്ഞ കാതുകളിലാണു പതിച്ചത്—സ്പാർട്ടാക്കാർ അപ്പോളൊയെ ആദരിക്കുന്ന മതചടങ്ങുകളിൽ മുഴുകിയിരിക്കയായിരുന്നു. അങ്ങനെ, തങ്ങളുടെ പരിമിതമായ സൈനിക സന്നാഹങ്ങൾകൊണ്ട് ഏഥൻസുകാർക്കു പേർഷ്യക്കാരോട് ഒറ്റയ്ക്കു പോരാടേണ്ടിവന്നു.
പത്തു ജനറൽമാർ, യുദ്ധതന്ത്രങ്ങൾ ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്ന ഒരു കമ്മിറ്റിയായി പ്രവർത്തിച്ചു. ഇപ്പോൾ അവർക്കു രണ്ടു കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതുണ്ടായിരുന്നു. ഒന്നാമതായി, നഗരം പ്രതിരോധിക്കുന്നതിനു സൈന്യത്തെ ഏഥൻസിൽത്തന്നെ നിർത്തണമോ, അതോ അവർ പേർഷ്യക്കാരെ തുറന്ന സ്ഥലത്തു നേരിടണമോ? ഏഥൻസ് നഗരത്തിനു പ്രതിരോധിക്കാൻ ശക്തമായ സംരക്ഷണ മതിലുകൾ ഇല്ലെന്നുള്ള സംഗതി പരിഗണിച്ചുകൊണ്ട്, മാരത്തോണിൽ തുറന്ന ഏറ്റുമുട്ടലിന് അനുകൂലമായി സഭ ഒന്നടങ്കം വോട്ടു ചെയ്തു.
രണ്ടാമതായി, പ്രതികൂല സാധ്യതകൾ എന്തുതന്നെയായാലും അവർ ആക്രമണം നടത്തണമോ—അവരുടെ പ്രാഥമിക പ്രശ്നം പേർഷ്യാക്കാരുടെ സംഖ്യാപരമായ അധീശത്വമായിരുന്നു—അതോ ഉഗ്രമായ പേർഷ്യൻ യുദ്ധത്തെ വിജയകരമായി ചെറുത്തുനിൽക്കാൻ തങ്ങളെ സഹായിക്കുന്നതിനു സ്പാർട്ടാക്കാർ തക്കസമയത്ത് എത്തിച്ചേരുമെന്ന പ്രതീക്ഷയിൽ അവർ കാത്തുനിൽക്കണമോ?
ജനറൽ മിൽറ്റിയാഡെസ്—ഒരു യുദ്ധതന്ത്രവിദഗ്ധൻ
നായകന്റെ ചുമതല വഹിക്കാൻ ഉയർന്നുവന്ന ഒരു പ്രധാന വ്യക്തി ഗ്രീക്കു ജനറലായ മിൽറ്റിയാഡെസ് ആയിരുന്നു. അയാൾ അനുഭവപരിചയമുള്ള, നവീന ആശയങ്ങളുള്ള ഒരു സൈന്യാധിപൻ, വടക്കു നടത്തിയ ആദ്യ യുദ്ധങ്ങളിൽ പേർഷ്യൻ സേനയുടെ പക്ഷത്തുനിന്ന് പോരാടിയിട്ടുള്ള ഒരു യുദ്ധവിദഗ്ധൻ ആയിരുന്നു. അതുകൊണ്ട് അയാൾക്ക് ശത്രുവിനെ നേരിട്ടറിയാമായിരുന്നു. അയാൾക്കു പേർഷ്യൻ സൈന്യത്തിന്റെ ഘടന മാത്രമല്ല, പിന്നെയോ അവരുടെ ആയുധങ്ങളെക്കുറിച്ചും ഏറ്റവും പ്രധാനമായി അവരുടെ യുദ്ധതന്ത്രത്തെക്കുറിച്ചും നല്ല അറിവുണ്ടായിരുന്നു. കൂടാതെ, യുദ്ധത്തിനു തൊട്ടുമുമ്പുള്ള ദിനങ്ങളിൽ അയാൾ യുദ്ധഭൂമിയുടെ ചുറ്റുപാടുകൾ ബുദ്ധിപൂർവം വളരെ അടുത്തു പഠിക്കുകയുണ്ടായി.
പെട്ടെന്നുള്ള നടപടി ആവശ്യമായിരുന്നുവെന്നും മിൽറ്റിയാഡെസ് അറിഞ്ഞിരുന്നു, കാരണം പുതുതായി സ്ഥാപിക്കപ്പെട്ട ഏഥൻസിലെ ജനാധിപത്യ ഭരണത്തിൽ ഏഥൻസുകാരുടെ പരാജയത്തെ സ്വാഗതം ചെയ്യുന്ന പേർഷ്യൻ അനുകൂല ഘടകങ്ങൾ ഇല്ലായിരുന്നു. യുദ്ധത്തിന്റെ തലേ രാത്രിയിൽ ഒരു പേർഷ്യൻ പക്ഷത്യാഗി, പേർഷ്യൻ കുതിരപ്പട താത്കാലികമായി പിൻവാങ്ങിയെന്ന വാർത്തയുമായി ഗ്രീക്കു പാളയത്തിലേക്ക് ഒളിച്ചുചെന്നു. അറ്റികായുടെ കിഴക്കൻ തീരത്തുനിന്ന് ഏഥൻസിനെ ആക്രമിക്കാൻ കഴിയേണ്ടതിനും മാരത്തോണിൽ വിജയം മിക്കവാറും സുനിശ്ചിതമായശേഷം ഉടനെ നഗരം പിടിക്കാൻ കഴിയേണ്ടതിനും പേർഷ്യൻ കുതിരപ്പട തങ്ങളുടെ കപ്പലുകളിലേക്കു തിരിച്ചതായിരുന്നു എന്നതാണ് ഒരു സിദ്ധാന്തം. കാരണം എന്തുതന്നെയായാലും, ഏഥൻസിന്റെ കാലാൾപ്പടയെ അഭിമുഖീകരിച്ച ഏറ്റവും വലിയ അപകടം നീങ്ങിക്കിട്ടി.
നേരം പുലർന്നപ്പോൾ, ഗ്രീക്കു സേനാവ്യൂഹം ആക്രമിച്ചുതുടങ്ങി. (24-ാം പേജിലെ ചതുരം കാണുക.) അമ്പരന്നുപോയ പേർഷ്യാക്കാർ പിന്തിരിഞ്ഞു, എന്നാൽ പെട്ടെന്നുതന്നെ പ്രത്യാക്രമണം നടത്തുകയും ഗ്രീക്കു യുദ്ധനിരയുടെ മധ്യഭാഗത്തുകൂടെ മുറിച്ചുകടക്കുകയും ചെയ്തു. അങ്ങനെ, പേർഷ്യാക്കാർ ഓർക്കാപ്പുറത്ത് മിൽറ്റിയാഡെസിന്റെ ആസൂത്രിതമായ കെണിയിൽ വീണു! അയാൾ കൂടുതൽ ആളുകളെക്കൊണ്ട് തന്റെ സേനാപാർശ്വങ്ങൾ ബലപ്പെടുത്തുന്നതിനു വേണ്ടി ഉദ്ദേശ്യപൂർവം മധ്യനിര ബലഹീനമായി വിട്ടതായിരുന്നു. ഇപ്പോൾ, ശക്തമായ പാർശ്വസേന പെട്ടെന്നുതന്നെ ചുറ്റുനിന്നും പേർഷ്യാക്കാരെ ആഞ്ഞടിക്കുകയും കൂട്ടത്തോടെ അവരെ കൊന്നൊടുക്കുകയും ചെയ്തു. രക്ഷപെട്ട ശേഷിപ്പ് തങ്ങളുടെ കപ്പലുകളിലേക്കു പലായനം ചെയ്യുന്നതുവരെ സംഹാരം തുടർന്നു. ഒരു വമ്പിച്ച കൂട്ടക്കൊലയായിരുന്നു ഫലം. പേർഷ്യൻ മരണങ്ങൾ ഏകദേശം 6,400 പേർ വരെ എത്തി, അതേസമയം ഏഥൻസുകാർക്ക് വെറും 192 പേർ മാത്രമേ നഷ്ടപ്പെട്ടുള്ളൂ.
ഐതിഹ്യം പറയുന്നതനുസരിച്ച്, ഗ്രീക്കുവിജയത്തിന്റെ വാർത്ത ഒരു സന്ദേശവാഹകൻ പെട്ടെന്നുതന്നെ ഏഥൻസിൽ എത്തിച്ചു. ഒരു തെറ്റായ പാരമ്പര്യം പറയുന്നതനുസരിച്ച് അയാളുടെ പേര് ഫൈഡിപ്പാഡിസ് എന്നായിരുന്നു. പക്ഷേ, വാസ്തവത്തിൽ, യുദ്ധത്തിനുമുമ്പ് സഹായമഭ്യർഥിച്ചുകൊണ്ട് ഫൈഡിപ്പാഡിസ് ഏഥൻസിൽനിന്ന് സ്പാർട്ടായിലേക്ക് ഓടുകയുണ്ടായി. മറ്റൊരു ഗ്രീക്ക് യുവാവ് മാരത്തോണിൽനിന്ന് ഏഥൻസ് വരെ 42 കിലോമീറ്റർ ഓടിയതായും ഏഥൻസിൽ എത്തിയപ്പോൾ “നാം ജയിച്ചു, ആനന്ദിപ്പിൻ!” എന്നു വിളിച്ചുപറഞ്ഞതായും അതിനുശേഷം വീണുമരിച്ചതായും ഐതിഹ്യം പറയുന്നു. ആദ്യത്തെ മാരത്തോൺ അതായിരുന്നതായി പറയപ്പെടുന്നു—അങ്ങനെയാണ് ആ പദത്തിന്റെ ഉത്ഭവം—ആധുനികനാളിലെ ദീർഘദൂര ഓട്ടത്തിന്റെ മാതൃകാസംഭവം അതായിരുന്നു.
പേർഷ്യൻ കപ്പലുകളിൽ ചിലതു കത്തിച്ചുകളഞ്ഞെങ്കിലും, 600 കപ്പലുകൾ അടങ്ങുന്ന വ്യൂഹത്തിൽ അധികപങ്കും അറ്റികായുടെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന കൊളോണാ മുനമ്പു ചുറ്റി ഏഥൻസിൽ എത്തി. എന്നിരുന്നാലും, വിജയശ്രീലാളിതരായ ഏഥൻസ് സൈന്യം ആദ്യം അവിടെ എത്തുകയും അവരെ വീണ്ടു നേരിടുകയും ചെയ്തു. പേർഷ്യക്കാർ പിൻവാങ്ങാൻ നിർബന്ധിതരായി. സകല സാധ്യതകളും അതിലംഘിച്ച് ഏഥൻസുകാർ ഒരു വിജയം നേടി!
ഏഥൻസ് അമിതാനന്ദത്തിൽ ആറാടി, വിശേഷിച്ചും സ്പാർട്ടാക്കാരുടെ യാതൊരു സഹായവും കൂടാതെ വിജയം വരിച്ചതുനിമിത്തംതന്നെ.
ആ യുദ്ധത്തിന്റെ പ്രാധാന്യം
മാരത്തോണിലും ഡെൽഫിയിലും സ്ഥിതി ചെയ്യുന്ന മാർബിളിലും ഓടിലുമുള്ള സ്മാരകങ്ങൾ ഏഥൻസുകാരുടെ വിജയത്തിന്റെ ഓർമ നിലനിർത്തി. ചരിത്രകാരനായ പൗസാനിയാസ് പറയുന്നതനുസരിച്ച്, 650 വർഷങ്ങൾക്കു ശേഷവും സഞ്ചാരികൾ യുദ്ധഭൂമിയിലൂടെ കടന്നുപോകുമ്പോൾ യുദ്ധത്തിലേർപ്പെടുന്ന മനുഷ്യരുടെ ഭൂതശബ്ദം കേൾക്കാൻ കഴിയുമെന്ന് അവർ വിശ്വസിച്ചിരുന്നു.
മാരത്തോൺ യുദ്ധം ഒരു ബൈബിൾ നിലപാടിൽ പ്രധാനമായിരുന്നതെന്തുകൊണ്ട്? അത് ദാനിയേലിന്റെ പ്രവചനത്തിലെ മേദോ-പേർഷ്യയാകുന്ന ‘രണ്ടുകൊമ്പുള്ള ആട്ടുകൊറ്റന്റെ’ മേൽ ഗ്രീക്കു കോലാട്ടുകൊറ്റൻ അന്തിമ മേധാവിത്വം നേടുന്നതിന്റെ വളരെ മുമ്പേയുള്ള ഒരു സൂചനയായിരുന്നു.b—ദാനീയേൽ 8:5-8.
ഒരാൾ യുദ്ധഭൂമിയിൽ ഇപ്പോഴും സ്ഥിതി ചെയ്യുന്ന മാരത്തോണിലെ ശവകുടീരം കാണുമ്പോൾ, അധികാരത്തിനും പ്രാമുഖ്യതയ്ക്കും വേണ്ടിയുള്ള നിരന്തര അഭിനിവേശത്തിൽ മനുഷ്യവർഗം കൊടുത്തിട്ടുള്ള മരണവും കഷ്ടപ്പാടുമാകുന്ന ഉന്നത വില അനുസ്മരിക്കപ്പെടുന്നു. ചരിത്രത്തിന്റെ രക്തപങ്കിലമായ താളുകളും നിശബ്ദരണഭൂമികളും ഏകാന്ത ശവകുടീരങ്ങളും നിറയെ “മഹാന്മാരും” “വീരന്മാരും” “പരാജിതരും” ആണ്, എല്ലാവരും ലോകരാഷ്ട്രീയത്തിന്റെയും അധികാരത്തിനു വേണ്ടിയുള്ള മത്സരത്തിന്റെയും ഇരകൾതന്നെ. എന്നിരുന്നാലും, രാഷ്ട്രീയ അധികാര മത്സരങ്ങൾ ഇല്ലാതാകുന്ന കാലം ആസന്നമാണ്. എന്തെന്നാൽ ദൈവം ഇപ്രകാരം പ്രവചിച്ചിരിക്കുന്നു: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കുകയും എന്നേക്കും നിലനില്ക്കുകയും ചെയ്യും.”—ദാനീയേൽ 2:44.
[അടിക്കുറിപ്പുകൾ]
a മാരത്തോൺ യുദ്ധത്തിലെ കണക്കുകൾ തർക്കവിഷയമാണെന്നു തോന്നുന്നു. ഗ്രീക്കുകാർക്ക് “ഇരുപതിനായിരം ആൾക്കാരും പേർഷ്യക്കാർക്കു സാധ്യതയനുസരിച്ച് ഒരു ലക്ഷവും ഉണ്ടായിരുന്നു” എന്ന് വിൽ ഡൂറൻറ് അവകാശപ്പെടുന്നു.
b ദാനിയേലിന്റെ പ്രവചനങ്ങളുടെ നിവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് “നിന്റെ ഇഷ്ടം ഭൂമിയിൽ ചെയ്യപ്പെടട്ടെ” (ഇംഗ്ലീഷ്) 190-201 പേജുകൾ കാണുക, വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്.
[24-ാം പേജിലെ ചതുരം/ചിത്രം]
ഹോപ്ലൈറ്റും സേനാവ്യൂഹവും—വിജയത്തിന്റെ സൂത്രം
ഏഥൻസുകാരുടെ വിജയത്തിലെ രണ്ടു മുഖ്യ ഘടകങ്ങൾ സംബന്ധിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട് എ സോറിങ് സ്പിരിറ്റ് എന്ന പുസ്തകം പറയുന്നു: “ഹോപ്ലൈറ്റുകൾക്ക്, ഗ്രീക്ക് കാലാൾപ്പട അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്, അവരുടെ പേർഷ്യൻ പ്രതിരൂപങ്ങൾക്കുണ്ടായിരുന്നതിനെക്കാൾ ശക്തമായ ആയുധസന്നാഹം ഉണ്ടായിരുന്നു, കൂടുതൽ കട്ടിയുള്ള പരിചകളും നീളംകൂടിയ കുന്തങ്ങളും. അധികം പ്രധാനമായി, അവർ 12 നിരകൾ വരെയുള്ള സേനാവ്യൂഹങ്ങളായി യന്ത്രസമാന കാര്യക്ഷമതയോടെ പോരാടി. ഓരോ നിരയിലെയും പടയാളികൾ ഒരുമിച്ച് വളരെ അടുത്തേക്കു കുതിച്ചുകയറി, കാരണം അവരുടെ പരിചകൾ മിക്കവാറും തകർക്കാനാവാത്ത ഒരു മതിൽ സൃഷ്ടിച്ചു. അത്തരം ഒരു രംഗത്തെ അഭിമുഖീകരിക്കുകയിൽ, സേനാവ്യൂഹം പുരാതന ലോകത്തിൽ അറിയപ്പെട്ടിരുന്ന അത്യന്തം ഭീതിജനകമായ യുദ്ധതന്ത്രം ആയിരിക്കുന്നതെന്തുകൊണ്ടെന്ന് പേർഷ്യാക്കാർ പഠിച്ചു.”
[കടപ്പാട്]
The Complete Encyclopedia of Illustration/J. G. Heck
[23-ാം പേജിലെ ചിത്രങ്ങൾ]
മാരത്തോൺ സമതലം. ഇൻസെറ്റ്: യുദ്ധത്തിൽ മരിച്ചുപോയ 192 ഏഥൻസുകാർക്കു വേണ്ടിയുള്ള സ്മാരകം